ചരിത്രത്തിന്‍റെ ആന്‍റി തീസിസ് ആണ് ബദലുകള്‍. ഒരുവേള സമന്വയങ്ങളും ബദലുകളായ് വരാം. ചരിത്രം അങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നത്രേ ഹേഗല്‍ പറയുന്നത്. നിത്യനൂതനത്വമാണ് ചരിത്രത്തിന്‍റെ സാക്ഷ്യം. നിത്യനൂതനത്വത്തിന് അടിസ്ഥാനം നിരന്തരമാറ്റമാണ്. സ്ഥായിയായി യാതൊന്നുമില്ല. മാറ്റമില്ലാത്തതായി ഒന്നുമാത്രമേയുള്ളൂ- അത് മാറ്റമാണ് എന്നാണല്ലോ ഹെരാക്ലീറ്റസ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ ചരിത്രം എന്നും നൂതനമായിരിക്കുക തന്നെ ചെയ്യും. ചുരുക്കത്തില്‍ ചരിത്രത്തിന്‍റെ വലംകാല് ബദലുകളാണ്. ഇടംകാല്‍ തളര്‍ന്നതാണ്. അത്നിരങ്ങി വലങ്കാലിനൊപ്പമെത്തുമ്പോഴേക്കും വലങ്കാല്‍ മൂന്നോട്ട് പോയിരിക്കും.
ഓരോ പുതിയ കണ്ടുപിടുത്തവും സ്തൂലമായി പറഞ്ഞാല്‍ ഓരോ ബദല്‍ ആവിഷ്ക്കാരമാണ്. ഓരോ പുതിയ ഗവേഷണവും അതിനാല്‍തന്നെ ബദല്‍ അന്വേഷണമാണ്.
മനുഷ്യനില്‍ സര്‍ഗ്ഗാത്മകതയും സൃഷ്ടിപരതയും നിലനില്‍ക്കുന്നിടത്തോളം ബദലുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഒരു സമൂഹത്തില്‍ ബദലുകള്‍ രൂപപ്പെടുന്നില്ലെങ്കില്‍ ആയത് നാശത്തിന്‍റെ വക്കിലാണെന്നാണ് സൂചന.
സാംസ്ക്കാരികമായി ചിന്തിച്ചാല്‍ ഓരോ പ്രതിസംസ്കൃതിയും ഓരോ ബദലാണ് സാംസ്ക്കാരിക നായകരെല്ലാം ബദല്‍ നിര്‍ദ്ദേശകരാണ്. ബുദ്ധനും നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ഗാന്ധിയും ടാഗോറും എല്ലാം ബദല്‍ നിര്‍ദ്ദേശകരായിരുന്നു. നിലനിന്നിരുന്നവയെ ചോദ്യം ചെയ്യുകയും മാറ്റം സാധ്യമാണെന്ന് പറയുകയും മറ്റൊരു മാര്‍ഗ്ഗം ചൂണ്ടിക്കാട്ടുകയും ചെയ്തവരായിരുന്നു ഇതഃപര്യന്തമുള്ള സര്‍വ്വ സാംസ്ക്കാരിക നായകരും.
നിലനില്പിനായുള്ള ചില അതിജീവന നിമിഷങ്ങളില്‍ ചിലപ്പോള്‍ ഒരടി പിന്നോക്കം മാറുന്നതുപോലും ഒരു ബദലായിരിക്കാം. ബൈബിളിലെ ഗോലിയാത്തിന്‍റെയും ദാവീദിന്‍റെയും വിവരണം ചരിത്രപരമായി പാതി കഥയാണെന്നാണ് വ്യാഖ്യാനം. ലോകം പൊതുവേ ചെമ്പുയുഗത്തിലായിരുന്നു. എല്ലാ യുദ്ധങ്ങളും പയറ്റിയിരുന്നത് ചെമ്പുകൊണ്ടായിരുന്നു. മനുഷ്യര്‍ക്ക് ചെമ്പ് എന്ന ലോഹംകൊണ്ട് ആയുധങ്ങള്‍ ഉണ്ടാക്കുന്നതേ അറിവായിരുന്നുള്ളൂ. പൊടുന്നനവേ അസ്സീറിയാക്കാര്‍ ഇരുമ്പയിര് ഉരുക്കുന്ന സാങ്കേതികവിദ്യ മനസ്സിലാക്കി. പുതിയ സാങ്കേതിക വിദ്യയുടെ ആദ്യത്തെ പ്രയോഗം യുദ്ധരംഗത്തായി. അവര്‍ ഇരുമ്പുകൊണ്ട് വാളുണ്ടാക്കി. ഒരടി മാത്രം നീളമുള്ള ചെമ്പുവാളിനോട് താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടോ രണ്ടരയോ അടി നീളമുള്ളതും ചെമ്പിനേക്കാള്‍ ദൃഢതയാര്‍ന്നതും ചെമ്പിനേക്കാള്‍ മൂര്‍ച്ചയേറിയതുമായ ഇരുമ്പുവാളുമായി ഇസ്രയേല്യരോട് യുദ്ധത്തിനെത്തിയ അസ്സീറിയന്‍ സൈന്യത്തെകണ്ട് ഇസ്രയേല്യര്‍ ആകെ പരിഭ്രാന്തരായി. രണ്ടരയടി നീളമുള്ള വാള്‍ കൈയ്യിലുള്ളവന് നാലരയടി ദൂരെ നിന്ന് ശത്രുവിനെ കൊല്ലാന്‍ കഴിയും എന്നുവന്നു. ഇസ്രയേല്‍ സൈന്യം പകച്ചു പിന്തിരിഞ്ഞോടുമ്പോള്‍ ശിലായുഗത്തില്‍ നിന്ന് ഇനിയും മുന്നേറിയിട്ടില്ലാത്ത ഗോത്രങ്ങളെ ഒരുമിപ്പിച്ച് ദാവീദ് കല്ലും കവണയും കൊണ്ട് അവരെ നേരിട്ടു. രണ്ടരയടി നീളമുള്ള ശക്തമായ ഇരുമ്പുവാളും കൊണ്ട് വരുന്നവനെ അഞ്ചിനു പകരം അമ്പതടി ദൂരെവച്ചുതന്നെ അവര്‍ എറിഞ്ഞു വീഴ്ത്തി. പാതി ചരിത്രവും പാതി ഭാവനയും ചേര്‍ന്ന ആത്മാവിഷ്ക്കാരമാണ് ദാവീദിന്‍റെയും ഗോലിയാത്തിന്‍റെയും കഥ! ഇസ്രയേലിന്‍റെ പക്ഷത്തുനിന്ന് ഉടന്‍ ഒരു ബദല്‍ സൈന്യത്തിന്‍റെയും ബദല്‍ യുദ്ധമുറയുടെയും നീക്കമുണ്ടായില്ലെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നായേനെ.
മുഖ്യധാരയുടേതായ പൊതുചിന്താരീതിക്ക് അന്യമായ, ഒരു ബദല്‍ രാഷ്ട്രീയ ഘടനതന്നെ നിര്‍ദ്ദേശിക്കുന്ന ചരിത്രത്തിലെ തന്നെ അനന്യസുന്ദരമായ ഒരു ബദല്‍ നിദര്‍ശനം സാമുവേലിന്‍റെ ഒന്നാം പുസ്തകത്തില്‍ എട്ടാം അധ്യായത്തില്‍ കണ്ടെത്താവുന്നതാണ്. ചുറ്റുമുള്ള അസ്സീറിയായും ഈജിപ്തും പോലുള്ള ശക്തരായ രാജ്യങ്ങളെയും അവയുടെ രാജഭരണഘടനയെയും അനുകരിക്കാനും അങ്ങനെ ലോകത്തിന്‍റെ മുഖ്യധാരയിലേക്ക് കടക്കാനും താല്പര്യപ്പെടുന്ന ഇസ്രയേല്‍ ജനതയോട് ദൈവം പറയുന്നതായി സാമുവേല്‍ എന്ന പുരോഹിത ന്യായാധിപന്‍ പറയുന്ന വാക്കുകളാണവ. നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും: "തന്‍റെ രഥത്തിന്‍റെ മുമ്പേ ഓടാന്‍ തേരാളികളും അശ്വഭടന്മാരുമായി അവന്‍ നിങ്ങളുടെ പുത്രന്മാരെ നിയോഗിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപണിക്കാരും രഥോപകരണ നിര്‍മ്മാതാക്കളുമായി അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും. നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലും വച്ച് ഏറ്റവും നല്ലത് അവന്‍ തന്‍റെ സേവര്‍ക്കു നല്കും. നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് അവന്‍ തന്‍റെ കിങ്കരന്മാര്‍ക്കും നല്കും. നിങ്ങളുടെ ദാസന്മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്‍റെ ജോലിക്കു നിയോഗിക്കും. അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്‍റെ ദശാംശം എടുക്കും. നിങ്ങള്‍ അവന്‍റെ അടിമകളായിരിക്കും."
ഒരു വ്യവസ്ഥിതിയുടെ, സ്ഥാപനത്തിന്‍റെ നിര്‍മ്മാണത്തില്‍ വന്നു ഭവിക്കുന്ന നഷ്ടങ്ങളുടെയും അപയചയങ്ങളുടെയും ഒരു നെടുഛേദമാണ് ഈ വരികള്‍. സാമുവലിന്‍റെ വാക്കുകളെ ജനം തിരസ്ക്കരിക്കുമ്പോള്‍ ആ വൃദ്ധ ന്യായാധിപന്‍ അവര്‍ക്ക് കുഷിന്‍റെ പുത്രനായ സാവൂളിനെ രാജാവായി അവരോധിച്ചു നല്കുന്നു. ശേഷം നമുക്കറിയാം. അങ്ങനെ ലോകത്തിനാകെ ഒരു ബദല്‍ രൂപമായിരുന്ന ജനത തങ്ങളായിരുന്ന ബദലുപേക്ഷിച്ച് വ്യവസ്ഥിതിയിലേക്കും സമ്പ്രദായത്തിലേക്കും പിന്നോക്കം നടക്കുന്നു.
ഈ പിന്നോക്കം പോകലില്‍പ്പോലും ദൈവകരം ഉണ്ടായിരുന്നല്ലോ. പക്ഷേ, ആ വൃദ്ധന്യായാധിപന്‍ പറഞ്ഞതെല്ലാം അച്ചട്ടായി. സാവൂളില്‍ നിന്ന് രാജവാഴ്ച ദാവീദിലേക്ക്. ദാവീദും ചെറിയൊരളവ് സോളമനും പിന്നീട് ജോസിയായും ഒഴികെ ആ രാജപരമ്പരയില്‍ നന്മ അന്വേഷിച്ചവരും രാജധര്‍മ്മം പുലര്‍ത്തിയവരും മറ്റാരുമില്ല. വ്യവസ്ഥിതി അവരെയാകെ കെട്ടതാക്കി. ഇസ്രയേലിന്‍റെ പ്രവാചക പാരമ്പര്യമാകെ പിന്നീട് ബദലിന്‍റെ ഉദ്ഘോഷണമാണ് നാം കാണുക. ചോദ്യചിഹ്നത്തിലെയോ ആശ്ചര്യചിഹ്നനത്തിലെയോ ഈഴറ്റത്തു വന്നു പതിക്കുന്ന ബിന്ദുകണക്കേ ഇസ്രയേലിന്‍റെ പ്രവാചക പാരമ്പര്യത്തില്‍ തന്നെ എന്നാല്‍ കാലികമായി പ്രസ്തുത പരമ്പരയില്‍ നിന്ന് വേര്‍പെട്ട് യേശു എന്ന ബിന്ദു. യേശു പറഞ്ഞതൊക്കെയും മറ്റൊരു ജീവിതത്തെക്കുറിച്ചായിരുന്നു - ബദല്‍ ജീവനം.
ആഭിമുഖ്യങ്ങളിലും നിലപാടുകളിലും ഒരു ബദല്‍. സര്‍വ്വസാധാരണത്വത്തിന്‍റെ ലോകവ്യവസ്ഥിതിക്ക് ഒരു ബദല്‍. പ്രകൃതിയിലേക്ക് മടങ്ങാന്‍- അഥവാ- ദൈവത്തിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു, അവന്‍. വെറുതേ ദൈവത്തെ സ്നേഹിച്ചോ ഭയപ്പെട്ടോ ദൈവാരാധന നടത്തിയും ദൈവത്തിന് യാഗങ്ങളും ബലികളും അര്‍പ്പിച്ചും ജീവിക്കരുതെന്ന് അവന്‍ പറഞ്ഞു. ക്രിസ്തുമാര്‍ഗ്ഗം ഒരു ബദലാണ്. സാമ്പ്രദായികതയുടെ- വ്യവസ്ഥിതിയുടെ ഒക്കെയും ക്രസ്തുമാര്‍ഗ്ഗം ഒരു ബദലാണ്. സാമ്പ്രദായികതയുടെ- വ്യവസ്ഥിതിയുടെ ഒക്കെയും മെറ്റാ-തിയോറിക്കു തന്നെ ഒരു ബദല്‍. സമ്പത്തിന്‍റെ സമാര്‍ജനരീതികള്‍ക്ക്, മൂലധന പ്രക്രിയക്കുതന്നെ ഒരു ബദല്‍; ഒരു ബദല്‍ അധികാരഘടന, സ്ഥലബദ്ധമായ- മതബദ്ധമായ ആധ്യാത്മികതയ്ക്ക് ഒരു മത-ഇതര ദൈവോന്മുഖത; മത്സരാധിഷ്ഠിതമായ അന്യത്വപരികല്പനകളിലൂന്നിയ സാമൂഹിക വ്യവസ്ഥിക്ക് ബദലായി സ്നേഹാധിഷ്ഠിതമായ, വിനയാന്വിതമായ, സഹനാത്മകമായ, സഹോദര്യ പരികല്പനകളിലൂന്നിയ സമൂഹനിര്‍മ്മിതി.
സാമ്പ്രദായികത, ഘടന, വ്യവസ്ഥിതി എന്നീ പരികല്പനകളെ അടയാളപ്പെടുത്താന്‍ യേശു സ്വീകരിക്കുന്ന പദം 'ലോകം' എന്നാണ്.' നിങ്ങള്‍ ലോകത്തിന്‍റേതാകരുത്; ലോകം നിങ്ങളെ വെറുക്കും; നിങ്ങള്‍ ലോകത്തിന്‍റേതല്ല എന്നൊക്കെ നിരന്തരം വ്യവസ്ഥിതിക്കെതിരേ ചലിക്കുന്നുണ്ട്, അവന്‍റെ പ്രബോധനങ്ങള്‍.
യേശു നിര്‍ദ്ദേശിച്ച ഒരു ബദല്‍ ലോകക്രമത്തിന്‍റെ- അവന്‍ അതിനെ ദൈവരാജ്യം എന്നാണ് പേരിട്ടു വിളിച്ചത്- ഡെമോ വേര്‍ഷന്‍സ് ആയിരിക്കേണ്ടവയാണ് സന്ന്യാസ സമൂഹങ്ങള്‍. പക്ഷേ, ഇന്ന് അവയൊന്നും തന്നെ പ്രസ്തുത ധര്‍മ്മം നിര്‍വഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല.
വികസനത്തിന്‍റെ, അധികാരത്തിന്‍റെ, ഘടനയുടെ, സംഘാടനത്തിന്‍റെ, സ്ഥാപനത്തിന്‍റെ, സങ്കേതിക വിദ്യയുടെ, വിദ്യാഭ്യാസത്തിന്‍റെ, ഊര്‍ജ്ജസ്രോതസ്സുകളുടെ, ഊര്‍ജ്ജോല്പാദന രീതികളുടെ, പോരാട്ടത്തിന്‍റെ, കൃഷിയുടെ, ദൈവത്തിന്‍റെ വിനിമയത്തിന്‍റെ അങ്ങനെ മനുഷ്യജീവിതത്തിന്‍റെ സമസ്ത അംശങ്ങളിലും ബദലുകള്‍ ഇന്ന് ഉണ്ടായിവരുന്നുണ്ട്.
ഏതൊരു സമൂഹത്തിലും മാറ്റം കൊതിക്കുന്നവരും മാറ്റത്തിനായി ശ്രമിക്കുന്നവരുമായ ഉല്പതിഷ്ണുക്കളുടേതായ ഒരു ന്യൂനപക്ഷവും മാറ്റത്തോട് വിമുഖമായ, മാറ്റത്തെ ചെറുക്കുന്ന, മാറ്റത്തെ പ്രതിരോധിക്കുന്ന, വ്യവസ്ഥിതിയെ സ്നേഹിക്കുന്ന, ഒരു വലിയ വിഭാഗവും ഉണ്ടായിരിക്കുക സ്വാഭാവികമാണ്. ആദ്യകൂട്ടര്‍ എന്നും എവിടെയും വളരെ ചെറിയ ഒരു ന്യൂനപക്ഷവും രണ്ടാമത്തെക്കൂട്ടര്‍ അതുപോലെ വളരെ വലിയ ഭൂരിപക്ഷവും ആയിരിക്കും. രണ്ടിടങ്ങഴിമാവ് പുളിപ്പിക്കാന്‍ ചേര്‍ക്കുന്ന അല്പം പുളിമാവിനെക്കുറിച്ച് യേശു പറയുന്നത് ഓര്‍ക്കുക. അത്തരം പുളിമാവ് ആകണമെന്നാണ് ആഹ്വാനം. അത് അല്പം മതി. അല്ലെങ്കില്‍, അന്ധകാരപൂര്‍ണ്ണമായ വീടു മുഴുവന്‍ പ്രകാശം പരത്തുന്നതിനായി ദീപം- പീഠത്തിന്മേല്‍ കൊളുത്തിവയ്ക്കപ്പെടുന്ന ഒരു വിളക്ക്- വീടുമായി തുലനം ചെയ്യുമ്പോള്‍ വിളക്ക് എത്ര ചെറുതാണ്.
ക്രൈസ്തവ ധര്‍മ്മം ബദലിന്‍റേതാണ്. കേരളസമൂഹത്തെയാകമാനം നിരീക്ഷിച്ചാല്‍, ഇവിടെ ബദലുകള്‍ ആവിര്‍ഭവിക്കുന്നതിനും വളര്‍ന്നു പൊന്തുന്നതിനും അനുകൂലമായ കാലാവസ്ഥയുണ്ട്. പക്ഷേ, സാമുദായികാടിസ്ഥാനത്തില്‍ ഒരു അവലോകനം നടത്തിയാല്‍ തെളിഞ്ഞുവരുന്ന ചിത്രം അത്രകണ്ട് ശുഭസൂചകമല്ല. വ്യവസ്ഥിതിയുടെ, സാമ്പത്തിക ക്രമത്തിന്‍റെ, ഘടനയുടെ, ജീവിതരീതിയുടെ എന്നിങ്ങനെ ഏതു മേഖലയെ സംബന്ധിച്ചുമാകട്ടെ, ഒരു സമുദായം എന്ന നിലയില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ മുഖ്യധാര അതിശക്തവും ബദലന്വേഷണത്തിന്‍റെ ധാര അതീവ ദുര്‍ബലവുമാണ് എന്ന് പറയേണ്ടിവരും, ബദലന്വേഷണത്തിന്‍റെ ധാര അത്രമേല്‍ ദുര്‍ബലപ്പെടുന്നതാവട്ടെ, മുഖ്യധാരയുടെ പ്രതിരോധം അത്രകണ്ട് ശക്തമാകുന്നതുകൊണ്ടുമാത്രമാണ്. ഇതിന് ഉത്തരവാദം ഏറ്റെടുക്കേണ്ടത് പൗരോഹിത്യവും സന്യാസവും അവരൊക്കെ ചുക്കാന്‍ പിടിച്ച വര്‍ധിതമായ സ്ഥാപനവല്ക്കരണവുമാണ്. യേശുവിന്‍റെ പ്രവാചകമാനങ്ങള്‍ അടിച്ചു പരത്തി യേശുവിനെ ഒരു ഫലകമാക്കിയെടുത്ത ധ്യാന പ്രസ്ഥാനങ്ങളും തങ്ങളുടെ ഭാഗം വീതിച്ചെടുത്തേ മതിയാവൂ.