news-details
സഞ്ചാരിയുടെ നാൾ വഴി

നെരുദയുടെ യുവര്‍ഫീറ്റ് എന്ന ഒരു പ്രണയ കവിതയുണ്ട്. നിന്‍റെ മിഴികളില്‍ നോക്കാന്‍ കഴിയാത്തപ്പോഴൊക്കെ ഞാന്‍ നിന്‍റെ കാല്പാദങ്ങള്‍ ഉറ്റുനോക്കുന്നു. കാരണം ആ കാലടികള്‍ ഭൂമിക്കു മീതെയും കാറ്റിനുമീതെയും ജലത്തിനുമീതെയും സഞ്ചരിച്ചവയാണ്, ഒടുവില്‍ എന്നെ കണ്ടെത്തുവോളം. ഓരോരുത്തരുടെയും കാലടികള്‍ എന്തൊക്കെയാണ് നമ്മോട് മന്ത്രിക്കുന്നത്.

ഓരോരുത്തരും ജീവിച്ചുതീര്‍ത്ത ജീവിതത്തിന്‍റെ സംഗ്രഹമതിലുണ്ട്. എല്ലാ ഭാഷകളിലുമുള്ള ആത്മകഥകളുടെ ശീര്‍ഷകങ്ങളില്‍ അതിന്‍റെ മുദ്ര പതിഞ്ഞുകിടപ്പുണ്ട്. ഒത്തിരി അലഞ്ഞ പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയുടെ പേരോര്‍മ്മിക്കൂ - 'കവിയുടെ കാല്പാടുകള്‍'. 'മഞ്ഞില്‍ പതിഞ്ഞ കാല്‍ചുവടുകള്‍' എന്നാണ് ചൈനീസ് ആചാര്യനായ ചാന്‍ ഷാന്‍ യെന്നിന്‍റെ ആത്മകഥയുടെ ശീര്‍ഷകം. 'ക്യൂബക്കിന് കുറുകെയുള്ള കാലടികള്‍' എന്നാണ് മുറൈ ഹിരോണ്‍ തന്‍റെ ജീവിതരേഖയ്ക്കിട്ട പേര്. 'കാല്പാടുകള്‍' എന്നുമാത്രം പറയുമ്പോള്‍ ബ്രൂക് ആസ്റ്ററുടെ ആത്മകഥ കിട്ടും! വലിയവരും ചെറിയവരുമൊക്കെ നടന്നുതീര്‍ത്ത ജീവിതകാതങ്ങള്‍...

മനുഷ്യന്‍റെ കാല്പാടുകള്‍ ഓരോരുത്തരിലും ഉണര്‍ത്തുന്ന ചില അഭൗമിക വികാരങ്ങളുണ്ട്. ഹോമോസാപ്പിയന്‍സ് എന്ന നിലയില്‍ അടയാളപ്പെട്ട ഏറ്റവും പഴക്കമുള്ള കാല്‍ചുവടുകള്‍ മെക്സിക്കന്‍ താഴ്വരയില്‍ നിന്നാണ്. ചേറില്‍ പതിഞ്ഞ കാല്പാദങ്ങളെ പ്രകൃതി എന്തോ ചില കരുതലോടുകൂടി ഇത്രയും കാലം സൂക്ഷിച്ചു. ഇരുന്നൂറ്റിഅറുപത്തിയൊമ്പത് കാല്‍ചുവടുകള്‍ കാലത്തിന് മായ്ക്കാനാവാതെ ഫോസിലുകളില്‍ പതിഞ്ഞു കിടപ്പുണ്ട്. ആ കാല്പാദങ്ങളെ എന്നെങ്കിലും ഒരിക്കല്‍ കാണുവാന്‍ നിങ്ങള്‍ക്ക് അവസരം ഉണ്ടാവുകയാണെങ്കില്‍ എന്തൊക്കെ വികാരങ്ങളുടെ മിന്നല്‍പ്പിണരുകളില്‍ ഉള്ളം പ്രകാശിക്കില്ല. കൂടെ വസിക്കുന്നവരുടെ കാല്പാദങ്ങളെ കുറെക്കൂടി ശ്രദ്ധിക്കുവാനായി നിശ്ചയമായും അത് നമ്മളെ പ്രേരിപ്പിക്കും.

ലോകമെമ്പാടും കാല്പാദങ്ങളെ പ്രണമിക്കുന്ന രീതി ആഴപ്പെട്ടിട്ടുണ്ട്. ബുദ്ധന്‍റേതെന്ന സങ്കല്‍പത്തില്‍ മൂവായിരത്തോളം കാല്പാദങ്ങള്‍ ഭൂമിയിലെമ്പാടുമായി നമസ്കരിക്കപ്പെടുന്നു. പാറമേല്‍ കൊത്തിയുണ്ടാക്കിയതും താനേ പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നതുമായ കാല്പാടുകള്‍. അതില്‍ അസാധാരണമായി ഒന്നും കരുതേണ്ട. മലയാറ്റൂര്‍ മലയിലെ തോമാശ്ലീഹായുടേതെന്ന് കരുതപ്പെടുന്ന ആ പാദമുദ്ര ഓര്‍മ്മിക്കൂ. കാലടിയെന്ന് നമുക്കു പരിചയമുള്ള ഗ്രാമത്തിന് ആ പേരു ലഭിച്ചതുപോലും ബുദ്ധസമൂഹങ്ങള്‍ ഒരുകാലത്ത് അവിടെ ഉണ്ടായിരുന്നതിന്‍റെ സൂചനയായി ഗണിക്കപ്പെടുന്നു. പാദുകപൂജ എന്നൊരു രീതി ഹൈന്ദവധാരയില്‍ സജീവമാണ്. രാമായണത്തില്‍ വനവാസത്തിനുപോകുന്ന രാമന്‍റെ മെതിയടികളെ നമസ്കരിച്ചാണ് ഭരതന്‍ കോസലം ഭരിച്ചത്. ഗയക്ഷേത്രത്തില്‍ വിഷ്ണുപാദമാണ് പ്രതിഷ്ഠ. ധ്യാനേശ്വര്‍, തുക്കാറാം എന്നിവരുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ വെള്ളിയില്‍ തീര്‍ത്ത പാദുകങ്ങള്‍ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. ഉപവാസം, ഉപനിഷത്ത് തുടങ്ങിയ ഭാരതീയ ബോധധാരയില്‍ കാല്‍ചുവടുകളില്‍ ഇരിക്കുക എന്ന വ്യക്തമായ സൂചനയുണ്ട്. കല്ലില്‍ നിന്ന് അഹല്യയെ പുറത്തുകൊണ്ടുവന്നത് രാമപാദങ്ങളാണ്. എന്തൊരു സ്വാതന്ത്ര്യമാണ് ഗുരുപാദങ്ങള്‍ ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്.

കാല്‍ചുവടുകളെ നോക്കി ഒരാളുടെ ജീവിതത്തെ തിരിച്ചറിയുക എന്നൊരു സാധ്യത സദാ നിലനില്‍ക്കുന്നുണ്ട്. ഒരു ചെരിപ്പുകുത്തി തെരുവിലൂടെ നടന്നുനീങ്ങുന്നവരുടെ കാല്‍ചുവടുകള്‍ മാത്രം നോക്കി ഓരോരുത്തരുടെയും ജീവിതഗതികളെ തിരിച്ചറിയുന്നതുപോലെ. ഒരു കാല്പാദത്തെ പിന്തുടര്‍ന്നുപോകുമ്പോള്‍ എന്തൊരു വല്യ ഭാവനാലോകമാണ് നമുക്ക് മുമ്പില്‍ വെളിപ്പെട്ടുകിട്ടുന്നത്. ഭാഗവതപുരാണത്തില്‍ കാണാതായ ഉണ്ണിക്കണ്ണനെ പിന്തുടര്‍ന്നു പോകുന്ന ഗ്രാമീണരുടെ കഥയുണ്ട്. കുഞ്ഞിന്‍റെ കാല്പാദങ്ങളെ നോക്കിയാണ് അവര്‍ തിരച്ചിലാരംഭിക്കുന്നത്. എന്നാല്‍, കുഞ്ഞിന്‍റെ കാല്‍പാടുകള്‍ എങ്ങും പതിഞ്ഞിട്ടില്ല. പതിഞ്ഞതൊക്കെ വളരെ പ്രാപഞ്ചികമെന്ന് വിശേഷിപ്പിക്കാവുന്ന ചിലതിന്‍റെയൊക്കെ കാലടയാളങ്ങളാണ്. ലളിതമെന്ന് തോന്നിക്കാവുന്ന ചില അടയാളങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ ജീവിതനിഗൂഢതകള്‍ മുദ്രചെയ്യപ്പെട്ടിരിക്കുന്നു എന്നതായിരിക്കാം അതിന്‍റെ സൂചന. ഒരു കുഞ്ഞിക്കാല്‍ എന്നു പറയുമ്പോള്‍ കുഞ്ഞുണ്ടാകുന്നത് മാത്രമല്ല കുഞ്ഞ് നമ്മുടെ ഹൃദയത്തില്‍ പതിപ്പിച്ച മുദ്രകള്‍ എന്നതാണല്ലോ സൂചന. പലപ്പോഴും കാലൊക്കെ ആംപ്യൂട്ട് ചെയ്യപ്പെടുന്നു എന്നു കേള്‍ക്കുമ്പോള്‍ എന്‍റെ ഉള്ളിലേക്ക് വരുന്ന വല്ലാത്തൊരു ഭാരമുണ്ട്. പിന്നെ എനിക്ക് മനസ്സിലായി മനുഷ്യന്‍റെ ചങ്കിലേയ്ക്ക് നടന്നുകയറുവാന്‍ കാല്പാദങ്ങളേ വേണ്ടെന്ന്. ഒരു പ്രതീകം മാത്രമാണതെന്ന്. കാല്പാദങ്ങള്‍ തളര്‍ന്നുപോയ എത്രയോ മനുഷ്യരാണ് നമ്മുടെ നെഞ്ചില്‍ അവരുടെ പാദമുദ്രകള്‍ പതിപ്പിച്ചിട്ടുള്ളത്. സജലമിഴികളോടെ ഞാനവരെ നമസ്കരിച്ചോട്ടെ... ഹോമറിന്‍റെ ഒഡിസിയില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തുന്ന ഒഡിസസിനെ അയാളുടെ കാല്പാദങ്ങള്‍ കഴുകുന്ന വൃദ്ധയായ പരിചാരികയാണ് തിരിച്ചറിയുന്നത്. നളദമയന്തി കഥയില്‍ ദമയന്തിയെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി കുറെയധികം മായാരൂപികള്‍ സൃഷ്ടിച്ചെടുത്ത ഭ്രമലോകത്തില്‍നിന്ന് നളനെ അവള്‍ തിരിച്ചറിയുന്നത് കാല്പാദങ്ങളെ ഉറ്റുനോക്കിയാണ്- നളന്‍റെ കാല്‍ചുവടുകള്‍ മാത്രമേ ഭൂമിയെ തൊടുന്നുണ്ടായിരുന്നുള്ളൂ. വലിയ കണ്ടെത്തലുകളിലേക്കുള്ള താക്കോല്‍ക്കാഴ്ച തരുന്നുണ്ട് ഒരാളുടെ ചുവടുകള്‍.

പാദപത്മങ്ങള്‍ എന്നൊരു പദം ഗുരുക്കന്മാര്‍ക്കുവേണ്ടി നാം കരുതി വയ്ക്കുന്നുണ്ട്. താമരയുടെ ഇതളില്‍ നിന്ന് ഇറ്റുവീഴുന്ന പത്മമധു കണ്ണിന് നല്ല ഔഷധമായി ഗണിക്കപ്പെടുന്നു. മിഴികളില്‍ അത് ലേപനം ചെയ്താല്‍ കാഴ്ചയ്ക്ക് വ്യക്തതയുണ്ടാകും. ഗുരുക്കന്മാരുടെ പാദങ്ങളില്‍നിന്ന് ഇത് കണക്ക് അദൃശ്യമായ ഒരു മധു ഒഴുകുന്നുണ്ട്. അത് നിങ്ങളുടെ കണ്ണിലോ നെഞ്ചിലോ ഒക്കെ ലേപനം ചെയ്യുമ്പോള്‍ ജീവിതം എന്തു ഭംഗിയുള്ളതായി മാറുന്നു. കാഴ്ചയ്ക്ക് എന്തൊരു വ്യക്തതയുണ്ടാകുന്നു. മാനവരാശിയ്ക്ക് തെളിമ കൊടുക്കുന്ന ഏറ്റവും നല്ല പത്മമധു ലഭിക്കുന്നത് ഗുരുമൊഴികളില്‍ നിന്നാണ്. അതുകൊണ്ടാണ് ഓരോ ഇടങ്ങളിലും ഗുരുപാദങ്ങള്‍ക്ക് ഇത്രയും മൂല്യം മനുഷ്യര്‍ കല്‍പ്പിച്ചുകൊടുക്കുന്നത്. എന്തിനായിരിക്കണം ഈ പാദുകങ്ങളും മെതിയടികളുമൊക്കെ ഓരോരോ ആശ്രമങ്ങളില്‍ ഗുരുക്കന്മാര്‍ കടന്നുപോയിട്ടും സൂക്ഷിക്കുന്നത്? അതവരുടെ സാന്നിധ്യമായിത്തന്നെ കണ്ട് നമസ്കരിക്കപ്പെടുന്നത്? തന്‍റെ ഗുരുവായ ഗോവിന്ദയെ നമസ്കരിച്ച് ശങ്കരാചാര്യര്‍ എഴുതിയ ഗുരുപാദുകപഞ്ചുകം ഓര്‍മ്മിക്കൂ. പാദുകസഹസ്രം എന്ന ഭക്തികാവ്യം വൈഷ്ണവപാരമ്പര്യത്തിലുണ്ട്, വിശേഷിച്ചും ദക്ഷിണേന്ത്യയിലെ അയ്യങ്കാര്‍ വിഭാഗക്കാര്‍ക്കുവേണ്ടി സ്വാമി വേദാന്ത ദേശികനാണ് മുപ്പത്തിരണ്ട് അധ്യായങ്ങളുള്ള ആയിരത്തെട്ട് വചസ്സുകള്‍ രചിച്ചത്. സ്വാമി രാമാനുജാചാര്യന്‍ അവതരിപ്പിച്ച വിശിഷ്ട അദ്വൈതദര്‍ശനത്തിന്‍റെ പ്രചാരകനായിരുന്നു അദ്ദേഹം.

ഗുരുപാദങ്ങളില്‍ സദാ ഇരിക്കാനാഗ്രഹിച്ച ഒരു സ്ത്രീയെ നമ്മുടെ ധ്യാനമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നത് നല്ലതാണ്. അത് ലാസറിന്‍റെ പെങ്ങളായ മറിയമാണ്. വേദപുസ്തകം അവളെ അടയാളപ്പെടുത്തുന്നതുപോലും അങ്ങനെയാണ്. യേശുവിന്‍റെ പാദങ്ങളില്‍ ഇരിക്കാനാഗ്രഹിച്ച ഒരു സ്ത്രീ. വീടിന്‍റെ ഒത്തിരി തിരക്കുകള്‍ക്കിടയില്‍ പെട്ടുപോയ അവളുടെ സഹോദരി അവളെ അതിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നുപോലുമുണ്ട്. എന്നിട്ടും യേശു അവളെ വിലക്കിയില്ല. കാല്പാദങ്ങളില്‍ ഇരിക്കുന്നതാണ് ജീവിതത്തിന്‍റെ നല്ലഭാഗമെന്ന് സൗമ്യമായി അവള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അത് യേശുവിന്‍റെ കാല്പാദം തന്നെയാവണമെന്നില്ല. ഏതൊരാളിന്‍റെയും കാല്പാദങ്ങളെ ഉറ്റുനോക്കുന്നത് ജീവിതത്തിന്‍റെ നല്ലഭാഗം തന്നെ.

ആ ഗുരുചരണങ്ങളിലിരുന്ന് മറിയം കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയാവും. ഇത്രമേല്‍ അഴകുള്ള കാല്പാദങ്ങള്‍ വേറൊന്നുമുണ്ടാവുകയില്ല. സുവിശേഷം പ്രഘോഷിക്കുന്നവരുടെ പാദങ്ങള്‍ എത്രയോ സുന്ദരം. മലമുകളില്‍ നിന്ന് കര്‍ത്താവിന്‍റെ ദിനങ്ങളെക്കുറിച്ച് വിളിച്ചുപറയുന്നവരുടെ കാല്പാദങ്ങളുടെ അഴകിനെക്കുറിച്ച് ഏശയ്യാ പ്രവചിക്കുന്നുണ്ട്. ഭൂമിയുടെ ജീവിതത്തെ ഭംഗിയുള്ളതാക്കുവാന്‍ നിരന്തരം സഞ്ചാരത്തിലായിരിക്കുന്ന ഏതൊരു മനുഷ്യനും സുവിശേഷകന്‍ തന്നെ. പരിസ്ഥിതിക്കുവേണ്ടിയായാലും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലായാലും അത്തരം ചില മനുഷ്യര്‍ തങ്ങളെത്തന്നെ വ്യയം ചെയ്തുതീര്‍ക്കുന്നതു കാണുന്നില്ലേ. യേശുവിന്‍റെ ജീവിതത്തെ വേദപുസ്തകം സംഗ്രഹിക്കുന്നത് അവന്‍ നന്മ ചെയ്തു ചുറ്റിസഞ്ചരിച്ചു എന്നുപറഞ്ഞാണ്. വിശക്കുന്നവന് അപ്പവും വരണ്ടഭൂമിക്ക് ഉറവകളും പരദേശിക്ക്  സത്രവും... ഒക്കെ സുവിശേഷം തന്നെ. അത്തരം ചില സാധ്യതകള്‍ കാട്ടിക്കൊടുക്കാനും നിലനിര്‍ത്താനും കഠിനാധ്വാനത്തിലായിരിക്കുന്ന ഏതൊരു മനുഷ്യനും പ്രകാശിക്കുന്ന കാല്പാദങ്ങളുമായാണ് സഞ്ചാരം.

ഒപ്പം എല്ലാറ്റിനും മീതെനടന്ന കാല്പാദങ്ങളാണതെന്ന് ഓര്‍മ്മിക്കണം. ഒരു ചെറിയ കടലോരഗ്രാമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും പൊതുവായി അറിയുന്നതുതന്നെയാവണം. ഒരു നൗക ഉലഞ്ഞ് തങ്ങള്‍ നശിക്കുന്നുവെന്ന് വല്യവായില്‍ നിലവിളിച്ച് കുറെപ്പേര്‍ തങ്ങളുടെ പരിഹാരമില്ലാത്ത വിധിക്കുവേണ്ടി മനസ്സുകൊണ്ട് ഒരുങ്ങുമ്പോള്‍ അലയാഴിക്കുമീതെ വിരിഞ്ഞുവിരിഞ്ഞുവരുന്ന ആ ഗുരുപാദപത്മങ്ങള്‍. എന്തിനും മീതെ നടക്കുന്ന, ഒന്നിലും മുങ്ങാത്ത, ഇടറാത്ത കാല്പാദങ്ങള്‍. അത്തരം കാല്പാദങ്ങളെ തിരിച്ചറിയുവാന്‍ വളരെ ഇന്‍ട്യൂറ്റീവായ ഒരു പ്രകാശം സ്ത്രീകള്‍ക്കുണ്ടെന്നാണ് കരുതുന്നത്. ആനന്ദിന്‍റെ പുസ്തകത്തില്‍ ഒരു യോഗിയെ നമസ്കരിക്കുമ്പോള്‍ ഒരു ഗണിക പറഞ്ഞതുപോലെ: "ഞാനിന്നോളം കണ്ടതൊക്കെ ഇടറിയ മനുഷ്യരുടെ കാല്പാദങ്ങളാണ്. ഇതാദ്യമായി ഇടറാത്ത മനുഷ്യന്‍റെ കാല്പാദങ്ങള്‍ ഞാന്‍ കണ്ടു. എനിക്ക് നമസ്കരിക്കാതെ തരമില്ല". സ്ത്രീയുടെ മാത്രമല്ല ഭൂമിയുടെ മുഴുവന്‍ ആനന്ദങ്ങളില്‍ ഒന്നതാണ്. ഇടറാത്ത ചില കാല്പാദങ്ങള്‍ കാണുക. എല്ലാം തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ചില ഗുരുത്വനിയമങ്ങള്‍ക്ക് മീതെ നടക്കുവാന്‍ കെല്‍പ്പുള്ളവരുണ്ടാവുക. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പത്രോസിനുപോലും കടലിനു മീതെ നടക്കാനുള്ള പ്രേരണ നല്‍കുന്നുണ്ട് യേശു. പാദപത്മങ്ങള്‍ ചേറിന് മീതെ വിരിയുന്ന ആ പൂവിന്‍റെ പര്യായം തന്നെ.

ആ കാല്പാദങ്ങളില്‍ അപാരതയുടെ പൊടിപുരണ്ടതായി മറിയം തിരിച്ചറിഞ്ഞിട്ടുണ്ടാവും. മറ്റേതോ ലോകത്തുനിന്നും അതിഥിയായി വന്നൊരാളാണ്. തന്‍റെ ദേശത്തിന്‍റെ മണല്‍ത്തരികള്‍ അയാളുടെ വിണ്ടുകീറിയ കാല്‍പാദങ്ങളില്‍ അവള്‍ കണ്ടിട്ടുണ്ടാകും. ഒരുപാദം ഭൂമിയിലും മറ്റേത് കാണാത്തൊരു ദേശത്തിലും ചവിട്ടിനില്‍ക്കുവാന്‍ അവള്‍ക്ക് പ്രേരണയാകുന്നത് ഈ കാല്പാദങ്ങളാണ്. നമ്മള്‍ പലപ്പോഴും ജീവിക്കുന്നിടത്തുമാത്രം ചവിട്ടി നില്‍ക്കുന്നു. ഭാവിയിലേക്ക് തുറന്നുവച്ച ജാലകം പോലെ ഈ കാല്‍ചുവടുകള്‍. ഈ കാല്‍പാദങ്ങള്‍ക്കുമീതെ പതിയാന്‍ പോകുന്ന ആണിപ്പാടിന്‍റെ മുദ്രയും അവള്‍ കണ്ടിട്ടുണ്ടാകും...

കൊടിയ ദുര്യോഗങ്ങളില്‍ ആ കാല്പാദങ്ങളായിരുന്നു അവളുടെ അഭയം. പൊന്നാങ്ങള മരിച്ചദിനങ്ങളില്‍ അവരെത്തേടിയെത്തിയ ആ നല്ല സ്നേഹിതന്‍റെ കാല്പാദങ്ങളില്‍ വീണ് നമസ്കരിച്ചുകൊണ്ടാണ് അവള്‍ തന്‍റെ സങ്കടങ്ങള്‍ ഏറ്റുപറഞ്ഞതെന്ന് സുവിശേഷം അടയാളപ്പെടുത്തുന്നുണ്ട്. മറിയം യേശു നിന്നിടത്ത് വന്ന് അവന്‍റെ കാല്‍ക്കല്‍ വീണ് പറഞ്ഞു: കര്‍ത്താവേ നീ ഇവിടുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു (യോഹ. 11.32). അപരന് അഭയം ആവേണ്ട കാല്പാദങ്ങള്‍. പഴയ നിയമത്തിലെ ബലിപീഠത്തിന്‍റെ അഭയം കണക്ക് ഒരു സങ്കല്പം. യുദ്ധത്തില്‍ തോറ്റുതുന്നംപാടിയ ഒരാള്‍ക്ക് പിന്നൊരു മാര്‍ഗ്ഗമേയുള്ളൂ. അടുത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിലെ ബലിശിലയിലേക്ക് ഓടിയെത്തി അതിനെ കെട്ടിപ്പിടിച്ചു കിടക്കുക. അപ്രകാരം ചെയ്തയൊരാളെ ഹനിക്കാനായി യുദ്ധത്തിന്‍റെ ധാര്‍മ്മികത ഒരാളെയും അനുവദിക്കില്ല. ജീവിതം വല്ലാതെ പരിക്കേല്പിച്ച മനുഷ്യര്‍ എവിടെയോ ചില കാല്പാദങ്ങളെ കണ്ടുവച്ചിട്ടുണ്ട്. പൊള്ളുന്ന വെയിലില്‍ ചില തണല്‍ മരങ്ങള്‍ കാത്തുനില്‍ക്കുന്നതുപോലെ ആരോ ചിലര്‍ അവര്‍ക്കുവേണ്ടി ഇപ്പോഴുമുണ്ട്.

അത്രയും വിലയതിനുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് മുന്നൂറ് ദെനാറ വിലയുള്ള പരിമളതൈലം കൊണ്ട് ആ ചരണങ്ങളെ അഭിഷേകം ചെയ്യുവാന്‍ അവള്‍ തീരുമാനിച്ചത്. മുന്നൂറ് ദെനാറ വലിയൊരു തുകയാണ്. പുരുഷാരങ്ങളെ ഊട്ടുന്നതിന്‍റെ മുന്നോടിയായി നടന്ന കൊച്ചുവര്‍ത്തമാനങ്ങളില്‍ ഇരുന്നൂറ് ദെനാറ ഉണ്ടായിരുന്നെങ്കില്‍ തികഞ്ഞേനെ എന്നാണ് പീലിപ്പോസ് പറഞ്ഞത്. വെറുതെയല്ല ജൂഡസ് അതിനെ ധൂര്‍ത്ത് എന്നു വിശേഷിപ്പിച്ചത്. അര്‍പ്പണത്തില്‍ ധൂര്‍ത്തെന്ന വാക്കില്ല. സാധാരണ കാല്പാദങ്ങള്‍ തുടയ്ക്കുന്നത് അടിമകളാണ്. അതായിരുന്നു ആ ദേശത്തിന്‍റെ രീതിയും. ദേവദൂതര്‍ ഭവനത്തില്‍ അതിഥികളായി വന്നപ്പോള്‍പ്പോലും അബ്രാഹം പറഞ്ഞതിങ്ങനെയാണ്: ഞാന്‍ വെള്ളം കൊണ്ടുവരാം. നിങ്ങള്‍ കാല്പാദങ്ങള്‍ കഴുകിയകത്ത് വരിക. കഴുകി കൊടുത്തതിന്‍റെ സൂചനകളില്ല. അങ്ങനെയെങ്കില്‍ ആ കാല്പാദങ്ങളില്‍ ഇരുന്ന് അവള്‍ കാംക്ഷിക്കുന്നത് അടിമയെപ്പോലുള്ള ജീവിതമാണ്. കൂടുതല്‍ സംസാരിച്ച് അവളുടെ സുകൃതങ്ങളെ ജൂഡസ് പരിക്കേല്‍പ്പിക്കുമെന്ന് ഭയന്ന് യേശു പറഞ്ഞു: അവളെ തടയണ്ട, അവളെന്‍റെ സംസ്കാരദിനങ്ങള്‍ക്കുവേണ്ടി അത് കരുതി വച്ചതാണെന്ന് വിചാരിച്ചാല്‍ മതി. എല്ലാ നല്ലതും നമ്മള്‍ മരിച്ചവര്‍ക്കുവേണ്ടി കരുതിവയ്ക്കുന്നു. ജീവിക്കുന്നവരുടെ പാദങ്ങളെ ധ്യാനിക്കാതെ, ഉറ്റുനോക്കാതെ, നമസ്കരിക്കാതെ ഇത്രവേഗത്തില്‍ നമ്മള്‍ എങ്ങോട്ടാണ്.

അതുകൊണ്ടാവണം തന്‍റെ പരിസരങ്ങളില്‍ തന്നോടൊപ്പം സദാ ആയിരുന്ന ആ പന്ത്രണ്ടുപേരുടെ കാല്പാദങ്ങള്‍ നമസ്കരിച്ച് അവിടുന്ന് കടന്നുപോയത്. സ്വര്‍ഗ്ഗം എന്തിനാണ് നമ്മുടെ ഇടറിയ, വിണ്ടുകീറിയ കാല്പാദങ്ങളെ തൊട്ടതും ചുംബിച്ചതും. കുറേക്കൂടി അഗാധമായ പാദമുദ്രകള്‍ നാം നമ്മുടെ ഉറ്റവരുടെ ചങ്കില്‍ അവശേഷിപ്പിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കാനുണ്ട്. പാറമേല്‍ പതിഞ്ഞ പരിവ്രാജകരുടെ മുദ്രപോലെ...നിങ്ങള്‍ക്കു പിന്നില്‍ നിങ്ങളെന്താണ് അവശേഷിപ്പിക്കുന്നത്?

ബഷീറിന്‍റെ 'അജ്ഞാതമായ ഭാവിയിലേക്ക് ' എന്ന കഥയില്‍ നിന്ന് ഇത്:

"ഞാനെന്‍റെ പിതാവിന്‍റെ ചൂണ്ടുവിരലില്‍ എത്തിപ്പിടിച്ച് വെണ്‍മണല്‍പുറത്തുകൂടി നദിയില്‍ കുളിക്കാന്‍ പോകുമായിരുന്നു പണ്ടൊരുകാലത്ത്. സമയം പ്രഭാതം. മണല്‍പ്പുറം ഇളംമഞ്ഞവെയിലില്‍ മുങ്ങിക്കിടന്നിരുന്നു. എന്‍റെ കാല്പാടുകള്‍ മണലില്‍ പതിയുന്നത് നോക്കിക്കൊണ്ടാണ് ഞാന്‍ പോയത്. കുളികഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അതൊക്കെയും മാഞ്ഞുപോയിരിക്കുമെന്ന് എനിക്കറിയാം. ഒട്ടനേകം പുതിയ കാല്പാടുകളില്‍ എന്‍റേതും മാഞ്ഞുപോയിരിക്കുന്നു.

എന്‍റെ കാല്പാടുകളെ ആരാണ് മായിച്ചുകളയുന്നത്.

പിതാവ് പറഞ്ഞു: ആരെങ്കിലുമാകട്ടെ നിന്‍റെ കാല്പാടുകള്‍ മാഞ്ഞുപോയതുകൊണ്ട് എന്താണ് ദോഷം?

ഞാന്‍ പറഞ്ഞു; എന്‍റെ കാല്പാടുകള്‍ മായ്ക്കാന്‍ പാടില്ല. ആരാണത് ദിവസവും മായ്ക്കുന്നത്?

ഒരുപക്ഷേ, നിന്‍റെ പിന്നാലെ വന്നവരായിരിക്കും."

You can share this post!

ടണല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts