ഒരുപറ്റം ജനം അഭയംതേടി അലയുകയാണ്. കൂട്ടമായും ഒറ്റപ്പെട്ടും. വെടിയൊച്ചയും ഭീഷണികളും വേട്ടയാടപ്പെടും എന്ന ഭയവുമില്ലാതെ സ്വസ്ഥമായി രാത്രിയില്‍ കണ്ണുകള്‍ അടയ്ക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഒറ്റയ്ക്കും കൂട്ടായും അവര്‍ അലയുകയാണ്. പക്ഷേ അഭയം അര്‍ത്ഥിച്ച് ചെല്ലുന്ന ഇടങ്ങളെല്ലാംതന്നെ മുള്ളുവേലി തീര്‍ത്തും കനത്ത മതിലുകള്‍ കെട്ടിയുയര്‍ത്തിയും തോക്കിന്‍മുന ചൂണ്ടിയും അവരെ ഇന്നും വിളുമ്പുകളിലായി അകറ്റിനിര്‍ത്തിയിരിക്കുകയാണ്.
ഈ കാഴ്ചകള്‍ ഒരിക്കല്‍ക്കൂടി ആ കുടുംബത്തെപറ്റിയുള്ള ഓര്‍മ്മകള്‍ പുതുക്കാന്‍ കാരണമാവുകയാണ്. ദീര്‍ഘമായൊരു യാത്രയില്‍ ആണ് ആ തച്ചനും അയാളുടെ ഗര്‍ഭിണിയായ ഭാര്യക്കും തങ്ങളുടെ ആദ്യസന്താനം പിറന്നത്. ഹേറോദിന്‍റെ വാളിനെ ഭയന്നുള്ള അലച്ചിലുകള്‍ അവരെ എത്തിക്കുന്നത് ഈജിപ്തിലാണ്. അന്നത്തെ കാലത്ത് "ഇരുമ്പുദണ്ഡു" കൊണ്ട് ഭരിക്കപ്പെടുന്ന നാട് എന്നാണ് ഈജിപ്ത് അറിയപ്പെട്ടിരുന്നത്. എന്നിട്ടും ജോസഫ് തന്‍റെ ഭാര്യയെയും കൈക്കുഞ്ഞിനെയുംകൊണ്ട് അങ്ങോട്ടേയ്ക്ക് ഓടിപ്പോയി എന്നത് സ്വന്തം നാടിന്‍റെ അരക്ഷിതാവസ്ഥയുടെ ഏറ്റവും ഭീകരമായ സൂചനയായി കാണാവുന്നതേയുള്ളു.
സ്വന്തം നാടുവിട്ട് അലയുന്നവരെ മൂന്ന് ഗണമായി തിരിക്കാവുന്നതാണ്.
ആദ്യത്തെ കൂട്ടര്‍ നാടോടികള്‍ എന്നു വിളിക്കപ്പെടുന്നവരാണ്. ഭൂമിയില്‍ പരദേശികണക്കെ ജീവിച്ച് കടന്നുപോകുന്നവര്‍. മനുഷ്യകുലത്തിന്‍റെ തുടക്കം അങ്ങനെയായിരുന്നല്ലോ. ആടുകളെ മേയിച്ച് പതിയെ കാതങ്ങള്‍ താണ്ടി പുതിയ മേച്ചില്‍പ്പുറങ്ങളില്‍ ഓരോ ദിവസവും തമ്പടിച്ച് കടന്നുപോയവര്‍. ചെല്ലുന്ന ഇടങ്ങളില്‍ കൂര കുത്തി അന്തിയുറങ്ങാന്‍ സ്ഥലം കണ്ടെത്തിയവരായിരുന്നു അവര്‍. മനുഷ്യന്‍ പുരോഗമിച്ചു എന്നുപറഞ്ഞാലും ഇന്നും ആ പുരാതനമനുഷ്യന്‍റെ ചായ്വ് പിന്‍തുടരുന്നവരെ നമ്മുടെ നാട്ടില്‍ കാണാവുന്നതാണ്.
രണ്ടാമത്തെ കൂട്ടര്‍ വിപ്രവാസികള്‍ ആണ്. സ്വന്തം നാട്ടില്‍ എത്തിച്ചേരാം എന്ന പ്രതീക്ഷയില്‍ ഇന്നും നാടിനെ സ്വപ്നംകണ്ട് അകലങ്ങളില്‍ രാപകലില്ലാതെ ക്ലേശിക്കുന്നവര്‍. എത്ര അകലെയാണെങ്കിലും തിരികെയെത്താം എന്ന നല്ല പ്രതീക്ഷ വച്ചു പുലര്‍ത്തുന്നതുകൊണ്ടുതന്നെയാണ് ഈ "ആടുജീവിതങ്ങള്‍" ഇന്നും മുന്നോട്ടുപോകുന്നത്.
മൂന്നാമത്തെ കൂട്ടര്‍ അഭയാര്‍ത്ഥികള്‍ ആണ്. സ്വന്തം മണ്ണില്‍നിന്നും പുറത്താക്കപ്പെട്ടവര്‍ ആണ് ഇവര്‍. നില്‍ക്കുന്ന ഇടം അപഹരിക്കപ്പെട്ടുപോയവര്‍. ഇവരുടെ നൊമ്പരം അതിന്‍റെ തീവ്രതയില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കാലത്തിന് ഉണക്കാന്‍ പറ്റാത്ത മുറിവ് കണക്കേ അത് ഭൂമുഖത്ത് അവശേഷിക്കുകതന്നെ ചെയ്യും.
മനുഷ്യനെപറ്റിയുള്ള ബൈബിളിന്‍റെ ആദ്യത്തെ പരാമര്‍ശം അവന്‍ മണ്ണാണ് എന്നതാണ്. മണ്ണില്‍നിന്ന് വന്നവന്‍ മണ്ണിലേയ്ക്കുതന്നെ മടങ്ങണം എന്ന പരാമര്‍ശം ഇനിയും അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഗ്രഹിക്കാന്‍ ആയിട്ടില്ല. ജനിച്ചുവളര്‍ന്ന മണ്ണിനോട് വല്ലാത്ത ഒരു ആന്തരികബന്ധം ഓരോ മനുഷ്യനും ഉണ്ട്. ആരൊക്കെ അതിന്‍റെ ആന്തരികതയെപറ്റി അല്പമെങ്കിലും ധ്യാനിച്ചിട്ടുണ്ടോ അവര്‍ക്കൊക്കെ ഇന്നിന്‍റെ അഭയാര്‍ത്ഥികളെ ഓര്‍ത്ത് ഒരുതുള്ളി കണ്ണീര്‍ പൊഴിക്കാതിരിക്കാനാവുകയില്ല. ഒരു വൈദികനെ പരിചയപ്പെട്ടു. അറുപത്തിമൂന്ന് വര്‍ഷത്തെ ആന്ധ്രായിലെ മിഷന്‍ ജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയതാണ് ആ വയോധികന്‍. ജനിച്ചുവളര്‍ന്ന ഇടവകയില്‍ സ്വന്തമെന്നുപറയാന്‍ ആകെയുള്ളത് ഒരു കൊച്ചു വീടുമാത്രമാണ്. സേവനം ചെയ്ത മേഖലയിലെ ആളുകള്‍ തിരികെ ചെല്ലാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നിട്ടും അദ്ദേഹത്തിന് പോകാനാകുന്നില്ല. ജനിച്ച മണ്ണിന്‍റെ ഭാഗമായിവേണം മടങ്ങിപ്പോകാന്‍ എന്നുപറഞ്ഞ് പതിയെ നീക്കുകയാണ് ആ ജീവിതം. മണ്ണ് മടക്കി വിളിക്കുന്നു അതിന്‍റെ സ്വരം അയാള്‍ക്ക് കൃത്യമായി കേള്‍ക്കുകയും ചെയ്യും.
ഒരു സുഹൃത്തുണ്ട്- ചങ്ങനാശ്ശേരിയില്‍നിന്ന് തൃശൂരിലേക്ക് സ്ഥലംമാറ്റപ്പെട്ട ഒരുവന്‍. കാര്യം പറഞ്ഞാല്‍ മൂന്ന് മണിക്കൂര്‍ യാത്രയുടെ ദൂരമേ ഉള്ളു. പക്ഷേ വീടിനെപറ്റി പറയുമ്പോള്‍ അവന്‍റെ സംസാരത്തില്‍ ഒരു ഗൃഹാതുരത്വം നിഴലിക്കുന്നത് കാണാം. വര്‍ഷം പത്ത് കഴിഞ്ഞിട്ടും പുതിയ വീട് അവനിനിയും സ്വന്തമായി മാറുന്നില്ല.
കുടുംബത്തില്‍ ഒരു വല്യപ്പച്ചന്‍ ഉണ്ടായിരുന്നു. 16-ാം വയസില്‍ നാടുവിട്ട് മറുനാട്ടില്‍ താമസം തുടങ്ങിയതാണ്. 90-ാം വയസില്‍ ശാന്തമായി തന്‍റെ ജീവിതം തുടരുമ്പോഴും കണ്ണുകളില്‍ ഇടയ്ക്ക് ഒരു വിഷാദം നിഴലിക്കുന്നത് കാണാമായിരുന്നു. ബന്ധുക്കള്‍ പലവുരു ചോദിച്ചപ്പോള്‍ ആണ് ഉള്ളിലെ ആ നീറ്റല്‍ പങ്കുവച്ചത്. ഒരിക്കലും തിരികെചെന്ന് ജനിച്ച മണ്ണിനോട് ഒന്നാകാന്‍ കഴിയില്ലല്ലോ എന്ന നീറ്റല്‍.
പറഞ്ഞുവന്നത് അഭയാര്‍ത്ഥികളെപറ്റിയാണ്. സ്വന്തം മണ്ണ് അപഹരിക്കപ്പെട്ടുപോയ അഭയാര്‍ത്ഥികള്‍. ജനിച്ചുവളര്‍ന്ന മണ്ണുവിട്ട് ഓടിപ്പോകേണ്ടിവരുന്നവര്‍. കാലങ്ങള്‍ കഴിയുമ്പോള്‍ അവരുടെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങുമോ എന്ന ചോദ്യം നിലനില്‍ക്കുകയാണ്. ജനിച്ച മണ്ണിനോട് തിരികെ ചേരണം എന്നുള്ളത് വെറുമൊരു വൈകാരിക പ്രകടനംപോലെ കാണേണ്ട ഒന്നല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇരുപതുനൂറ്റാണ്ടുകള്‍ക്കുമുന്‍പ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കായി ചിതറിക്കപ്പെട്ടുപോയ യഹൂദര്‍ ഒരിക്കലും തിരികെ വരരുതാത്തതായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. 2000വര്‍ഷത്തെ ഇടവേളയില്‍ എത്രയോ തലമുറകള്‍ ഇല്ലാതായി എന്നിട്ടും അവര്‍ തിരികെ വരണം എന്ന ആഗ്രഹം ഒരു സ്വപ്നംപോലെ കൊണ്ടുനടന്നൊടുവില്‍ ഒരു ബലപ്രയോഗത്തിലൂടെ അവര്‍ തിരികെയെത്തുകയും ചെയ്തു. (ഇനിയും അവിടം ശാന്തം അല്ല എന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം) ദേശാടനക്കിളികളെപറ്റി കേള്‍ക്കുന്നതും ഇപ്രകാരംതന്നെയല്ലേ, ഏതെല്ലാം ദേശത്തുകൂടി കടന്നുപോയാലും വീണ്ടും അവര്‍ സ്വന്തം ഇടങ്ങളില്‍ത്തന്നെ ഒത്തുകൂടുന്നു.
അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ചിതറിക്കപ്പെട്ട ഈ ജനം സ്വന്തം നാട്ടിലേയ്ക്ക് തിരികെ വരികതന്നെ ചെയ്യും എത്ര കാലം കഴിഞ്ഞാണെങ്കിലും.
വല്ലാത്ത ഒരു പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുകയാണ് യൂറോപ്പ്. അഭയാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ കൊട്ടിയടക്കപ്പെട്ട വാതില്‍ അവര്‍ തുറന്ന് വരികയായിരുന്നു. കാരണം ഐലന്‍ എന്ന ബാലന്‍റെ ചേതനയറ്റ ശരീരം കരയ്ക്കടിഞ്ഞപ്പോള്‍ അത് കുത്തിമുറിച്ചത് യൂറോപ്പിന്‍റെ മനസ്സാക്ഷിയെയായിരുന്നു. പക്ഷേ പാരീസില്‍ അരങ്ങേറിയ കൂട്ടക്കുരുതിയുടെ ഞടുക്കം യൂറോപ്പിനെ ആകപ്പാടെ ഗ്രസിച്ചിരിക്കുകയാണ്. തുറന്ന വാതിലുകള്‍ അടയ്ക്കാന്‍ അവര്‍ വീണ്ടും നിര്‍ബന്ധിതരാവുകയാണ്. ആരെയാണ് പഴിപറയേണ്ടത്!
മതവുമായി ബന്ധപ്പെട്ടു തുടങ്ങിയ ഈ അഭയാര്‍ത്ഥിപ്രവാഹത്തിനിടയില്‍ ചില കറുത്ത തമാശകളും അരങ്ങേറുന്നുണ്ട്. അഭയം നല്കാനാവില്ലെങ്കിലും നിങ്ങള്‍ ചെല്ലുന്ന രാജ്യങ്ങളില്‍ പള്ളികള്‍ പണിതുതരാം എന്നുപറഞ്ഞ് ചിരിക്കുന്ന അറബിയുടെ ക്രൂരമായ തമാശകള്‍.
* * * *
ഇനിയും ഇതൊന്നും എന്നെ സംബന്ധിക്കുന്നതല്ല എന്നുപറഞ്ഞ് അഭയാര്‍ത്ഥികളെ പറ്റിയുള്ള വാര്‍ത്തകളെ തള്ളിക്കളയുന്നത് നമ്മളാണ്. ഇതൊക്കെ അവിടെ സംഭവിക്കുന്നതല്ലേ. എനിക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നുപറഞ്ഞ് വളരെ നിസ്സാരമായി കൈ കഴുകുകയാണ് നമ്മള്‍. പക്ഷെ നമ്മുടെ ഇടയിലും ഇങ്ങനെ മണ്ണ് നഷ്ടപ്പെട്ടവര്‍ ഉണ്ട് എന്ന കാര്യമൊന്ന് ഓര്‍ക്കുന്നത് നല്ലതാണ്. - വിമാനത്താവളത്തിന്‍റെയും റോഡ് വികസനത്തിന്‍റെയും മെട്രോനിര്‍മ്മാണത്തിന്‍റെയും ഒക്കെ രൂപത്തില്‍, നിന്ന ഭൂമി ഇല്ലാതായി അഭയാര്‍ത്ഥികളായി മാറിയവര്‍ ഇന്ന് കേരളത്തിന്‍റെ മുന്നില്‍ ചോദ്യചിഹ്നം ആയി നില്‍ക്കുകയാണ്. നില്‍പ്പുസമരം എന്ന പേരില്‍ സെക്രട്ടറിയേറ്റിന്‍റെ മുമ്പില്‍ ഒരു ജനത തങ്ങളുടെ മണ്ണിന്‍റെ അവകാശത്തിനുവേണ്ടി പോരാട്ടം നടത്തിയിട്ട് ഒത്തിരിക്കാലമൊന്നുമായിട്ടില്ല. പക്ഷേ ഇതൊന്നും ഒരു ശരാശരി മലയാളി എന്ന നിലയില്‍ നമ്മളെ സ്പര്‍ശിച്ചതേയില്ല. അപ്പോള്‍ ചില സൂചനകള്‍ നമുക്ക് നമ്മെപ്പറ്റിതന്നെ ലഭിക്കുന്നുണ്ട്. ഹൃദയം കഠിനമായ ഒരു ജനതയുടെ, സത്രത്തില്‍ ഇടംനല്‍കാതിരുന്ന ഒരു നാടിന്‍റെ മക്കളുടെ സൂചന.
* * * *
ഒരു അഭയാര്‍ത്ഥിയായി ജനിക്കുകയും ജീവിക്കുകയും ചെയ്തതിന്‍റെ വേദന ജീവിതകാലത്ത് അനുഭവിച്ചവനാണ് ക്രിസ്തു. അന്ന് അവന് അഭയം നല്‍കിയ ചില മുഖങ്ങളെ എങ്ങനെയാണ് അവന് മറക്കാനാവുക. അതുകൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗ്ഗപ്രവേശനത്തിന്‍റെ ആറു വഴികളില്‍ ഒന്ന് പരദേശികളെ സ്വീകരിക്കുന്നവര്‍ക്കായി അവന്‍ തീറെഴുതി കൊടുത്തത്. ഇതിലും മെച്ചപ്പെട്ട എന്ത് സമ്മാനമാണ് അവനോട് കരുണ കാണിച്ചവര്‍ക്ക് അവന് നല്‍കാന്‍ പറ്റുന്നത്.
ലബനനിലും ഇറാഖിലും നമ്മുടെ കൊച്ചുകേരളത്തിലുമായി ക്രിസ്തു ഈ ഡിസംബറിലും ഇടംതേടി അലയുകയാണ്. പക്ഷെ ആ കരച്ചില്‍ നമ്മള്‍ കേള്‍ക്കുന്നില്ല. പകരം നമ്മള്‍ കേള്‍ക്കുന്നതാകട്ടെ മെറി ക്രിസ്മസ് എന്ന ആരവം. രണ്ടായിരം വര്‍ഷമായിട്ടും ഇനിയും അവന് പിറക്കാനും കിടക്കാനും ഉള്ളത് തുറസായ സ്ഥലങ്ങളും കടല്‍ത്തീരങ്ങളും മാത്രം.
ഏവര്‍ക്കും അലയുന്ന തിരുകുടുംബത്തിന്‍റെ ക്രിസ്തുമസ് ആശംസകള്‍.