"ചോദ്യങ്ങള്‍ പുതിയ ചിന്തകള്‍ക്ക് വഴിതെളിക്കും. പുതിയ ചിന്തകള്‍ ഉള്ളിനെ അസ്വസ്ഥമാക്കും. അസ്വസ്ഥതകള്‍ മാറ്റത്തിനു വഴിതെളിക്കും."
പുറത്തുനിന്നും ഉള്ളില്‍നിന്നും കുറച്ചുനാളായി ചോദ്യങ്ങള്‍ നേരിടുന്നുണ്ട്. സന്ന്യാസവേഷം ധരിക്കുന്നതുകൊണ്ട് ചോദ്യങ്ങള്‍ ഈ ജീവിതരീതിയെപ്പറ്റിതന്നെയാണ്. ചോദിക്കുന്നതാകട്ടെ ഇതേ വഴി തിരഞ്ഞെടുക്കാന്‍ വരുന്ന പുതിയ തലമുറയും - "ഇങ്ങനെയോ അസ്സീസിയിലെ ആ നിസ്സ്വന്‍ ജീവിച്ചിരുന്നത്? അയാള്‍ അരുതെന്നു പറഞ്ഞതില്‍ പലതും എന്തുകൊണ്ട് നിങ്ങളുടെ കൈയില്‍? അയാള്‍ പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കാറുണ്ടോ? അയാള്‍ സ്നേഹിച്ചതുപോലെ സ്നേഹിക്കാറുണ്ടോ?" ചോദ്യങ്ങള്‍ നീളുകയാണ്... ഇവയ്ക്ക് ലൊടുക്ക് ഉത്തരങ്ങളും വ്യാഖ്യാനങ്ങളും നല്കി തടിതപ്പുമ്പോള്‍ ഉള്ളിലെ ഞാന്‍ പുറമേയുള്ള എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നത് എനിക്കു കേള്‍ക്കാം.
"ഇതോ ഫ്രാന്‍സിസ് കാണിച്ചുതന്ന ജീവിതശൈലി?" എന്ന ഒറ്റ ചോദ്യമാണ് ഫ്രാന്‍സിസ് ആരംഭിച്ച ജീവിതക്രമം പിന്നീട് മൂന്നു വഴികളിലൂടെ പിരിയാന്‍ കാരണമായത്.
മുഷിഞ്ഞ ചാക്കുവസ്ത്രം ധരിച്ച് 6 ചെറുപ്പക്കാര്‍ വലിയ ഇടയന്‍റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുമ്പോള്‍ ആ വലിയ ഇടയന്‍ ചോദിച്ചു. "നിങ്ങള്‍ ആരാണ്?" മുന്നില്‍നിന്ന അവരുടെ നേതാവായ ആ കുറിയ മനുഷ്യന്‍ പറഞ്ഞു; "പ്രായശ്ചിത്ത ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന അസ്സീസിയില്‍നിന്നുള്ള സഹോദരങ്ങള്‍ ആണ് ഞങ്ങള്‍." വീണ്ടും പരിശുദ്ധ സിംഹാസനത്തില്‍നിന്നും ചോദ്യം ഉണ്ടായി. "നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?" "സുവിശേഷം അനുസരിച്ച് ജീവിക്കാനുള്ള അനുമതി." നരച്ച ഒരു കടലാസില്‍ കുത്തിക്കുറിച്ച അവരുടെ നിയമാവലി അവര്‍ ഭവ്യതയോടെ മുന്നോട്ട് നീട്ടി. മത്തായിയുടെ സുവിശേഷത്തിന്‍റെ ചില ഭാഗങ്ങള്‍ ആയിരുന്നു അതില്‍ - ഒന്നും സ്വന്തമാക്കാതെ ദൈവപരിപാലനയില്‍ സുവിശേഷം അക്ഷരംപ്രതി അനുസരിച്ചുള്ള ജീവിതം. വിറയ്ക്കുന്ന കരങ്ങള്‍കൊണ്ട് ആ നിയമാവലി വായിച്ചിട്ട് പോപ്പ് പറഞ്ഞു: "ഇത് ദുഷ്ക്കരമാണ്. കുറച്ചുകൂടി ലളിതമാക്കി കൊണ്ടുവരിക." ഒരു വെളിപാട് ലഭിച്ചകണക്ക് അടുത്ത് നിന്ന സഹഇടയന്‍ പോപ്പിന്‍റെ ചെവിയില്‍ മന്ത്രിച്ചു; "അരുത്, സുവിശേഷം ജീവിക്കാന്‍ ദുഷ്ക്കരമാണെന്ന് നമ്മള്‍തന്നെ പറഞ്ഞാല്‍പ്പിന്നെ എന്തിന്‍റെ പേരിലാണ് നമ്മളിവിടെ ആയിരിക്കുക!" പോപ്പ് ആറുപേരെയും അടുത്ത് വിളിച്ച് നെറ്റിത്തടത്തില്‍ കുരിശുവരച്ച് പറഞ്ഞു; "പോയി ജീവിക്കുക, ദൈവം നിങ്ങളെ അനുഗ്രഹിക്കും." 6 പേര്‍ തുടങ്ങിയ സുവിശേഷജീവിതം പ്രചോദിപ്പിച്ചത് കണക്കില്ലാത്ത എണ്ണം ആളുകളെ ആയിരുന്നു. കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ ഫ്രാന്‍സിസിന്‍റെ ഒപ്പം ജീവിക്കുക, ചാക്കുവസ്ത്രം ധരിക്കുക എന്നത് ഒരു പ്രഭുവിനോളം ആദരവു ലഭിക്കുന്നവനായി ഒരുവനെ മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. പതിയെ പതിയെ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന തത്വം നുഴഞ്ഞ് കയറി ഒടുവില്‍ തുടങ്ങിയതില്‍നിന്നും ഭിന്നമായ ഒരു അവസ്ഥയിലേക്ക് ആ ജീവിതക്രമം വഴിതെറ്റി. അപ്പോള്‍ ചോദ്യം ഉയര്‍ന്നു, 'ഇങ്ങനെയോ ഫ്രാന്‍സിസ് ജീവിക്കാന്‍ പറഞ്ഞത്?' ഇങ്ങനെയേ പറ്റൂ എന്ന ഒരു കൂട്ടരുടെ വാദം ചെന്നുനിന്നത് ഫ്രാന്‍സിസ്കന്‍ സഭയിലെ ആദ്യത്തെ പിളര്‍പ്പിലാണ്. അങ്ങനെ പിരിഞ്ഞ അവര്‍ക്ക് രണ്ടു നിയമാവലിയായി കണ്‍വെന്‍ഞ്ച്വല്‍സ് എന്നും ഒബ്സെര്‍വെന്‍റ്സ് എന്നും വിളിക്കപ്പെടാന്‍ തുടങ്ങി. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒബ്സെര്‍വെന്‍റ് സഭയില്‍ വീണ്ടും ഇതോ ഫ്രാന്‍സിസ് കാണിച്ചുതന്ന ജീവിതം എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. അല്ലാ എന്ന് പറഞ്ഞ ഒരു സന്ന്യാസിയുടെ തീരുമാനം കപ്പൂച്ചിന്‍ സഭയുടെ ഉത്ഭവത്തിന് കാരണം ആയി.
ചരിത്രം മുഴുവന്‍ പറഞ്ഞത് ഒരു ചെറിയ വെളിച്ചം വീശാനുള്ള ശ്രമത്തിന്‍റെ ഭാഗം ആയിട്ടാണ്. ഫ്രാന്‍സിസിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തിലേയ്ക്കുള്ള മടക്കയാത്രകള്‍ പിളര്‍പ്പുകള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും -ആന്തരികമായും ബാഹ്യമായും കാലമിത്ര കഴിഞ്ഞിട്ടും ഇന്നും, ഫ്രാന്‍സിസ് കാണിച്ചുതന്നതുപോലെയും പറഞ്ഞുതന്നതുപോലെയും ജീവിക്കാന്‍ പറ്റുമോ എന്ന ചോദ്യം ഒരു പ്രഹേളികയായി തുടരുകയാണ്.
"ദയവ് ചെയ്ത് ഈ നിയമാവലി വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്. ഏറ്റവും ലളിതമായി ഇതിനെ മനസിലാക്കുക. അതുപോലെ ജീവിക്കാന്‍ ശ്രമിക്കുക."
സുവിശേഷം വ്യാഖ്യാനങ്ങളില്ലാതെ പിന്തുടര്‍ന്നതാണ് ഫ്രാന്‍സിസിനെ മറ്റെല്ലാ വിശുദ്ധരുടെയും ഇടയില്‍ പ്രഭ ഉള്ളതാക്കി മാറ്റുന്നത്. കാരണം ഇന്നോളം അങ്ങനെ ഒരു സാഹസത്തിന് ആരും മുതിര്‍ന്നിട്ടില്ല. ലാറ്ററന്‍ ദേവാലയം ഇടിഞ്ഞുവീഴുന്നത് സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ ഒരു പാപ്പായ്ക്ക് മുന്നിലാണ് ഫ്രാന്‍സിസ് പുതിയജീവിതക്രമത്തിനുള്ള അനുമതി ചോദിക്കുന്നത്. തകരുന്ന സഭയെ രക്ഷിക്കാന്‍ നിനക്ക് എന്ത് ചെയ്യാനാകും എന്ന ചോദ്യത്തിനുമുന്നില്‍ നിറഞ്ഞ കണ്ണുകളോടെ ഫ്രാന്‍സിസ് പറഞ്ഞു; "സഭയെ രക്ഷിക്കാന്‍ ഞാനാര്? ഞാന്‍ ഒന്നു ചെയ്യാം, തെരുവായ തെരുവെല്ലാം അലഞ്ഞു നടന്ന് വിളിച്ചുപറയാം. നമ്മുടെ പള്ളി തകരുകയാണ്". എല്ലാവര്‍ക്കും അറിയാമായിരുന്നു സഭ ജീര്‍ണ്ണിക്കുകയാണെന്ന.് അതിന്‍റെ കാരണം ചൂണ്ടിക്കാട്ടാന്‍ മാലോകരുടെ വിരലുകള്‍ അപരനിലേയ്ക്ക് നീങ്ങിയപ്പോള്‍ ഫ്രാന്‍സിസ് പറഞ്ഞു; "ഞാന്‍, ഞാനാണ് സഭയുടെ തകര്‍ച്ചക്ക് കാരണം." പിന്നെ പ്രായശ്ചിത്തത്തിന്‍റെ വഴിയില്‍ സ്വയം നവീകരിക്കാന്‍ ഉള്ള ശ്രമമായിരുന്നു. അയാള്‍ നവീകരിക്കപ്പെട്ടപ്പോള്‍ സഭയും നവീകരിക്കപ്പെട്ടു എന്നതിന് ചരിത്രം സാക്ഷി. കുഞ്ഞുണ്ണി മാഷിന്‍റെ കവിത കണക്കേ ആണ് കാര്യങ്ങള്‍. "ഉലകം നന്നാക്കാന്‍ ഒരു ചെറു സൂത്രവാക്യം ഞാന്‍ പറയാം, സ്വയം നന്നാവുക".
12-ാം നൂറ്റാണ്ടിലേതിന് സമാനമായ ജീര്‍ണ്ണത സഭയിലും സമൂഹത്തിലും വര്‍ദ്ധിക്കുമ്പോള്‍ ആ ചോദ്യം വീണ്ടും ഉയരുന്നു; സഭയെ രക്ഷിക്കാന്‍ നിനക്കാകുമോ? അതിന് ഞാനാര് എന്ന് മറുചോദ്യം ചോദിക്കാനും എന്തുചെയ്യണമെന്ന് അറിയില്ല എന്നുപറഞ്ഞ് കൈമലര്‍ത്താനും നമുക്കിനിയാവില്ല. കാരണം ഫ്രാന്‍സിസ് കാണിച്ച മാതൃക മുന്നിലുണ്ട്. ആ വഴിയില്‍ ചരിക്കാനാവുമോ എന്നതാണ് ചോദ്യം. ഞാന്‍ പിഴയാളി എന്നു പറഞ്ഞ് മാറത്തു കൈകള്‍ വയ്ക്കാനും സഭ തകരുകയാണ് എന്നു പറഞ്ഞ് ഉച്ചത്തില്‍ ഒന്നു നിലവിളിക്കാനും സമയം അതിക്രമിച്ചിരിക്കുകയാണ്.
"ദാരിദ്ര്യത്തിന്‍റെ നിധി എനിക്കു തരിക. ഞങ്ങളുടെ സമൂഹത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം അങ്ങയുടെ മഹത്വത്തിനുവേണ്ടി സൂര്യനു കീഴില്‍ ഞങ്ങളൊന്നും സ്വന്തമാക്കാതിരിക്കുന്നു എന്നതാകട്ടെ, ഭിക്ഷാടനം ഞങ്ങളുടെ ജന്മാവകാശമായിരിക്കട്ടെ."
ഫ്രാന്‍സിസിന്‍റേത് ഒരു ബദല്‍ ജീവിതസംസ്കാരം ആയിരുന്നു. എല്ലാവരും നാളെകളെക്കുറിച്ച് ആകുലപ്പെട്ടപ്പോള്‍ അവന്‍ ദൈവം നാളെകളില്‍ കരുതിവയ്ക്കാന്‍ പോകുന്ന അത്ഭുതത്തിനുവേണ്ടി പ്രത്യാശയോടെ കാത്തിരുന്നു.
കാലത്തിന്‍റെ ഒഴുക്കില്‍ ദാരിദ്ര്യം വല്ലാതെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. എല്ലാത്തിനുമുണ്ടാകുന്ന സുഭിക്ഷിത മനുഷ്യനെ എത്രമാത്രം അന്ധനാക്കുന്നു എന്ന കാഴ്ച കാണാന്‍ മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുകയേ വേണ്ടൂ. ധനവാന്‍റെ മേശക്കുകീഴില്‍ കാത്തിരുന്ന ലാസറിനെപ്പോലെ ഒരു പറ്റം ജനം കടല്‍ക്കരയിലും അതിര്‍ത്തികളിലുമായി അഭയം തേടുമ്പോള്‍ പക്ഷേ എന്‍റെ സമ്പത്ത് എനിക്കുമാത്രമെന്നു പറഞ്ഞ് അതിര്‍ത്തികളില്‍ മുള്ളുവേലികള്‍ തീര്‍ക്കുന്നത് എത്ര ഹൃദയഭേദകമായ കാഴചയാണ്.
ഇവിടെ അവന്‍റെ അനുയായികളിലും ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് നടക്കുന്ന ഒരുമിച്ചുകൂടലുകളില്‍ എങ്ങനെ സാമ്പത്തിക ഭദ്രത കൈവരിക്കാം എന്ന് തലപുകഞ്ഞ ആലോചനകള്‍ വളരെ ശക്തമായാണ് നടക്കുന്നത്. ഫ്രാന്‍സിസ് ഇങ്ങനെ ഒരു മാറ്റം സമൂഹജീവിതത്തില്‍ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകതന്നെ ചെയ്യണം.
സമൂഹത്തിന് ഒരുമിച്ച് ജീവിക്കാന്‍ നഗരവാസികള്‍ നിര്‍മ്മിച്ച് നല്കിയ കെട്ടിടം ദാരിദ്ര്യവ്രതത്തിന് എതിരാണെന്ന് കണ്ട് അതു നശിപ്പിക്കാന്‍ ഇറങ്ങിയ ഫ്രാന്‍സിസ് ഒരിക്കല്‍പ്പോലും തന്‍റെ സഹോദരങ്ങളെ കാണാന്‍ ഈ നൂറ്റാണ്ടില്‍ ഇറങ്ങിവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. കാരണം സാമ്പത്തികഭദ്രതയ്ക്കു വേണ്ടി നിര്‍മ്മിക്കപ്പെടുന്ന സൗധങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആ ബലഹീനകരങ്ങള്‍ക്ക് കഴിയില്ല.
എപ്പോഴും പ്രസംഗിക്കുക, ആവശ്യമെങ്കില്‍ വാക്കുകളുപയോഗിക്കുക.
മാനസാന്തരത്തിനും പ്രായശ്ചിത്തജീവിതത്തിനും തെരുവായ തെരുവുമുഴുവന്‍ അലഞ്ഞുനടന്ന് ജനത്തോട് സംസാരിക്കുമ്പോള്‍ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു. ദൈവം എന്നു പറയുമ്പോള്‍ അവന്‍റെ നാവില്‍ തീ ആളുമായിരുന്നത്രേ. അനുഭവത്തിന്‍റെ വെളിച്ചത്തില്‍നിന്ന് അവന്‍ സ്വയം പാപിയാണ് എന്നു പറഞ്ഞപ്പോള്‍ കേട്ടവരുടെ ഹൃദയം അവനോടൊപ്പം ഏങ്ങി നിലവിളിച്ചു. ഇന്നും പ്രഘോഷണങ്ങള്‍ നടക്കുന്നുണ്ട് പക്ഷേ....? എന്തേ ജീവനില്ലാതാക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ട കാലം ആണ് ഇത്.
വലിയ തിരുനാളുകളുടെ സമയത്ത് അല്പം അരിമണികള്‍ പറവകള്‍ക്കു വേണ്ടി മുറ്റത്തു വിതറണം. അവരും ഭക്ഷിക്കട്ടെ. അവര്‍ നമ്മുടെ സഹോദരങ്ങളല്ലേ.
ഫ്രാന്‍സിസിനോളം പ്രകൃതിയെ പരിഗണിച്ച മറ്റൊരു വിശുദ്ധനില്ല. ആശ്രമത്തിലെ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അല്‍പം സ്ഥലം വെറുതെയിടാന്‍ ഉള്ള നിഷ്കര്‍ഷ ഫ്രാന്‍സിസിന്‍റേതാണ്. കാരണം പാഴ്ച്ചെടികള്‍ എന്ന് നാം വിളിക്കുന്നവയ്ക്കും വളരാന്‍ ഒരിടം വേണ്ടേ. എട്ട് നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ഒരു പുല്‍നാമ്പു പോലും മുളയ്ക്കാന്‍ ഇടവരുത്താത്തവിധം മുറ്റം ടൈല്‍ പാകിയും കോണ്‍ക്രീറ്റ് ഇട്ടും അവന്‍റെ അനുയായികള്‍ പോലും എല്ലാം 'വൃത്തിയാക്കുന്ന' തിരക്കിലാണ.് നൂറ്നൂറ് കാരണങ്ങള്‍ നിരത്തി ഇതിനെ വിശദീകരിക്കാനും ന്യായീകരിക്കാനും പറ്റും. പക്ഷേ വിശദീകരണങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും ഒടുവില്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് കണ്ണുനിറഞ്ഞ് നെടുവീര്‍പ്പിട്ടു നില്‍ക്കുന്ന ഫ്രാന്‍സിസിന്‍റെ മുഖം ആണ്. കാരണം ഭൂമിയെ ഇത്രത്തോളം പ്രണയിച്ച അവന് ഈ വിശദീകരണങ്ങള്‍ ഒന്നുംതന്നെ മനസിലായിട്ടില്ലാ.
ഒരു മാറ്റത്തിന്‍റെ കാലം അതിക്രമിച്ചിരിക്കുന്നു. സഭയിലും സമൂഹത്തിലും ജീര്‍ണ്ണതകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ തുടങ്ങുമ്പോഴും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ആരെയും പഴിക്കാതെ സ്വയം പഴിക്കാന്‍ ആരെയും വിമര്‍ശിക്കാതെ സ്വയം വിമര്‍ശിക്കാന്‍ ഇനിയും വൈകിയാല്‍ കൈവിട്ടു പോവുക തന്നെ ചെയ്യും നമ്മുടെ ജീവിതം. ലോകത്തിന്‍റെ ഒപ്പം കോലം കെട്ടിയവന്‍ അല്ല ഫ്രാന്‍സിസ്. ഒക്ടോബര്‍ 4 അവനെ ഓര്‍മ്മിക്കാന്‍ ഉള്ള ദിനം ആണ്. മരണക്കിടക്കക്ക് ചുറ്റും കൂടിയവരോട് അവന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കാം "സഹോദരങ്ങളെ നമ്മള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വരൂ നമുക്ക് ആരംഭിക്കാം".
ഇതൊക്കെ ഞങ്ങളോടെന്തിന്, ഞങ്ങളും ഫ്രാന്‍സിസുമായി എന്തു ബന്ധം എന്നാണോ ഉള്ളിലുയരുന്ന ചോദ്യം. എങ്കില്‍ ഒരു മറുചോദ്യം കൊണ്ട് അതിനെ നേരിടട്ടെ. ആരാണ് ഫ്രാന്‍സിസ്കനല്ലാത്തത്? ആരൊക്കെ മണ്ണിനെയും മനുഷ്യനെയും പ്രണയിച്ചിട്ടുണ്ടോ ആരൊക്കെ ജീവനെക്കാളുപരിയായി ക്രിസ്തുവിനെ ഒരിക്കലെങ്കിലും കരുതിയിട്ടുണ്ടോ, ആരൊക്കെ ഒരു ചത്ത കിളിയുടെ മുന്‍പില്‍ നെടുവീര്‍പ്പിട്ടിട്ടുണ്ടോ അവരെല്ലാം ഫ്രാന്‍സിസ്കന്‍തന്നെ. കാരണം ഫ്രാന്‍സിസ് അങ്ങനെയായിരുന്നു. അങ്ങനെ വരുമ്പോള്‍ ഈ താളുകള്‍ കൈകളിലേന്തിയിരിക്കുന്ന സുഹൃത്തേ, താങ്കളും ഒരു ഫ്രാന്‍സിസ്കന്‍ തന്നെയല്ലേ?