news-details
എഡിറ്റോറിയൽ

കാറിൻറെ പുറകിലെ സീറ്റിലേക്ക് മൂന്നാമനായി കയറുമ്പോൾ നടുക്കിരിക്കുന്ന അല്പം വണ്ണമുള്ളയാളെ കളിയാക്കിക്കൊണ്ട് താനിപ്പോൾ 'പോസ്റ്റർ' ആകുമെന്ന് ഒരാൾ പറയുന്നു. ചിരിയുയരുമ്പോൾ മുന്നിലെ സീറ്റിൽ നിന്ന് ഒരു കമൻറ് വരുന്നു:'അത് പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയ സ്റ്റേറ്റ്മെൻറ് ആണ്'. ഞങ്ങളുടെ ചെറുപ്പകാലത്ത് സ്കൂളിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഇരട്ടപ്പേരുകൾ രൂപപ്പെട്ടത് ഇങ്ങനെയായിരുന്നു. വണ്ണം അല്പം കൂടിയാൽ 'ചക്ക', നീളം കൂടിയാൽ 'നീർക്കോലി', വണ്ണം കുറഞ്ഞാൽ 'കോലൻ', വെളുപ്പ് താരതമ്യേന കൂടിയാൽ 'സായിപ്പ്', കുറഞ്ഞാൽ 'ഇരുട്ട്'. ഇങ്ങനെ സാധാരണമായ, തമാശയായും കളിയായും ഉപയോഗിച്ചിരുന്ന കുറെ വട്ടപ്പേരുകൾ ഇന്ന് പൊളിറ്റിക്കലി ഇൻ കറക്റ്റ് ആണ്. പുതിയ തലമുറ ഇത്തരം പദങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. ശരീരത്തിൻറെ വലിപ്പം, നിറം, ലിംഗം,  മാനസികാരോഗ്യം, ജാതി, മതം, വർഗ്ഗം, രാഷ്ട്രീയം, ദേശം തുടങ്ങി ജീവിതത്തിൻറെ ഏതെങ്കിലും മേഖലകളിൽ വേർതിരിവുകളോ മാറ്റിനിർത്തലുകളോ കളിയാക്കലുകളോ ഉണ്ടാകുമ്പോൾ അത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന് സമൂഹം പറയാൻ തുടങ്ങിയിരിക്കുന്നു.

എന്താണ് പൊളിറ്റിക്കലി കറക്റ്റ് അഥവാ പൊളിറ്റിക്കൽ കറക്ട്നസ്? ഓക്സ്ഫോർഡ് നിഘണ്ടു നൽകുന്ന നിർവചനം ഇങ്ങനെയാണ്: ഏതെങ്കിലും പ്രത്യേക സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള ഭാഷയോ സ്വഭാവമോ ബോധപൂർവ്വം ഒഴിവാക്കുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് പൊളിറ്റിക്കലി കറക്റ്റ് എന്ന പ്രയോഗം. പൊളിറ്റിക്കലി കറക്റ്റ് അഥവാ പൊളിറ്റിക്കൽ കറക്ട്നസ് എന്ന പ്രയോഗം രൂപപ്പെട്ടത് 1930കളിലെ മാവോ സെ തുങിൻറെ എഴുത്തുകളിൽ നിന്നാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യാഥാസ്ഥിതിക നിലപാടുകളോട് പൂർണമായി യോജിച്ചുപോകുന്നതിനെ സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിച്ചിരുന്നത്. വിദേശ നയത്തിലും മനുഷ്യാവകാശങ്ങളിലും കാതലായ മാറ്റങ്ങൾക്കുവേണ്ടി വാദിച്ചിരുന്ന യുഎസിലെ സർവകലാശാല വിദ്യാർത്ഥികളാണ് 1960കളോടെ ഇതിനെ ആധുനിക ഭാഷയിലെ ഒരു പ്രയോഗമാക്കി മാറ്റിയത്.

ജോഫ്രി ഹ്യൂസ് എഴുതിയ പൊളിറ്റിക്കൽ കറക്ട്നസ് എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്ന മൂന്നു കാര്യ ങ്ങളുണ്ട്:

1. വ്യവസ്ഥാപിതമായ ഒരു അധികാരിയിൽ നിന്നോ നിയതമായ ഉറവിടത്തിൽ (ഉദാ: മാർപാപ്പ, രാജാവ്. അധികാരകേന്ദ്രങ്ങൾ) നിന്നോ ഉണ്ടായതല്ല പോളിറ്റിക്കൽ കറക്ട്നസ്.

2. സമൂഹത്തിൽ നിലനിൽക്കുന്ന ചില അസമത്വങ്ങളെയും അനീതിയെയും ദുർബല വിഭാഗങ്ങളെ അപഹസിക്കുന്ന ഭാഷയെയും പെരുമാറ്റത്തെയും എതിർക്കുകയാണ് ഇതിൻറെ ഫോക്കസ്. പക്ഷേ ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൻറെ അടിസ്ഥാനത്തിലല്ല പൊളിറ്റിക്കൽ കറക്ട്നസ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക സ്ഥലകാലങ്ങളിൽ ഇതിനെ അടയാളപ്പെടുത്താൻ കഴിയില്ല.

3. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നേരെയുള്ള അപഹാസ്യമായ ഭാഷാപ്രയോഗങ്ങൾ, മുൻവിധികൾ, അധിക്ഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം എന്നിവയ്ക്കെതിരെ നിലനിൽക്കുന്നതാണ് പൊളിറ്റിക്കൽ കറക്ട്നസ്.

ജോഫ്രി സൂചിപ്പിച്ചതുപോലെ ഇത് സമൂഹത്തിൻറെ അന്തർധാരയിൽ നടക്കുന്ന ക്രിയാത്മകമായ ഒരു മാറ്റമാണ്. പ്രത്യേക ഉറവിടമോ സ്ഥലമോ ആശയസംഹിതകളോ ഇല്ലാതെതന്നെ മനുഷ്യർ പരസ്പരം ആദരവോടെ ജീവിക്കാൻ കുറച്ചുകൂടി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അപരനെ  മുറിവേൽപ്പിക്കുന്ന ഭാഷയും പെരുമാറ്റവും തിരിച്ചറിയാനും ഒഴിവാക്കാനും ഉള്ള ബോധപൂർവ്വമായ ശ്രമമാണ് പൊളിറ്റിക്കൽ കറക്ട്നസ്.

നമ്മുടെ ദേശത്തും ഈ പ്രയോഗം ഇപ്പോൾ വളരെ പ്രബലമാണ്. മൂന്നുകാര്യങ്ങൾ പ്രധാനമായും ഇതിലൂടെ സംഭവിക്കുന്നുണ്ട്.

ഒന്നാമതായി, മനുഷ്യർ കുറച്ചുകൂടി പരസ്പരം ഉൾക്കൊള്ളാൻ (inclusiveness)തക്കവിധം തുറവിയുള്ളവരാകുന്നു. ജാതി, മത, വർഗ്ഗ, വർണ്ണ, ദേശ, ലിംഗ വ്യത്യാസങ്ങൾക്ക് ഉപരിയായി അപരനെ കുറച്ചുകൂടി ആദരവോടെ ഉൾക്കൊള്ളാൻ തയ്യാറാകുന്നു.

രണ്ടാമതായി അപരൻറെ കുറവുകളെയും മുറിവുകളെയും ആദരവോടെ കാണാനുള്ള ശ്രമം. അപരൻറെ കുറവുകൾ എനിക്ക് ചിരിക്കാനുള്ള കാരണമല്ല എന്ന തിരിച്ചറിവ്. അയാൾക്ക് നിറം അല്പം കുറവുണ്ട്, അവളുടെ പല്ലിൻറെ നിര തെറ്റിയതാണ്, അവനു നല്ല ശരീരമുണ്ട്. 'അതെ, അതിനിപ്പോ എന്താ ഇത്ര കുഴപ്പം?' എന്ന് കാണു ന്നവരും, 'ഞാൻ ഇങ്ങനെയാണ് ഭായ്' എന്ന് അങ്ങനെയുള്ളവരും ചിന്തിക്കുന്ന ഒരു കാലം.  ഇത്തവണ മികച്ച നടനുള്ള ഓസ്കാർ അവാർഡ് ബ്രൻറൻ ഫ്രെസറിന് വാങ്ങിക്കൊടുത്ത 'ദ വെയ്ൽ'(The Whale) ഉം മലയാളത്തിൽ ഇറങ്ങിയ 'ഡാ തടിയാ' എന്ന സിനിമയും ഒക്കെ പൊളിറ്റിക്കൽ കറക്ട്നസിൻറെ വഴിയിൽ വെളിച്ചം വീശാൻ നമ്മെ സഹായിക്കുന്നവയാണ്.

മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ ഒരു കാര്യം നീതിയുടെയും സമത്വത്തിൻറെയും മാർഗമാണ് പൊളിറ്റിക്കൽ കറക്ട്നസ്  എന്നുള്ളതാണ്. മറ്റു മനുഷ്യരോട് മാത്രമല്ല, സർവ്വ ചരാചരങ്ങളോടും ഭൂമിയോടും വെള്ളത്തോടും വായുവിനോടും പുലർത്തേണ്ട നീതിപൂർവ്വമായ ഇടപെടലുകളിലേക്കുള്ള ക്ഷണം അതിലുണ്ട്. സ്വന്തം മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും അയൽവക്കത്തെ കുട്ടിയുടെ പഠനത്തിൽ ഒരു കൈത്താങ്ങ് ആകുന്നതും നീതിക്കുവേണ്ടിയുള്ള ഓട്ടത്തിൽ നിയമക്കുരുക്കിൽപ്പെട്ടവരെ  പിന്തുണയ്ക്കുന്നതും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നതും ഒക്കെ ഈ പൊളിറ്റിക്കൽ കറക്ട്നസിൻറെ ഭാഗമാണ്.

ഇന്നത്തെ മതത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിശകലനം ചെയ്യാൻ അതിലെ അംഗങ്ങൾക്ക് പൊളിറ്റിക്കൽ കറക്ട്നസിൻറെ ആദ്യകാല അർത്ഥം ഉപയോഗിക്കാവുന്നതാണ്. തങ്ങൾ പ്രഘോഷിക്കുന്ന സുവിശേഷാനുസരണം ജീവിക്കാൻ ശ്രമിക്കുമ്പോൾ ക്രൈസ്തവർ പൊളിറ്റിക്കൽ കറക്ട്നെസിൻറെ പാതയിലാണ്. ഫ്രാൻസിസ്കൻ ആശയങ്ങൾക്ക് പരിപൂർണ്ണമായി സമർപ്പിക്കുമ്പോൾ ഞങ്ങൾ പൊളിറ്റിക്കലി കറക്റ്റ് ആകുകയാണ്. രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ പാർട്ടി എന്ന അവകാശപ്പെടുന്നവരും ഗാന്ധിയൻ ആശയങ്ങളും സത്യസന്ധതയും അവകാശപ്പെടുന്ന പാർട്ടിയുമൊക്കെ തങ്ങളുടെ അടിസ്ഥാന ആശയങ്ങളിൽ തന്നെയാണോ ഇപ്പോഴും പ്രവർത്തിക്കുന്നത് എന്ന് തിരിഞ്ഞുനോക്കുന്നത് പൊളിറ്റിക്കലി കറക്റ്റ് ആകാൻ സഹായിക്കും.

അടിസ്ഥാനപരമായി രാഷ്ട്രം എന്ന നിലയിലും സമൂഹമെന്ന നിലയിലും മനുഷ്യൻറെ നന്മയെ ലക്ഷ്യംവയ്ക്കുന്നവർ തങ്ങളുടെ ജീവിതത്തെ പൊളിറ്റിക്കലി കറക്റ്റ് ആയി സൂക്ഷിക്കേണ്ടതുണ്ട്. അത് സംഭവിക്കുന്നത് ആശയങ്ങളോടുള്ള പരിപൂർണ്ണ വിധേയത്വത്തിലൂടെയും ഉൾക്കൊള്ളലിൻറെയും ആദരവിൻറേതുമായ പുതിയ തലമുറയുടെ ഭാഷാ-പെരുമാറ്റ ശൈലി ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കുന്നതിലൂടെയുമാണ്.

ദേശം എന്ന നിലയിൽ നമ്മൾ കുറച്ചുകൂടി പൊളിറ്റിക്കലി കറക്റ്റ് ആകേണ്ടതുണ്ട് എന്ന് ഈ കാലയളവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നു. ആശയങ്ങളുടെ പേരിലായാലും ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ പേരിലായാലും ആരും ആരെയും അപഹസിക്കേണ്ടതില്ലല്ലോ. ഏതെങ്കിലും മതവിശ്വാസത്തിൽ ഉൾപ്പെട്ടതിൻറെ പേരിൽ, അതനുസരിച്ച് ജീവിക്കുന്നതിൻറെ പേരിൽ ഒരാളെയെങ്കിലും അപമാനിക്കുന്നത് പുതിയകാലത്തിൻറെ ഭാഷയിൽ പൊളിറ്റിക്കലി ഇൻകറക്ട് ആണ് എന്നത് നമുക്ക് മറക്കാതിരിക്കാം.

ക്രിസ്തു തൻറെ ജീവിതത്തിലുടനീളം പുലർത്തിയ ഉൾക്കൊള്ളലിൻറെ മാതൃക തന്നെയാണ് നമുക്കും മുമ്പിലുള്ളത്. സമൂഹം മാറ്റിനിർത്തിയിരുന്ന ഇടയന്മാരെയും പാപികളെയും രോഗികളെയും ചുങ്കക്കാരെയും ചേർത്തു പിടിച്ചത്, മതം ശത്രുക്കളായി കരുതിയിരുന്ന സമരിയാക്കാരുടെ നാട്ടിൽ അന്തിയുറങ്ങിയത്, ഒരു സമരിയാക്കാരനെ പ്രശസ്തമായ ഉപമയിലെ നായകനാക്കിയതും, ക്രിസ്തുവിൻറെ ജീവിതത്തിൽനിന്ന് കണ്ടെത്താൻ കഴിയുന്ന പൊളിറ്റിക്കൽ കറക്റ്റ്നെസ്സിൻറെ  ഉദാത്ത മാതൃകകളാണ്.

ക്രിസ്തുവിൻറെ ആ വഴി ഈ ഉത്ഥാന നാളുകളിൽ നമ്മെ മോഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts