news-details
സഞ്ചാരിയുടെ നാൾ വഴി

ദൈവത്തിന്‍റെ കൈയ്യില്‍ ഒരു വീശുമുറമുണ്ടെന്ന് പറഞ്ഞത് യേശുവിന് മുന്നോടിയായി വന്ന മനുഷ്യനായിരുന്നു - യോഹന്നാന്‍. അകക്കാമ്പുള്ളതിനെയൊക്കെ കളപ്പുരകളില്‍ ശേഖരിക്കുന്ന, അതില്ലാത്തതിനെയൊക്കെ തീയിലെറിയുന്ന ദൈവം. ആ വീശുമുറം കൊണ്ട് മതത്തെയും കലയെയും ഗാര്‍ഹികബന്ധങ്ങളെയുമൊക്കെ പാറ്റുന്നുണ്ട്. എത്ര പേര്‍ ആ പരീക്ഷണത്തെ അതിജീവിക്കും? നോക്കിനില്‍ക്കുമ്പോള്‍ എല്ലാം പൊള്ളയായിക്കൊണ്ടിരിക്കുകയാണ്.

പേരുകേട്ട പഴക്കടയില്‍ നില്‍ക്കുമ്പോള്‍ തോന്നിയതാണ്. സീഡ്ലെസ് എന്ന ശീര്‍ഷകത്തിനുതാഴെ അതീവപ്പകിട്ടുള്ള പലതരം പഴങ്ങള്‍! വിത്തില്ലാത്ത പഴങ്ങള്‍ എത്ര രുചിയുള്ളതാണെങ്കിലും പഴത്തിന്‍റെ അടിസ്ഥാനധര്‍മ്മത്തെ നിരാകരിക്കുകയല്ലേ? സത്യം പറഞ്ഞാല്‍ വിത്തിലേക്ക് ജീവജാലങ്ങളുടെ ശ്രദ്ധയുണര്‍ത്തുവാനും അതിനെ വളര്‍ത്തിയെടുക്കാനുമുള്ള പ്രേരണക്കുവേണ്ടിയാണ് പ്രകൃതി രുചിയും പകിട്ടുമുള്ള മാംസളത കൊണ്ട് വിത്തിനെ പൊതിഞ്ഞിരുന്നത്. ഒക്കെ അപകടം പിടിച്ച സൂചനകളാണ്.

ആഴങ്ങളിലേക്ക് വലയെറിയാനായി ഒരു കാലത്തെ പഠിപ്പിച്ച ആ നസ്രത്തുകാരന്‍ നമ്മുടെ കാലത്തെ എങ്ങനെയായിരിക്കും കാണുമെന്നോര്‍ക്കുമ്പോള്‍ ഭയം വരുന്നു. എല്ലാവരും ഇപ്പോള്‍ തീരത്താണ്. പരല്‍മീനുകളെ മാത്രം ശേഖരിച്ച് അഗാധമായ ഒരു നിലനില്‍പ്പ് ജീവിതം അര്‍ഹിക്കുന്നുണ്ട് എന്ന് പാടേ മറന്ന്.... സ്വന്തം ഉണ്മയെ മറന്ന് ഒരാള്‍ക്ക് പൊള്ളയായ ആരവങ്ങളിലൂടെ എത്രനാള്‍ അലയാനാകും?

നീ ആ താലന്തുകൊണ്ട് എന്തു ചെയ്തു എന്നൊരു കഠിനമായ ചോദ്യം മുഴങ്ങുന്നുണ്ട്. മാനവരാശിയെ വിചാരണ ചെയ്യുന്ന അനന്തസാദ്ധ്യതയുള്ള ആ കഥയുടെ ഒടുവിലെന്നപോലെ. നിന്നെ ഏല്‍പ്പിച്ച നാണയം കുറഞ്ഞപക്ഷം പലിശക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്ന് യജമാനന്‍ തലകുനിച്ചു നില്‍ക്കുന്നവനോട് കലമ്പുന്നുണ്ട്. കഴിവുകളുടെ പര്യായമായി പലപ്പോഴും ആ നാണയത്തെ ധരിച്ചതാണ് തെറ്റ്.  അത്തരം കഴിവുകള്‍ ഭേദപ്പെട്ട മനുഷ്യരെ സൃഷ്ടിക്കുന്നുണ്ടെന്ന് ഇപ്പോള്‍ ഒരു വ്യാമോഹവുമില്ല. കഥാപാത്രങ്ങള്‍ക്ക് വക്കോളം സ്നേഹം കൊടുത്ത ഒരാള്‍ തന്നെ സ്നേഹിക്കാന്‍ മറന്നുപോയെന്ന് ടോള്‍സ്റ്റോയിയുടെ ഭാര്യയായ സോഫിയ ടോള്‍സ്റ്റോയിക്ക് തന്‍റെ ഡയറിക്കുറിപ്പുകളില്‍ എഴുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഉണ്മയെന്ന പദമായി താലന്തിനെ മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ ഭംഗിയായി.

ഫിലോസഫിയില്‍ ഞങ്ങളുടെ ഒരു അദ്ധ്യാപകന്‍ നിരന്തരം അതു പറയുമായിരുന്നു: It is your being that matters.  സത്താപരമായ ചില നിലനില്‍പ്പുകളാണ് പ്രധാനമെന്ന അര്‍ത്ഥത്തില്‍. ഉള്‍+മ= ഉണ്മ എന്ന് പിരിച്ചെഴുതാം. നല്‍+മ = നന്മ എന്ന് എഴുതുന്നതുപോലെ. അവനവന്‍റെ ആന്തരികലോകം, സത്ത എന്നൊക്കെ അതിനെ വ്യാഖ്യാനിക്കാം. നിങ്ങള്‍ നേടുന്നതോ, ശേഖരിക്കുന്നതോ, കൈമാറുന്നതോ ആയ കാര്യങ്ങളല്ല നിങ്ങളെന്നു സാരം. തങ്ങള്‍ ചെയ്യുന്നതാണ് തങ്ങളെന്ന തെറ്റിദ്ധാരണയാണ് ഈ കാലത്തിലെ കെണി. അതങ്ങനെയല്ലെന്ന് മനസ്സിലാക്കുവാന്‍ ലളിതമായ ഈ ഉദാഹരണം മതിയാകും. അമ്മയെക്കുറിച്ച് പത്തു വാക്കെഴുതുവാന്‍ ചെറിയ ക്ലാസ്സുകളില്‍ ഒന്നില്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളെഴുതിയ പത്തുവരികളും അമ്മ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയായിരുന്നു - പത്തു ക്രിയകള്‍. എന്നാല്‍ നാല്‍പതിലെത്തിയ ഒരാള്‍ അമ്മയെക്കുറിച്ച് എന്തെഴുതും? അമ്മയിപ്പോള്‍ ഒന്നും ചെയ്യുന്നില്ല, സ്വന്തം കാര്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുണ്ട്. അപ്പോള്‍ ശരിക്കും അമ്മയെന്താണ്? എന്തായാലും അമ്മ അനുവര്‍ത്തിച്ചിരുന്ന കാര്യങ്ങളല്ല.

അതുകൊണ്ടാണ് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയോട് യേശു, ഒന്നും ചെയ്യാതിരുന്ന മറ്റൊരു സ്ത്രീയെ ചൂണ്ടിക്കാട്ടി അവള്‍ ജീവിതത്തിന്‍റെ നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു എന്ന പറഞ്ഞത്. മാര്‍ത്തയെന്നും മേരിയെന്നും അവര്‍ക്ക് പേര്. ഒരു കവലയില്‍ വച്ച് വഴിതെറ്റുന്നതുപോലെയാണ്. അതിനുശേഷം നിങ്ങള്‍ എത്ര സഞ്ചരിച്ചാലും നിങ്ങള്‍ക്കു മാത്രമേ ആ തെറ്റിദ്ധാരണ ഉണ്ടാവൂ - നിങ്ങള്‍ ലക്ഷ്യത്തോട് അടുത്തുവരികയാണെന്ന്! എന്നാല്‍ വെറുതെയിരിക്കുന്ന ഒരാളെ എടുക്കുക. അയാള്‍ കുറെക്കൂടി സുരക്ഷിതനാണ്. കുറഞ്ഞപക്ഷം തെറ്റിദ്ധാരണകളുടെ ചക്രം ചവിട്ടി അയാള്‍ പരമമായതില്‍ നിന്ന് അകന്നുപോവുന്നില്ല എന്നെങ്കിലുമുണ്ട്.

കവിതയെക്കുറിച്ച് ആര്‍ച്ചിബാള്‍ഡ് മക്ലീഷ് എന്ന അമേരിക്കന്‍ കവി പറയുന്നതുപോലെ 'a poem should not mean but be'  -കവിത ഒന്നും അര്‍ത്ഥമാക്കേണ്ടതില്ല, അത് ഒരു ഉണ്മയായിരുന്നാല്‍ മതി. ഉണ്മയെ കണ്ടെത്തുക അത്ര സര്‍വ്വമായ പ്രക്രിയയൊന്നുമല്ല. പാലിനകത്ത് വെണ്ണപോലെ കാണാതെ കിടക്കുന്ന ഒന്നാണ് ഉണ്മയെന്ന് റൂമി എഴുതിയിട്ടുണ്ട്. ആന്തരികതയുടെ കടക്കോല്‍കൊണ്ടു മാത്രം മേല്‍ത്തട്ടിലെത്തേണ്ട അനുഭവമാണിത്. ആ കണ്ടെത്തലില്‍ കൃത്യമായ ദൈവീകതയുടെ മിന്നലാട്ടമുണ്ട്. വെറുതെയല്ല ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചുവെന്നു പറഞ്ഞ് വേദപുസ്തകം ആരംഭിക്കുന്നത്. അവനവന്‍റെ തന്നെ അഗാധമായ നിലനില്‍പ്പുകളിലാണ് ഒരാളുടെ ദൈവികമാനം എന്ന് സാരം.

തന്നെതന്നെ വിശദീകരിക്കുവാന്‍ ദൈവം കണ്ടെത്തിയ പദവും അതായിരുന്നു. കത്തുന്ന മുള്‍പ്പടര്‍പ്പിനു മുന്നില്‍ നിന്ന് അതാരെന്ന് ആരാഞ്ഞ മോശയോട് 'ഞാനാകുന്നു' (I am) എന്ന ഉത്തരം നല്‍കുക വഴി സകലത്തിന്‍റെയും ഉണ്മയാണ് താനെന്ന് പരിചയപ്പെടുത്തുകയായിരുന്നു. പുതിയ നിമയത്തില്‍ യേശുവിലൂടെ അതിന്‍റെ പ്രതിധ്വനികളുണ്ട്. സാഗരമീതെ സഞ്ചരിച്ചെത്തുന്നവന്‍ ആരെന്ന് ഭയന്ന് ശിഷ്യര്‍ നിലവിളിക്കുമ്പോള്‍ 'ഇത് ഞാനാണെന്നാണ്' അവിടുന്ന് പറഞ്ഞത്. പലയിടങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ആ നിര്‍വചനം ഒടുവില്‍ നമ്മള്‍ കേള്‍ക്കുന്നത് ഒലിവുതോട്ടത്തില്‍ വച്ചാണ്. 'അതു ഞാനാണെന്ന്' അവിടുന്ന് പറഞ്ഞപ്പോള്‍ അവര്‍ പിന്നോട്ടു മാറി നിലം പതിച്ചുവെന്ന് വേദപുസ്തകം. ഒന്നുകില്‍ ആ പദത്തിനു പിന്നിലെ ദൈവിക സൂചനയുടെ പൊരുളറിഞ്ഞ് സാഷ്ടാംഗപ്രണാമം ചെയ്തതാവാം. അല്ലെങ്കില്‍ പരമമായതിനെ കണ്ട് നഷ്ടധൈര്യരായതാവാം.

തിരയേണ്ട നേരത്ത് തിരയാതെയും കണ്ടെത്താതെയും ആഴപ്പെടുത്താതെയും പോയാല്‍ ഈ 'ഉണ്മ' ഒരാള്‍ക്ക് കൈമോശം വന്നെന്നിരിക്കും. നിരന്തരമായ സാധനകളിലാണ് എല്ലാത്തിന്‍റെയും നിലനില്‍പ്പ്. കൊടിയ വാര്‍ദ്ധക്യത്തിലും ചില സംഗീതജ്ഞര്‍ സാധകം ചെയ്യുന്നതുപോലെ. താലന്തിന്‍റെ കഥയില്‍ നല്‍കിയ സാധ്യതയെ പരിപോഷിപ്പിക്കാതിരുന്ന ഒരാളില്‍ നിന്ന് ഉള്ളതുകൂടി തിരികെയെടുത്ത യജമാനന്‍റെ സൂചനയുണ്ട്. പക്വത ശിരസ്സിനെ തൂവെള്ളയണിയിക്കേണ്ട വാര്‍ദ്ധക്യത്തിലും ചില മനുഷ്യര്‍ ചപലരായി അനുഭവപ്പെടുകയും പൊള്ളയായതില്‍ അഭിരമിക്കുകയും ചെയ്യുന്നതിന് മറ്റെന്ത് വിശദീകരണമാണുള്ളത്? ഒരു വൃക്ഷം അതിന്‍റെ വാര്‍ഷിക വലയം കൊണ്ട് ആയുസ്സിനെ പുതുക്കുന്ന അത്രയുംപോലും ധ്യാനവലയങ്ങളില്ലാതെ ദരിദ്രരായി കടന്നുപോകുന്ന മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു കവിതയില്‍ സൂചിപ്പിക്കുന്നതുപോലെ നക്ഷത്രങ്ങള്‍ നാം ഉപയോഗിക്കാതെ പോയ വാക്കിനെ തിരികെ ചോദിക്കുന്നു. പൂങ്കിളികള്‍ക്ക് മീട്ടാതെപോയ നമ്മുടെ നാദവും തിരികെ ആവശ്യമുണ്ട്. ഒക്കെ കടമായിരുന്നു. ഇനി ഓട്ടക്കയ്യന്മാരായി നില്‍ക്കേണ്ടതുണ്ട്.

വാക്കുകളുടെയും നാദങ്ങളുടെയും അനര്‍ഘനിമിഷങ്ങളിലെല്ലാം ഉണ്മയെന്ന പദം സുഗന്ധവാഹിയായ കാറ്റുപോലെ വീശിയടിക്കുന്നുണ്ട്. നീയൂം ഞാനുമായി വെളിച്ചപ്പെടുന്ന മനുഷ്യന്‍ ആരെന്ന സത്താപരമായ അന്വേഷണം സംഗീതമായി പരിണമിക്കുന്നു... വാക്കുകളായി ചേക്കേറുന്നു. 'ഞാന്‍ ആരുടെ തോന്നലാണെന്ന്' നിരന്തരം ചോദിച്ചുകൊണ്ട് ആനയും കാറും റോക്കറ്റും ഒക്കെയുള്ള ഈ വലിയ ലോകത്ത് ഞാനുമുണ്ടെന്ന് വലപ്പാടുള്ള ചെറിയ ഗ്രാമത്തിലിരുന്ന് ഉറക്കെ വിളിച്ചുപറയുവാന്‍ കുഞ്ഞുണ്ണിമാഷ് ധൈര്യപ്പെടുന്നു. പ്രകൃതിയുടെ ആര്‍ദ്രപഥങ്ങളിലെല്ലാം കിനിഞ്ഞിറങ്ങുന്ന, തരിശായിത്തീരുന്ന ഭൂമിയെ വാക്കുകള്‍ കൊണ്ട് ഉഴുതുമറിച്ച് അവിടെ ഒരു പൂക്കാലം കണ്ടെത്താനുള്ള കാത്തിരിപ്പ് - സമയമാനസം. അവിടെയിരുന്ന് വിനയചന്ദ്രന്‍ എഴുതി. 'ഞാന്‍ ഞാനല്ല. മേഘം, മഴ, സാഫോ, വാന്‍ഗോഗ്, സാവിത്രി...

ഭൂമിയുടെ സത്തയായ ലവണം തന്നെയാണ് ലാവണ്യമായി മാറുന്നതെന്നൊരു ഭാഷ്യമുണ്ട്. വിവിധ അയിരുകളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത വാദ്യങ്ങളെല്ലാം ധ്യാനാത്മകമായ ഒരു സത്തയായി പരിണമിക്കുന്ന വഴികളിലാണ് 'സിംഫണി'യുടെ പിറവി. ക്ലാസിക്കല്‍ സിംഫണിയില്‍ ഏറ്റവും പ്രശസ്തമായത് ബിഥോവന്‍റെ ഫിഫ്ത്ത് സിംഫണിയാണ്. നാലു ഭാഗങ്ങളുള്ള ആ സിംഫണിയുടെ ഒന്നാംഭാഗം ആളുന്ന തീയിനെയും രണ്ടാംഭാഗം ഇളം തെന്നലിനെയും മൂന്നാംഭംഗം ശാന്തമായ തടാകത്തെയും. ഉപസംഹാരം ഈ മൂന്നു ഭാഗങ്ങളുടെയും സമന്വയമായി പരിണമിക്കുന്ന ഉണ്മതന്നെയാണെന്ന് യതി എഴുതുന്നുണ്ട്. ബധിരനായിരുന്ന ബീഥോവന്‍റെ കഠിനമായ വഴികളില്‍ ഈ സിംഫണി സത്തയുടെ സൗന്ദര്യമായി ഭവിക്കുന്നു.

സത്താപരമായ അത്തരം കണ്ടെത്തലുകളിലേക്കായിരുന്നു ഭൂമിയായ ഭൂമിയിലെ ഗുരുക്കന്മാരൊക്കെ മാനവാശിയെ ക്ഷണിച്ചുകൊണ്ടിരുന്നത്. പരിചയമുള്ള ഏതൊരു ഗുരുവിന്‍റെയും ചിത്രം മനസ്സിലേക്കു കൊണ്ടുവരിക. മിക്കവാറും അവരിങ്ങനെയായിരിക്കും. കണ്ണുകളടച്ച് ആകുലതകളോ ആവശ്യങ്ങളോ ഇല്ലാതെ ഇങ്ങനെ ചമ്രം പടഞ്ഞ്.  അത് ബുദ്ധയോ മഹാവീരനോ ആദിശങ്കരനോ നാരായണഗുരുവോ ആരുമാവട്ടെ. നമ്മള്‍ ഈ ശരാശരി മനുഷ്യരാണ് നിരന്തരം ഓടിക്കൊണ്ടിരിക്കുന്നത്. തെല്ല് പിന്‍വാങ്ങാന്‍ തയ്യാറാകുന്ന ഏതൊരു മനുഷ്യനും തന്‍റെ ഉണ്മയെന്ന താലന്തിനെ തിരിച്ചറിയാനാകും.

വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടായിരുന്ന കരാറ്റെ അതെല്ലാം ഉപേക്ഷിച്ച് വര്‍ഷങ്ങളോളം മരുഭൂമിയില്‍ ചെലവഴിച്ചത് ഓര്‍മ്മയില്ലേ? ആകാശനക്ഷത്രങ്ങളെയും ഭൂമിയിലെ മണല്‍ത്തരികളെയും മാത്രം നോക്കി അയാള്‍ ചിലവഴിച്ച അത്തരം സംവത്സരങ്ങളിലാണ് ജീവിതം അടിമുടി പ്രകാശമുള്ള അനുഭവമാണെന്ന് അയാള്‍ക്കു ബോധ്യപ്പെട്ടത്. കിം കി ഡുക്ക് പേരിന്‍റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ നീളുന്ന ശൈത്യനിദ്രയിലേക്ക് പോയി. ഹിമപ്രദേശങ്ങളില്‍ മഞ്ഞു കടുക്കുമ്പോള്‍ ചില ജീവജാലങ്ങള്‍ ദീര്‍ഘമായി ഉറങ്ങുന്നതുപോലെ. അത്തരം ദിനങ്ങളിലെ അയാളുടെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച നേരത്തെ മോണിറ്റര്‍ ചെയ്യപ്പെട്ട ഒരു ക്യാമറ ഒപ്പിയെടുക്കുന്നുണ്ട്. പ്രശസ്തമായ അയാളുടെ ഋതുക്കള്‍ എന്ന അര്‍ത്ഥം വരുന്ന ചിത്രത്തിനൊടുവില്‍ ബുദ്ധ വിഗ്രഹവുമായി മല കയറുന്ന ആ ചെറുപ്പക്കാരന്‍ അയാളുടെ തന്നെ കണ്ണാടിക്കാഴ്ചയാവണം - അതു കണ്ട് കിം കി ഡുക്ക് നിലവിളിക്കുകയാണ്. ഞാന്‍  എന്തിനാണ് ഇതു ചെയ്തത്? ഞാന്‍ എവിടെയാണ്? പിന്നീട് അയാള്‍ തന്നോടുതന്നെ ചോദിക്കുന്നുണ്ട്. മണ്ടാ, നീ എന്തിനാണ് കരയുന്നത്? അവനവനെ തെല്ല് നിര്‍മ്മതയോടെ മാറിനിന്ന് കാണാന്‍ കഴിയുമ്പോഴേ ഉണ്മയെന്ന ഭൂമികയിലേക്ക് പ്രവേശമുണ്ടാകൂ. നാല്‍പതു ദിവസം മരുഭൂമിയില്‍ ചെലവഴിച്ചതു വഴി യേശു തന്‍റെ സാധകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ ആഗ്രഹിച്ച അനുശീലനവും അതുതന്നെയാവണം.

കുഴിച്ചുകുഴിച്ചു ചെല്ലുമ്പോള്‍ എന്തിനും താഴെ ജലമാണ് എന്ന കണ്ടെത്തല്‍ പോലെ ഉണ്മയെ പിന്‍ചെന്നു പോകുന്നവര്‍ക്ക് ശക്തമായ ഒരു പ്രാപഞ്ചിക അവബോധമുണ്ടാകുന്നു. പൊതുവായ ഒരു ഘടകത്തിന്‍റെ സാന്നിധ്യം കുറേക്കൂടി പാരസ്പര്യമുള്ള, ആദരവുള്ള ഒരു ജീവിതരീതിക്ക് നിമിത്തമാകുന്നു. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സംഭവിച്ചൊരു കാര്യം പോലെ. ഒരു മൗനസന്യാസി ഉണ്ടായിരുന്നു നമ്മുടെ നാട്ടില്‍. പറയാന്‍ കരുതിവച്ച ഒരു വാക്ക് മരണനേരത്തു മാത്രം മൊഴിയുകയാണ് അവരുടെ രീതി. ഒരു ദിവസം ബ്രിട്ടീഷ് കന്‍റോണ്‍മെന്‍റ് മേഖലയുടെ കുറുകെ കടന്ന അയാളെ പട്ടാളക്കാര്‍ പിടികൂടി. അവര്‍ ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും അയാള്‍ ഉത്തരം കൊടുത്തില്ല. അത് അവരുടെ രീതിയല്ല. കുപതിരായ അവരിലൊരാള്‍ ബയണറ്റുകൊണ്ട് അയാളുടെ നെഞ്ചു പിളര്‍ന്നു. ചോര വാര്‍ന്ന് നിലത്തുവീഴുമ്പോള്‍ അവസാന നേരത്തേക്ക് കരുതിവച്ചിരുന്ന വാക്ക് അയാള്‍ ഉരുവിട്ടു: തത്വമസി ശ്വേതകേതു. നീയും ആ പരമ ചൈതന്യം തന്നെയെന്ന്. ഇരയും വേട്ടക്കാരനും ഒക്ക ഒരേ ചൈതന്യത്തിന്‍റെ വേഷപ്രച്ഛന്നതയാണെന്ന അറിവ് എന്‍റെ ജീവിതത്തെ എത്ര കുലീനമാക്കുന്നു.

ആരും വിചാരിക്കരുത് ഈ ഉണ്മയെ കണ്ടെത്തിയ മനുഷ്യര്‍ നിഷ്ക്രിയത്വത്തിന്‍റെ നാനാര്‍ത്ഥത്തിലൊന്നായി ചുരുങ്ങുമെന്ന്. അവരാണ് മറ്റാരെക്കാള്‍ കൂടുതലായി ഭൂമിക്കുവേണ്ടി തങ്ങളെ അന്നമായി വിളമ്പിയത്. പൊന്‍നാണയങ്ങളിലെ ആ കഥയിലെ യജമാനന്‍ ചോദിച്ചതുപോലെ: നീ എന്തുകൊണ്ടിത് വ്യാപാരത്തിനു കൊടുത്തില്ല? എല്ലാത്തരം സംവേദനങ്ങളും വ്യാപാരം തന്നെ. ഭൗതിക വ്യവഹാരങ്ങള്‍പോലും കൈമാറുന്നതനുസരിച്ച് ഒരാളുടെ നിക്ഷേപം വര്‍ദ്ധിക്കുന്നു. അതുപോലെ അദൃശ്യവും അഭൗമികവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട കൈമാറ്റങ്ങളിലും സംഭവിക്കുന്നത് അതുതന്നെ. അതുകൊണ്ടാണ് യേശു പറഞ്ഞത്: ശേഖരിക്കുന്നവര്‍ ചിതറിക്കുന്നു, ചിതറിക്കുന്നവരാകട്ടെ ശേഖരിക്കുകയും ചെയ്യുന്നു. കിണര്‍ തേകുന്നതനുസരിച്ച് ഉറവ ശക്തമാകുന്നതുപോലെ, കുഞ്ഞിന്‍റെ ചുണ്ടില്‍ ചെന്നിനായകം തേച്ച അന്ന് അമ്മയുടെ പാലുറവ വരണ്ടതുപോലെ.

അപരനു ഉപകരിക്കുന്ന ജീവിതമേ ഇനി അവര്‍ക്കുള്ളു. സര്‍ഗ്ഗമേഖലയില്‍ കൂടി സ്വന്തം ഉണ്മയെ തിരിച്ചറിഞ്ഞവര്‍ ചെയ്യുന്നത് അതാണെന്ന് നിരീക്ഷിക്കാവുന്നതേയുള്ളു. സ്വയം ബുദ്ധനായി പരിവര്‍ത്തനം ചെയ്യപ്പെട്ടയാളാണ് നിക്കോസ് കസന്‍ദ്സാക്കിസ്. റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന ആത്മകഥയില്‍ ആമുഖമെഴുതുന്ന ഭാര്യ ഹെലന്‍ അയാളെക്കുറിച്ച് ഓര്‍ക്കുന്നതുപോലെ. അര്‍ബുദ ബാധിതനായി തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്: എനിക്കൊരാഗ്രഹമുണ്ട്, തെരുവില്‍ ചെന്ന് ഓരോ മനുഷ്യനില്‍ നിന്നും ഇത്തിരി സമയം കെഞ്ചി വാങ്ങണം. എല്ലാം കൂടി ശേഖരിച്ച് പത്തുവര്‍ഷങ്ങള്‍ തികക്കണം. ആ പത്തുവര്‍ഷംകൊണ്ട് ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം എന്‍റെ ഉള്ളിലുള്ളതെല്ലാം എഴുത്തില്‍ ചൊരിയുക എന്നതാണ്. ഒടുവില്‍ മരണം എന്നെ തേടിവരുമ്പോഴേക്കും മരണത്തിനു കിട്ടാന്‍പോകുന്നത് മജ്ജയില്ലാത്ത കുറെ എല്ലിന്‍കഷണങ്ങള്‍ മാത്രമാണ്. അങ്ങനെ കൊടുത്തുകൊടുത്ത് ശൂന്യമാകുന്നതനുസരിച്ച് നിറഞ്ഞുകവിയുന്ന പൂര്‍ണ്ണ മനുഷ്യര്‍! ഇനി നിലനില്‍പ്പ് കഠിനമായ പരീക്ഷണമല്ല. കൗതുകമുള്ള ഒരു കളി മാത്രം - മഹാലീല!

You can share this post!

ടണല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
Related Posts