പെണ്ണു പറയുന്നതു കേള്‍ക്കുന്നവന് 'പെണ്‍കോന്തന്‍' എന്നാണല്ലോ നമ്മുടെ നാട്ടുസമ്പ്രദായം പേരിട്ടിരിക്കുന്നത്. ആണിനെ അനുസരിക്കുന്നവളെ 'ആണ്‍കോന്തി' എന്നൊട്ടു നാം വിളിക്കാറുമില്ല. അതിനര്‍ത്ഥം ജന്മസിദ്ധമായിത്തന്നെ ആണ്‍ ആജ്ഞാപിക്കേണ്ടവനും പെണ്ണ് അനുസരിക്കേണ്ടവളുമാണെന്നാണ്. അതിനപവാദങ്ങളുണ്ടാകുമ്പോഴാണല്ലോ ചെല്ലപ്പേരുകള്‍ വീഴുന്നത്. ഇതുകൊണ്ടൊക്കെയാവണം ആണും പെണ്ണുമായി ആരും ജനിക്കുന്നില്ലെന്നും, അവരെ അങ്ങനെ പരുവപ്പെടുത്തിയെടുക്കുകയാണെന്നും ഇവിടെ പറഞ്ഞുവച്ചിട്ടുള്ളത്. ആജ്ഞാപിച്ചാജ്ഞാപിച്ച് ആണ്‍ ആണും അനുസരിച്ചനുസരിച്ച് പെണ്ണു പെണ്ണുമായിത്തീരുന്നു. ഇത് വീടുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. സമൂഹത്തെ സംബന്ധിച്ചും രാഷ്ട്രത്തെ സംബന്ധിച്ചും ഒക്കെ ഇതു ശരിയാണ്. ഒരു രാഷ്ട്രമെന്നത് അവിടുത്തെ പൗരന്മാരുടെ ഇടമാണല്ലോ. ഈ 'പൗരന്' ഒരു സ്ത്രീലിംഗപദം ഇല്ലെന്നതു ശ്രദ്ധിച്ചതുപോലും അടുത്തയിടെ ജെ. ദേവികയുടെ 'പൗരിയുടെ നോട്ടങ്ങള്‍' എന്ന പുസ്തകം കണ്ടപ്പോഴാണ്. ഭാഷാപരമായ ഈ പ്രശ്നം യാഥാര്‍ത്ഥ്യത്തിനു നേര്‍ക്കുള്ള ചൂണ്ടുപലകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പായി പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയിലെ നല്ലൊരു ശതമാനം സ്ത്രീകളും ഭര്‍ത്താക്കന്മാരുടെ ഇംഗിതപ്രകാരം വോട്ടു രേഖപ്പെടുത്തുന്നവരാണ്. വീടിന്‍റെയും നാടിന്‍റെയും കാര്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത് അവന്‍റെ സ്വരമാണ്. അവളാകട്ടെ അനുസരിച്ചുകൊണ്ടേയിരിക്കുന്നു. ഇതുകൊണ്ട് ആര്‍ക്ക് എന്തുമെച്ചം എന്നെങ്കിലും ഒന്നന്വേഷിക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ മാറ്റത്തിനുവേണ്ടിയുള്ള മുറവിളി ഒരുപാടു മുഴങ്ങിക്കേട്ടല്ലോ. ഒരു ഭരണകക്ഷിയെപോലും തുടര്‍ച്ചയായി രണ്ടുതവണ ഭരിക്കാന്‍ അനുവദിക്കാത്ത നാട് എന്ന് നമ്മുടെ കേരളത്തെക്കുറിച്ച് നാം അഭിമാനിക്കാറുമുണ്ട്. ഇതേ കാര്യം പക്ഷേ സ്ത്രീ-പുരുഷബന്ധത്തിന്‍റെ കാര്യത്തില്‍മാത്രം അനുവര്‍ത്തിക്കപ്പെടാതെ പോകുകയാണ്. മനുഷ്യസംസ്കാരത്തിന്‍റെ ആവിര്‍ഭാവംതൊട്ട് ഇവിടെ പൊതുവെ ഭരിച്ചുകൊണ്ടിരിക്കുന്നത് പുരുഷനാണ്, കേട്ടുകൊണ്ടിരിക്കുന്നത് അവന്‍റെ സ്വരമാണ്. പത്രങ്ങളും സിനിമകളും തത്വചിന്തകളും അള്‍ത്താരകളും ശ്രീകോവിലുകളും എല്ലാം അവന്‍റെ സ്വരത്തില്‍ സംസാരിക്കുന്നു. എന്നിട്ടെന്താണ് ഇവിടെ നടന്നത്? കഴിഞ്ഞ മൂവായിരം കൊല്ലത്തിനിടയില്‍ ചെറുതും വലുതുമായ അയ്യായിരം യുദ്ധങ്ങള്‍! ശരിയാണ്, അവന് ആറ്റത്തെ വിഭജിക്കാനും ചന്ദ്രനില്‍ കൊടിപാറിക്കാനും കടലിനടിയില്‍നിന്ന് എണ്ണയെത്തിക്കാനുമായി. പക്ഷേ യുദ്ധങ്ങള്‍ ? സ്വസ്ഥമായി നിലനില്ക്കാനും സന്തോഷിച്ചൊന്നു ജീവിക്കാനും അവന്‍ നിമിത്തം മനുഷ്യവംശത്തിന് ആകാതെ പോയി. ബാക്കിയെല്ലാ നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്ന ഈയൊരൊറ്റ കോട്ടത്തിന്‍റെ പേരില്‍മാത്രം പുരുഷവര്‍ഗം സ്വയം രാജിവച്ചൊഴിയേണ്ടതാണ്. അശാന്തിക്കും അസ്വസ്ഥതക്കും പരിഹാരം സമാധാന സന്ദേശങ്ങളും റാലികളുമല്ല. കാരണം അതിനു നേതൃത്വം വഹിക്കുന്നതും പുരുഷനാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണകൂടം അഴിമതിക്കെതിരായി പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടു കാര്യമില്ലല്ലോ; വേണ്ടതു ഭരണമാറ്റമാണ്. ഇതേ കാര്യം പുരുഷവര്‍ഗ്ഗത്തിന്‍റെ കാര്യത്തിലും ബാധകമാകേണ്ടതല്ലേ?
പുരുഷന്‍ സ്ത്രീക്കു വഴിമാറികൊടുക്കണമെന്നു പറയുന്നത് സ്ത്രീപക്ഷവാദമല്ല, മനുഷ്യപക്ഷവാദമാണ്. പുരുഷോര്‍ജ്ജത്തിനു ചരിത്രത്തെ നേരായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ല എന്ന തിരിച്ചറിവില്‍നിന്നാണ് സ്ത്രൈണോര്‍ജ്ജമാണ് ഇനിയതിനെ നയിക്കേണ്ടതെന്ന നിലപാടില്‍ നാമെത്തുന്നത്. ഈ നിലപാട് സ്ത്രീക്കുവേണ്ടിയുള്ളതല്ല, അവളും അവനുമടങ്ങുന്ന മനുഷ്യവംശത്തിനുവേണ്ടിയുള്ളതാണ് - കൂടുതല്‍ മാനുഷികമായ നിലനില്പ് ഇരുവര്‍ക്കും സാധ്യമാകുന്നതിനുവേണ്ടിയാണത്.
ചില ലളിതമായ കാര്യങ്ങള്‍കൊണ്ട് പ്രകൃത്യാ സ്ത്രീ പുരുഷനെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് തെളിയിക്കാവുന്നതേയുള്ളൂ. മനോബലത്തിന്‍റെ കാര്യത്തില്‍ അവളാണു മുന്‍പന്തിയില്‍. ദേശീയതലത്തിലെ ആത്മഹത്യാനിരക്കുകള്‍ നോക്കൂ. സ്വയം തോറ്റുമടങ്ങുന്ന സ്ത്രീകള്‍ പുരുഷന്മാരുടേതിനേക്കാള്‍ എല്ലാ കാലത്തും കുറവാണ്. എന്നിട്ടും "ബലഹീനതയേ നിന്‍റെ പേരാണു സ്ത്രീ"യെന്നു ഷേക്സ്പിയര്‍! സാഹസികതയുടെ കാര്യത്തിലും അവള്‍ ഒരുപടി മുന്‍പില്‍തന്നെ. അവനു കൊടുമുടി കയറാനും ആഴിയില്‍ മുങ്ങാനും അവളേക്കാള്‍ പറ്റുന്നുണ്ട്. പക്ഷേ ഉദരത്തില്‍ കുഞ്ഞുരുവാകുന്നതു മുതല്ക്കുള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കൊപ്പം നില്ക്കാനും എല്ലാ ഭയത്തെയും അനിശ്ചിതത്വത്തെയും കീഴ്പ്പെടുത്തി അതിനു ജന്മം കൊടുക്കാനും അവള്‍ക്കേ കഴിയൂ. വൈദികരെയും കന്യാസ്ത്രീകളെയും ഒന്നു താരതമ്യം ചെയ്തുനോക്കൂ. മുറിവുകളില്‍ തൈലവും ഏകാന്തതതയില്‍ സൗഹൃദവും കഴിവുകേടുകളില്‍ കരുത്തും നല്കുന്ന കന്യാസ്ത്രീകള്‍ വൈദികരേക്കാള്‍ എത്ര മടങ്ങാണ്. ഓഷോയുടെ ഒരു നിരീക്ഷണമുണ്ട്: നാളിതുവരെ ഭര്‍ത്താവിന്‍റെ ചിതയില്‍ സ്വയം എരിഞ്ഞത് സ്ത്രീകള്‍ മാത്രമാണ്. ഒരു ഭര്‍ത്താവും ഭാര്യയുടെ ചിതയില്‍ ചാടി മരിച്ചിട്ടില്ലല്ലോ. സ്നേഹിക്കാനും ത്യജിക്കാനും സഹിക്കാനും അവള്‍ക്കേ പറ്റൂ.
എന്നും കാണുന്ന ചില കാര്യങ്ങള്‍ പരിഗണിച്ചാലും സ്ത്രീയുടെ ഔന്നത്യം വ്യക്തമാകും. പുരുഷനായ നിങ്ങളുടെ കൂടെ ഒരു കുഞ്ഞ് കിടക്കുകയാണെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് എപ്പോള്‍ വട്ടുപിടിച്ചുവെന്നു ചോദിച്ചാല്‍ മതി. ക്ഷീണിച്ചവശനായി കിടക്കുമ്പോഴാണ് "മിന്നാമിനുങ്ങ് എങ്ങനെ പ്രകാശിക്കുന്നു"വെന്ന അവന്‍റെ ചോദ്യം. ഏതു വിധേനയും ഒരുത്തരം കൊടുത്തു തിരിഞ്ഞുകിടക്കുമ്പോഴതാ അവന്‍ നിങ്ങളുടെ മുകളില്‍ കയറുന്നു. പകലുറങ്ങിയ അവനു രാത്രിയില്‍ ഇഷ്ടം പോലെ സമയമുണ്ടല്ലോ. അങ്ങനെയൊടുക്കം നിങ്ങളുടെ നിയന്ത്രണത്തിന്‍റെ ചരടു പൊട്ടിപ്പോകുന്നു. അതേസമയം ഒരു സ്ത്രീയെ എടുക്കുക. എത്രചാരുതയോടെയാണ് അവള്‍ കുഞ്ഞിന്‍റെ ഓരോരോ ചോദ്യത്തിനും ഉത്തരം കൊടുക്കുന്നത്. പുരുഷനെ പക്ഷേ ഇതു വല്ലാതെ ബോറടിപ്പിക്കുന്നു. ഒരിക്കലൊരു വീട്ടില്‍ ചെന്നതാണ്. അപ്പന്‍ സാധാരണരീതിയില്‍ സംസാരിക്കുന്നു. അമ്മയാകട്ടെ ആംഗ്യഭാഷ ഒരുപാടുപയോഗിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോഴാണു അവരുടെ ബധിരയായ മകള്‍ സ്കൂള്‍വിട്ടു വന്നത്. പിന്നെ അവളുടെയും അമ്മയുടെയും ആംഗ്യഭാഷയിലുള്ള വര്‍ത്തമാനം. മകളോടു സംസാരിച്ചു സംസാരിച്ച് അമ്മയും ബധിര കണക്കെ... സ്ത്രീയിങ്ങനെയൊക്കെ ആയതില്‍ അതിശയമില്ല. കുഞ്ഞുന്നാളില്‍ അവളേര്‍പ്പെട്ട കളികള്‍പോലും സംരക്ഷണമേകുന്നതായിരുന്നല്ലോ. പാവയുടെ മുടിയൊക്കെ ചീകിയൊതുക്കി, പൗഡറിടുവിച്ച്, താരാട്ടു പാടിയുറക്കിയിരുന്നു അവള്‍. അവളുടെ സഹോദരനാകട്ടെ അപ്പോള്‍ തോക്കും തീവണ്ടിയുമൊക്കെയായി 'വലിയ'കാര്യങ്ങള്‍ ചെയ്യുകയായിരുന്നല്ലോ. അവളും അവനും വളരുമ്പോഴും ഇതില്‍നിന്നു കാര്യമായ വ്യത്യാസമൊന്നുമുണ്ടാകുന്നില്ല. 'ദ ഹര്‍ട്ട് ലോക്കര്‍' എന്ന സിനിമ കണ്ടുനോക്കൂ, കാര്യം വ്യക്തമാകും. ഇറാഖിയുദ്ധമേഖലയില്‍ ത്രസിപ്പിക്കുന്ന, അതിസാഹസികമായ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട് അതിലെ പട്ടാളക്കാരനായ നായകന്‍. ഒടുക്കം മനം മടുത്ത് അയാള്‍ തിരികെ നാട്ടില്‍ വന്ന് ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ജീവിക്കാന്‍ തുടങ്ങുന്നു. പക്ഷേ അവിടെ ആകെ ചെയ്യാനുള്ളത് കടയില്‍ പോകുക, സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ ബോറന്‍ കാര്യങ്ങളാണ്. അങ്ങനെ അയാള്‍ വീണ്ടും യുദ്ധത്തിലേയ്ക്ക് മടങ്ങിപ്പോകുന്നു... ഒരു വീടിന്‍റെ ഇത്തിരിവട്ടങ്ങള്‍പോലും സ്ത്രീയുടെ മനസ്സുനിറയ്ക്കുമ്പോള്‍, പുരുഷന് അതൊന്നും മതിയാകുന്നില്ല.
പുരുഷനെക്കുറിച്ച് എഴുതാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഈ കുറിപ്പ് സ്ത്രീയുടെ വാഴ്ത്തായിത്തീര്‍ന്നിരിക്കുന്നു. 'പൗരുഷം' എന്നു കേള്‍ക്കുമ്പോള്‍തന്നെ ഉള്ളിലെന്തോ കനം തോന്നുന്നു. 'സ്ത്രൈണം' എന്ന പദം പക്ഷേ അങ്ങനെയല്ല. പുരുഷന്‍റെ കായബലവും സാഹസികതയും പോരാട്ടങ്ങളും ഇല്ലെങ്കിലും ഈ മണ്ണില്‍ നമുക്കു തുടരാനാകും. പക്ഷേ സ്ത്രീയുടെ കാരുണ്യവും സഹനശീലവും സൗമ്യതയും ഇവിടെയില്ലെങ്കിലോ? നമ്മുടെ വംശത്തെ മാനുഷികമാക്കുന്ന ഈ ഗുണവിശേഷങ്ങള്‍ സ്ത്രീക്കു സ്വതസ്സിദ്ധമാണ്. പുരുഷനാകട്ടെ അവ ആര്‍ജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് അവള്‍ പറയുന്നതിന് ശ്രദ്ധയോടെയൊന്ന് ചെവികൊടുക്കുക. അവളുടെ അധരങ്ങളില്‍ ആദരവോടെ ചുംബിക്കുക. അവളുടെ കൈകളെടുത്ത് നിങ്ങളുടെ ശിരസില്‍ വയ്ക്കുക. നിങ്ങളിലെ പൗരുഷം മാനുഷികതക്കു വഴിമാറുന്നത് അപ്പോള്‍ നിങ്ങള്‍ അനുഭവിച്ചറിയും.