6. ആറാമത്തേത്, കര്‍മ്മപദമാണ്. ചെറിയ ചെറിയ  കരുണയുടെ പ്രവൃത്തികള്‍ക്ക് ഓരോരുത്തരുടെയും പരിസരത്തിലുണ്ടാക്കാനാവുന്ന വ്യത്യാസം. കാരന്‍ തന്‍റെ ആവൃതിയിലെ ജീവിതത്തില്‍നിന്ന് ഒരു കാര്യം ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. രോഗശയ്യയില്‍, മരണവക്കിലെത്തിയ വയോധികയായ ഒരു കന്യാസ്ത്രീ. തന്‍റെ ആസന്നമരണത്തെക്കുറിച്ച് അവര്‍ വളരെ  ബോധവതിയായിരുന്നു. അതിനിടയിലും  വളരെ ചെറുപ്പത്തിലുള്ള കാതറിനോട് ചില പ്രസാദവചനങ്ങള്‍ പറയാന്‍ അവര്‍ നേരം കണ്ടെത്തി: നീ വന്നപ്പോള്‍, നീയൊരു പ്രശ്നക്കാരിയാകുമെന്നാണ് ഞാന്‍ പറഞ്ഞുകേട്ടത്. എന്നാല്‍ നീ അങ്ങനെയല്ലെന്ന് എനിക്കറിയാം. നീയൊരു നല്ലൊരു പെണ്‍കുട്ടി. Remember I told you so...

7. ഇങ്ങനെയാണ് കാരന്‍ ഇതു പറഞ്ഞ് അവസാനിപ്പിക്കുന്നത്, നല്ല വാക്കോതിയ ആ വയോധിക ഒന്നോ രണ്ടോ മണിക്കൂറിനകം  അതു മറന്നിട്ടുണ്ടാകും. എന്നാല്‍ ജീവിതകാലം മുഴുവന്‍ ആ വാക്കുകള്‍ എനിക്ക് കൂട്ടുവന്നു. വിശേഷിച്ചും ആത്മവിശ്വാസത്തിന് ഉലച്ചിലും ഇടിവും പറ്റിയ ചില മുഹൂര്‍ത്തങ്ങളില്‍ വില്യം വേര്‍ഡ്സ്വര്‍ത്തിന്‍റെ കവിത ഓര്‍ത്തെടുക്കുന്നുണ്ട് എഴുത്തുകാരി, there are in our existence spots of time, that with distinct pre-eminence retain.. തെല്ല് മനസ്സുവെച്ചാല്‍ ചില മനോഹരമുഹൂര്‍ത്തങ്ങള്‍ ആരുടെ ജീവിതത്തിലേക്കും നമുക്ക് സമ്മാനിക്കാവുന്നതേയുള്ളൂ. സ്വന്തം അറിവുകളുടെ പരിമിതികളെ തിരിച്ചറിയുക എന്നൊരു പാഠം കൂടി കാരന്‍ വച്ചുനീട്ടുന്നുണ്ട്. സോക്രട്ടീസിനെ കാണാനെത്തിയ മനുഷ്യര്‍ക്കു സംഭവിക്കുന്ന മാറ്റം പോലെയാണ്  തങ്ങള്‍ക്കു എന്തോ ചില കാര്യങ്ങള്‍ അറിയാമെന്ന ഹുങ്കോടുകൂടിയാണ് അയാളുടെ മുമ്പില്‍ അവര്‍ എത്തിയിരുന്നത്. എന്നാല്‍ നിരന്തരമായ ചോദ്യങ്ങള്‍ കൊണ്ട് സോക്രട്ടീസ് അവരുടെ അടിത്തറ കുലുക്കുന്നു. അവര്‍ തങ്ങളുടെ കടുംപിടുത്തങ്ങളില്‍ കുറേക്കൂടി അയവുള്ളവരാകുന്നു. സ്വന്തം ശാഠ്യങ്ങളോട് സന്ദേഹികളാകാനും അപരനോട് കുറേക്കൂടി തുറവിയുള്ളവരാകാനും അത് അവര്‍ക്ക് പ്രേരണയാകുന്നു. തങ്ങള്‍  ഒഴിവാക്കുന്നവയുടെ പട്ടികയല്ല, തങ്ങള്‍ സ്വാഗതം ചെയ്യുന്നവയുടെ സാധ്യതകളാണ് ജീവിതത്തെ ധനികവും പൂര്‍ണ്ണവുമാക്കുന്നതെന്നവര്‍ക്ക് പിടുത്തം കിട്ടുന്നു. ഒരു നിര്‍വ്വചനങ്ങള്‍ക്കും വഴങ്ങുന്നതല്ല ജീവിതമെന്ന ലളിതമായ പാഠംപോലും ഓരോരുത്തര്‍ക്കും എത്ര പ്രകാശമാണ് സമ്മാനിക്കുന്നത്!

8. എങ്ങനെ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് അടുത്ത അദ്ധ്യായത്തിന്‍റെ കാതല്‍. അടിച്ചേല്‍പിക്കാനും ബോധ്യപ്പെടുത്താനും ഉള്ള ബുദ്ധിപരമായ നീക്കങ്ങളായിട്ടാണ് മിക്കവാറും സംഭാഷണങ്ങള്‍ നമുക്ക് അനുഭവപ്പെടുന്നത്. സോക്രട്ടീസ് രൂപപ്പെടുത്തിയ 'ഡയലോഗു'കളുടെ പ്രസക്തി ഇവിടെയാണ്. തര്‍ക്കിച്ച് തോല്‍പിക്കാനല്ല അറിയാനും അറിയിക്കാനുമുള്ള വിനീതഭാഷണങ്ങളാണിത്. ഗംഗയുടെ പരിസരത്തുനിന്ന് തന്നെ തേടിയെത്തിയ കലമാഗോത്രക്കാരോട് ബുദ്ധ ഇടപെട്ട രീതി ശ്രദ്ധിക്കുക. അവര്‍ക്കിടയില്‍നിന്ന് ഓരോരോ കാലത്ത് രൂപപ്പെട്ട ആചാര്യന്മാര്‍ പരസ്പരം പൊരുത്തമില്ലാത്ത ധര്‍മ്മവിചാരങ്ങള്‍കൊണ്ട് സാധാരണക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന പരാതിയിലാണ് അവരില്‍ ചിലര്‍ ഗുരുവിനെ തേടിയെത്തിയത്. സ്വയം കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടും തങ്ങളുടെ ധാരണകള്‍ക്ക് യഥാര്‍ത്ഥ മൂല്യമുണ്ടെന്ന ധാരണയെ ആഴപ്പെടുത്തിയുമൊക്കെയായിരുന്നു സംഭാഷണം മുമ്പോട്ടുപോയത്.  തങ്ങള്‍ ചെറിയവരാണെന്ന തോന്നലോ ബുദ്ധ വലിയവനാണ് എന്ന ഭീതിയോ ഇല്ലാതെ നടന്ന സംഭാഷണം അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പരസ്പരവിശ്വാസമാണ് എല്ലാത്തര ഭാഷണങ്ങളുടേയും മൂലക്കല്ല്. എങ്ങനെ ഭാഷണങ്ങളില്‍ ഏര്‍പ്പെടണമെന്ന് കാരന്‍ മാതൃകയാക്കുന്നത് ഒന്ന് കോറിന്തോസ് പതിമൂന്നില്‍ സ്നേഹത്തെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്.

9. അപരന് വേണ്ടിയുള്ള കരുതലാണ്, ഈ പട്ടികയില്‍ ഒമ്പതാമത്തേത്. ലേവിയുടെ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതുപോലെ അപരിചിതര്‍ക്കും അനാഥര്‍ക്കും കൃത്യമായ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള കാരണവും  കൂട്ടിച്ചേര്‍ക്കുന്നു. ഒരിക്കല്‍ നിങ്ങള്‍തന്നെ അങ്ങനെയായിരുന്നു!  ഇസ്ലാം ഉപയോഗിക്കുന്ന 'ഹിജറ' എന്ന പദം കുടിയേറ്റം എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. സ്വന്തം ഗോത്രം വിട്ടോടിപ്പോകേണ്ടിവന്ന ഒരാള്‍ എന്ന നിലയില്‍ കുറേക്കൂടി കരുതല്‍ ഓരോരുത്തരും അര്‍ഹിക്കുന്നു എന്ന പാഠമാണ് പ്രവാചകന്‍ തന്‍റെ കാലത്തോടു പറയാന്‍ ശ്രമിച്ചിരുന്നത്. അപരന്‍റെ കരുതലാണ് നിങ്ങളുടെ ജീവിതമെന്ന് തിരിച്ചറിയുകയാണ് പ്രധാനം. ബുദ്ധ പാരമ്പര്യങ്ങളില്‍ ഇങ്ങനെയൊരു ധ്യാനരീതിയുണ്ട്.  വീടിനെ വലംചുറ്റി സഞ്ചരിക്കുമ്പോള്‍ ആ വീടിനെ പണിതുയര്‍ത്താന്‍ സഹായിച്ചവരെ ഓര്‍ക്കുക, തടി ചിന്തേരിട്ടവരും, ഇഷ്ടിക ചുട്ടവരും... അങ്ങനെയുള്ള ഓര്‍മ്മകളുടെ  പൊട്ടും പൊടിയുംകൊണ്ട് ലോകത്തോടു നിങ്ങളൊരു ജാലകം സദാ തുറന്നുവയ്ക്കും. കുറേക്കാലം മുന്‍പ് വായിച്ച ഒരു കവിത ഓര്‍ക്കുന്നു. 'എത്ര വെയിലുകൊണ്ടതാണെന്‍റെ തണല്‍'. നിങ്ങള്‍ക്കുവേണ്ടി വെയിലുകൊണ്ടുനിന്ന അച്ഛനു മാത്രമല്ല പരാമര്‍ശം. ആര്‍ക്കും  എന്തിനും ആ കവിത വഴങ്ങും.

10. അറിവിന്‍റെ പരിമിതികള്‍ തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ അതിനെ വിശാലമാക്കാന്‍ ഉതകുന്ന വായനയും പഠനവുമാണ് അടുത്ത പടി. കൂടുതല്‍ അറിയുകയാണ് ഓരോരോ കാര്യങ്ങളില്‍ കൂടുതല്‍ ആദരവ് ഉണരാനുള്ള കുറുക്കുവഴി. കാലാകാലങ്ങളായി കൊട്ടിയടച്ച എല്ലാ വാതിലുകളും തുറന്നിട്ട് കുറേക്കൂടി കാറ്റും വെളിച്ചവും സാധ്യമായ വിശാലതയുടെ സുവിശേഷം അങ്ങനെയാണിനി രൂപപ്പെടേണ്ടത്.  ഒരു ചലച്ചിത്രത്തില്‍നിന്ന്  കേട്ടപോലെ: നാം എന്തിനെയൊക്കെ തടയിട്ടോ ആരെയൊക്കെ അകറ്റിനിര്‍ത്തിയോ എന്നതിനുമേല്‍ നമ്മുടെ നന്മ അളക്കപ്പെടില്ല. നാം എന്തിനെയെല്ലാം ആശ്ലേഷിക്കുന്നു, എന്തിനെയെല്ലാം മെച്ചപ്പെടുത്തുന്നു എന്നുള്ളതാണ് ശരിയായ ഏകകം. ജ്ഞാനോപാസകരാകുന്നത് കൊണ്ടുമാത്രം എന്തുമാത്രം കുടുസ്സിടങ്ങളിലേക്കാണ് ചെറിയ പ്രാണന്‍ കുരുങ്ങിപ്പോകുന്നത്. വംശം, ഗോത്രം, ഭാഷ, മതം... ഒരാള്‍ ധനികനാകുന്നത് മടിശ്ശീലയുടെ കനം വര്‍ദ്ധിക്കുമ്പോഴല്ല, മറിച്ച് പുതിയൊരു ആശയത്തിനോ വിചാരത്തിനോ വ്യക്തിക്കോ തന്‍റെ ഹൃദയത്തില്‍ ഇടം കൊടുക്കുമ്പോഴാണ്.

11. തിരിച്ചറിയലാണ് പതിനൊന്നാമത്തേത്. മറ്റുള്ളവരുടെ വിധിയില്‍ സ്വന്തം മുഖം കാണാന്‍ കഴിയുമ്പോള്‍ ലോകം മറ്റൊരു ദര്‍പ്പണമാവുന്നു. ക്രിസ്റ്റീന നോബിളിന്‍റെ കാര്യത്തില്‍ സംഭവിച്ചതുപോലെ. ഒരു രാത്രി വളരെ ശക്തമായ ഒരു സ്വപ്നം അവര്‍ക്കുണ്ടായി. രണ്ട് കുട്ടികള്‍ നിലത്തുവീഴുന്ന ബോംബില്‍നിന്ന് രക്ഷപ്പെടാന്‍ നിലവിളിച്ച് കൊണ്ടോടുകയാണ്. അവരിലൊരാളുടെ മിഴികളില്‍  അവളോടുള്ള നിലവിളിയുണ്ടായിരുന്നു. അത് വിയറ്റ്നാമിലെ ഒരു തെരുവാണെന്ന് അവള്‍ക്ക് മനസ്സിലായി. ആ പെണ്‍കുട്ടിയുടെ മിഴികളില്‍ തന്‍റെതന്നെ അരക്ഷിതവും  നിസ്സഹായവുമായ ബാല്യമുണ്ടെന്ന് ലോകത്തിലേതു തെരുവിലെയും പെണ്‍കുഞ്ഞിന് ഭേദപ്പെട്ട ജീവിതമില്ലെന്നും നടുക്കത്തോടെ അവര്‍ തിരിച്ചറിഞ്ഞു. തെരുവിലെ, വിശേഷിച്ചും വിയറ്റ്നാമിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം നല്‍കാനുള്ള വലിയ പ്രേരണയായി മാറിയ നിമിഷമായിരുന്നുവത്. ഇത്രയും, നാടകീയമായ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍പോലും ഓരോരുത്തരുടെയും ജീവിതത്തെ സാരമായി തൊടുന്ന ഒരു കണ്ടെത്തലിന്‍റെ മുഹൂര്‍ത്തമുണ്ടാകണം. അതിനുശേഷം ജീവിതം പഴയതല്ല, ആരുടെയും.

12. ഒടുവിലായി കരുണയുടെ 'പതിനെട്ടാം  പടി'യെന്നു വിശേഷിപ്പിക്കാവുന്ന പന്ത്രണ്ടാമത്തെ പടവ്- ശത്രുവിനെ  സ്നേഹിക്കുക. കരുണയുടെ തീര്‍ത്ഥയാത്രയില്‍ ഒടുവിലായി നിങ്ങളെ കാത്തിരിക്കുന്ന പുണ്യക്ഷേത്രമാണ്. ഓരോരോ ചെറിയ ചുവടുകള്‍. നാമവിടേക്കാണ് സമീപിച്ചുകൊണ്ടിരിക്കുന്നത്... ആത്മാവിനെ വിമലീകരിക്കുന്ന നല്ലൊരു പുസ്തകത്തിന്‍റെ യുക്തിയെയും ഹൃദയത്തെയും ഒരേപോലെ  പ്രകാശിപ്പിക്കുന്ന ഒന്നിന്‍റെ വളരെ ലളിതവും ശുഷ്കവുമായ ഒരു സംഗ്രഹമായിട്ട് മാത്രം ഈ കുറിപ്പിനെ പരിഗണിച്ചാല്‍ മതി.

You can share this post!

പ്രാണനെ മെച്ചപ്പെടുത്തുന്നവര്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

നെരിപ്പോട്

ബോബി ജോസ് കട്ടികാട്
Related Posts