മാനസികാരോഗ്യ പരിചരണം വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ചങ്ങലകളില്‍ കിടന്ന മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ ചങ്ങലകളില്ലാത്ത ലോകത്തിലേക്ക് നയിച്ച ഡോ. ഫിലിപ്പ് പീനല്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ചെറിയ മാറ്റങ്ങള്‍ എങ്കിലും കൊണ്ടുവരാന്‍ ഉപകരിച്ചു. മറ്റ് ആരോഗ്യമേഖലകളില്‍ വന്ന ശാസ്ത്രീയ മുന്നേറ്റങ്ങളും നവീന ഗവേഷണങ്ങളും മാനസികാരോഗ്യരംഗത്ത് വന്നില്ല എന്നത് ഒരു വസ്തുതയാണ്. മാനസികരോഗികളുടെ അവകാശസംരക്ഷണത്തിനായി വന്ന ദേശീയ മാനസികാരോഗ്യനിയമം - 1987, മാനസികരോഗികളുടെ ഉന്നമനത്തിനായും അവകാശസംരക്ഷണത്തിനായും നിലനിന്നില്ല എന്ന തിരിച്ചറിവില്‍ 2017ല്‍ പുതിയ നിയമം നിലവില്‍ വരുകയും രോഗികളുടെ അവകാശങ്ങള്‍ കുറേക്കൂടി ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
ചരിത്രാതീതകാലം മുതല്‍ത്തന്നെ മാനസികരോഗികള്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ഗണമായി നിലനിന്നിരുന്നു. പാശ്ചാത്യപൗരസ്ത്യ സംസ്കാരങ്ങള്‍ എല്ലാംതന്നെ മാനസികരോഗികളെയും വൈകല്യം ഉള്ളവരേയും രണ്ടാംതരം പൗരന്മാരായി പരിഗണിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനം എന്നവണ്ണം ഇരുപത്തിഒന്നാം നൂറ്റാണ്ടിലും അത്തരം ആളുകള്‍ സമൂഹത്തില്‍ വിവേചനവും അപമാനവും നേരിടേണ്ടിവരുന്ന നേര്‍ക്കാഴ്ച നമുക്ക് അപരിചിതമല്ല.
രോഗനിദാനശാസ്ത്രം കാലാകാലങ്ങളായി പാരമ്പര്യത്തെയും തലച്ചോറിന്‍റെയോ, നാഡിവ്യവസ്ഥകളുടെയോ മറ്റും ജീര്‍ണ്ണതയോ അസന്തുലനാവസ്ഥയും മറ്റും രോഗകാരണങ്ങളായി വിശേഷിപ്പിച്ച്, മാനസികരോഗികള്‍ക്ക് ഔഷധചികിത്സമാത്രം മതിയെന്ന സിദ്ധാന്തത്തില്‍ നിലനിന്നു. പക്ഷേ അതില്‍ നിന്നുള്ള ഒരു മാറ്റം പ്രകടമായത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ എറ്റില്‍ ഡെര്‍ക്കിമിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ തുടങ്ങിവെച്ച സിദ്ധാന്തങ്ങള്‍ ചുവടുപിടിച്ച് പിന്നീടു വന്ന പല ഗവേഷണങ്ങളും ആണ്. സാമൂഹ്യപരമായ കാരണങ്ങളാല്‍ മാനസികാരോഗ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുമെന്ന തിരിച്ചറിവ് വൈകിയെങ്കിലും ഇപ്പോള്‍ അംഗീകരിക്കപ്പെടുവാന്‍ തുടങ്ങി. രോഗനിര്‍ണയത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പാരമ്പര്യം, ജീവശാസ്ത്രപരമായ കാരണങ്ങള്‍ എന്നീ കാര്യങ്ങള്‍ മാനസികരോഗ തുടക്കത്തിന്‍റെ കാരണങ്ങള്‍ അല്ല എന്ന് തള്ളിക്കളഞ്ഞാല്‍, പിന്നീട് മുന്‍പന്തിയില്‍ നില്‍ക്കുക സാമൂഹ്യപരമായ കാരണങ്ങള്‍ ആവാം.
രോഗത്തിന്‍റെ ഹേതു മാത്രമല്ല, രോഗിയുടെ സൗഖ്യവും പുനരധിവാസവും ഒരു വലിയ അളവുവരെ നിര്‍ണ്ണയിക്കുന്നതും രോഗം വഷളാകാതെ സൂക്ഷിക്കുവാനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ഇടപെടല്‍ വളരെ ആവശ്യമാണ്. മാനസികരോഗി എന്ന് മുദ്രകുത്തി സമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്ന അപമാനം പലപ്പോഴും ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്‍റെയും ശിഥീലികരണത്തില്‍ കലാശിക്കാം. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് സമൂഹവും കുടുംബവും ഒത്തൊരുമയോടെ പുലര്‍ത്തുന്ന കരുതലും ജാഗ്രതയും മാനസികരോഗികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും കേരളത്തില്‍ നാം കണ്ടിട്ടുണ്ട്.
കേരളത്തില്‍ ഇംഹാന്‍സ് കോഴിക്കോട് നടത്തിയ, ദേശീയ മാനസികാരോഗ്യ സര്‍വ്വേ 2015-16, ദേശീയ ലഹരി ഉപയോഗ സര്‍വ്വേ 2017-18 എന്നീ സര്‍വ്വേകളില്‍ നേരിട്ട വലിയ പ്രതിബന്ധമായിരുന്നു, തനിക്കോ തന്‍റെ കുടുംബത്തിലോ ആര്‍ക്കെങ്കിലും മാനസികാസ്വാസ്ഥ്യമോ ലഹരിയുടെ അടിമത്വമോ ഉണ്ട് എന്ന് അംഗീകരിക്കുവാനോ, തുറന്നു പറയുവാനോ ഉള്ള താത്പര്യമില്ലായ്മ.
'സാമൂഹ്യസാമ്പത്തിക ഭദ്രത കുറയുന്നത് മാനസികാരോഗ്യ സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്നു' എന്ന് ഇംഹാന്‍സ് കോഴിക്കോട്ട് പുറത്തിറക്കിയ ദേശീയ മാനസികാരോഗ്യ സര്‍വ്വേയുടെ കേരളത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമുള്ള വ്യക്തികളുടെ മാനസികാരോഗ്യ പുരോഗതി നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വ്യക്തികള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് അകന്ന് വ്യക്തികേന്ദ്രീകൃത ജീവിതം നയിക്കുന്ന സാഹചര്യങ്ങളും ഉള്‍വലിഞ്ഞ് സ്വയം രൂപീകരിച്ച ചട്ടക്കൂടുകളില്‍ ഒതുങ്ങുന്ന പ്രവണതയും വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. കുടുംബങ്ങളുടെ ശിഥീലികരണം ശരിയായ രീതിയില്‍ അപഗ്രഥിക്കാതിരിക്കുകയും ശാസ്ത്രീയമായി വൈദഗ്ദ്ധ്യമുള്ളവരാല്‍ പരിഹരിക്കപ്പെടാതെയും പോകുന്നത് കുടുംബബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുവാന്‍ ഇടവരുത്തുന്നു.