സ്നേഹം, എന്തൊരപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശ്ശബ്ദതയില്‍ പമ്മിയും ഭയന്നും തീരെ നേര്‍ത്തനാദത്തില്‍ നിങ്ങളുടെ ജാലകത്തിനു പുറത്ത് ചൂളം കുത്തുന്നുണ്ട്. കേട്ടില്ലെന്ന് നടിച്ച് പുതപ്പിലേക്കു ചുരുണ്ടു കൂടാം. എന്നാലും ഒരു പ്രശ്നമുണ്ട്. അനിശ്ചിതത്വങ്ങളും അപമാനങ്ങളും അപകടങ്ങളും ഇല്ലായെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു ജീവിതത്തിന് എന്തെങ്കിലും മേന്മയുണ്ടെന്നു കരുതുക വയ്യ. പ്രണയത്തിന്‍റെ തിരികല്ലില്‍ പൊടിഞ്ഞുപോയ ഒരു സ്ത്രീ നിലവിളിക്കുകയാണ്. കാണേണ്ടിയില്ലായിരുന്നു. കണ്ടില്ലായിരുന്നുവെങ്കിലോ? ആ മറുചോദ്യത്തിനു മുമ്പില്‍ അവള്‍ അടിമുടി വിറച്ചുപോകുന്നു. പുണ്യത്തിലോട്ട് തന്നെ വരട്ടെ. ഭിത്തിയിലെ ആ കുരിശുരൂപം പോലുമെന്താണ്? സ്നേഹമൊരാളെ ഒരൊറ്റ മുറിവാക്കുമെന്നതല്ലാതെ. ധവള രക്തസാക്ഷിത്വമെന്നാണ് സ്നേഹത്തെ മരുഭൂമിയിലെ പിതാക്കന്മാര്‍ വിശേഷിപ്പിച്ചത്. ചോര പൊടിയുന്നത് കാണാനില്ലന്നേയുള്ളൂ.
ഇത്രയും കുഴപ്പം പിടിച്ച പദത്തെ വിശേഷിപ്പിക്കാന്‍ ഇപ്പോഴും മനുഷ്യര്‍ നിലാവ്, മഴപെയ്ത്ത്, മഴവില്ല്, ശലഭങ്ങള്‍ തുടങ്ങിയ പദങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. സ്നേഹത്തിന്‍റെ ചൂണ്ടക്കൊളുത്തില്‍പ്പെട്ട് മത്സ്യങ്ങളെപ്പോലെ പൊരിമണലില്‍ പിടയുന്നവരാണ് ഇന്നെന്‍റെ നിത്യകാഴ്ച. സ്നിഹ് എന്ന ധാതുവില്‍ നിന്നാണ് സ്നേഹമെന്ന പദമുണ്ടായതെന്നും അതിന്‍റെ സൂചന ഒന്നിനെയും കഷ്ടപ്പെടുത്താതെ കടന്നുപോകണമെന്നാണെന്നൊക്കെ ക്ലാസ് മുറികളില്‍ വാചാലനായൊരു കാലമുണ്ടായിരുന്നു. ഇനി അതു പറയുവാനുള്ള ധൈര്യമോ, ആത്മവിശ്വാസമോ ഇല്ല. ലോകം ജേതവനമല്ല. സ്നേഹത്തിന്‍റെ തൂവലിനു പിന്നില്‍ ഒളിപ്പിച്ചുവെച്ച ഖഡ്ഗമുണ്ടെന്ന് ആദ്യം വായിച്ചത് ജിബ്രാനില്‍ നിന്നാണ്. ഗോതമ്പുമണി നിലത്ത് വീണഴിയണമെന്ന് ക്രിസ്തു പറയുന്നതിന്‍റെ പൊരുളിനോട് അതു ചേര്‍ത്ത് വായിക്കാനും കഴിഞ്ഞു. അവനവനില്ലാതെ നുറുങ്ങി നുറുങ്ങി കഥാവശേഷനാകുന്ന മുടിഞ്ഞ കളിയുടെ പേരാണ് സ്നേഹം.
പൊട്ടിയ പട്ടം പോലെയാണ് സ്നേഹിക്കുന്നവര്‍. അവര്‍ക്ക് മാത്രമുള്ള ഭാവനകളിലൂടെ ആകാശം മുട്ടെ ഉയര്‍ന്ന് സങ്കല്പിക്കാന്‍പോലും പറ്റാത്ത അധമതകളിലേക്ക് കൂപ്പുകുത്തി. അതുകൊണ്ടാണ് മുമ്പൊരിക്കലും ഞാനിങ്ങനെയായിരുന്നില്ലായെന്ന് അവര്‍ക്ക് കുമ്പസാരക്കൂട്ടില്‍ നിന്ന് നിലവിളിക്കേണ്ടതായി വരുന്നത്. വിശ്വാസത്തെക്കാള്‍ സന്ദേഹങ്ങളാണ് അയാളെ ഭരിക്കുന്നത്. ചാവുദോഷമെങ്കില്‍, ചാവുദോഷം. എന്തിനാണ് നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ ആ മരപ്പണിക്കാരന്‍ ഉറപ്പുവരുത്തുന്നത്? ഇടയനെ അടിക്കുന്ന രാത്രിയില്‍ ആടുകള്‍ ചിതറിയോടുമെന്നു സങ്കടം പറയുന്നത്. ഞാന്‍ നിന്നെ വിട്ടിട്ടു പോകില്ലായെന്ന ആണയിടലിനെ ശ്രദ്ധിക്കാതെ ഒരു കോഴികൂവലിന്‍റെ ഇടവേളയേയുള്ളൂ നിന്‍റെ വ്രതത്തിനെന്ന് പതം പറയുന്നത്.
സന്ദേഹങ്ങളുടെ കൊടുങ്കാറ്റില്‍ പെട്ട പാഴ്മരമാണ് സ്നേഹിക്കുന്നവര്‍. ഒടിഞ്ഞുവീഴാതിരിക്കുവാന്‍ അവര്‍ക്കു വല്ലാതെ ക്ലേശിക്കേണ്ടിവരുന്നു. ക്ലിനിക്കുകളുടെ പുറത്ത് സംശയരോഗമാണെന്ന് അടക്കം പറയുന്നതുകേട്ട് പുഴുവിനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കേണ്ടതായും മൊബൈല്‍ ഇടയ്ക്കിടെ ചിലയ്ക്കുമ്പോള്‍ ചന്ദ്രേട്ടന്‍ എവിടെയാണെന്ന സഹപ്രവര്‍ത്തകരുടെ അപഹാസം കേള്‍ക്കേണ്ടതായും വരുന്നത്. ഒരു നുള്ള് 'ഒഥല്ലോ' എല്ലാവരുടെയും ചങ്കിലുണ്ട്. ചിലരതിനെ ബുദ്ധിപൂര്‍വ്വം നേരിടുമ്പോള്‍ വേറെ ചിലര്‍ അടിതെറ്റിയും അലമുറയിട്ടും. പിഴുതെറിയാനാവാത്ത വിധത്തില്‍ സംശയങ്ങളുടെ വേരുകളില്‍ പിണഞ്ഞാണ് എല്ലാ പ്രണയമരങ്ങളുടെയും നിലനില്പ്പ്. സംശയത്തിന്‍റെ നിഴലുകളില്‍ കുരുങ്ങുന്ന ഡസ്റ്റിമോണയെ കൊലപ്പെടുത്തുമ്പോള്‍ അയാള്‍ അയാളെത്തന്നെയാണ് ഇല്ലാതെയാക്കുന്നത്...
സ്നേഹത്തിന്‍റെ കഥകളോടൊപ്പം സ്നേഹരാഹിത്യത്തിന്‍റെ കഥകള്‍ക്കും ഈ പ്രപഞ്ചത്തില്‍ ഇടമുണ്ടായത് സന്ദേഹമെന്ന പുരാതന ഭയത്തില്‍നിന്നാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ കഥകളിലൊന്നാണിതെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞ തന്‍റെ പുരുഷനുമായി ശ്മശാനത്തിലെത്തിയ ഒരു സ്ത്രീ. തീരെ ചെറിയ ഒരു നേരത്തിനിടയില്‍ കാവല്‍ക്കാരനും അവള്‍ക്കുമിടയില്‍ അനുരാഗമുണ്ടായി. അവരുടെ സ്നേഹത്തിന്‍റെ കൗതുകങ്ങള്‍ക്കിടയില്‍ അയാള്‍ക്ക് ഉത്തരവാദിത്വമുള്ള ഒരു കുറ്റവാളിയുടെ മൃതശരീരം ബന്ധുക്കള്‍ കവര്‍ന്നെടുത്ത് സ്ഥലം വിട്ടു. എന്‍റെ തൊഴില്‍ നഷ്ടപ്പെടുമെന്ന് നിലവിളിക്കുന്ന കാവല്‍ക്കാരനെ അവള്‍ സമാശ്വസിപ്പിച്ചു. ഒരു മൃതശരീരം പോരേ, എന്‍റെ മഞ്ചത്തിലെ പുരുഷനെ പകരം വച്ചോളൂവെന്ന് പറഞ്ഞ് അവള്‍ നടന്നുപോകുന്നു. ശരിക്കും സ്നേഹം തന്നെയാണോ മനുഷ്യന്‍റെ അടിസ്ഥാന ഭാവം. ഒരാളുടെ ജീവിതത്തില്‍ അതിന്‍റെ ആയുസ്സെത്ര. വേണ്ട, കുലീനമല്ലാത്ത വിചാരങ്ങള്‍കൊണ്ട് മനസ്സിനെ പുണ്ണാക്കണ്ട.
ദൈവശാസ്ത്ര ക്ലാസില്‍ നാലു ഗ്രീക്ക് പദങ്ങള്‍ ഉപയോഗിച്ചാണ് സ്നേഹത്തിന്‍റെ ആത്മീയ പരിണാമങ്ങളെക്കുറിച്ച് അദ്ധ്യാപകര്‍ പറഞ്ഞുതന്നിട്ടുള്ളത്. ഈറോസ്, ഫീലിയ, സ്റ്റോര്‍ജ്, അഗാപ്പേ. അരൂപികള്‍ക്ക് മാത്രം പറ്റുന്ന വിധത്തില്‍ നിര്‍മമവും നിര്‍മ്മലവുമായ സ്നേഹമാണ് അഗാപ്പേ. സ്വാര്‍ത്ഥമെന്ന വാക്ക് വലിയ അപരാധമെന്ന മട്ടിലാണവര്‍ കത്തിക്കയറുന്നത്. സ്നേഹത്തില്‍ സ്വാര്‍ത്ഥതയെന്ന പദത്തിന് വലിയ അര്‍ത്ഥമൊന്നുമില്ല. മറിച്ച് പൊസസ്സീവ്നെസ്സ് എന്ന വിവര്‍ത്തനങ്ങളില്ലാത്ത മനോഭാവത്തിനാണ് പ്രസക്തിയുള്ളത്. എന്‍റേത് എന്ന ശബ്ദത്തില്‍ സ്വാര്‍ത്ഥതയെക്കാള്‍ വിപത്ക്കരമായ ആത്മത്യാഗത്തിന്‍റെ ധ്വനികളാണുള്ളത്. വെറുപ്പ് പോലും അത്തരമൊരു വായന ആവശ്യപ്പെടുന്നു. മാധവിക്കുട്ടിയുടെ തരിശുനിലമെന്ന കഥയോര്‍മ്മിക്കുന്നു. പാതിവഴിയില്‍ അവസാനിച്ചുപോയൊരു പ്രണയം. വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ കണ്ടുമുട്ടുമ്പോള്‍ ചോദിക്കാനുണ്ടായിരുന്നത് ഇതായിരുന്നു.
"നിനക്കെന്നോട് വെറുപ്പുണ്ടോ?"
"എന്തിന്?"
ഒരിക്കല്‍ സ്നേഹിച്ചിരുന്നതുകൊണ്ട്, എന്ന മറുപടി. കാരണമൊന്നുമില്ലാതെ സുദീര്‍ഘമായ നിശ്ശബ്ദതയിലേക്കും കണ്ണീരിലേക്കും മനുഷ്യനെ തള്ളിവിടുന്നത് സ്നേഹമല്ലാതെ മറ്റെന്ത്?
ഇരട്ടമുഖമുള്ള ഒരു നിഴല്‍രൂപത്തെയാണ് ഇനി സ്നേഹമെന്ന് വിളിക്കേണ്ടത്. മേശപ്പൂപോലെ കത്തിയമരുന്നതും നീരാളിയെപ്പോലെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതും നിശാഗന്ധിയെപ്പോലെ ആര്‍ദ്രതകള്‍ പകരുന്നതും സൂര്യനെപ്പോലെ പൊള്ളിക്കുന്നതും ആത്മാവിലും ശരീരത്തിലും തളിര്‍പ്പുകള്‍ ഉണ്ടാക്കുന്നതും സ്നേഹം തന്നെ. വേദപുസ്തകത്തിന്‍റെ ഭാഷയില്‍ ദൈവം എന്‍റെ മുമ്പിലേക്ക് ജീവനും മരണവും വെച്ചുനീട്ടുന്നു. കൊതിയന്‍ കുട്ടികളെപ്പോലെ ഞാന്‍ രണ്ടുമെടുക്കാന്‍ ധൈര്യപ്പെടുന്നു. എനിക്ക് സ്നേഹത്തില്‍ വീണ്ടും വീണ്ടും പിറക്കുകയും മരിക്കുകയും വേണം.
അതിന് ധൈര്യപ്പെട്ടതുകൊണ്ടാണ് നിനക്ക് ആ വിശേഷണം ഇണങ്ങാത്തത്- പൊള്ളയായ മനുഷ്യന്‍. ഒരാളുടെ പ്രാണന് മീതെ ഇതിനെക്കാള്‍ ഗുരുതരമായ വിശേഷണമില്ല. കാലത്തിന്‍റെ വീശുമുറം കൊണ്ട് കതിരിനെയും പതിരിനെയും പാറ്റുന്ന ഒരു നീതിശാസ്ത്രത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞിട്ടുണ്ട്. സ്നേഹമാണ് ജീവന്‍റെ അകക്കാമ്പ്. അത്തരം മനുഷ്യരുടെ സ്മൃതികള്‍ മാത്രമാണ് ഉറ്റവരുടെ ഹൃദയ അറകളില്‍ സനാതനമായി സംരക്ഷിക്കപ്പെടുന്നത്.
മുമ്പൊരിക്കല്‍ പരാമര്‍ശിച്ച ചിത്രമാണ്, BLUE, - കരയാന്‍ പോലുമാകാതെ കഠിനവിഷാദത്തിലേക്ക് കൂപ്പുകുത്തിയ ഒരു സ്ത്രീ. അതില്‍നിന്ന് കര കയറുവാന്‍ അവള്‍ കണ്ടെത്തിയ കച്ചിത്തുരുമ്പ് മുമ്പൊരിക്കലും മമത തോന്നാത്ത ഒരാളെ തല്‍പ്പത്തിലേക്ക് സ്വീകരിക്കുകയെന്നതായിരുന്നു. പൊള്ളയായ രണ്ടുടലുകളുടെ വ്യായാമം പോലെ തോന്നിച്ചുവത്. നാളുകള്‍ക്കുശേഷം അവര്‍ക്കിടയില്‍ സ്നേഹത്തിന്‍റെ ഈര്‍പ്പമുണ്ടായി. ഒരിക്കല്‍ക്കൂടി അവര്‍ ഒരുമിക്കുമ്പോള്‍ അതിലാത്മാവിന്‍റെ രാഗങ്ങളുണ്ടായിരുന്നു. പിന്നണിയില്‍ നിന്ന് പുരാതനമായ, രണ്ട് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു സ്നേഹഗീതം അപൂര്‍വ്വ ചാരുതയോടെ മുഴങ്ങുന്നുണ്ടായിരുന്നു. സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങിലയോ, ചിലമ്പുന്ന കൈത്താളമോ ആണ്... സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല... ശരീരം കനലില്‍ എറിയാന്‍ വിട്ടുകൊടുത്താലും എനിക്ക് ഒരു പ്രയോജനവുമില്ല. അതെ വേദപുസ്തകത്തില്‍ തന്നെയാണ് പൗലോസ് എന്ന സഞ്ചാരിയായ സുവിശേഷകന്‍ കൊറീന്ത് എന്ന തുറമുഖദേശക്കാര്‍ക്ക് സമ്മാനിച്ച കടലാസ് വഞ്ചി! ഓരോ കാലത്തും അതിന് അഗാധമായ പ്രതിധ്വനികള്‍ ഉണ്ടാവുന്നു.
എത്ര ചാരം വന്നു വീണാലും സ്നേഹത്തിന്‍റെ ഒരു കനല്‍ നെഞ്ചിലെരിയാത്ത ആരുണ്ട് ഭൂമിയില്‍. രാത്രി സത്രത്തില്‍ വൈകിവന്ന് പുലര്‍ച്ചയ്ക്കു മുമ്പേ പുറപ്പെട്ടുപോകുന്ന അതിഥിയൊന്നുമല്ല സ്നേഹം. എന്‍റെ ഇരട്ട സഹോദരന്‍. ഒരേ പൊക്കിള്‍വള്ളികൊണ്ട് കോര്‍ത്തവര്‍. അവനാണിപ്പോള്‍ തടവുപുള്ളിയെപ്പോലെ തലകുനിച്ച് പുറത്തുനില്ക്കുന്നത്. അധികകാലമൊന്നും എനിക്കവനെ അവഗണിക്കുക എളുപ്പമല്ല. സംഭവിച്ച കൈപ്പിഴകള്‍ക്ക് ആ പഴയ കഥയുടെ സമാശ്വാസം മതി. ജോലി കഴിഞ്ഞെത്തിയ അമ്മയെ പടിക്കലെ തടഞ്ഞുനിര്‍ത്തി പരാതി പറയുകയായിരുന്നു മൂത്തകുട്ടി. അമ്മാ, നമ്മള്‍ പുതുതായി വാങ്ങി ഒട്ടിച്ച വാള്‍പേപ്പര്‍ മുഴുവന്‍ വാവ ക്രെയോണ്‍സ് കൊണ്ട് കുത്തിവരച്ചു. അരിഷ്ടിച്ചു ജീവിക്കുന്ന വീടാണ്. കുറച്ചൊന്നു മെനയായി ജീവിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയൊട്ടിച്ച വിലപിടിപ്പുള്ള വാള്‍പേപ്പറാണ്. സങ്കടം വന്നു അവള്‍ക്ക്. എന്നാലും അതിനിടയിലും അമ്മ ഒരു കാര്യം ശ്രദ്ധിച്ചു. പല വര്‍ണ്ണങ്ങള്‍കൊണ്ട് അവള്‍ ഭിത്തിയില്‍ കോറിയിരിക്കുന്നത് ഇതു മാത്രമാണ്- മമ്മാ, ഐ ലവ് യൂ, മമ്മാ ഐ ലവ് യൂ. സ്നേഹിക്കുക തന്നെയാണ്, കലഹിച്ചും ഭാരപ്പെടുത്തിയും നിന്ദിച്ചുമൊക്കെ.
........................................
.................................. ലവ് യൂ ലവ് യൂ
ഇഷ്ടമുള്ള പേരുകള്‍കൊണ്ട് പൂരിപ്പിച്ചോളൂ. തികഞ്ഞില്ലെങ്കില്‍ മാസിക മുഴുവന്‍ കുത്തിവരച്ചോളൂ. എന്നിട്ട് ഈ ലക്കം സൂക്ഷിച്ചു വെയ്ക്കണം. വല്ലപ്പോഴും ഒന്നു മറിച്ചുനോക്കാനും കണ്ണടയ്ക്കാനും കണ്ണ് തുടയ്ക്കാനും. ചില തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നെങ്കില്‍ നേരത്തെ സൂചിപ്പിച്ച പൗലോസിന്‍റെ സ്നേഹഗീതത്തിന്‍റെ ബാക്കികൂടി തപ്പിയെടുത്ത് വായിക്കൂ. 1. കൊറി. അദ്ധ്യായം 13. ചെറിയ അദ്ധ്യായമാണ്. ബോറടിക്കില്ല എന്നു സാരം. ദീര്‍ഘനാളുകള്‍കൊണ്ട് പല നുണകളെയും സത്യമെന്ന് ധരിക്കാന്‍ സാദ്ധ്യതയുള്ള മനുഷ്യരാണ് നമ്മള്‍. സ്നേഹത്തിന്‍റെ അങ്ങാടിയില്‍ നിറയെ നുണകളുടെ വ്യാപാരമാണ്. നമ്മള്‍ പെട്ടുപോകുന്ന നുണകളെ തിരുത്താനായിരുന്നു ആ തച്ചന്‍ വന്നത്. തുറന്ന ഭാഷണങ്ങളിലൂടെയേ അതു സാദ്ധ്യമാകൂ. അതിനൊരു ഗൃഹപാഠമാണീ അദ്ധ്യായം. ദശരഥ് മാഞ്ചിയെന്ന ഒരാളെ നമസ്ക്കരിച്ചവസാനിപ്പിക്കട്ടെ, ബീഹാറിയാണ്. രോഗിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ നിസ്സഹായനായ മനുഷ്യനാണ്. ഒരു മലയായിരുന്നു കടമ്പ. ശിഷ്ടകാലമതില്‍ എരിഞ്ഞുതീരാനല്ല അയാള്‍ നിശ്ചയിച്ചത്. ഉളിയും ചുറ്റികയും കൊണ്ട് ഒരു തുരങ്കം സൃഷ്ടിക്കാന്‍. ഇരുപത്തിരണ്ട് വര്‍ഷങ്ങളെടുത്തു മറുവശത്തുനിന്ന് പ്രകാശത്തിന്‍റെ ഒരു ചീള് തെളിയാന്‍. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍. ഷാജഹാന്‍ താജ്മഹലിനെടുത്തതിനേക്കാള്‍ രണ്ടു വര്‍ഷം മീതെ. ആ അര്‍ത്ഥത്തില്‍ പോലും ദശരഥ് എന്ന കൂലിപ്പണിക്കാരന്‍ ചക്രവര്‍ത്തിക്കും മീതെയാവുന്നു. ഇവരാണ് നബിത്തിരുമേനി പറഞ്ഞ മരിക്കുന്നതിനു മുമ്പ് മരിച്ചവര്‍...