news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

പതിവുപോലെ ജോലികഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവള്‍. മോണ്ട്ഗോമറി സിറ്റിയിലെ ക്ലീവ്ലാന്‍ഡ് അവന്യൂവിലേക്കുള്ള ബസില്‍, തുന്നല്‍ക്കാരിയായ ആ കറുത്ത പെണ്ണ് വിതച്ച പ്രതിഷേധത്തിന്‍റെ കാറ്റ് വൈകാതെ അമേരിക്കയില്‍ വര്‍ണ്ണവിവേചനത്തിനും അനീതിക്കുമെതിരെയുള്ള കൊടുങ്കാറ്റായി മാറി. മനുഷ്യാവകാശ സമരങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലുമായ റോസ പാര്‍ക്സ് എന്ന ആ നീഗ്രോ വനിതയെ ആധുനിക കാലത്തെ പൗരാവകാശപ്രവര്‍ത്തന ങ്ങളുടെ അമ്മയെന്നാണ് പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസ്  വിശേഷിപ്പിച്ചത്.

വര്‍ഷം 1955. വര്‍ണ്ണവിവേചനം കൊടികുത്തിവാണിരുന്ന കാലമായിരുന്നു അത്. വാഹനങ്ങളിലും കടകളിലും വിദ്യാലയങ്ങളിലുമെന്നുവേണ്ട സമൂഹത്തിന്‍റെ സമസ്തമേഖലയിലും കറുത്തവനും വെളുത്തവനുമെന്ന വേര്‍തിരിവ് രൂഢമൂലമായി രുന്നു. ട്രാന്‍സ്പോര്‍ട്ട് ബസുകളിലെല്ലാം മുന്നിലെ 10 സീറ്റുകള്‍ വെളുത്തവര്‍ക്കായി റിസര്‍വ് ചെയ്തിരുന്നു. അതിനു പിന്നിലെ സീറ്റുകളിലേ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് സ്ഥാനമുണ്ടായിരുന്നുള്ളു. ഡിസംബര്‍ 1നു വൈകുന്നേരം മൊണ്ട്ഗോമറിയിലെ ആ ബസില്‍ ഏതാണ്ട് നടുക്കായി, വെളുത്തവര്‍ക്ക് റിസര്‍വ് ചെയ്ത സീറ്റുകള്‍ക്ക് തൊട്ടുപിന്നിലത്തെ വരിയിലാണ് റോസ ഇരുന്നത്. അല്‍പ്പം കഴിഞ്ഞതോടെ ബസില്‍ യാത്രക്കാര്‍ നിറഞ്ഞു. പിന്നെയും രണ്ടു സ്റ്റോപ്പുകള്‍ക്കപ്പുറം, കയറിയ വെള്ളക്കാരനായി പിന്‍നിരയിലെ നാലുപേരും സീറ്റൊഴിഞ്ഞു നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യമെതിര്‍ത്തെങ്കിലും അവള്‍ക്കരികിലിരുന്ന പുരുഷനുള്‍പ്പെടെ മൂന്ന് പേര്‍ സീറ്റൊഴിഞ്ഞു നല്‍കി. എന്നാല്‍ സീറ്റില്‍ നിന്നെഴു ന്നേല്‍ക്കാന്‍ റോസ തയ്യാറായില്ല. വാക്കുതര്‍ക്കമായി. എഴുന്നേറ്റു മാറിയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഡ്രൈവറുടെ ഭീഷണിയും അവളുടെ മുന്നില്‍ വിലപ്പോയില്ല. ഒടുവില്‍ പോലീസെത്തി അവളെ അറസ്റ്റ് ചെയ്തു നീക്കി. രാജ്യത്ത് വംശീയ വേര്‍തിരിവുകള്‍ നിലനിര്‍ത്തുന്നത് ലക്ഷ്യമിട്ട് അന്നു പ്രാബല്യത്തിലുണ്ടായിരുന്ന ജിം ക്രോ നിയമത്തിന്‍റെ ലംഘനമാരോപിച്ച് റോസയ്ക്കെതിരേ കേസെടുത്തു, ജയിലിലടച്ചു. തുടര്‍ന്ന് വര്‍ണ്ണ വിവേചനത്തിനെതിരേ അമേരിക്കയിലെ എക്കാലത്തെയും വലിയ ജനകീയപ്രക്ഷോഭം തന്നെ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

വെളുത്തവര്‍ക്ക്, ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ മുന്നിലെ 10 സീറ്റുകള്‍ സംവരണം ചെയ്തുകൊണ്ടുള്ള നിയമം മോണ്ട്ഗോമെറി നഗരത്തില്‍ 1900 ലായിരുന്നു പ്രാബല്യത്തില്‍ വന്നത്. ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള അധികാരം ബസ് കണ്ടക്ടര്‍ക്ക് നല്‍കിയിരുന്നു. പില്‍ക്കാലത്ത് ഒരു പടികൂടിക്കടന്ന് ആ പത്ത് വെളുത്ത സീറ്റുകളും നിറഞ്ഞു കഴിയുമ്പോള്‍ പിന്നിലെ കറുത്ത സീറ്റുകള്‍ കൂടി ഒഴിഞ്ഞു നല്‍കാന്‍ ആവശ്യപ്പെടുന്നത് കണ്ടക്ടര്‍മാര്‍ പതിവാക്കി. ഈ കീഴ്വഴക്കത്തിന്‍റെ ലംഘനമായിരുന്നു റോസ പാര്‍ക്സ് ചെയ്ത കുറ്റം.

ഇതിനൊക്കെ മുമ്പുതന്നെ കറുത്ത വര്‍ഗ്ഗക്കാരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന NAACP (National Association for the Advancement of Colored People) എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു റോസ. തൊലിയുടെ നിറത്തെച്ചൊല്ലിയുള്ള മനുഷ്യത്വരഹിതമായ വിവേചനത്തിനും അനീതിക്കുമെതിരേ ശബ്ദമുയര്‍ത്തിയ ആ സാഹചര്യത്തെ പിന്നീടൊരഭിമുഖത്തില്‍ അവര്‍ ഇങ്ങനെ വിശദീകരിച്ചു "അന്ന്, ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന എന്നോട് മോശമായി പെരുമാറിയത് എനിക്കു സഹിച്ചില്ല. ആ സമയത്ത് അങ്ങനെ തോന്നി, അനീതിക്കെതിരേ പ്രതികരിക്കാനുള്ള നല്ല അവസരമായിരുന്നു അത്. അറസ്റ്റ് വരിക്കാനൊന്നും സത്യത്തില്‍ എനിക്കുദ്ദേശ്യമില്ലായിരുന്നു. ഒരുപാടുകാര്യങ്ങള്‍ ജയിലിനു പുറത്ത് എനിക്കു ചെയ്യാനുമുണ്ടായിരുന്നു. എങ്കിലും, അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ ഞാന്‍ മടിച്ചില്ല. എത്രയോ കാലമായി ഈ അടിമത്തം ഞങ്ങള്‍ അനുഭവിക്കുകയാണ്. കൂടുതല്‍ വഴങ്ങിക്കൊടുക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ അസഹനീയമാവുകയായിരുന്നു.."

വര്‍ണ്ണവിവേചന നിയമം ലംഘിച്ച കുറ്റം ചുമത്തപ്പെട്ട് ജയിലിലായ അവളെ  എഡ്ഗാര്‍ നിക്സണും സുഹൃത്തായ ക്ലിഫോര്‍ഡ്ഡര്‍ ഉം ചേര്‍ന്ന് പിറ്റേന്ന് വൈകുന്നേരത്തോടെയാണ് ജാമ്യത്തിലിറക്കിയത്. നിക്സണ്‍, അലബാമ സ്റ്റേറ്റ് കോളേജിലെ പ്രഫസറും വിമെന്‍സ് പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗവുമായിരുന്ന ജോ ആന്‍ റോബിന്‍സണോട് ഈ വിഷയം ചര്‍ച്ച ചെയ്തതാണ് വഴിത്തിരിവായത്. വര്‍ണ്ണവിവേചനത്തിനെതിരേ ഈ അവസരം പരമാവധി മുതലെടുക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങി. ഒരൊറ്റരാത്രി കൊണ്ട് ഈ വിഷയം വ്യക്തമാക്കുന്ന ലഘുലേഖയുടെ 35000 പകര്‍പ്പെടുത്തു. പിറ്റേന്ന് ഡിസംബര്‍ 4, ഞായറാഴ്ച്ചയായിരുന്നു. മോണ്ട്ഗോമറിയിലെ സകല ട്രാന്‍സ്പോര്‍ട്ട് ബസുകളും ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം അന്നാട്ടിലെ കറുത്തവര്‍ഗ്ഗക്കാരുടെ പള്ളികളില്‍ വായിച്ചു. മോണ്ട്ഗോമറി അഡ്വര്‍ട്ടൈസര്‍ എന്ന പത്രം മുന്‍പേജില്‍ത്തന്നെ വാര്‍ത്ത നല്‍കി. അന്നുരാത്രി നഗരത്തില്‍ നടന്ന ഒരു സഭാറാലിയില്‍ പങ്കെടുത്തവരെല്ലാം ഈ ബഹിഷ്കരണത്തില്‍ പങ്കെടുക്കുമെന്ന് ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.

അടുത്ത ദിവസം റോസ പാര്‍ക്സിനെ കോടതി വിചാരണ ചെയ്തു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും നിയമം ലംഘിച്ചതിനും 14 ഡോളര്‍ പിഴയിട്ടു. താന്‍ നേരിട്ട അനീതിയെയും വര്‍ണ്ണ വിവേചനത്തെയും ചോദ്യം ചെയ്ത് അവള്‍ പ്രതികരിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.  

റോസ വിചാരണ ചെയ്യപ്പെട്ട 1955 ഡിസംബര്‍ 5ന് വിമെന്‍ പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ആ 35000 ലഘുലേഖകളും മോണ്ട്ഗോമറിയിലെ തെരുവുകളില്‍ വിതരണം ചെയ്തു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു " ഈ അറസ്റ്റിലും വിചാരണയിലും പ്രതിഷേധിച്ച് സകല ട്രാന്‍സ്പോര്‍ട്ട് ബസുകളും ബഹിഷ്ക്കരിക്കുവാന്‍ ഇന്നാട്ടിലെ എല്ലാ കറുത്തവര്‍ഗ്ഗക്കാരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. തിങ്കളാഴ്ച്ച വിദ്യാലയങ്ങള്‍ ഒഴിവാക്കുക. ടാക്സിയിലോ നടന്നോ മാത്രം ജോലിക്കു പോവുക. ബസുകളെല്ലാം ബഹിഷ്ക്കരിക്കുക.."

അന്ന് മഴയുള്ള ദിവസമായിരുന്നു. എങ്കിലും കറുത്തവര്‍ ഒറ്റക്കെട്ടായി ബസുകള്‍ ബഹിഷ്ക്കരിച്ചു. ചിലര്‍ കറുത്തവര്‍ മാത്രം ഓടിക്കുന്ന ടാക്സിയെ ആശ്രയിച്ചു. ബാക്കിയുള്ളവര്‍ നടന്നു. 30 കിലോമീറ്റര്‍ ദൂരം വരെ നടന്നു താണ്ടിയവരുമുണ്ടാ യിരുന്നു അക്കൂട്ടത്തില്‍.

തുടര്‍ന്നുള്ള സമരങ്ങള്‍ക്കും ബഹിഷ്ക്കരണങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ അവര്‍ മോണ്ട്ഗോമറി ഇംപ്രൂവ്മെന്‍റ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. നേതൃത്വം വഹിക്കാന്‍ നഗരത്തില്‍ പുതുമുഖമായെത്തിയ ഡെക്സ്റ്റര്‍ അവന്യു ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പുരോഹിതന്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിനെ തെരഞ്ഞെടുത്തു.

റോസ പാര്‍ക്സ് തെളിച്ച പ്രതിഷേധത്തിന്‍റെ തിരിനാളം ഒരു കാട്ടുതീയായി പടരുകയായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിന്‍റെ നേതൃത്വത്തില്‍ 381 ദിവസം നീണ്ട തുടര്‍ച്ചയായ ബസ് ബഹിഷ്ക്കരണത്തിന് മോണ്ട്ഗോമറി സാക്ഷ്യം വഹിച്ചു. ഒടുവില്‍ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് വര്‍ണ്ണവിവേചന നിയമം മാറ്റിയെഴുതാന്‍ നഗരസഭയെ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി വിധിയെഴുതി.

1913 ഫെബ്രുവരി 4 ന് അലബാമയിലാണ് റോസ ലൂയി മെക്കാളെ ജനിച്ചത്. അമ്മ ലിയോണ അധ്യാപികയും അച്ഛന്‍ ജെയിംസ് മരപ്പണിക്കാരനുമായിരുന്നു. റോസയുടെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അങ്ങനെയാണവള്‍ അമ്മയ്ക്കൊപ്പം മോണ്ട്ഗോമറിയിലെത്തിയത്. പതിനൊന്നാം വയസ്സുവരെ മാത്രമേ അവള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നേടാനായുള്ളു. സുഖമില്ലാതായ അമ്മൂമ്മയെയും തുടര്‍ന്ന് അമ്മയെയും ശുശ്രൂഷിക്കാനായി അവള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
അടുത്ത രചന

ദയയുടെ നദി!

വിപിന്‍ വില്‍ഫ്രഡ്
Related Posts