news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

നരകത്തില്‍പോയ ധനവാനെക്കുറിച്ചും സ്വര്‍ഗത്തില്‍ പോയ ലാസറിനെക്കുറിച്ചും നമുക്കറിയാവുന്നത് ഒരുവന്‍ പണക്കാരനായിരുന്നെന്നും അപരന്‍ ദരിദ്രനായിരുന്നെന്നും മാത്രമാണ്. ഇരുവരുടെയും  മതജീവിതത്തെക്കുറിച്ചോ, സദാചാരജീവിതത്തെക്കുറിച്ചോ ഉപമ ഒരു സൂചനയും നല്കുന്നില്ല. ധനവാന്‍റെ  കുറ്റം അയാളുടെ കൈയിലുള്ള  പണമാണെന്നതാണ് അപ്പോള്‍ ഉപമ നല്കുന്ന പാഠം. സുവിശേഷങ്ങളിലെ ഇതരഭാഗങ്ങള്‍ ഈ നിരീക്ഷണം ശരിവയ്ക്കുന്നുണ്ട്. യേശുവിനെ പിഞ്ചെല്ലാനാകാതെ പോയ ആ ചെറുപ്പക്കാരന്‍റെ ഒരേയൊരു കുറ്റം അവനു ധാരാളം പണമുണ്ടായിരുന്നു എന്നതാണ്. അത് അദ്ധ്വാനിച്ചുണ്ടാക്കിയതാണോ, പിതൃസ്വത്താണോ, പിടിച്ചുപറിച്ചെടുത്തതാണോ എന്നുള്ളതൊന്നുമല്ല പ്രശ്നം. ധാരാളം പണമുണ്ട് എന്നതാണ് പ്രശ്നം. "നീതിരഹിതനായ ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല" എന്നല്ലല്ലോ യേശു പഠിപ്പിച്ചത്; "ധനവാന്‍ പ്രവേശിക്കില്ല" എന്നല്ലേ? ഒന്നുകില്‍ മാമോന്‍, അല്ലെങ്കില്‍ ദൈവം - ഇവയ്ക്കിടയില്‍ ഒരു പാലമില്ലതന്നെ.

നല്ലവനായ വ്യഭിചാരിയെന്നും മോശക്കാരനായ വ്യഭിചാരിയെന്നും തരംതിരിച്ചുപറയേണ്ട കാര്യമില്ലല്ലോ. 'വ്യഭിചാരി' എന്നു പറഞ്ഞാല്‍ കാര്യം വ്യക്തമാണ്. സമാനമായ രീതിയിലാണു ബൈബിള്‍ ധനവാനെയും  കാണുന്നത്. ധനവാനാണോ, അയാള്‍ക്കു നീതിമാനായിരിക്കാന്‍ ആവില്ല. എവിടെ ധാരാളം പണമുണ്ടോ, അതിനു പിന്നില്‍ തിന്മയുണ്ട് എന്നു ബൈബിളിനു തീര്‍ച്ചയുണ്ട്. ഇതുതന്നെയല്ലേ നമ്മുടെയും അനുഭവം? യൂറോപ്പ് ഇത്ര സമ്പന്നമായത് കീഴ്പ്പെടുത്തിയും കൊള്ളയടിച്ചുംതന്നെയല്ലേ? ഇന്നു നമ്മുടെ അനുദിനഭാഷയുടെ ഭാഗമായിട്ടുണ്ട് കൊക്കകോളയും മൈക്രോസോഫ്റ്റും ഐ-ഫോണും പിസ ഹട്ടും എല്ലാം. ഒപ്പം നമ്മുടെ ഇടവഴികളിലും നാല്ക്കവലകളിലും ബംഗാളിയും ഹിന്ദിയും അസമീസും കേട്ടു തുടങ്ങിയിരിക്കുന്നു. ഒടുങ്ങാത്ത വികസനവും മുടങ്ങാത്ത പറിച്ചെറിയപ്പെടലുകളും ഒരേസമയം നടക്കുന്നുവെന്നതിന് ഇതുമാത്രം മതി തെളിവായി. ഇതിന്‍റെ യൊക്കെ പശ്ചാത്തലത്തില്‍ ജറമിയാ പറയുന്നതു വായിക്കൂ: "കൂട്ടില്‍ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്മാരും പണക്കാരുമായി. അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്ക് അതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല" (5:27-28). സമ്പന്നതയുടെ പിന്നില്‍ വഞ്ചനയും അനീതിയും പിടിച്ചുപറിയുമാണുള്ളത് എന്നാണു പ്രവാചകപാഠം.

സമ്പത്തു വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം ലാഭമുണ്ടാക്കുകയെന്നതാണല്ലോ. 'ലാഭ'ത്തിനു ഹീബ്രു ബൈബിള്‍ ഉപയോഗിക്കുന്ന വാക്ക് 'ബെറ്റ്സ' എന്നാണ്. അതിന്‍റെ ക്രിയാപദമായ 'ബാറ്റ്സ'യുടെ അര്‍ത്ഥം മുറിച്ചെടുക്കുക, ഒടിക്കുക, അനീതിപരമായി ലാഭമുണ്ടാക്കുക എന്നൊക്കെയാണ്. അപ്പോള്‍ 'ബെറ്റ്സ' യെന്നാല്‍ 'അനീതിപരമായ ലാഭം' എന്നാണര്‍ത്ഥം. 'നീതിപരമായ ലാഭ'ത്തെക്കുറിക്കാന്‍ ബൈബിളില്‍ ഒരു പദമില്ലെന്നതുകൂടി നാം ശ്രദ്ധിക്കണം. ലാഭമുണ്ടോ, അതില്‍ അനീതിയുണ്ട് എന്നതാണ് ബൈബിളിന്‍റെ നിലപാട്. പത്തുരൂപ വാങ്ങിയിട്ട് പത്തുരൂപയുടെ കൃത്യം മൂല്യമുള്ള സാധനം നല്കിയാല്‍ പിന്നെയെന്തു ലാഭം? അപ്പോള്‍ പിന്നെ മൂലധനം എങ്ങനെ വര്‍ദ്ധിക്കും? അതുകൊണ്ട് എട്ടുരൂപയുടെ സാധനം പത്തുരൂപക്കു വിറ്റേ പറ്റു. ഇതേ ലോജിക്കാണ് മലയാളി ബംഗാളിയെ ഉപയോഗിക്കുന്നതിലും അറബി മലയാളിയെ ഉപയോഗിക്കുന്നതിലും അമേരിക്കക്കാരന്‍ ലാറ്റിനമേരിക്കനെ ഉപയോഗിക്കുന്നതിലും എല്ലാമുള്ളത്. കുറഞ്ഞ കൂലി, കൂടുതല്‍ ലാഭം, പെരുകുന്ന മൂലധനം. അതുകൊണ്ടാണ് മാര്‍ക്സു പറഞ്ഞത് തൊഴിലാളിയുടെ മോഷ്ടിച്ചെടുത്ത വിയര്‍പ്പാണു മൂലധനം എന്ന്. നമ്മുടെ ബോഡി സ്പ്രേയിലും പതഞ്ഞുപൊങ്ങുന്ന ലഹരിയിലും കുതിക്കുന്ന റോക്കറ്റിന്‍റെ ഇന്ധനത്തിലും അവന്‍റെ വിയര്‍പ്പുണ്ട്. വെറുതെയല്ല യേശു സമ്പത്തിനെ  'സമ്പത്ത്' എന്നു വിളിക്കാതെ 'അധാര്‍മ്മിക സമ്പത്ത്' എന്നുതന്നെ വിളിച്ചത് (ലൂക്ക. 16: 9,11). ഇതിനെക്കുറിച്ച് സെന്‍റ് ജറോം പറയുന്നു: "അവിടുന്നു ബുദ്ധിപൂര്‍വ്വമാണ് 'അധാര്‍മ്മിക സമ്പത്ത്' എന്നു പറഞ്ഞത്. കാരണം, എല്ലാ സമ്പത്തും അനീതിയിലാണുത്ഭവിക്കുന്നത്." ഈ ചിന്തയുടെ ചുവടുപിടിച്ച് ചില പാഠങ്ങള്‍കൂടി ധ്യാനിക്കുക: "വിശക്കുന്നവന്‍റെ അപ്പമാണു നീ കരുതിവക്കുന്നത്, നഗ്നന്‍റെ വസ്ത്രമാണ് അലമാരയില്‍ സൂക്ഷിക്കുന്നത്, നഗ്നപാദന്‍റെ പാദരക്ഷയാണു പഴകിപ്പോകാന്‍ നിങ്ങളനുവദിക്കുന്നത്, ദരിദ്രന്‍റെ പണമാണു നീ സൂക്ഷിച്ചിരിക്കുന്നത്" (സെന്‍റ് ബേസില്‍). "ഞാന്‍ എന്‍റേതാണു ചെലവാക്കുന്നതെന്നോ ആസ്വദിക്കുന്നതെന്നോ പറയരുത്. അതു നിങ്ങളുടേതല്ല, മറ്റാരുടേതോ ആണ്" (സെന്‍റ് ക്രിസോസ്തം).

വ്യക്തമായ ചില സാമ്പത്തിക നിലപാടുകള്‍ ബൈബിളിനുണ്ടെന്ന് അങ്ങനെ വ്യക്തമാകുകയാണ്. മൂലധനത്തിന്‍റെ വളര്‍ച്ചയെയും സ്വകാര്യസ്വത്തിന്‍റെ വ്യാപനത്തെയും അതു നിശിതമായി വിമര്‍ശിക്കുന്നു. വയലിനെ വയലിനോടും വീടിനെ വീടിനോടും ചേര്‍ക്കുന്ന സമ്പന്നര്‍ക്കെതിരേ കണിശമായ പ്രവാചകപ്രഖ്യാപനങ്ങളുണ്ട്. ഒപ്പം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം അക്ഷന്തവ്യമാണെന്നും അതു പഠിപ്പിക്കുന്നു. ഇതുകൊണ്ടൊക്കെയാവാം ആദിമക്രൈസ്തവസമൂഹത്തെക്കുറിച്ച് "അവര്‍ക്കിടയില്‍ ദരിദ്രരില്ലായിരുന്നു" (നടപടി 4:34) എന്നു നാം വായിക്കുന്നത്. ഇത് അതിശയോക്തി കലര്‍ന്നതാണെന്നും അങ്ങനെയൊരു സമൂഹം ഉണ്ടായിരുന്നെങ്കില്‍തന്നെ അധികകാലം മുമ്പോട്ടുപോയില്ലെന്നും വാദമുണ്ട്. ആ വാദം ശരിയാണെന്നിരിക്കട്ടെ. എങ്കില്‍പോലും നിഷേധിക്കാനാവാത്ത കാര്യം, ബൈബിള്‍ മുമ്പോട്ടു വയ്ക്കുന്ന ആദര്‍ശസമൂഹം സോഷ്യലിസ്റ്റ് ആണ് എന്നതാണ്.

ബൈബിളിലെ സാമ്പത്തികപാഠങ്ങളുടെ മുനയൊടിക്കാനായി കണ്ടുപിടിക്കപ്പെട്ട പദപ്രയോഗമാണ് 'ആത്മീയദാരിദ്ര്യം' എന്നത്. ഇതു ബൈബിളിലെങ്ങും കാണാത്തയൊന്നാണ്. ദരിദ്രനെ സമ്പന്നന്‍റെ വിപരീതമായിട്ടാണ്  ബൈബിള്‍ എപ്പോഴും കാണുന്നത്. "ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍.... സമ്പന്നരേ നിങ്ങള്‍ക്കു ദുരിതം" (ലൂക്ക. 6:20,24) എന്നത് ഒരുദാഹരണമാണ്. 'ആത്മാവില്‍ ദരിദ്രര്‍' എന്ന മത്തായിയുടെ ഒരൊറ്റ പ്രയോഗത്തെ വളച്ചൊടിക്കുകയാണ് ഇവിടുത്തെ വ്യാഖ്യാതാക്കള്‍. സുഹൃത്ത് ലാസര്‍ മരിച്ചപ്പോള്‍ കണ്ണീര്‍ പൊഴിച്ച ക്രിസ്തുവിനെക്കുറിച്ചു പറയുന്നത് അവന്‍ "ആത്മാവില്‍ നെടുവീര്‍പ്പിട്ടു" വെന്നാണ് (മര്‍ക്കോ. 11:33). തീവ്രമായ ദുഃഖത്തെ സൂചിപ്പിക്കുന്ന ഒരു ഭാഷാപ്രയോഗം മാത്രമാണത്. അതുപോലെ ആത്മാവില്‍ ദാരിദ്രര്‍, ആത്മാവിനെപോലും കാര്‍ന്നുതിന്നുന്ന കൊടിയ ദാരിദ്ര്യമനുഭവിക്കുന്നവരാണ്; അല്ലാതെ 'ആത്മീയദാരിദ്ര്യം' എന്ന പുണ്യം അഭ്യസിക്കുന്നവരല്ല. ദാരിദ്ര്യം ആത്മീയദാരിദ്യമാണെങ്കില്‍ "അവര്‍ക്കിടയില്‍ ദരിദ്രരില്ലായിരുന്നു" എന്ന വാക്യം (നടപടി. 4:34) എങ്ങനെയാണു മനസ്സിലാക്കുക? ബൈബിളനുസരിച്ച് ഒരുകാര്യം അവിതര്‍ക്കിതമാണ്: ഇവിടെ ദാരിദ്ര്യമുള്ളത് സമ്പത്ത് കുന്നുകൂട്ടുന്നതുകൊണ്ടാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.

ബൈബിളിന്‍റെ ലളിതമായ ദര്‍ശനങ്ങളെ ആത്മീയ വത്കരിക്കാതിരിക്കാന്‍ ധൈര്യം കാണിക്കുന്ന ഒരുവനെയാണ് നാമിന്നു പോപ്പ് ഫ്രാന്‍സിസില്‍ കാണുന്നത്. തന്‍റെ ആദ്യ അപ്പസ്തോലിക പ്രബോധനത്തില്‍ തന്നെ  മൂലധനത്തിനെതിരേ അദ്ദേഹം വിരല്‍ചൂണ്ടിയിരിക്കുകയാണ്. ഇതുമാത്രമല്ല അദ്ദേഹം ചെയ്തത്. ദീര്‍ഘനാളായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന വിമോചനദൈവശാസ്ത്രജ്ഞന്‍ ഗുസ്തവോ ഗുട്ടിയരസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആഗോളവത്കരണത്തിന്‍റെ കടുത്ത വിമര്‍ശകനായ ജോസഫ് സ്റ്റിഗ്ലിസ്റ്റിനെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിലെ അംഗമാക്കി. ബൈബിളനുസരിച്ച് ദൈവത്തിന്‍റെ വിപരീതം ദൈവമില്ലായ്മയല്ല, മൂലധനമാണ് - അതാണു പോപ് ഫ്രാന്‍സിസ് തെളിയിക്കുന്നത്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts