news-details
എഡിറ്റോറിയൽ

പൗലോസും ചരിത്രപുരുഷനായ യേശുവും

യേശുക്രിസ്തു എന്ന പരമസത്യത്തെ ഒരേസമയം ദൈവപുത്രനും ചരിത്രപുരുഷനുമായി അവതരിപ്പിക്കുവാന്‍ പരിശ്രമിച്ചിട്ടുള്ളവരില്‍ ഏറ്റവും വിജയിച്ചിട്ടുള്ളത് സുപ്രസിദ്ധ ഇറ്റാലിയന്‍ ബൈബിള്‍ ചരിത്രകാരനായ ജൂസെപ്പെറിച്ചിയോത്തിയാണ്. അദ്ദേഹത്തിന്‍റെ അനശ്വരകൃതിയായ Life of Christ  ചരിത്രപശ്ചാത്തലത്തില്‍ ക്രിസ്തുവിനെ മനസ്സിലാക്കുവാന്‍ അനുവാചകരെ സഹായിക്കുന്ന മികച്ചകൃതികളില്‍ ഒന്നാണ്. റിച്ചിയേത്തിക്കു പുറമേ ഡേവിഡ് സ്ട്രാവുസ്, ഏണസ്റ്റ് റെനാന്‍, ഫുള്‍ട്ടണ്‍ ജെ. ഷീന്‍ എന്നിവരും ഈയടുത്ത കാലത്ത് ബെനഡിക്ട് പതിനാറാമന്‍ പാപ്പായും ദൈവപുത്രനായ യേശുവിനെ ചരിത്രപശ്ചാത്തലത്തില്‍ നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നുണ്ട്. യേശു ദൈവപുത്രനാണെങ്കിലും അവിടുത്തെ ജനനവും, പരസ്യജീവിതവും, മരണവും ഉത്ഥാനവുമൊക്കെ നടന്നത് ഈ ലോകത്താകയാല്‍ അവിടുത്തെ ചരിത്രപുരുഷനായിക്കൂടി അവതരിപ്പിക്കുക എന്ന ശ്രമകരമായ ഉദ്യമമാണ് ഈ ഗ്രന്ഥകാരന്മാരൊക്കെയും നടത്തിയത്. ക്രിസ്തു ജീവിച്ച കാലഘട്ടവും മേല്പറഞ്ഞ ഗ്രന്ഥകര്‍ത്താക്കളുടെ ജീവിതകാലയളവും തമ്മില്‍ രണ്ടായിരത്തോളം വര്‍ഷം അന്തരമുണ്ടെങ്കിലും പ്രസ്തുത കൃതികളൊക്കെയും ദൈവപുത്രനായ ക്രിസ്തുവിനെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്നതില്‍ സമ്പൂര്‍ണ വിജയമായിരുന്നു എന്നുതന്നെ പറയാം. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം ക്രിസ്തുവിന്‍റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് മികച്ച രീതിയില്‍ പര്യവേക്ഷണം നടത്താന്‍ ഇന്നുള്ളവര്‍ക്കു കഴിയുന്നുവെങ്കില്‍ ആദിമനൂറ്റാണ്ടുകളിലെ പണ്ഡിതരും വിശ്വാസികളും എപ്രകാരമായിരുന്നിരിക്കാം മാനവചരിത്രത്തിന്‍റെകൂടെ ഭാഗമായ ക്രിസ്തുവിനെ ഗ്രഹിച്ചറിഞ്ഞത്? ഏറെ പ്രത്യേകിച്ച്, പൗലോസ് അപ്പസ്തോലനെപ്പോലുള്ള പുതിയനിയമഗ്രന്ഥകര്‍ത്താക്കള്‍ ഏതളവുവരെ ചരിത്രപുരുഷനായ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നിരിക്കണം? ജിജ്ഞാസയുണര്‍ത്തുന്ന ഒരു ചിന്ത എന്നതിലുപരി, ക്രിസ്താനുഭവത്തിന്‍റെ പുത്തന്‍തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു പരിചിന്തനവിഷയം കൂടിയാണിത്. പൗലോസ് ശ്ലീഹാ അറിയുകയും അനുഭവിക്കുകയും നമുക്കു മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ചരിത്രപുരുഷനായ ക്രിസ്തുവിന്‍റെ ഛായാചിത്രം എങ്ങനെയുള്ളതാണ്? പൗലോസ് ക്രിസ്തുവിനെ നേരില്‍ കണ്ടിട്ടില്ല എന്നതു പരമാര്‍ത്ഥം. എന്നാല്‍ അപ്പസ്തോലന്‍റെ വാക്കുകളില്‍ വിരിയുന്ന ക്രിസ്തുവാകട്ടെ, ജീവനുള്ളവനും എന്നും നിലനില്‍ക്കുന്നവനുമാണ്. പൗലോസ് എഴുതുന്നു: "നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ  ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും" (കൊളോ. 3:4). അതെ, പൗലോസ് ശ്ലീഹാ അറിയുകയും അനുഭവിക്കുകയും ചെയ്ത ചരിത്രപുരുഷനായ ക്രിസ്തു മരണത്തെ കീഴടക്കിയവനും ഉത്ഥാനമഹത്വത്തെ ആലിംഗനം ചെയ്തവനുമായിരുന്നു എന്ന ആമുഖത്തോടെ നമുക്ക് പൗലോസിനെയും പൗലോസ് ദര്‍ശിച്ച ക്രിസ്തു എന്ന നിത്യസത്യത്തെയും കൂടുതല്‍ അടുത്തറിയാം.

രണ്ടു വ്യത്യസ്തരീതികളിലാണ് മനുഷ്യര്‍ തമ്മില്‍ പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. ഒന്നാമത്തേത് തികച്ചും ബാഹ്യമായ അറിവാണ്. ഒരു വ്യക്തിയുടെ പേരുവിവരങ്ങള്‍ നാം മനസ്സിലാക്കുകയും എന്നാല്‍ ആ വ്യക്തിയെ അദ്ദേഹത്തിന്‍റെ വേദനകളോടും സന്തോഷങ്ങളോടും നന്മകളോടും കുറവുകളോടുമൊത്ത് നാം തിരിച്ചറിയാതെ പോവുകയും ചെയ്യാറുണ്ട്. ഇത്തരം അറിവുകള്‍ തികച്ചും പരിമിതവും ബുദ്ധിയുടെ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമാണ്. ഇവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കാതെ വരും, തൊട്ടരികത്തുണ്ടെങ്കിലും അപരിചിതരെപ്പോലെ പെരുമാറും. വേദനകളും കുറവുകളും പരസ്പരം പങ്കുവയ്ക്കാനാകതെയും പരസ്പരം ശ്രവിക്കാന്‍ കഴിയാതെയും വരും. എന്നാല്‍ രണ്ടാമത്തെ തരം  അറിവില്‍ ഹൃദയങ്ങള്‍ തമ്മിലാണ് ഇണങ്ങിച്ചേരുന്നത്. അവിടെ സ്നേഹത്തിന്‍റെ ഭാഷയില്‍ വ്യക്തികള്‍ തമ്മില്‍ പരസ്പരം സംസാരിക്കുകയും അവര്‍ക്കിടയില്‍ ഇഴപിരിയാത്ത ഗാഢബന്ധം ഉടലെടുക്കുകയും ചെയ്യും. ഒരു വ്യക്തിയെക്കുറിച്ചുള്ള ബാഹ്യമായ അറിവിനേക്കാള്‍ എന്തുകൊണ്ടും വിശ്വാസയോഗ്യമായതും മറ്റൊരുവന്‍റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവ് നമുക്ക് കൂടുതല്‍ പ്രദാനം ചെയ്യുന്നതും ഹൃദയതലത്തില്‍ നിന്നുകൊണ്ടുള്ള അറിവുകളാണ്. എന്നാല്‍ മനുഷ്യര്‍ കൂടുതലും ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നവരും ഹൃദയതലത്തില്‍ ഇടപഴകുവാനും പരസ്പരം മനസ്സിലാക്കുവാന്‍ പ്രാപ്തി കുറഞ്ഞുവരുമാണെന്ന സത്യമാണ് തിരുവചനം പഠിപ്പിക്കുന്നത്. "മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവാകട്ടെ ഹൃദയത്തിലും" (1 സാമു. 16:7).

പൗലോസ് ശ്ലീഹായും ക്രിസ്തുവിനെക്കുറിച്ചുള്ള ഇത്തരം ബാഹ്യവും ആന്തരികവുമായ അറിവുകളെക്കുറിച്ച് പ്രതിപാദിക്കുന്നതായി ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. വി. പൗലോസിന്‍റെ പ്രബോധനങ്ങളെ ആസ്പദമാക്കി രണ്ടായിരത്തിയെട്ടാമാണ്ടില്‍ അവതരിപ്പിച്ച പ്രഭാഷണപരമ്പരയില്‍, 'പൗലോസിന് ചരിത്രപുരുഷനായ യേശുവുമായുള്ള ബന്ധം' എന്ന വിഷയം അവതരിപ്പിക്കവേയാണ് പൊതുവേ രണ്ടുതരത്തിലാണ് മനുഷ്യര്‍ ക്രിസ്തുവിനെ അറിയുന്നതെന്ന സത്യം പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പഠിപ്പിച്ചത്. ഒന്നാമതായി കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍, പൗലോസ് ശ്ലീഹാ പറയുന്നതിങ്ങനെയാണ്: "ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല" (2 കോറി. 5:16). പരിമിതമായ മാനുഷിക കാഴ്ചപ്പാടും ബാഹ്യമായ അറിവുകളും കൊണ്ടുമാത്രം ദൈവപുത്രനായ ക്രിസ്തുവിനെ അടുത്തറിയാന്‍ തനിക്കെന്നല്ല ലോകത്തില്‍ ഒരാള്‍ക്കും സാധ്യമാവുകയില്ലെന്ന സാക്ഷ്യമാണ് പൗലോസ് ഇവിടെ നല്കുന്നത്. 'മാനുഷികമായ കാഴ്ചപ്പാടില്‍' അഥവാ 'ജഡപ്രകാരം' ക്രിസ്തുവിനെ അറിഞ്ഞിരുന്നെങ്കിലും എന്ന പൗലോസിന്‍റെ സാക്ഷ്യം യേശുവിനെ പരസ്യജീവിതകാലത്ത് താന്‍ അറിഞ്ഞിരുന്നുവെന്ന  പൗലോസിന്‍റെ അവകാശവാദമായി ചിലരെങ്കിലും വ്യാഖ്യാനിക്കാറുണ്ടെങ്കിലും, ക്രിസ്തുവിനെക്കുറിച്ച് ഫരിസേയന്‍ എന്ന നിലയില്‍ പൗലോസിന് യഹൂദകാഴ്ചപ്പാടിലുണ്ടായിരുന്ന അറിവുമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. ക്രിസ്തുവിന്‍റെ കുരിശുമരണം മാനുഷികദൃഷ്ടിയില്‍ പരാജയമാണെങ്കിലും അതു വിജയവും ജീവനുമാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുക. അപ്പോള്‍, ക്രിസ്തു എന്ന ചരിത്രപുരുഷനെ ഇസ്രയേലിന്‍റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിലെവിടെയോ പ്രതിഷ്ഠിക്കുവാനല്ല പൗലോസ് താല്‍പര്യപ്പെടുന്നത്. മറിച്ച് രക്ഷാകരചരിത്രത്തിന്‍റെ ക്ലൈമാക്സ് എന്നു വിശേഷിപ്പിക്കാവുന്ന പീഡാസഹനം, കുരിശുമരണം, തിരുവുത്ഥാനം എന്നീ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വിശ്വാസത്തിന്‍റെ നയനങ്ങള്‍ കൊണ്ടു ദര്‍ശിച്ച് ഹൃദയംകൊണ്ട് അവിടുത്തെ അറിയുന്നതിലാണ് പൗലോസ് ശുഷ്കാന്തി പ്രകടിപ്പിക്കുന്നത്. ഇവിടെയാണ് ക്രിസ്തുവിനെ എപ്രകാരം മനസ്സിലാക്കണം എന്നതിനെക്കുറിച്ചുള്ള പൗലോസിന്‍റെ ഈടുറ്റ രണ്ടാം പ്രബോധനത്തെപ്പറ്റി ബെനഡിക്ട് പാപ്പാ വാചാലനാകുന്നത്. വിശ്വാസവും സ്നേഹവും വഴി മനുഷ്യഹൃദയം ക്രിസ്തുവിന്‍റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കപ്പെടുമ്പോഴാണ് ചരിത്രപുരുഷനും ദൈവപുത്രനുമായവനെ അടുത്തറിയാന്‍ സാധിക്കുകയെന്ന് പൗലോസ് ശ്ലീഹാ തന്‍റെ നടപടിപുസ്തകത്തിലൂടെയും ലേഖനങ്ങളിലൂടെയും സമര്‍ത്ഥിക്കുന്നുണ്ടത്രെ. എഫേസോസിലെ സഭയ്ക്കെഴുതിയ ലേഖനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: "വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (എഫേ. 3:17). "എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും... എന്നെ സ്നേഹിക്കാത്തവനോ എന്‍റെ വചനങ്ങള്‍ പാലിക്കുന്നില്ല" (യോഹ. 14:23-24) എന്നരുളിച്ചെയ്ത യേശുവും തന്‍റെ ശിഷ്യരില്‍നിന്നും ആഗ്രഹിച്ചത് ഹൃദയസാമീപ്യവും സ്നേഹസൗഹൃദവുമാണെന്നു വ്യക്തം. മസ്തിഷ്കം കൊണ്ടല്ല, ഹൃദയം കൊണ്ടത്രേ ചരിത്രപുരുഷനായ ക്രിസ്തുവിനെ നാം വായിച്ചറിയേണ്ടതെന്ന് പൗലോസ് തന്‍റെ ജീവിതം കൊണ്ടും വാക്കുകള്‍കൊണ്ടും തെളിയിക്കുന്നു.

ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തില്‍ പൗലോസ് ദര്‍ശിക്കുന്നത് 'ചരിത്രം' എന്ന വാക്കിനു തന്നെ പുത്തന്‍ നിര്‍വ്വചനം നല്‍കിക്കൊണ്ടാണ്. സാധാരണഗതിയില്‍ ചരിത്രം ഭൂതകാലത്തിലേയ്ക്കു മാത്രമാണല്ലോ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ പൗലോസിന്‍റെ കാഴ്ചപ്പാടില്‍ ക്രിസ്തു എന്ന ചരിത്രപുരുഷന്‍ മാനവചരിത്രത്തിന്‍റെ  തിരസ്കരിക്കപ്പെട്ട ചില ഏടുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരാളല്ല. ക്രിസ്തു ജീവിക്കുന്നു; ഇന്നും, എന്നേയ്ക്കുമായി ജീവിക്കുന്നു. വചനത്തില്‍ നാം വായിക്കുന്നതുപോലെ, "യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്" (ഹെബ്രാ 13:8). പൗലോസ് ചില ചരിത്രസംഭവങ്ങള്‍ വിവരിക്കുമ്പോള്‍പോലും അവയെയൊക്കെ ഐതിഹ്യങ്ങള്‍ പോലെയോ പണ്ടെന്നോ അരങ്ങേറിയ കഥകള്‍ പോലെയോ അല്ല വര്‍ണ്ണിക്കുന്നത്. ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ് എന്നുള്ള തിരിച്ചറിവ് തന്‍റെ അനുവാചകരില്‍ ഉളവാക്കുംവിധമാണ് ക്രിസ്തുചരിതത്തെ പൗലോസ് കൈകാര്യം ചെയ്യുന്നത്. ഇതിന് ഏറ്റവും മികച്ച ഉദാഹരണം പുതിയ ഉടമ്പടിയെക്കുറിച്ചുള്ള വിവരണമാണ്. സദാകാലം വിശ്വാസികളുടെ മനസ്സില്‍ തങ്ങിനില്‍ക്കത്തക്കവണ്ണം ഒരു അനമ്നെസിസ് (anamnesis) ആയിട്ടാണ് കര്‍ത്താവിന്‍റെ  അന്ത്യാത്താഴത്തെ ശ്ലീഹാ കോറിന്തോസുകാര്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുന്നത് (1 കോറി 11:23-26). അന്ത്യാത്താഴവേളയില്‍ വ്യക്തിപരമായി സന്നിഹിതനല്ലാതിരുന്നിട്ടുകൂടിയും സ്പഷ്ടവും സുവ്യക്തവുമായി അതിനെ ചിത്രീകരിക്കാന്‍ പൗലോസിനെക്കൊണ്ടായെങ്കില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിലും അവിടുത്തോടുള്ള സ്നേഹത്തിലും അദ്ദേഹം പക്വതയാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു എന്നുവേണം നാം മനസ്സിലാക്കാന്‍. പൗലോസ് വിവരിക്കുന്ന ക്രിസ്തുചരിത്രം അതു കൊണ്ടുതന്നെ സ്ഥലകാലാതീതവും ഭൂതകാലമെന്ന കുരുക്കില്‍ പെടാത്തതുമാണ്.

"ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" (ഗലാ 2:20) എന്നുറക്കെ പ്രഖ്യാപിച്ച പൗലോസ് ശ്ലീഹാ നമുക്കൊരു പ്രചോദനമാണ്. ജഡപ്രകാരമല്ല, ഹൃദയംകൊണ്ട് അവിടുത്തെ രുചിച്ചറിയുവാനും കര്‍ത്താവിന്‍റെ  സ്മരണ സദാ നിലനിര്‍ത്തുവാനുമാണ് ശ്ലീഹാ നമ്മെ ക്ഷണിക്കുന്നത്. പക്ഷെ നമ്മില്‍ പലരുമിന്ന് ക്രിസ്തുവിനെക്കുറിച്ച് അറിവുള്ളവരായിരുന്നിട്ടും ഹൃദയം കൊണ്ട് അവിടുത്തെ സ്നേഹിക്കാത്തവരാണ്; വിശ്വാസജീവിതത്തില്‍ പക്വതയാര്‍ജ്ജിക്കാത്തവരാണ്. ഉത്തരേന്ത്യന്‍ മിഷന്‍ പര്യടന വേളകളില്‍, അക്രൈസ്തവരായ ചില 'ക്രിസ്തുഭക്ത'രെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. സ്വന്തം അപ്പനമ്മമാരില്‍നിന്നോ മതബോധനക്ലാസ്സുകളില്‍ നിന്നോ വിശ്വാസപരിശീലനം ലഭിച്ചിട്ടില്ലാത്ത അവര്‍ക്ക് പക്ഷേ 'പ്രഭുയേശു'വില്‍ എന്തെന്നില്ലാത്ത വിശ്വാസമുണ്ട്. മമ്മോദീസാജലം ശിരസ്സില്‍ വീണിട്ടില്ലാത്ത അവര്‍ക്ക് യേശുദേവനോട് വലിയ ആദരവും സ്നേഹമുണ്ട്. പൗലോസില്‍ സംഭവിച്ച അതേ മാനസാന്തരപ്രക്രിയയാണ് അവരിലും സംഭവിച്ചത് എന്നു പലപ്പോഴും തോന്നിപ്പോയി ട്ടുണ്ട്. ഹൃദയംകൊണ്ട് ക്രിസ്തുവിനെ വരിച്ചവരാണവര്‍; ക്രിസ്തുവല്ലാതെ മറ്റൊരു സത്യത്തെയും ദൈവമായിക്കണ്ട് ആരാധിക്കാന്‍ വിസമ്മതിക്കുന്നവര്‍. അങ്ങനെ ആത്മാവിലും സത്യത്തിലും ക്രിസ്തുവിനെ ആരാധിക്കുകയും, അവനിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് നാം നല്ല ക്രിസ്ത്യാനികളായിത്തീരുന്നത്. വെറുതെ ഇടവകപ്പള്ളിഭക്തനോ ധ്യാനകേന്ദ്രവിശ്വാസിയോ ആയിരിക്കുന്നതിലല്ല കാര്യം. പൗലോസിന്‍റെ മാതൃകയനുകരിച്ച് ചരിത്രപുരുഷനായ ക്രിസ്തുവിനെ അവിഭക്തഹൃദയത്തോടെ സ്നേഹിച്ചുകൊണ്ടും, "എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടു(മു)ള്ള ജീവിതമാണ്" (ഗലാ 2:20) ഉത്തമം; അതാണ് നിത്യ ജീവനിലേക്കുള്ള പാത നമുക്കുമുന്‍പില്‍ തുറന്നു നല്‍കുന്നതും.

Reference:
Benedict XVI, Pope. Meeting Saint Paul with the Pope, New York, Paulist Press, 2009.
Ricciotti, Giuseppe. CharithrapurushanaayaKristhu (Malayalam), Trans. Thomas Nadackal, Trivandrum, Carmel Publishing, 2012.
Study Bible(Malayalam), Kochi, POC, 2020. 

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts