news-details
കാലികം

മതങ്ങള്‍ മനുഷ്യനെ തമ്മിലടിപ്പിക്കുന്ന, അല്പംകൂടി വ്യക്തമായി പറഞ്ഞാല്‍ മതങ്ങളുടെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. മതങ്ങളാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാപം എന്ന വാദം പല കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നു. ഈ വാദത്തെ ഒരുപരിധിവരെ ശരിവയ്ക്കുന്ന ചരിത്രവസ്തുതകളും (കുരിശുയുദ്ധം പോലെയുള്ളവ) നമുക്ക് മുന്നില്‍ ധാരാളം ഉണ്ട്. എന്നാല്‍ മതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ കുറ്റക്കാര്‍ ആണോ?

മതങ്ങള്‍ മനുഷ്യര്‍ക്ക് ദൈവസങ്കല്പം പ്രദാനം ചെയ്യുന്നു അതോടൊപ്പം മനുഷ്യര്‍ എങ്ങനെ ജീവിക്കണം എന്നതിനെപ്പറ്റി നിര്‍ദ്ദേശങ്ങളും നല്കുന്നു. മതഗ്രന്ഥങ്ങളാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്കും ദൈവസങ്കല്പങ്ങള്‍ക്കും ആധാരം. എല്ലാ മതങ്ങളുടെയും അന്തസ്സത്ത സ്നേഹം ആണെന്നാണ് മതവിശ്വാസികള്‍ വിശ്വസിക്കുന്നത്. പിന്നെ എങ്ങനെയാണ് മതങ്ങള്‍ മനുഷ്യനെ തമ്മിലടിക്കാന്‍ പ്രേരിപ്പിക്കുന്നത്?

മതം എന്നത് ഒരിക്കലും സ്ഥായിയായ ഒരു പ്രതിഭാസം അല്ല എന്നുള്ളതാണ് ഒരു കാര്യം. ഓരോ കാലത്തിന്‍റെയും ദേശത്തിന്‍റെയും രീതികള്‍ അനുസരിച്ച് മതവും രൂപാന്തരപ്പെടുന്നു. വിശ്വാസികളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനങ്ങള്‍ ഉണ്ടാവുന്നു. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നത് വിശ്വാസികളില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആയതുകൊണ്ട് ഇത് വളരെ സാധാരണം ആയ ഒരു പ്രതിഭാസം ആണ്.

മനുഷ്യനു നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നല്‍കി എന്നുപറയുമ്പോള്‍ മനുഷ്യമനസ്സിനു നന്മയിലേക്കും തിന്മയിലേക്കും തുല്യമായ ചായ്വ് ഉണ്ടെന്നു വേണം കരുതാന്‍. അങ്ങനെ ഈ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും മനുഷ്യസമൂഹങ്ങള്‍ക്കും മതങ്ങളുടെ അടിസ്ഥാന തത്ത്വമായ സ്നേഹത്തില്‍നിന്നും വ്യതിചലിക്കാന്‍ ഉള്ള പ്രേരണ ഉണ്ടാവുന്നു. മതങ്ങളുടെ അടിസ്ഥാനതത്ത്വം സ്നേഹം ആണ് എന്നുപറയുമ്പോള്‍ ഈ സ്നേഹം പലപ്പോഴും യുക്തിക്ക് നിരക്കാത്തതാണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. അന്യജീവനുതകി സ്വജീവിതം ഇല്ലാതാക്കുന്നതാണല്ലോ സ്നേഹം. സ്നേഹിതനുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല എന്ന് ക്രിസ്തുമൊഴി.

യുക്തിസഹമല്ലാത്ത എല്ലാത്തിനെയും എതിര്‍ക്കാനുള്ള കഴിവും മനുഷ്യനില്‍ നിക്ഷിപ്തമാണ്. അങ്ങനെ മതം നല്‍കുന്ന മനശ്ശാന്തി അനുഭവിക്കുകയും അതിന്‍റെ അന്തസത്തയായ ആത്മദാനപരതയെ നിരസിക്കുകയും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാവുന്നു. ദൈവം മനുഷ്യനെ സ്നേഹിക്കുന്നു എന്ന് പറയുമ്പോള്‍ സ്നേഹിക്കുന്ന ദൈവം നന്മയെ വരുത്തൂ എന്നും മനുഷ്യര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ നന്മ ആദ്യം തനിക്കും പിന്നെ തന്‍റെ കുടുംബത്തിനും അതിനുശേഷം നാടിനും മിച്ചമുള്ളത് ഇതര ദേശങ്ങള്‍ക്കും നല്കുന്നു എന്നതാണ് ഒട്ടുമിക്ക വിശ്വാസികളുടെയും ചിന്ത. അങ്ങനെ അല്ല എന്നു കരുതുന്ന ചുരുക്കം ചിലരാണ് സ്വയം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ തയ്യാറാവുന്നത്.

ഇത്തരം യുക്തിപരം അല്ലാത്ത സ്നേഹം ആണ് ക്രിസ്തുവും വെളിച്ചം ഉണ്ടായിരുന്നവരും ലോകത്തെ പഠിപ്പിച്ചത്. ഈ സ്നേഹമാണ് ഗുരുക്കന്മാര്‍ മതങ്ങളിലൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. അത്യന്തം ക്ലേശകരമായ ഈ ജീവിതമാര്‍ഗ്ഗത്തെ ക്രിസ്തു ഇടുങ്ങിയവഴി എന്ന് വിളിച്ചു. മനുഷ്യനോടുള്ള ആത്മദാനപരമായ സ്നേഹം അന്യോന്യം പങ്കുവെച്ച് മാനവസേവ തന്നെ മാധവസേവ എന്ന തത്ത്വം അനുസരിച്ച് ജീവിക്കുന്നവര്‍ക്കേ മതവിശ്വാസം വീണ്ടെടുക്കാനാവൂ. അധികാരവും മനസുഖവും പരലോകവും കാംക്ഷിച്ച് ദൈവത്തിനുവേണ്ടി വാള്‍ ഓങ്ങുന്നവരും വാക്കോങ്ങുന്നവരും മതങ്ങളെ ദൈവത്തിനും ഭൂമിക്കും വെറുക്കപ്പെട്ടതാക്കി മാറ്റും. 

You can share this post!

തിരിഞ്ഞുനോട്ടം

സ്വപ്ന ചെറിയാന്‍
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts