news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

കഴിഞ്ഞ ക്രിസ്മസ് നാളുകള്‍ ചെലവിട്ടത് ബഹ്റിനിലായിരുന്നു. അവിടുത്തെ കുര്‍ബാനക്കിടയിലെ കാറോസൂസ പ്രാര്‍ത്ഥനകളില്‍ ആദ്യത്തെതോ രണ്ടാമത്തെതോ രാജാവിനും കുടുംബത്തിനും വേണ്ടിയുള്ളതാണ്. ഇവിടെ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ അതു ദൈവേച്ഛയായി കരുതണമെന്നു പ്രബോധനമുണ്ടായി. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന പട്ടാളക്കാരുടെ കോപവും കാമവും ക്ഷമിച്ച് കുര്‍ബാന കൊടുക്കാന്‍ പുരോഹിതന്മാര്‍ ആര്‍മി ചാപ്ളിനായിട്ടു പോകാറുണ്ടല്ലോ. ആത്മീയതയുടെ മേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടാകരുതെന്നാണ് പൊതുവേ പഠിപ്പിക്കല്‍. അതിനര്‍ത്ഥം രാജാവിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ്; മോദിയുടെ മുമ്പില്‍ കൈകൂപ്പണമെന്നാണ്; യുദ്ധമെന്ന കൊടുംഭീകരതയേക്കാള്‍ ഗൗരവമുള്ളത് കോപവും കാമവുമാണെന്നാണ്. ചുരുക്കത്തില്‍, ആത്മീയതയില്‍ രാഷ്ട്രീയമില്ലെന്നതിന് അധികാരത്തിനെതിരേ സംസാരിക്കരുതെന്നേ അര്‍ത്ഥമുള്ളൂ.

രാഷ്ട്രീയം പൊടിപടലമുയര്‍ത്തുന്നു, മുദ്രാവാക്യം വിളിക്കുന്നു, സമാധാനക്കേടു സൃഷ്ടിക്കുന്നു. ആത്മീയതയാവട്ടെ, പകുതി പൂട്ടിയ മിഴികളും ശാന്തമായ ഹൃദയവും മൃദുസ്വരങ്ങളും ആണല്ലോ. അപ്പോള്‍ ആത്മീയത പരിശീലിക്കാന്‍ മൃദു ഇരിപ്പിടങ്ങളും നല്ല ഭക്ഷണവും ശീതളമായ മുറികളും കൂടിയേ തീരൂ. ഇവയൊക്കെ വേണമെങ്കില്‍ അധികാരത്തിനൊപ്പം നിന്നാലേ ആകൂ. അതുകൊണ്ടാണ് അവര്‍ സമാധാനം മതിയെന്നും രാഷ്ട്രീയം വേണ്ടെന്നും പറയുന്നത്. അവര്‍ക്ക് രാജാവും പ്രധാനമന്ത്രിയും പട്ടാളവും അവരുടെ സുഖജീവിതത്തിന്‍റെ സംരക്ഷകരാണ്. മാനത്തെ സ്വര്‍ഗ്ഗത്തെക്കുറിച്ചു പ്രസംഗിച്ചുകൊണ്ട് മണ്ണില്‍ സ്വര്‍ഗ്ഗം പണിയുന്ന ആത്മീയവാദികളുടെ അരാഷ്ട്രീയത അധികാരത്തിനു സേവ ചെയ്യുക എന്നതിനപ്പുറത്ത് ഒന്നുമല്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണു ക്രിസ്തുവിന്‍റെ രാഷ്ട്രീയം നാം വിശകലനത്തിന് എടുക്കുന്നത്.

ബെര്‍റ്റോള്‍ഡ് ബ്രഹ്തിന്‍റെ ഒരു നിരീക്ഷണമുണ്ട്; നഷ്ടപ്പെട്ടതിന്‍റെ പുറകെ പോകുന്നവര്‍ സ്വയം നഷ്ടപ്പെടുത്തും. ഇതു ക്രിസ്തുവിനെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്. അവന്‍ അബായെന്നു വിളിച്ചത് മോശയുടെയും പ്രവാചകരുടെയും ദൈവത്തെയായിരുന്നല്ലോ. ആ ദൈവം ഫറവോയെ കടലില്‍ മുക്കുകയും അടിമകള്‍ക്ക് സംരക്ഷണം കൊടുക്കുകയും ചെയ്തവനാണ്. "ഞാന്‍ നിങ്ങളോടൊപ്പമുണ്ടകും" എന്ന് എത്രയിടത്താണ് യഹോവ പറയുന്നത്! (ഉല്‍.17: 2-8; പുറ.3:12; 33:3,14-16; 34:6-10; ജറ.1:8) രാജാക്കന്‍മാരുടെ അട്ടഹാസങ്ങളല്ല അടിമകളുടെ നിലവിളിയാണല്ലോ ആ ദൈവം കേട്ടത്. ആ ദൈവത്തെ ധ്യാനിച്ച ക്രിസ്തുവിനു അതേ മാര്‍ഗമല്ലാതെ മറ്റൊന്നില്ല. അങ്ങനെ പേരും ഊരുമില്ലാത്ത നഷ്ടപ്പെട്ടവരുടെ കൂടെക്കൂടി, അവന്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തുകയാണ്.

ക്രിസ്തുവിന്‍റെ രണ്ടു നിലപാടുകള്‍ മാത്രമൊന്നു പരിശോധിക്കുകയാണ്. സാബത്തുദിവസം കൈ ശോഷിച്ചവനെ സുഖപ്പെടുത്തിയ സംഭവമെടുക്കുക. ക്രിസ്തുവിന് ഒരു മുപ്പതു വയസ്സും അയാള്‍ക്ക് ഒരു ഇരുപതു വയസ്സും സങ്കല്‍പ്പിക്കാം. സാബത്തിന്‍റെ പിറ്റേന്ന് യേശുവിനയാളെ സുഖപ്പെടുത്താവുന്നതേയുള്ളു. ഇരുപത് കൊല്ലം ശോഷിച്ച കൈയുമായി നടന്നവന് ഇരുപത്തിനാലു മണിക്കൂറുകൂടി അങ്ങനെ നടന്നാല്‍ കുഴപ്പമൊന്നുമില്ല. എന്നിട്ടും അന്നേ ദിവസംതന്നെ, സാബത്തു ലംഘിച്ച്, സൗഖ്യം കൊടുക്കുകയാണ് ക്രിസ്തു. ഇനി, അക്കാര്യം ആരും കാണാതെയും ചെയ്യാവുന്നതേയുള്ളൂ. അങ്ങനെയും അവന്‍ ചിലപ്പോഴൊക്കെ ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ അന്നേ ദിവസം സകലരുടെയും മദ്ധ്യത്തിലേക്ക്(മര്‍ക്കോ. 3:3) അയാളെ വിളിച്ച് നിര്‍ത്തിയിട്ടാണ് ക്രിസ്തു സൗഖ്യം കൊടുക്കുന്നത്. അതിനൊടുക്കം നമ്മള്‍ വായിക്കുന്നു, "യേശുവിനെ നശിപ്പിക്കാന്‍ വേണ്ടി ആലോചന തുടങ്ങി." അധികാരത്തിന്‍റെ മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കാതെ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവന്‍ സ്വന്തം വിധി വരുത്തിവയ്ക്കുകയാണ്. അവന്‍റെ ഇടപെടലുകളുടെ ആദ്യനാളുകളില്‍ അവനു ചുറ്റും വലിയ ആള്‍ക്കൂട്ടമൊക്കെയുണ്ടായിരുന്നല്ലോ. ഒപ്പം അവന്‍റെ ലോകത്തില്‍ വിടര്‍ന്ന ലില്ലിപ്പൂക്കളും പാടുന്ന കിളികളും ഉണ്ടായിരുന്നു. പിന്നീട് അവന് അതെല്ലാം നഷ്ടമാകുന്നുണ്ട്. ടയര്‍-സീദോന്‍ പ്രദേശങ്ങളിലേക്ക് ആരാലും കാണപ്പെടാതിരിക്കാന്‍വേണ്ടി അവനു പിന്‍വാങ്ങേണ്ടിവരുന്നുണ്ട്(മര്‍ക്കോ.7:24). വെള്ളയടിച്ച കുഴിമാടങ്ങള്‍, അന്ധരായ മാര്‍ഗദര്‍ശികള്‍, കപടനാട്യക്കാര്‍ തുടങ്ങിയ വാക്കുകളുപയോഗിച്ച് മതാധികാരത്തിനുനേര്‍ക്ക് കൈചൂണ്ടുന്നവന് ഇതല്ലാതെ മറ്റെന്താണ് വിധിയൊരുക്കി വച്ചിരിക്കുന്നത്? അധികാരത്തിന്‍റെ കാലുകഴുകുന്നത് ആത്മീയതയല്ല, ഭീരുത്വമാണ്. അധികാരം അര്‍ഹിക്കുന്ന ഒരേയൊരു പ്രതികരണം കൈചൂണ്ടലാണ്. അങ്ങനെ അവന്‍റെ ആത്മീയതയ്ക്കു കൃത്യമായ രാഷ്ട്രീയ മാനമുണ്ടകുന്നു.

രാഷ്ട്രീയാധികാരത്തോടുള്ള ക്രിസ്തുവിന്‍റെ മനോഭാവം കൂടി നമുക്ക് പരിശോധിക്കാം. സീസറിനു നികുതി കൊടുക്കണോ എന്ന ചോദ്യത്തിനുള്ള അവന്‍റെ പ്രസിദ്ധമായ മറുപടി മര്‍ക്കോസ് പന്ത്രണ്ടാം അദ്ധ്യായത്തിലാണ്. ബി.സി. 63ല്‍ പോംപേയാണ് പാലസ്തീനില്‍ ഓരോ തലയ്ക്കും നികുതിയേര്‍പ്പെടുത്തിയത്. യേശുവിന്‍റെ കാലത്ത് ആ നികുതി കൊടുക്കേണ്ടിയിരുന്നതു വെള്ളിനാണയമായിട്ടാണ്. ആ നാണയത്തിന്‍റെ ഒരു വശത്തുണ്ടായിരുന്നത് തിബേരിയൂസ് സീസറിന്‍റെ അര്‍ദ്ധകായ ചിത്രമായിരുന്നു. മറുവശത്ത് അയാളുടെ അമ്മ ലിവിയ ഒരു കൈയില്‍ അധികാര ദണ്ഡും മറുകൈയില്‍ ഒലിവു ശാഖയും പിടിച്ചു നില്‍ക്കുന്ന ചിത്രവും. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നതായിരുന്നല്ലോ യേശുവിന്‍റെ മറുപടി. ദൈവത്തിന്‍റെ സ്വന്തം എന്ത് എന്നതിനെപ്പറ്റി യഹൂദ പാരമ്പര്യം കൃത്യമായി പറയുന്നുണ്ട്. "നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്‍ക്കരുത്. എന്തെന്നാല്‍ ഭൂമി എന്‍റേതാണ്. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ്"(ലേവ്യര്‍ 25:23). അപ്പോള്‍ ദൈവത്തിന് സ്വന്തമായിട്ടുള്ളത് ആ ഭൂമിയും അവിടുത്തെ വയലുകളും ധാന്യവും എണ്ണയും ആ മണ്ണിലെ സ്വര്‍ണ്ണവും വെള്ളിയും അവിടെ ജീവിക്കുന്ന മനുഷ്യരും അവരുടെ സ്വാതന്ത്ര്യവും എല്ലാമെല്ലാമാണ്. അപ്പോള്‍ സീസറിനു സ്വന്തമായിട്ടുള്ളതോ? ആ നാണയത്തിലെ വെള്ളിപോലും അയാളുടേതല്ല. പിന്നെയാകെയുള്ളത് ആ നാണയത്തില്‍ അയാള്‍ തന്നെ കൊത്തിവച്ചിരിക്കുന്ന അയാളുടെയും അമ്മയുടെയും പടങ്ങള്‍ മാത്രം.(Samuel Rayan, Jesus : The Relevacne of His Person and Message for OurTimes, pp. 146-þ-154).  ഈ സീസറിനു പാദസേവചെയ്ത ഹേറോദേസിനെ വിളിക്കാന്‍ യേശു സൂക്ഷിച്ചുവച്ച പദം 'കുറുക്കാ' എന്നതാണ്. ആത്മീയകാര്യങ്ങളെക്കുറിച്ച് മാത്രം ആകുലപ്പെടുകയും രാഷ്ട്രീയമില്ലെന്ന് അഭിനയിക്കുകയും അധികാരത്തിന്‍റെ ഇടനാഴികകളില്‍ സ്വച്ഛന്ദം വിഹരിക്കുകയും ചെയ്യുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ മുന്‍പറഞ്ഞ രീതിയിലുള്ള കൃത്യമായ രാഷ്ട്രീയത്തെക്കുറിച്ച് എന്താണാവോ വ്യാഖ്യാനം ചമയ്ക്കാനുള്ളത്?

നസ്രത്തില്‍ വച്ച് തന്‍റെ പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്ന യേശു പറയുന്നത് ബന്ധിതര്‍ക്ക് മോചനം പ്രഖ്യാപിക്കാന്‍ താന്‍ വന്നിരിക്കുന്നു എന്നാണല്ലോ(ലൂക്കാ 4:18). മോചനം എന്ന വാക്കിന്‍റെ ഗ്രീക്കു മൂലം 'അഫേസിസ്' എന്നാണ്(ലൂക്കാ 24:47). ക്രിസ്തുവിന്‍റെ ദൗത്യത്തിലും ശിഷ്യന്മാരുടെ ദൗത്യത്തിലും ഒരേ വാക്കു കാണുന്നതിനര്‍ത്ഥം ദൗത്യം ഒന്നുതന്നെയാണെന്നാണല്ലോ. എങ്കില്‍ അവന്‍റെയും ശിഷ്യന്മാരുടെയും രാഷ്ട്രീയ നിലപാടുകളിലും അന്തരമുണ്ടാകാന്‍ പാടില്ല. അതുണ്ടായിരുന്നില്ല എന്നതിന്‍റെ തെളിവ് നടപടി പുസ്തകത്തിലുണ്ട്. തെസലോനിക്കായിലെ ആദിമ ക്രിസ്ത്യാനികളെക്കുറിച്ച് കോടതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണം ഇതാണ്: "ലോകത്തെ തലകീഴ് മറിച്ച ഈ മനുഷ്യര്‍ ഇതാ, ഇവിടെയും വന്നിരിക്കുന്നു... യേശുവെന്ന മറ്റൊരു രാജാവിന്‍റെ പേരുപറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്‍റെ കല്‍പനകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു..."(നടപടി 17:6-7).

അധികാരത്തിന്‍റെ മുമ്പില്‍ അനുസരണം മാത്രമേ പാടുള്ളൂ എന്നു ബൈബിളില്‍ തൊട്ടു പ്രസംഗിക്കുന്നവര്‍ ബൈബിള്‍ കുറച്ചുകൂടി വായിക്കേണ്ടതുണ്ട്. 

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts