news-details
സഞ്ചാരിയുടെ നാൾ വഴി

1
ഞായര്‍

തെരുവുകളെ സ്നേഹസാന്ദ്രമാക്കിയ ആഘോഷം! ആ യാത്രയുടെ പശ്ചാത്തലത്തില്‍ അവന്‍റെ പതിഞ്ഞൊഴുകുന്ന കരുണയുടെയും അനുഭാവത്തിന്‍റെയും മിത്രസങ്കല്പങ്ങള്‍ തെളിഞ്ഞു കത്തുന്നുണ്ട്. ഇതിനകം ഒരു റോമന്‍ അധിനിവേശ ഇടമായി മാറിയ ദേശത്തിലെ അശ്വാരൂഢരുടെ പകിട്ടുകള്‍ക്കിടയിലൂടെയാണ് ഒരു സാധു മൃഗത്തിലേറിയുള്ള അവന്‍റെ സൗമ്യയാത്ര. വൃക്ഷച്ചില്ലകളേന്തി നിസ്സ്വരും നിസ്സഹായരുമായ മനുഷ്യര്‍ നിലവിളികളുമായി അവനോടൊപ്പം ചരിത്രത്തിന്‍റെ പരവതാനിയിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തം മേലങ്കികള്‍ നിലത്ത് വിരിച്ചാണ് അവര്‍ ഈ സാങ്കല്പികപാത തുന്നിയെടുക്കുന്നത്. പാവപ്പെട്ടവരുടെ അക്കാലത്തെ പണയവസ്തുവായിരുന്നു അവരുടെ മേലങ്കി. അത് ഉരിഞ്ഞിട്ടാണ് അവന്‍റെ വഴികളെ അവര്‍ അലങ്കരിച്ചത്. ഞങ്ങളുടെ പ്രാണനു മീതേ അങ്ങ് സഞ്ചരിച്ചെത്തണമേ എന്നൊരു പ്രാര്‍ത്ഥനയാണ് അതില്‍ അടക്കം ചെയ്തിരിക്കുന്നത്. ഓരോരോ കയങ്ങളിലേക്ക് വഴുതിപ്പോയ ഞങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. ഓശാന എന്ന നിലവിളി താനേ രൂപപ്പെടുകയായിരുന്നു. ഞങ്ങളെ രക്ഷിക്കണമേ എന്നാണതിന്‍റെ പൊരുള്‍. ഇപ്പോള്‍ത്തന്നെ എന്ന തിടുക്കത്തിന്‍റെ ധ്വനി കൂടി അതില്‍ മുഴങ്ങുന്നുണ്ട്. ഒരുമാത്രപോലും ഇനി കാത്തിരിക്കാനാവില്ല എന്നൊരു മന്ത്രണവും അതിലുണ്ട്-Save us Lord, now മുങ്ങിത്തുടങ്ങുന്നവരുടെ ആര്‍ത്തനാദമാണത്. ദുഃഖം, ക്ഷോഭം, ആസക്തികള്‍, അനുപാതങ്ങളില്ലാത്ത മമതകള്‍ ഇങ്ങനെയെന്തൊക്കെ കിടങ്ങുകളില്‍ നിന്നാണ് അങ്ങ് കരം നീട്ടി ഞങ്ങളെ രക്ഷിക്കേണ്ടത്.

കരുണയില്‍ ആരംഭിച്ച ഒരു യാത്രയായിരുന്നു അത്. അവസാനിക്കുന്നതും അങ്ങനെതന്നെ. ആള്‍ക്കൂട്ടത്തെ ഉറ്റുനോക്കുമ്പോള്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ചിതറിയവരാണ് അവരെന്നും അവന് അവരോട് അനുകമ്പ തോന്നിയെന്നുമൊക്കെ ഇതരയിടങ്ങളിലും രേഖപ്പെടുത്തുവാന്‍ സുവിശേഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അനുകമ്പയില്‍ ആരംഭിച്ച് അനുകമ്പയില്‍ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകള്‍ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കായി ഒരു കഴുതയെ അഴിച്ചുകൊണ്ടുവരാനാവശ്യപ്പെടുമ്പോള്‍ അതിന്‍റെ കുഞ്ഞിനെ കൂടെ കൂട്ടാന്‍ പറയുന്നതിലെ സെന്‍സിറ്റിവിറ്റി കാണാതെ പോവരുത്. അമ്മയെക്കാണാതെ പരിഭ്രാന്തയാവുന്ന ഒരു കുഞ്ഞിന്‍റെ സ്മൃതി അയാളുടെ തലച്ചോറിലും ആഴത്തില്‍ ജീവിതം കോറിയിട്ടിട്ടുണ്ട്. യാത്രയുടെ അവസാനം കുന്നിന്‍മുകളില്‍ നിന്ന് നഗരത്തെ നോക്കിയുള്ള ദുഃഖത്തിലായിരുന്നു: ജറുസലേം, ജറുസലേം തള്ളപ്പക്ഷി തന്‍റെ കുഞ്ഞുങ്ങളെ ചിറകോടണച്ച് ചേര്‍ത്ത് സംരക്ഷിക്കുന്നതുപോലെ എത്ര അഗാധമായി നിന്നെ പുണരാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. ആരവങ്ങളിലല്ല അനുകമ്പയിലാണ് ഓശാന പ്രദക്ഷിണത്തിന്‍റെ സത്ത മയങ്ങുന്നതെന്ന് സാരം.

കുട്ടികളോട് ഓശാന പ്രഭാഷണം നടത്തുമ്പോള്‍, എന്തുകൊണ്ട് കഴുതപ്പുറത്ത് എന്ന് ആരായുമ്പോള്‍ ലഭിച്ച ഉത്തരത്തില്‍ എന്തോ ചില ഭംഗികളുണ്ടെന്ന് തോന്നി. ആ ദേശത്തിന്‍റെ രീതിയനുസരിച്ച് ഒട്ടകമാവാമായിരുന്നു. അപ്പോള്‍ നമ്മുടെ അടക്കിയ നിലവിളികള്‍ കേള്‍ക്കാനാവാത്ത വിധത്തില്‍ അവിടുന്ന് ഒത്തിരി ഉയരത്തിലായേനേ. കുതിരയ്ക്കുമുണ്ട് ഈ പ്രശ്നം. നമ്മളെ ശ്രദ്ധിക്കാനാവാത്ത വിധത്തില്‍ ഞൊടിയിടകൊണ്ട് കാതങ്ങള്‍ താണ്ടി നമ്മുടെ ദുഃഖങ്ങളില്‍ നിന്ന് അകന്നുപോയേനേ. ഈ സാധുമൃഗമാവട്ടെ നമുക്കിണങ്ങിയ വേഗത്തില്‍ നമ്മളോടൊപ്പം സദാ ഉണ്ടായിരിക്കും. രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് ഇപ്പുറത്തും അവിടുന്നിങ്ങനെ നമുക്കിടയില്‍ നമ്മളോടൊപ്പം മെല്ലെ നടക്കുന്നതിന്‍റെ ഹര്‍ഷം ചിതറി കൂടെയുണ്ടെന്നുള്ളത് എന്തൊരു ആശ്വാസമാണ്.

2
വ്യാഴം

"അനന്തരം അവന്‍ അപ്പമെടുത്ത് വാഴ്ത്തി അരുള്‍ ചെയ്തു: ഇതെന്‍റെ ശരീരമാണ്. എടുത്തുകൊള്ളുക" (മത്തായി 26:26).

ഒരു പ്രണയത്തിന്‍റെ പ്രാരംഭകാലത്തുതന്നെ അവളുടെ ഉടലില്‍ അവന്‍റെ കൗതുകങ്ങള്‍ കുരുങ്ങി. കുറച്ചുകാലമായി സുവിശേഷത്തിലെ അളവുകളായിരുന്നു അവളുടെ ഏകകം. യേശുവിന് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് അവളതില്‍ തിരഞ്ഞത്. അങ്ങനെയാണ് ശരീരം ഏറ്റവും ഒടുവിലേയ്ക്ക് വേണ്ടി കരുതിവച്ച ഉപഹാരമാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ മടങ്ങിപ്പോകുന്നതിന്‍റെ പതിനെട്ട് മണിക്കൂര്‍ മുമ്പ്! ഒരു വെള്ളിയാഴ്ച മൂന്ന് മണിക്കാണ് അവന്‍ മരിച്ചതെങ്കില്‍ തലേന്ന് സന്ധ്യയ്ക്കായിരുന്നു ആ പെസഹാ അത്താഴം.

ശരീരത്തിനുവേണ്ടി തങ്ങളുടെ ബന്ധം ഇനിയും പാകപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് അവളുടെ മിഴികള്‍ സജലമായി. ഉത്തമഗീതത്തില്‍ നിന്ന് ആരോ പാടുന്നുണ്ട്: സമയമാകുന്നതിന് മുന്‍പ് എന്‍റെ പ്രേമത്തെ നീയുണര്‍ത്തരുതേ. ഉടലിന്‍റെ ഭംഗിയില്‍ ഭ്രമിച്ച് അതിനെ വലം ചുറ്റി ഒടുവില്‍ അതിനപ്പുറത്തേക്ക് പോകാനാകാതെ കുഴഞ്ഞുനിന്ന എല്ലാ ബന്ധങ്ങളെയും വിചാരണ ചെയ്യുന്നുണ്ട് അവന്‍റെ പ്രകാശമുള്ള മൊഴികള്‍.

ശരീരത്തിന്‍റെ നാഴിയില്‍ ഒതുങ്ങാത്ത എന്തോ ഒന്ന് പൊങ്കല്‍കുടത്തിലെന്നപോലെ പതഞ്ഞുകവിയുന്നുണ്ട്. അതിന്‍റെ അഭാവത്തില്‍ രതി കേവലം കായികചര്യയാവുന്നു. പെസഹാ മേശയിലെന്നതുപോലെ ശയ്യാഗൃഹത്തിന്‍റെ ജാലകങ്ങളില്‍ മെഴുകുതിരികളാളുന്നില്ല. അവര്‍ക്ക് മീതെ ആദരവിന്‍റെ ഇളങ്കാറ്റ് വീശുന്നില്ല.

അപ്പം അവന്‍റെ കാലത്തിന് മുമ്പേ തന്നെ പല സംസ്കാരങ്ങളിലും ശരീരത്തിന്‍റെ ധ്വനികള്‍ ഉയര്‍ത്തിയിരുന്നു. അവരുടെ പദസമ്പത്തില്‍ ഉര്‍വ്വരതയെ സൂചിപ്പിക്കുവാന്‍ അത് ധാരാളമായി ഉപയോഗിച്ചിരുന്നു. പുരാതന റോമിന്‍റെ ഉത്സവദിനങ്ങളില്‍ വിളമ്പിയിരുന്ന രുചികരമായ ഒരു പേസ്റ്റ്റിപ്ലാസന്‍റെ - മറുപിള്ള എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദം കൊണ്ടാണ് വിളിച്ചിരുന്നത്. പുളിമാവിന് അമ്മയെന്ന് അര്‍ത്ഥമുള്ളmadre എന്ന വിശേഷണം കൂടിയുണ്ട് സ്പാനിഷ് ഭാഷയില്‍. ഇപ്പോഴും "A bun in the oven'അവളുടെ ഗര്‍ഭകാലത്തെ സൂചിപ്പിക്കുവാനുള്ള ഒരു ശൈലിയാണ്.

കെട്ടുപോയ ശരീരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വേദപുസ്തകം ആരംഭിക്കുന്നത്.  അത് വെളിപാടില്‍ അവസാനിക്കുമ്പോള്‍ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയെക്കുറിച്ചാണ് പറയുന്നത്. പ്രകാശമുള്ള ശരീരബോധത്തിലേയ്ക്ക് ഇനിയും സഞ്ചാരം ആരംഭിക്കാവുന്നതേയുള്ളു. ഘടികാരത്തില്‍ സമയം അടക്കം ചെയ്തിട്ടില്ലെങ്കിലും അതിന്‍റെ മിടിപ്പുകള്‍കൊണ്ട് സമയത്തെ അടയാളപ്പെടുത്തുന്നതുപോലെ ഉടലില്‍ സ്നേഹമില്ലെന്നും എന്നാല്‍ അതിന്‍റെ സ്പന്ദനങ്ങള്‍കൊണ്ട് സ്നേഹത്തെ അളക്കാനാവുമെന്നുമുള്ള അര്‍ത്ഥത്തില്‍ യഹൂദി അമിച്ചായുടെ ഒരു കവിത ഓര്‍ക്കുന്നുണ്ട്.

വാഴ്ത്തിയ ശരീരബോധത്തിന്‍റെ ധ്വനികള്‍കൊണ്ട് ഈ അത്താഴം എത്ര സ്നേഹസാന്ദ്രമാവുന്നു.

****

""Happiness is holding someone in your arms and knowing you hold the whole world'' - Orhan Pamuk/Snow
യേശു സ്നേഹിച്ചിരുന്ന ഒരാള്‍ അവന്‍റെ വക്ഷസ്സിനോട് ചേര്‍ന്നുകിടന്നു.

പേരു പറയാന്‍ താല്പര്യപ്പെടാത്ത ആ ഒരാള്‍ അതു കുറിച്ചിട്ട യോഹന്നാന്‍ തന്നെയാണെന്നാണ് പാരമ്പര്യം പറയുന്നത്. അവിടെ മാത്രമല്ല, യേശുവിന്‍റെ കഥയെഴുതുമ്പോള്‍ ഒരിടത്തുപോലും പരാമര്‍ശിക്കാതെ ആ പേരിനെ അയാള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതാണ്. എന്നിട്ടും അനാമികയെന്ന ഭാരതീയ നാമംപോലെ അതില്‍ അഴകിന്‍റെ ഒരു തിരി തെളിഞ്ഞു കത്തുന്നുണ്ട്.

അല്ലെങ്കില്‍ത്തന്നെ ഒരാള്‍ക്ക് മേനി പറയാന്‍ മറ്റെന്തുണ്ട്? അഗാധമായി സ്നേഹിക്കപ്പെട്ടു എന്നൊരു ധൈര്യമല്ലാതെ വാഴ്വില്‍ ഒരാള്‍ക്ക് മറ്റെന്ത് മൂലധനമാണുള്ളത്!

പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നാണ്. ഫ്രാന്‍സിസ് എന്ന ഒരു ചെറുപ്പക്കാരനെ കുറെപ്പേര്‍ വളഞ്ഞുചുറ്റി ആക്രമിച്ചു. അയാളുടെ നീക്കങ്ങളും ചേഷ്ടകളും അവരില്‍ ചില അനിഷ്ടങ്ങള്‍ തീര്‍ത്തിരുന്നു. ആരാണയാള്‍ എന്നാണ് അവര്‍ അതിനിടയിലും ആരാഞ്ഞത്.Herald of the most highഎന്നാണ് അയാള്‍ അപ്പോഴും മറുപടി പറയുന്നത്. 'അത്യുന്നതന്‍റെ കുഴലൂത്തുകാരന്‍' എന്നല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് അയാള്‍ അഭിമാനിക്കേണ്ടത്? The secret of loving is living loved F¶v Marx Lucado യുടെ കണ്ടെത്തലുണ്ട്.

പന്ത്രണ്ടുപേരില്‍ അയാള്‍ ഏറ്റവും ചെറുപ്പമാണെന്നാണ് കരുതുന്നത്. എന്നാല്‍, ബാക്കിയുള്ളവരുമൊക്കെ ഇളമുറക്കാരാണ്. അതങ്ങനെയല്ലെന്നൊരു തോന്നല്‍ ചിത്രകാരന്മാര്‍ സൃഷ്ടിച്ചെടുത്തതാണ്. മധ്യവയസ്കരായ കുറെപ്പേരെ അവനോടൊപ്പം ശിഷ്യരായി ചേര്‍ത്ത് വരയ്ക്കാനാണ് എല്ലാ വിശ്വോത്തര ചിത്രകാരന്മാരും ശ്രദ്ധിച്ചിരുന്നത്. പതിനഞ്ചിനും ഇരുപത്തിയൊന്നിനുമിടയില്‍പ്പെടുന്ന ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അവന്‍റെ ശിഷ്യസമൂഹം. സ്നാപകയോഹന്നാന്‍ കണ്ടെത്തിയതുപോലെ, അവന്‍റെ കയ്യില്‍ ഒരദൃശ്യ വീശുമുറമുണ്ടായിരുന്നു. യൗവനത്തിന്‍റെ ഉള്ളിനെ കനലിനെ ആളിക്കത്തിക്കുവാന്‍ അത് ധാരാളം മതിയായിരുന്നു. യുവാക്കളുടെ ഒരു സംഘമായി ശിഷ്യസമൂഹത്തെ മനസ്സിലാക്കുമ്പോള്‍ സുവിശേഷത്തിലെ പല പദങ്ങള്‍ക്കും പുതിയ ഒരു ഭംഗിയുണ്ടാകുന്നു. 'കുഞ്ഞുങ്ങളേ', എന്ന അവന്‍റെ വിളി Boys എന്ന് തിരുത്തി നോക്കൂ; 'ഗുരോ' എന്ന വിളി Master എന്നും. ഇരിപ്പിടങ്ങള്‍ക്കു വേണ്ടി പിടിവാശി പറയുകയും അമ്മയെ വിളിച്ചുകൊണ്ടുവന്ന് ശുപാര്‍ശകള്‍ ചോദിപ്പിക്കുകയും ഒക്കെ ചെയ്യുന്നവര്‍ മധ്യവയസ്സിന്‍റെ സങ്കല്പവുമായി സിങ്ക് ചെയ്യില്ലെന്ന് ഒന്നോര്‍ത്താല്‍ സ്വയം ബോധ്യപ്പെടാവുന്നതേയുള്ളു. അവന്‍റെ കാലത്തെ രീതിയനുസരിച്ച് അവരുടെ യൗവ്വനം ഇങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്.
പന്ത്രണ്ടും പിന്നെ ഒരെഴുപതും ചേര്‍ന്ന ഒരു ശിഷ്യഗണത്തെക്കുറിച്ചാണ് സുവിശേഷം പറയുന്നത്. ഒരു ചെറിയ ഗ്രാമത്തില്‍ മധ്യവയസ്കരായ കുറഞ്ഞത് എണ്‍പത്തി രുണ്ടുപേര്‍ തൊഴിലും കുടുംബവുമൊക്കെ ഉപേക്ഷിച്ച് മൂന്ന് വര്‍ഷക്കാലം അലഞ്ഞു എന്നുള്ളത് എത്ര ശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കണം. അതങ്ങനെയാകാന്‍ തരമില്ലാത്തതുകൊണ്ടുതന്നെ ഈ കുഞ്ഞുണ്ണിമാഷു കുട്യോളും എന്നൊക്കെ പറയുന്ന മാതിരി യേശുവും പിള്ളേരും എന്നൊക്കെ വായിച്ചു തുടങ്ങുമ്പോള്‍ സുവിശേഷത്തില്‍ നിന്ന് കുറേക്കൂടി സന്തോഷം ചിതറുന്നില്ലേ?

സ്നേഹത്തിന്‍റെ ചില അടിസ്ഥാനപാഠങ്ങളിലേക്ക് പ്രവേശിക്കുകയാണ് കൂട്ടത്തിലെ ആ ചെറിയ കുട്ടി. അവനോട് ചേര്‍ന്നിരിക്കുമ്പോള്‍ അതൊരു പുരുഷന്‍റെ നെഞ്ചാണെന്നുപോലും തോന്നുന്നില്ല. മാറ് എന്ന പദമാണ് ഉപയോഗിക്കുന്നത്. ശിരസ്സിനെ ഹൃദയത്തിന് കീഴ്പ്പെടുത്തി ശുദ്ധസ്നേഹത്തിന്‍റെ സ്തന്യം കുടിക്കുകയാണ് അവന് പ്രിയപ്പെട്ടൊരാള്‍.

(അവലംബം: How old were Christ’s disciples’/Otis Cary and Frank Cary)

3
വെള്ളി

""Pain is inevitable, suffering is optional.''
Gautama Budha

ചൂളയില്‍ ശുദ്ധീകരിക്കപ്പെടുന്ന ലോഹംപോലെയാണ് നരജീവിതമെന്ന് വേദപുസ്തകത്തിന്‍റെ ഒരു അടിസ്ഥാനവിചാരമുണ്ട്. തീയാളുന്നതനുസരിച്ച് അതിന്‍റെ അഴുക്കുകളെല്ലാം മെല്ലെ പതയുന്നു. അതു വെട്ടിമാറ്റുകയാണ് - skim ആദ്യഘട്ടം. തിളച്ചുമറിയുന്ന ലോഹലായനിയില്‍ ഉറ്റുനോക്കുന്ന മൂശാരിയുടെ മുഖം അതില്‍ തെളിയുന്നതാണ് ആത്യന്തികമായ ഗുണപരിശോധന.

യേശുവിന്‍റെ കാര്യത്തില്‍ ആ ഒടുവില്‍ പറഞ്ഞത് അച്ചട്ടാണെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ അവന്‍റെ വധത്തിന് മേല്‍നോട്ടം വഹിച്ച മനുഷ്യന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞത്: 'സത്യമായിട്ടും ഇവന്‍ ദൈവമകനാണ്'. ഒട്ടനവധി മനുഷ്യരുടെ മരണത്തിന് സാക്ഷിയായിട്ടുണ്ടാവണം അയാള്‍. അവരില്‍ നിന്ന് ഇയാളെ വേര്‍തിരിക്കുന്ന അംശമെന്തായിരിക്കണം? ഏതാനും മണിക്കൂറുകളായി അയാള്‍ അവനെ അടുത്തു നിരീക്ഷിക്കുന്നുണ്ട്. തന്‍റെ ദുരനുഭവങ്ങളോട് അവന്‍ പുലര്‍ത്തുന്ന കുലീനത അയാളെ തൊട്ടു. 'മുറിക്കുള്ളില്‍ മന്ത്രിക്കുന്നത് പുരമുകളില്‍ നിന്നു ഘോഷിക്കപ്പെടും' എന്ന് യേശുമൊഴിയുണ്ട്. ദേശത്തിന്‍റെ മേല്‍ക്കൂരയാണ് മലകള്‍. തന്നോടുതന്നെ മന്ത്രിച്ച കാര്യങ്ങള്‍ അയാള്‍ക്കിനി ഉറക്കെ പറഞ്ഞേതീരൂ. യഹൂദവിശ്വാസത്തിനു പുറത്തുള്ള ഒരാളെന്ന നിലയില്‍ മിശിഹാസങ്കല്പങ്ങളോട് അയാള്‍ക്കൊരു പരിചയവുമില്ല. അതുകൊണ്ടുതന്നെ, അതൊരു വിശ്വാസത്തിന്‍റെ വാഴ്ത്താവണമെന്നില്ല. മനുഷ്യാതീതമായ ചില ആഭിമുഖ്യങ്ങള്‍ അവന്‍റെ വാടകവീട്ടില്‍ ഇപ്പോഴും പാര്‍ക്കുന്നുണ്ടല്ലോ എന്ന വിസ്മയമാണ് മറനീക്കി വന്നത്. സഹനകാലങ്ങളില്‍ ഒരാള്‍ പുലര്‍ത്തുന്ന നിര്‍മമതയാണ് സ്വന്തം ദൈവോന്മുഖതയെ അടയാളപ്പെടുത്താനുള്ള ഒരേയൊരു ഏകകമെന്നു തോന്നുന്നു. എന്തിനു സഹിക്കുന്നുവെന്ന ചോദ്യത്തിന് കാര്യമായ ഉത്തരം തരാതെ അവന്‍ കടന്നുപോയി. എന്നാല്‍, എങ്ങനെ സഹിക്കണമെന്നതിന് ഭാസുരമായൊരു മാതൃക രൂപപ്പെട്ടു.

ആത്മനിന്ദയില്ലാതെ, സഹനത്തിന് നിമിത്തമോ കാരണമോ ആയ മനുഷ്യരോട് പകയോ പരാതിയോ ഇല്ലാതെ, ചില തര്‍ക്കങ്ങളുണ്ടെങ്കിലും ആ പരാശക്തിയോട് നിലനില്‍ക്കുന്ന പരിഭവമോ അകലമോ ഇല്ലാതെ കുലീനമായി ഒരാള്‍ക്ക് അരങ്ങുവിടാമെന്നുള്ള മാതൃക. അല്‍ഫോന്‍സാ മാമ്പഴംപോലെ, വേനല്‍ കടുക്കുന്നതനുസരിച്ച് ചില മനുഷ്യര്‍ പിന്നെയും മധുരിക്കുകയാണ്. പോപ് ബെനഡിക്റ്റ് എഴുതിയതുപോലെ, സഹനത്തിനും അഴകിനും ഇടയില്‍ എന്തോ ചിലത് പൊതുവായിട്ടുണ്ട്. രണ്ടും നമ്മളെ കരയിപ്പിക്കുന്നു. രണ്ടിലും പരിഹരിക്കപ്പെടാത്ത നിഗൂഢതകളുണ്ട്. ബുദ്ധ പറഞ്ഞതാണ് ശരി, വേദന ഒഴിവാക്കാനാവില്ല, എന്നാല്‍ സഹനത്തെ വേദനയില്ലാതെ അഭിമുഖീകരിക്കാനായെന്നിരിക്കും. ആ അര്‍ത്ഥത്തില്‍ ചിലപ്പോളതിന് സഹനമെന്ന വിശേഷണംപോലും ചേരില്ല. മറിച്ച്, യേശു ഭാഷ്യത്തിലെ കനല്‍കൊണ്ടുള്ള സ്നാനവുമാകാം.

അപ്പന്‍ കുഞ്ഞുങ്ങളെ ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. മൂന്നു മണ്‍കുടത്തില്‍ തീ കത്തിച്ച് മൂന്നിലും ഓരോരോ കാര്യങ്ങള്‍ നിക്ഷേപിച്ചു; ഉരുളക്കിഴങ്ങ്, കോഴിമുട്ട, കാപ്പിക്കുരുക്കള്‍. പിന്നീട് ഓരോന്നായി പുറത്തെടുത്തു. ആദ്യത്തേത് മൃദുവായിട്ടുണ്ട്. സഹനാനന്തരം ചില മനുഷ്യര്‍ അങ്ങനെയാണ്; കുറേക്കൂടി ഹൃദയാലുക്കളാവുന്നു. രണ്ടാമത്തേത് കട്ടിയായി. അങ്ങനെയും ഒരു സാധ്യതയുണ്ട്. കാപ്പിക്കുരു മാത്രം എത്ര ഇളക്കിയിട്ടും കിട്ടുന്നില്ല. എന്നാല്‍, തിളച്ചു മറിയുന്ന വെള്ളം പൊന്‍നിറമായിട്ടുണ്ട്. അസാധാരണമായ അരോമ കൊണ്ട് മുറി നിറഞ്ഞു. 'അവിടെയാണ് സഹനത്തിന്‍റെ സാകല്യം'. അയാള്‍ മക്കളോട് മന്ത്രിച്ചു.

4
വീണ്ടും ഞായര്‍

സുവിശേഷത്തിന്‍റെ നീര്‍പ്രവാഹത്തില്‍ നിറയെ മീനുകള്‍ പാര്‍ക്കുന്നുണ്ട്. ഉപജീവനത്തിനുള്ള തൊഴിലോ അത്താഴത്തിന് ഉപദംശമായോ മാത്രം മീനെ കരുതരുത്. സ്വപ്നങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ രാക്കിനാവുകളില്‍ നിറയെ ആവര്‍ത്തിക്കപ്പെടുന്ന ഒന്നായാണ് മീനുകളെ എണ്ണുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കുട്ടികളെന്ന നിലയില്‍ ഞങ്ങള്‍ കണ്ട സ്വപ്നം അതായിരുന്നു. പഠിച്ച പള്ളിക്കൂടത്തില്‍ നിന്നു നോക്കിയാല്‍ കടലുകാണാമായിരുന്നു. ഒരിത്തിരി സമയം കിട്ടിയാല്‍ കടപ്പുറത്തേക്കു പോകും. വലിയൊരു മീനെ പിടിച്ചുകൊണ്ടുവരുന്നത് സങ്കല്പിച്ച് ആ പൊരിമണലില്‍ ഇരിക്കും.

മനുഷ്യന്‍ ഏര്‍പ്പെടുന്ന അഗാധമായ ചില അന്വേഷണങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് മത്സ്യബന്ധനമെന്നു തോന്നുന്നു. ഈ അപാരസാഗരത്തില്‍ നമ്മളെറിയുന്ന ഒരു ചെറിയ വലയില്‍ മീന്‍ കുരുങ്ങുന്നത് അത്ര സരളമായി അനുഭവപ്പെടുന്നുണ്ടോ? ചിലപ്പോള്‍ തോന്നുന്നു, ഒരു ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതിനേക്കാള്‍ അത്ഭുതകരമായി മറ്റൊന്നില്ലെന്ന്. പുഴയില്‍ പട്ടിണിയായതുകൊണ്ടാണോ നിങ്ങള്‍ കാട്ടി പ്രലോഭിപ്പിക്കുന്ന ഞാഞ്ഞൂലിലേക്ക് ഒരു മീനെത്തുന്നത്? നിശ്ചയമായും അല്ല. പ്രകൃതി ഒരു അനുഭാവം കാട്ടുന്നു എന്നു മാത്രം കരുതിയാല്‍ മതി.

എത്ര വലയെറിഞ്ഞിട്ടും ഒരു ചെറുമീന്‍പോലും കുരുങ്ങാതെ ഹൃദയം നുറുങ്ങിനില്‍ക്കുന്ന കുറെ മുക്കുവര്‍. അവര്‍ നമ്മള്‍ തന്നെയാണ്. അവരോടാണ് ആഴത്തില്‍ വലയെറിയുവാന്‍ അവിടുന്ന് അനുശാസിക്കുന്നത്. എന്തൊരു ജീവിതമാണ്! ആകെപ്പാടെ നടന്നുകൊണ്ടിരിക്കുന്നത് സൗകര്യങ്ങളെ അപ്ഗ്രേഡ് ചെയ്യുക എന്നതു മാത്രം. മതില്‍ കുറച്ചുകൂടി ഉയര്‍ത്തി കെട്ടുക, മുറ്റം ടൈല്‍ പാകുക, കാറു മാറ്റി വാങ്ങുക - ഇത്രയൊക്കെയേ ഉള്ളോ ജീവിതം?  ജനിച്ചു, ജീവിച്ചു, മരിച്ചു എന്നു മാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന ഒറ്റ വരിയില്‍ തീരുന്ന ജീവിതരേഖ. കൊച്ചുബാവ കണ്ണിറുക്കി ചോദിക്കുന്നതുപോലെ, നീ ചെയ്ത അത്ഭുതമെന്താണ്? ആഹാ! വേരുകളുടെ ഭാഗ്യമില്ലാത്ത എന്‍റെ ഉപരിതലജീവിതമേ!

ആഴം ആഴത്തെ വിളിക്കുന്നു എന്നൊരു സങ്കീര്‍ത്തനമുണ്ട്. തീരത്ത് വലയെറിഞ്ഞാലും അത്താഴപ്പട്ടിണിയില്ലാതെ ഒരു പക്ഷേ, ജീവിക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാലും, മുക്കുവനെ മോഹിപ്പിക്കുന്നത് ആഴക്കടലാണ്. മത്സ്യബന്ധനത്തിന് ഗ്രീക്ക് ഭാഷയില്‍ ഉപയോഗിച്ചിരുന്ന Kalchalnഎന്ന പദത്തിന് മറ്റൊരു സൂചന കൂടിയുണ്ട് - ഗൗരവമായ ചിന്തയില്‍ ഏര്‍പ്പെടുക. അവനവന്‍റെ തന്നെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്ന ആ പ്രക്രിയയെ ധ്യാനമെന്ന് അടയാളപ്പെടുത്താവുന്നതാണ്.

അയാള്‍ ഇപ്പോഴും കടല്‍ക്കരയിലുണ്ട്; വിളക്കുമരം പോലെ. കടലില്‍പ്പെട്ടവര്‍ക്ക് വെളിച്ചം നല്‍കുകയല്ല അതിന്‍റെ പ്രാഥമികധര്‍മ്മം. മറിച്ച്, എത്ര നോട്ടിക്കല്‍ മൈല്‍ നമ്മള്‍ കരയില്‍ നിന്ന് അകന്നുപോയി എന്നതിന്‍റെ കണക്കെടുപ്പാണത്.

"എത്ര തുഴഞ്ഞാലാണ് തഥാഗതരുടെ പാദപത്മങ്ങളില്‍ അണയാനാവുക" എന്ന അടക്കിപ്പിടിച്ച നിലവിളിയോടു കൂടെ.

You can share this post!

ടണല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

ബ്രദര്‍ ജൂണിപ്പര്‍

ബോബി ജോസ് കട്ടികാട്
Related Posts