news-details
ഫ്രാൻസിസ്കൻ വിചാര ധാര

സഹോദരന്മാര്‍ സര്‍വ്വസൃഷ്ടികള്‍ക്കും കീഴ്പ്പെട്ടിരിക്കണം

'സഹോദരന്മാര്‍ സര്‍വ്വസൃഷ്ടികള്‍ക്കും കീഴ്പ്പെട്ടിരിക്കണം' എന്ന ഫ്രാന്‍സിസ്കന്‍ നിയമാവലിയുടെ ദര്‍ശനത്തെ ഫ്രാന്‍സിസിന്‍റെ തന്നെ ബോധ്യങ്ങളുമായും ജീവിതശൈലിയുമായും ചേര്‍ത്തുവച്ച് നാം കാണുകയായിരുന്നു. ഈ ദര്‍ശനത്തിന്‍റെ നവീനതയും പ്രയോഗവും  എങ്ങനെ ഫ്രാന്‍സിസിന്‍റെയും സഹോദരന്മാരുടെയും പൊതുജീവിതത്തെയും, സുല്‍ത്താനെ സന്ദര്‍ശിച്ചതുമായ സാഹചര്യത്തെയും സ്വാധീനിച്ചു എന്നതാണ്   അന്വേഷണം.

ഫ്രാന്‍സിസിന്‍റെ സകല സൃഷ്ടികളോടുമുള്ള ഈ 'കീഴ്പ്പെടലിന്‍റെ' മൗലികമായ ദര്‍ശനം, Hoeberichts-ന്‍റേൈ നിരീക്ഷണത്തില്‍ മധ്യകാലത്തെ സാമൂഹ്യരീതികളില്‍ നിന്നും തികച്ചും കടകവിരുദ്ധവും  നവീനവുമായ  ഒരു ആശയവും, പ്രയോഗവുമായിരുന്നു. Anton Rotzetterന്‍റെ നിരീക്ഷണം ഇതിനു കൂടുതല്‍ വ്യക്തത നല്‍കും. വ്യക്തിപരമായോ, തന്‍റെ പുതിയ സാഹോദര്യ സംഘത്തിന്‍റെ വെറും ഒരു ലക്ഷ്യമായോ ഉള്ള  എളിമയുടെ ഒരു ഭക്താഭ്യാസം എന്ന രീതിയിലായിരുന്നില്ല    ഫ്രാന്‍സിസിന് ഈ 'കീഴ്പ്പെടല്‍.' മറിച്ച്, അവരുടെ ജീവിതവും പ്രവര്‍ത്തനവും വഴിയായി, യേശുവിന്‍റെ നാമത്തില്‍ മനുഷ്യരോടും സമസ്തസൃഷ്ടികളോടും ഉള്ള സുവിശേഷാധിഷ്ഠിതമായ ഒരു പുതിയ സമീപനം ആയിരുന്നു ഇത്. മധ്യകാലയുഗത്തിലെ ശ്രേണീബന്ധമായ മനുഷ്യ-സൃഷ്ടി ബന്ധങ്ങള്‍ക്കും രീതികള്‍ക്കും കടകവിരുദ്ധമാണ് ഈ ദര്‍ശനം. ഒരു സാമൂഹ്യ വിപ്ലവത്തിലൂടെ ഒരു നവസമൂഹ സൃഷ്ടി എന്ന 'മാര്‍ക്സിയന്‍' രീതിയല്ല ഇതെന്ന് ചുരുക്കം. മറിച്ചു, സുവിശേഷ ജീവിതത്തിന്‍റെ പ്രയോഗത്തിലൂടെ ഒരു നവസമൂഹ സൃഷ്ടി എന്നതാണ് ഫ്രാന്‍സിസിന്‍റെ രീതി. ഫ്രാന്‍സിസിനെ ഒരു വിപ്ലവകാരിയായോ, സാമൂഹ്യ പരിഷ്കര്‍ത്താവായോ ചുരുക്കാനാവില്ല, അതിലും മേലെയാണ് ഫ്രാന്‍സിസിന്‍റെ സ്ഥാനം. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയിലെ വിമോചന ദൈവശാസ്ത്രത്തിന്‍റെ പ്രമുഖ ഫ്രാന്‍സിസ്കന്‍ വക്താക്കളില്‍ ഒരാളായിരുന്ന Leonardo  Boff  ഫ്രാന്‍സിസിനെ മധ്യകാലയുഗ ത്തിലെ ഒരു വിമോചന ദൈവശാസ്ത്രത്തിന്‍റെ കണ്ണിലൂടെയാണ് നോക്കിയത്. ഒരു വിപ്ലവത്തിലൂടെ സമൂഹത്തെ മാറ്റിയിട്ടുവേണം സുവിശേഷത്തിനു പ്രവേശിക്കാന്‍ എന്നതിന് പകരം സുവിശേഷദര്‍ശനം സമൂഹത്തെ പുതുക്കിപ്പണിയുന്നു എന്നതാണ് വ്യത്യാസം. Rottzetter -ന്‍റെ അഭിപ്രായത്തില്‍ ഈ 'കീഴ്പ്പെടല്‍' എന്നത് സഹോദരന്മാര്‍ക്കും സകല മനുഷ്യര്‍ക്കുമുള്ള നവലോക സൃഷ്ടിക്കായുള്ള ഫ്രാന്‍സിസിന്‍റെ ക്ഷണമാണ്. മധ്യകാല ത്തിലെ അധികാരത്തിന്‍റെയോ, ഹിംസയുടെയോ അടിസ്ഥാനത്തിലല്ല, മറിച്ചു സുവിശേഷാധിഷ്ഠിതമായ പരസ്നേഹത്തിന്‍റെയും ആര്‍ദ്രതയുടെയും അടിസ്ഥാനത്തിലാണ് ഈ കീഴ്പ്പെടല്‍. അതാണ് ഫ്രാന്‍സിസ്കന്‍ സാഹോദര്യത്തിന്‍റെ മുഖമുദ്രയും. ആധുനിക കാലത്തില്‍ ഗാന്ധിയുടെ അഹിംസയുടെ രീതിയുമായി ഇതിനുള്ള ബന്ധം നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും.

അതോടൊപ്പം, ഫ്രാന്‍സിസിന്‍റെ ഈ കീഴ്പ്പെടലിന്‍റെ ആശയവും പ്രയോഗവും അക്കാലത്തെ സഭയുടെ കാനോന്‍ നിയമത്തിനു വിരുദ്ധമായിരുന്നു എന്നാണ് Hoeberichts -ന്‍റെ നിരീക്ഷണം. ക്രിസ്ത്യാനികളും saracens എന്ന്  വിളിക്കപ്പെട്ടിരുന്ന മുസ്ലിംകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 1188നും 1217നും ഇടയില്‍ രചിക്കപ്പെട്ടതും ശേഖരിക്കപ്പെട്ട തുമായ സഭാപരമായ ഡിക്രികള്‍ Quinque  compilationis  antiquae (Five  Ancient  Compilations) എന്ന കൃതിയുടെ  ആദ്യ  നാലു ഭാഗങ്ങളിലാണുള്ളത്. ഇത് പിന്നീട് ഗ്രിഗറി ഒന്‍പതാമന്‍ പാപ്പയുടെ Decretales എന്ന കൃതിയിലേക്കു 1234 -ല്‍  ഉള്‍ച്ചേര്‍ക്കുകയുണ്ടായി. ഇതില്‍ സ്പഷ്ടമായിത്തന്നെ പ്രതിപാദിക്കുന്നത് ക്രിസ്ത്യാനികള്‍ സാരസന്മാര്‍ക്കു കീഴ്പ്പെട്ടുകൂടാ എന്നാണ്. ആദ്യകാല സഹോദരന്മാര്‍ക്ക് എത്ര കണ്ട് സഭാനിയമങ്ങളില്‍ ഗ്രാഹ്യമുണ്ടായിരുന്നെന്നോ, മനഃപൂര്‍വ്വമായ ഒരു വിയോജിപ്പ് കാനോന്‍ നിയമത്തോട് പുലര്‍ത്തിയിരുന്നോ എന്നൊന്നും ഉറപ്പിക്കാനാവില്ല. എന്നാല്‍ പില്‍ക്കാലത്തു അഭ്യസ്തവിദ്യരായ സഹോദരന്മാര്‍ സഭാനിയമത്തെ മുന്‍നിര്‍ത്തി "subditus'എന്ന വാക്ക് തന്നെ Regula  bullata എന്ന നവീകരിക്കപ്പെട്ട നിയമാവലിയിലെ മിഷനറി അധ്യായത്തില്‍ (12) നിന്നും ഉപേക്ഷിക്കുകയുണ്ടായി.  എന്നാല്‍ Regula  bullata യിലെ പന്ത്രണ്ടാം അധ്യായത്തില്‍ "subditi' എന്ന വാക്ക് കത്തോലിക്കാ വിശ്വാസത്തില്‍ അടി യുറച്ചിരിക്കുന്ന പരിശുദ്ധ സഭയോട് എപ്പോഴും 'കീഴ്പ്പെട്ടിരിക്കണം' എന്നായി മാറി. മിഷനറി മാരായി പോകുന്നവര്‍ സകല സൃഷ്ടികളോടും കീഴ്പ്പെട്ടിരിക്കണം എന്നതില്‍നിന്നും, ഇവര്‍ സഭയോട് കീഴ്പ്പെട്ടിരിക്കണം എന്നതായി മാറി. ഇരുപത്തിനാല് അദ്ധ്യായങ്ങളിലായി ഉണ്ടായിരുന്നതും, അതിന്‍റെ പതിനാറാം അധ്യായത്തില്‍  ഇരുപത്തൊന്നു ചെറു ഖണ്ഡികകളായി വിവരിച്ചിരുന്നതുമായ മിഷനറി ഭാഗം, 1223 -ലെregula  bullata യിലേക്ക് മാറിയപ്പോള്‍ ഏറ്റവും അവസാനമായ പന്ത്രണ്ടാം അധ്യായത്തിലെ രണ്ടു ചെറു  ഖണ്ഡി കകളായി ചുരുങ്ങുകയും ചെയ്തു. regula  non  bullata  അതിന്‍റെ രചനയിലും പ്രചോദനത്തിലും പുലര്‍ത്തിയിരുന്ന സുവിശേഷാടിസ്ഥാനത്തിലുള്ള ആശയത്തെയും പ്രയോഗത്തെയും, തികച്ചും നൈയമികതയുടെ പരിധികളിലേക്കു മാറ്റി  എഴുതപ്പെട്ടു എന്നുവേണം അനുമാനിക്കാന്‍. എന്നാല്‍ ഈ രൂപാന്തരം വഴിയായി ഈ പുതിയ നിയമാവലി സുവിശേഷാദര്‍ശങ്ങളെ ബലികഴിച്ചു എന്ന് ആരോപിക്കാനും കഴിയില്ല. സാഹോദര്യ കെട്ടുറപ്പിനും എന്നാല്‍ ദുര്‍വ്യാഖ്യാനത്തിനു വഴി കൊടുക്കാതെയും ഇരിക്കാന്‍  ആശയങ്ങള്‍ നിയമാവലിയുടെ "dos and donts' രീതികള്‍ സ്വീകരിക്കുന്നതാണ് ഉചിതം.

Hoeberichts, കുരിശുയുദ്ധക്കാരുടെ ദൈവവും, ഫ്രാന്‍സിസിന്‍റെ ദൈവവും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു അന്തരം എടുത്തു കാണിക്കുന്നുണ്ട്. കുരിശുയുദ്ധക്കാരുടെ ദൈവം, 'അധികാരത്തിന്‍റെയും ഉടമസ്ഥതയുടെയും' ദൈവമാണ്. ഈ അധികാരവും ഉടമസ്ഥതയും വിശുദ്ധ നാട്ടില്‍ ഉറപ്പിക്കാനാണ് പാപ്പായും നാലാം ലാറ്ററന്‍ സൂനഹ ദോസും കുരിശുയുദ്ധത്തെ ന്യായീകരിച്ചത്. ഫ്രാന്‍സിസിന്‍റെ ദൈവമാകട്ടെ, യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട താഴ്മയാണ്. ഈ താഴ്മയുടെ ദൈവസങ്കല്‍പം ഫ്രാന്‍സിസിന്‍റെ ദൈവശാസ്ത്ര പരമായ അന്തര്‍ജ്ഞാനമാണ് വെളിവാക്കുന്നത്. സാരസെന്‍സിന്‍റെ ഇടയില്‍ കഴിഞ്ഞിരുന്ന സഹോദരന്മാര്‍ എളിയ കര്‍ത്താവിന്‍റെ ചൈതന്യത്തില്‍ ഏറ്റുപറഞ്ഞത് തങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്നാണ്, കുരിശുയുദ്ധക്കാര്‍ എന്നല്ല. സഹോദരന്മാര്‍ സാരസന്മാരെ കീഴ്പ്പെടുത്തുകയായിരുന്നില്ല, മറിച്ചു അവര്‍ക്കു കീഴ്പ്പെടുകയായിരുന്നു. എളിയവനായ കര്‍ത്താവ് അവരെ ക്ഷണിക്കുന്നത് അവരുടെ ജീവിതത്തില്‍ കര്‍ത്താവിന്‍റെ എളിമയെ അനുകരിക്കാനും, അതുവഴിയായി സാരസന്മാര്‍ക്കു കീഴ്പ്പെട്ടു കൊണ്ടു തന്നെ സമാധാനത്തിന്‍റെ ഒരു നവലോകം സൃഷ്ടിക്കുവാനുമാണ്. ഏതെങ്കിലും വിധത്തിലുള്ള ആധിപത്യ മനോഭാവത്തില്‍ അവര്‍ക്കിടയില്‍ കഴിയാനല്ല, മറിച്ചു അവര്‍ക്കിടയില്‍ ക്രിസ്ത്യാനി കള്‍ എന്ന നിലയില്‍ അധ്വാനിച്ചും ഭക്ഷിച്ചും ജീവിക്കാനാണ്. ഇങ്ങനെ അവര്‍ക്കിടയില്‍, അവര്‍ക്കു കീഴ്പ്പെട്ടു കഴിയുന്നത് തന്നെ സഹോദര ന്മാരുടെ സ്വത്വബോധത്തിന്‍റെ പരസ്യപ്രസ്താവന യാണ്. അവര്‍ യേശുവിന്‍റെ അനുയായികളാണെന്നും, മറ്റുള്ളവരുടെ മേല്‍ അധികാരം പ്രകടിപ്പിക്കാനോ അധീശത്വം സ്ഥാപിക്കാനോ ശ്രമിക്കാതെ അവര്‍ക്കു അടിമകളും, സേവകരുമായി വര്‍ത്തിക്കണം. (മത്തായി 20 : 25 -27; RegNB  5 : 9 12) യേശു സേവിക്കപ്പെടുവാനായിരുന്നില്ല മറിച്ചു സേവിക്കുവാനും തന്‍റെ ജീവിതം അവര്‍ക്കു നല്‍കുവാനുമായിരുന്നു ഈ ലോകത്തിലേക്ക് വന്നത്. (മത്തായി 20 : 28 ; RegNB  4 :6). ഒരു പക്ഷേ ഇത് ഇന്ന് വായിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ മുസ്ലിംകള്‍ക്ക് അടിമകളായി കഴിയാനാണോ ഫ്രാന്‍സിസ് പറഞ്ഞതെന്ന് നാം അതിശയിച്ചു പോകും. അന്ന ത്തെക്കാലത്തെ നിയമവും രീതികളും അനുസരിച്ചു ഓരോ പ്രദേശം കൈവച്ചിരിക്കുന്നവരാണ് അവിടുത്തെ നിയമവും രീതികളും നിശ്ചയിക്കുന്നത്. ഫ്രാന്‍സിസ് തന്‍റെ ശിഷ്യന്മാരെ അയയ്ക്കുന്നത് സുവിശേഷസാക്ഷികളും ക്രിസ്തുസ്നേഹത്തില്‍ ജീവിക്കാനുമാണ്. എന്നാല്‍ തങ്ങളുടെ ഭരണ കര്‍ത്താക്കള്‍ ഹിംസിക്കുകയാണെങ്കില്‍ കൂടി എതിര്‍ക്കരുതെന്നാണ് ഫ്രാന്‍സിസിന്‍റെ പക്ഷം. ഇതിന്‍റെ അര്‍ഥം ഒന്നാമതായി സഹോദരന്മാര്‍ കുരിശുയുദ്ധക്കാരായി പോകരുതെന്നാണ്. രണ്ടാ മതായി ക്രിസ്ത്യാനികള്‍ എന്ന വ്യക്തിത്വം അവര്‍ കാത്തുസൂക്ഷിക്കണമെന്നുമാണ്. ക്രിസ്ത്യാനികള്‍ സേവകരും കര്‍ത്താവിന്‍റെ എളിമയുടെ അനുകര്‍ത്താക്കളുമാണ്. ഇത് തങ്ങളുടെയും സമൂഹ ത്തിന്‍റെയും മാനസാന്തരത്തിനു കരണമാവുകയാണ്.

എന്തിനാണ് സഹോദരന്മാര്‍ ഇങ്ങനെ ജീവിക്കേണ്ടത് എന്നതിന് ഫ്രാന്‍സിസ് നല്‍കുന്ന ഉത്തരം 'ദൈവത്തെപ്രതി' എന്നാണ്. ഇവര്‍ ദൈവത്തെ പ്രതിയാണ് എല്ലാ മനുഷ്യര്‍ക്കും കീഴ്പ്പെടുകയും തങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്ന് ഏറ്റുപറയുകയും ചെയ്യേണ്ടത്. De Beer എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍റെ നിര്‍വചനത്തില്‍ 'ദൈവത്തെ പ്രതി' എന്നുള്ളത് ഫ്രാന്‍സിസിനു 'ദൈവാരാധന' തന്നെയാണ്.  ക്രിസ്ത്യാനികള്‍ മാറ്റിനിര്‍ത്തുന്ന മുസ്ലിംകളുടെ ഇടയില്‍ അവര്‍ക്കു തന്നെ കീഴ്പ്പെട്ടുകൊണ്ടു ജീവിക്കുന്നതിനു  സ്വമേധയാതന്നെ  ഫ്രാന്‍സിസ് എടുത്ത തീരുമാനത്തിന്‍റെ ചേതോ വികാരം എന്തായിരിക്കും?  ഇത് ഇസ്ലാം എന്നതിന്‍റെ അര്‍ത്ഥവുമായി ഒരു ആഴത്തിലേക്കുള്ള ബന്ധം തീര്‍ക്കാന്‍ സാധിക്കുന്നുണ്ടോ? ഫ്രാന്‍സിസിന്propter  Deumഎന്നാല്‍ തന്‍റെ എല്ലാ പ്രവൃത്തികളുടെയും ചിന്തയുടെയും പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യ മാണ്. ആരാധനയ്ക്കു കാരണം ദൈവം, ദൈവം ആണ് എന്നതാണ്. ഇങ്ങനെയുള്ള രീതിയില്‍ ഫ്രാന്‍സിസിനു മുസ്ലിം സഹോദരന്മാര്‍ക്ക് സേവനം അനുഷ്ഠിച്ചു കൊണ്ടുള്ള ദൈവാരാധനയാണ്. പക്ഷേ ഫ്രാന്‍സിസിന് നിര്‍ബന്ധം ഉണ്ടായിരുന്നു തങ്ങള്‍ ഇങ്ങനെ വര്‍ത്തിക്കുന്നത് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിന്‍റെ പ്രേരണ ഉള്‍ക്കൊണ്ടു കൊണ്ടാണ്, അല്ലാതെ അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള ഒരു വെറും തന്ത്രം ആയി അല്ല എന്ന്. തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഏറ്റുപറയുന്നത് ഒരിക്കലും ഏതെങ്കിലും രീതിയില്‍ ഇസ്ലാമിനെ അവഹേളിക്കുന്നതല്ല. എന്നാല്‍ De  Beer  ന്‍റെ ഈ വ്യാഖ്യാനം Hoberichts ഫ്രാന്‍സിസിന്‍റെ ദൈവശാസ്ത്രപരമായ ഒരു ദര്‍ശനമായി അംഗീകരിക്കുന്നെങ്കില്‍ കൂടിയും, മുസ്ലിംകളുടെ ഇടയില്‍ ജീവിക്കുന്ന സാഹചര്യവുമായി ഈ വ്യാഖ്യാനം ചേര്‍ന്നുപോകുന്നതല്ല എന്നാണ് പക്ഷം. ഹോപ്ബെറിച്ചഡ്സ്ന്‍റെ ഈ ഭാഗത്തെ വ്യാഖ്യാനം മുസ്ലിംകളുടെ ഇടയില്‍ സഹോദരന്മാര്‍ എളിമ തന്നെയായ  യേശുവിനെ അനുകരിച്ചു ജീവിക്കുക എന്ന പ്രായോഗികതയുമായി ചേര്‍ത്തുവച്ചാണ് വായിക്കുന്നത്. കാരണം ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു, സഹോദരന്മാര്‍ "തര്‍ക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ വ്യാപൃതരാകരുത്, എന്നാല്‍ ദൈവത്തെപ്രതി എല്ലാ മനുഷ്യര്‍ക്കും കീഴ്പ്പെടുകയും എന്നിട്ടു തങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്ന് ഏറ്റുപറയുകയും ചെയ്യുക."

You can share this post!

800 വര്‍ഷങ്ങള്‍

ഡോ. ജെറി ജോസഫ് ഒ. എഫ്. എസ്.
അടുത്ത രചന

ഫ്രാന്‍സിസ്; മതാന്തരസംവാദത്തിന്‍റെ ഉത്തമമാതൃക

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts