news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

കുടുംബം വേണ്ട, ഭാരങ്ങള്‍ വേണ്ട, ഉത്തരവാദിത്വങ്ങള്‍ വേണ്ട, ജീവിതം സുഖിക്കാന്‍ ഉള്ളത്, എന്നിങ്ങനെ ലോകം മുഴുവന്‍ പറച്ചിലുകള്‍ നടന്ന് ഒടുവില്‍ മാനവികതയെ ഇല്ലാതാക്കുന്ന ഒരു കാലഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആണ് വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് റോമിലെ പത്രോസിന്‍റെ സിംഹാസനം ഒരു അപ്പനെയും അമ്മയെയും ഒറ്റദിവസംതന്നെ അള്‍ത്താര വണക്കത്തിന് ഉയര്‍ത്തിയിരിക്കുന്നത്. അല്ലെങ്കിലും അത് അങ്ങനെതന്നെയാണ് വേണ്ടത്. തകര്‍ച്ച നേരിടുന്ന ഇടങ്ങളിലാണ് പ്രത്യാശ നല്‍കുന്ന വാര്‍ത്തകള്‍ വരേണ്ടത്. വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയിമാര്‍ട്ടിനും സെലി ഗുവേരിനും കുടുംബജീവിതക്കാര്‍ക്ക് സഭയുടെ ഔദ്യോഗിക മാതൃകകളായി മാറുകയാണ്.

ബന്ധങ്ങള്‍ ഭാരമായും, ബന്ധനങ്ങളായും വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അണുകുടുംബം കുടുംബമല്ലാതെ വെറും ലിവിംഗ് റ്റുഗെതര്‍ എന്ന ട്രന്‍റിലേക്ക് കടക്കുമ്പോള്‍ ഈ ദമ്പതികളുടെ മാതൃക പല കാര്യങ്ങളും തലമുറയെ പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. -ജീവിതം ഉദ്ദീപനങ്ങള്‍ അനുസരിച്ച് നീങ്ങേണ്ടതല്ല - വികാരം വിവേകത്തെ കീഴടക്കേണ്ടതല്ല - സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുന്നതല്ല. -ആധുനികലോകത്തിന് യഥാര്‍ത്ഥ വെല്ലുവിളിയാകുയാണ് ഈ ദമ്പതികള്‍.

1823 ആഗസ്റ്റ് 23 നാണ് ലൂയിയുടെ ജനനം. ഒരു സന്യാസി ആകണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പല സന്യാസആശ്രമങ്ങളുടെയും വാതിലുകളില്‍ മുട്ടിയ അയാളുടെ മുമ്പില്‍ എല്ലാവാതിലുകളും കൊട്ടി അടയ്ക്കപ്പെടുകയാണ്. പക്ഷേ അങ്ങനെ അടയപ്പെട്ട വാതിലുകള്‍ അയാള്‍ക്ക് പുതിയ പ്രകാശം നല്‍കുന്നു. തന്‍റെ ജീവിതത്തിന്‍റെ വഴി ഇതല്ല എന്ന പ്രകാശം. ഒരു വാച്ച് മെക്കാനിക്കായി അപ്പത്തിനുവേണ്ടി വഴികള്‍ തേടി ഒടുവില്‍ അയാള്‍ ഫ്രാന്‍സിലെ അലന്‍കോണ്‍ എന്ന സ്ഥലത്ത് താമസം ഉറപ്പിച്ചു.

1831 ല്‍ അലന്‍കോണില്‍ ജനിച്ച സെലി ഗുവേരിന്‍റെയും ഉള്ളിലെ ആഗ്രഹം ഒരു സമര്‍പ്പിതയാകുക എന്നുള്ളത് തന്നെയായിരുന്നു. പക്ഷേ, ദൈവഹിതം മറ്റൊന്ന് എന്ന് തിരിച്ചറിയുന്ന സെലി ലെയ്സ് നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യം നേടി സ്വന്തമായി  ഒരു ലെയ്സ് നിര്‍മ്മാണശാല ആരംഭിച്ചു.

വ്യത്യസ്തമായ സാഹചര്യത്തില്‍ വളര്‍ന്നുവന്ന ഇരുവരും 1858 ല്‍ ഒന്നായിത്തീരുന്നതിലൂടെ ഒരു വിശുദ്ധവിപ്ലവത്തിന് തിരുസഭയില്‍ തുടക്കം കുറിക്കപ്പെടുകയായിരുന്നു. ദൈവഹിതത്തിന് കീഴടങ്ങുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം എന്ന തിരിച്ചറിവ് ഇരുവര്‍ക്കും ഉണ്ടായിരുന്നതുകൊണ്ടുതന്നെ ജീവിതത്തില്‍ അവര്‍ മുന്‍ഗണന നല്‍കിയതും ഇതിനുതന്നെ.

ഒരു കുടുംബം എങ്ങനെയാണ് ഐക്യത്തില്‍ വളരുക എന്നതിന് വ്യക്തമായ ചില ഉത്തരങ്ങള്‍ നസ്രത്തിലെ ആ തച്ചന്‍റെ കുടുംബത്തില്‍നിന്ന് ഇവര്‍ക്കു ലഭിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ചിന്തിച്ചാല്‍ എപ്പഴേ തകരേണ്ടതായിരുന്നു ആ കുടുംബം. ഒരുമിക്കുന്നതിന് മുമ്പുതന്നെ സംശയത്തിന്‍റെ കരിനിഴല്‍ അവരുടെ ജീവിതങ്ങളുടെമേല്‍ വീഴുന്നുണ്ട്. പക്ഷേ ഒരു ഉറക്കത്തിനപ്പുറം നീതിമാനെന്നു വേദപുസ്തകം വിളിക്കുന്ന ആ മരപ്പണിക്കാരന്‍ ഉപേക്ഷിക്കുന്നത് താന്‍ സ്വയം മെനഞ്ഞ പദ്ധതികളാണ്.

കുടുംബജീവിതത്തിന്‍റെ അടിസ്ഥാപാഠം ഇങ്ങനെതന്നെ പറഞ്ഞുപഠിക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു. "ഒരുമിപ്പിക്കുന്നതു ദൈവമാണ്." സെലിക്കും മാര്‍ട്ടിനും ഈ ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍തന്നെ അവര്‍ എവിടെയും കര്‍ത്താവിന്‍റെ കരം അന്വേഷിച്ചു.

കൊച്ചുത്രേസ്യാ തന്‍റെ മാതാപിതാക്കളെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക "എന്‍റെ മാതാപിതാക്കള്‍ പരിശുദ്ധാത്മാവിനാല്‍ ചെത്തിമിനുക്കപ്പെട്ട വിലയേറിയ കല്ലുകളാണ്." നാലു വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട കുട്ടിയാണ് കൊച്ചുത്രേസ്യാ. എന്നിട്ടും അമ്മയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സില്‍ പച്ചകെടാതെ നില്‍ക്കുന്നു എന്നത് അമ്മയായ സെലി ചുരുങ്ങിയ കാലംകൊണ്ട് കൊച്ചുത്രേസ്യായയുടെ ജീവിതത്തെ എത്രകണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്.

കുടുംബത്തിനും ദൈവത്തിനും സമൂഹത്തിനുംവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതങ്ങള്‍. എന്നും രാവിലെ 5.30 ന് സാധാരണ ജോലിക്കാര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ബലിയോടൊപ്പം തുടങ്ങുന്നതായിരുന്നു അവരുടെ ജീവിതം. പ്രാര്‍ത്ഥിച്ചും അധ്വാനിച്ചും നേരം വൈകി സെലിയുടെ വിളക്കുകള്‍ വീട്ടില്‍ അണയുമ്പോള്‍ അതില്‍ കുടുംബത്തിനുവേണ്ടിയുള്ള കരുതല്‍ കൃത്യമായി ദര്‍ശിക്കാവുന്നതാണ്. ഒന്നര നൂറ്റാണ്ടുകള്‍ക്കിപ്പുറം സമൂഹത്തിലെ തിരക്കുകള്‍ കാരണം പ്രാര്‍ത്ഥിക്കാനും മക്കളെ നോക്കാനും സമയമില്ലാതെ മാതാപിതാക്കള്‍ ഓടുമ്പോള്‍ എങ്ങനെ പ്രാര്‍ത്ഥനയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കും എന്നു പറഞ്ഞുതരികയാണ് സെലി - ലൂയി ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലൂടെ. ദൈവത്തിലേക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുക എന്ന കൃത്യമായ ദര്‍ശനമുണ്ടായിരുന്ന ദമ്പതികള്‍ തന്‍റെ കുഞ്ഞുങ്ങളെ എല്ലാറ്റിലുമുപരിയായി ഈ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. ബാക്കി എല്ലാം അവരുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ത്ത് നല്‍കപ്പെട്ടു.

ദൈവികകാര്യങ്ങള്‍ക്ക് ആഭിമുഖ്യം നല്‍കുന്നത് ഒരു കുറച്ചിലാണെന്ന ഇന്നിന്‍റെ കാലത്തിന്‍റെ കാഴ്ചപ്പാട് വളരെ മോശമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഒരു കുടുംബത്തെപ്പറ്റി അറിയാം. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ടതാണ്. പള്ളിയില്‍ പോകാന്‍ മകനെ നിര്‍ബന്ധിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു. "അതു കുഴപ്പമില്ല ബ്രദറേ, അവന്‍ എന്‍റെ കൂടെ രാവിലെ നടക്കാന്‍ വരുന്നുണ്ട്". നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അപ്പനെ തള്ളിവീഴ്ത്തി തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് എന്നു പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് അപ്പന്‍ ഫോണില്‍ക്കൂടി നിലവിളിച്ചപ്പോള്‍ എന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഒരേ സമയം സഹതാപത്തിന്‍റെയും പരിഹാസത്തിന്‍റെയും കൊള്ളിയാന്‍. ദൈവാഭിമുഖ്യത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്താത്തപ്പോള്‍ നമ്മുടെ വളര്‍ത്തലുകളൊന്നും ഫലം നല്‍കുന്നില്ല എന്നു സാരം.

നസ്രത്തിലെ ആ കുടുംബത്തില്‍ ഒന്നുപോയി നോക്കുക. ബൈബിളില്‍ ഇങ്ങനെ ഒരു കുറിപ്പുണ്ട്. പതിവുപോലെ അവര്‍ ജറുസലേം ദേവാലയത്തില്‍ തിരുനാളിനു പോയി (ലൂക്കാ. 2:42). ദേവാലയം ആയി ബന്ധപ്പെട്ട ഇത്തരം പതിവുകള്‍ നമ്മുടെ കുടുംബങ്ങളിലും ആരംഭിക്കേണ്ടിയിരിക്കുന്നു. ദേവാലയവും ആയി ബന്ധപ്പെട്ട് പല പതിവുകളും ഇല്ലാതാകുന്നതോടെ വളരുന്ന ഒരു കുട്ടിക്ക് നഷ്ടപ്പെടുന്നത് തന്‍റെ ജീവിതത്തിന്‍റെ ചില അടിസ്ഥാനങ്ങളെതന്നെയാണ്.

12-ാം വയസിലെ യാത്രയില്‍ കാണാതെപോകുന്ന മകനെ അപ്പനും അമ്മയും കണ്ടെത്തുന്ന ഇടം കളിക്കളം അല്ല ദേവാലയം ആണ് എന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ കാണാതായാല്‍ നമ്മള്‍ ഒരിക്കലും അന്വേഷിക്കേണ്ടാത്ത സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ന് ദേവാലയം. വഴിതെറ്റിപ്പോലും അവിടെ അവര്‍ എത്തുന്നില്ല.

ജീവിതംകൊണ്ട് മാതൃക നല്‍കി മക്കളെ ക്രിസ്തീയമൂല്യത്തില്‍ വളര്‍ത്തിയവര്‍ ആയിരുന്നു ആ വിശുദ്ധ ദമ്പതികള്‍. സ്നേഹം എന്തെന്നും അപരനോട് എങ്ങനെ കരുതലു കാണിക്കണം എന്നും തങ്ങളുടെ ചെയ്തികളിലൂടെ അവര്‍ പഠിപ്പിച്ചു.

ലൂയി മാര്‍ട്ടിന്‍ പുറത്ത് പോയിരുന്ന അവസരങ്ങളില്‍ എല്ലാം ദരിദ്രര്‍ക്ക് നല്‍കാന്‍ കൈയില്‍ എന്നും ചില്ലറ കരുതിയിരുന്നു. ഭക്ഷണം അന്വേഷിച്ച് വരുന്നവര്‍ക്ക് ഭക്ഷണവും അഭയം അന്വേഷിക്കുന്നവര്‍ക്ക് അഭയവും നല്‍കാന്‍ അവര്‍ മടികാണിച്ചില്ല.
ശുശ്രൂഷയുടെ മേഖലകളില്‍ സെലി കാണിച്ച് നല്‍കിയ ജീവിതമാതൃക അത്ഭുതമുളവാക്കുന്നതാണ്. തന്‍റെകീഴില്‍ ജോലി ചെയ്യുന്നവരോട് ഒരു അമ്മയ്ക്കു തുല്യമായ കരുണയും വാത്സല്യവും നല്‍കി സംരക്ഷിച്ചപ്പോള്‍ അത് അവരുടെ അഞ്ച് മക്കള്‍ക്കും ലോകത്തിന്‍റെ മുഴുവനും അമ്മയാകാനുള്ള പ്രചോദനം നല്‍കുന്ന ഒന്നായി മാറുകയായിരുന്നു. ഒരിക്കല്‍ തന്‍റെ ജീവനക്കാരില്‍ ഒരാള്‍ അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍ മൂന്ന് ആഴ്ചക്കാലം ആണ് ഊണും ഉറക്കവും ഉപേക്ഷിച്ച് സെലി അവരെ ശുശ്രൂഷിച്ചത്.

തങ്ങളുടെ വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും അവര്‍ മക്കളെയും പങ്കുകാരാക്കിയിരുന്നു. അതുകൊണ്ട്തന്നെ ആര്‍ദ്രത നിറഞ്ഞ ഹൃദയം ഈ കുഞ്ഞുങ്ങളില്‍ രൂപപ്പെട്ടു. ഒരിക്കല്‍ വീട്ടില്‍ ഭക്ഷണത്തിന് വന്ന ഒരു ദരിദ്രന്‍റെ മുന്നില്‍ മുട്ടുകുത്തി നിന്ന് അനുഗ്രഹം വാങ്ങാന്‍ കൊച്ചുത്രേസ്യായോടും സഹോദരി സെലിനോടും ലൂയി ആവശ്യപ്പെടുന്നുണ്ട്. കാരണം അയാളുടെ കണ്ണുകള്‍ ദരിദ്രരില്‍ ക്രിസ്തുവിനെതേടി അലഞ്ഞിരുന്നു.

ഈ തലമുറയുടെ മാതാപിതാക്കള്‍ക്ക് മക്കളുടെ നേര്‍ക്കുള്ള കരുതല്‍ ഒരുതരം ഓസോണ്‍പാളി സൃഷ്ടിക്കുന്നുണ്ട്. കഷ്ടതയില്‍ വളര്‍ന്നതെങ്കിലും അവര്‍ പറയും. എനിക്കുണ്ടായ ദുഃഖം എന്‍റെ മക്കള്‍ അനുഭവിക്കരുത്. ചോദിക്കുന്നതും ചോദിക്കാത്തതും ആയ എല്ലാം വാങ്ങികൊടുത്തും കഷ്ടപ്പാടുകള്‍ അറിയിക്കാതെ ഇന്നിന്‍റെ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ അത് നഷ്ടമാക്കുന്നത് സ്നേഹം വളരാനുള്ള മണ്ണാണ്. കാരണം കഷ്ടങ്ങളില്‍കൂടി സഞ്ചരിക്കുമ്പോല്‍ ആണ് യഥാര്‍ത്ഥ സ്നേഹത്തിലേക്ക് ഹൃദയത്തിലേക്ക് വാതിലുകള്‍ തുറക്കുക.

സെമിനാരിയില്‍ ചേര്‍ന്ന് പഠനം നടത്തുന്ന ഒരു സുഹൃത്തുണ്ട്. അയാള്‍ പങ്കുവച്ചത് ഇന്നും പച്ചകെടാതെ ഓര്‍മ്മയില്‍ ഉണ്ട്. അയാളുടെ അപ്പന്‍ ഒരു മെക്കാനിക്കാണ്. "എനിക്ക് ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഞാന്‍ കാണുന്ന ഒരു കാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ് ഒരു ബാഗും തൂക്കി ജോലിക്ക് പോകുന്ന അപ്പനെയാണ്. എന്നും നേരം ഇരുട്ടിയാണ് അപ്പന്‍ തിരികെ വന്നിരുന്നത്. +2 ന് ശേഷം ഞാന്‍ സെമിനാരിയില്‍ ചേരുമ്പോഴും അപ്പന്‍ ജോലി തുടര്‍ന്നു. പക്ഷേ അന്നൊന്നും അപ്പന്‍റെ ജോലിക്ക് ബുദ്ധിമുട്ടുണ്ട് എന്ന കാര്യം ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരിക്കല്‍ വീട്ടില്‍നിന്ന് ഒരു ഫോണ്‍ വന്നു. അന്നത്തെ പ്രധാനവിഷയം അപ്പന്‍ ജോലി നിര്‍ത്താന്‍ പോകുന്നു എന്നതായിരുന്നു. ഒരു ഗവണ്‍മെന്‍റ് മെക്കാനിക്ക് ആയതുകൊണ്ടുതന്നെ ഇനിയും മൂന്ന് വര്‍ഷത്തേക്ക് ജോലി കിടക്കുമ്പോള്‍ ആണ് അപ്പന്‍ വിരമിക്കാന്‍ ഉള്ള തീരുമാനം അറിയിച്ചത്. കേട്ടവര്‍ കേട്ടവര്‍ അരുത് എന്ന് പറഞ്ഞു. ഞാനും പറഞ്ഞു. ഇനിയും ഒരു രണ്ടുവര്‍ഷംകൂടി ഉണ്ടല്ലോ എന്നിട്ട് പോരെ വിരമിക്കല്‍ എന്ന്. അന്ന് അപ്പന്‍ സ്വന്തം മടുപ്പിനെപ്പറ്റി ആദ്യമായി എന്നോട് പറഞ്ഞു. 'എടാ 32 വര്‍ഷം ആയി സ്ക്രൂഡ്രൈവറും  സ്പാനറുകളും കൊണ്ട് യുദ്ധം തുടങ്ങിയിട്ട്. വല്ലാതെ മടുത്തിരിക്കുന്നു. അപ്പന് ഇനി പണിയാന്‍ വയ്യടാ.' എന്‍റെ ഹൃദയം ആദ്യമായി അന്ന് അപ്പനെ ഓര്‍ത്ത് തേങ്ങി. കൂട്ടത്തില്‍ താമസിച്ച 18 വര്‍ഷവും അപ്പനോട്, തോന്നാതിരുന്ന ഒരു സ്നേഹവും ആദരവും അന്ന്മുതല്‍ എനിക്ക് തോന്നിതുടങ്ങിയിരിക്കുന്നു." സുഹൃത്ത് പറഞ്ഞ് നിറുത്തി.

ബുദ്ധിമുട്ട് അറിഞ്ഞ് വളരാന്‍ ഉള്ള സാഹചര്യങ്ങള്‍ നിഷേധിക്കുക എന്നത് മാതാപിതാക്കള്‍ മക്കളോട് കാണിക്കുന്ന ഏറ്റവും വലിയ കപടതയാണ്. കാരണം അപ്പനും അമ്മയും അവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നുണ്ട് അതിന് അതിന്‍റെതായ അസ്വസ്ഥതകള്‍ ഉണ്ട് എന്ന സത്യം അവരില്‍നിന്ന് മറച്ച് വയ്ക്കപ്പെടുന്നു. മക്കള്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരട്ടെ. കാരണം യാഥാര്‍ത്ഥസ്നേഹബന്ധങ്ങള്‍ ഉരുത്തിരിയുന്നത് കഷ്ടതകളില്‍നിന്നാണ്.

ഒരു തച്ചന്‍റെ മകനായി ജനിച്ചതുകൊണ്ട് തന്നെ തച്ചപണി ചെയ്താണ് ക്രിസ്തു വളര്‍ന്നത്. ജോലിയുടെ ക്ലേശങ്ങള്‍ അവന്‍ അറിഞ്ഞു. കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള സഹാനുഭൂതി അവനില്‍ ഉരുവായത് അവിടെനിന്നാണ്. നസ്രസിലെ ആ മൂന്നംഗ കുടുംബത്തിന്‍റെ മാതൃക നമ്മളെയും പ്രചോദിപ്പിക്കട്ടെ.  തങ്ങളെ ഒരുമിപ്പിച്ചത് ദൈവമാണ് എന്ന തിരിച്ചറിവില്‍ ദൈവോന്മുഖമായി കുഞ്ഞുങ്ങളെ വളര്‍ത്തി കഷ്ടപ്പാടുകളില്‍ അവരെയും പങ്കുകാരാക്കി വിശുദ്ധ കുടുംബങ്ങള്‍ നമുക്ക് സൃഷ്ടിക്കാം.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts