news-details
സഞ്ചാരിയുടെ നാൾ വഴി

ദലൈലാമയുടെ ആത്മകഥ വായിക്കുകയായിരുന്നു.  ടിബറ്റാണ് ദേശം. മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നിടം. പുലരിയില്‍ ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട് അമ്മ ആ ചെറിയ ബാലനെയും പിടിച്ച് ഉമ്മറത്തെത്തി. പുറത്ത് ഒരു സ്ത്രീയും പുരുഷനുമുണ്ട്. കൈത്തണ്ടയില്‍ ജീവനറ്റ ഒരു കുഞ്ഞും. കുഞ്ഞിനെ സംസ്കരിക്കാന്‍ ഒരിടം തപ്പി ആ അച്ഛനും അമ്മയും നടക്കുകയാണെന്ന് അമ്മ കരുതി: വെയിലൊന്ന് കടുത്തോട്ടെ, നമുക്കീ മഞ്ഞുപാളി വെട്ടിമാറ്റി കുഞ്ഞിനെ അടക്കാന്‍ ഒരിടം കണ്ടുപിടിക്കാം. പെട്ടെന്ന് ആ സ്ത്രീ വല്യവായില്‍ നിലവിളിച്ചുതുടങ്ങി. അവള്‍ പറഞ്ഞു: അടക്കാനല്ല, മറിച്ച് വിശപ്പും തണുപ്പും ഇനിയും കഠിനമാവുകയാണ്. എവിടെയെങ്കിലും മറഞ്ഞിരുന്ന് ഈ കുഞ്ഞിനെ ഭക്ഷിക്കാമെന്നാണ് കരുതിയത്. നമ്മുടെ ചങ്കിലേക്ക് വല്ലാത്തൊരു കല്ലുവെച്ച് ലാമ ഇങ്ങനെ സംഗ്രഹിക്കും: നിങ്ങളുടെ ഏതൊരു ധാര്‍മ്മിക വൃക്ഷത്തിന്‍റെയും വേരുകളെ കടപുഴക്കി വീഴ്ത്തുന്ന കൊടിയ കാറ്റാണ് ദാരിദ്ര്യം. ദരിദ്രന്‍റെ ഉള്ളിലൂടെ കടന്നുപോകുന്ന ആ പ്രലോഭനക്കാറ്റിന്‍റെ ആവേഗം ആര്‍ക്ക് പിടിത്തം കിട്ടും? ദാരിദ്ര്യത്തെക്കാള്‍ കഠിനമായ പരീക്ഷണമില്ല. പ്രലോഭനമില്ല, രോഗാതുരതയില്ല, ദുഃഖമില്ല. അതുകൊണ്ടായിരിക്കണം വിശന്നപ്പോള്‍ കാഴ്ചയപ്പമെടുത്ത് ഭക്ഷിച്ച ദാവീദെന്നൊരു വല്യപ്പൂപ്പനെ ആ നസ്രത്തുകാരന്‍ ഇടയ്ക്കിടെ തന്‍റെ കാലത്ത് ഓര്‍മ്മിപ്പിച്ചത്.

ജനനനേരത്ത് ചുണ്ടില്‍ തിരുകിയ വെള്ളിക്കരണ്ടിയോര്‍ത്ത് ഹുങ്ക് പറയുകയും ഒടുവില്‍ അത് തൊണ്ടയില്‍ കുരുങ്ങി സമാധിയാകുകയും ചെയ്ത എല്ലാ ധനികരോടും സഹതാപം തോന്നുന്നു. ജീവിതത്തിന്‍റെ ഏറ്റവും അഗാധമായ ചില പാഠങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ള ദാരിദ്ര്യമെന്ന പുസ്തകത്തെ വായിക്കാന്‍ അവസരം കിട്ടാതെ പോയവര്‍ സത്യത്തില്‍ എന്തൊരു നിരക്ഷരരായിട്ടായിരിക്കും  കടന്നുപോയിട്ടുണ്ടാവുക. ദാരിദ്ര്യത്തെ കാണാതെയും ദരിദ്രനെ നമസ്കരിക്കാതെയും ഇത്രയും തിരക്കിട്ട് സഞ്ചരിക്കുന്നവര്‍ക്ക് ഒടുവില്‍ എന്താണ് സംഭവിക്കുക?

ദരിദ്രനെ കാണാതെപോവരുത്, എന്നായിരുന്നു ജറുസലേം കൗണ്‍സിലില്‍ വച്ച് പൗലോസിന് ലഭിച്ച ഏക തിരുത്ത്. സഭയുടെ ശൈശവദശകങ്ങളില്‍ത്തന്നെയായിരുന്നു അത്. ഭൂമിയുടെ പലയിടങ്ങളിലേക്കും സഞ്ചാരമാരംഭിച്ച വചനത്തിന്‍റെ വിതക്കാരെ ആ കൗണ്‍സില്‍ തിരികെ വിളിച്ചു. ഓരോരുത്തരുടെയും കാതലും രീതിയും ശൈലികളുമൊക്കെ അപഗ്രഥിക്കപ്പെട്ടു. പൗലോസിനെ ശ്രദ്ധാപൂര്‍വ്വം കേട്ട് ദരിദ്രരോടുള്ള അനുഭാവം ഗൗരവമായി പരാമര്‍ശിക്കണമെന്ന് മാത്രം പറഞ്ഞു. തനിക്കു ലഭിച്ച വളരെ വിലപിടിപ്പുള്ള ആ സൂചനയെക്കുറിച്ച് ഗലാത്തിയാക്കാര്‍ക്ക് പൗലോസ് ഇങ്ങനെ എഴുതി അതിനെ അക്ഷരമാക്കി: പാവങ്ങളെക്കുറിച്ച് ചിന്തവേണം എന്ന് മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. അത് തന്നെയാണ് എന്‍റെ തീവ്രമായ താത്പര്യം (ഗലാ. 2-10)

എല്ലായിടത്തും ആ തിരുത്തിനെ ഗൗരവമായി എടുക്കേണ്ടതുണ്ട്. ദരിദ്രന് നല്‍കേണ്ട പ്രത്യേക പരിഗണന. വികസനത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും കലയിലും കൃഷിയിലും ഒക്കെ ദരിദ്രന്‍റെ ഇടങ്ങള്‍ അടഞ്ഞുപോകുന്നു. ആ പദം പോലും നമുക്ക് ചെടിച്ചുതുടങ്ങി. കൊച്ചിയെക്കണക്ക് ഒരു ചെറിയപട്ടണത്തില്‍ സംഭവിക്കുന്ന വികാസം കണ്ട് പെട്രോമാക്സിനുമുമ്പില്‍ പകച്ചുപോകുന്ന വയല്‍വരമ്പിലെ തവളയെപ്പോലെ നില്‍ക്കുന്ന പരസഹസ്രം മനുഷ്യരില്‍ ഒരാളാണ് ഞാനും. എന്താണ് പറയേണ്ടത്, ആരോടാണ് പറയേണ്ടത്, എന്നുപോലും ധാരണയില്ലാതിങ്ങനെ... വികസനമെന്നാല്‍ ദരിദ്രനെ നിരസിക്കുക എന്ന ലളിതമായ സമവാക്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ആഡംബരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതല്ല, അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ് വികസനത്തിന്‍റെ പൊരുളെന്ന ഓര്‍മ്മിപ്പിക്കലിന് ആ ജ്ഞാനവൃദ്ധന്‍റെ പ്രതിമ ഈ നഗരത്തിലെ കവലകളിലുണ്ട്. ഓര്‍ക്കുന്നു, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ ആദ്യദിനങ്ങളില്‍ത്തന്നെ കാര്‍ഫാക്ടറിക്കുവേണ്ടി തിടുക്കം കൂട്ടിയ നെഹ്റുവിനെ അയാള്‍ തിരുത്തിയ രീതി: ഏതൊരു തീരുമാനം എടുക്കുന്നതിനുമുമ്പും ഒരു ദിവസം ഉപവസിക്കണം. എന്നിട്ട് ആ പ്രത്യേക തീരുമാനം എന്‍റെ പരിസരത്തിലുള്ള ദരിദ്രര്‍ക്ക് എത്ര ഉതകുമെന്ന് ആത്മശോധന ചെയ്യണം. അങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നില്ലെങ്കില്‍ ആ തീരുമാനത്തെ ഗാര്‍ബേജില്‍ എറിയണം! നെഹ്രു കാര്‍ ഫാക്ടറി തുടങ്ങിയില്ല. തുടങ്ങിയത് അദ്ദേഹത്തിന്‍റെ കുപ്രസിദ്ധനായ പേരക്കുട്ടിയായിരുന്നു!

ഒരു കാലത്തിന്‍റെ കണ്ണാടിപ്പൊട്ടാണ് ആ ദേശത്തിന്‍റെ  കലയും സാഹിത്യവുമെന്ന് പൊതുവേ പറയാറുണ്ട്. അങ്ങനെയെങ്കില്‍ വര്‍ത്തമാന സാഹിത്യത്തെയും സിനിമയെയുമൊക്കെ ഒന്നു നിരീക്ഷിക്കുക. ദാരിദ്ര്യമായിരുന്നു ഒരു കാലത്ത് തെളിഞ്ഞും മറഞ്ഞുമൊക്കെ അതിന്‍റെ അടിസ്ഥാനധാര. മരിച്ചവന്‍റെ ചുണ്ടില്‍ അരിവയ്ക്കുന്ന രീതിയുണ്ട് ചില ഹൈന്ദവസാഹചര്യങ്ങളില്‍. അങ്ങനെ വായക്ക് അരിവയ്ക്കാന്‍ നോക്കുന്ന അയല്‍ക്കാരോട് കരച്ചിലിനിടയില്‍ വീട്ടമ്മ പറഞ്ഞത്: "അരിയുണ്ടായാലങ്ങേരന്തരിക്കുകില്ലല്ലോ" (അരിയില്ലാഞ്ഞിട്ട്: വൈലോപ്പിള്ളി). 'കണക്കായെല്ലാം, ഞങ്ങളിറക്കീ നിലത്തെ,ന്നാലുണക്കലരി വേണമിത്തിരി ചുറ്റും തൂവാന്‍' എന്ന വരികള്‍ ആ കവിതയില്‍ത്തന്നെയാണ്. തൊട്ടുകാലം മുന്‍പ് അയ്യപ്പന്‍റെ കവിതകളില്‍ ദാരിദ്ര്യം തീക്ഷ്ണമായ പ്രമേയമായിരുന്നു. അപകടത്തില്‍ മരിച്ച ആ മനുഷ്യന്‍റെ പോക്കറ്റിലെ അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ് എന്നൊക്കെ കവി എഴുതുമ്പോള്‍ ആസുരഗീതം പോലെ അനുഭവപ്പെട്ടേക്കാം. എന്നാല്‍, ആ പണം കൊണ്ട് കുറേ നാളുകള്‍ക്ക് ശേഷം അരിവാങ്ങി ഞാനും ഭാര്യയും കുഞ്ഞും അത്താഴമുണ്ടു എന്ന് കൂട്ടിവായിക്കുമ്പോള്‍ കണ്ണ് നിറയുന്നത് തടയാനുമാകുന്നില്ല. കാരൂരിന്‍റെ വാദ്ധ്യാര്‍ക്കഥകളോര്‍ക്കൂ, ദാരിദ്ര്യം കൊണ്ട് കുട്ടികളുടെ പൊതിച്ചോറ് അപഹരിച്ചു ഭക്ഷിക്കുന്ന അദ്ധ്യാപകന്‍പോലും അതിലുണ്ട്.

ഒരു കുട്ടിക്കിണങ്ങിയ മട്ടില്‍ ഭേദപ്പെട്ട വായന ഉണ്ടായിരുന്ന കാലത്ത് 'പാവങ്ങള്‍' എത്ര ഉലച്ചുവെന്ന് പറഞ്ഞാല്‍ തീരില്ല. എത്ര തവണ അത് വായിച്ചെന്ന് ഓര്‍മ്മിക്കാനാവുന്നില്ല. ദരിദ്രന്‍റെ നരകം കൊണ്ടാണ് ധനികന്‍റെ പറുദീസ സൃഷ്ടിക്കപ്പെട്ടതെന്ന് ഹ്യൂഗോ എന്നും കരുതി. 1862-ലാണ് 'ലെസ് മിസറബിള്‍സ്' അച്ചടി പുരണ്ടത്. ഇരുപതാം നൂറ്റാണ്ടിന്‍റെ അര്‍ദ്ധത്തിലാണ് ഒരു മലയാളിയുടെ വായനാലോകത്തിലേക്ക് വിവര്‍ത്തനമായി എത്തിയത്. കൊടിയ ദാരിദ്ര്യത്തിന്‍റെ കാലമായിരുന്നു പൊതുവേ നമുക്കന്ന്. അതുകൊണ്ട്, അപരിചിതമായ ദേശത്തെ ദരിദ്രര്‍ നമ്മളോടൊപ്പം ഓല മെടഞ്ഞു, കയറുപിരിച്ചു, കശുവണ്ടി തല്ലി, ആസ്സാമിലേക്ക് വണ്ടി കയറി പാതവെട്ടി.... ദരിദ്രര്‍ക്ക് ലോകമെമ്പാടും ഒരേ ഭാഷയാണെന്ന് ആ പുസ്തകം നമ്മുടെ ബോധമണ്ഡലത്തിലിരുന്ന് കുറുകി. ഭംഗിയുള്ള പുറംചട്ടയുമായി ആ പുസ്തകം വീണ്ടും നമ്മുടെ പുസ്തകക്കടകളിലുണ്ട്. ആ പുസ്തകം നിങ്ങളുടെ കുഞ്ഞിന് സമ്മാനമായി വാങ്ങിച്ചുകൊടുത്താല്‍ ഒരിക്കല്‍ നമ്മള്‍ ഉലഞ്ഞതുപോലെ എന്തെങ്കിലും അവനില്‍ സംഭവിക്കുമോ? തീരെ സാധ്യതയില്ല. എല്ലാവര്‍ക്കും വേണ്ടിയുള്ള പുസ്തകം എന്നാണ് അതിന്‍റെ എഴുത്തുകാരന്‍ അതിനെ ഒരിക്കല്‍ സങ്കല്പിച്ചത്. ഇങ്ങനെയാണ് തന്‍റെ ഇറ്റലിയിലെ പ്രസാധകനോട് ഹ്യൂഗോ പറഞ്ഞത്: എവിടൊക്കെ അജ്ഞതയിലും നിരാശയിലും മനുഷ്യര്‍ പതിക്കുന്നുവോ, എവിടൊക്കെ അപ്പത്തിനുവേണ്ടി സ്ത്രീകള്‍ തങ്ങളെ വില്‍ക്കുന്നുവോ, എവിടൊക്കെ ഒരു പുസ്തകം കിട്ടാതെ ഒരു കുഞ്ഞ് പരുങ്ങുന്നുവോ അവിടൊക്കെ വാതിലില്‍ മുട്ടി 'ലെസ് മിസറബിള്‍' ഇങ്ങനെ പറയും, തുറക്കൂ, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എത്തിയതാണ്! 1880 -നും 1940-നുമിടയില്‍ ലോകസാഹിത്യത്തില്‍ ദരിദ്രനോട് അനുഭാവമുള്ള ഒരു ചിന്താധാര ശക്തമായി ഉണ്ടായി. ദരിദ്രന്‍ അപമാനിക്കപ്പെട്ടതിന്‍റെ ദയനീയ ചിത്രങ്ങളും അവന്‍റെ മീതേ കഠിനനുകങ്ങള്‍ ചുമത്തുന്ന എല്ലാത്തിനോടുമുള്ള കലാപങ്ങളുംകൊണ്ട് എഴുത്ത് സജീവമായിരുന്നു. ഡിക്കന്‍സ് അടയാളപ്പെടുത്തുന്നതുപോലെ: “Oliver was afraid to look either her or the man-they seemed so like the rats he had seen outside”.

വെള്ളിത്തിരയിലും ഇനി ദാരിദ്ര്യമില്ല. 'ബൈസിക്കിള്‍ തീവ്സ്' എന്ന ശീര്‍ഷകം ഒരിക്കല്‍ നിങ്ങളെ പൊള്ളിച്ചത് കൊടിയ ദാരിദ്ര്യത്തിന്‍റെ കനല്‍ കൊണ്ടായിരുന്നു. കുറേ വര്‍ഷങ്ങളായി ജോലി തേടിക്കൊണ്ടിരുന്ന അന്‍റോണിയയ്ക്ക് ഒടുവില്‍ ഒരു പണിയുടെ സാധ്യതയുണ്ടാകുന്നു. എന്നാല്‍, ആ ജോലിക്ക് സൈക്കിള്‍ അത്യാവശ്യമാണ്. ഭാര്യ വീട്ടിലുള്ളതെല്ലാം പെറുക്കി വിറ്റ് ഒരു സൈക്കിള്‍ വാങ്ങിക്കുന്നു. അത് വൈകാതെ കവര്‍ച്ച ചെയ്യപ്പെട്ടു. ജീവിതം അടഞ്ഞുപോകുന്ന അന്‍റോണിയ ഒരു സൈക്കിള്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചു. അതിലയാള്‍ പിടിക്കപ്പെടുകയും ചെയ്തു. ഒടുവിലത്തെ രംഗം എത്ര കുടഞ്ഞിട്ടും മനസ്സില്‍ നിന്ന് പോകുന്നില്ല. കണ്ണീരൊഴുക്കിക്കൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ പോലീസിനൊപ്പം പോകുന്ന അപ്പന്‍. അയാളെ ഉറ്റുനോക്കുന്ന മകന്‍. എല്ലാ നിഷ്കളങ്കതകളും ഇനി കവര്‍ച്ച ചെയ്യപ്പെടും. ലാമ്പെര്‍ട്ടോ മജീയോറാനിയില്‍ നിന്ന് നമ്മുടെ മലയാളത്തിലേക്ക് ആ ശീര്‍ഷകം കവര്‍ന്നെടുത്ത് ഒരു ചിത്രമുണ്ടാക്കിയത് നോക്കൂ.... പരസ്യങ്ങളിലൊക്കെ പറയുന്നതുപോലെ, വ്യത്യാസം നേരിട്ടു മനസ്സിലാക്കൂ.

വേദപുസ്തകത്തിലേക്ക് വരൂ; കുപ്പയില്‍ നിന്ന് വിരുന്നുമേശയിലേക്ക് ദരിദ്രനെയുയര്‍ത്തുന്ന യഹോവായുടെ സങ്കീര്‍ത്തനങ്ങളിലേക്ക്. താന്‍ ആഗ്രഹിക്കുന്ന ഭക്തിയും ഉപവാസവും എന്തെന്ന് അവ്യക്തതകള്‍ ഇല്ലാതെ അവിടുന്ന് അരുള്‍ ചെയ്യുന്നുണ്ട്. ഉപവസിക്കുമ്പോള്‍ പോലും നിങ്ങള്‍ സ്വന്തം സുഖമാണ് തേടുന്നത്. വേലക്കാരെ പീഡിപ്പിക്കുന്നു, കലഹിക്കുന്നു. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാനാഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും വീടില്ലാത്തവനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും ഉറ്റവരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്. അപ്പോള്‍ നിന്‍റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും. (ഏശ. 58) ഉറ്റവരെന്ന പദം പ്രത്യേകം ശ്രദ്ധിക്കണം. ദരിദ്രനാണ് നിങ്ങളുടെ ശരിയായ ഉടപ്പിറന്നോര്‍. പല കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ ഗൃഹത്തില്‍ നിന്ന് അവര്‍ പലയിടങ്ങളിലായി ചിതറിപ്പോയെന്നേയുള്ളൂ.

ശരാശരി ഭക്തനെ പ്രതിക്കൂട്ടിലാക്കുന്ന വചനമാണിത്. നിങ്ങള്‍ക്ക് പരിചയമുള്ള ഏതൊരു വിശ്വാസിയെയും ഉദാഹരണമായി എടുക്കൂ. കൃത്യമായി പള്ളിയില്‍ പോകുന്നുണ്ട്, പ്രാര്‍ത്ഥിക്കുന്നുണ്ട്, ഉപവിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്, ദൈവത്തെ വാഴ്ത്തുന്നുണ്ട്, സ്നേഹമാണ് തങ്ങളുടെ തിരിച്ചറിയല്‍ അടയാളം എന്ന് ഹുങ്ക് പറയുന്നുണ്ട്. ഇനി അടുത്ത് നിന്ന് നോക്കൂ- ഒരു ഞായറാഴ്ചയുടെ വിശ്രമം പോലും തങ്ങളുടെ ജോലിക്കാര്‍ക്ക് അവര്‍ ഉറപ്പുവരുത്തുന്നില്ല. വേതനം വൈകി മാത്രം കൊടുക്കുക എന്നതാണ് അവരുടെ രീതി. വാഴ്ത്തിയ അന്നത്തില്‍ ഒരു വറ്റുപോലും വിശക്കുന്നവനോടൊപ്പം പങ്കുവച്ചിട്ടില്ല. സ്നേഹത്തെ ഘോരഘോരം വാഴ്ത്തിപ്പാടുമ്പോഴും എളിയവനോട് ഒരു ഹൃദയജാലകം പോലും തുറന്നിട്ടില്ല. നിശ്ചയമായും അവരെ കാത്തിരിക്കുന്ന അന്ത്യമൊഴികള്‍ ഇങ്ങനെയായിരിക്കും: ഞാന്‍ നിങ്ങളെ ഒരുകാലത്തും അറിഞ്ഞിട്ടില്ല.

ദരിദ്രന്‍റെ സുവിശേഷം ആയിരുന്നു യേശു. സ്വയം ദരിദ്രനായി നിലകൊണ്ടു എന്നുള്ളതാണ് അവന്‍റെ അത്തരം മൊഴികളെ നേരുള്ളതായും നനവുള്ളതായും മാറ്റിയത്. കാര്യം, ഇന്നു ഭൂമിയിലേക്ക് വച്ച് ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് വെല്‍ത്ത് അവന്‍റെ നാമത്തിലാണ് സമാഹരിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവനെങ്ങനെയാണ് കുരുത്തതെന്നും വാണതെന്നും ഒടുങ്ങിയതെന്നും ഓര്‍ക്കണം. ഒരംഗുലം മണ്ണില്ലാതെ കടന്നുപോയി. അഷ്ടമൊഴികളില്‍ ആദ്യത്തേത് ദരിദ്രര്‍ക്കുള്ള വാഴ്ത്താണ്. അതുപോലും നമ്മളെങ്ങനെ മാനിപ്പുലേറ്റ് ചെയ്തെന്ന് കാണണം. ആത്മാവില്‍ ദരിദ്രര്‍ എന്നതിലെ ആത്മാവില്‍ പിടിച്ചാണ് കളി. കൊടിയ ദാരിദ്ര്യമെന്നേ അതിനര്‍ത്ഥമുള്ളൂ. ധനികരുടെ അനുഭാവം കൊണ്ട് നിലനില്‍ക്കേണ്ട ഒരിടമായതുകൊണ്ട് കുറച്ചധികം നേര്‍മ്മയാക്കേണ്ട ബാധ്യതയുണ്ട്.

ദരിദ്രനെ കേന്ദ്രബിന്ദുവാക്കിയാണ് സുവിശേഷത്തിന്‍റെ ഭ്രമണപഥങ്ങള്‍ വികാസം പ്രാപിക്കുന്നത്. എന്താണ് ആരാധന? ദരിദ്രന്‍റെ ആവശ്യങ്ങളെ തിരിച്ചറിയുക എന്നല്ലാതെ? എനിക്ക് വിശന്നു, എനിക്ക് ദാഹിച്ചു, ഞാന്‍ പരദേശിയായിരുന്നു, നഗ്നനായിരുന്നു, രോഗിയായിരുന്നു, തടവറയിലായിരുന്നു. ആ പരമചൈതന്യം പലരൂപത്തില്‍ നമ്മളെ തേടിവരുന്നതാണ്. മാനവസേവയാണ് മാധവസേവയെന്ന് ഭാരതം പറയും. ഇനി, എന്താണ് മാനസാന്തരം. ദരിദ്രനോടുള്ള കടപ്പാട് തിരിച്ചറിയുകയും അതിനുകാരണമാകുന്ന ചൂഷണംകണക്കുള്ള ഘടകങ്ങളെ നിരാകരിക്കുകയും ചെയ്യുകയെന്നല്ലാതെ? സക്കേവൂസിന്‍റെ കഥയൊക്കെ അതിന്‍റെ സംഗ്രഹമാണ്. അതിഥിയായി വന്ന് ആതിഥേയന്‍റെ വിരുന്നുമേശയെ കീഴ്മേല്‍ മറിച്ചിട്ട് അവിടന്ന് പുറത്തേക്കിറങ്ങിപ്പോകുമ്പോള്‍ ചില കാര്യങ്ങളൊക്കെ സംഭവിച്ചിരുന്നു. അധര്‍മ്മം കൊണ്ടുണ്ടാക്കിയതെല്ലാം നാല് മടങ്ങായി തിരികെ കൊടുക്കാം. സ്വത്തില്‍ പാതി ദരിദ്രനുമായി പങ്കുവയ്ക്കാം. അതിനുശേഷമാണ് അയാള്‍ക്കും അയാളുടെ ഭവനത്തിനുംമീതേ ആശീര്‍വാദത്തിന്‍റെ പൊന്‍കവചങ്ങളുണ്ടായത്. ഇനി, എന്താണ് പൂര്‍ണ്ണത? വളരെ ഋജുവായി ധനികനായ ആ ചെറുപ്പക്കാരനോട് യേശു അത് പറഞ്ഞുകൊടുത്തു:  നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും (മത്താ. 19-21). പാപമെന്താണ് ദരിദ്രനോട് പുലര്‍ത്തുന്ന നിസ്സംഗതയല്ലാതെ? അതുകൊണ്ടാണ് ധനവാന്‍റെയും ലാസറിന്‍റെയും കഥ അവിടത്തേക്ക് പറയേണ്ടതായി വന്നത്. യേശുപറഞ്ഞ കഥകള്‍ക്കകത്ത് ഒരു പേരിന് ഭാഗ്യമുണ്ടായത് അതില്‍ ദരിദ്രനായിരുന്നു. ലാസറെന്ന വാക്കിന്‍റെ അര്‍ത്ഥം ദൈവം സഹായമായുള്ളവന്‍ എന്നാണ്. നിങ്ങളിലൂടെയല്ലാതെ ദൈവമെങ്ങനെയാണ് ദരിദ്രനെ തൊടുന്നത്? അപ്പോള്‍, അയാളെ കണ്ടില്ല, കേട്ടില്ല എന്നതാണ് തീപ്പൊയ്കയിലേക്ക് പ്രാണനെ എറിഞ്ഞുകൊടുക്കാന്‍ പ്രേരകമാകുന്ന അപൂര്‍ണ്ണത.

ദരിദ്രര്‍ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കുമെന്ന യേശുമൊഴി ഓര്‍മ്മിക്കുക. സഭയോടൊപ്പം അവന്‍റെ രണ്ടാം വരവോളം അവരെ ചേര്‍ത്തുപിടിക്കുക എന്നൊക്കെ അതിന് വ്യാഖ്യാനമുണ്ട്. എന്നിട്ടും ഒരാത്മശോധനയില്‍ തലകുനിക്കേണ്ട ബാധ്യതയുണ്ട് അവന്‍റെ കുരിശുമുദ്രപേറുന്ന എല്ലാവര്‍ക്കും. ഉപവിപ്രവര്‍ത്തനങ്ങളെന്ന ചെറിയൊരു പ്രായശ്ചിത്തത്തില്‍ മനസ്സമാധാനമനുഭവിച്ച് മുന്‍പോട്ടുള്ള ഈ യാത്ര എത്രകാലത്തേക്ക്? നടപടിപ്പുസ്തകത്തില്‍, അവരുടെയിടയില്‍ ദരിദ്രരില്ലായിരുന്നു എന്ന സ്വര്‍ണ്ണം പുരണ്ട ഒരു വരിയുണ്ട്. ആദിമസഭയുടെ നാള്‍വഴിയാണ് നടപടിപ്പുസ്തകം. ചരിത്രം തിരിഞ്ഞുനോക്കി, പുളകമണിയേണ്ടയൊന്നല്ല; വര്‍ത്തമാനകാലത്തെ വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ്. ദരിദ്രരോടുള്ള അനുഭാവം ആദ്യചുവടുമാത്രമാണ്. സ്പ്രിന്‍റല്ല കാലവും ജീവിതവും; അത് മാരത്തോണ്‍ ആണ്. പല ചുവടുകള്‍ ചവിട്ടേണ്ടതുണ്ട്. ദരിദ്രരുടെ കുലീനതയെ മാനിക്കുക, അവരുടെ അനുഭവങ്ങളില്‍ പങ്കുചേരുക. ശരിയായ വേതനം ഉറപ്പുവരുത്തുക, സൂര്യാസ്തമയത്തിനുമുമ്പ് (നിയമ. 24-15). പലിശയില്ലാതെ കടം കൊടുക്കുക, പിന്നെ അതിനെ എഴുതിത്തള്ളുക, അനീതിയുടെ വേരുകളറുക്കുവാന്‍ ചില സംഘാത കര്‍മ്മങ്ങളില്‍ പങ്കുചേരുക തുടങ്ങി എത്രയെത്ര ചുവടുകള്‍ക്കുശേഷമാണ് ഈ ഓട്ടം അവസാനിക്കേണ്ടത്. വൈദികരില്‍നിന്നും സമര്‍പ്പിതരില്‍ നിന്നും മിക്കായെപ്പോലുള്ള ദരിദ്രരുടെ പ്രവാചകരുണ്ടാകട്ടെ. അവര്‍ വിമോചനാഭിമുഖ്യമുള്ള വേദപുസ്തക പുനര്‍വായനയില്‍ ഏര്‍പ്പെടട്ടെ. കുരിശുപള്ളികളില്‍ നിന്ന് അവരിങ്ങനെ നിലവിളിക്കട്ടെ: കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്. ദരിദ്രരെ സുവിശേഷമറിയിക്കുവാന്‍ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു (ലൂക്കാ. 4-18). 

You can share this post!

ടണല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts