കാരുണ്യത്തിന്‍റെ വലിയ കവാടങ്ങള്‍ ലോകമെങ്ങും തുറക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യന്‍റെ ഉള്ളിലെ നനവുകളെ കണ്ടെത്താന്‍, വീണ്ടെടുക്കാന്‍ അവന്‍റെ നന്മകളെ ഉണര്‍ത്താന്‍ കാരുണ്യത്തിനപ്പുറം വേറെ വഴികളൊന്നുമില്ല എന്നുതന്നെ വേണം അനുമാനിക്കാന്‍.
എന്നാല്‍ ഹീബ്രുഭാഷയില്‍ Hesed എന്ന വാക്കാണ് കാരുണ്യത്തെ കുറിക്കുന്നത്. പാറപോലെ ഉറച്ച് നിത്യതയിലേക്ക് നിലനില്‍ക്കുന്ന സ്നേഹം എന്നാണ് അത് വ്യാഖ്യാനിക്കപ്പെടുക. അതു വൈകാരിക തലത്തിനുമപ്പുറമാണ്. അതൊരു തീരുമാനമാണ്. ഒന്നിനും പിന്തിരിപ്പിക്കാന്‍ കഴിയാത്ത തീരുമാനം. ദൈവത്തിന് ഇസ്രായേലിനോടുണ്ടായിരുന്നത് ഈ കാരുണ്യമായിരുന്നു. അത് ക്രിയാത്മക സ്നേഹമാണ്.
മോറല്‍ തിയോളജി ക്ലാസില്‍ ഫെലിക്സ് അച്ചന്‍ പറയുന്നത് ഓര്‍ക്കുന്നുണ്ട്. ഒരു മനുഷ്യനും 100% തിന്മയിലാകാന്‍ പറ്റില്ല. അതുപോലെ 100% നന്മയിലും. 99.99% എന്ന രീതിയില്‍ നീങ്ങുന്ന ശതമാനക്കണക്കല്ലാതെ 100ലേയ്ക്ക് ഒരിക്കലും അച്ചന്‍റെ ക്ലാസുകളില്‍ മനുഷ്യന്‍റെ തിന്മയെ ചിത്രീകരിച്ചിട്ടില്ല. അപ്പോള്‍ എത്രവലിയ ദുഷ്ടനിലും നന്മയുടെ പൊടിപ്പ് ഉണ്ട് എന്നതുതന്നെയാണ് സത്യം. പക്ഷേ അതിന് വളരാന്‍ വേണ്ട സാഹചര്യം ഇനിയും ഉണ്ടായിട്ടില്ല.
കേട്ടിട്ടില്ലേ 2500ല്‍പരം പഴക്കം ഉള്ള പിരമിഡില്‍ അടക്കം ചെയ്ത വിത്തിനെപ്പറ്റി. ഈ നൂറ്റാണ്ടില്‍ അവ വീണ്ടും വിതച്ചപ്പോള്‍ കതിരുകള്‍ പൊട്ടിമുളച്ചു. 2500 വര്‍ഷം അതില്‍ നിന്നും ഒന്നും ഉണ്ടായില്ല. കാരണം സാഹചര്യം ഇല്ലായിരുന്നു എന്നതുതന്നെ. ചില അടച്ചുപൂട്ടലുകള്‍ ഉണ്ടായതുകൊണ്ട് തന്നെയാവണം നന്മകള്‍ ഒന്നും പുറത്തേയ്ക്ക് വരാതിരുന്നത്. എന്നുവച്ച് അഗ്നിയില്‍ ദഹിപ്പിക്കാന്‍ പാടുണ്ടോ? പാടില്ല എന്നുതന്നെയാണ് ക്രിസ്തു പറയുന്നത്. കാരണം ഇനിയും നന്മകള്‍ ഒരുവനില്‍ നല്ല സാഹചര്യത്തിനുവേണ്ടി ഒളിവില്‍ കഴിയുകയാണ്.
വാതിലുകള്‍തുറന്നിടുന്നത് ഒരു പ്രതീകമായിവേണം കാണാന്‍ എന്നാണ് തേലക്കാട്ടച്ചന്‍ ശഠിക്കുന്നത്. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതിന്‍റെ സ്വീകരിക്കുന്നതിന്‍റെ പ്രതീകം. അത്രയും വലിയ കാരുണ്യത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാ കറകളും തീര്‍ച്ചയായും കഴുകി മാറ്റപ്പെടുകതന്നെ ചെയ്യും. അതില്‍ അപകടം ഉണ്ട് എന്നത് സത്യമാണ്. ഒരു രക്തസാക്ഷിത്വത്തിന്‍റെ അപകടം.
മതത്തിന്‍റെ പേരില്‍ തുടങ്ങിയ ഭീകരരുടെ തേര്‍വാഴ്ച അതിന്‍റെ പാരമ്യത്തില്‍ അരങ്ങേറുമ്പോള്‍ ജനം വല്ലാതെ രോഷം കൊള്ളുന്നുണ്ട്. ചിലരുടെ രോഷങ്ങള്‍ അതിരുകടന്ന് മതങ്ങളെ തന്നെ ഇല്ലാതാക്കണം എന്ന നിലപാട് സ്വീകരിക്കുന്നുണ്ട്. പക്ഷേ ഈ ക്രൂരതയുടെ സങ്കടത്തെ ആവശ്യത്തിലധികം ഉള്ളില്‍പേറുന്ന പരി. പിതാവ് പറയുന്നത് കേള്‍ക്കുക.
"എല്ലാ മതങ്ങളിലും ഉള്ള ഒരു രോഗമാണ് തീവ്രവാദം. കത്തോലിക്കരായ നമ്മുടെ ഇടയിലും ഉണ്ടായിരുന്നു അത്. ചരിത്രത്തിന്‍റെ ഒരു കാലഘട്ടത്തില്‍ കുറേയേറെ തീവ്രവാദസംഘങ്ങള്‍ ഉണ്ടായി എന്നു കരുതി ഒരു മതത്തെ നിരോധിക്കാനാവില്ല. അവര്‍ക്ക് (മുസ്ലീങ്ങള്‍ക്ക്) സുകൃതങ്ങള്‍ ഉണ്ട്. അതിനാല്‍ അവരുമായി സംവാദത്തില്‍ ഏര്‍പ്പെടുക." (കാരുണികന്‍, ഡിസം. 2012)
തേലക്കാട്ടച്ചന്‍റെ ഭാഷയില്‍ ഏറ്റവും അപകടം പിടിച്ച പുണ്യമാണ് കാരുണ്യം. കാരണം അതിന് പരിധിയില്ല. അത് നല്കുന്നതാകട്ടെ അര്‍ഹതയില്ലാത്തവര്‍ക്കും. അര്‍ഹതയില്ലാത്ത ഒരുവന് എന്തെങ്കിലും നല്കുക എന്നത് അതിതീവ്രമായ രക്തസാക്ഷിത്വത്തിന്‍റെ അനുഭവം ആണ്.
കുരിശിലെ ക്രിസ്തുവിനെപറ്റി കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ കഥ കുത്തിപ്പിളര്‍ക്കപ്പെട്ട നെഞ്ചില്‍നിന്ന് തെറിച്ച രക്തതുള്ളി മുറിവേല്പിച്ചവന്‍റെ അന്ധത മാറ്റി എന്നുള്ളതാണ്. കുത്തിമുറിവേല്പിക്കുമ്പോഴും ഒരുവന് സൗഖ്യം നല്കുന്ന കാരുണ്യത്തെപറ്റി വേറെ എവിടെയും കേട്ടിട്ടില്ല. ആ കാരുണ്യം ക്രിസ്തുവിനു മാത്രം സ്വന്തം.
പുതിയ സന്ന്യാസാര്‍ത്ഥികളെ പ്രമോട്ട് ചെയ്യുമ്പോള്‍ ശക്തമായ സ്ക്രീനിംഗ് വേണമെന്നു സഭയിലെ ഒരു കൂടിചേരലിന്‍റെ ഇടയില്‍ നിര്‍ദ്ദേശം ഉണ്ടായി. എല്ലാവരും പറഞ്ഞ് പൂര്‍ത്തിയായപ്പോള്‍ അത്രയും നേരത്തെ ചര്‍ച്ചകളില്‍ ഒന്നും മിണ്ടാതിരുന്ന ഒരു മെല്ലിച്ച സഹോദരന്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു; 'അങ്ങനെ കഠിനമായ തീരുമാനമൊന്നും എടുക്കരുതേ. പരിശീലനത്തിന്‍റെ പല ഘട്ടങ്ങളിലായി പലരില്‍ നിന്നും ലഭിച്ച കാരുണ്യംകൊണ്ട് മാത്രം സന്ന്യാസവസ്ത്രം കിട്ടിയവനാണ് ഈ ഞാന്‍. അന്ന് ഈ പറയുന്ന രീതിയില്‍ സ്ക്രീനിംഗ് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഇന്ന് ഉണ്ടാകുമായിരുന്നില്ല. ദയവുചെയ്ത് സ്ക്രീനിംഗ് നടത്തുമ്പോള്‍ കാരുണ്യത്തോടെ അതു ചെയ്യണമേ.' പറഞ്ഞുതീരുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നനവ് ഉണ്ടായിരുന്നു. കേട്ട പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സത്യമല്ലേ, എത്രയോ പേരുടെ കാരുണ്യത്തിന്‍റെ ഫലമാണ് നമ്മള്‍ ഇന്ന് ആയിരിക്കുന്ന ഈ ഇടം.
ജീവിതത്തില്‍ ഒരാള്‍ മൂന്നു തലത്തിനോട് കാരുണ്യം കാട്ടേണ്ടതുണ്ട്. ഒന്ന് ജീവിക്കുന്ന വലിയ ചുറ്റുപാടിനോട്. രണ്ട് ഇടപഴകുന്ന സമൂഹത്തിലെ അംഗങ്ങളോട്. മൂന്ന് സ്വന്തം ജീവിതത്തോട്. ആദ്യത്തേതു രണ്ടും പലപ്പോഴായി നടക്കുന്നുണ്ട്. എന്നാല്‍ മൂന്നാമത്തെ തലം എത്രകണ്ട് മനുഷ്യന്‍ ഗൗരവപൂര്‍വ്വം എടുത്തിട്ടുണ്ട് എന്നു ചിന്തിക്കേണ്ടിരിക്കുന്നു, വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന വചനത്തെ ഈ കാഴ്ചപ്പാടിനോട് ചേര്‍ത്തു വയ്ക്കാവുന്നതാണ്. സ്വയം കാരുണ്യം കാണിക്കാതെ, സ്വന്തം തെറ്റുകള്‍ക്ക് സ്വയം മാപ്പുകൊടുക്കാതെ എങ്ങനെയാണ് വേറൊരാളെ നിരുപാധികം സ്വീകരിക്കാന്‍ സാധിക്കുക. കുമ്പസാരക്കൂടുകളില്‍ സമയം ചെലവിടുമ്പോള്‍ ഏറ്റവും സങ്കടപ്പെടുത്തുന്നതും ഇതുതന്നെ. തെറ്റുകള്‍ക്ക് മാപ്പുനല്കാതെ സ്വയം തടവറകള്‍ തീര്‍ത്ത് ജീവിതത്തെ ഇല്ലാതാക്കുന്നവര്‍.
കാരുണ്യം നീതിയുമായി തട്ടിച്ചുനോക്കാന്‍ പറ്റുന്ന ഒന്നല്ല. അത് നീതിക്ക് പുറമേ ഉള്ളതാണ്. രണ്ടു നാണയത്തിന് അഞ്ചു കുരുവികള്‍. അതിലെ അഞ്ചാമത്തെ കുരുവിയായി കാരുണ്യത്തെ വായിച്ചെടുക്കാവുന്നതേയുള്ളൂ. കാരണം അത് ഔദാര്യമാണ്.
അപ്പന്‍റെ അടുത്ത് നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമോ എന്നു കുട്ടി. തരാം എന്ന് അപ്പന്‍. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സൈക്കിളിനെ പറ്റി ഓര്‍മ്മ ഉണ്ടായെങ്കിലും ഉഴപ്പു തുടങ്ങി. മാര്‍ക്കുവന്നപ്പോള്‍ 8 നിലയില്‍ പൊട്ടി. സൈക്കിള്‍ പോയിട്ട് പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ ചോദിക്കാന്‍ പേടി. തല കുനിച്ചുനില്‍ക്കുമ്പോള്‍ തോളില്‍ ഒരു തട്ട് കിട്ടി. വൈകുന്നേരം അപ്പന്‍റെ കൂടെ കടയിലേക്ക് ഇറങ്ങുമ്പോള്‍ പിറകില്‍ അമ്മയുടെ വിലക്ക് കേള്‍ക്കാം. എന്നാലും അപ്പന്‍ ആ വിലക്കുകളെ മറികടന്നു പോയി. കാരണം അപ്പന്‍റെ ഉള്ളില്‍ പ്രതീക്ഷ ഉണ്ട്. ഇന്ന് സൈക്കിള്‍ ചവിട്ടുമ്പോള്‍ അവന്‍റെ ഉള്ളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ട്, അപ്പന്‍റെ തല ഇനി ഞാന്‍ കാരണം താഴാന്‍പാടില്ല. ഇങ്ങനെ തന്നെയാണ് കാരുണ്യം ലോകത്തെ വീണ്ടെടുക്കുന്നത്.
ലേവ്യരുടെ പുസ്തകത്തില്‍ ഒരു ആഹ്വാനം ജനത്തിന് ഉണ്ട് ദൈവത്തിന്‍റെ ഒപ്പം പരിശുദ്ധരാകുവാന്‍ ഉള്ള ആഹ്വാനം. (ലേവ്യര്‍ 20:26) ലൂക്കായിലൂടെ ക്രിസ്തു തന്‍റെ കരുണയുടെ സുവിശേഷം അറിയിക്കുമ്പോള്‍ അതിന് ഒരു മാറ്റം വരുത്തുന്നുണ്ട്. പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന് (ലൂക്ക് 6:36) അപ്പോള്‍ പരിശുദ്ധിയിലേക്ക് ഉള്ള വളര്‍ച്ച എന്നത് കാരുണ്യത്തിലൂടെ എന്ന് ഒരു വെളിച്ചം കിട്ടുന്നുണ്ട്.
എല്ലാ മനുഷ്യര്‍ക്കും കാരുണ്യത്തെപറ്റി പറയാന്‍ എന്തെങ്കിലുമൊക്കെയുണ്ടാവും. കുറിപ്പ് എഴുതിത്തുടങ്ങുന്നതിന് മുന്‍പ് ഒരു സുഹൃത്തിനോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോ എന്ന്. അപ്പോള്‍ ആള്‍ പറഞ്ഞത് ചുവടെ ചേര്‍ക്കുന്നു.
കരുണ, അതൊരു അനുഭവമാണ്. ഒരു തഴുകലായി, നേര്‍ത്തൊരു കാറ്റായി, നേരിയൊരു പുഞ്ചിരിയായി, ഒരു നിറകണ്‍നോട്ടമായി, കുഞ്ഞൊരു നിശ്വാസമായി, ചിലപ്പോഴൊരു നെടുവീര്‍പ്പായി, മറ്റുചിലപ്പോള്‍ നീണ്ടയൊരു മൗനമായി, ഒരു പക്ഷേ ഒരു മൃദുസ്പര്‍ശമായി തലോടിയാശ്വസിപ്പിക്കുന്ന സാന്ത്വനം. കരുണ ഒരുവന്‍റെ ഹൃദയത്തിന്‍റെ, മനസ്സിന്‍റെ മുറിവുകളെ സൗഖ്യപ്പെടുത്തുന്നു. ഇതൊരിക്കലും പിടിച്ചുവാങ്ങിയോ, ഇരന്നുവാങ്ങിയോ അനുഭവിക്കേണ്ടതല്ല. ജീവനുള്ള എതൊന്നിനും മറ്റുള്ളവരില്‍ നിന്ന് അവകാശപ്പെട്ട, നിഷേധിക്കപ്പെടരുതാത്ത ഒരു കരുതല്‍ കൂടിയാണിത്.
ഏവര്‍ക്കും കാരുണ്യത്തിന്‍റെ പുതുവത്സരാശംസകള്‍.