news-details
സഞ്ചാരിയുടെ നാൾ വഴി

സ്നേഹത്തില്‍, സമ്മാനം ഒരു രഹസ്യമാണ്. നിര്‍ണ്ണായകമായ യുദ്ധമുഖങ്ങളില്‍ കൗശലക്കാരനായ ഒരു ഒറ്റുകാര്‍ കൈമാറുന്ന നിഗൂഢ അടയാളങ്ങളെക്കാള്‍ അഗാധവും സങ്കീര്‍ണ്ണവുമാണ് അതിലടക്കം ചെയ്തിട്ടുള്ള അര്‍ത്ഥധ്വനികള്‍. മദ്ധ്യവയസ്സില്‍ എത്തിയ ഒരുവള്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കു കൈയെത്താനാവാത്ത, മുതിര്‍ന്നവര്‍ക്ക് മനസ്സെത്താനാവാത്ത ഉയരത്തില്‍ ഒരു ചെറിയ പാവക്കുട്ടിയെ ഒളിപ്പിച്ചിരിക്കുന്നത് നോക്കൂ. ശംഖില്‍നിന്ന് കരലിരമ്പുന്നതുപോലെ അതില്‍നിന്ന് ഒരു പ്രണയകാലമിരമ്പുന്നു. ഒരു ചെറിയ പെണ്‍കുട്ടിക്ക് പാവ കിട്ടുന്നതുപോലെയല്ല, മുതിര്‍ന്ന ഒരാള്‍ക്ക് അത് ഒരു പ്രണയോപഹാരമായി ലഭിക്കുന്നത്. അവളിലെ അമ്മയെയാണ് അങ്ങാടിയുടെ കണക്കില്‍ തീരെ വിലയില്ലാത്തൊരു കളിപ്പാട്ടം കൊണ്ടയാള്‍ തൊട്ടത്. മനസ്സ് ചുരന്നോളം ഒരാളുടെയും മാറു ചുരന്നിട്ടില്ല. ഇന്നോളം നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ.

ആ നിഗൂഢലിപി വായിച്ചെടുക്കാനാവാത്ത ഒരിടത്തില്‍ നിങ്ങളുടെ സമ്മാനം പട്ടാഭിരാമന്‍റെ മകളുടെ കല്യാണത്തിന് പന്തല്‍ മാറിയെത്തിയ നേഴ്സറി ടീച്ചറെപ്പോലെ, നിറം മങ്ങിയ വോയില്‍ സാരിയൊക്കെ ചുറ്റി വല്ലാതെ പകച്ച് നില്ക്കുന്നു. അതുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീറിന് ഇങ്ങനെ പതം പറയേണ്ടി വന്നത്: ഞാന്‍ തന്ന ആ പൂവ് നീയെന്തു ചെയ്തു? കളഞ്ഞു - കഷ്ടം. അതെന്‍റെ ഹൃദയമായിരുന്നു. പന്നിക്കുട്ടന്മാര്‍ തെല്ല് പിണങ്ങിയാലും കുഴപ്പമില്ല - നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്കിട്ടുകൊടുക്കരുതെന്ന് ഒരു ക്രിസ്തു മൊഴിയുണ്ട്. ഹൃദയത്തില്‍ ഈര്‍പ്പമില്ലാത്തവര്‍ - ഇന്‍സെന്‍സിറ്റീവ് - എന്നൊക്കെയായിരിക്കാമതിന്‍റെ സൂചന. ദീര്‍ഘയാത്രയ്ക്ക് ശേഷം തന്‍റെ പ്രിയതമയ്ക്ക് വേണ്ടി കൊണ്ടുവന്ന അതിവിശിഷ്ടമായ ഒരു പഴം, കുലിനമല്ലാത്ത കാരണങ്ങളുടെ പേരില്‍ കൈമാറി തീരെ പ്രതീക്ഷിക്കാത്തൊരാളുടെ കൈവശം കണ്ട നടുക്കത്തില്‍നിന്ന് ഒരു കവിതപോലും ഉണ്ടായിട്ടുള്ള നാടാണിത്. ഭര്‍തൃഹരിയുടെ വൈരാഗ്യശതകമാണത്.

കുറെക്കാലമായി ഞാന്‍ ജെര്‍ളിചേട്ടനെ കാണുന്നു. അക്ഷരാര്‍ത്ഥത്തില്‍ നൂറുകണക്കിന് ശിഷ്യന്മാരുള്ള ഒരാള്‍. മിക്കവാറും ദിനങ്ങളില്‍ അവരുടെ ജീവിതത്തിലെ പല മംഗളമുഹൂര്‍ത്തങ്ങള്‍ ഉണ്ടാവും. നല്ലതുപോലെ അലഞ്ഞും തിരഞ്ഞും എത്ര ശ്രദ്ധയോടെ കണ്ടെത്തിയ പുസ്തകങ്ങളാണ് അവര്‍ക്ക് അദ്ദേഹം സമ്മാനമായി നല്‍കുന്നത്. സ്വര്‍ണ്ണമോതിരങ്ങള്‍ക്കും, ഗിഫ്ട് വൗച്ചറുകള്‍ക്കും, സ്റ്റീല്‍പാത്രങ്ങള്‍ക്കും, ക്രോക്കറികള്‍ക്കുമിടയില്‍ ആ പുസ്തകങ്ങള്‍ കുഴഞ്ഞുമറിഞ്ഞിട്ടുണ്ടാവുമോ. അല്ലെങ്കില്‍ സാമാന്യം മിനുങ്ങി നില്ക്കുന്ന ഒരാള്‍ ഓ, പൊത്തകമെന്ന് നീട്ടി പറഞ്ഞിട്ടുണ്ടാവുമോ. സ്നേഹത്തിന്‍റെ നടപ്പാതകളില്‍ വിരിഞ്ഞ ഇത്തിരിപ്പൂക്കള്‍ക്ക് സോളമന്‍റെ ഉത്തരീയങ്ങളെക്കാള്‍ ആഴകുണ്ടെന്ന് ആ മരപ്പണിക്കാരന്‍ വിളിച്ചുപറയുന്നത് ഉപഹാരവിചാരങ്ങളില്‍ അടിസ്ഥാന പാഠമാണ്. നേരുള്ളയൊരാളാണ് അയാള്‍ - ലൂയിസ് മൗണ്ട് ബാറ്റണ്‍ പ്രഭു. തന്‍റെ അനന്തരവന്‍റെ, പിന്നീട് രാജ്ഞിയായി മാറേണ്ട എലിസബത്തുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ത്തന്നെ ഗാന്ധിയോട് പറഞ്ഞു: അവര്‍ക്കൊരു സമ്മാനമയയ്ക്കാന്‍ അങ്ങേയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഗാന്ധി അമ്പരന്നു. എന്നെപ്പോലെ ദരിദ്രനായ ഒരാളില്‍നിന്ന് അങ്ങെന്താണ് ആഗ്രഹിക്കുന്നത്? ചര്‍ക്കയുണ്ടല്ലോ, അങ്ങ് അവര്‍ക്കുവേണ്ടി ഒരു തൂവാല തുന്നുക. അത് ബ്രിട്ടനിലേക്ക് അയച്ചുകൊടുക്കുമ്പോള്‍ പ്രഭു ഒരു കുറിപ്പ് കൂടെ വെച്ചു. ഏറ്റവും വിലപിടിപ്പുള്ള വജ്രങ്ങളോടൊപ്പം ഇത് സൂക്ഷിച്ചു വയ്ക്കണം. കാരണം ബ്രിട്ടീഷുകാര്‍ സ്നേഹിതരായി വേണം ഇവിടെനിന്ന് പിരിയേണ്ടത്. ചെവിട്ടോര്‍മ്മ പറയുന്ന ഒരു സാത്വികനില്‍നിന്നാണത്. കണ്ണടച്ചിരിക്കുമ്പോള്‍ വല്യപ്പച്ചന്‍മാര്‍ വീടിന്‍റെ അരഭിത്തിയില്‍ വന്നിരിക്കുന്നു. ഒരാളുടെ കൈയില്‍ നെയ്യപ്പമുണ്ട്. കയര്‍ ഫാക്ടറി തൊഴിലാളിയാണ്, ശനിയാഴ്ച കൂലി കിട്ടിയിട്ടുണ്ട്. മറ്റയാളുടെ വല്ലത്തില്‍ കുറച്ചരി, കോഴിമുട്ട, വളര്‍ത്താന്‍ പരുവത്തില്‍ ഏതാനും താറാകുഞ്ഞുങ്ങള്‍. അമ്മയുടെ അപ്പനാണ്, കുട്ടനാട്ടില്‍നിന്ന്...

സ്നേഹത്തെക്കുറിച്ച് കേട്ട ഏറ്റവും ലളിതമായ നിര്‍വചനമിതാണ്. ഒരാള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെന്ന നിശ്ശബ്ദ വിളംബരമാണതെന്ന്! ഓര്‍ത്താല്‍ ഏതൊരു സ്നേഹഭാവനയില്‍നിന്നും മുഴങ്ങുന്ന സുവിശേഷമതാണ്. ഗാഢനിദ്രയിലായിരുന്ന പതിനായിരക്കണക്കിന് മനുഷ്യരില്‍നിന്ന് ഒരാള്‍  നിങ്ങളുടെ ജീവിതത്തിലേക്ക് ഉണര്‍ന്നെണീക്കുന്നു. ശ്രീരാമ സ്പര്‍ശമേറ്റ് കല്ലില്‍നിന്ന് ഒരു സ്ത്രീയെഴുന്നേല്‍ക്കുന്നതുപോലെ. ശിഷ്ടജീവിതം അവര്‍ക്ക് ചുറ്റുമുള്ള ഭ്രമണപഥം മാത്രമാകുന്നു. പലരുടെയും ജീവിതത്തിലെ ഉറ്റവര്‍ ശ്വസിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുപോയി. ഒരു വീട്ടുകലഹത്തില്‍പോലും അതു മുഴങ്ങുന്നുണ്ട് - ഞാനൊരാള്‍ ജീവിച്ചിരിക്കുന്നതുപോലും നിങ്ങള്‍ മറന്നുപോയി. സമ്മാനങ്ങള്‍ക്ക് പിന്നിലെ ഫിലോസഫി, അത് സ്വീകരിച്ചാലും കൈമാറിയാലും, അത് മാത്രമാണ് നിങ്ങള്‍ ഇപ്പോഴും എന്‍റെ ജീവിതത്തില്‍ സജീവമാണെന്ന് അടയാളപ്പെടുത്തുക. നിങ്ങളുണ്ട് - പകല്‍ക്കിനാവ് കണ്ടിരിക്കുമ്പോള്‍ അദ്ധ്യാപകന്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഞെട്ടിത്തെറിച്ച് പറയുന്നത്പോലെ - പ്രെസന്‍റ് സര്‍! ഞങ്ങളിവിടെയൊക്കെതന്നെയുണ്ട് സര്‍, എങ്ങും പോയിട്ടില്ല. സമ്മാനത്തിനും സാന്നിദ്ധ്യത്തിനും സായ്പ്പ് ഒരേ പദം ഉപയോഗിക്കുന്നതെന്തിനെന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഒരു ദിവസമൊന്നിരുന്ന് ആലോചിക്കണം. അത് പറയാതെ പിടുത്തം കിട്ടിയ കുട്ടികളാണ് സമ്മാനക്കടയിലെ ജോലിക്കാരെ ഉപ്പാട് വരുത്തുന്നു. എത്ര തിരഞ്ഞിട്ടും തിരക്കീട്ടും അവറ്റയ്ക്ക് മതിയാവുന്നില്ലയെന്ന് അവര്‍ അടക്കം പറയുന്നു. പറഞ്ഞാല്‍ തീരാത്ത സ്നേഹത്തിന്‍റെ അര്‍ത്ഥവിരാമങ്ങളാണവര്‍ക്കുള്ളത്.

ഓരോ സമ്മാനവും, നിങ്ങള്‍ക്കുള്ള ഒരു ക്ഷണവും, പ്രേരണയുമാണ്. ആ അര്‍ത്ഥത്തില്‍ അതിന് ഒരാത്മീയ സ്വഭാവമുണ്ട്. ദരിദ്രയുടെ (Darrida) ഉപഹാരങ്ങളെക്കുറിച്ചുള്ള ചില വീണ്ടുവിചാരങ്ങള്‍  ഡിവൈന്‍ - എക്കോണമിയുമായി ബന്ധപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. ഉപഹാരങ്ങളുടെ ചരിത്രത്തില്‍ ഫ്രാന്‍സില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാലിച്ചിരുന്ന ഒരാചാരം വായിച്ചു. പൊതുവേദിയില്‍ വെച്ച് ഓരോരുത്തരുടെയും ജീവിതത്തിന് നിരക്കുമെന്ന് കരുതിയ കാര്യങ്ങളാണ് കൈമാറിയിരുന്നത്. പോരാട്ടങ്ങളോട് അഭിമുഖ്യമുള്ളയൊരാള്‍ക്ക് വിശേഷപ്പെട്ട ആയുധങ്ങളാണ് സമ്മാനിച്ചത്. ജ്ഞാനോപാസകര്‍ക്ക് ഗ്രന്ഥങ്ങള്‍, അഴകില്‍പെട്ടുപോയ ഒരാള്‍ക്ക് ചമയങ്ങള്‍... അവനവന്‍റെ സാദ്ധ്യതകളുടെ ജാലകങ്ങള്‍ സൗമ്യമായി തുറന്നുതരുന്ന ചില സൂചനകള്‍ കൊണ്ടാണവര്‍ അതിനെ ആചരിച്ചിരുന്നത്. ആദ്യമായി ഒരു പുസ്തകമെഴുതിയപ്പോള്‍ എത്ര ആലോചിച്ചിട്ടാണെന്നോ ഇങ്ങനെ ഒരു വരി എഴുതി തുടങ്ങിയത്: കളിപ്പാട്ടങ്ങളെക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് പിന്നീട് ഉതകുക പുസ്തകങ്ങളായിരിക്കും എന്നു കരുതിയ അച്ചായന്...

ഉജ്വലമുഹൂര്‍ത്തമെന്ന പേരില്‍ വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്. രാമന്‍റെ വനവാസകാലത്തിനിടയിലായിരുന്നുവത്. അത്രിമഹര്‍ഷിയുടെ അതിഥികളായിരുന്ന അവര്‍. പിരിയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ അനസൂയ സീതയ്ക്ക് കൈമാറുന്ന സമ്മാനങ്ങള്‍ അവള്‍ക്കണിഞ്ഞൊരുങ്ങാനുള്ള ചമയങ്ങളായിരുന്നുവെന്ന പുരാവൃത്തത്തെ ആധാരമാക്കിയാണത്. കാട്ടിലൂടെ അലയുന്ന ഒരുവള്‍ക്ക് എന്തിനാണിതൊക്കെ. അവളുടെ ആത്മവിശ്വാസത്തെ നിലനിര്‍ത്താനും പ്രണയത്തെ ഉജ്ജ്വലിപ്പിക്കാനും ഈ കുറികൂട്ടുകളും അംഗരാഗങ്ങളും സഹായിക്കുമെന്ന് അനസൂയ കരുതിയിട്ടുണ്ടാവും. സമ്മാനങ്ങള്‍ക്ക് പിന്നിലെ മനഃശാസ്ത്രവിവക്ഷകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുണ്യസ്മൃതിയാണിതെന്നു തോന്നുന്നു.

ഓര്‍മ്മകളുടെ ആമാടപ്പെട്ടിയാണ് ഓരോ ഉപഹാരവും. അതെത്ര നിസ്സാരമായി അനുഭവപ്പെട്ടാലും... Cinema Paradiso  എന്ന ചിത്രം നിനവില്‍ വരുന്നു. ജൂസെപെടൊര്‍ണാതോറാണ് ശ്രദ്ധേയമായ ആ ചിത്രത്തിന്‍റെ സംവിധായകന്‍. വളരെ പ്രശസ്തനായ സംവിധായകന് വരുന്ന ഒരു ചരമവൃത്താന്തവുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആല്‍ഫ്രെഡായെന്ന വയോധികന്‍റെ മരണവാര്‍ത്തയായിരുന്നുവത്. ഒരുള്‍നാടന്‍ തീയറ്ററിലെ ഓപ്പറേറ്ററായിരുന്നയാള്‍. കുട്ടിയുടെ സിനിമയിലേക്കുള്ള വാതില്‍ തുറന്നിട്ടതയാളായിരുന്നു, ആറു വയസ്സുമുതല്‍.  പല കാരണങ്ങള്‍കൊണ്ട് ആ ഗ്രാമത്തില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നുപോയി. ഇപ്പോള്‍ കേളികേട്ടൊരു പ്രതിഭയായി മാറിയ അയാള്‍ നാല്പതുവര്‍ഷങ്ങളുടെ ഇടവേളയ്ക്ക്ശേഷം മടങ്ങിവരികയാണ്. മരണനേരത്ത് എന്നെങ്കിലും ഒരിക്കല്‍ തന്നെതേടി വരുമെന്നയാള്‍ വിശ്വസിച്ച ആ സിനിമാഭ്രാന്തനായ പഴയകുട്ടിക്ക് വേണ്ടി രണ്ട് കാര്യങ്ങള്‍ വൃദ്ധന്‍ ഭാര്യയെ ഏല്‍പിച്ചിട്ടുണ്ട്. ഒന്ന് ഒരു ചെറിയ സ്റ്റൂളാണ്. പ്രോജക്ടറിനു പിന്നില്‍ അതിലിരുന്നാണ്, അയാളോടൊപ്പം അവന്‍ ചിത്രങ്ങള്‍ കണ്ടിരുന്നത്. പിന്നെ മുറിച്ചുകളഞ്ഞ ചിത്രങ്ങളെല്ലാം ചേര്‍ത്തൊരു ഫിലിംറോള്‍. സഞ്ചരിക്കുന്നുവെന്ന് കരുതുന്ന കാലം ചില നിസ്സാരവസ്തുക്കളില്‍ തട്ടി ഘനീഭവിക്കുന്നു. ഒടുവില്‍ നീയെത്തുമ്പോള്‍ പെയ്യാന്‍... പോപ്പ് ജോണ്‍പോളിന്‍റെ മുറിക്കകത്ത് പൊടിഞ്ഞുതുടങ്ങിയ ഒരു സ്റ്റെതസ്കോപ്പ് ഉണ്ടായിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്‍റെ ഒരേയൊരു ബന്ധു ഡോക്ടറായിരുന്നു ജ്യേഷ്ഠനായിരുന്നു. പകര്‍ച്ചവ്യാധിയുടെ ഒരു കാലത്ത് അതില്‍പ്പെട്ട് ഡോക്ടര്‍ മരിച്ചു. ജോണ്‍ പോളിനപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സ്. ജ്യേഷ്ഠനുപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പ് ആരോ കണ്ടെത്തി അനുജന് സമ്മാനിച്ചു. തന്‍റെ ജീവിതാന്ത്യത്തോളം ആ വലിയ മനുഷ്യന്‍ തനിക്ക് ലഭിച്ച ഏറ്റവും മൂല്യമുള്ള ഉപഹാരമായതിനെയെണ്ണി...

സമ്മാനമെന്ന കണ്ണാടിത്തുണ്ടില്‍ അത് നല്‍കിയയാളുടെയും, സ്വീകരിച്ചയാലുടെയും പ്രതിബിംബം തെളിയുന്നുണ്ട്. പലയാവര്‍ത്തി പരാമര്‍ശിച്ചിട്ടുള്ള ഡിപ്പാര്‍ച്ചര്‍ എന്ന ചിത്രമെങ്ങനെയോര്‍ക്കാതിരിക്കും. പുഴയില്‍നിന്ന് കണ്ടെത്തുന്ന വെള്ളാരം കല്ലുകളാണ് ആ ദേശത്തിലെ സമ്മാനരീതി. നായകന്‍ കൂട്ടുകാരിയോടൊപ്പമിരുന്ന് ഓര്‍മ്മിച്ചെടുക്കുകയാണ്. എത്ര തിരഞ്ഞിട്ടാണ് ഞാനൊരു കല്ല് കണ്ടെത്തി അച്ഛന്‍റെ കൈയില്‍ വെച്ചത്, മിനുമിനുത്ത മെഴുക് പോലൊരു കല്ല്. അച്ഛനാവട്ടെ ഒന്നു കുനിഞ്ഞ് ആദ്യം കിട്ടിയ ഒരു കല്ലെടുത്ത് എന്‍റെ കൈവെള്ളയില്‍ അലക്ഷ്യമായി വെച്ചു തന്നു. കൂര്‍ത്തൊരു കല്ല്, ഇപ്പോള്‍പോലും അതില്‍നിന്ന് ചോര പൊടിയുന്നുണ്ട്. സമ്മാനങ്ങളെ അപഗ്രഥിച്ച് സാംസ്കാരിക നിരൂപണങ്ങളും വൈയക്തിക വിചാരണകളുംപോലും സാദ്ധ്യമാണ്. തനിക്കൊരു വാഴച്ചെടി നല്‍കിയ ഒരു ശിഷ്യനെ കൃതജ്ഞതയോടെ ബാഷോ തന്‍റെ രചനകളിലൊന്നില്‍ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. അതിനരികെ ഇരിക്കുമ്പോള്‍ തന്‍റെ ജീവിതത്തിന്‍റെ ഒരു പ്രതീകമായിട്ടയാള്‍ അതിനെ വായിച്ചെടുക്കുന്നുണ്ട്. അതിന്‍റെ വലിയ ഇലകളില്‍ കാറ്റുപിടിക്കുന്നതുപോലും അയാള്‍ തന്‍റെ ജീവിതസമാന്തരങ്ങളുമായി ചേര്‍ത്തു നോക്കുന്നുണ്ട്.

കിഴക്ക് നിന്ന് എത്തിയ ജ്ഞാനികള്‍ ദരിദ്രനായ ഒരു കുഞ്ഞിന് വേണ്ടി കരുതിവെച്ച സമ്മാനങ്ങളുടെ കഥയുമായാണ് പുതിയ നിയമം ആരംഭിക്കുന്നത് എന്നുകൂടിയോര്‍ത്താല്‍ നല്ലത്. മീറയുടെയും, കുന്തിരിക്കത്തിന്‍റെയും, സ്വര്‍ണ്ണത്തിന്‍റെയും ചെപ്പുകളില്‍ അവര്‍ ആ കുഞ്ഞിന്‍റെ ഭാവിരേഖകള്‍ കോറിയിട്ടിരുന്നു. മീറയില്‍ അവന്‍റെ മരണസൂചനയുണ്ട്. മരിച്ചവരെ പൊതിയാനാണത്. കുന്തിരിക്കത്തില്‍ അവനുള്ള ആരാധന. സ്വര്‍ണ്ണത്തില്‍ ഭൂമിയുടെ ഹൃദയങ്ങളെ കീഴ്പ്പെടുത്തുവാന്‍ പോകുന്ന രാജാവാണിവന്‍ എന്ന സൂചന. വിശ്വപ്രസിദ്ധമായ ജിമ്മിന്‍റെയും ഡെല്ലായുടെയും ആ സമ്മാനകൈമാറ്റങ്ങളുടെ കഥയ്ക്ക് ഒ ഹെന്‍ററി ജ്ഞാനികളുടെ സമ്മാനമെന്ന് പേരിട്ടതിനു പിന്നിലെ പ്രേരണയെന്തെന്ന് ധ്യാനിച്ചിട്ടുണ്ടോ. കൂട്ടുകാരന് വാച്ചിനുള്ള ചെയിന്‍ വാങ്ങാന്‍ തന്‍റെ മുടി മുറിച്ചുവിറ്റ അവളും, അവളുടെ മുടിയില്‍ അണിയിക്കാനുള്ള അലങ്കാരം വാങ്ങാന്‍ അതേ വാച്ച് വിറ്റുകളയുന്ന അവനും, ലോകത്തിലേറ്റവും പോഴരായ പുരുഷനും സ്ത്രീയുമാണ്. എന്നാലതിലാണ് സമ്മാനത്തിലേക്കുള്ള താക്കോല്‍ കിടക്കുന്നത്. ഏതൊരു സമ്മാനത്തിനു പിന്നിലും ഒരു നുള്ള് ഉപ്പ് വേണം. കണ്ണീരോ, വിയര്‍പ്പോ ആകാമത്. അങ്ങനെയാണ് സമ്മാനങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടുള്ള ഉപയോഗം പോലുമല്ലെന്ന് സാരം.

കുറെ ദൂരം നടന്നുകഴിയുമ്പോള്‍ മറ്റൊരു കണ്ടെത്തലിന്‍റെ മിന്നല്‍ നിങ്ങളെ തേടിവരും. മദ്യപിച്ചൊരാള്‍ തന്‍റെ കുട്ടിക്ക് വേണ്ടി ഒരു പിറന്നാള്‍ സമ്മാനം തിരയാന്‍ മറ്റൊരാളുടെ സഹായം തേടിയപ്പോള്‍ അയാള്‍ പറഞ്ഞൊഴിഞ്ഞ മറുപടി പോലെ: ഒരു സമ്മാനമുണ്ട് സാര്‍, സുകൃതത്തിന്‍റെ ഗന്ധമുള്ള ഒരച്ഛന്‍. എന്താ, അത്തരനൊരു സമ്മാനത്തിന് നിങ്ങളുടെ കുഞ്ഞിനര്‍ഹതയില്ലേ? അവനവനെത്തന്നെ സമ്മാനമായേകുക.

ഉവ്വ്. അവര്‍ക്കതിനുള്ള അര്‍ഹതയുണ്ട്. നിങ്ങളുടെ നേരം, അനുയാത്രകള്‍, ശ്രദ്ധ, ശരീരം ഒക്കെ അവര്‍ക്കുള്ള സമ്മാനപ്പൊതികളാണ്. അതുകൊണ്ടായിരിക്കണം മടങ്ങിപ്പോകുന്ന സന്ധ്യയില്‍ ഇനി നിങ്ങളെന്‍റെ ശരീരവും രക്തവുമെടുത്ത് ഭക്ഷിക്കുകയെന്ന് പറഞ്ഞ് ആ മരപ്പണിക്കാരന്‍ അത്താഴവിരുന്ന് അവസാനിപ്പിച്ചത്. 

You can share this post!

പ്രയാണം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts