news-details
സഞ്ചാരിയുടെ നാൾ വഴി

എത്ര അകന്നു പോയാലും  മടങ്ങിവരാനായി ഒരൊറ്റയടിപ്പാത പുല്ലുമൂടാതെ ഉള്ളില്‍  സൂക്ഷിക്കുന്ന സാധു ജന്മമാണ് ഇവന്‍റേതെന്ന് ഒരു നിരീക്ഷണമുണ്ട്. പ്രായമേറുന്നതനുസരിച്ച് അതോരോരുത്തര്‍ക്കും സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. ഓരോ വൃണിത സ്നേഹവും നിലവിളിക്കുകയാണ് മടങ്ങിവരൂ. ആ വലിയ കപ്പലിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ ഒടുവില്‍ മുഴങ്ങുന്നതു പോലെ:  Come back.. കൈകളില്‍ നിന്നൂര്‍ന്ന് മരണത്തിന്‍റെ തണുത്ത കടലിലേക്ക് ഊളിയിട്ടു പോകുന്ന അവനോട് അവള്‍ നിലവിളിക്കുന്നതു പോലെ...

ബന്ധങ്ങള്‍ എത്ര നല്ലതാണ്. അമ്മ മരിച്ചത് ഇന്നലെയോ ഇന്നോ എന്ന നിസ്സംഗമായ ആരായലുകള്‍ക്ക് ഇനിയിടമില്ല. ഒരു കൃത്രിമശ്വാസമായിട്ടെങ്കിലും അവള്‍ അരികിലുണ്ടാകണമെന്ന് കൊതിക്കുന്ന മക്കളുടെ കാലമാണ് വന്നിരിക്കുന്നത്. ഓരോന്നും കളഞ്ഞുപോകുമ്പോഴാണ് ഓരോന്നിന്‍റെയും മൂല്യമറിയുന്നത്. ശ്വാസം എത്ര പ്രധാനപ്പെട്ടതാണെന്ന് ജാലകത്തിന് അടുത്തിരുന്ന് കുറുകുന്ന എന്‍റെ ആസ്ത്മാരോഗിയായ ചങ്ങാതിക്കറിയാം. ആ പഴയ ബുദ്ധ കഥയുടെ ആവര്‍ത്തനം പോലെ ജീവിതം. കല്ലെന്ന് നിനച്ച് മുത്തുകളെ പുഴയിലേക്ക് എറിഞ്ഞ് കളിക്കുന്ന മുക്കുവന് ഓരോരുത്തരിലും പാഠഭേദങ്ങളുണ്ടാകുന്നു.

അനാഥരായ കുഞ്ഞുങ്ങള്‍ക്കിടയില്‍ ചെലവഴിച്ച ഏതാനും ദിനങ്ങളില്‍ അവര്‍ക്കിടയില്‍ ചോര പൊടിയുവോളം എത്തുന്ന കലഹത്തിന്‍റെ കാരണം എന്നെ വല്ലാതെ അമ്പരപ്പിച്ചു. ജീവിതത്തിന്‍റെ കൊടിയ അനുഭവങ്ങളിലൂടെ ഇളം പ്രായത്തിലേ കടന്നു പോയതുകൊണ്ടാവണം സ്ഥായിയായ ഒരു പക്വതയാണ് ആ കുഞ്ഞുങ്ങളുടെ പൊതുഭാവം, എന്നിട്ടും. സ്വന്തം അച്ഛനെയോ അമ്മയെയോ പുലയാട്ടുമ്പോഴാണ് ചാവേര്‍ പടയാളികളെ കണക്ക് അവര്‍ പോരാടുന്നത്. ഓര്‍ക്കണം, അവരെ ആവശ്യമില്ലാത്ത ആ മുതിര്‍ന്നവരെ അവരെത്ര മൂല്യമുള്ളതായാണ് കരുതുന്നത്. സ്വന്തം ജന്മത്തിന്‍റെ വേരുകള്‍ ഓരോരുത്തരുടെയും ആത്മാഭിമാനത്തില്‍ എത്രത്തോളം പിണഞ്ഞുകിടക്കുന്നു എന്നതിന് ഇതുമൊരു സാക്ഷ്യം. ജന്മത്തിന്‍റെ ജനിതകവാസനകളുടെ കയങ്ങളില്‍ നിന്ന് ഒരാളും മുക്തനല്ല. തലമുറകളുടെ ആവര്‍ത്തനമാണ് പ്രപഞ്ചം - ജീവിതം.

'എന്‍റെ' 'എന്‍റേത്' എന്ന വാക്കുകള്‍ക്ക് കടുകു മണിയോളം വലിപ്പമേയുള്ളെങ്കിലും പ്രാണന്‍റെ സമസ്ത മേഖലകളെയും സജീവമാക്കുന്ന മിടിപ്പാണിത്. ആത്മഹത്യയുടെയോ നിരാശയുടെയോ ഉന്മാദത്തിന്‍റെയോ അപകടകരമായ മുനമ്പില്‍നിന്ന് ഒരാളെ രക്ഷിക്കുവാന്‍ ഈ വാക്കുകള്‍ക്ക് കഴിഞ്ഞെന്നിരിക്കും. ആസിഡ് ആക്രമണത്തിന് ഇരയായിട്ടുള്ള ചില സ്ത്രീകളെ ആധാരമാക്കിയുള്ള കുറിപ്പുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ താന്‍ വെറുമൊരു ചാക്ക് കഷ്ണമാണെന്ന് വിചാരിക്കുന്ന വിരൂപമായ ഒരു മിടിപ്പു മാത്രമാണെന്ന് സ്വയം ഗണിക്കുന്ന ആ പെണ്‍കുട്ടിയെ ചേര്‍ത്തപിടിച്ചുകൊണ്ട് അവളുടെ പുരുഷന്‍ പറഞ്ഞു: നീ എന്‍റേതാണ് - എന്‍റേതെന്ന പദത്തിന്‍റെ വശ്യമായ ചാരുതകള്‍ അവള്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്. അത് നിറവിന്‍റെ സൂചകമാണ്. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തെക്കുറിച്ച് ആത്മാവില്‍ സന്ദേഹികളാകാത്ത ആരുണ്ട്. കുഞ്ഞുങ്ങള്‍ ഇടയ്ക്കിടെ ചോദിക്കും: എന്നെ സ്നേഹമാണോ? അത്തരം നിഷ്കളങ്കതയില്ലാത്തതുകൊണ്ട് ഭയന്നും സംശയിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് മുതിര്‍ന്നവരുടെ തലവര. നാം ശരിക്കും നമ്മുടെ ഉറ്റവരുടെ തന്നെയാണോ?

ഓര്‍മയെന്ന ന്യൂക്ലിയസ്സിലാണ് ജീവന്‍റെ ഭ്രമണങ്ങള്‍. ഓര്‍മ്മയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരാണ് ശരിക്കുമുള്ള ഇരകള്‍. ആ അര്‍ത്ഥത്തില്‍ മറവിപോലും വിശുദ്ധമായ പദമാണ്. കാരണം ഒരിക്കലെങ്കിലും ഓര്‍മയുടെ സഞ്ചാരപഥങ്ങളില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് മറവിക്ക് വിധേയരാകുന്നത്. മറക്കുവാന്‍ പോലും ഓര്‍മ്മിക്കപ്പെടാത്തവരായിരുന്നു തങ്ങളെന്ന തിരിച്ചറിവാണ് ഭയാനകമായിട്ടുള്ള!

തപസ്സുകാലമാണിത്. മാനസാന്തരത്തെ സൂചിപ്പിക്കുവാന്‍ ശൂബ് എന്ന ഹീബ്രുപദമാണ് വേദപുസ്തകത്തില്‍ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത്. തിരികെ വരിക എന്നുതന്നെയാണ് ആ പദത്തിന്‍റെ സാരം. അതില്‍ നിശ്ചയമായും ഊഷ്മളത കളഞ്ഞുപോവുകയോ തെല്ലവഗണിക്കുകയോ ചെയ്ത ബന്ധങ്ങളിലേക്കുള്ള മടക്കയാത്രയും ധ്യാനവിചാരമാക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ഉറ്റവരുടെ ഉള്ളംകൈയില്‍ നമ്മള്‍ സമ്മാനിച്ചതെന്തെന്ന് കണ്ണുപൂട്ടി പുനര്‍വിചാരണ ചെയ്യണം. ഡിപ്പാര്‍ച്ചര്‍ എന്ന സിനിമയിലെന്നപോലെ. ജാപ്പനീസ് സംസ്കാരത്തില്‍ നാം കൊടുക്കുന്ന സമ്മാനങ്ങള്‍ മനസ്സിന്‍റെ പ്രതിഫലനങ്ങള്‍ ആയിട്ടാണ് ഗണിക്കപ്പെടുന്നത്. മദ്ധ്യവയസ്സിലെത്തിയ മകന്‍ കൂട്ടുകാരിയോടൊപ്പം ബാല്യത്തിലെ ഒരു ദിനം ഓര്‍മിക്കുന്നുണ്ട്. ഒരു പുഴയിലൂടെ കുറെ നേരം തിരഞ്ഞും അലഞ്ഞും മെഴുകുപോലെ മൃദുലമായ ഒരു വെള്ളാരം കല്ല് അയാള്‍ കണ്ടെത്തി. അച്ഛന്‍റെ കൈവെള്ളയില്‍ വച്ചുകൊടുത്തു. പകരം അച്ഛനവന്‍റെ കൈയ്യിലേക്ക് വച്ചു കൊടുത്തത് കൂര്‍ത്ത, ചോര പൊടിയിച്ച ഒരു കല്ലാണ്. ഇപ്പോള്‍പോലും അതില്‍ നിന്ന് നീറുന്നുണ്ട്. നിഷ്പന്ദമല്ല ഒന്നും. ഓരോന്നും എന്നേക്കുമായി മിടിക്കുകയാണ്, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയാണ്...

തലമുറകളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ എല്ലാവരിലുമുണ്ട്. ആരായിരുന്നു തന്‍റെ പൂര്‍വ്വികര്‍? ഇതൊരു സഹജമായ അന്വേഷണവാസനയാണ്. സ്വന്തം സ്വത്വത്തിന്‍റെ സൂക്ഷ്മതയിലേക്കുള്ള സഞ്ചാരം. അതില്‍ നിന്നാണ് നരവംശശാസ്ത്രമടക്കമുള്ള എല്ലാ പരിണാമ ശാസ്ത്രങ്ങളും രൂപപ്പെട്ടത്. വംശബന്ധങ്ങളെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ആദിവാസികളുടെ മുറംകുലുക്കി പാട്ടുപോലെയാണ് വംശാവലിയിലേക്കുള്ള യാത്ര. കഷ്ടിച്ച് രണ്ട് തലമുറയുടെ കഥ മാത്രം പറയാനറിയാവുന്ന ഒരാളെന്ന നിലയില്‍ ഏതൊരാളുടെയും വംശാവലിയുടെ കഥകള്‍ എന്നിലുണ്ടാക്കുന്ന വിസ്മയം പറഞ്ഞാല്‍ തീരുന്നതല്ല.  

വംശവൃക്ഷത്തെക്കുറിച്ചുള്ള സങ്കല്പം അതിപുരാതനകാലം മുതലേയുണ്ട്. പൂര്‍വ്വികരുടെ വേരുകള്‍ തേടിയുള്ള യാത്ര. 'വേരുകള്‍' എന്ന പേരില്‍ തന്നെ പ്രശസ്തമായ അലക്സ് ഹക്സിലിയുടെ നോവല്‍ ഓര്‍മ്മിക്കുന്നു. ഇതിഹാസങ്ങളെല്ലാം വംശാവലി ചരിത്രങ്ങളാകുന്നതെന്തുകൊണ്ട്. ഇന്ന് ഏറ്റവും പ്രബലമായ ഒരു പഠനശാഖ എത്നിക് ഐഡന്‍റിറ്റിയെക്കുറിച്ചുള്ളതാണ്. ഗോത്രനീതിയിലേക്കും വംശീയ ഗാഥകളിലേക്കുമുള്ള പ്രയാണമെന്ന നിലയിലാണ് എല്ലാ പ്രതിരോധങ്ങളും ആരംഭിക്കുന്നത്. സിയാറ്റിലെ മൂപ്പന്‍റെ പ്രസംഗം പോലും അതിനടിവരയിടുന്നു.

ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസിന്‍റെ വംശാവലിയാണ് ഇന്ന് ഗണിക്കപ്പെടുന്നതില്‍ ഏറ്റവും വിപുലമായ കുടുംബമരം. എണ്‍പതു തലമുറകള്‍! ലോകം മുഴുവന്‍ അത്തരം ആഭിമുഖ്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 'ആന്‍സെസ്റ്ററല്‍ ക്വസ്റ്റ്' എന്ന ജനിയോളജി സോഫ്റ്റ് വെയര്‍ ശ്രദ്ധേയമാണ്. ആഗോളവത്കരണത്തിന്‍റെ മുഖ്യമായ ആധികളിലൊന്ന് ഇതായിരുന്നു, പ്രാദേശികമായ മേല്‍വിലാസം നഷ്ടപ്പെടുക; കുടുംബബന്ധങ്ങളും വംശബന്ധങ്ങളും വിട്ട് ആഗോളമനുഷ്യനായി മാറുന്നതിന്‍റെ മാനസിക സംഘര്‍ഷങ്ങളെയും ശൂന്യതയെയും കുറിച്ചാണ് നവീനകാലത്തിന്‍റെ കലയും സാഹിത്യവുമൊക്കെ വിളിച്ചുപറയുന്നത്. ഒരാള്‍ ഇനി എന്തിലേക്ക് മടങ്ങണം? വീടുപേക്ഷിച്ചവരൊക്കെ വീട്ടിലേക്കുള്ള വഴികളിലാണ്. ആദ്യത്തെ സൈബര്‍ നോവല്‍ എന്ന വിശേഷണമുള്ള എം. മുകുന്ദന്‍റെ 'നൃത്തം' എന്ന കൃതി അവശേഷിപ്പിക്കുന്ന ബോധം ഇതുതന്നെയാണ്. തിരിച്ചറിവിന്‍റെയും തിരിച്ചുപോക്കിന്‍റെയും തിടുക്കങ്ങളാണ് ചുറ്റിനും.
ഒന്നുരണ്ട് പുസ്തകങ്ങള്‍ ഒരിക്കല്‍ കൂടി തപ്പിയെടുത്ത് വായിച്ചാല്‍ നല്ലത്. ഒ.വി. വിജയന്‍റെ 'തലമുറകളും', മാര്‍ക്കേസിന്‍റെ 'ഏകാന്തതയുടെ നൂറ് വര്‍ഷ'ങ്ങളുമാണത്. ഓര്‍മകളെ തിരിച്ചുപിടിക്കാനുള്ള അന്തര്‍ദാഹം ഒരാളുടെ ചരിത്രം അറിയാനുള്ള ആഗ്രഹം തന്നെയാണ്. ഓര്‍മയുടെ താക്കോല്‍ കളഞ്ഞുപോയ ജനതയ്ക്ക് എന്തെല്ലാം കാഴ്ചകളും അനുഭവങ്ങളും നഷ്ടമാകും. അവര്‍ തെരുവില്‍ അലയും. ചിതറിയോടും. അരക്ഷിതരായി അവരുടെ തലമുറകള്‍ അപകര്‍ഷതയോടെ ആവര്‍ത്തിക്കപ്പെടും. മനഃശാസ്ത്രത്തില്‍ കാള്‍ യൂങ്ങിന്‍റെ വരവ് വിപ്ലവകരമായി തീരുന്നതങ്ങനെയാണ്. അനാഥമായ മനസ്സോടെ ആരും പിറക്കുന്നില്ല. എത്രയോ തലമുറകളുടെ ജനിതക ഘടനകള്‍ നമ്മുടെ ഓര്‍മയിലുണ്ടാകും. പൂര്‍വ്വികരില്‍ നിന്ന് കൈമാറ്റം ചെയ്തു കിട്ടുന്ന വൈകാരിക അനുഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍,  അതാണ് കളക്ടീവ് അണ്‍കോണ്‍ഷ്യസ്. അവിടെയാണ് ആദിരൂപങ്ങള്‍ രൂപം കൊള്ളുന്നത്. ആരും തായ്വേരുകള്‍ അറുക്കേണ്ടതില്ല. എളുപ്പമല്ലെന്നല്ല അസാധ്യമാണത്. അവയെ നിലനിര്‍ത്തിക്കൊണ്ട് തളിര്‍ക്കുകയാണ് പ്രധാനം. ഒറ്റമുറി വീട്ടില്‍ പിറക്കുകയും വളരുകയും ചെയ്താലും സ്മൃതിയിലെ വീട് ചെറുതല്ല. നിറയെ അറകളുള്ള വലിയ ഒരു തറവാടു പോലെ.... മുറ്റം നീണ്ട് നീണ്ട് അതിരില്ലാതെ അതിനിടയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളും ദുരൂഹതകളും!

എല്ലാം വീട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. ഞാനോര്‍ക്കുന്നു കുറച്ചൊരു മനുഷ്യപ്പറ്റും പരിസരത്തോടുള്ള പ്രതിബദ്ധതയും രൂപപ്പെട്ടത് യൗവനത്തില്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നായിരുന്നില്ല. ഓര്‍മയുടെ അങ്ങേ അറ്റത്തുനിന്ന് കാതോര്‍ത്തിരുന്ന കോലായി ഭാഷണങ്ങളില്‍ നിന്നായിരുന്നു. എവിടെ നിന്നോ എത്തുന്ന കുറെ നല്ല മനുഷ്യര്‍ അവരില്‍നിന്ന് തുളുമ്പി വീഴുന്ന സുകൃതശകലങ്ങള്‍. അപ്പന്‍ നല്ലൊരു കേള്‍വിക്കാരനായിരുന്നു. അവരറിഞ്ഞിട്ടില്ല അവരുടെ ശ്രദ്ധയില്‍പ്പെടാതെ അരഭിത്തിയുടെ തൂണില്‍ വെറുതെ ചാരിയിരിക്കുന്ന കുഞ്ഞിന്‍റെ ഇളംബോധത്തില്‍ അവ പ്രകാശമുള്ള പരലുകളായെന്ന്. എല്ലാത്തിനും എല്ലാവരും കടപ്പെട്ടിരിക്കുന്നത് തങ്ങളുടെ വീടിനോടാണ്. വെറുതെയല്ല മാര്‍പ്പാപ്പയായി ആരോഹിതനായ മകന്‍റെ മുദ്രമോതിരം ചുംബിക്കാനാഞ്ഞ അമ്മയെ തടഞ്ഞ് മകന്‍ ഇങ്ങനെ പറഞ്ഞത്: "അമ്മാ, നിങ്ങളുടെ കയ്യിലെ ആ ക്ലാവു പിടിച്ച പിത്തളമോതിരത്തെക്കാള്‍ മഹത്വമുള്ളതല്ല മറ്റൊന്നും, ഞാനതിലൊന്ന് ചുംബിച്ചോട്ടെ."  

ക്രിസ്തുവിന്‍റെ വംശാവലിയിലേക്ക് ഒന്നു പാളി നോക്കൂ. മൂന്നു ഘട്ടങ്ങളിലായിട്ടാണ് അതിനെ തിരിച്ചിരിക്കുന്നത്. അബ്രാഹം തൊട്ട് ദാവീദു വരെ പതിനാലു തലമുറ. ദാവീദു മുതല്‍ ബാബിലോണ്‍ പ്രവാസികള്‍ വരെ മറ്റൊരു പതിനാലു തലമുറ. ബാബിലോണ്‍ പ്രവാസം തൊട്ട് ക്രിസ്തുവരെ മറ്റൊരു പതിനാലു തലമുറ. മനുഷ്യന്‍റെ ചരിത്രം ഈ വംശാവലിയില്‍ സംഗ്രഹിച്ചിട്ടുണ്ടെന്ന വേദപുസ്തകവായനകളുണ്ട്. ആദ്യത്തേത് മഹത്വത്തിന്‍റെ ഘട്ടമാണ് - കുലീനമായ കാലം. രണ്ടാമത്തേത് കളഞ്ഞുപോയ മഹത്വം - അപമാനത്തിന്‍റെയും പ്രവാസത്തിന്‍റെയും അലച്ചിലിന്‍റെയും ഊഷരമായ കാലം. ഒടുവിലത്തേത് വീണ്ടെടുക്കപ്പെടുന്ന മഹത്വം - ക്രിസ്തുവിലൂടെ മനുഷ്യരാശിക്ക് ലഭിക്കുന്ന പുതിയ നീതിബോധം, കരുണയുടെ പുതിയ നിയമം.

മനുഷ്യര്‍ കാലാകാലങ്ങളായി രൂപപ്പെടുത്തിയ ചില അതിര്‍വരമ്പുകള്‍ യേശുവിന്‍റെ വംശാവലിയില്‍ എത്ര സ്വാഭാവികമായിട്ടാണ് മാഞ്ഞുപോകുന്നത്. യഹൂദര്‍ക്കും ഇതര വംശങ്ങള്‍ക്കുമിടയിലെ അതിരില്ലാതെയാകുന്നു - ജറീക്കോയിലെ റാഹബും മോബ് വംശത്തിലെ റൂത്തുമൊക്കെ അവന്‍റെ ചരിത്രത്തിന്‍റെ ഭാഗമാകുന്നു. സ്ത്രീക്കും പുരുഷനുമിടയിലെ ഭേദങ്ങളുമില്ലാതെയാകുന്നു. പൊതുവെ അവന്‍റെ ദേശക്കാരുടെ രീതിയില്‍ സ്ത്രീകളുടെ നാമങ്ങള്‍ വംശാവലിയില്‍ അടയാളപ്പെടുത്തിയിരുന്നില്ല. അതിലും ഭംഗിയുള്ള കാര്യം പുണ്യവാനും പാപിക്കുമിടയിലുള്ള അകലമില്ലാതെയായി എന്നുള്ളതാണ്. ദേശത്തിന്‍റെ ഗണികപോലും അവന്‍റെ കുടുംബ വൃക്ഷത്തിന്‍റെ ഭാഗമാണ്. ഒരു ഇടര്‍ച്ചയുണ്ടാകുമ്പോള്‍ ഉറ്റവരെ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ഇതൊന്നും കാണാതെ പോകരുത്.

ചില സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിനായി ദൈവം കാത്തിരിക്കുന്നു എന്നതാണ് ഈ വംശാവലിയുടെ കാതലായ വിചാരം. എത്രയോ തലമുറകളുടെ സ്വപ്നമായിരുന്നു യേശുവില്‍ തളിര്‍ത്തത്, പൂവായി മണത്തത്, പഴമായി രുചിച്ചത്. അതുപോലെ പേരറിയാത്ത ഊരറിയാത്ത ഏതൊക്കെയോ തുടര്‍ച്ചകളുടെ പൂവായി നിങ്ങള്‍ സുഗന്ധം പരത്തുമോ? പഴമായി നിങ്ങള്‍ മധുരിക്കുമോ? നിങ്ങള്‍ കാലപ്രവാഹത്തിലെ ഒരു ബിന്ദു മാത്രമാണ്. നിങ്ങള്‍ക്ക് മുന്‍പും പിന്‍പുമുള്ള ബന്ധങ്ങളുടെ ഇടയില്‍ ഒരു കണ്ണി മാത്രം. അത് വല്ലാത്ത ഒരു വിനയം തരും. ഒപ്പം അത് കഠിനമായ ഉത്തരവാദിത്തം കൂടിയാണ്. നിങ്ങളുടെ കുടുംബച്ചിത്രത്തില്‍ കാലം എങ്ങനെയായിരിക്കും നിങ്ങളെ അടയാളപ്പെടുത്തുക? 

You can share this post!

ടണല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts