പലരും ഒരു പ്രണയഗീതമായി മാത്രം പരിഗണിക്കുന്ന ഉത്തമഗീതത്തിന്‍റെ അഗാധമായ ചില ആത്മശോധനകളുടെ കണ്ണാടിപ്പൊട്ടുകളുണ്ട്. പ്രാണന്‍റെ പര്യായമായിത്തന്നെ പാരമ്പര്യം പരിഗണിക്കുന്ന മണവാട്ടിയുടെ ഖേദപൂര്‍വ്വമുള്ള ഏറ്റുപറച്ചിലുകളില്‍ അപരന്‍റെ മുമ്പില്‍ തോപ്പുകള്‍ക്ക് പാറാവു നിന്നുനിന്നവള്‍ സ്വന്തം മുന്തിരിത്തോട്ടം കണ്ടില്ല, കണ്ടെത്തിയില്ല എന്നൊരു സങ്കടം പറയുന്നുണ്ട്. ആ പരമചൈതന്യത്തിന്‍റെ വിശ്രാന്തയിടങ്ങള്‍ ഇനിയും അറിയാത്തതുകൊണ്ട് അയാളുടെ ചങ്ങാതിക്കൂടാരങ്ങള്‍ക്കിടയില്‍, ആട്ടന്‍പറ്റങ്ങളോടൊപ്പം സദാ അലഞ്ഞുനടന്നെന്നും... ആത്മാവിന്‍റെ ആ പുനര്‍വിചാരണയെ കഠിനമായാണ് തോഴികള്‍ നേരിട്ടത്: ഇനിയും നിനക്കത് അറിയില്ലെങ്കില്‍ ആട്ടിന്‍പറ്റത്തിന്‍റെ കാല്‍പ്പാടുകളെ പിന്തുടരുക. ഇടയന്മാരുടെ കൂടാരങ്ങള്‍ക്കിടയില്‍ നിന്‍റെ ആട്ടിന്‍കുട്ടികളുമായി അലയുക. മണവറയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന് ഋജുവായ സൂചന. അവനവനെ കണ്ടെത്താവന്‍റെ തലയ്ക്കുമീതെ മുടിനാരില്‍ തൂങ്ങി ഈ മൃദുവചനത്തിന്‍റെ വാളുണ്ട്.
ലോകം മുഴുവന്‍ കീഴ്പ്പെടുത്തുന്നതനെക്കാള്‍ പ്രധാനമാണ് ഒരിഞ്ചി അവനവനിലേക്ക് പ്രവേശിക്കുക എന്ന് റില്‍ക്കെയുടെ മൊഴികള്‍. സ്വയം അറിയുകയാണ് ഏറ്റവും വലിയ ജ്ഞാനമെന്നൊക്കെ സോക്രട്ടീസിനോളം പഴക്കമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായിട്ടും കാറ്റത്തെ പതിരുപോലെ നമ്മള്‍. ഒന്നാം സങ്കീര്‍ത്തനത്തില്‍തന്നെ അങ്ങനെ ഒരു വിശേഷണമുണ്ട്. ഒരേപോലെ ഒറ്റനോട്ടത്തില്‍ അനുഭവപ്പെടുമ്പോള്‍പോലും പതിരും കതിരും വൈകാതെ നിര്‍ണ്ണയിക്കപ്പെടും. യേശു ശിമയോനോടു കൊടുത്ത മുന്നറിയിപ്പുപോല; ഈ രാവില്‍ സാത്താന്‍ നിന്നെ ഗോതമ്പു പാറ്റുന്നതുപോലെ പാറ്റും. സാത്താന്‍റെ കൈവശം മാത്രമല്ല ദൈവവും ഒരു വീശുമുറം കരുതുന്നുണ്ടെന്നു യോഹന്നാന്‍. ദൈവത്തെയും സാത്തനെയും കാലത്തെയും വിട്ടുകള. അവനവന്‍റെ തന്നെ പാറ്റിനോക്കേണ്ട ബാദ്ധ്യതയില്ലേ? അങ്ങനെയെങ്കില്‍ ആ വീശുമുറത്തില്‍ അവശേഷിക്കുന്ന കതിര്‍മണികളുടെ ബലമൊന്നു മാത്രമായിരിക്കും - ആത്മജ്ഞാനത്തിന്‍റെ കാമ്പ്. അകപ്പൊരുളിന്‍റെ ഖനനത്തില്‍ ഏര്‍പ്പെടാത്ത ഏവരെയും കാറ്റിങ്ങനെ തൂത്ത് തൂത്ത് വിസ്മൃതിയുടെ ഓരത്തേക്ക് കൊണ്ടുപോകും.
ദൂരെയുള്ള അലച്ചിലുകള്‍ അവസാനിപ്പിച്ച് അവനവനിലേക്ക് തിരിയേണ്ട കാലം വൈകിയിരിക്കുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ആ ഉപമപോലെ അവനവന്‍റെ വയലിലെ നിധിയെ ഖനനം ചെയ്യുകയാണ് ഇനി വേണ്ടത്. അപ്പോള്‍ വേദപുസ്തകത്തിന്‍റെ ഭാഷയില്‍ അതു ഗോപനം ചെയ്യുവാന്‍ ശിഷ്ടകാലം മുഴുവന്‍ മിഴിയടച്ച് നിങ്ങളിങ്ങനെ.
ആ പഴയ ആശ്രമകഥയ്ക്ക് ആവൃതിക്കുപുറത്തും ചില ധ്വനികളുണ്ട്. ചെറുപ്പക്കാരുടെ തുടര്‍ച്ചയില്ലാതെ ഏതാണ്ട് അവസാനിക്കാറായ ഒരു ആശ്രമപാരമ്പര്യം. പരാതിപ്പെട്ടും കുറ്റപ്പെടുത്തിയും ആത്മാനുതാപത്തിലേര്‍പ്പെട്ടു ങ്ങളുടെ ജീവിതസന്ധ്യകളെ വിരസവും കഠിനവുമാക്കിയ കുറെ താപസ്സര്‍. അവിടെ എത്തിയ ഒരു സഞ്ചാരിയാണ് ഭക്ഷണമേശയില്‍ ഇരിക്കുമ്പോള്‍, തനിക്കു ലഭിച്ച ഒരു അരുള്‍ അവരോടു മന്ത്രിച്ചത്; നിങ്ങള്‍ ഒരാള്‍ മിശിഹായാണ്. പിന്നെ പുഞ്ചിരിച്ചുകൊണ്ട് അവിടെനിന്നു മടങ്ങി. ഒരാള്‍ എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. അത് താനാണെങ്കിലോ? തങ്ങളിലേക്കു തന്നെ തിരിയുവാന്‍ അതു പ്രയോജനമായി. ബുദ്ധന്‍റെ ഓര്‍മ്മപ്പെടുത്തലുപോലെ അവര്‍ സ്വന്തം വിളക്കിന്‍റെ പ്രഭയില്‍ ജ്വലിച്ചു. കാര്‍ത്തികരാവുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ ആശ്രമത്തിന്‍റെ ഇരവുകളും പകലുകളും. ആ വെളിച്ചത്തിന് തുടര്‍ച്ചകളുണ്ടായി. സ്വയം കണ്ടെത്താതെയും പ്രകാശിപ്പിക്കാതെയും പോകുന്നവരാണ് ഭൂമിയെ വിരസവും കഠിനവുമായ ഒരു ഇടമായി പരാവര്‍ത്തിച്ചത്. സ്നേഹത്തിന്‍റെ ഒരു മാര്‍ഗ്ഗരേഖയായ ആര്‍ട്ട് ഓഫ് ലവ് എന്ന എറിക് ഫ്രോമിന്‍റെ പുസ്തകം അവനവനോടു തോന്നുന്ന മതിപ്പുകളാണ് ലോകത്തിന്‍റെ ഗതികളെ ഭംഗിയുള്ളതാക്കി മാറ്റുന്നതെന്ന് ആവര്‍ത്തിക്കുന്നു.
നീ നിന്നെ സ്നേഹിച്ചതുപോലെ അയല്‍ക്കാരനെയും സ്നേഹിക്കുക. എന്ന ആ മരപ്പണിക്കാരന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ അവനവന്‍റെ മൂല്യംതന്നെയായിരുന്നു ശരിയായ മുഴക്കോല്‍. നിന്നെ മറന്നു സ്നേഹിക്കുക എന്നു പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി റെട്ടറിക്കായേനോ! ആവേശവും വികാരവുമല്ല കാര്യം. യാഥാര്‍ത്ഥ്യബോധവും സത്യസന്ധതയുമാണ് ശരിയായ ഏകകം. സ്വയം സ്നേഹിക്കുക സരളമായ കാര്യമല്ല. ഒരു ബസില്‍ ഇടിച്ചുകയറി ഒരു സീറ്റ് കണ്ടെത്തിയതോ ഭക്ഷണമേശയിലെ നടുതുണ്ടന്‍ മീനെടുത്ത് ഉണ്ടതോ, കുളികഴിഞ്ഞ് അത്തറ് പൂശിയതുകൊണ്ടോ സ്വയം സ്നേഹിച്ചതിന്‍റെ മാനദണ്ഡമായി എണ്ണണ്ട. കോടിക്കണക്കിന് സ്ത്രീകളുള്ള ഭൂമിയില്‍ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ സ്നേഹിച്ചു എന്നു പറയുന്നതിന്‍റെ പൊരുളെന്താണ്. സ്നേഹയോഗ്യമായ എന്തോ ഒരു കാരണം നിങ്ങള്‍ അവളില്‍ കണ്ടെത്തിയെന്നല്ലാതെ. അങ്ങനെയെങ്കില്‍ സ്വയം സ്നേഹിക്കാനാവുന്നവിധത്തില്‍ ചില കാരണങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് ആദ്യപടി. അവനവന്‍ ആത്മസുഖത്തിനായി ആചരിക്കന്നവ അപരന്‍റെ സുഖത്തിനായി വരേണമെന്ന് ഈ ദേശത്തിന്‍റെ ആചാര്യന്‍. സ്വന്തം കുലീനതയില്‍ പ്രഭയും ആഴപ്പെടുത്തുവാന്‍ കാരണമായ ആഭിമുഖ്യങ്ങളും സരണികളും ലോകത്തിന് പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹത്തില്‍നിന്നാണ് എല്ലാ സ്വാര്‍ത്ഥവാഹകസംഘങ്ങളും രൂപപ്പെട്ടത്. തനിക്ക് എവിടെനിന്ന് അപ്പം കിട്ടിയെന്ന് ഒരു യാചകന്‍ കൂട്ടുകാരനോട് പറയുന്നതുപോലെ സൗമ്യമായും വിനയത്തോടും..
ഭാരതീയ സൗന്ദര്യശാസ്ത്രം രൂപപ്പെട്ടതുപോലും ആത്മജ്ഞാനത്തിന്‍റെ വഴികളിലാണ്. സ്വന്തം ആത്മത്തെ തിരിച്ചറിയുന്നതിന്‍റെ ആഹ്ലാദങ്ങളാണ് അവയെല്ലാം പ്രസരിപ്പിക്കുന്നത്. കലയുടെയും കവിതയുടെയും ആത്മാവേതെന്ന് തിരിഞ്ഞ് നൂറ്റാണ്ടുകളായി ആചാര്യന്മാര്‍ അലഞ്ഞത് ആത്മസങ്കല്പങ്ങളിലായിരുന്നു. ഒരു നൃത്തംപോേലും പ്രാര്‍ത്ഥനയാകുന്നത് അങ്ങനെയാണ്. ഏതെക്കെയോ തരത്തിലുള്ള അജ്ഞേയത ഭൂമിയെയും മനുഷ്യരെയും ജീവിതങ്ങളെയും പൊതിഞ്ഞുനില്‍ക്കുന്നുവെന്ന തിരിച്ചറിവുതന്നെയാണ് യഥാര്‍ത്ഥത്തില്‍ ആത്മജ്ഞാനം. ആ താക്കോല്‍ കിട്ടിയവര്‍ക്ക് കുഞ്ഞുങ്ങളോടും പ്രണയികളോടും അവധൂതരോടും ഉന്മാദികളോടും ഒരെ അളവില്‍ സംവദിക്കാനാവും. അത്രയും എളിമയുള്ള ഭാഷയും ദര്‍ശനവുമാണത്.
ഒരു ഉദാഹരണത്തിന് കുമാരനാശാന്‍റെ ബാലകവിതകള്‍ വായിക്കുക. കുട്ടിയും നാളെയും എന്ന കവിത ഒരു കുട്ടിയുടെ അത്ഭുതങ്ങളില്‍നിന്നും നിരാശകളില്‍നിന്നും ആശങ്കകളില്‍നിന്നുമാണി ഉടലെടുക്കുക. പൂക്കളെയും പൂമ്പാറ്റകളെയും വേര്‍തിരിച്ചുകാണാന്‍ ഇഷ്ടപ്പെടാത്ത ബാല്യം. തനിക്കു ചിറക് മുളച്ചില്ലല്ലോ എന്ന പരാതിയോേടെ അമ്മയിലേക്ക് ഓടിയെത്തുന്ന കാലം. പ്രപഞ്ചത്തിന്‍റെ രഹസ്യം എന്തെന്നാരാഞ്ഞാല്‍ അമ്മയ്ക്കു നല്കുവാന്‍ എത്രയും നിരുപാധികമായ ഉമ്മകള്‍ മാത്രം സൂക്ഷിച്ചുവയ്ക്കുന്ന ബാല്യം. ആ കാലം മനുഷ്യനെ വിട്ടൊഴിഞ്ഞു പോകുന്നില്ല. എല്ലാം വിചിത്രമായ ദൈവസങ്കല്പങ്ങളെന്നേ അമ്മയ്ക്കുമറിവുള്ളു. ആത്മജ്ഞാനത്തിന്‍റെ വഴികളില്‍ അത്തരം ലാളിത്യങ്ങളുള്ള ഒരമ്മയും കുഞ്ഞും കൂടിയേ തീരു. അവരുടെ പരമ്പരകള്‍ അവസാനിക്കുന്നില്ല.
സ്വാമി വിവേകാനന്ദനെക്കുറിച്ച് അനേകം കൃതികള്‍ വന്നിട്ടുണ്ടെങ്കിലും നരേന്ദ്ര കൊഹിലിയുടെ വിവേകാനന്ദന്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദി നോവലിന് എക്കാലത്തും വലിയ വായനക്കാരുണ്ട്. ആത്മസംഘര്‍ഷങ്ങളിലകപ്പെട്ട് ഗുരുവിനെ തേടുന്ന നരേന്ദ്രനില്‍നിന്ന് ആ നോവല്‍ ആരംഭിക്കുന്നു. വെളിച്ചതിന്‍റെ മഹാക്ഷേത്രങ്ങളിലൂടെ കടന്നുപോയവരുടെ കാഴ്ചകള്‍ നീണ്ടുപോവുകയാണ്. അവരെക്കുറിച്ചുള്ള ഓരോ ഉപമകളിലും രൂപകങ്ങളിലും ഒരു മിന്നല്‍പ്പിണര്‍ ഒളിച്ചുനില്‍ക്കുന്നു. അവരുടെ ഹൃത്തടങ്ങളില്‍ ലാളിത്യത്തിന്‍റെ ചെറുസ്പന്ദനങ്ങളില്‍പോലും ആത്മത്തിന്‍റെ കൊടുങ്കാറ്റുണ്ട്. പരസ്പരം ബഹുമാനിക്കാനുള്ള ഇച്ഛാശക്തിയുടെ കൊടുങ്കാറ്റ്. ബീനാ ഗോവിന്ദിന്‍റെ നിവേദിതയില്‍ വിവേകാനന്ദന്‍ പറയുന്നു; നിലാവില്‍ അലിയുമ്പോഴും വെയിലിന്‍റെ കാഠിന്യം മറക്കാതിരിക്കുന്നത് സുമനസ്കരുടെ ലക്ഷണമാണ്. എല്ലാ കഠിനതകള്‍ക്കും മദ്ധ്യേ ജീവിത്തെ അനുഭാവപൂര്‍വ്വം സ്വീകരിക്കുന്നവര്‍ നിശ്ചയമായും സ്വന്തം ആത്മാവിന്‍റെ നങ്കൂരം കണ്ടെത്തിയവരാണ്.
സ്വയം കണ്ടെത്തിയ മനുഷ്യര്‍ക്കു മാത്രമെ നിലനില്ക്കുന്ന അനുരണനങ്ങള്‍ ഒരു സമൂഹത്തില്‍ ഉണ്ടാക്കാനാകൂ. ഈ ദേശത്തിന്‍റ നവേത്ഥാന ധന്യതകളിലൊന്ന് അതിന്‍റെ കുഴലൂത്തുകാരെല്ലാംതന്നെ ആത്മജ്ഞാനത്തിന്‍റെ വഴികളിലൂടെ മടക്കയാത്രയില്ലാത്ത വിധത്തില്‍ കുറയധികം സഞ്ചരിച്ചവരായിരുന്നു എന്നതുന്നെ. വി.ടി. ഭട്ടതിരിപ്പാടിന്‍റെ യാചനയാത്രയെക്കുറിച്ച് വായിച്ചറിവുണ്ട്. 1931 മാര്‍ച്ച് 13 ന് തൃശ്ശൂരില്‍നിന്ന് ആരംഭിച്ച് മെയ് 12 ന് ചന്ദ്രഗിരി കാഞ്ഞിരോട്ടുപുഴക്കരയില്‍ അവസാനിച്ച ആ യുവജനയാത്ര അക്ഷരാര്‍ത്ഥത്തില്‍ തീര്‍ത്ഥാടനമായിരുന്നു. ഒറ്റമുണ്ടും ഊന്നുവടിയുമായി അപകര്‍ഷതകളില്ലാതെ ബ്രിട്ടീഷ് അതിപധികളുടെ സമ്മേളനങ്ങളിലേക്കു കടന്നുചെല്ലാന്‍ സാധിച്ചതും സ്വന്തം ജീവന്‍റെ അപായങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ ഗാന്ധിയെ, അവര്‍ക്കൊരിക്കലും കൊല്ലാനാകില്ലെന്നു പറഞ്ഞാ ശാന്തനാകുന്നതും ആത്മജ്ഞാനത്തിന്‍റെ മെഴുതിരിവെട്ടത്തിലാണ്. റുപ്പിയാഡ് കിപ്ലിങ്ങിന്‍റെ കള എന്ന കവിത ഉപേക്ഷിക്കാനാവുന്നില്ല. ഡോ. ലിയാണ്ടര്‍ സാറ്റര്‍ ജെയിന്‍സണ്‍ നയിച്ച ദക്ഷിണാഫ്രിക്കയിലെ ജനമുന്നേറ്റം താല്ക്കാലികമായി പരാജയപ്പെട്ടെങ്കിലും ബോര്‍ വിപ്ലവത്തിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് ആ പരാജിതന്‍റെ സമരമായിരുന്നു. ജീവിച്ചിരിക്കെതന്നെ ഓരോ മനുഷ്യനും അവരവരുടെ കുഴിമാടങ്ങളില്‍ ചെന്നിരുന്ന് വിലപിക്കുന്ന അവസ്ഥ ആത്മജ്ഞാനത്തിന്‍റേതല്ല. നിങ്ങള്‍ വിചാരിക്കുകയാണെങ്കില്‍ എന്ന പ്രയോഗത്തില്‍ സാദ്ധ്യതകളേറെയുണ്ട്. ജ്ഞാനോദയത്തില്‍ എല്ലാവരും ഏകാകികളായിരിക്കും. എന്നാല്‍ അതിന്‍റെ ആനന്ദം പങ്കിടുന്നതില്‍ അവര്‍ വിമുഖരായിരിക്കില്ല. പ്രചാരണത്തിന്‍റെ ഋതുക്കള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. അതാണ് ഭൂമിയുടെ സൗന്ദര്യം.
ജീവിത്തെ അഴകുള്ളതും മൂല്യമുള്ളതാക്കാനായി ആത്മാന്വേഷണമല്ലാതെ വേറെ കുറുക്കുവഴികളില്ല. സ്വന്തം ഇടങ്ങളുടെ അഴകു മനസ്സിലാക്കാത്തവരാണ് എല്ലാത്തിനോടും നിഴല്‍യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. മെലെങ്കോളിയിലേക്ക് കൂപ്പുകുത്തുന്നത്. അപരന്‍റെ ജീവിതത്തോട് താരതമ്യപ്പെടുത്തി ആത്മനിന്ദ അനുഭവിക്കുന്നത്. ഒരു ആശ്രമത്തിലെ പ്രഭാതധ്യാനം വീക്ഷിക്കുകയായിരുന്നു. ആദ്യമത് ഫലിതമായും പിന്നീടത് അനുഷ്ഠാനമായി അനുഭവപ്പെട്ടെങ്കിലും അതില്‍നിന്നും പ്രകാശത്തിന്‍റെ ചില പരാഗങ്ങള്‍ ചിതറുന്നത് വൈകാതെ കണ്ടു. ദിക്കുകള്‍ നോക്കി നമസ്ക്കരിച്ച് ഓരോരുത്തരും ഇങ്ങനെയാണ് പറയുന്നത്: ആകാശമേ, നീ എന്നിലുണ്ട്; ഞാന്‍ നിന്നിലും. കാറ്റേ, നീ എന്നിലുണ്ട്; ഞാന്‍ നിന്നിലും. അഗ്നി, നീ എന്നിലുണ്ട്; ഞാന്‍ നിന്നിലും... മെല്ലെ മെല്ലെ കാഴ്ചയ്ക്കു കുറെ വികാസമുണ്ടാകുന്നതായി, ഒരു സന്ദേഹിയായിട്ടുപോലും അനുഭവപ്പെട്ടു. ഒക്കെ ഭാവനകളായിരിക്കും. അല്ലെങ്കില്‍തന്നെ എന്താണ് ആത്മീയത. ഈ സത്ഭാവനയല്ലാതെ.
അവനവന്‍റെ ജീവനത്തെ അലങ്കരിക്കാനുള്ള ഏതുവഴികളും നീതീകരിക്കപ്പെടേണ്ടതാണ്. ഒരു മരച്ചില്ലയെ ക്രിസ്മസ് മരമാക്കുന്നതുപോലെയാണത്. പ്രത്യക്ഷത്തില്‍ ഒന്നുമില്ലാത്ത ഒരു ചിന്തയെ തീരെ വിലയില്ലാത്തതെന്നു തോന്നിച്ച ചില തോന്നലുകളും തോരണങ്ങളുംകൊണ്ട് അലങ്കരിക്കുമ്പോള്‍ അതെത്ര അഴകുള്ളതായി. ഉത്തമഗീതത്തില്‍ പ്രണയസൂചനകള്‍കൊണ്ട് ശരീരങ്ങള്‍ അലങ്കരിക്കപ്പെടുന്നതുപോലെ ആത്മാവിനും സുഗന്ധമുള്ള ചില അലങ്കാരങ്ങള്‍ ആവശ്യമില്ലേ. അതിനെ എന്തിനുവേണ്ടി നിങ്ങള്‍ അവഗണിച്ചാലും വൈകാതെ ഒരാള്‍ ഓട്ടക്കയ്യനായി നില്‍ക്കേണ്ടിവരും. ക്രിസ്തുവിന്‍റെ ഭാഷയില്‍ ലോകം മുഴുവന്‍ നേടിയിട്ടും ആത്മാവിനെ നഷ്ടപ്പെടുത്തിയവര്‍. ആ വാക്കുകൊണ്ട് അവിടുന്ന് എന്തര്‍ത്ഥമാക്കിയാലും.