news-details
കഥപറയുന്ന അഭ്രപാളി

ജീവിതം ഒരു ഏകാന്തയാത്ര മാത്രമാകുമ്പോള്‍

എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കും മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലയില്‍ അവന്‍റെ പ്രയാണം ആരംഭിച്ചിട്ടുണ്ടാകുക. ആദ്യമൊന്നും വലിയ നിയന്ത്രണങ്ങളില്ലാത്ത, നിയമവ്യവസ്ഥകളില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും പ്രാക്തനവും ശുഭ്രവും സ്വസ്ഥവുമായ അവസ്ഥയില്‍ ആയിരുന്നിരിക്കണം അവന്‍റെ ജീവിതവും ചര്യകളും. പിന്നെയെപ്പോഴോ ആ സ്വാതന്ത്ര്യം വിഭജിക്കപ്പെടുകയും  മോസസ് പിളര്‍ത്തിയ ചെങ്കടലിന്‍റെ ഇരു ജലമതില്‍ പോലെ തെറ്റും ശരിയും അവന്‍റെ ജീവിതത്തിലേക്കും ചുറ്റുവട്ടത്തിലേക്കും പതിയെ മുളപൊട്ടുകയും ചില പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി അത് ക്രമപ്പെടുകയും ചെയ്തു. ലോകത്തിന്‍റെ വിവിധയി ടങ്ങളില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് അത്തരം ശരിതെറ്റുകള്‍ വികാസം പ്രാപിക്കുകയോ ചുരുങ്ങുകയോ ചെയ്തു. ഈ വ്യവസ്ഥകള്‍ രൂപപ്പെടുകയും വളരുകയും ചെയ്യുന്നതിനൊപ്പം തന്നെ അതിനെതിരെയുള്ള എതിര്‍പ്പുകളും സ്വാഭാവികമായി ഉയര്‍ന്നു. മനുഷ്യര്‍ കൂട്ടമായോ, ചിലര്‍ ഒറ്റക്കോ, ചിലര്‍ നിയമ വ്യവസ്ഥയെ തന്നെ കൂട്ടുപിടിച്ചോ അതിനെതിരെ പോരാടിക്കൊണ്ടിരുന്നു. ചിലര്‍ക്കത് വ്യക്തിപരമായ കലഹങ്ങളായി അനുഭവപ്പെട്ടു. ചിലര്‍ക്കത് പകരം വെക്കാനില്ലാത്ത സമരമായും, പ്രക്ഷോഭങ്ങളായും പോരാട്ടങ്ങളായും അവനവനെ തന്നെ രൂപാന്തരപ്പെടുത്തുന്നതിനൊപ്പം ചുറ്റുമുള്ള ആളുകളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ രീതികളിലേക്ക് ഉയര്‍ത്തുന്നതിന് സാധിച്ചു. ഇത്തരത്തിലുള്ള വ്യക്തികളും ആള്‍ക്കൂട്ടങ്ങളും നിരന്തരം വ്യവസ്ഥകളോടും വ്യവസ്ഥിതികളോടും ചിലപ്പോള്‍ അവനവനു നേരെയും കലഹിച്ചുകൊണ്ടിരുന്നു. അവര്‍ അസ്വസ്ഥരായ ജനമായും വ്യക്തിയായും മുദ്രകുത്തപ്പെട്ടു. സാധാരണ കാണപ്പെടുന്ന സ്വഭാവ സവിശേ ഷതകള്‍ പിന്തുടരാത്തവര്‍ എന്ന നിലയില്‍ അവരെ നിഷേധികളെന്നോ, മറ്റുള്ളവരുടെ സമാധാനം കെടു ത്തുന്നവരെന്നോ, അഹങ്കാരികളെന്നോ, മനുഷ്യനെയും ദൈവത്തെയും ഭയമില്ലാത്തവരെന്നോ മുദ്ര കുത്തപ്പെട്ടു. എന്നാലവരോ തങ്ങളുടെ ഉറച്ച ബോദ്ധ്യങ്ങളെ പിന്തുടരുകയും അതില്‍തന്നെ ഉറച്ചു നില്‍ക്കുകയും  അവര്‍ക്കുതന്നെ ബോദ്ധ്യ മുള്ള വിജയങ്ങളിലേക്കോ ചിലപ്പോള്‍ പരാജയങ്ങളിലേക്കോ തങ്ങളുടെ ജീവിതത്തെ കലാപകലുഷിതമായി നയിക്കുകയും ചെയ്തു.

2021-ല്‍ പുറത്തിറങ്ങിയ ലിത്വാ നിയന്‍ ചലച്ചിത്രമായ എ ഫീച്ചര്‍ ഫിലിം എബൗട്ട് ലൈഫ് എന്ന ചല ച്ചിത്രം അതിന്‍റെ പേരുകൊണ്ടുതന്നെ കൗതുകം ജനിപ്പിക്കുന്നതാണ്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റൊഫ് കീസ്ലോവ്സ്കിയുടെ ഡെക്കലോഗ് പാക്കേജിലെ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നവിധമുള്ള പേരാണ് സംവിധായികയായ ഡോവില്‍ സറൂട്ടൈറ്റ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ജീവിതം, കുടുംബം, മരണം എന്നിവയാണ് ചിത്രത്തില്‍ പ്രേക്ഷകരോട് സംവദിക്കുന്നത്. ഓരോ മനുഷ്യരും അവനവന്‍റെ ജീവിതം ജീവിച്ചു തീര്‍ക്കു മ്പോള്‍ അതിസ്വാഭാവികമായി നേരിടേണ്ടി വരുന്നതാണ് കുടുംബവും, മരണവും. മരണത്തിനോടുള്ള മനോഭാവം കുടംബത്തിനോടും ജീവിതത്തോടുമുള്ള കാഴ്ചപ്പാടുകളെ എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്നതിന്‍റെ വ്യക്തിപരമായ ആഖ്യാനം കൂടിയാണ് ചിത്രം അനുവാചകര്‍ക്കു മുമ്പില്‍ വെളിവാക്കുന്നത്.

ചിത്രത്തിലെ മുഖ്യകഥാപാത്രത്തിന് തന്‍റെ പേര് നല്‍കിക്കൊണ്ടാണ് സംവിധായിക ചിത്ര ത്തിന്‍റെ വിഷയവുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധത്തെ പുറത്തുകൊണ്ടുവരുന്നത്. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായിക തന്‍റെ വൈകാരികതലത്തെ ചിത്രവു മായി എങ്ങനെയാണ് ബന്ധപ്പെടുത്തിയതെന്നും ചിത്രത്തിലെ നായികക്ക് കഥയുമായി ഉണ്ടായിരുന്ന അതിതീവ്രമായ താദാത്മ്യത്തെക്കുറിച്ചും വിശദമാ ക്കിയിരുന്നു. ആത്മകഥാപരമായ ആഖ്യാനം മറ്റുള്ളവര്‍ക്ക് മുമ്പില്‍ സ്വയം നഗ്നയാകുക എന്നതിന് തുല്യമാണെന്നും എന്നാല്‍ അതിന് കാരണമായേക്കാവുന്ന വസ്തുതയെ അതീവ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടിയാണ് നാം സമീപിക്കുന്നതെങ്കില്‍ നമ്മുടെ നഗ്നത പ്രേക്ഷകനില്‍ സഹാനുഭൂതിയും സ്നേഹ വുമാണ് നിറയ്ക്കുക എന്ന വ്യത്യസ്തമായ വീക്ഷ ണവും ഡോവില്‍ സറൂട്ടൈറ്റ് പങ്കുവെക്കുന്നു. അത് തീര്‍ത്തും ശരിയും കളങ്കരഹിതവുമാണെന്ന് ചിത്രം കാണുമ്പോള്‍ പ്രേക്ഷകന് ബോദ്ധ്യമാകുകയും ചെയ്യുന്നു എന്നതാണ് ഈ ചലച്ചിത്രത്തെ വേറി ട്ടൊരു കാഴ്ചാനുഭവമാക്കി മാറ്റുന്നതും.

ഒരു പാര്‍ട്ടിയില്‍ അതീവ സന്തോഷത്തോടെ നൃത്തം ചെയ്യുകയായിരുന്ന ഡോവിലിന് ഒരിക്കലും അറിവുണ്ടായിരുന്നില്ല, ഹൃദയം തകര്‍ക്കുന്ന ഒരു വാര്‍ത്ത തന്നെ തേടി വരുന്നതിന് തയ്യാറാകുക യാണെന്ന്.  ഫോണിലേക്ക് വന്ന പിതാവിന്‍റെ കോള്‍ എടുത്ത അവളോട് പിതാവിന്‍റെ മരണവാര്‍ ത്തയായിരുന്നു അവളുടെ അമ്മായിക്ക് അറിയിക്കാ നുണ്ടായിരുന്നത്. ലിത്വാനിയയിലേക്ക് തിരിച്ചെ ത്തിയ അവള്‍ക്ക് പിതാവിന്‍റെ ശവസംസ്കാര ശുശ്രൂഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടിയിരുന്നു. അവളുടെ അമ്മയും അടുത്ത കുടുംബസുഹൃത്തും ഒരുമിച്ച് അടക്ക ശുശ്രൂഷക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. അത് ഒരിക്കലും പാരമ്പര്യത്തെ ഉള്‍ച്ചേര്‍ക്കുന്നതാ യിരുന്നില്ല. സാധാരണ ഏതെങ്കിലും മരണാനന്തര ശുശ്രൂഷകളില്‍ നിന്നും വിഭിന്നമായി വ്യക്ത്യാധി ഷ്ഠിതമായിട്ടായിരുന്നു ആ ചടങ്ങ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അവള്‍ ചെയ്തത്. അതിനവളുടേതായ കാരണങ്ങളും ഉണ്ടായിരുന്നു.

ഒരു പക്ഷേ സാധാരണ സംഭവങ്ങളെയും നടപ്പുരീതികളെയും ഒഴിവാക്കി തികച്ചും അസാധാ രണ രീതികളെ പിന്തുടരുന്നു എന്ന തോന്നലുളവാക്കാമെങ്കിലും കാലം ഒരുകാലത്ത് ആവശ്യപ്പെട്ടേക്കാവുന്ന കാര്യങ്ങളാണ് സിനിമയില്‍ ചിത്രീകരി ക്കുന്നത്. സ്നേഹവും വാല്‍സല്യവുമെല്ലാം ഒരേസമയം പ്രകടിപ്പിക്കപ്പെടുകയും എന്നാല്‍ അതോടൊപ്പം സാധാരണ ജീവിതം സമാന്തരമായി ജീവിക്കപ്പെടുകയും ചെയ്യുക എന്ന ഭാവിരീതിയാണ് ചിത്രം പിന്തുടരുന്നത്.

തികച്ചും സമൂഹനടപ്പുകളെ നിരാകരിക്കുന്നു എന്നതിനാല്‍ ചില്ലപ്പോള്‍ എല്ലാത്തരം പ്രേക്ഷകരും ചിത്രത്തെ ഒരേതരത്തില്‍ എടുക്കണമെന്നില്ല. എന്നിരുന്നാലും വരുംകാലത്തേക്കുള്ള സമൂഹത്തിന്‍റെയും ജീവിതത്തിന്‍റെയും നേര്‍ക്കാഴ്ച തന്നെയാണ് ചിത്രം പരാമര്‍ശിക്കുന്നത് എന്നതില്‍ സംശയമില്ലാത്തതാണ്.

ചിത്രം പുറത്തിറങ്ങിയതുമുതല്‍ വലിയ പ്രേക്ഷക പ്രശംസയും വിമര്‍ശനവും ഒരേപോലെ നേരിട്ട ചിത്രമാണ്. എ ഫീച്ചര്‍ ഫിലിം എബൗട്ട് ലൈഫ്. 37 വയസുകാരിയായ ഒരു സംവിധായിക തന്‍റെ ജീവിത വീക്ഷണങ്ങളെ സധൈര്യം ചിത്രീകരിച്ചു എന്നതാണ്  ഈ ചിത്രത്തെ അനിതരസാധാരണമാക്കുന്നത്. ഭാവിയുടെ ചിത്രം എന്ന് തീര്‍ച്ചയായും വിശേഷിപ്പിക്കാവുന്ന ചിത്രമാണിത് എന്നത് നിസ്സംശയമാണ്. 

You can share this post!

ചാരം മൂടിയ ഓര്‍മ്മക്കനലുകള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

അഭ്രപാളിയിലെ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍

വിനീത് ജോണ്‍
Related Posts