news-details
സഞ്ചാരിയുടെ നാൾ വഴി

ജീവിക്കുന്നുവെന്നതിന്‍റെ അടയാളം ചലനമാണ്. അങ്ങനെയെങ്കില്‍ ഈ വെള്ളിത്തിര മുഴുവന്‍ ജീവിതമാണ്. ഒന്നിനുമീതെ മറ്റൊന്നായി ഉയരുന്ന അലകള്‍. ജീവിച്ച ജീവിതം, ജീവിക്കാതെപോയ ജീവിതം, ജീവിക്കാമായിരുന്ന ജീവിതം ഒക്കെ അതിലുണ്ട്. നങ്കൂരങ്ങളില്ലാതെ അകന്നകന്നു പോകുന്ന കപ്പലിന്‍റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്ന കാണി ജീവിതത്തിന്‍റെ മറ്റൊരു തുറസ്സ് കണ്ടു തുടങ്ങുകയാണ്. കാലം ഉണര്‍വിലാണ് എന്ന ബോധം മനുഷ്യന്‍റെ നിലനില്‍പ്പിന് ഓക്സിജന്‍പോലെ പ്രധാനമാണ്.

നല്ല സിനിമയ്ക്ക് മാത്രമായി ഒരാത്മീയതയൊന്നുമില്ല. മനുഷ്യമനസ്സ് കുറ്റബോധങ്ങളില്ലാതെ അഭിരമിക്കുന്ന ചെറുതും വലുതുമായ അനുഭവങ്ങളിലെല്ലാം ആത്മീയതയുടെ പ്രസാദപരാഗണങ്ങളുണ്ട്. ആ അര്‍ത്ഥത്തിലാണ് ഈ പഴയകഥ മനസ്സിലാക്കേണ്ടത്; പതിവ് സന്ധ്യാപ്രാര്‍ത്ഥനയുടെ നേരത്ത് ഗുരു പറഞ്ഞു: ഇന്ന് നമുക്ക് ഒരു പ്രാര്‍ത്ഥന കാണാം, പിന്നെ തിരശ്ശീല ഉയരുകയും നൃത്തമാരംഭിക്കുകയും ചെയ്തു. മനുഷ്യരാശിയോടു സംവേദിക്കുന്ന ഏത് ആത്മാവിഷ്ക്കാരങ്ങളിലും ആത്മീയതയുടെ തളിര്‍പ്പുണ്ട്. ഇരുളും വെളിച്ചവും ഇഴ നെയ്യുന്ന ഒരു സാങ്കേതിക പ്രതിഭാസത്തില്‍നിന്ന് കാണികള്‍ക്ക് വെളിച്ചത്തിന്‍റെ തുണ്ടുകള്‍ ബാക്കി കിട്ടുന്നു.

സിനിമയിലെ ആത്മീയ സാന്നിദ്ധ്യം മതപരമല്ല, അലൗകികവുമല്ല. അത്, പ്രകാശ ശാസ്ത്രത്തിന്‍റെ യുഗാരംഭത്തിനു കാരണം കുറിച്ച, വൈയക്തികകിരണങ്ങള്‍ കൊണ്ടുണ്ടാക്കപ്പെട്ടതാണ് എന്ന അറിവിനു പൂരകമാണ് വെളിച്ചത്തിന്‍റെയും ചലനത്തിന്‍റെയും കലയായ സിനിമ.

ലോകം ഓരോ നിമിഷവും ചെറിയ ചെറിയ കളങ്ങളായി ചുരുങ്ങുമ്പോള്‍, ഭിന്നിച്ചുപോയ ഭാഷാസമൂഹങ്ങളുടെ കിനാവ് അതു മാത്രമാണ്: എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു പൊതുഭാഷ. ഓര്‍ക്കണം ക്രിസ്തീയ ധര്‍മ്മത്തില്‍ത്തന്നെ മുപ്പത്തിമൂവായിരം വിഭാഗങ്ങളുണ്ട്. പെന്തക്കോസ്തയുടെ സാക്ഷ്യം ഓര്‍ക്കണം: ആകാശത്തിനു കീഴെയുള്ള എല്ലാ ഇടത്തിലെയും മനുഷ്യര്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കെല്ലാം പത്രോസ് പറഞ്ഞ നാട്ടു ഭാഷ മനസ്സിലായി. സിനിമ ഒരു പൊതുഭാഷയാണ്. ആ സാര്‍വ്വലൗകികഭാഷയില്‍ പദങ്ങള്‍ ചുരുങ്ങുന്നു. ഓര്‍മ്മിക്കണം. നിശ്ശബ്ദചിത്രങ്ങളുടേതായിരുന്നു സിനിമയുടെ ആദ്യകാലം. ആദ്യത്തെ മലയാള ചിത്രവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ഒരു ഫലിതം പോലെ. വിഗതകുമാരനാണത്, എന്ന് നമുക്കറിയാം. എന്നാല്‍ ഒരു നിശബ്ദ ചിത്രത്തെ മലയാള ചിത്രമായി കരുതാനുള്ള കാരണങ്ങളാണ് അധികാരികള്‍ക്ക് ബോധ്യപ്പെടേണ്ടത്.
അനുഭൂതികളെ വ്യാഖ്യാനിക്കാനാണ് ഭാഷ. വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാത്ത ഭാഷയാണ്. സെല്ലുലോയിഡിന്‍റേത്. കാഴ്ചയുടെ പ്രസക്തി അതാണ്. അന്ധത ദുഃഖം തന്നെയായി മാറുന്നത് അങ്ങനെയാണ്. റോം വിടുമ്പോള്‍, ഇഗ്നേഷ്യസ് ഓഫ് ലയോള ഫ്രാന്‍സീസ് സേവ്യറിന് കൊടുക്കുന്ന ഏക നിര്‍ദ്ദേശമതായിരുന്നുwherever you go learn the language.  അത് സംവേദനങ്ങളുടെ മാത്രം പ്രശ്നമല്ല സമീപനങ്ങളുടെയും, സംസ്ക്കാരങ്ങളുടെയും കാര്യമാണ്. ഭൂമിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും എന്തെങ്കിലും ആകുലതകള്‍ പുലര്‍ത്തുന്നവര്‍ക്ക് സിനിമയുടെ ഭാഷയെ കാണാതിരിക്കുക അസാദ്ധ്യവും അപകടകരവുമാണ്.

Movies that matter  എന്ന പുസ്തകമെഴുതിയ റിച്ചാര്‍ഡ് ലിയനോര്‍ഡ് എന്ന ജെസ്യൂട്ട് പുരോഹിതന്‍ ചലച്ചിത്രത്തെ വിശ്വാസത്തിന്‍റെ ലെന്‍സിലൂടെ കാണാന്‍ ശ്രമിക്കുന്നത് കൗതുകകരമാണ്. അവന്‍ നിങ്ങള്‍ക്ക് മുമ്പേ ഗലീലിയിലേക്ക് പോയി എന്ന ഉയിര്‍പ്പിന്‍റെ സുവിശേഷമായിട്ടാണയാള്‍ അത് വായിച്ചെടുക്കുക. മനുഷ്യന്‍ സജീവമായി നില്‍ക്കുന്ന എല്ലാ ഇടങ്ങളിലും ഭൂമിയുടെ ആ സ്നേഹസാന്നിദ്ധ്യം പുഞ്ചിരി തൂകുന്നുണ്ട്. കഥകള്‍ കൂടാതെയൊന്നും അവന്‍ സംസാരിച്ചിട്ടില്ലായെന്നായിരുന്നില്ലേ വേദപുസ്തകത്തിന്‍റെ സാക്ഷ്യം. ഏറ്റവും നല്ല പാഠങ്ങള്‍ മനുഷ്യര്‍ അഭ്യസിക്കുന്നത് കഥകളിലൂടെയാണെന്നും ആ കഥകള്‍ ഏറ്റവും സജീവമായി മാറുന്നതു വെള്ളിത്തിരയിലാണെന്നും പറയുമ്പോള്‍ അതിലാര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ. ഈ ദേശത്തെ ഏറ്റവും നല്ല കഥ പാരമ്പര്യങ്ങളുടെ തട്ടകമായ കടത്തനാടന്‍ പെരുമകള്‍ പോലും ഉദയാചിത്രങ്ങളായിട്ടാണ് ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ പതിഞ്ഞിട്ടുള്ളത്!

കാലമാണ് എല്ലാ ആത്മീയ വിചാരങ്ങളുടെയും അച്ചുതണ്ട്. ഘടികാരത്തിന്‍റെ സ്പന്ദനമല്ല അതിന്‍റെ ഏകകം. ക്രോണോസ്, കെയ്റോസ് എന്ന രണ്ടു പദങ്ങള്‍പോലും ഉപയോഗിക്കപ്പെടുന്നു. ആദ്യത്തേത് ട്രെയിന്‍ വിട്ടുപോകുമെന്നോ, മേലധികാരികളുടെ ചീത്ത കേള്‍ക്കുമോ എന്നൊക്കെ ഉറപ്പിക്കുന്ന സമയമാണ്. രണ്ടാമത്തേത് നിത്യതയുടെ സ്പര്‍ശമുള്ള ഒന്ന്. സ്നേഹത്തില്‍ നിത്യതയുടെ സ്പര്‍ശനമുണ്ടെന്ന് നാം കരുതുന്നത് സ്നേഹിക്കപ്പെടുന്നവര്‍ക്കിടയില്‍ കടന്നുപോകുന്ന സമയത്തെക്കുറിച്ച് അവര്‍ക്ക് ആലുകതകളൊന്നുമില്ലാത്തതുകൊണ്ടാണ്. സിനിമ ഘടികാരത്തിന് അടിമപ്പണി ചെയ്യുന്നില്ല. ലളിതമായ ഒരു ഫ്ളാഷ്ബാക്ക് കൊണ്ടുപോലും അത് ഘടികാരത്തെ നേരിടുകയാണ്. ആളൊഴിഞ്ഞ റയില്‍വേ സ്റ്റേഷനിലിരിക്കുമ്പോള്‍ ട്രാക്കിലൂടെ കടന്നുപോകുന്ന എന്‍ജിന്‍ നോക്കി നിന്നിട്ടുണ്ട്. പൊടിപടലങ്ങളും ചവറുകളും ഉണങ്ങിയ ഇലകളും കുറച്ചുദൂരം മാത്രം എന്‍ജിനു പുറകേ കാറ്റിലുയര്‍ന്നു യാത്ര ചെയ്യും. പിന്നെ ഏതൊക്കെയോ ദിശകളിലേക്ക് അടക്കമില്ലാതെ പറന്നുയരും. ഇന്നലെകള്‍ എവിടേക്കാണ് പറന്നുപോയത്.

വിശ്വപ്രസിദ്ധരായ സംവിധായകരും സിനിമാഗവേഷകരും എത്തിനില്‍ക്കുന്നത് സമയമെന്ന സങ്കല്‍പത്തിലാണ്. തര്‍ക്കോവസ്ക്കിയുടെ ഗ്രന്ഥത്തിന്‍റെ പേരുപോലും Sculting intime എന്നായത് വെറുതെയല്ല. കാലത്തിന്‍റെ കടങ്കഥയിലാണ് സിനിമയുടെ നിലനില്‍പ്പ്. കുളിപ്പടവുകള്‍ പുറകോട്ടോടിയോടി എണ്ണിയെണ്ണി ചുരുങ്ങുന്ന ഒരു ദൃശ്യം അടൂരിന്‍റെ അനന്തരത്തിലൂണ്ട്. ജീവിതസായാഹ്നങ്ങളില്‍ പ്രണയിക്കുന്നവരെപ്പോലെ കൈക്കുപിടിച്ച് പുറകോട്ട് ഓടി ഓടി കൊത്താരം കല്ലു കളിക്കുന്ന മൈതാനത്തിലെത്തി ഉറക്കെ ചിരിക്കുന്നു കാലം! സമയത്തോളം വലിയ യാഥാര്‍ത്ഥ്യമില്ല. ഭാവനയും! ഹോളിവുഡിലിപ്പോള്‍ മുന്നോട്ട് പോകുന്ന കാലത്തോടാണ് മമത.

മരണബോധമാണ് മറ്റൊരു പ്രധാനപ്പെട്ട പൊതുഘടകം. ശരിയായ രാഷ്ട്രീയ ചിത്രത്തിന് കൊടികളും മുദ്രാവാക്യങ്ങളും ആവശ്യമില്ലെന്ന് പറയുന്നതുപോലെ മതപരമായ രൂപകങ്ങളുടെ ധാരാളിത്തമോ എന്തിന് സാന്നിധ്യംപോലും ഇല്ലാതെയാണ് വെള്ളിത്തിര ആ പുരാതന സമസ്യയെ അഭിസംബോധന ചെയ്യുന്നത്. ചിലപ്പോള്‍ അത് ബെര്‍ഗ്മാന്‍റെ സെവന്‍ത് സീലിലെന്നപോലെ ഫിലോസഫിക്കലാകുന്നു. കറുപ്പും വെളുപ്പും കളങ്ങളും കരുക്കളുമായി ആരോ ഒരാള്‍ നിരന്തരം നിങ്ങളുമായി ചതുരംഗം കളിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ അത് August Rush എന്നപോലെ ലളിതവും തീവ്രവുമാകാം. കണ്ടുകൊണ്ടിരിക്കുന്ന ചിത്രത്തെക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതാണ് നിങ്ങള്‍ ജീവിച്ചുതീര്‍ക്കുന്ന ജീവിതമെന്ന് ദീര്‍ഘനിശ്വാസത്തില്‍ അരങ്ങിലെ വെട്ടവും കെട്ടുപോകുന്നു. വെറുതെ ഒരു കൗതുകത്തിനായി തെളിഞ്ഞോ മറഞ്ഞോ മരണം പ്രമേയമായി വരുന്ന മലയാള ചിത്രങ്ങളുടെ പട്ടിക ഓര്‍ക്കൂ: ഹൃദയം ഒരു ദേവാലയം, മദനോത്സവം, വിടപറയും മുമ്പേ, ശാലിനി എന്‍റെ കൂട്ടുകാരി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, സുകൃതം, മൂന്നാം പക്കം, ട്രാഫിക്ക്... മരണത്തിന്‍റെ ഒരിത്തിരി തണുപ്പ് കൈ വെള്ളയില്‍ ഉണ്ടെന്ന് തിരിച്ചറിയുന്ന ഏതൊരാള്‍ക്കും കുറേക്കൂടി ആര്‍ജ്ജവമുള്ളൊരാളായി പരിണമിച്ചേ പറ്റൂ. മടങ്ങുംമുമ്പ് തിടുക്കത്തില്‍ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ത്തേ പറ്റൂ.

അടഞ്ഞിരിക്കുന്ന ലോകത്തിന്‍റെ മോചനം സിനിമയുടെ അടിസ്ഥാന സങ്കല്‍പങ്ങളിലൊന്നാണ്- Disclose the world. മാര്‍ട്ടിന്‍ ഹൈഡഗര്‍ On the origin of the world art എന്ന പുസ്തകത്തില്‍ സിനിമയുടെ ഈ മൂല്യത്തെക്കുറിച്ച് പറയുന്നുണ്ട്. എല്ലാത്തരം ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രവേശനമുള്ള ഒരിടം പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പ്രചീനതയുള്ള ഇരുണ്ട ഗുഹയിലൂടെ നടന്നുപോകുമ്പോള്‍ ഒരു നരവംശ ശാസ്ത്രജ്ഞന്‍ തന്നോടു തന്നെ മന്ത്രിച്ചതുപോലെ they were here  എല്ലാവരും ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ആ അറിവില്‍ എല്ലാത്തിനോടും പുതിയൊരാദരവുണ്ടാകുന്നു.

സത്യാന്വേഷണങ്ങളുടെ ഭൂപടംകൂടിയാണ് പലപ്പോഴും ഈ തിരശ്ശീല. 'റോഡ് മൂവീസ്' യാത്രകളുടെ ഡോക്യുമെന്‍ററിയല്ല. സ്വന്തം ഉണ്മയുടെ പൊരുള്‍ തിരയുകയാണവര്‍. ലോകം കാണാനിറങ്ങിയ വര്‍ത്തമാന സിദ്ധാര്‍ത്ഥന്മാര്‍! മോട്ടോര്‍ സൈക്കിള്‍ ഡയറീസൊക്കെ ഈ പശ്ചാത്തലത്തില്‍ ഒരാള്‍ കണ്ടുതുടങ്ങേണ്ടത്. നിശ്ശബ്ദമായ ആഘാതങ്ങള്‍കൊണ്ട് നമ്മുടെ ഹൃദയത്തെ പരിക്കേല്‍പ്പിക്കുന്ന into the wild പ്രത്ര്യേകം ഓര്‍ക്കുന്നു. വന്യവും അരക്ഷിതവുമായ യാത്രകള്‍ക്ക് പ്രേരണയാകുന്ന പടമാണിത്. അസംതൃപ്തമായ ജീവിതം നയിച്ചിരുന്ന മാതാപിതാക്കളായിരുന്നു ക്രിസ് എന്ന അമേരിക്കന്‍ യുവാവിന്‍റേത്. ഭൗതികവും വ്യവസ്ഥാപിതവുമായ എല്ലാ ചുറ്റുപാടുകളോടും അതൃപ്തനായി സ്വന്തം സ്വതം കണ്ടെത്താനുള്ള ഉള്‍പ്രേരണയില്‍ ജീവിതവുമായി തന്നെ ചേര്‍ത്തുനിര്‍ത്തുന്ന എല്ലാം നശിപ്പിച്ച് പണവും ഐഡന്‍റിറ്റി കാര്‍ഡും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തിച്ചു കളഞ്ഞ്, അലക്സാണ്ടര്‍ സൂപ്പര്‍ ട്രാമ്പ് എന്ന് സ്വയം പേര് വിളിച്ച് അലാസ്കന്‍ വനങ്ങളിലേക്ക് അയാള്‍ മറഞ്ഞുപോകുകയാണ്. എന്തിനെന്നറിയാതെ മാറിമാറി വരുന്ന ഋതുക്കളിലൂടെ ഉഴറിയും വിശന്നും ദാഹിച്ചും ഒടുവില്‍ ഒരു വിഷച്ചെടി ഭക്ഷിച്ച് ഒടുങ്ങുന്ന അയാളുടെ ജീവിതം. സ്വാതന്ത്ര്യം ആത്മീയാന്വേഷണം തുടങ്ങിയവയുടെ നല്ലൊരു രൂപകമാണ് അയാളുടെ കഥ. എല്ലാവരും അന്വേഷണത്തിലാണ്. അതിന് ലക്ഷ്യത്തെക്കുറിച്ച് വ്യക്തതപോലും വേണമെന്നില്ല. പുഴയില്‍ തെളിഞ്ഞു കണ്ട കിളിയെ ശിരസ്സുയര്‍ത്തി നോക്കുമ്പോള്‍ മീതെ ഒന്നുമില്ല. എന്നാല്‍ അതിനെ കണ്ടെത്തിയിട്ടാവട്ടെ എന്ന രീതിയില്‍ ജീവിതം വഴിമാറിയ ബുദ്ധകഥകളിലെ ബാലനെപ്പോലെ!വാര്‍ദ്ധക്യത്തില്‍ തളര്‍ന്നുവീഴുമ്പോള്‍ എവിടെനിന്നോ ആ അപൂര്‍വ്വ പക്ഷിയുടെ തൂവല്‍ അയാളുടെ നെഞ്ചില്‍ അടര്‍ന്നു വീഴുന്നു. ശാഠ്യങ്ങളോ വാശികളോ ഉപദേശങ്ങളോ ഇല്ലാതെ സൗമ്യമായ ഒരു വിമലീകരണം സംഭവിക്കുന്നുണ്ട് ഈ കൊട്ടക കാഴ്ചകളില്‍.

സിനിമയുടെ പുരോഗതി മാനവ ചരിത്രത്തിലുണ്ടാക്കിയ ഗൗരവമായ വ്യത്യാസമിതാണെന്ന് മാര്‍ഗരറ്റ് മില്‍സ് നിരീക്ഷിക്കുന്നു: പള്ളിയുടെ നിയന്ത്രണത്തില്‍നിന്നും മേല്‍നോട്ടത്തില്‍നിന്നും പൊതുജീവിതത്തിന് കിട്ടിയ സ്വാതന്ത്ര്യം! കോണ്‍ഗ്രിഗേഷന്‍സ് ഓഡിയന്‍സായി മാറി. എന്നിട്ട് വിനോദത്തിന്‍റെ മുഖപടത്തിനുള്ളില്‍ പുതിയ മൂല്യബോധങ്ങള്‍ രൂപപ്പെട്ടു. കൈമാറി. എതിര്‍ക്കപ്പെട്ടു. സമവായങ്ങള്‍ ഉണ്ടായി. (Seeing and Believing Religion and Values in the Movies). ഇതിന്‍റെ അര്‍ത്ഥം നന്മയ്ക്കുള്ള വാഴ്ത്തുകളായിരുന്നു എല്ലാ വിശ്വോത്തര സിനിമകളും എന്നായിരുന്നില്ല. നടുക്കുന്ന തിന്മകളും കാലിടറിക്കുന്ന ഭ്രമങ്ങളും സിനിമയുടെ ഇഷ്ടവിഷയങ്ങള്‍ തന്നെയായിരുന്നു. പഴയ മതബോധന പാഠങ്ങളില്‍ നന്മയുടെ അഭാവത്തില്‍ ലോകം എങ്ങനെയായിരുന്നുവെന്ന് സങ്കല്‍പിക്കാനുള്ള ക്ഷണങ്ങളുണ്ടായിരുന്നു. ചില പ്രകാശത്തിന്‍റെ പൊട്ടുകളില്ലാതെ ജീവിതം എത്ര ഭയാനകമായിരിക്കുന്നുമെന്ന ഓര്‍മ്മപ്പെടുത്തല്‍പോലും ചെറിയ കാര്യമല്ല. എല്ലാ പാപങ്ങളുടെയും ശമ്പളം മരണമാണെന്ന വേദവായനയ്ക്ക് നീതീകരണമായിപ്പോലും അവയെ എണ്ണാവുന്നതാണ്.

വെളിച്ചത്തില്‍ തെളിയുന്നവയല്ല - ഇരുളില്‍ തെളിഞ്ഞ മിഴികളാണ് വെള്ളിത്തിരയുടെ ആത്മീയതയെ നിര്‍ണ്ണയിക്കുന്നത്. വെളിച്ചത്തിന്‍റെ മേടുകള്‍ അവസാനിക്കുന്നതിനെക്കുറിച്ച് ആധികള്‍ സൂക്ഷിക്കുന്നവരാണ് നാം. താല്‍ക്കാലികമായ ഇരുട്ടിനെപ്പോലും അസഹിഷ്ണുതയോടെ മറികടക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീയറ്ററിലെത്തുമ്പോള്‍ ഇരുട്ടിനെ പ്രണയിക്കുന്നു. അവിടെ ഇരുട്ട് സിനിമയുടെ സ്വാഭാവിക പരിസരം മാത്രമല്ല, ഇരുട്ടിന് ഒരു ഹൃദയമുണ്ട്, വശ്യമായ സ്വകാര്യതയുണ്ടെന്ന് കാണികള്‍ ആത്മഹര്‍ഷത്തോടെ തിരിച്ചറിയുകയാണ്. വെളിച്ചത്തിന്‍റെ പൊട്ടുകള്‍ മനസ്സിന്‍റെ ഇരുട്ടറകളെ പ്രഭാപൂരമാക്കുന്നു. ഇന്നോളം ഇരുട്ട് നല്ലതല്ലാത്ത എല്ലാത്തിന്‍റെയും സൂചനയായിരുന്നു. ഇനിയങ്ങനെയല്ല. ഇരുട്ടിനുമുണ്ട് ഒരു സൗന്ദര്യശാസ്ത്രം. ഇരുട്ടിലാണ് എല്ലാം വിരിയുന്നതും വിടരുന്നതും - അത്ഭുതങ്ങളുടെ ഖനി!

ഒന്നൂകൂടി, നിങ്ങള്‍ ജീവിച്ച ജീവിതത്തെക്കാള്‍ മീതെയല്ല തിരശ്ലീലയിലെ ജീവിതം. അത് എത്ര പകിട്ടില്‍ രേഖപ്പെടുത്തിയാലും അത് തിരിച്ചറിയാതെ പോകുമ്പോഴാണ് രസികന്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് - അതെ ഫാന്‍സ് അസോസിയേഷന്‍. ദൈവം പൊറുക്കട്ടെ!

You can share this post!

ടണല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts