news-details
സഞ്ചാരിയുടെ നാൾ വഴി

പ്രാണനെ മെച്ചപ്പെടുത്തുന്നവര്‍

മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല, വായനശാലയോടൊപ്പം നിശാപാഠശാലയെന്ന ഒരു വിശേഷണം. കെ.പി. അപ്പനൊക്കെ കിടന്നു വായിച്ചിരുന്ന ഇടമാണ്. ഇപ്പഴത്തെ ആലപ്പി ബൈപ്പാസ് തുടങ്ങുന്ന കോര്‍ണറില്‍ കാണാം - കൊമ്മാടി യുവജനവായനശാല & നിശാപാഠശാല. കയര്‍ തൊഴിലാളികള്‍ തുടങ്ങിയതാണ്, എഴുപത്തിയഞ്ച് വര്‍ഷം മുമ്പ് പുന്നപ്ര വയലാര്‍ സമരമൊക്കെത്തന്നെയാണ് കാലം. രാഷ്ട്രീയ ഭാഷണങ്ങള്‍ക്കും വിപത്ക്കരമായ തീരുമാനങ്ങള്‍ക്കുമുള്ള മാസ്ക്കായിരുന്നു ആരംഭത്തിലാനിശാ പാഠശാല വിശേഷണം.

ദാരിദ്ര്യമായിരുന്നു ദേശത്തിന്‍റെ ശരിക്കുമുള്ള പ്രശ്നം. കുട്ടനാട്ടില്‍ കൊയ്ത്തു കഴിയുമ്പോള്‍ വല്ലമെടുത്ത് കാല പെറുക്കാന്‍ സംഘമായി പോകുമായിരുന്ന സ്ത്രീകള്‍ നാട്ടിലെ നിത്യകാഴ്ചയായിരുന്നു. മനപൂര്‍വ്വം കറ്റകള്‍ നിലത്ത് വിട്ടു കളയുന്ന കൊയ്ത്തുകാരുടെ കരുണയെക്കുറിച്ച് അവര്‍ക്ക് ആയിരം നാവായിരുന്നു...

അതിനൊക്കെ ഇടയില്‍ ഇതൊക്കെ ചെറുതല്ലാത്ത ആശ്വാസമാണ്. മണ്ണെണ്ണ വിളക്കുകള്‍ പോലും ആഡംബരമായ ഒരു കാലത്ത് പഠിച്ചാല്‍ ചിലപ്പ രക്ഷപെടുമെന്ന് സങ്കല്പിച്ച ചെറുപ്പക്കാരുടെ ആശ്രയമായിരുന്നു ഈ ഇടം. പി.എസ്സിക്കുള്ള പരിശീലനവും നല്‍കി.

കമ്പയിന്‍ സ്റ്റഡിയെന്ന പദം നാട്ടില്‍ ഒരു സാധാരണ പദമായി മാറിയതിന്‍റെ ക്രെഡിറ്റ് നിശാപാഠശാലയ്ക്കാണ്.

അവിടെ നിന്നും മടങ്ങിവരവേ പോലീസ് ചോദ്യം ചെയ്ത ഒരു സംഘം ചെറുപ്പക്കാര്‍ കമ്പയിന്‍ സ്റ്റഡി കഴിഞ്ഞുവരുന്നുവെന്ന് പറഞ്ഞതിന് സ്റ്റഡിക്ലാസെന്ന ചാരു മജുംദാര്‍ ലൈനില്‍ പിടുത്തം കിട്ടിയത് വലിയ പൊല്ലാപ്പായി!

അടിയന്തിരാവസ്ഥയുടെ നാളായിരുന്നുവത്. പൊതു ഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ അനുകമ്പയുടെ ഒരു രാഷ്ട്രീയമുണ്ട്. പാഠപുസ്തകങ്ങളും യൂണിഫോമുകളും വാങ്ങി നല്‍കി എന്ന പതിവ് വര്‍ത്തമാനത്തിനും എത്ര മീതെയാണതെന്ന പ്രകാശത്തിലാണ് ഈ പുലരിയിലിത് ഓര്‍മ്മിക്കുന്നത്...

സമാന്തര ഭാവനകൊണ്ട് രൂപപ്പെടുന്ന ചില സൗമ്യമായ പ്രതിരോധങ്ങളുണ്ട്.

2

തീരെ ചെറിയ നേരം അതിഥികളായി എത്തി, മുഴുവന്‍ ജീവിതത്തെയും ദീപ്തമാക്കി മാഞ്ഞുപോകുന്ന മനുഷ്യരെ ദേവദൂതരെന്നല്ലാതെ മറ്റെന്താണു നാം വിശേഷിപ്പിക്കേണ്ടത്! നമ്മുടെ പരിണാമം മനുഷ്യരില്‍ അവസാനിച്ചപ്പോള്‍ അവര്‍ മാലാഖമാരിലേക്ക് സദാ പരാവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നടന്ന പാതകള്‍ മാറിനടക്കാന്‍ പ്രേരിപ്പിച്ച് ജീവന്‍റെ ദിശയെ ഗുണപരമാക്കിയ അവര്‍ ആരൊക്കെയാണ്?

6 Reasons We Don’t Meet People By Accident. We Meet For A Reason എന്നൊരു ലേഖനം വായിച്ചു. ഓരോരുത്തര്‍ക്കും എന്‍റെ ജീവിതത്തില്‍ ഒരു ധര്‍മ്മം അനുഷ്ഠിക്കാനുണ്ടായിരുന്നു. ചിലര്‍ എന്‍റെ പാലമായി. ജീവിതത്തിന്‍റെ അടുത്ത പ്രതലത്തിലേക്ക് - Next Level അവരാണെന്നെ കൂട്ടിക്കൊണ്ടുപോയത്; അഭിരുചികളിലും ആഭിമുഖ്യങ്ങളിലും അവര്‍ സൃഷ്ടിച്ച ഗുണപരമായ ഭേദം. യാത്രയെ തടഞ്ഞാണ് വേറെ ചിലര്‍ എന്‍റെ ജീവിതത്തില്‍ ഇടപെട്ടത്; ചിലതിനെ വൈകിച്ചും പലതിനെയും നിഷേധിച്ചും. പുതിയ നിയമത്തിലെ ജ്ഞാനികളുടെ സഞ്ചാരദിശയെ തിരിച്ചുവിട്ട ദേവദൂതരെപ്പോലെ.Sometimes rejection is a redirection to something better. മറ്റു ചിലര്‍ അധ്യാപകരെപ്പോലെ ജീവിതപരീക്ഷകള്‍ക്ക് ചെറിയ നേരം കൊണ്ട് പാഠങ്ങള്‍ പറഞ്ഞു തന്നവര്‍. കാവല്‍മാലാഖമാരേപ്പോലെ ഒരു നിര്‍ണ്ണായകനിമിഷത്തില്‍ കൂട്ടു വന്നവര്‍. അടയാളപ്പലകപോലെ വിരല്‍ചൂണ്ടി നിന്ന മറ്റു ചിലര്‍. ഒരു ഗോത്രംപോലെ, നിങ്ങളെ കൈവിടാതെയും നിങ്ങളുടെ നേട്ടങ്ങളില്‍ മത്സരത്തിന്‍റെയോ അസൂയയുടെയോ ചെറിയൊരു സ്പര്‍ശംപോലുമില്ലാതെയും നിര്‍മലാരവം മുഴക്കിയവര്‍. അവരെല്ലാം കൂടിയാണ് എന്‍റെ ആത്മകഥയെ പൂര്‍ണമാക്കുന്നത്.

ഞാനൊരു സ്നേഹിതനെ കേള്‍ക്കുകയാണ്. 20 വര്‍ഷം മുന്‍പ് ഒരു പാരമ്പര്യവൈദ്യന്‍ അവരുടെ ദേശത്തുവന്നു, ചാവക്കാട്ടു നിന്ന് ചെറായിയില്‍. സാത്വികനായ ആ വയോധികന്‍ ആ ചെറുപ്പക്കാരന് പ്രിയപ്പെട്ടവനായി. വൈദ്യന്‍റെ പേരുപോലും ചങ്ങാതി ചോദിച്ചിട്ടില്ല. ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിലേക്കു കയറിവന്ന് തന്‍റെ കീശയില്‍ നിന്ന് കുറെ കുറിപ്പടികളെടുത്ത് വായിച്ചുകേള്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വായിച്ചത് ഓരോന്നായി മാറ്റിവച്ചു. ഒടുവില്‍ ഒരു കുറിപ്പില്‍ തലയാട്ടി പറഞ്ഞു, "ഈ കുറിപ്പ് നീ എടുത്തുകൊള്ളുക. എണ്ണ കാച്ചാന്‍ നല്ലതാണ്". എന്നിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ വൈദ്യന്‍ മരിച്ചു. അയാള്‍ കൈമാറിയ കുറിപ്പ് ബാബുവിന് പുതിയൊരു ജീവിതമാര്‍ഗ്ഗം തുറന്നുകൊടുത്തു. 'ദമയന്തി' എന്നു പേരിട്ട ആ ഹെയര്‍ ഓയിലിനെക്കുറിച്ച് എല്ലാവരും വലിയ മതിപ്പാണു പറയുന്നത്.

ഒരാളോട് കൃതജ്ഞതയുണ്ടാകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അയാളുടെ അഭാവത്തില്‍ നമ്മളെത്ര നിസ്സഹായരും ദരിദ്രരുമായിപ്പോയെനെ എന്ന് ഓര്‍മ്മിക്കുകയാണ്. ഒരു ഋതു പോലെ അവര്‍ കടന്നുപോയിരിക്കാം. അതിനെന്താണ്? ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ സന്നിവേശിപ്പിച്ച അര്‍ത്ഥവും ആനന്ദവുമായി തുലനം ചെയ്യുമ്പോള്‍ അവരുടെ അഭാവം ഉണ്ടാക്കാവുന്ന ഖേദത്തെ നിറമിഴികളോടെ കുറുകെ കടക്കാനായെന്നിരിക്കും.

3

Underdog എന്നൊരു പദം പൊതുവെ ഉപയോഗിച്ചു കാണാറുണ്ട്. എല്ലാ കളികളിലും തോല്‍ക്കുന്ന, എല്ലാത്തരം അനീതികളുടേയും ഇരയാവുന്ന, എന്നിട്ടും വിനീതവിശ്വസ്തനായി നിലനില്‍ക്കേണ്ടിവരുന്ന തല കുനിഞ്ഞ മനുഷ്യരെയാണ് അതു സൂചിപ്പിക്കുന്നത്. മനുഷ്യനെ നേരെനില്‍ക്കാന്‍ സഹായിക്കുക എന്നതായിരുന്നു യേശുവിന്‍റെ ധര്‍മ്മം. തളര്‍വാതരോഗിയെ സുഖപ്പെടുത്തുമ്പോഴും കൂനു പിടിച്ച സ്ത്രീയെ നേരെനില്‍ക്കാന്‍ ക്ഷണിക്കുമ്പോഴും അതിനു പ്രതിദ്ധ്വനികളുണ്ട്.

ഒരു അടിമജീവിതത്തിന് ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന യേശുമൊഴികളുണ്ട്: ആദ്യത്തേത്, നിന്‍റെ വലതുകരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക, മുഖാമുഖം നില്‍ക്കുന്ന ആളുടെ വലതുകരണത്തടിക്കുക അത്ര എളുപ്പമല്ലെന്ന് അതില്‍ ചെറിയ ഗൃഹപാഠം ചെയ്തിട്ടുള്ളവര്‍ക്ക് മനസ്സിലാവും. പിന്നെ ചെയ്യാവുന്നത് കൈപ്പത്തിയുടെ പിന്‍ഭാഗംകൊണ്ട് പ്രഹരിക്കുകയാണ്. അവന്‍റെ ദേശത്ത്, അധികാരത്തിലുള്ളവര്‍ തങ്ങളുടെ വിധേയരെ നിന്ദിക്കുവാന്‍ ഉപയോഗിച്ചിരുന്ന ശരീരഭാഷയാണത്. യജമാനന്‍ ദാസരോടും റോമാക്കാര്‍ യഹൂദരോടും പുരുഷന്മാര്‍ അവരുടെ സ്ത്രീകളോടും അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളോടുമൊക്കെ; ആശയം സുവ്യക്തമാണ്- beneath me! ഇടതുകരണം തിരിക്കുന്നതുവഴി, ഇനി പിന്‍കൈ കൊണ്ട് അടിക്കാനാവാത്ത വിധത്തില്‍ നമ്മളയാള്‍ക്ക് 'ചെക്ക്' പറയുകയാണ്. ഇനി അയാള്‍ക്ക് അടിക്കണമെങ്കില്‍ മുഷ്ടി ഉപയോഗിച്ചേ പറ്റൂ. അത് തുല്യര്‍ക്കിടയിലുള്ളതാണ്. അപമാനിക്കപ്പെടുവാന്‍ തയ്യാറല്ലെന്നും കീഴ്പ്പെട്ട ഒരാളല്ലെന്നുമുള്ള സന്ദേശമാണ് സമചിത്തതയോടെ അയാള്‍ കൈമാറുന്നത്. അയാള്‍ ചെന്നുപെട്ടിരിക്കുന്ന നുണയെ പരിശോധിക്കാനുള്ള ആത്മശോധനയുടെ നിമിഷം കൂടിയാണത്. ഒരു മനുഷ്യനും വേറൊരു മനുഷ്യന് കീഴ്പ്പെട്ടതല്ല എന്ന സത്യത്തിന്‍റെ പൊന്‍പ്രഭ ശിരസുയര്‍ത്തി നില്‍ക്കുന്ന അയാളില്‍ നിന്നു പ്രസരിക്കുന്നുണ്ട്.

മേലങ്കി എടുത്തവന് അടിയുടുപ്പു കൂടി ഊരിക്കൊടുക്കുക* എന്നതാണ് രണ്ടാമത്തേത്. ചുരുക്കത്തില്‍ അയാളിപ്പോള്‍ നഗ്നനായി നില്‍ക്കുകയാണ്. നഗ്നതയെ ഉറ്റുനോക്കരുതെന്നായിരുന്നു അവരുടെ ചട്ടം. വാസ്തവത്തില്‍ അയാള്‍ ഏല്പിക്കാന്‍ ശ്രമിച്ച അപമാനത്തേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ഒന്നാണത്. ജീവിതത്തില്‍ ആദ്യമായി തന്‍റെ പിടിവാശികള്‍ എത്ര ഹീനമാണെന്ന് ഒരു മിന്നല്‍വെളിച്ചം അയാളുടെ മനഃസാക്ഷിയില്‍ വീഴുന്നുണ്ട്. ഇപ്പോള്‍ ആരുടെ ശിരസാണു കുനിയുന്നതെന്നു നോക്കൂ. ദക്ഷിണാഫ്രിക്കയിലെ ഡച്ച് പിന്തുടര്‍ച്ചക്കാരായ ആഫ്രിക്കാനസ് - afrikaners ബുള്‍ഡോസറുമായി തദ്ദേശീയരുടെ ഗ്രാമത്തെ തുടച്ചുനീക്കാനെത്തുമ്പോള്‍ സ്ത്രീകള്‍ മാത്രമായിരുന്നു അവിടെ. അകത്തേക്കു പോയ സ്ത്രീകള്‍ പുറത്തേക്കു വന്നത് വിവസ്ത്രരായാണ്. കൊടിയ സദാചാരത്തില്‍ പരിശീലിപ്പിക്കപ്പെട്ട ആഫ്രിക്കാനകള്‍ക്ക് അതു താങ്ങാനാവുന്നതിനേക്കാള്‍ കൂടുതലായിരുന്നു. തലകുനിച്ച് അവര്‍ മടങ്ങി.

ഒടുവിലായി, ഒരു കാതം നടക്കാനാവശ്യപ്പെട്ടവര്‍ക്കു വേണ്ടി രണ്ടു കാതം നടക്കുക. പലസ്തീനയിലെ റോമന്‍ ഭടന്മാര്‍ക്ക് ഏതൊരു യഹൂദനോടും അവരുടെ സാമഗ്രികള്‍ ചുമക്കാന്‍ ആവശ്യപ്പെടാമായിരുന്നു. എല്ലാം ചിട്ടപ്പടിയായതുകൊണ്ട് അതിനൊരു പരിധിയുണ്ട്. ഒരു കാതമായിരുന്നു അത്. അതിനപ്പുറത്തേക്ക് ആവശ്യപ്പെട്ടാല്‍ ആ പട്ടാളക്കാരന്‍ തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തും. താന്‍ ശഠിച്ച ഒരു കാതമല്ല, അതിനപ്പുറത്തേക്ക് ഭാവഭേദങ്ങളില്ലാതെ നടന്നുപോകുന്ന ഈ മനുഷ്യന്‍ അക്ഷരാര്‍ത്ഥത്തില്‍ പടയാളിയെ ശിക്ഷയുടെ ഭീതിയിലേക്കാണ് തള്ളിവിടുന്നത്. 'അതു തിരികെ വയ്ക്കൂ' എന്ന് അയാള്‍ക്ക് കെഞ്ചേണ്ടതായി വരുന്നു. സ്വന്തം ഇച്ഛയ്ക്കിണങ്ങിയ മട്ടില്‍ വര്‍ത്തിക്കുന്ന ഈ മനുഷ്യന്‍ എത്ര പെട്ടെന്നാണ് അയാളുടെ പ്രതിയോഗിയേക്കാള്‍ ഉയരം കണ്ടെത്തുന്നത്.Don’t Forgive Too Soonഎന്ന കൗതുകകരമായ പുസ്തകത്തില്‍ നിന്നാണ് ഈ വിചാരങ്ങള്‍

*

രേണുവില്‍ നിന്നാണ് ആ കഥ കേട്ടത്:
എലിയെ പിടിക്കാന്‍ ഒരു പുലി വന്നു.
ഒരു മണിക്കൂര്‍ നേരമാണ് എലി ചോദിച്ചത്.
എന്നിട്ട് ഒരു കിടങ്ങു കുഴിക്കാന്‍ തുടങ്ങി.
കഴിഞ്ഞപ്പ നിന്നു കൊടുത്തു.
'നിനക്ക് എന്തിന്‍റെ കിറുക്കാണ്?'
'നാളെയിത് വഴി പോകുന്നവരറിയണം
അവന്‍ നന്നായിട്ട് പൊരുതിയിട്ടാണ്
കീഴടങ്ങിയതെന്ന്...!'

You can share this post!

പ്രയാണം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
Related Posts