news-details
അക്ഷരം

നദിയെന്ന പേര്

ഈ നൂറ്റാണ്ടിലും നാം ജാതിയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. നാടിനെ വേഗത്തില്‍ പിന്നിലേക്കു കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. നാം മൂടിവച്ചിരുന്ന ജാതിവാലുകള്‍ പലപ്പോഴും പുറത്തുവരുന്നു. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ജീര്‍ണഗന്ധം നമ്മെ ഗ്രസിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ തമിഴ് ദളിത് എഴുത്തുകാരിയായ സുകിര്‍താറാണിയുടെ കവിതകള്‍ പ്രസക്തമാകുന്നു. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍, പങ്കിടുന്ന തീക്ഷ്ണാനുഭവങ്ങള്‍ അനേകം കോടി പ്രാന്തവത്കരിക്കപ്പെട്ട ജനതതിയുടെ ജീവിതമാണ്. 'നദിയെന്നാണ് എന്‍റെ പേര്' എന്ന കവിതാസമാഹാരം ചര്‍ച്ചചെയ്യേണ്ട നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിവിടുന്നു.

'എന്‍റെ പ്രിയ സോദരി മനീഷ' എന്ന ആദ്യ കവിത മാറ്റിനിര്‍ത്തലിന്‍റെ അനുഭവമാണ് ആവിഷ്കരിക്കുന്നത്. 'തീണ്ടലുള്ള ചേരി, തെരുവ്, കൂര, കുളം, കിണര്‍, ഭക്ഷണം, രക്തം, പ്രണയം, ജാതി എല്ലാം ഇവിടെ കടന്നുവരുന്നു. 'തീണ്ടാനാവുന്നത് ഞങ്ങളുടെ ഉടല്‍മാത്രം' എന്ന് കവി ഉറപ്പിച്ചുപറയുന്നു. അരികിലേയ്ക്ക് മാറ്റിനിര്‍ത്തപ്പെടുന്നവന്‍റെ അനുഭവമാണിത്.

'ഞാനൊന്നു മുള്ളട്ടെ' എന്ന കവിത ഞെട്ടിക്കുന്ന സത്യങ്ങളാണ് വിളിച്ചുപറയുന്നത്. ഇന്ത്യയിലെ സമകാലികസംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തിന്‍റെ പരിക്ഷീണാവസ്ഥയാണ് കവി ചൂണ്ടിക്കാണിക്കുന്നത്.

"ശിരസ്സുയര്‍ത്തി ഇനിയൊരുനാളും
നടക്കില്ല ഞാന്‍" എന്നും
"സാമൂഹ്യനീതിക്കായ്
ഒരു കവിതപോലുമെഴുതില്ല" എന്നും വേദനയോടെ കുറിക്കുന്നു. "കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ വയ്യ" എന്നു പറഞ്ഞിട്ട്,
"നിങ്ങളുടെ ജനാധിപത്യബോധത്തിന്മേല്‍ ഞാനൊന്നു മുള്ളട്ടെ" എന്നു  പറഞ്ഞു നിര്‍ത്തുമ്പോള്‍ നാം പലതും തിരിച്ചറിയുന്നു.

'അമ്മയുടെ ആകാശം' എന്ന കവിത ഒരു സാധാരണ സ്ത്രീയുടെ ജീവിതമാണ് വരച്ചിടുന്നത്. അമ്മയുടെ മുതുക് വളഞ്ഞുവന്നത് ജീവിതഭാരം ചുമന്നാണ്.
"ഇപ്പോള്‍ എന്‍റെ വ്യാകുലതയത്രയും
എന്നെങ്കിലും
വളയാന്‍ പോകുന്ന എന്‍റെ
മുതുകിനെക്കുറിച്ചാണ്" എന്നെഴുതുമ്പോള്‍ തന്‍റെ അനുഭവവും വ്യത്യസ്തമാകാന്‍ സാധ്യതയില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന കവിയെ നാം കാണുന്നു.

'ദയവു ചെയ്ത് ആത്മഹത്യ ചെയ്യുക' എന്നാണ് വരേണ്യവര്‍ഗ്ഗത്തോട് കവി വിളിച്ചുപറയുന്നത്. എല്ലാ ജോലികളും ചെയ്യുന്നത് ഞങ്ങളായതിനാല്‍ ഇനി ഞങ്ങള്‍ അതിനു തയ്യാറല്ല.
"മലം ചുമക്കുന്നതും ഞങ്ങള്‍
ഇനി മേലില്‍ നിന്‍റെ മലം
നീ തന്നെ ചുമക്കുക" എന്നും
"ഞങ്ങളാണ് ഭരണഘടന എഴുതിയത്
അതും നിനക്കു വേണ്ടായെങ്കില്‍
ദയവ് ചെയ്ത് ആത്മഹത്യചെയ്യുക!" എന്നും പ്രസ്താവിക്കാന്‍ കവി ധൈര്യപ്പെടുന്നു.
അമ്മ കവിയെ ഉപദേശിച്ചത് ഇപ്രകാരമാണ്:
"മുഖം പെട്ടെന്നു തിരിക്കരുത്
ഒരു തുള്ളി കണ്ണീര്‍പോലുമില്ലാതെ
മുഖമുയര്‍ത്തിപ്പിടിക്കണം"
അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാണ് കവി പറയുന്നത്.
"ഉറഞ്ഞ പുഞ്ചിരിയുള്ള വേദനകള്‍
ആര്‍ക്കും സാക്ഷികളല്ല" എന്ന അറിവ് കവിക്കുണ്ട്. വരേണ്യവര്‍ഗ്ഗത്തിന്‍റെ ദേവതകള്‍ തങ്ങള്‍ക്ക് സാക്ഷികളല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളെക്കുറിച്ചാണ് 'നൂറ്റാണ്ടുകളുടെ ചോദ്യം' എന്ന കവിതയില്‍ എഴുതുന്നത്.

"ഹൃദയത്തിന്‍റെ ഒറ്റക്കമ്പിയില്‍ കെട്ടിയ
ചോദ്യത്തിന്‍റെ ഊഞ്ഞാല്‍
കാലത്തിന്‍റെ രണ്ടുഭാഗങ്ങള്‍ക്കിടയില്‍
ഉത്തരങ്ങളില്ലാതെ, ഉത്തരം പറയാന്‍ ആളില്ലാതെ
ആടിക്കൊണ്ടിരിക്കുന്നു." അരികുവത്കരിക്കപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. മകള്‍ ചോദിക്കുന്നു, "ഒരു ചേരിയെന്തേ നഗരമാകാത്തത് അമ്മേ?" ചേരികള്‍ ചേരികളായി തുടരുന്നു. നഗരങ്ങള്‍ അവര്‍ക്കു മീതേ പണിതുയര്‍ത്തുന്നു.

"ശിഖകളാലും കുഴികളാലും
നിമ്ന്നോന്നതമായ എന്‍റെ ഭൂമി
ചൂഴ്ന്നെടുക്കപ്പെട്ട ഇടങ്ങളില്‍
ആഴമുള്ള വടുക്കളെ വഹിക്കുന്നു" എന്ന് കവി അറിയുന്നു.
'ശിശുഭാഷ' എന്ന കവിതയില്‍ എനിക്കൊരു ഭാഷ വേണം' എന്ന് കവി പറയുന്നു. നിലവിലുള്ള ഭാഷ തന്‍റേതല്ല. അത് തന്‍റെ ജീവിതം പകര്‍ത്താന്‍ പര്യാപ്തമല്ല. അതുകൊണ്ടാണ് പുതിയ ഭാഷ വേണമെന്നു പറയുന്നത്. തുറവിയുള്ളതും ആരാധ്യവുമായ ഭാഷയാണ് വേണ്ടത്. 'ആകാശത്തെപ്പോലെ വിശാലമാകും അതിന്‍റെ അര്‍ത്ഥങ്ങള്‍' എന്ന് കവി സ്വപ്നം കാണുന്നു.

"അനന്യമായ ആ ഭാഷയുടെ താക്കോലുകള്‍
ദുഃഖത്തിന് അറുതിവരുത്തുകയും
പ്രത്യേകമായ അഭിമാനബോധത്തിലേക്കു
വഴിതുറക്കുകയും ചെയ്യും" അവിടെ തന്‍റെ അക്ഷരമാല വായിച്ച് ഭയന്നുപോകുമെന്ന് കവി പറയുകയാണ്. ഭാഷയിലും മാറ്റിമറിക്കല്‍ അനിവാര്യമായിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ദര്‍ശനം കടന്നുവരുന്നത്.

അടിച്ചമര്‍ത്തപ്പെട്ടവളെയും അവളുടെ സമുദായത്തെയും പരിഗണിച്ച് അവള്‍ക്കുവേണ്ടി കവി വാക്കുകള്‍ ഉച്ചരിക്കുന്നു. അവളെയാണ് കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്, അവളായിത്തീര്‍ന്ന്.
"ജാതിയുടെ അപമാനം
ഞങ്ങളുടെ നഗ്നപാദങ്ങളെ മൂടുന്നു" എന്ന അറിവാണ് അതിനു പിന്നിലുള്ളത്.

"ഈ പരന്ന ഭൂമിയില്‍ ഞങ്ങള്‍ക്ക് ഒരിത്തിരി ഭൂമിയേ ഉണ്ടായിരുന്നുള്ളൂ." അതും നഷ്ടമായിക്കൊണ്ടിരിക്കുന്ന വേദന നിസ്സാരമല്ല. 'വരിയുടച്ച് വിത്തുകള്‍' വിളിക്കുന്നത് കവി കേള്‍ക്കുന്നു.

'സ്വാതന്ത്ര്യത്തിന്‍റെ കൊടി'യില്‍ രക്തത്തിന്‍റെ നിറമുണ്ട് എന്ന് കവി അറിയുന്നു.
"ജാതിഭ്രാന്തിന്‍റെ നൃത്തം
ചൂടുപിടിക്കുന്നു." അത്തരം അനുഭവങ്ങള്‍ കവിയെ പൊള്ളിക്കുന്നു.
"എന്‍റെ ചിട്ടകളിലേക്ക്
അക്രമിച്ചുകടക്കാന്‍ നിങ്ങളാരാണ്? എന്ന് വര്‍ഗീയവാദികളോട് കവി ചോദിക്കുന്നു.
"നിങ്ങള്‍ മതത്തെയും പശുവിനെയും
കൂട്ടിക്കെട്ടുന്നു.
എപ്പോഴെങ്കിലും മതത്തെയും മാനവികതയെയും
കൂട്ടികെട്ടാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ?" എന്ന കാതലായ ചോദ്യമാണ് കവി ഉന്നയിക്കുന്നത്.
"അനീതിയില്‍ വേരൂന്നിയ
നിങ്ങളുടെ പരിശുദ്ധിയും അസ്പൃശ്യതയും
മുടിഞ്ഞുപോകട്ടെ" എന്ന് ശപിക്കുകയാണ് കവി.

സുകിര്‍തറാണിയുടെ കവിതകള്‍ അധഃകൃതരുടെ ജീവിതവും പ്രകൃതിയും സ്ത്രീയും എല്ലാം കടന്നുവരുന്നതാണ്. കൃത്യമായ രാഷ്ട്രീയം ഈ കവിതകള്‍ക്കു പിന്നിലുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ, ദളിതന്‍റെ പക്ഷത്താണ് കവി. വരേണ്യതയെ ശക്തമായി ചോദ്യം ചെയ്യുന്നു കവി. ചാതുര്‍വര്‍ണ്യത്തിന്‍റെ പുത്തന്‍കാലം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വരേണ്യരെ ആക്രമിക്കുകയാണ് കവി. അനുഭവത്തിന്‍റെ ചൂട് ഓരോ വാക്കിലുമുണ്ട്. ഒന്നും മറച്ചുവയ്ക്കാതെ, തുറന്നുപറയുന്നു സുകിര്‍തറാണി.


(നദിയെന്നാണ് എന്‍റെ പേര്- സുകിര്‍തറാണി- ഫേബിയന്‍ ബുക്സ്) 

You can share this post!

കാണാത്ത പുറംകാഴ്ചകള്‍

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts