"പാഠപുസ്തകങ്ങളുടെ ഭാരമോ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും കെട്ടുപാടുകളോ ഇല്ലാതെ, സ്വതന്ത്രമായി ചിന്തിക്കാനും പാറി നടക്കാനും സാധിക്കുന്നൊരു സ്കൂള്‍ തുടങ്ങണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ഒരു മുപ്പതുവയസ്സുവരെ ജോലിചെയ്യുക. അതില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യം കൊണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്കൂള്‍ ആരംഭിക്കുക, ഇതായിരുന്നു പ്ലാന്‍. പക്ഷെ, എന്‍റെ സ്വപ്നങ്ങളിലൊന്നും വിവാഹം, ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കാരണം എന്‍റെ ഈ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കൂട്ടു നില്‍ക്കുന്ന ഒരാളെ കണ്ടെത്താന്‍ അത്ര എളുപ്പമല്ല എന്ന് എനിക്കറിയാമായിരുന്നു. അങ്ങനെയിരിക്കേയാണ് എന്‍റെ അനിയന്‍ 'സാരംഗ്' നടത്തിയ പത്തു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്. അച്ഛനും അമ്മയും, വിജയലക്ഷ്മി ടീച്ചറിന്‍റെയും ഗോപാലകൃഷ്ണന്‍ സാറിന്‍റെയും ജീവിതശൈലിയോടും ബദല്‍ വിദ്യാഭ്യാസ നയങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരായിരുന്നു. ക്യാമ്പ് കഴിഞ്ഞ് തിരിച്ചെത്തിയ അനിയന്‍, സാരംഗിലെ ഗൗതമിന്‍റെ ഇ-മെയില്‍ ഐഡി യും ഓര്‍ക്കൂട്ട് അഡ്രസും തന്നു. ആദ്യമെല്ലാം പൊതുവായിട്ടുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ആശയങ്ങള്‍ പങ്കുവെയ്ക്കലുമായിരുന്നു പരിപാടി. പിന്നീടെപ്പോഴോ എനിക്ക് തോന്നി, എന്‍റെ ആശയങ്ങളും ആഗ്രഹങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാനും അതിന് ശരിയായ പിന്തുണ നല്‍കാനും പറ്റിയ ആളാണ് ഗൗതമെന്ന്. ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടുപേരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്." അടുക്കളയിലെ പണികളെല്ലാം ഒതുക്കി പാത്രങ്ങള്‍ കഴുകിവെയ്ക്കുന്നതിനിടയില്‍ അനുരാധ തന്‍റെയും ഗൗതമിന്‍റെയും കൂടിച്ചേരലിന്‍റെ കഥ പറയുമ്പോള്‍ ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു; കടലോളം സ്നേഹം ഒളിപ്പിച്ചുവെച്ച കാണാനേറെ ചന്തമുള്ളൊരു ചിരി.
'താങ്ങാവുന്ന' വിദ്യാഭ്യാസത്തിന്‍റെ പാഠങ്ങള്‍ ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍, അതില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയായി എനിക്കു തോന്നിയത് അനുരാധയെ ആണ്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ അനുരാധ ഗൗതമിന്‍റെ ഭാര്യയായി എത്തുന്നത് 2008 ലാണ്. ബദല്‍ വിദ്യാഭ്യാസം എന്ന ആശയം പുസ്തകത്താളുകളില്‍ വായിച്ച് മാത്രം പരിചയമുള്ള, കാലഘട്ടത്തിനൊപ്പം ഒഴുകുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ വളര്‍ന്നു വന്ന, സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ബദല്‍ വിദ്യാഭ്യാസം നല്‍കുന്ന ഒരു സ്കൂളിനെപ്പറ്റി സ്വപ്നം കാണുകയും അത് സ്വന്തം മക്കളിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അനുരാധയുടെ പ്രവൃത്തികളിലെല്ലാം ഒരു 'ബദല്‍' ചിന്തകള്‍ നമുക്ക് കാണാന്‍ സാധിക്കും. തന്‍റെ മൂന്ന് പ്രസവങ്ങളും - ഹിരണ്യ, പാര്‍ത്ഥന്‍, ചിന്മയി - പത്തിരിപ്പാലയിലും കോങ്ങാടുമുള്ള വാടകവീടുകളിലായിരുന്നു. കുഞ്ഞു ചിന്മയി ശിരുവാണിപ്പുഴയില്‍ കുളിച്ചതിന്‍റെയും വെള്ളത്തില്‍ പരല്‍മീനുകളെ കണ്ട് ചിരിച്ചതിന്‍റെയും മണിക്കുറുകളോളം വെള്ളത്തില്‍ കൈകാലിട്ടടിച്ച് കളിച്ചതിന്‍റെയുമൊക്കെ കഥ പറയുമ്പോള്‍ ആ മുഖം സന്തോഷവും അഭിമാനവും കൊണ്ട് നിറഞ്ഞിരുന്നു. തന്‍റെ കുഞ്ഞുങ്ങളുടെ ഓരോ കുസൃതികളും വരകളുമെല്ലാം ക്യാമറക്കണ്ണില്‍ ഒപ്പിയെടുത്തുവയ്ക്കാറുണ്ട് അനുരാധ. ആ ചിത്രങ്ങളെല്ലാം കാണുന്നത് ക്യാമറക്കണ്ണിലൂടെ ആണെങ്കിലും അതു പതിയുന്നതെല്ലാം അവളുടെ ഹൃദയത്തിലാണ്. അതെ, ശരിക്കും അനുരാധ ഒരു ഹീറോ തന്നെയാണ്.
1979കളുടെ തുടക്കത്തില്‍ വിജയലക്ഷ്മി ടീച്ചറും ഗോപാലകൃഷ്ണന്‍ സാറും ചേര്‍ന്ന് രൂപം കൊടുത്തതാണ് 'സാരംഗ്'. അതുവരെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരുപാട് മുന്‍ധാരണകളെ തകര്‍ക്കുന്നതായിരുന്നു സാരംഗിന്‍റെ പ്രവര്‍ത്തനങ്ങള്‍. അതിലൊന്നായിരുന്നു ബദല്‍ വിദ്യാഭ്യാസ സമ്പ്രദായം. അവര്‍ തങ്ങളുടെ മൂന്നു മക്കളെയും - ഗൗതം, കണ്ണകി, ഉണ്ണിയാര്‍ച്ച - പൊതു വിദ്യാഭ്യാസത്തിന്‍റെ കീഴില്‍ കൊണ്ടുവന്നിട്ടില്ല. അറിവെന്നത് പുസ്തകത്താളുകളില്‍ കോറിയിട്ട അക്ഷരങ്ങള്‍ മാത്രമല്ലെന്നും അത് കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കേണ്ട ഒന്നാണെന്നും ഉള്ള തിരിച്ചറിവ് സാരംഗ് അവര്‍ക്കു നല്‍കി. ഭാഷയും ഗണിതവും ശാസ്ത്രവും ചിത്രകലയും ആയോധനകലയും പാചകവും നിര്‍മ്മാണവും എല്ലാം പഠിച്ചതിനൊപ്പം തന്നെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളെ മനസ്സിലാക്കി നേരിടാനും കുറഞ്ഞ ചെലവില്‍ ജീവിക്കാനും അവര്‍ പ്രാപ്തരായി. തച്ചന്‍റെ ഉളിക്കും മേസ്തിരിയുടെ പണിയായുധത്തിനും കര്‍ഷകന്‍റെ തൂമ്പയ്ക്കും അദ്ധ്യാപകന്‍റെ പേനയ്ക്കുമെല്ലാം ഒരേ മാഹാത്മ്യമാണെന്ന തിരിച്ചറിവ് ജോലിയുടെ "സ്റ്റാറ്റസിനേ"ക്കാള്‍ വലുത് അത് മനസ്സിനു നല്‍കുന്ന സന്തോഷമാണെന്ന് പഠിപ്പിച്ചു. ഗൗതം ഇന്നൊരു വെബ് ഡവലപ്പര്‍ ആണ്. കൂടാതെ തനിക്കിഷ്ടപ്പെട്ട വിഷയങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നുണ്ട്. കൃഷി ചെയ്യുന്നുണ്ട്, ഇന്‍ററാക്ടീവ് ക്യാമ്പസുകള്‍ക്ക് രൂപം നല്‍കുന്നുണ്ട്. ഒപ്പം പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടുമിരിക്കുന്നു. കണ്ണകിക്ക് നൃത്തമേഖലയോടാണ് കൂടുതല്‍ താത്പര്യം. ആര്‍ച്ചയാവട്ടെ വയലിന്‍ ഒരുപാടിഷ്ടപ്പെടുന്നു. ഇവര്‍ രണ്ടുപേരും തങ്ങളുടെ ഇഷ്ടമേഖലകളില്‍ ഉപരിപഠനം നടത്തുന്നു.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പലരും പല വിധത്തിലുള്ള ബദല്‍ സംവിധാനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ടെങ്കിലും അവയില്‍ പലതിനും ഒരു 'തുടര്‍ച്ച' അവകാശപ്പെടാനാകില്ല. അതിനാല്‍ തന്നെ പലതും മണ്‍മറഞ്ഞു കഴിഞ്ഞു. ഇവിടെയാണ് സാരംഗിന്‍റെ പ്രസക്തി. വര്‍ഷങ്ങളുടെ പരിശ്രമഫലമായി രൂപപ്പെടുത്തിയെടുത്ത ആശയങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ടീച്ചറും സാറും നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. അതിന് ഉത്തമോദാഹരണമാണ് അനുരാധയും ഗൗതമും അവരുടെ കുഞ്ഞുങ്ങളും. ടീച്ചറും സാറും തെളിച്ച് കാണിച്ച വഴിയിലൂടെയാണ് ഗൗതമും അനുരാധയും നടന്നു മുന്നേറുന്നതും അവര്‍ ഇന്ന് തങ്ങളുടെ കുഞ്ഞുങ്ങളെ നയിക്കുന്നതും. സാരംഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിന്‍ "new generations' ല്‍ തികച്ചും ഭദ്രമാണ്.
ഒരു കുന്നിന്‍റെ ഉയിര്‍ത്തെഴുന്നേല്പ്
മനുഷ്യന്‍റെ ചൂഷണം കൊണ്ട് മരിച്ച്, മരവിച്ചു പോയൊരു കുന്ന്; വെട്ടിയും കുത്തിയും കിളച്ചും മാറു പിളര്‍ന്ന് ജീവന്‍റെ അവസാന ജലകണവും ഊറ്റിയെടുത്ത് മിക്കവരും കുന്നിറങ്ങി. ശേഷിച്ചവര്‍ പച്ചപ്പു നഷ്ടപ്പെട്ട ആ മൊട്ടക്കുന്നിനെ തീനാളങ്ങളാല്‍ വീണ്ടും പൊള്ളിച്ചു കൊണ്ടേയിരുന്നു. മരണത്തില്‍ നിന്നും പ്രതീക്ഷയിലേക്ക് നാമ്പിട്ട ഓരോ പുല്‍ക്കൊടിയും ആടുമാടുകളാല്‍ ചവിട്ടിയരക്കപ്പെട്ടു. 1983-ല്‍ വിജയലക്ഷ്മി ടീച്ചറും ഗോപാലകൃഷ്ണന്‍ സാറും പാലക്കാട്ടെ അഗളിക്കടുത്തുള്ള ഈ മലയില്‍ എത്തുമ്പോള്‍ ഞരമ്പുകളെല്ലാം വറ്റി വരണ്ട് മരണം കാത്തു കിടന്നൊരു തരിശു ഭൂമിയായിരുന്നു ഇത്.
'സാരംഗ് മല'യുടെ ഉത്ഥാനത്തിന്‍റെ കഥ, ടീച്ചറിന്‍റെയും സാറിന്‍റെയും അദ്ധ്വാനത്തിന്‍റെയും സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും കഥ കൂടിയാണ്.
ആദ്യം മുള കൊണ്ട് ചെറിയൊരു കുടില്‍ കെട്ടിപ്പടുത്തു. കിലോമിറ്ററുകളോളം താഴേയ്ക്ക് കുന്നിറങ്ങി ശിരുവാണിപ്പുഴയില്‍ നിന്നും വെള്ളം നിറച്ച് ഒരേ സമയം മൂന്നും നാലും കുടങ്ങളുമായി അവര്‍ കുത്തനെയുള്ള ആ കുന്നു കയറി. ജീവന്‍റെ തുടിപ്പ് നഷ്ടപ്പെട്ട ആ കുന്നിന്‍ചെരുവുകളിലെല്ലാം അവര്‍ മുള നട്ടു പിടിപ്പിച്ചു. ഒപ്പം സ്വാഭാവികമായി തന്നെ മരങ്ങളെയും ചെടികളെയും വളരാനനുവദിച്ചു. ഉയിര്‍കൊണ്ട ഓരോ പുല്‍നാമ്പിനെയും ആടുമാടുകളില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ അവയ്ക്കു കാവല്‍ നിന്നു. വരണ്ടു പോയ ജീവന്‍റെ സിരകള്‍ക്കു ജലകണങ്ങളുടെ കുളിരേകാന്‍ മുള കൊണ്ട് ചെറിയ ചെക്ഡാമുകള്‍ നിര്‍മ്മിച്ചു. ഭൂമിയിലേക്ക് ജലനീരിറങ്ങാന്‍ പുതയിട്ടു. നനവ് നിലനിര്‍ത്താന്‍ വലിയ മണ്‍കുടങ്ങള്‍ കുഴിച്ചിട്ട് അതില്‍ താഴ്വാരത്തിലെ തെളിനീര്‍ നിറച്ചു വച്ചു. നീണ്ട ഇരുപതു വര്‍ഷത്തെ അത്യദ്ധ്വാനം കൊണ്ട് ഇന്ന് സാരംഗ് മല പച്ചപുതച്ചിരിക്കുന്നു. കുന്നിന്‍റെ സിരകളിലെല്ലാം ജീവന്‍റെ തെളിനീരോട്ടം തിരിച്ചു വന്നിരിക്കുന്നു. അപൂര്‍വമായ ഔഷധ ചെടികളും മരങ്ങളും മുളയും കിളികളും ഉരഗങ്ങളും പ്രാണികളുമെല്ലാം ഇന്ന് സാരംഗ് മലയിലെ അന്തേവാസികളാണ്. ഇടയ്ക്കിടയ്ക്ക് കുട്ടിക്കുരങ്ങന്മാരും കാട്ടുപന്നികളും എല്ലാം വിരുന്നിനെത്താറുണ്ട്. അങ്ങിനെ ഒരു കുടുംബത്തിന്‍റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിനും അദ്ധ്വാനത്തിനും സ്നേഹത്തിനും മുന്നില്‍ മൃതിയടഞ്ഞ ഒരു കുന്ന് 'മൂന്നാം നാള്‍' ഉയിര്‍ത്തെഴുന്നേറ്റു.
ഇന്നത്തെ ഔഷധ കഞ്ഞിയുടെ ഇന്‍ - ചാര്‍ജ് കുട്ടിപ്പട്ടാളത്തിനാണ്. ധാന്യങ്ങളെല്ലാം അവര്‍ത്തന്നെ കഴുകി, കല്ലു മാറ്റി, തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇനി അതില്‍ ഇടാനുള്ള ഔഷധ ചെടികള്‍ കണ്ടെത്തണം. പാര്‍ത്ഥനും ഹിരണ്യയ്ക്കുമെല്ലാം അവയുടെ പേരുകള്‍ മനപ്പാഠമാണ്. കുറുന്തോട്ടിയും മുയല്‍ ചെവിയനും ഉഴിഞ്ഞയുമെല്ലാം തേടി അവര്‍ തൊടിയിലേക്കിറങ്ങി. തങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും ഉയിര്‍ നല്‍കി ഉയിരേകിയ കുന്നിലൂടെ കൊങ്ങിണിപ്പഴം കഴിച്ചും മണ്ണപ്പം ചുട്ടും കൃഷിയുടെ പാഠങ്ങള്‍ പഠിച്ചും പുതിയ കിളിക്കൂട്ടുകാരെയും പ്രാണികളെയുമെല്ലാം പരിചയപ്പെട്ടും ചിരിച്ചും കളിച്ചും അവര്‍ അവരുടെ ബാല്യകാലം ഒരു ഉത്സവമാക്കിമാറ്റുകയാണ്.
ഗൗതം - The wonder kid
ഗൗതം - The wonder kid എന്ന വാചകം കേട്ടപ്പോഴേ ഗൗതം പറഞ്ഞു തുടങ്ങി; "ഞാന്‍ ഒരു സാധാരണക്കാരനാണ്. അമാനുഷികമായതൊന്നും എനിക്കില്ല. എനിക്ക് ആറ് ഭാഷ സംസാരിക്കാന്‍ പറ്റും. ഞാന്‍ പുറത്ത് യുണിവേഴ്സിറ്റികളില്‍ പേപ്പര്‍ പ്രസന്‍റേഷന് പോകുന്നുണ്ട്, എനിക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളറിയാം, ഞാന്‍ അതു ചെയ്യും ഇതുചെയ്യുമെന്നൊക്കെ പറഞ്ഞ് എന്നെ നോക്കി അത്ഭുതപ്പെടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങളുടെ കുട്ടികള്‍ക്കും ഈ കഴിവുകളെല്ലാം ഉണ്ട്. അതു നിങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നു മാത്രം. അവരെ അവര്‍ക്കിഷ്ടമുള്ളത് ചെയ്യാനുള്ള അവസരമുണ്ടാക്കുക. എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കഴിവിനനുസരിച്ചുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് അവരുണ്ടാക്കിയത്. എനിക്ക് എല്ലാം പഠിക്കാനും അറിയാനുമുള്ള അവസരങ്ങള്‍ ഒരുക്കിതന്നു. ഭാഷയും ഗണിതവും ശാസ്ത്രവും പാചകവും നിര്‍മ്മാണവും കലയും എന്തിനേറെ, പ്രസവം വരെ കണ്ട് അറിഞ്ഞ്, അനുഭവിച്ച് പഠിച്ചു. എന്‍റെ മൂന്നു കുട്ടികളും ജനിക്കുന്ന സമയത്ത് ഞാന്‍ അനുവിനോടൊപ്പം ഉണ്ടായിരുന്നു. എന്‍റെ കയ്യിലേക്കാണ് അവര്‍ ജനിച്ചു വീണത്.
ജോലിയുടെ 'സ്റ്റാറ്റസ്' നോക്കാതെ എനിക്കിഷ്ടമുള്ള പണി ചെയ്യാന്‍ അവരെന്നെ അനുവദിച്ചു. എന്നാല്‍ ഇന്നത്തെ മാതാപിതാക്കള്‍ എന്താണ് ചെയ്യുന്നത്? കഴുത്തിലൊരു കുടുക്കുമിട്ട്, മഴക്കാലത്തു പോലും സോക്സും വലിച്ചുകയറ്റി പതിനായിരങ്ങളും ലക്ഷങ്ങളും ചിലവാക്കി, എന്തിനേറെ കിടപ്പാടം പോലും പണയപ്പെടുത്തി 'Product' കളെ മാത്രം ഉത്പാദിപ്പിക്കുന്ന വ്യവസായശാലകളായി മാറിയ സ്കൂളുകളിലേക്ക് കുട്ടികളെ തള്ളിവിടുന്നു. അവര്‍ പഠിക്കുന്നത് എന്താണെന്നോ എന്തിനാണെന്നോ പ്രായോഗികജീവിതത്തില്‍ ഇവ ഉപകാരപ്പെടുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെ 'തത്തമ്മേ, പൂച്ച പൂച്ച' എന്ന മനപ്പാഠത്തിന്‍റെ ലോകത്തേക്ക് നമ്മളവരെ വലിച്ചെറിയുന്നു. അതുകൊണ്ടുതന്നെയാണ് പല സന്ദര്‍ഭങ്ങളിലും എന്തു ചെയ്യണമെന്നറിയാതെ, എങ്ങനെ പ്രവര്‍ത്തിക്കണമെന്നറിയാതെ, നമ്മുടെ കുട്ടികള്‍ തരിച്ചുനിന്നു പോകുന്നത്.
എഴുപതോ എണ്‍പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് വിദ്യാലയമെന്നത് വീടുകളായിരുന്നു. പാചകത്തിന്‍റെ രുചിക്കൂട്ടുകള്‍ കണ്ടെത്തിയതും കുഞ്ഞു കുഞ്ഞുഅസുഖങ്ങളെ കാറ്റില്‍ പറത്താനുള്ള പൊടിക്കൈകള്‍ പഠിച്ചതുമെല്ലാം അടുക്കളയില്‍ നിന്നുമായിരുന്നു. മണ്ണിനെക്കുറിച്ചും കൃഷിയേക്കുറിച്ചുമെല്ലാം അറിഞ്ഞത് അച്ഛനില്‍ നിന്നാണ്. പാടത്തും തൊടിയിലുമെല്ലാം ഓടിക്കളിക്കുന്നതിനിടയില്‍ ജൈവവൈവിധ്യത്തെക്കുറിച്ചും വിവിധതരം ജീവജാലങ്ങളെക്കുറിച്ചും പഠിച്ചു. തുലാമാസത്തിനു മുമ്പ് പുരയുടെ മേല്‍ക്കൂരയെല്ലാം ശരിയാക്കി ഓലമെടഞ്ഞും ഓടുവെച്ചും പിന്നെ വീടിന് അല്ലറ ചില്ലറ മെയിന്‍റനന്‍സ് പണികളൊക്കെ ചെയ്യാനും സഹായിച്ചപ്പോള്‍ നിര്‍മ്മിതിയിലും വാസ്തുശാസ്ത്രത്തിലുമെല്ലാം ഉള്ള അടിസ്ഥാനപാഠങ്ങള്‍കിട്ടി. ഇങ്ങനെ ദൈനംദിന ജീവിതത്തിലെ ഓരോ കാര്യങ്ങളും നമ്മളെ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഗണിതവുമെല്ലാം പഠിപ്പിക്കുകയാണ്, അറിഞ്ഞോ അറിയാതെയോ. പുസ്തകങ്ങളിലെ നിയമങ്ങളെക്കാള്‍ ആഴമുണ്ടാകും നാം ഒരു കാര്യം കണ്ട് അറിഞ്ഞ് അനുഭവിച്ചു പഠിക്കുമ്പോള്‍."
ഗൗതം ഇത് പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കുട്ടിപ്പട്ടാളം അച്ഛന്‍റെ ചുറ്റും കൂടിക്കഴിഞ്ഞു. അച്ഛനും മക്കളും ഇനി കളികളിലൂടെ കാര്യത്തിലേക്ക് കടക്കാന്‍ പോവുകയാണ്. വരൂ നമുക്കും അവരോടൊപ്പം കൂടാം. "ഇന്ന് നമ്മള്‍ ഹിരണ്യക്കു വേണ്ടി ഓഫീസ് ഉണ്ടാക്കാന്‍ പോകുകയാണ്. അപ്പോള്‍ എന്തൊക്കെ സാധനങ്ങളാ നമുക്ക് വേണ്ടത്?"ഗൗതമിന്‍റെ ചോദ്യമെത്തേണ്ട താമസം, ഉത്തരം റെഡി. വീണ്ടും ചോദ്യങ്ങളിലൂടെയും കഥകളിലൂടെയുമെല്ലാം ക്ലാസ്സ് മുന്നോട്ടു പോകുകയാണ്. "ഹിരണ്യയുടെ ഓഫീസിലേക്ക് പോകുന്ന വഴിക്ക് ഒരു വല്യ പുഴയുണ്ട്. അത് കടന്നാല്‍ മാത്രമേ കല്ലൊക്കെ നമുക്ക് പണിസ്ഥലത്ത് എത്തിക്കാന്‍ പറ്റൂ." മുറ്റത്ത് അച്ഛനും മക്കളും ചേര്‍ന്ന് ഹിരണ്യയുടെ ഓഫീസിനുള്ള സ്ഥലം കണ്ടെത്തി, വഴി ഉണ്ടാക്കി, വഴിവക്കില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു, ചെറിയൊരു പുഴയുണ്ടാക്കി, പുഴക്കു മീതെ ഒരു പാലവും വെച്ചു. പാര്‍ത്ഥനാണ് കല്ലുകള്‍ നിറച്ച വണ്ടി ഓടിക്കുന്നത്. അവന്‍റെ കുഞ്ഞിക്കാറ് കല്ലു വെച്ച് പേപ്പര്‍ പാലത്തില്‍ കയറിയ ഉടനേ പാലം വളഞ്ഞു. ഇനിയിപ്പോള്‍ കല്ലെങ്ങനെ അക്കരെയെത്തുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കുട്ടിപ്പട്ടാളം തലപുകഞ്ഞാലോചിച്ചു. കുട്ടികള്‍ പല വഴികള്‍ ചെയ്തു നോക്കിയെങ്കിലും പാലത്തിനു ശക്തി കൂട്ടാന്‍ സാധിച്ചില്ല. ഈ സമയമത്രയും ഞാനും കൂലങ്കഷമായി ആലോചിക്കുകയായിരുന്നു, "ഈ പാലം എങ്ങനെ ശരിയാക്കും??!!
കുട്ടികള്‍ തങ്ങളുടെ അവസാന തന്ത്രവും പയറ്റി നോക്കിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍ അച്ഛനോടു തന്നെ ചോദിച്ചു. ഗൗതം പേപ്പര്‍ മടക്കി ത്രികോണ രൂപത്തില്‍ ആക്കി, അതിന്മേല്‍ പാലം വെച്ചു പാര്‍ത്ഥന്‍ തന്‍റെ വണ്ടി പാലത്തിലൂടെ കയറ്റി ഹിരണ്യയുടെ ഓഫീസിലെത്തിച്ചു. നിലത്തു വരച്ച കുറച്ചു വരകളിലൂടെയും ഒരു കൊച്ചു കഥയിലൂടെയും ഗൗതം കുട്ടികള്‍ക്കു ത്രികോണത്തിന്‍റെ ശക്തി വളരെ സിംപിള്‍ ആയി മനസ്സിലാക്കിക്കൊടുത്തപ്പോള്‍ വാ പൊളിച്ച് നില്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളു. (പതിനഞ്ചു വര്‍ഷം പഠിച്ചതെല്ലാം ചലിക്കാനറിയാത്ത അക്ഷരങ്ങളായി തന്നെ എന്‍റെ ഉള്ളിലിരുന്നു കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.) അതെ, സ്കൂളില്‍ പോയിട്ടില്ലെങ്കിലും ഗൗതം സിംപിള്‍ ആണ്. ഒപ്പം പവര്‍ഫുള്ളും.
താങ്ങാവുന്ന വിദ്യാഭ്യാസം അഥവാ താങ്ങാകേണ്ട വിദ്യാഭ്യാസം
"ബദല്‍ വിദ്യാഭ്യാസത്തിലൂടെ അച്ഛനും അമ്മയും പറയാന്‍ ശ്രമിച്ചതും എന്നിലൂടെ കാണിച്ചു തന്നതുമെല്ലാം സാധാരണക്കാരന് താങ്ങാനും 'താങ്ങ്' ആകാനും പറ്റുന്ന ഒരു വിദ്യാഭ്യാസ നയത്തെക്കുറിച്ചാണ്. പക്ഷേ അത് ഇന്നത്തെ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കണമെങ്കില്‍ തൊഴില്‍ വ്യവസ്ഥയെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളും പിടിവാശികളും മാറ്റി വച്ചേ പറ്റൂ.
ഒരുദാഹരണം പറഞ്ഞാല്‍, ഒരേ നാട്ടിലെ രണ്ടു ചെറുപ്പക്കാരെ നമുക്കെടുക്കാം. ഒന്നാമന്‍ വീട്ടിലെ പ്രാരാബ്ധം കാരണം പത്താം ക്ലാസ്സില്‍ വച്ച് പഠനംനിറുത്തി ജോലിക്കുപോകാന്‍ തുടങ്ങി. ഓട്ടോറിക്ഷ ഓടിച്ചും കൃഷി ചെയ്തും പശുവിനെ വളര്‍ത്തിയും എല്ലാമായി അവന്‍ നന്നായി ജീവിക്കുന്നു. തന്‍റെ അദ്ധ്വാനത്തിലൂടെ അവന്‍ സ്വന്തമായി ഒരു വീടും പുരയിടവും സ്വന്തമാക്കിയിട്ടുണ്ട്. ഇനി രണ്ടാമന്‍റെ കാര്യമെടുക്കാം. അപ്പനും അമ്മയും ലോണെടുത്തും നാട്ടുകാരോട് കടം മേടിച്ചുമെല്ലാം അവനെ എഞ്ചിനീയറാക്കി. ഇന്ന് അവന്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാസം 5000 രൂപയ്ക്കു Customer Relationship Officer ആയി ജോലി ചെയ്യുന്നു. കടം വീട്ടാനും ലോണടയ്ക്കാനും എല്ലാമായി അവന്‍റെ അപ്പനും അമ്മയും നെട്ടോട്ടമോടുന്നു.
ഈ ഒരു ഉദാഹരണത്തില്‍ നിന്നും ഈ രണ്ടു വ്യക്തികളെയും സമൂഹം നോക്കിക്കാണുന്നത് എങ്ങനെയാണെന്ന് നമുക്കൊന്നു ചിന്തിച്ചുനോക്കാം. ഇവരില്‍ ആരെയാണ് സമൂഹം വിജയി ആയി കരുതുന്നത്? തീര്‍ച്ചയായും രണ്ടാമത്തെ വ്യക്തിയെ ആയിരിക്കും. ഈ ഒരു കാഴ്ചപ്പാടിനാണ് മാറ്റം വരേണ്ടത്.
ഇപ്പോള്‍ എന്‍റെ കാര്യം തന്നെയെടുക്കാം. എന്‍റെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. ഭാര്യ എഞ്ചിനീയറാണ്. പുറമെ നിന്നു നോക്കുന്ന ഒരാള്‍ക്കു ഒരു എഞ്ചിനീയറുടെ ഭര്‍ത്താവിനോ അല്ലെങ്കില്‍ അദ്ധ്യാപകരുടെ മകനോ യോജിച്ച ഒരു പണിയല്ല എന്‍റേത്. ഞാന്‍ പറമ്പില്‍ പണിയെടുക്കുന്നു, എന്‍റെ മക്കള്‍ മണ്ണിലും ചെളിയിലുമെല്ലാം കളിക്കുന്നു, കാര്യമായിട്ടുള്ള സമ്പാദ്യമൊന്നുമില്ല, തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നില്ല, താമസിക്കാന്‍ കോണ്‍ക്രീറ്റിന്‍റെ വീടില്ല, അങ്ങനെ മൊത്തത്തില്‍ ഒരു പരാജിതനായിട്ടാണ് സമൂഹം എന്നെ കാണുന്നത്. പക്ഷേ ഞാന്‍ ചെയ്യുന്ന ഓരോ തൊഴിലും ഞാന്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്നോ എന്‍റെ കുടുംബത്തിനു വേണ്ടതെല്ലാം എനിക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നോ അവര്‍ മനസ്സിലാക്കുന്നില്ല.
എല്ലാറ്റിനെയും ഒരു മത്സരബുദ്ധിയോടു കൂടി മാത്രം കാണാന്‍ പഠിപ്പിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം സഹജീവിയോട് അനുഭാവപൂര്‍വം പെരുമാറണമെന്നോ ശരിയായ സാമൂഹിക രാഷ്ട്രീയ അവബോധം വെച്ചുപുലര്‍ത്തണമെന്നോ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞു കൊടുക്കുന്നില്ല.
ഈ സാഹചര്യത്തില്‍ നിന്നു വേണം ബദല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാന്‍. എല്ലാ ജോലിക്കും അതിന്‍റേതായ മഹത്വമുണ്ടെന്നും പലതരം ആള്‍ക്കാര്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ സമൂഹം ഇത്ര സുഗമമായി മുന്നോട്ടു പോകുന്നതെന്നുമുള്ള ആശയം ബദല്‍ വിദ്യാഭ്യാസം മുന്നോട്ടു വച്ചു. ഒപ്പം ദൈനംദിന ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും കുട്ടികള്‍ക്കു പരിശീലനം നല്‍കി. ഏതു മേഖലയോടാണോ അവന്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്, ആ മേഖലയില്‍ നിന്നു തന്നെ തൊഴില്‍ കണ്ടെത്താനും അത് സ്വീകരിക്കാനും അവരെ പഠിപ്പിച്ചു.
ഇതെല്ലാം നാം ഇപ്പോള്‍ സംസാരിക്കുമ്പോഴും ബദല്‍ വിദ്യാഭ്യാസം സാധാരണക്കാരനു വേണ്ടിയാണ് രൂപപ്പെട്ടതെന്ന് പറയുമ്പോഴും, ഇപ്പോഴും ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം സാധാരണക്കാരന് കിട്ടാക്കനി തന്നെയാണ്. ആര്‍ട്സും സയന്‍സും കൃഷിയും പാചകവും നൃത്തവും കാര്‍പ്പെന്‍ററിയുമൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകള്‍ സമൂഹത്തില്‍ ഇന്ന് നിരവധി ഉണ്ട്. പക്ഷേ ഉയര്‍ന്ന ഫീസും മറ്റു ചിലവുകളും സാധാരണക്കാരനു താങ്ങാന്‍ സാധിക്കുന്നതല്ല.
കൂടാതെ ബദല്‍ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ മററുള്ളവരില്‍ നിന്നും 'വ്യത്യസ്തരാണ്' എന്നു കാണിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നു. അങ്ങനെയാകുമ്പോള്‍ സാധാരണ വിദ്യാഭ്യാസവും ബദല്‍ വിദ്യാഭ്യാസവും തമ്മില്‍ എന്തു വ്യത്യസമാണുള്ളത്? രണ്ടിടത്തും പഠിപ്പിക്കുന്നത് മത്സരിക്കാന്‍ മാത്രമല്ലേ? ഈ കാരണങ്ങള്‍ ഒക്കെ കൊണ്ടുതന്നെ 'ബദലുകള്‍' ആര്‍ക്കുവേണ്ടി രൂപം കൊണ്ടോ അവരില്‍ നിന്നെല്ലാം ഒരുപാടു ദൂരം അകന്നുപോയിരിക്കുന്നു."
യാഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെയാണെങ്കിലും സാധാരണക്കാരനു ലഭ്യമായ ബദല്‍ വിദ്യാഭ്യാസരീതികളുമായി, തൊണ്ണൂറുകളുടെ മധ്യത്തില്‍ സാമ്പത്തിക ബാധ്യതകളാല്‍ മുടങ്ങിപ്പോയ 'സാരംഗ്' സ്കൂള്‍ വീണ്ടും പുനഃസ്ഥാപിക്കാനുള്ള പ്രയത്നത്തില്‍ ആണ് ഗൗതമും അനുരാധയും. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല ക്ലാസ്സുകള്‍, രക്ഷിതാക്കള്‍ക്കു കൂടി ഉണ്ട്. കാരണം "സാരംഗില്‍ നാം കുട്ടികള്‍ക്ക് ഒരു ആശയം പറഞ്ഞു കൊടുക്കുമ്പോള്‍ അതിന് വിരുദ്ധമായി മാതാപിതാക്കള്‍ വീട്ടില്‍ പെരുമാറിയാല്‍ കുട്ടികളില്‍ അത് ആശയക്കുഴപ്പം സൃഷ്ടിക്കും. അതുപോലെ രക്ഷിതാക്കളുടെ പങ്കാളിത്തം വരുമ്പോള്‍ കുട്ടികള്‍ എന്താണോ പഠിക്കുന്നത്, അല്ലെങ്കില്‍ ചെയ്യുന്നത്, അതിനു ശരിയായിട്ടുള്ള ഒരു ഫോളോ അപ്പ് വീട്ടില്‍ കിട്ടും."
സ്വപ്നങ്ങളെ ഇതിലേ... ഇതിലേ....
"ഞാനും അനുവും ചേര്‍ന്ന് കുറച്ച് പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്. ചിലതെല്ലാം വിജയകരമായി നടത്തിക്കഴിഞ്ഞു. ചിലത് അതിന്‍റെ പണിപ്പുരയിലാണ്. വേറെ ചിലത് സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് വരാന്‍ കാത്തിരിക്കുന്നു." കഴിഞ്ഞ രണ്ടു വര്‍ഷമായി അനുവും ഗൗതവും ബംഗളൂരുവില്‍ കേരള ചുവര്‍ചിത്ര കലയുടെ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ അസീം പ്രേംജി യൂണിവേഴ്സിറ്റിയിലെ എം. എ. ഡവലപ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള റൂറല്‍ ഇമ്മേര്‍ഷന്‍ പ്രോഗ്രാമിന്‍റെ കേരളത്തിലെ ഹോസ്റ്റ് ആണ് സാരംഗ്.
"ക്ലാസിക് കലാരൂപങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നു ദിവസത്തെ ഒരു വര്‍ക്ക്ഷോപ്പിന്‍റെ പ്ലാനിങ്ങിലാണ് ഞങ്ങളിപ്പോള്‍. ദൈനംദിന ജീവിതത്തില്‍ അവയെ എങ്ങനെ ഉപയോഗിക്കാമെന്നാണ് പ്രധാനമായും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്."
"ഇതു കൂടാതെ തനതു കൊങ്കണ്‍ പാചകത്തെ പറ്റിയും ഒരു വര്‍ക്ക്ഷോപ്പ് പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതിനെല്ലാം ഒപ്പം അച്ഛനും അമ്മയ്ക്കും താമസിക്കാനായി പുതിയൊരു വീടു പണിയാന്‍ പ്ലാന്‍ ഉണ്ട്. അതിന്‍റെ മേല്‍ക്കൂര സോളാര്‍ പാനലുകള്‍ കൊണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഏകദേശം 3 കി.വാട്ട് വൈദ്യുതി കെ.എസ്.ഇ.ബി. ക്കു കൊടുക്കാന്‍ സാധിക്കും." ഒറ്റശ്വാസത്തില്‍ ഉത്സാഹത്തോടെ തന്‍റെ പുതിയ പ്രോജക്ടുകളെ പറ്റി ഗൗതം പങ്കുവെയ്ക്കുമ്പോള്‍, ഒരേ സമയത്ത് ഒരുപോലെ പാചകത്തിനും ആര്‍ട്ടിനും സയന്‍സിനും കെട്ടിടനിര്‍മ്മാണത്തിനും എല്ലാം തുല്യപ്രാധാന്യം നല്‍കി ചിന്തിക്കാന്‍ ഗൗതമിനെപ്പോലെയുള്ള ഒരാള്‍ക്കേ സാധിക്കൂ.
തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ഗൗതം രൂപകല്പന ചെയ്ത ഒരു ഇന്‍ററാക്ടീവ് ക്യാമ്പസ് ഉയര്‍ന്നുവരുന്നുണ്ട്. 'പൂവിതം' എന്ന വിദ്യാലയത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. അവിടെ ഗ്രൗണ്ടില്‍ ഒരു മെറി ഗോ റൗണ്ട് സ്ഥാപിച്ചു. കുട്ടികള്‍ അതിനുള്ളില്‍ കളിക്കുമ്പോള്‍, അതിനോടൊപ്പം ബന്ധിപ്പിച്ചിരിക്കുന്ന തിരികല്ലും ഗ്രൈന്‍ഡറും പരിപ്പു പൊട്ടിക്കുന്ന യന്ത്രവുമെല്ലാം മാറി മാറി പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആശ്ചര്യം വിരിയിച്ച ഈ കളിസ്ഥലം ഇന്നും 'പൂവിത' ത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ രീതിയില്‍ സാരംഗിലൂടെ കടന്നുപോകുന്ന വഴിത്താരകള്‍ക്കരികില്‍ ശാസ്ത്രവിജ്ഞാനം നിറച്ച കളിക്കോപ്പുകള്‍ ഒരുക്കണമെന്ന് ഗൗതമിന് ആഗ്രഹം ഉണ്ട്. ദൈനംദിന ജീവിതത്തെ സയന്‍സുമായി ബന്ധിപ്പിക്കുമ്പോള്‍ കുട്ടികളില്‍ അത് കൗതുകമുണര്‍ത്തുകയും ആ കൗതുകങ്ങള്‍ ഒരുപാട് ചോദ്യത്തിലേക്കും ആ ചോദ്യങ്ങള്‍ ചിന്തകളുടെ ലോകത്തേക്കും അവരെ നയിക്കുമെന്നും നിത്യജീവിതത്തിന് ആവശ്യമായ കണ്ടെത്തലുകള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും ഗൗതം വിശ്വസിക്കുന്നു.
സാരംഗിലെ സ്നേഹ കൊട്ടാരം
നടുമുറ്റത്തിന് അപ്പുറവും ഇപ്പുറവുമായി മുഖത്തോടു മുഖം നോക്കി നില്‍ക്കുന്ന രണ്ടു വീടുകള്‍. അവയിലൊന്നിനു പിന്നിലായി അല്പം മാറി ഒരു ചെറിയ അടുക്കള. മുറ്റത്തിനു താഴെ മുളകൊണ്ട് തീര്‍ത്ത ഒരൊറ്റമുറി കുടില്‍. ഒരു വശത്തായി മുളകള്‍ തഴച്ചു നില്‍ക്കുന്നുണ്ട്. അതിനു താഴെ ചെറിയ ഒരു ഇരിപ്പിടം. അവിടെയുമിവിടെയുമായി കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുന്നു. മുറ്റത്തിന്‍റെ ഒരറ്റത്ത് ഓണത്തിനു പൂക്കളം തീര്‍ക്കാന്‍ കാത്തുവെച്ചിരിക്കുന്ന ഒരു കൊച്ചു പൂന്തോട്ടം. ഇതാണ് സാരംഗ്. സാരംഗില്‍ കാണുന്ന ഓരോവസ്തുവിലും ഗൗതമിന്‍റെയും അനുരാധയുടെയും ടീച്ചറിന്‍റെയും സാറിന്‍റെയും കയ്യൊപ്പുകള്‍ ഉണ്ട്.
രണ്ടു വീടുകളില്‍ ഒന്ന് പണിതിരിക്കുന്നത് Wattle and Daub രീതിയിലും മറ്റൊന്ന് കംപ്രസ്ഡ് മഡ് ബ്ലോക്ക് രീതിയിലും ആണ്. ഇതില്‍ Wattle and Daub രീതി 'ഗോഡ' എന്ന പേരില്‍ ആദിവാസികള്‍ക്കിടയില്‍ ഇപ്പോഴും പ്രചാരത്തിലിരിക്കുന്ന നിര്‍മ്മാണരീതിയാണ്. മുളയോ മരക്കമ്പുകളോവച്ച് മെടഞ്ഞ് ചെളിതേച്ച് ബലപ്പെടുത്തുന്ന രീതിയാണ് ഇത്. ഇതില്‍ വീടിന്‍റെ ഫ്രെയിം വര്‍ക്കുകള്‍ എല്ലാം ചെയ്തിരിക്കുന്നത് തടികൊണ്ടാണ്. രണ്ടാമത്തെ നിര്‍മ്മാണ രീതിയില്‍ മണ്ണ് പുട്ടിനു സമമായി നനച്ച് മെഷിനില്‍ വെച്ച് കംപ്രസ് ചെയ്തെടുക്കും. സാധാരണ കട്ടകൊണ്ടുള്ള കെട്ടുതന്നെയാണിതും. കട്ട നിര്‍മ്മിച്ച രീതിക്കുമാത്രമേ വ്യത്യാസമുള്ളൂ.അടുക്കളയുടെ നിര്‍മ്മാണത്തിനും ഇതേ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. ചുമരുകളെല്ലാം ഉരച്ച് ഭംഗിയാക്കിയത് അനുവും ഹിരണ്യയും ചേര്‍ന്നാണ്. ഈ വീടുകളുടെ നിര്‍മ്മാണത്തില്‍ എല്ലാ അംഗങ്ങള്‍ക്കും അവരുടേതായ പങ്കാളിത്തം ഉണ്ട്. മുളയും തടിയും മണ്ണുമെല്ലാം ഈ കുന്നില്‍നിന്നു തന്നെയാണ്.
എന്തിനാണ് ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതെന്നു ചോദിച്ചാല്‍, സാധാരണക്കാരായ നമ്മുടെ ആളുകള്‍ മനസ്സിലാക്കണം, കുറഞ്ഞ ചെലവില്‍ പരിമിതമായ വസ്തുക്കള്‍ ഉപയോഗിച്ച് വീടു നിര്‍മ്മിക്കാമെന്ന്. രണ്ടു വര്‍ഷമായി ഞങ്ങള്‍ ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ചെലവു കുറഞ്ഞ ഈ നിര്‍മ്മാണ രീതികള്‍ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത് റിസോര്‍ട്ടുകാരും മുതലാളിമാരുമൊക്കെയാണ്. അവരതിനെ നല്ല രീതിയില്‍ വാണിജ്യവത്ക്കരിക്കുന്നുമുണ്ട്. എന്നിട്ടും സാധാരണക്കാര്‍ ഇതിനോടു മുഖംതിരിച്ചു നില്‍ക്കുന്നു. അതുകൊണ്ട് സാരംഗിലെത്തുന്നവര്‍ക്കെങ്കിലും ഈ നിര്‍മ്മാണരീതികളോട് ഒരു ആഭിമുഖ്യം തോന്നാനും അവരുടെ ജീവിതത്തില്‍ പരീക്ഷിച്ചു നോക്കാനും കൂടിയാണ് ഇതിവിടെ പണിതിരിക്കുന്നത്."
ഗൗതം ഇതു പറയുമ്പോള്‍ ഹിരണ്യയും പാര്‍ത്ഥനും ചേര്‍ന്ന് ചുമരുകളെല്ലാം തങ്ങളുടെ വരകളാല്‍ നിറയ്ക്കുകയായിരുന്നു. കുഞ്ഞു ചിന്മയി ചേട്ടനേയും ചേച്ചിയേയും കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്നു. അടുക്കളയിലെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന കറുത്ത ബോര്‍ഡില്‍ ഗണിതത്തിന്‍റെ പാഠങ്ങള്‍ എഴുതിയിട്ടിരിക്കുന്നു. ഇറയത്തെ കഴുക്കോലില്‍ ഞാത്തിയിട്ടിരിക്കുന്ന മുള കൊണ്ടുള്ള കൂട്ടില്‍ ഹിരണ്യയുടെ എലിക്കുഞ്ഞ് സുഖമായി കഴിയുന്നു. അനുരാധ ഇടയ്ക്കിടെ ഹിരണ്യയെ ഓര്‍മ്മിപ്പിക്കുന്നുണ്ട,് "മോളേ, നീ ഇപ്പോ അതിനു അമ്മയെപോലെയാണ്. ഇടയ്ക്കിടയ്ക്ക് പാല്‍ കൊടുക്കണം. അതിനുശേഷം നന്നായി തുടച്ചിട്ടേ കൂട്ടില്‍ വെയ്ക്കാവൂ. ഇല്ലെങ്കില്‍ ഉറുമ്പു കടിക്കും." ഹിരണ്യ എന്ന 'കുഞ്ഞ് അമ്മ' അനുരാധയുടെ വാക്കുകള്‍ അതേ പടി അനുസരിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പാര്‍ത്ഥന്‍റെ പൂച്ചക്കുഞ്ഞുങ്ങള്‍ അടുക്കളത്തിണ്ണയില്‍ തല പൊക്കുമ്പോള്‍ ഹിരണ്യ ഓടിച്ചെല്ലും, തന്‍റെ എലിക്കുഞ്ഞിനെ സംരക്ഷിക്കാന്‍. അതെ, സാരംഗിലെ സ്നേഹകൊട്ടാരത്തില്‍ എല്ലാവരും സന്തോഷത്തിലാണ്...
ഒരു ബിന്ദു മറ്റൊന്നിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴാണ് വൃത്തത്തിനു പൂര്‍ണ്ണത വരുന്നത്. ഒരു കൈ മറ്റൊരു കൈയെ കണ്ടുമുട്ടുമ്പോഴാണ് കയ്യടി ശബ്ദം ഉണ്ടാകുന്നത്. ഗൗതമിന്‍റെയും അനുവിന്‍റെയും കണ്ടുമുട്ടലുകള്‍ ആ പൂര്‍ണതയിലേക്ക് വഴിതുറന്നു. 'ബദലുകള്‍' കാലത്തിന്‍റെ അനിവാര്യതയാണ്. വേറിട്ടു നില്‍ക്കുന്ന ആശയങ്ങളും ചിന്തകളുമായി അവ രൂപപ്പെട്ടു കൊണ്ടേ ഇരിക്കും. എന്നാല്‍ ഒരു ബിന്ദു മറ്റൊന്നിനോട് ചേര്‍ന്നിരിക്കുന്നതുപോലെ, ഒരു കൈ മറ്റൊന്നിനെ കണ്ടുമുട്ടുന്നതുപോലെ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് 'ബദലുകളെ' ശരിയായി കൈമാറ്റം ചെയ്യാന്‍ സാധിക്കുമ്പോഴാണ് ആ സംവിധാനം വിജയിക്കുന്നത്. വിജയലക്ഷ്മി ടീച്ചറും ഗോപാലകൃഷ്ണന്‍ സാറും മുന്നോട്ടു വച്ച ആശയങ്ങള്‍ ഗൗതം സമൂഹത്തിനു ജീവിച്ചു കാണിച്ചു കൊടുത്തു. താന്‍ സഞ്ചരിച്ച വഴികള്‍ ശരിയാണെന്നുള്ള ഉറച്ച ബോധ്യം, തങ്ങളുടെ മക്കള്‍ക്കും അതേ മാര്‍ഗ്ഗം ചൊല്ലിക്കൊടുക്കാന്‍ ഗൗതമിന് ശക്തി നല്‍കി. ആ ഊര്‍ജ്ജം അനുവില്‍നിന്ന് ഗൗതം ഉള്‍ക്കൊണ്ടതാണ്. ഇത് ഒന്നില്‍ നിന്നു മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്; ഗൗതമും അനുരാധയും പാര്‍ത്ഥനും ഹിരണ്യയും ചിന്മയിയും... 'സാരംഗ്' ആയിരങ്ങളെ ജ്വലിപ്പിച്ചു കൊണ്ട് തുടര്‍ന്നുകൊണ്ടേയിരിക്കും.....
( കടപ്പാട്: സാരംഗ്)