news-details
പുസ്തകപരിചയം

പരസ്യജീവിതത്തിലേക്ക് പ്രലോഭനത്തിന്‍റെ മല ഇറങ്ങി വരുന്നതിനുമുമ്പുള്ള പതിനെട്ടുവര്‍ഷക്കാലം യേശുവിനെ നാം കാണുന്നില്ല.  ഒരു മഹാമൗനം ഭേദിച്ചുകൊണ്ടാണ് സുവിശേഷത്തിന്‍റെ ഇരമ്പം നാം കേട്ടുതുടങ്ങുന്നത്.  യേശുവിന്‍റെ വാക്കുകള്‍ പണിതെടുക്കപ്പെട്ടത് നിശ്ശബ്ദതയുടെ ആഴങ്ങളില്‍ നിന്നാണെന്ന് വ്യക്തം.  നന്മചെയ്തുകൊണ്ട് കടന്നുപോകുന്നതിനിടയില്‍ യേശുവിന്‍റെ ഉച്ചാരണങ്ങളെ ഏകാന്ത നിശാവേളകളില്‍ നടന്ന നിശ്ശബ്ദ പ്രാര്‍ത്ഥനകളാണ് അലങ്കരിച്ചെടുത്തത്. യേശുവിന്‍റെ ശബ്ദങ്ങള്‍ക്കിത്രയും അഗാധതയും സരളതയും സംഭവിച്ചത് നിശ്ശബ്ദതയുടെ മുഴക്കം അതിലുള്ളതുകൊണ്ടാണ്.

കടല്‍ത്തീരത്തും മലഞ്ചെരിവുകളിലും മലമുകളിലും വയലേലകളിലും ഉദ്യാനങ്ങളിലും സിനഗോഗുമുറ്റങ്ങളിലും സൗഹൃദങ്ങളുടെ ഊട്ടുമേശകളിലും കുളക്കടവുകളിലും കിണറ്റിന്‍കരയിലും നാം കേട്ട യേശുവിന്‍റെ ഉജ്ജ്വലമായ വാക്കുകളുടെ പ്രകാശപ്രവാഹം, ഒന്നോര്‍ത്താല്‍ അദ്ദേഹത്തിന്‍റെ മൗനവേളകള്‍ സമ്മാനിച്ചവയാണെന്ന് കാണാം. നിശ്ശബ്ദതയെ അത്രമേല്‍ അഗാധവും വാചാലവുമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മിണ്ടാതിരുന്ന മുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ട്, പ്രകൃതിരമണീയമായ ആ ജീവിതത്തില്‍. മൗനം ഒരു പാഠപുസ്തകംപോലെ യേശു നമുക്കായി നല്‍കിയിട്ടുണ്ട്. സുവിശേഷത്തില്‍നിന്നും യേശുവിന്‍റെ മൗനമുഹൂര്‍ത്തങ്ങള്‍ പകുത്തെടുത്ത് വായിക്കാന്‍ സന്ദര്‍ഭമൊരുക്കുകയാണ് ഡാനിയച്ചന്‍റെ ഈ മനോഹരഗ്രന്ഥം.

നിശ്ശബ്ദതയ്ക്കുള്ളിലാണ് ഏറ്റവും അര്‍ത്ഥവത്തായ ശബ്ദങ്ങള്‍ നാം കേള്‍ക്കുന്നത്.  ഒരു മനുഷ്യന്‍ മൗനത്തിലാണ് ശ്രദ്ധയും ജാഗ്രതയും സൂക്ഷ്മതയും ആഴവും അതിരറ്റ രീതിയിലനുഭവിക്കുന്നത്.  ജീവിതത്തിന് നിഗൂഢതയുടെ ആന്തരിക സാധ്യതകള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നത് അയാള്‍ക്കുള്ളിലെ നിശ്ശബ്ദതയാണ്.  ദൈവം നമുക്കുള്ളിലിരുന്ന് സംസാരിച്ചുതുടങ്ങുമ്പോള്‍ ജനിക്കുന്നതാണ് നിശ്ശബ്ദത.

മൗനം ഒരു ആത്മശുശ്രൂഷയായി നമ്മുടെ ഉള്ളകങ്ങളെ കഴുകി വെടിപ്പാക്കുന്നു. മൗനത്തെക്കുറിച്ചുള്ള ജ്ഞാനസാന്ദ്രമായ ചിന്തകളുടെ പുസ്തകമാണിത്. മൗനം ധ്യാനവും പ്രാര്‍ത്ഥനയുമാണ്.  അത് ജീവിതത്തിന്‍റെ ഊര്‍ജമാണ്. ഈ പ്രപഞ്ചജീവിതം തന്നെ മൗനത്താല്‍ വലയം ചെയ്യപ്പെട്ടതാണല്ലോ.  സൃഷ്ടിക്കുമുമ്പ് എല്ലാം മൗനത്തിലായിരുന്നു.  ദൈവം തന്നെ ഒരു മഹാമൗനം. ആ പ്രാപഞ്ചിക മൗനത്തില്‍ നിന്നുമാണ് ക്രിസ്തു പിറന്നത്.
മൗനംകൊണ്ട് പൂരിപ്പിക്കാവുന്ന ഒരു സുവിശേഷ വായനയിലേക്കാണ് ഡാനിയച്ചന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. യേശുവിന്‍റെ മൗനവേളകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനം.  യേശുവിന് വഴിയൊരുക്കാന്‍ വന്ന സ്നാപകയോഹന്നാനെ മരുഭൂമിയുടെ ശബ്ദം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.  എന്നാല്‍ സ്നാപകന്‍റെ ജനനം തന്നെ ഒരു മൗനത്തിന്‍റെ വെളിപ്പെടലായിരുന്നുവല്ലോ.

ഇരുപത്തിയേഴ് ലഘു ധ്യാനചിന്തകളിലൂടെ ആന്തരികതയിലേക്കുള്ള ഒരു വഴിപ്രാര്‍ത്ഥനയിലാണ് നാമിപ്പോള്‍.  ക്രിസ്തുവിനെ തന്‍റെ ശരീരത്തിലും മനസ്സിലും കൊത്തിവെയ്ക്കുന്നിടത്താണ് ഫ്രാന്‍സീസ് അസ്സീസി രണ്ടാം ക്രിസ്തുവാകുന്നത്.  ഈ പുസ്തകത്തിന്‍റെ ഈര്‍പ്പം അസ്സീസിയുടെ ലളിതമായ അടിയൊഴുക്കാണ്.  എല്ലാ ചിന്തകളും അസ്സീസിയെന്ന ജലാശയത്തിലേയ്ക്കാണ് ദാഹിച്ചെത്തുന്നത്.  

ധൂര്‍ത്തപുത്രന്‍റെയും സക്കേവൂസിന്‍റെയും മാനസാന്തരങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഡാനിയച്ചന്‍ ഒരു സദൃശ്യവാക്യമുണ്ടാക്കുന്നുണ്ട്.  ധൂര്‍ത്തപുത്രന്‍ എല്ലാം നഷ്ടപ്പെട്ട് മടങ്ങിയെത്തി.  സക്കേവൂസാകട്ടെ സകലതും നഷ്ടപ്പെടുത്തിയാണ് ദൈവത്തിലെത്തുന്നത്.  ക്രിസ്തു എന്ന ഇഷ്ടവാക്കിനുള്ളില്‍ തന്‍റെ ജീവിതത്തെ മുഴുവന്‍ സാന്ദ്രീകരിച്ച വിശുദ്ധ പൗലോസിന്‍റെ നിശ്ശബ്ദദ്വീപിലേക്കുള്ള യാത്രയെ ഒരു മാനദണ്ഡമായി സ്വീകരിക്കണം.  ക്രിസ്തുവിലേക്കുള്ള യാത്ര അനായാസവും അശ്രദ്ധവുമായിക്കൂടാ. അതിനായുള്ള അര്‍ഹത നേടാതെ, അര്‍ഹിക്കുന്ന കൃതജ്ഞതയും ധ്യാനവുമില്ലാതെ അവനെ സമീപിക്കരുത് എന്നൊരു താക്കീതും ഈ പുസ്തകം നല്‍കുന്നുണ്ട്.  

പാപിനിയായ സ്ത്രീയെ കല്ലെറിയാനുള്ള ശ്രമം ഉപേക്ഷിച്ച് ഒരു പുരുഷാരം കടന്നുപോയപ്പോള്‍ യേശു അഗാധമായ ഒരു മൗനത്തിലിരുന്ന് മണലില്‍ കുറിച്ചുവെച്ച രഹസ്യസന്ദേശം എന്തായിരിക്കും?  അത് തീര്‍ച്ചയായും മൗനത്തിന്‍റെ ഒരു സുവിശേഷമാണ്.  വിചാരണവേളയില്‍ പ്രകോപനങ്ങളുടെ ദയാരഹിതമായ കത്തിയേറുകളെ ക്രിസ്തു നേരിട്ട രീതിയില്‍ നിന്നും നിശ്ശബ്ദതയുടെ ശക്തി നമുക്കറിയാന്‍ കഴിയും.  യേശുവിന്‍റെ മൗനം പീലാത്തോസിനെ വിസ്മയിപ്പിച്ചു.  ക്രിസ്തുവിന്‍റെ കഥ ഓശാനവരെ വായിച്ച് പുസ്തകം മടക്കിവെയ്ക്കുന്നവരാണ് അധികം.  സത്യത്തില്‍ ഓശാനയുടെ ആഘോഷാരവങ്ങള്‍ കഴിഞ്ഞാണ് ക്രിസ്തുവിനെ ശരിക്കും കണ്ടുമുട്ടേണ്ടത്.  ദരിദ്രനും വിനീതനും പീഡിതനും ക്രൂശിതനുമായ ക്രിസ്തുവിന്‍റെ അരികിലെത്തുവാന്‍ കാല്‍വരിക്കുന്നിലൂടെ നടന്ന് ഒരു നിശ്ശബ്ദ ദഹനബലിയിലൂടെ കടന്നുപോകേണ്ടതുണ്ട്.

സുവിശേഷത്തിന്‍റെ കേന്ദ്രപ്രമേയങ്ങളിലൊന്ന് മൗനം തന്നെയാണ്.  അത് നമ്മുടെ സുവിശേഷവായനയ്ക്ക് ഒരു പുതിയ ദിശ നല്‍കും.  ആഴം നല്‍കും.  യേശുവിലേക്കുള്ള ഒരു കല്ലേറുദൂരം മൗനത്തിന്‍റെ ദൂരമാണ്.  മൗനം ധ്യാനത്തിന്‍റെ ഉദ്യാനം.  മൗനത്തിന്‍റെ ഔഷധഗുണമുള്ള ഒരു ധാതുജലാശയത്തിനരികിലാണ് ഈ പുസ്തകത്തോടൊപ്പം നാം ഇരിക്കുന്നത്.  ജീവചൈതന്യത്തിന്‍റെ ഉത്ഭവരഹസ്യങ്ങളിലെ പ്രാചീന വിസ്മയമാണ് മൗനമെന്ന് ഈ പുസ്തകം പറയുന്നു.  ആന്തരികതയില്‍ നിശ്ശബ്ദതയില്ലാത്തവന് അര്‍ത്ഥമുള്ള വാക്കുകള്‍ പണിതെടുക്കുവാന്‍ കഴിയില്ല.  

കാതില്ലെങ്കില്‍ മൗനം കേള്‍ക്കാം
കണ്ണില്ലെങ്കില്‍ വെളിച്ചം കാണാം
വാക്കില്ലെങ്കില്‍ ആത്മാവിനെ എഴുതാം.

You can share this post!

മഹാനായ അലക്സാണ്ടര്‍

ഡോ. കുഞ്ഞമ്മ ജോര്‍ജ്
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts