news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

"അംഗുലിപ്പുഴു കിളിയുടെ ശരീരത്തിലൂടെ നടന്ന് അതിനെ അളന്നെടുത്തു. കിളിയാകട്ടെ പാട്ടിലൂടെ അംഗുലിപ്പുഴുവിനെ വിസ്മയിപ്പിച്ചു. കിളി പാടുന്ന പാട്ടിനെ അളന്നെടുക്കാന്‍ അറിയാതെ അംഗുലിപ്പുഴു തോറ്റ് പിന്‍മാറി. ശരീരത്തെ അതിലംഘിക്കുന്ന സാധ്യതയുടെ പേരാണ് സന്ന്യാസം. ദൈവത്തിന്‍റെ വിരല്‍കൊണ്ട് ലോകത്തെ അടയാളപ്പെടുത്തുന്നവനാണ് ഒരു സന്ന്യാസി". സ്നേഹം പെയ്തിറങ്ങുന്ന സന്ന്യാസം എന്ന പുസ്തകത്തില്‍ വിജി തമ്പിസാര്‍ സന്ന്യാസത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് ഇവ.

എന്താണ് സന്ന്യാസം എന്ന ചോദ്യത്തിന് ആ വാക്കിനെ വിഭജിച്ച് നല്‍കുന്ന എറ്റിമോളജിക്കല്‍ ((etimological) ആയ ഉത്തരം ആണ് ഏറ്റവും ഉചിതം എന്ന് കരുതുന്നു. സം+ന്യാസം, പൂര്‍ണ്ണമായ ഉപേക്ഷയാണ് ഭാരതീയ സന്ന്യാസത്തിന്‍റെ കാതല്‍. വീട്, കുടുംബം, സുഹൃത്തുക്കള്‍, സ്വന്തം, ബന്ധം എന്നിവയില്‍ തുടങ്ങുന്ന ഉപേക്ഷ അതിന്‍റെ പരമകോടിയില്‍ എത്തുക സ്വന്തം അഹത്തിന്‍റെ ഞാന്‍ എന്ന ഭാവങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ആണ്. ഭാരതീയ ആശ്രമ ജീവിതവ്യവസ്ഥയില്‍ ബ്രഹ്മചര്യം, ഗ്രഹസ്ഥം, വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങളുടെ പൂര്‍ണ്ണതയില്‍ ഒരാള്‍ എത്തിച്ചേരുന്നതാണ് സന്ന്യാസം എന്ന നാലാമത്തെ ഘട്ടം. അവിടെ ശരീരംപോലും മറന്ന് തന്‍റെ സത്തയെ ഈശ്വരനില്‍ ലയിപ്പിച്ച് ഈ ഭൂമിയില്‍നിന്ന് അയാള്‍ വിടവാങ്ങുന്നു.

ക്രിസ്തീയസന്ന്യാസം ഭാരതീയ സന്ന്യാസത്തില്‍നിന്ന് വിഭിന്നമാണ്. ക്രിസ്തീയ സന്ന്യാസം ആത്യന്തികമായി ഒരു ഉള്‍വിളിയാണ്. സ്വതസ്സിദ്ധമായ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു നാച്ചുറല്‍ ട്രെയ്റ്റ് ആണ് സന്ന്യാസം. ദൈവരാജ്യത്തിന്‍റെ പ്രാധാന്യം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ ഏറ്റെടുക്കുന്ന ജീവിതവഴിയാണ് അത്. വയലിലെ നിധി കണ്ടെത്തിയവര്‍ ആണ് അവര്‍. അതുകൊണ്ട് തന്നെ സന്തോഷത്തോടെ ഉള്ളതെല്ലാം വിറ്റ് ആ വയല്‍ അവര്‍ വാങ്ങുന്നു. (ജിജോ കുര്യന്‍, സത്യദീപം, നവംബര്‍ 2015)

മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ ഉള്ള അപേക്ഷാഫോമില്‍ ഒരു ചോദ്യം ഉണ്ട്. എന്താണ് ജോലി. ആറ് വര്‍ഷം മുമ്പാണ് ഒരു ജ്യേഷ്ഠസന്ന്യാസിയുടെ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഉള്ള ഫോം പൂരിപ്പിക്കുന്നതിനിടയില്‍ ഈ ചോദ്യത്തില്‍ ഞാന്‍ തട്ടി നിന്നത്. അന്നത്തെ സുപ്പീരിയര്‍ പറഞ്ഞു എല്ലാ സന്ന്യാസികള്‍ക്കും ഒരു ജോലിയേ ഉള്ളു. അത് ദൈവവിചാരം ആണ് എന്ന്. അന്നുമുതല്‍ ഇന്നോളം അങ്ങനെ ഒരു സന്ന്യാസിയെ കണ്ണുകള്‍ പരതാറുണ്ട്. കൂട്ടത്തില്‍ ഉള്ള സന്ന്യാസികളില്‍ ചുരുക്കം പേരില്‍ മാത്രമേ ഇങ്ങനെ ഒരു ജോലിയില്‍ വ്യാപൃതരായവരെ കണ്ടുമുട്ടുന്നുള്ളൂ. നീണ്ട അങ്കികള്‍ ധരിച്ച് നടന്ന് നീങ്ങുന്ന സന്ന്യാസിമാരോട് ചോദിച്ച് നോക്ക് എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ ആ കണ്ണുകളില്‍ ഒരു അങ്കലാപ്പ് കാണാം. പിന്നെ പതിയെ ഉത്തരങ്ങള്‍ കിട്ടി തുടങ്ങും. മാസികയുടെ എഡിറ്റര്‍ ആണ്, വക്കീലാണ്, പഠിപ്പിക്കുകയാണ്, സ്കൂള്‍ മാനേജര്‍ ആണ്, നഴ്സാണ് എന്ന് തുടങ്ങുന്ന ഉത്തരങ്ങളുടെ പരമ്പര. ഒരിക്കല്‍ ഒരാള്‍ പറയുന്നത് കേട്ടു. ഞാന്‍ ഗാര്‍ഡനര്‍ ആണ് എന്ന് (പൂന്തോട്ടക്കാരന്‍). ഇന്നോളം ആരും പറയുന്നത് കേട്ടിട്ടില്ല ഞാന്‍ ഒരു സന്ന്യാസി ആണ് എന്നും ദൈവവിചാരത്തില്‍ കഴിയാന്‍ ഉള്ള പരിശ്രമങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്ന്.  ഇനി നിങ്ങള്‍ ആങ്ങനെ ഒന്ന് പറഞ്ഞ് നോക്കൂ അപ്പോള്‍ കേള്‍ക്കാം ലോകത്തിലെ ഏറ്റവും വലിയ ഫലിതം കേട്ട കണക്ക് ചുറ്റുമുള്ളവര്‍ തലതല്ലി ചിരിക്കുന്നത്. എല്ലാവരും സന്ന്യാസത്തിന് ഉള്ളില്‍ സ്വന്തം ഇടങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെ സന്ന്യാസം ഇല്ലാതാകാന്‍ തുടങ്ങിയിരിക്കും. അതോടെ ദൈവവിചാരം എന്നത് ഏറ്റവും ഉപയോഗ ശൂന്യമായ കര്‍ത്തവ്യവും ആയി തീര്‍ന്നിരിക്കുന്നു.

എല്ലാ ജോലികള്‍ക്ക് ഇടയിലും ദൈവവിചാരം കൊണ്ട് നടക്കുന്നവര്‍ ആരോ അവരെ ആണ് സന്ന്യാസി എന്ന് വിളിക്കേണ്ടത്. അവര്‍ക്ക് ഒരുപക്ഷേ ബഹുമാനം തോന്നിപ്പിക്കുന്ന അങ്കികള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം ഇല്ലതാനും. അതുകോണ്ട് മാത്രം ആണ് ക്രിസ്തു സന്ന്യാസി എന്ന വിളിപ്പേരിന് അര്‍ഹനാകുന്നത്. ഊണിലും ഉറക്കത്തിലും ഞാന്‍ പിതാവിന്‍റെ പുത്രനാണ് എന്ന അവബോധത്തിലാണ് അവന്‍ കഴിഞ്ഞത്. എല്ലാ പ്രവൃത്തികള്‍ക്ക് ഇടയിലും അവന്‍ അന്വേഷിച്ചതാകട്ടെ പിതാവിന്‍റെ ഹിതവും. ഇന്നിന്‍റെ സന്ന്യാസികള്‍ എന്ന് പേരു വിളിക്കപ്പെടുന്നവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഈ അവബോധം ആണ്. കൃത്യമായ ടൈംടേബിള്‍ പാലിക്കാന്‍വേണ്ടി ഓടി എത്തുന്ന ദൈവവിചാരത്തിനുള്ള വേളയിലും നടക്കുന്നത് ലോകവിചാരങ്ങള്‍ ആണ്.

ദൈവത്തിനായി പണയപ്പെടുത്തുന്ന ജീവന്‍റെ നിക്ഷേപം ആണ് സന്ന്യാസം. അങ്ങനെ നിക്ഷേപിക്കപ്പെടുന്ന ജീവന്‍ അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുക ദൈവവിചാരത്തില്‍ ആയിരിക്കുമ്പോള്‍ ആണ്. എന്തിനുവേണ്ടി ഇറങ്ങിതിരിച്ചോ ആ ലക്ഷ്യം മാത്രം നടക്കാതെ വരുമ്പോള്‍ ആന്തരിക സംഘര്‍ഷങ്ങളും അതോടൊപ്പം അര്‍ത്ഥമില്ലാത്ത ജീവിതാവസ്ഥയും ഉണ്ടാവുകയാണ്.

ക്രിസ്തീയ സന്ന്യാസം നേരിടുന്ന വെല്ലുവിളികളും ഏറ്റവും അധികം ഉയര്‍ന്നുകേള്‍ക്കുന്നത് സന്ന്യാസിനി സമൂഹങ്ങള്‍ നേരിടുന്ന ദൈവവിളി കുറവാണ്. പക്ഷേ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടതു തിരിച്ചാണ്. പുരുഷസന്ന്യാസത്തിലാണ് ദൈവവിളികള്‍ ഇല്ലാതാകുന്നത്. അത് മനസിലാക്കണമെങ്കില്‍ പുരുഷസന്ന്യാസത്തില്‍നിന്ന് പൗരോഹിത്യം എന്ന ശുശ്രൂഷ എടുത്ത് മാറ്റപ്പെടണം. അപ്പോള്‍ ശരിക്കും തിരിച്ചറിയാന്‍ സാധിക്കും പുരുഷസന്ന്യാസം നേരിടുന്ന പ്രതിസന്ധി. എല്ലാ വൊക്കേഷന്‍ ക്യാമ്പുകളിലും ക്ഷണം നല്കപ്പെടുന്നത് സന്ന്യാസവൈദികനാകാനാണ്. നമ്മുടെ സമൂഹത്തില്‍ വളരെ മെച്ചപ്പെട്ട ഒരു സ്ഥാനം ഒരു വൈദികന് ലഭിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ ധാരാളം ആളുകള്‍ അതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. ദൈവവിളി ക്ലാസുകളില്‍ ഒന്നില്‍പോലും സന്ന്യാസസഹോദരന്‍ എന്ന പദം ഉപയോഗിക്കപ്പെടുന്നില്ല. മറിച്ച് സന്ന്യാസവൈദികന്‍ എന്ന പദം ആണ് മുഴങ്ങുന്നത്. തുടര്‍ന്നു വരുന്ന പരിശീലനകാലങ്ങളില്‍ എല്ലാം അപ്രകാരംതന്നെ  തുടരുന്നു. ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് വൈദികന്‍ എന്ന ശുശ്രൂഷയുടെ മേഖലയിലേക്കാണ്. ഇനിയും വിശ്വാസം വരുന്നില്ലെങ്കില്‍ അന്വേഷിച്ചുനോക്കൂ. അവൈദിക സന്ന്യാസ ഭവനങ്ങളില്‍ എന്തുകൊണ്ട് അംഗസംഖ്യ കുറയുന്നുവെന്നും എന്തുകൊണ്ട് പല അവൈദികസന്ന്യാസസഭകളും വൈദിക സഭകളാകാനുള്ള വഴികള്‍ ആരായുന്നുവെന്നും.  

15 മാസം നീണ്ടുനിന്ന സന്ന്യാസവര്‍ഷാചരണം ഈ മാസംകൊണ്ട് അവസാനിക്കുകയാണ്. റോമിലെ വലിയ മുക്കുവന്‍ കാര്യപ്രസക്തമായ, ചിന്തകളെയും കാഴ്പ്പാടുകളെയും മാറ്റിമറിക്കേണ്ട വിപ്ലവം സൃഷ്ടിക്കുന്ന പ്രബോധനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഇതൊന്നും കാര്യപ്രസക്തം ആയി നമ്മുടെ സന്ന്യാസികളുടെ ഇടയില്‍ ഏശിയിട്ടില്ല. നാട്ടില്‍ നടന്ന സന്ന്യാസവര്‍ഷ ആചരണം മുഴുവന്‍ വെറും കാപ്പികുടികളിലും ഷാളുപുതപ്പിക്കലിലും മാത്രമായി ഒതുങ്ങിപോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം സന്ന്യാസജീവിതങ്ങളെ കുറച്ചുംകൂടി മെച്ചപ്പെടുത്തുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ സന്ന്യാസവര്‍ഷാചരണം നടക്കേണ്ടതല്ലായിരുന്നോ എന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ തോന്നിപ്പോകുന്നു.

ഒരു ക്രൈസ്തവസന്ന്യാസി പ്രവാചകന്‍ ആണ് ലോകത്തിന്‍റെ മുന്നില്‍ ദൈവത്തിന്‍റെ ഹിതം നിറവേറ്റി ലോകത്തെ വെല്ലുവിളിച്ച് മുന്‍പേ നടക്കുന്നവന്‍. അയാളുടെ ആത്മീയത ആകട്ടെ അഹത്തിന്‍റെ ഇല്ലാതാക്കലും നിരന്തരമായ ദൈവാവബോധത്തിലുള്ള ജീവിതവും. തിരകളടിക്കുന്ന കടലില്‍ തിരകള്‍ ശാന്തമാകട്ടെ എന്ന് കരുതി മാറിനില്‍ക്കുന്നവന്‍ അല്ലാ സന്ന്യാസി. അയാള്‍ തിരകളുള്ള കടലിന്‍റെ നടുവിലും ഉലയാതെ നില്‍ക്കുന്നവന്‍ ആണ്. വലിയ തിരകളിലും അയാള്‍ ഉലയുന്നില്ല.

സന്ന്യാസത്തില്‍ വന്നു ഭവിച്ച അപച്യുതി എന്നത് അരുതാത്ത് പലതും ഇഴഞ്ഞ് കയറുന്നത് കണ്ടിട്ടും മാനുഷിക പരിഗണനയും അര്‍ഹതകളുടെ ലോജിക്കും വച്ച്  അത് പോട്ടെ എന്ന് പറഞ്ഞ് കണ്ണടച്ച് വിട്ടതാണ്. വ്രതങ്ങളില്‍ മൂന്നിലും ലാഘവത്വം വന്നതു മുതല്‍ തുടങ്ങുന്ന അതിന്‍റെ അടിവേരറക്കല്‍. അവിടെയാണ് പൗലോസ് എന്ന മഹാമിഷനറി സന്ന്യാസിയുടെ ജീവിതം ഒരു വെല്ലുവിളി കണക്കെ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. ഒരുവന്‍ ഒരു യഥാര്‍ത്ഥ സന്ന്യാസി ആയി മാറുന്നതില്‍ അയാള്‍ക്ക് അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നതിലൂടെ ആണ്. കോറീന്തര്‍ക്ക് എഴുതിയ ഒന്നാം ലേഖനം 9-ാം അദ്ധ്യായത്തില്‍ അര്‍ഹതപ്പെട്ടത് പലതും അയാള്‍ വേണ്ട എന്ന് പറയുന്നുണ്ട്. തിന്നുന്നതിനും കുടിക്കുന്നതിനും (V. 4), മറ്റ് അപ്പസ്തോലരെപോലെ സഹോദരിയായി ഒരു സ്ത്രീയെ കൊണ്ടുനടക്കാന്‍ (V. 5), സുവിശേഷംകൊണ്ട് ഉപജീവനം നടത്താന്‍ (V. 14) ഒക്കെ അയാള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഈ അവകാശങ്ങള്‍ ഒന്നും അയാള്‍ ഉപയോഗിച്ചില്ല. ഈ ത്യാഗമാണ് ഒരു സന്ന്യാസിയെ ലോകത്തിന്‍റേത് എന്ന പേരില്‍നിന്ന് വിഭിന്നനാക്കുന്നത്, ലോകത്തെ ദൈവത്തിന്‍റെ വിരല്‍കൊണ്ട് അളക്കുന്നവന്‍ എന്ന പേരിന് അര്‍ഹനാക്കുന്നത്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts