കേരളത്തിലെ സ്ത്രീപക്ഷചിന്തകള്‍ക്കു കരുത്തു പകര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരിയും ചിന്തകയുമാണ് ജെ. ദേവിക. ധീരമായ അന്വേഷണങ്ങള്‍കൊണ്ട് അവര്‍ ഈ ധാരയെ സമ്പുഷ്ടമാക്കി. സാമൂഹികശാസ്ത്രത്തിന്‍റെ പിന്‍ബലത്തോടെ ഫെമിനിസത്തിന്‍റെ ഭിന്നമേഖലകളെ അവള്‍ അഗാധമാക്കിക്കൊണ്ടിരിക്കുന്നു. ദേവികയുടെ 'ഉറയൂരല്‍' എന്ന ഗ്രന്ഥം സവിശേഷമാകുന്നത് സ്വന്തം അനുഭവങ്ങളും ദര്‍ശനങ്ങളും ഇഴചേരുന്നതുകൊണ്ടാണ്. ഉറയൂരല്‍ വേദനാജനകമായ കര്‍മ്മമാണ്. എന്നാല്‍ അത് അനിവാര്യവുമാണ്. പാമ്പ് ഉറയൂരുന്നതിലൂടെ സ്വയം നവീകരിക്കുന്നു. അതുപോലെ ദേവികയും ഉറയൂരി, അനുഭവത്തിന്‍റെ പുതിയ തലത്തിലേക്കു സ്വയം നവീകരിച്ച് നടന്നുകയറുന്നു. സ്ത്രീയെന്ന നിലയില്‍ കുടുംബത്തിനുള്ളിലും സമൂഹത്തിലും നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അതിനെ അതിജീവിച്ച രീതികളും ആവിഷ്കരിക്കുന്ന ഈ ഗ്രന്ഥം ദേവികയുടെ ജീവിതത്തിന്‍റെ യാത്രയുടെ മറ്റൊരു മുഖം പ്രത്യക്ഷമാക്കുന്നു.
"സ്വന്തം ജീവിതത്തിലേക്ക് ഉണര്‍ന്ന, ഉണര്‍ന്നു തുടങ്ങുന്ന മലയാളിസ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇരുണ്ട കാലമാണിത്" എന്നു പറഞ്ഞുകൊണ്ടാണ് ദേവിക ആഖ്യാനം തുടങ്ങുന്നത്. അതിനുള്ള കാരണങ്ങളാണ് തുടര്‍ന്നുവരുന്നത്. അകം ഉള്ള സ്ത്രീയുടെ മൗലികമായ ദര്‍ശനങ്ങളാണ്, അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്കൃതമാകുന്നത്. ഉള്‍ലോകവും ഉടലും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഭൂമികയിലാണ് പുസ്തകം മുന്നോട്ടു പോകുന്നത്. "പുറംലോകത്തെ വിജയത്തെക്കാള്‍ അകലോകത്തെ അര്‍ത്ഥപൂര്‍ണതയാണ് ഞാനാഗ്രഹിച്ചത്" എന്ന് ദേവിക സാക്ഷ്യപ്പെടുത്തുന്നു. "സ്വന്തമായ ആന്തരികലോകമുണ്ടാക്കിയെടുക്കുന്നത് എളുപ്പമല്ലെങ്കിലും ആനന്ദകരമായ അനുഭവമാണ്" എന്ന് അവര്‍ തുടരുന്നു. "വെളിച്ചത്തെപ്പോലെ ചിതറിക്കളിക്കാന്‍ നമ്മെ അനുവദിക്കുന്ന ഒരിടം ഉള്ളിലുണ്ട്. അതില്‍ വിശ്വാസമുണ്ടാകണം. അങ്ങനെ വിശ്വസിക്കുന്നിടത്തോളം അത് ഇല്ലാതാവില്ല, തീര്‍ച്ചയാണ്" എന്നതാണ് ദേവികയുടെ അഭിപ്രായം. "സമൂഹത്തെ ഭയക്കാതിരുന്നാല്‍ മാത്രമേ നമുക്ക് അതിനോട് ഉദാരമായി പെരുമാറാനാകൂ. സമൂഹം അതിനെ ഭയക്കാത്തവരുടെ ഉള്ളിടങ്ങളെ അത്രയെളുപ്പത്തില്‍ കീഴ്പ്പെടുത്തുകയുമില്ല" എന്ന് തന്‍റെ ആത്മവിശ്വാസം ദേവിക പ്രകടിപ്പിക്കുന്നു.
"ജനാധിപത്യത്തെയും നീതിയെയും പൊതുധാര്‍മ്മികതയെയും കരുണയെയും താങ്ങിനിര്‍ത്തുമെന്ന് കരുതിയ ജ്ഞാനനിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടതെങ്കിലും അതൊന്നുമല്ല എന്‍റെ അടിസ്ഥാനപ്രേരണ എന്നു തോന്നിയിട്ടുണ്ട്. സമൂഹം മുറിവേല്പിച്ച ഉള്‍ലോകത്തെയും ഉടലിനെയും അല്ലേ ഞാന്‍ അതിലൂടെ പൊതിഞ്ഞ് സൂക്ഷിച്ചത്?" എന്ന് ദേവിക സന്ദേഹിക്കുന്നു. എങ്കിലും അവര്‍ പലതിനെയും മറികടക്കുന്നു. "ഭൂമി വല്ലപ്പോഴുമെങ്കിലും തരുന്ന തണുപ്പിനെയും ഒളിസ്ഥലങ്ങളെയും പുറംതോലുകള്‍ നല്കുന്ന സംരക്ഷണത്തെയും ഉടലിന്‍റെ വഴക്കത്തെയും ആശ്രയിച്ച് ലോകത്തെ നേരിട്ടും അതില്‍നിന്നൊഴിഞ്ഞുമാറിയും അനുനിമിഷം അതിജീവിക്കുന്ന ഉരഗത്തെപ്പോലെയാണ് ഞാന്‍ എന്നെ കാണുന്നത്" ദേവിക കുറിക്കുന്നു. "മാനസിക ഊര്‍ജ്ജമുള്ള സ്ത്രീകളെ, ചിരിക്കാനറിയുന്ന സ്ത്രീകളെ, കാപട്യത്തില്‍ പൊതിഞ്ഞ നിസ്സഹായതയെ തിരിച്ചറിഞ്ഞ സ്ത്രീകളെ, സമൂഹം ഭയക്കും. അവരെ കഠിനമായി ശിക്ഷിക്കാന്‍ ശ്രമിക്കും. ആ ശ്രമത്തില്‍ സ്വന്തം പൊള്ളത്തരവും ഭയവും വെളിപ്പെടുത്തും" എന്ന സത്യം അവര്‍ തിരിച്ചറിയുന്നു.
"സ്വന്തം ഉള്‍ജീവിതം ഉടല്‍സ്ഥലത്തെ വാസയോഗ്യവും മനോഹരവുമാക്കാനുള്ള പ്രവൃത്തിയാണ് ജീവിതം" എന്ന് ദേവിക ജീവിതത്തെ നിര്‍വ്വചിക്കുന്നു. "മണ്ണില്‍ വേരിറക്കി ചുറ്റുവട്ടത്തേക്കും ആകാശത്തേക്കും ചില്ല നീട്ടുന്നതുപോലെയാണത്. ഉള്‍വീടില്ലെങ്കില്‍ നിങ്ങളുടെ ഭൂമിയിലെ വീട് അനാഥത്വത്തിന്‍റെ തടവറ മാത്രമായി പോകും" എന്നതാണ് യാഥാര്‍ത്ഥ്യം. "സ്വന്തമായ ഒരു ഉള്‍ലോകത്തിന്‍റെയും അതിനുചുറ്റുമുള്ള ശരീരത്തിന്‍റെയും ബലത്തില്‍ പിതൃമേധാവിത്വത്തിന്‍റെ ഇരുള്‍പ്പുതപ്പിന്‍റെ ചൂടിനെ നിഷേധിച്ച് പുറത്തെ തണുപ്പില്‍ നിന്നുകൊണ്ട് സ്വന്തം ചൂട് കണ്ടെത്താന്‍ ശ്രമിക്കുന്നവള്‍ മാത്രമാണ്" ഞാന്‍ എന്ന് ദേവിക സ്വയം കണ്ടെത്തുന്നു. "അകത്തില്‍ ഒരു ആകാശംതന്നെയും ഉണ്ടെന്ന് തുറന്നുപറയാനുള്ള ധൈര്യം കൈവരുമ്പോള്‍, ജീവിതത്തിന്‍റെ വസന്തം ആരംഭിക്കുന്നു" എന്നാണ് അവര്‍ എടുത്തുപറയുന്നത്. കണ്ണോ കാതോ തരുന്ന തിരിച്ചറിവാണ് പുറമെങ്കില്‍ അനുഭൂതിയുടെ തലമാണ് അകം. "ഉടലിന്‍റെ അകവും പുറവും നല്കുന്ന തിരിച്ചറിവും അനുഭൂതിയും അടുക്കുകയും അകലുകയും ചെയ്യുന്ന നിരന്തരമായ പ്രക്രിയയെയാണ് ഞാന്‍ മനുഷ്യജീവിതത്തിലെ വളര്‍ച്ചയായി എണ്ണുന്നത്. ആ പ്രക്രിയ ചുരുളഴിഞ്ഞതിനെപ്പറ്റിയാണ് ഈ ഗ്രന്ഥത്തില്‍ ദേവിക കുറിക്കുന്നത്.
സ്പര്‍ശം, കേള്‍വി, കാഴ്ച, മണം, രുചി എന്നിങ്ങനെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച അറിവിന്‍റെ പശ്ചാത്തലത്തിലാണ് ജീവിതാനുഭവങ്ങളെ ദേവിക ക്രമീകരിക്കുന്നത്. അങ്ങനെയാണ് ബാഹ്യലോകം ഉള്ളിലേക്കു കടന്നുവരുന്നത്.
'മനുഷ്യ-മനുഷ്യേതര ലോകത്തോടുള്ള സ്പര്‍ശാനുഭവം നല്‍കുന്ന അത്ഭുതാതിശയങ്ങളാണ് ബാല്യകാലസന്തോഷം' എന്ന് ദേവിക പറയുന്നു. "ഓര്‍മ്മിക്കാന്‍ നല്ല വഴി സ്പര്‍ശം തന്നെയാണ്. സ്പര്‍ശം ശരീരത്തില്‍നിന്ന് വളര്‍ന്നു പന്തലിച്ച് തൊടല്‍ ശേഷി ആയില്ലെങ്കില്‍ വേരുകളോ ഓര്‍മ്മകളോ നഷ്ടപ്പെടും എന്നാണ് അവര്‍ കരുതുന്നത്. "പുസ്തകങ്ങള്‍ എന്നും എനിക്ക് ലോകത്തെ സ്പര്‍ശിക്കാനുള്ള വഴിയായിരുന്നെങ്കിലും ഈ കാലമായപ്പോഴേക്കും അവര്‍ എന്‍റെ അതിജീവനമാര്‍ഗ്ഗമായി" എന്ന് ദേവിക പറയുന്നുണ്ട്. "ശാരീരികവും വൈകാരികവും ആത്മീയവുമായ സ്പര്‍ശനശേഷി വീണ്ടെടുക്കുക എന്നാല്‍ സമൂഹം സ്ത്രീജീവിതസംരക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കുന്ന ശവപ്പെട്ടിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുക എന്നാണര്‍ത്ഥം" എന്ന് ദേവിക അഭിപ്രായപ്പെടുന്നു. സ്പര്‍ശത്തിന്‍റെ അതിവിശാലസാധ്യതകളാണ് ദേവിക തുറന്നിടുന്നത്. "മറ്റൊരു വളര്‍ന്ന തലമുറയെ ഭാവനയിലൂടെയും അനുകമ്പയിലൂടെയും മാത്രമേ നമുക്ക് സ്പര്‍ശിക്കാനാവൂ" എന്ന് അവര്‍ വിശ്വസിക്കുന്നു.
"സമൂഹത്തിന്‍റെ ആണധികാര അട്ടഹാസങ്ങള്‍ എത്താത്ത ചെറുകേള്‍വി ഇടങ്ങള്‍ പങ്കുവെച്ച് പരസ്പരം തൊടാന്‍ പഠിക്കുന്നതിനെയാണ് ഫെമിനിസം എന്നു പറഞ്ഞിരുന്നത്." കേരളത്തില്‍ സ്ത്രീ കള്‍ ആത്മഹത്യക്കു ശ്രമിക്കുന്നത് ചാകാനല്ല, കേള്‍ക്കപ്പെടാനാണ് എന്ന് ദേവിക പറയുന്നു. കേള്‍വി അത്ര പ്രധാനമായി വരുന്നു. സ്ത്രീയായ വ്യക്തി എന്ന നിലയില്‍ സ്വന്തം ശബ്ദം കണ്ടെത്തുക, മലയാളി ഫെമിനിസത്തിന് അതിന്‍റേതായ ചരിത്രവ്യവഹാരമുണ്ടാക്കുക - അതിനാണ് ദേവിക ശ്രമിക്കുന്നത്. 'പിതൃമേധാവിത്വത്തിന്‍റെ സാമാന്യബോധത്തിനു പുറത്തേക്കു മാനസികമായും വൈകാരികമായും യാത്ര ചെയ്യാന്‍ എന്‍റെ ശബ്ദം കണ്ടെത്തിയേ തീരൂ എന്ന് എനിക്ക് തീര്‍ച്ചയായിരുന്നു' എന്ന ബോധ്യത്തില്‍ നിന്നാണ് അവര്‍ മുന്നേറിയത്. "പലപ്പോഴും ആഴത്തിലുള്ള കേള്‍വി സക്രിയമായ നിശ്ശബ്ദതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്" എന്ന് ദേവിക അറിയുന്നു. ശബ്ദങ്ങള്‍ക്ക് കാലത്തിനും സ്ഥലത്തിനുമപ്പുറം സഞ്ചരിക്കാനാകുമെന്നും നാം അവര്‍ക്കായി കാതോര്‍ക്കുകയാണ് വേണ്ടതെന്നും ഞാനറിഞ്ഞു. സമൂഹം തീര്‍ക്കുന്ന കേള്‍വി നിയമങ്ങള്‍ തള്ളിക്കളഞ്ഞാല്‍ മാത്രമേ ലോകത്തെ അനവധി ശബ്ദങ്ങള്‍ ശ്രവ്യമാകൂവെന്ന് ദേവിക പ്രസ്താവിക്കുന്നു.
"അധികാരം നമ്മുടെ കണ്ണിനുള്ളില്‍ ചില കാഴ്ചകള്‍ കൊത്തിവയ്ക്കും, ഒരിക്കലും മായാത്തവിധം. അവയെ മായ്ച്ചുകളയാം, മായ്ച്ചുകളയുകതന്നെ വേണം - അവ കാഴ്ചകളല്ല, മുറിവുകളാണ്" എന്ന് ദേവിക എഴുതുന്നുണ്ട്. സ്വന്തം കാഴ്ചകള്‍ നഷ്ടപ്പെടാതെ, അതു പരിമിതമാകാതെ യാത്രചെയ്താലേ ജീവിതം സമ്പന്നമാകൂ. "എന്‍റെ ഉള്‍ക്കണ്ണിലെ ഞാന്‍ പടര്‍ന്നു പന്തലിച്ച് പുഷ്പിച്ചും വേരിറക്കിയും നില്‍ക്കുന്ന മരമാണ്" എന്ന് അവര്‍ വിചാരിക്കുന്നു. "കാഴ്ചയെ ഉറയ്ക്കാന്‍ വിടാതെ സദാ മാറ്റിപ്പണിയുന്നവര്‍ - അവരോളം ജീവിതത്തെ സ്നേഹിക്കുന്നവരെ ഞാന്‍ കണ്ടിട്ടേയില്ല. അവരോളം ധൈര്യമുള്ള മറ്റാരും ഇല്ല" എന്നതാണ് പ്രധാനം. "പച്ചപ്പിന്‍റെതായ കാഴ്ചാലോകം നഷ്ടമാകുന്നത് ചെറിയ കാര്യമല്ല എന്നും അവര്‍ സൂചിപ്പിക്കുന്നു. പുതിയ കാഴ്ചകളില്‍നിന്നാണ് നൂതനമായ കാഴ്ചപ്പാടുകള്‍ ഉറവെടുക്കുന്നത്.
'ലോകത്തെ ഉള്ളിലേക്കെടുക്കാനും തള്ളിക്കളയാനുമുള്ള നമ്മുടെ ശേഷിയെ രൂപപ്പെടുത്തുന്നതില്‍ മണബോധത്തിനുള്ള പങ്ക്' നിര്‍ണായകമെന്ന് ദേവിക പറയുന്നുണ്ട്. 'പലപ്പോഴും നമ്മുടെ അവബോധത്തിലെ മുന്‍വിധികളും ഭീതികളും പുറത്തുവരുന്നത് മണം, രുചി എന്നിവയോടുള്ള പ്രതികരണങ്ങളിലാണ്' എന്നും തുടര്‍ന്നു പറയുന്നു. 'ഗൃഹാതുരത്വത്തെ ശമിപ്പിക്കുന്നത് ഉള്ളിലേക്ക് പ്രവഹിക്കുന്ന മണങ്ങളാണ്' എന്ന് അവര്‍ അറിയുന്നുണ്ട്.
'ഉടലില്‍ നിന്ന് ഊര്‍ന്നുപോയ ഉയിരിലേക്ക് സ്നേഹമെത്തിക്കാനുള്ള പാലമായി രുചിയെ തിരിച്ചറിയുന്നത്, നാം സ്നേഹിക്കുന്നവരുടെ മരണമുണ്ടാക്കുന്ന മുറിവ് ഉണക്കാനുള്ള ആദ്യത്തെ ചുവടാണ്' എന്ന് ദേവിക കരുതുന്നു. രുചിയുടെ ലോകം തിരിച്ചറിയുന്നത് അതിവിശാലമായ അനുഭൂതിശതങ്ങളാണ്.
പാമ്പുറകളും ചിറകുകളും ചേര്‍ന്നൊരു യാത്രയാണിത്. "സ്നേഹത്തിന്‍റെ വെല്ലുവിളിയേറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ സ്വന്തം പാമ്പുറകള്‍ വളര്‍ത്തണം. കാരണം, സ്നേഹസ്പര്‍ശത്തിന്‍റെ വഴി തിരഞ്ഞെടുത്താല്‍ പിന്നെ മണ്ണിനെ അവഗണിക്കുക അസാധ്യമാകും. പക്ഷേ, നമുക്കു ചിറകുകളും ഉണ്ടാകട്ടെ. ഉയരത്തില്‍ പറക്കാന്‍ എന്നതിനേക്കാള്‍ ചിറകുകള്‍ ഉണ്ടെന്ന തോന്നല്‍, പറക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം, ഇവ നല്‍കുന്ന അവര്‍ണനീയമായ ആനന്ദത്തിനുവേണ്ടി മാത്രമെങ്കിലും" എന്നെഴുതി അവസാനിപ്പിക്കുമ്പോള്‍ നാം മറ്റൊരു ഉറയൂരലിനു വിധേയരാകും.
'ഉറയൂരല്‍' എന്ന ഗ്രന്ഥം നമ്മുടെ പല മുന്‍ധാരണകളും തിരുത്തുന്നു. വേദനാജനകമായ ഈ പ്രക്രിയ നമ്മിലേക്കു പലതും നിറയ്ക്കുന്നു. അഗാധവും സൂക്ഷ്മവുമായ വായനാനുഭവമാണ് 'ഉറയൂരല്‍' നല്‍കുന്നത്.
(ഉറയൂരല്‍ - ജെ. ദേവിക - ഡി സി ബുക്സ്)