മക്കയിലേക്കുള്ള തീര്‍ത്ഥാടനമായ ഹജ്ജിനു പോകുക എന്നത് അബുവിന്‍റെയും ഐഷുമ്മയുടെയും വലിയൊരു സ്വപ്നമായിരുന്നു. അതിനുവേണ്ടി തങ്ങളാലാവുന്നതെല്ലാം അവര്‍ ചെയ്തു. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് ഹജ്ജിനു പോകാനാകുന്നില്ല. കൂട്ടിവച്ചതൊന്നും തികയുന്നില്ല. മുറ്റത്തെ പ്ലാവ് മുറിച്ചു വിറ്റു. പശുവിനെ വിറ്റു. ഒരുക്കങ്ങളുടെ ഭാഗമായി പഴയ കടങ്ങളെല്ലാം വീട്ടി. താന്‍ ഒരിക്കല്‍ വഴക്കിട്ട സുലൈമാനോട് തെറ്റ് ഏറ്റുപറഞ്ഞ്, സൗഹൃദം പുനഃസ്ഥാപിക്കാനായി കിലോമീറ്ററുകളോളം യാത്ര ചെയ്തു. എന്നിട്ടും ഹജ്ജ് സ്വപ്നം സാക്ഷാത്കരിക്കാന്‍ അബുവിന് സാധിക്കുന്നില്ല. മക്കയില്‍ ഹജ്ജ് നടക്കുന്ന ദിവസം വിങ്ങിപ്പൊട്ടുന്ന മനസ്സുമായി രണ്ടാളുമിരുന്നു. അബു ചോദിക്കുന്നുണ്ട്: "അയ്ഷൂ, ഇത്രയൊക്കെ ആഗ്രഹിച്ചിട്ടും എന്തോണ്ടാകും നമുക്കതിനുള്ള വിധിയില്ലാതായത്?" മൗനത്തോടെ കണ്ണീരു തുടച്ചിരുന്നു ഐഷുമ്മ. "പ്ലാവ് മുറിച്ചത് പടച്ചോന് ഇഷ്ടമായിട്ടുണ്ടാകൂലല്ലേ... അതുമൊരു ജീവനല്ലേ അയ്ഷു..."
പ്രായശ്ചിത്തമായി ഒരു പ്ലാവിന്‍തൈ നട്ട് വെള്ളമൊഴിച്ചുകൊടുത്തിട്ട്, നിസ്ക്കരിക്കാനായി അബു നടന്നുനീങ്ങുന്നു... മരത്തിനും ജീവനുണ്ടായിരുന്നു. തന്‍റെ വീടിനു മുന്നിലുള്ള മരം മുറിക്കുമ്പോള്‍ അതിലുള്ള നിരവധി ജീവനുകള്‍ മരിച്ചിട്ടുണ്ടാവണം. തനിക്ക് ഹജ്ജിനു പോകാനാവാത്തതിന്‍റെ ഒരു കാരണം അതായിരിക്കണമെന്ന് അബു അനുമാനിക്കുന്നു.
നോമ്പുകാലത്തിലൂടെ തീര്‍ത്ഥയാത്ര ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകളുണ്ട്: ദൈവത്തോട്, സഹോദരങ്ങളോട്, പ്രകൃതിയോട്, അവനവനോടു തന്നെ നീരസങ്ങളില്ലാതെ, നിര്‍മ്മലമായ മനസ്സോടെ ഹൃദയബന്ധങ്ങളെ ദൃഢമാക്കി, ഉത്ഥിതനായ ക്രിസ്തുവിനെ വരവേല്ക്കുവാന്‍ ഒരുങ്ങുക. പരിക്കു പറ്റിയിട്ടുള്ള ഇടങ്ങളെ, പാകപ്പിഴകള്‍ സംഭവിച്ചിട്ടുള്ള ബന്ധങ്ങളെ, വഴിതെറ്റിപ്പോയ പ്രവൃത്തികളെ സൗഖ്യപ്പെടുത്താനും പരിഹരിക്കാനും വഴിമാറി നടക്കാനുമുള്ള കരുത്തും കരുതലുമൊക്കെയാണ് ഈ നോമ്പുനാള്‍വഴികളിലെ പ്രായശ്ചിത്തങ്ങള്‍. ഇന്ദ്രിയങ്ങളുടെ സ്വാഭാവിക പ്രവണതകളിലേക്കും കുറുക്കുവഴികളുടെ താത്ക്കാലിക ലാഭങ്ങളിലേക്കും വഴുതിവീഴാതെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ, അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സ്വീകരിക്കാനും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ആത്മീയബലം നേടേണ്ട സമയമാണ് നോമ്പ്. ക്രൂശിതന്‍ ഒപ്പം നടക്കുന്ന കാലമാണിത്. ഒപ്പമെത്തുന്ന അവനായി കാതോര്‍ക്കുക. അവന്‍റെ മിടിപ്പുകളെ സ്വന്തമാക്കുക. ആ കാവല്‍ തിരിച്ചറിയുക.
*********
ക്രൈസ്തവ ദൈവശാസ്ത്രത്തെയും സഭയെയും രൂപവത്കരിക്കാനും വികസിപ്പിക്കാനും സമ്പന്നമാക്കാനും സൃഷ്ടിപരമായി പ്രവര്‍ത്തിച്ച പ്രഥമ ക്രൈസ്തവ മിഷനറിയാണ് വി. പൗലോസ്. ദമാസ്ക്കസ് ദര്‍ശനത്തിലൂടെ ലഭിച്ച വെളിപാടിന്‍റെ തീവ്രതയില്‍നിന്നാണ് പൗലോസിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കുള്ള തീക്ഷ്ണതയുടെ ആരംഭം. സ്വന്തം ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യനെപ്പോലെയായിരുന്നില്ല പൗലോസിന്‍റെ വിശ്വാസജീവിതവും പ്രേഷിതചൈതന്യവും. ഒരു സാധാരണ മനുഷ്യന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലുമേറെ അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തിച്ചു; ജീവിച്ചു. ദമാസ്ക്കസ് വെളിപാടിനുശേഷം തീവ്രമായി ക്രിസ്തുപക്ഷത്ത് ഉറച്ചുനില്ക്കുകയും ചഞ്ചലചിത്തനാകാതെ ക്രിസ്തുവിനെ പ്രഘോഷിക്കുകയും അനേകം പ്രേഷിതയാത്രകള്‍ നടത്തുകയും അവന്‍റെ നാമത്തില്‍ ഏറെ പീഡകളേല്ക്കുകയും അവസാനം ക്രിസ്തുനാമത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു വി. പൗലോസ്. തന്‍റെ ആത്മീയാനുഭവത്തിന്‍റെ നേരാവിഷ്ക്കാരമായിരുന്നു അദ്ദേഹത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍. തന്‍റെ അസ്തിത്വത്തിന്‍റെ ഭാഗമായി മാറിയ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് സംലഭ്യമാക്കാന്‍ വേണ്ടിയുള്ള ഈറ്റുനോവായിരുന്നു വി. പൗലോസിന്‍റെ പ്രഘോഷണങ്ങളെ തീക്ഷ്ണമാക്കിയത്. "ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്. അവരെക്കാള്‍ വളരെയേറെ ഞാന്‍ അദ്ധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പലതവണ മരണവക്ത്രത്തിലകപ്പെട്ടു. അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍നിന്ന് ഒന്നുകുറയാതെ നാല്പത് അടിവീതം കൊണ്ടു. മൂന്നുപ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നുപ്രാവശ്യം കപ്പലപകടത്തില്‍പ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലില്‍ ഒഴുകിനടന്നു. തുടരെത്തുടരെയുള്ള യാത്രകള്‍ക്കിടയില്‍, നദികളില്‍വച്ചും കൊള്ളക്കാരില്‍നിന്നും സ്വന്തക്കാരില്‍നിന്നും വിജാതീയരില്‍നിന്നും എനിക്ക് അപകടങ്ങളുണ്ടായി. നഗരത്തില്‍വച്ചും വിജനപ്രദേശത്തുവച്ചും കടലില്‍വച്ചും അപകടങ്ങളില്‍ അകപ്പെട്ടു. വ്യാജസഹോദരങ്ങളില്‍നിന്നുള്ള അപകടങ്ങള്‍ക്കും ഞാന്‍ അധീനനായി. കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു" (1 കോറി. 11:23-27).
യേശുക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കാനും ജീവിക്കാനും എന്തെല്ലാം ദുരിതങ്ങളും ത്യാഗങ്ങളുമാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്. തന്‍റെ ഉള്ളില്‍ ജീവിക്കുന്ന ക്രിസ്തുവിനുവേണ്ടി തീക്ഷ്ണതയോടെ ജ്വലിച്ചു ചൂടും പ്രകാശവും പകര്‍ന്ന പ്രേഷിതവര്യനായിരുന്നു വി. പൗലോസ്.
അബ്രഹാമിന്‍റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഇസ്രയേല്‍ക്കാരന്‍, ഹെബ്രായനില്‍ നിന്ന് ജനിച്ച ഹെബ്രായന്‍, ഗമാലിയേലിന്‍റെ പാദത്തിലിരുന്ന് ഉന്നതവിദ്യാഭ്യാസം നേടിയവന്‍, സമപ്രായക്കാരായ അനേകരെക്കാള്‍ മുന്‍പന്തിയിലായിരുന്നവന്‍, പാരമ്പര്യങ്ങളില്‍ അതിതീക്ഷ്ണമതി... എങ്കിലും, ജന്മസിദ്ധവും സ്വയാര്‍ജ്ജിതവുമായ മേന്മകളും വിജയങ്ങളും ക്രിസ്തുവിനെപ്രതി ഉച്ഛിഷ്ടംപോലെ കരുതിയവന്‍. എന്തൊക്കെ അറിവുകളും പുണ്യങ്ങളും നന്മകളുമുണ്ടായാലും എന്തെല്ലാം ത്യാഗങ്ങളനുഷ്ഠിച്ചാലും സ്വശരീരം ദഹിപ്പിക്കാനേല്പിച്ചാലും അയാള്‍ക്ക് 'സ്നേഹ'മില്ലെങ്കില്‍ ഒന്നുമില്ലെന്ന് പഠിപ്പിച്ചവന്‍. വിശ്വാസവും പ്രത്യാശയും നിറഞ്ഞുതുളുമ്പിയപ്പോള്‍ അവയ്ക്കു മീതെ സ്നേഹത്തിന്‍റെ സര്‍വ്വോത്കൃഷ്ടത ഉയര്‍ത്തിപ്പിടിച്ചവന്‍. ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍നിന്ന് ആര്‍ക്ക് തന്നെ അകറ്റാന്‍ കഴിയുമെന്ന് വെല്ലുവിളിച്ചവന്‍. ജീവിതം ക്രിസ്തുവും മരണം ലാഭവുമാക്കിയവന്‍.
വി. പൗലോസ് എല്ലാ ക്രൈസ്തവരെയും സ്വാധീനിക്കുന്നു. ക്രിസ്ത്യാനിയാവുക എന്നതിന്‍റെ അര്‍ത്ഥം സ്വന്തം ജീവിതത്തിലൂടെയും ലേഖനങ്ങളിലൂടെയും പൗലോസ് കാണിച്ചുതരുന്നു.
അധികം ശ്രദ്ധിക്കപ്പെടാതെ പോയ ക്രിസ്തുശിഷ്യനായ വി. പൗലോസിനെ അവതരിപ്പിക്കുന്ന ഈ ലക്കം അസ്സീസി, ഗഹനമായ വായനയുടെയും ചിന്തയുടെയും തിരിച്ചറിവുകളുടെയും അക്ഷരപ്പകര്‍പ്പാണ്. അദ്ദേഹത്തിന്‍റെ ശിഷ്യത്വജീവിതം കൂടുതല്‍ തനിമയോടെ അടുത്തറിയാനും വിലമതിക്കാനും ഈ ലേഖനങ്ങള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.