news-details
കാലികം

എന്താണ് ജെ.എന്‍.യുവിലെ പ്രതിഷേധങ്ങള്‍ എന്ന ചോദ്യത്തിന് ജെ. എന്‍. യു. വിദ്യാര്‍ത്ഥിയായ ഹര്‍ഷത് അഗര്‍വാള്‍ - ക്വാറ എന്ന വെബ്സൈറ്റില്‍ നല്കിയ മറുപടി

അനവധി മറുപടികള്‍ ഈ ചോദ്യത്തിന് ഇവിടെ നല്‍കപ്പെട്ടിട്ടുണ്ട്. പക്ഷേ വിരോധാഭാസമായി തോന്നുന്നത് അവയില്‍ ഒന്നുപോലും ഒരു ജെ.എന്‍.യു. വിദ്യാര്‍ത്ഥിയില്‍ നിന്നോ, വിവാദമായ ആ ദിവസത്തെ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരില്‍ നിന്നോ അല്ല എന്നതാണ്. പക്ഷേ ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ തീവ്രവാദികള്‍ എന്നും, ജിഹാദികള്‍ എന്നും, നക്സലുകളെന്നും അധിക്ഷേപിക്കുന്നതു മുതല്‍ ഈ സര്‍വകലാശാല അടച്ചുപൂട്ടണമെന്നുവരെയുള്ള ശക്തമായ നിലപാടുകള്‍ ഈ മറുപടികളിലെല്ലാമുണ്ട്.

ഞാന്‍ ഈ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയാണ് മാത്രവുമല്ല ഫെബ്രുവരി 9ാം തീയതി, ഇവിടെ നടന്ന വിവാദമായ മിക്കവാറും സംഭവങ്ങള്‍ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സീ ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ടെലിവിഷന്‍ ചാനലിലൂടെ മാത്രം ഇതേക്കുറിച്ചറിഞ്ഞവരേക്കാളും യുക്തിയുക്തമായി പ്രതികരിക്കുവാന്‍ എനിക്കര്‍ഹതയുണ്ടെന്ന് കരുതുന്നു.

ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂണിയനിലെ (D S U) പൂര്‍വ അംഗങ്ങള്‍, 2016 ഫെബ്രുവരി 9 ന് ഒരു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. അഫ്സല്‍ ഗുരുവിന്‍റെയും മഖ്ബൂല്‍ ബട്ടിന്‍റേയും വധശിക്ഷകള്‍, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതകങ്ങളായാണ് അവര്‍ കണക്കിലാക്കുന്നത്. കാശ്മീരി ജനതയുടെ ഭരണഘടനാപരമായ സ്വയം നിര്‍ണ്ണായക അവകാശത്തിനുവേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ക്ക് പിന്തുണ നല്‍കുവാനായി ഈ വധശിക്ഷകളെ അപലപിച്ച് പ്രതിഷേധം പ്രകടിപ്പിക്കലായിരുന്നു ഈ കൂട്ടായ്മ യുടെ ലക്ഷ്യം. കാമ്പസിന് അകത്തുനിന്നും അല്ലാതെയുമായി ഒട്ടനവധി കാശ്മീരി വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുക്കുവാനെത്തിയിരുന്നു.

ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂണിയന്‍ മാവോ അനുഭാവമുള്ള തീവ്ര ഇടതുപക്ഷ സംഘടനയാണ്. ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ള വളരെ കുറച്ച് അംഗങ്ങളുള്ള ഒരു ചെറിയ സംഘടനയാണത്. അവര്‍ ഒരിക്കലും തീവ്രവാദികളോ നക്സലുകളോ അല്ല. എന്‍റെ രണ്ട് വര്‍ഷത്തിലധികമുള്ള കാമ്പസ് പരിചയത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ ഒരു കല്ലേറുപോലും നടത്തിയതായി അറിയില്ല. അത്തരം സംഘടനയെ വിധ്വംസക പ്രവര്‍ത്തകരായി സങ്കല്‍പിക്കുവാന്‍ പോലും സാധ്യമല്ല.

ഇനി പ്രധാന കാര്യങ്ങള്‍.

കാശ്മീര്‍ വിഷയത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റാണോ? കാശ്മീരികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറല്ലാത്ത രീതിയില്‍, 'നാസി'കളെ പോലെ ദേശീയതാവാദമുയര്‍ത്തി ചിന്താശേഷി നഷ്ടപ്പെടുത്താന്‍ മാത്രം പാവനമാണോ നമുക്ക് കാശ്മീര്‍ വിഷയം? ഇനി, ഞാന്‍ കാശ്മീര്‍ വിഘടനത്തെ പിന്തുണയ്ക്കുന്നോ എന്നു ചോദിച്ചാല്‍, ഇല്ല എന്നു തന്നെയാണ് ഉത്തരം.

എനിക്ക് ആ രാഷ്ട്രീയത്തിന്‍റെ കൃത്യമായ സൂക്ഷ്മാര്‍ത്ഥങ്ങള്‍ അറിയില്ലെങ്കിലും, ഏവരുടേയും അഭിപ്രായം കേള്‍ക്കുവാനും, മനസ്സിലാക്കുവാനും, ചര്‍ച്ച ചെയ്യുവാനും താല്പര്യമുണ്ട്; പ്രത്യേകിച്ചും തദ്ദേശീയരുടേത്.

ഇനി, ഈ പരിപാടിയുടെ സംഘാടകര്‍, അഫ്സല്‍ ഗുരുവിന്‍റെയും മഖ്ബൂല്‍ ബട്ടിന്‍റേയും വധശിക്ഷകള്‍ 'നീതിപീഠം നടത്തിയ കൊലപാതക' ങ്ങളായി വിശേഷിപ്പിക്കുന്നത് തെറ്റാണ് എന്ന് തോന്നുന്നുണ്ടോ? ഇത് ആദ്യമായാണോ ആരെങ്കിലും വധശിക്ഷക്കെതിരേയും കോടതി വിധിക്കെതിരേയും പ്രതിഷേധം ഉയര്‍ത്തുന്നത്?

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരും, സംഘടനകളും അതിനെ ആ സമയത്ത് അപലപിച്ചിരുന്നു. ജമ്മു കാശ്മീരില്‍ ബി.ജെ.പി.ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച് ഭരിക്കുന്ന പി.ഡി.പി. എന്ന രാഷ്ട്രീയ പാര്‍ട്ടി പോലും ആ വധത്തിനെ 'നീതിപീഠത്തിന്‍റെ അപഹാസ്യത' എന്നാണ് വിളിച്ചത്. അരുന്ധതി റോയി അതിനെ അപലപിച്ചു. ശശി തരൂര്‍ അത് തെറ്റാണെന്ന് പറഞ്ഞു., ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അതിനെ നിശിതമായി വിമര്‍ശിച്ചു.

പത്രപ്രവര്‍ത്തകനും, അന്താരാഷ്ട്ര സുരക്ഷാപ്രതിരോധ വിഷയങ്ങളില്‍ വിദഗ്ധനുമായ എഴുത്തുകാരന്‍ പ്രവീണ്‍ സ്വാമി ദ ഹിന്ദുവില്‍ ഇങ്ങനെ എഴുതി : 'സുപ്രീം കോടതി വിധി, അവസാന വാക്കല്ല, അങ്ങനെ കരുതാന്‍ കഴിയുകയുമില്ല. അഫ്സല്‍ ഗുരുവിന്‍റെ വിധിയില്‍ നിലനില്‍ക്കുന്ന ആഴമേറിയ അവ്യക്തതകള്‍ വധശിക്ഷയെ കുറിച്ച് പുനര്‍ വിചിന്തനം നടത്താന്‍ നിര്‍ബന്ധിതമാക്കുന്നു.'

അഫ്സല്‍ ഗുരുവിന്‍റെയും യാക്കൂബ് മേമന്‍റേയും വധശിക്ഷകള്‍, രാഷ്ടീയപ്രേരിതമാണെന്ന് മുന്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റീസായ, ജസ്റ്റീസ് ഏ.പി ഷാ പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം ദേശദ്രോഹികളോ തീവ്രവാദികളോ ജിഹാദികളോ ആണോ? ഇതിന്നിങ്ങള്‍ക്ക്, യുക്തിപൂര്‍വമായ ഒരു മറുപടിയുണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.

ഇനി അടുത്ത വിഷയം  'ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍'. യോഗം തുടങ്ങുന്നതിന് 20 മിനിട്ടുകള്‍ക്കു മുന്‍പ്, ദേശീയതയുടെ അമരക്കാരായി സ്വയം കരുതുന്ന ABVP; ഈ പരിപാടി കലാലയത്തിന്‍റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കും എന്നു കാട്ടി അധികാരികള്‍ക്ക് പരാതി നല്‍കി. യൂണിവേഴ്സിറ്റി അധികാരികള്‍ ഒരു സംഘര്‍ഷം ഒഴിവാക്കാന്‍ താല്പര്യപ്പെട്ട് പരിപാടി നടത്തുന്നത് വിലക്കി.

ഇനി നിങ്ങളില്‍ അറിയാത്തവര്‍ക്കു വേണ്ടി. JNU മനോഹരമായ ഒരു ജനാധിപത്യ ഇടമാണ്. ഇവിടെ എല്ലാ ഭിന്നസ്വരങ്ങള്‍ക്കും സ്ഥാനമുണ്ട്. എത്രതന്നെ തീവ്രപുരോഗമനപരമായാലും അഭിപ്രായങ്ങള്‍ ഇവിടെ മാനിക്കപ്പെടുന്നു. പക്ഷേ അതിനു തുരങ്കം വെക്കുവാനാണ് ABVP നോക്കുന്നത്.

DSU സമാധാനപരമായി പരിപാടി നടത്തുവാനുള്ള അവരുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാന്‍, JNUSU (Jawaharlal Nehru Students' Union)ന്‍റെയും  SFI (Students Federation of India), AISA (All India Students Association) തുടങ്ങിയ ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടേയും സഹായം തേടി. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം DSU അവരുടെ ആശയങ്ങള്‍ക്കോ കാശ്മീര്‍ നിലപാടുകള്‍ക്കോ അല്ല പിന്തുണ തേടിയത് എന്നതാണ്. DSU, JNUSUവിനും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഒപ്പം, അവര്‍ വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമുള്ള ജനാധിപത്യ വേദിയെ തകര്‍ക്കുവാന്‍ അധികാരികളെയും ABVPയെയും അനുവദിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന് യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയി.

യൂണിവേഴ്സിറ്റി അധികാരികള്‍ സെക്യൂരിറ്റി ജീവനക്കാരെ അയച്ച് പരിപാടി നടക്കേണ്ടിയിരുന്ന ബാഡ്മിന്‍റണ്‍ കോര്‍ട്ടിലേക്കുള്ള പ്രവേശനം തടയുകയും, ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. സംഘാടകര്‍ ഇത് അംഗീകരിച്ചു കൊണ്ട് കാമ്പസില്‍ തന്നെയുള്ള ഭക്ഷണശാലകള്‍ക്ക് (ധാബ)  സമീപം ഉച്ചഭാഷിണിയില്ലാതെ പരിപാടി തുടരാന്‍ തീരുമാനിച്ചു.

പക്ഷെ, ABVP പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുവാനും കൈയേറ്റം ചെയ്യുവാനും മുതിര്‍ന്നു. ഒപ്പം അവര്‍ ഇത്തരം പരിപാടികള്‍ക്കെതിരെ സ്ഥിരം മുഴക്കുന്ന, 'യേ കശ്മീര്‍ ഹമരാ ഹേ, സാരാ കാ സാരാ ഹേ' (കശ്മീര്‍ പൂര്‍ണമായും നമ്മുടേതാണ്) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനാരംഭിച്ചു.

ഇതിന് പ്രതികരണമായി, പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംഘാടകര്‍ 'ഹം ക്യാ ചാഹ്തേ? ആസാദി!' (നമ്മള്‍ സ്വാതന്ത്ര്യ കാംക്ഷികളാണ്) എന്ന് മുദ്രാവാക്യം മുഴക്കി.

തീവ്രവികാരമുണര്‍ത്തുന്നതോ അപകടകരമായതോ ആയ എന്തെങ്കിലും ഈ മുദ്രാവാക്യത്തിലുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബ്രിട്ടീഷ് ഭരണകാലത്തും നമ്മള്‍ ഇതേ മുദ്രാവാക്യം ഉയര്‍ത്തിയിട്ടുണ്ട്. രാജ്യങ്ങള്‍ പലപ്പോഴും വിഭജിക്കപ്പെട്ടിട്ടുണ്ട്, സോവിയറ്റ് യൂണിയനും വിഘടിക്കപ്പെട്ടതാണ്. വിഭജനം നല്ലതോ അല്ലയോ എന്നത് ആ പ്രദേശത്തിന്‍റെ സൂക്ഷ്മമായ സാഹചര്യങ്ങളെ അനുസരിച്ചേ നിര്‍വചിക്കാനാകൂ.

ഞാന്‍ കാശ്മീര്‍ വിഘടനത്തെ അനുകൂലിക്കുന്നില്ല. എനിക്ക് കാശ്മീര്‍ ജനതയുടെ സാഹചര്യത്തെ കുറിച്ചോ അവസ്ഥയെക്കുറിച്ചോ വേണ്ടത്ര അവഗാഹമില്ല. അതുകൊണ്ടുതന്നെ ഞാന്‍ അതിനെ പ്രതികൂലിക്കുന്നുമില്ല. എനിക്ക് നിഷ്പക്ഷമായ സമീപനം ഉള്ളിടത്തോളം, ഒരു പ്രത്യേക പ്രദേശത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് കാശ്മീരിനെ ഭാരതത്തില്‍ നിന്ന് തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തുന്നവരല്ല; അവര്‍ വായിക്കുകയും, സഞ്ചരിക്കുകയും, സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളെ പഠിക്കുകയും വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന സാധാരണ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.

ഇനി അടുത്ത മുദ്രാവാക്യം

'തും കിതനേ അഫ്സല്‍ മാരോഗേ, ഹര്‍ ഘര്‍ സെ അഫ്സല്‍ നികലേഗാ!' (നിങ്ങള്‍ എത്ര അഫ്സല്‍മാരെ കൊല്ലും, ഓരോ വീട്ടിലും പുതിയ അഫ്സലുകള്‍ ഉണ്ടാവും).

ഈ വിഷയം ഞാന്‍ അധികം മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല, അതിനാല്‍ കോടതി വിധി പരിഗണിക്കുകയും, അയാള്‍ ഒരു തീവ്രവാദിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും, ഞാന്‍ വധശിക്ഷയെ തത്വത്തില്‍ എതിര്‍ക്കുന്നു.

ഈ വിദ്യാര്‍ത്ഥി സംഘം വിശ്വസിക്കുന്നത് അഫ്സലിന്‍റെ വധശിക്ഷ അന്യായമാണെന്നാണ്. പാര്‍ലമെന്‍റ് മന്ദിരം ആക്രമിച്ചതില്‍ അയാള്‍ക്ക് പങ്കുണ്ടെന്ന വാദത്തേയും അവര്‍ അവിശ്വസിക്കുന്നു. വികിപീഡിയയില്‍ നിന്നും ഇവിടെ പകര്‍ത്തുന്നു  'അഫ്സല്‍ ഗുരുവിനെതിരേ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂവെന്നും, അയാള്‍ ഏതെങ്കിലും തീവ്രവാദി സംഘടനയിലോ, പ്രസ്ഥാനത്തിലോ അംഗമാണെന്നതിന് ഒരു തെളിവും ലഭ്യമല്ലെന്നും 2005 ഓഗസ്റ്റ് 5 ലെ വിധിയില്‍ സുപ്രീം കോടതി തന്നെ അംഗീകരിച്ചിട്ടുണ്ട് എന്നത് പ്രസക്തമാണ്.'

സുപ്രീം കോടതി വിധി നേരിട്ടെടുത്താല്‍  'ഈ സംഭവം, ഒട്ടനവധി നാശനഷ്ടങ്ങള്‍ വരുത്തുകയും രാജ്യത്തെ പിടിച്ചുലക്കുകയും ചെയ്ത ഒന്നാണ്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ കഴിയൂ.'

ഇതെല്ലാം കൊണ്ടുതന്നെ ഈ വിദ്യാര്‍ത്ഥികള്‍, അഫ്സല്‍ ഗുരുവിനെ മനപ്പൂര്‍വം പ്രതി ചേര്‍ത്തതാണെന്നും, കേസിനാസ്പദമായ പാര്‍ലമെന്‍റ് മന്ദിര ആക്രമണത്തില്‍ അയാള്‍ക്ക് പങ്കില്ലെന്നും, അയാളുടെ വധശിക്ഷ അന്യായമാണെന്നും വിശ്വസിക്കുന്നു. 'ഓരോ വീട്ടിലും പുതിയ അഫ്സലുകള്‍ ഉണ്ടാവും', എന്ന മുദ്രാവാക്യത്തിന്‍റെ ചേതോവികാരം ഇതു തന്നെയാണ്.

ഇവരാരും തന്നെ ആയുധങ്ങളല്ല ആശയങ്ങളാണ പേറിയിരുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കണം. ഇത്തരം അവസ്ഥയില്‍ ഭരണകൂടം എന്താണ് ചെയ്യേണ്ടത്? അവരെ ദേശദ്രോഹ ഗൂഢാലോചനക്ക് അറസ്റ്റു ചെയ്യുകയാണോ, അതോ ആശയ വൈരുധ്യങ്ങള്‍ ക്കുമേല്‍ അവരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുകയാണോ അഭികാമ്യം?

'എന്തിനാണ് നമ്മള്‍ നമ്മുടെ ദേശീയതാബോധത്തില്‍ ഇത്രയും കലുഷിതരാവേണ്ടത്? എന്തിനാണ് നമ്മളതിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത്? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാല്‍ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സര്‍വകലാശാല ചര്‍ച്ചകളുടേയും വാഗ്വാദങ്ങളുടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല.'

ഇത് ബോംബുകളും ഗ്രനേഡുകളും കടത്തിക്കൊണ്ടുവന്ന് സര്‍ക്കാരിനെ അധികാര ഭ്രഷ്ടരാക്കാനുള്ള രഹസ്യ സംഗമമായിരുന്നോ? അല്ല, അതൊരു പൊതുസമ്മേളനമായിരുന്നു. എല്ലാവര്‍ക്കും അവിടെ കടന്നുചെല്ലാമായിരുന്നു, നിങ്ങളുടെ വിയോജനം അറിയിക്കാമായിരുന്നു. അവര്‍ ഒളിസങ്കേതത്തിലിരുന്നല്ല ഇതു നടത്തിയത്. അവര്‍ വിധ്വംസകരായിരുന്നെങ്കില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വരുമായിരുന്നോ! അവര്‍ ധൈര്യസമേതം അവരുടെ നിലപാടുകള്‍ വ്യക്തമാക്കു ന്നതും, വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കാനുള്ള അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതും നിങ്ങളുടെ ടെലിവിഷന്‍ ചാനലുകളില്‍ നിങ്ങള്‍ കണ്ടില്ലേ ? പറയൂ എന്താണ് അവരില്‍ നിങ്ങള്‍ കാണുന്ന വിധ്വംസകരുടെ ലക്ഷണം?

ഇനി ഞാന്‍ ഇതിലെ ഏറ്റവും വിവാദമായ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്ക് വരാം. യോഗത്തില്‍, ജെ.എന്‍.യു.വിന് പുറത്തുനിന്നും വന്ന ഒരു പറ്റം കാശ്മീരി വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. നിങ്ങള്‍ യോഗത്തിന്‍റേതായി പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചാല്‍ ഈ വിദ്യാത്ഥികള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ പ്രത്യേക സംഘമായി നില്‍ക്കുന്നത് കാണാം. എന്നെ വിശ്വസിക്കൂ, അവരില്‍ ആരും തന്നെ ജെ.എന്‍.യു.വില്‍ നിന്നുള്ളവരല്ല. അവിടെ കുറച്ചുനേരം ചെലവഴിച്ചെങ്കിലും അവരില്‍ ആരും തന്നെ ജെ.എന്‍.യു.വില്‍ നിന്നുള്ളവരായി എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുമില്ല. ഈ വിദ്യാര്‍ത്ഥികള്‍ എല്ലാവരും നിരവധി വര്‍ഷങ്ങളായി കശ്മീരില്‍ നിലനില്‍ക്കുന്ന AFSPA (The Armed Forces Special Powers Act -  കാശ്മീരില്‍ നിലവിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം)യില്‍ മനം മടുത്ത വരാണ്. ABVP അനുഭാവികള്‍ അവരുടെ യോഗം തടസ്സപ്പെടുത്തിയതില്‍ അവര്‍ പ്രകോപിതരായി. അവര്‍ 'ഭാരത് കി ബര്‍ബാദി തക്, ജംഗ് രഹേഗി, ജംഗ് രഹേഗി' യും 'ഇന്ത്യാ ഗോ ബാക്കും' ഭാരത വിരുദ്ധ മുദ്രാവാ ക്യങ്ങളായി മുഴക്കാന്‍ തുടങ്ങി.

എന്‍റെ രണ്ടര വര്‍ഷക്കാലത്തെ ജെ.എന്‍.യു. ജീവിതത്തില്‍ ഇതേവരെ എവിടെയും ഇത്തരം മുദ്രാവാക്യങ്ങള്‍ കേട്ടിട്ടില്ല. ഈ മുദ്രാവാക്യങ്ങള്‍ക്ക് ജെ.എന്‍.യു. വിന്‍റേയോ, എന്തിന് ഏതെങ്കിലും ഇടത് പാര്‍ട്ടികളുടേയോ പോലും പ്രത്യയശാസ്ത്രങ്ങളുമായി ഒരുതരത്തിലും ബന്ധമില്ല.

വ്യക്തതക്കായി, അന്ന് യോഗത്തിന് ഇല്ലാതിരുന്ന, ജെ.എന്‍.യു.നു പുറത്തുള്ള ഒരു കാശ്മീരി വിദ്യാര്‍ത്ഥി; ഈ മുദ്രാവക്യങ്ങള്‍ യൂടൂബില്‍ കണ്ടതിനു ശേഷം ഒരു വിശദീകരണത്തിനായി സ്വന്തം ഫെയ്സ്ബുക്ക് താളില്‍ കുറിച്ചത് ഞാനിവിടെ പകര്‍ത്തുന്നു.

'ഞാനീ മുദ്രാവാക്യങ്ങളെ ഒന്ന് 'അപനിര്‍മ്മിക്കട്ടെ'. ദറിദയുടെ രീതിയിലല്ല പകരം 'കാശ്മീരിയന്‍' രീതിയിലാണ് ഈ വിവാദ മുദ്രാവാക്യങ്ങളെ ഞാന്‍ സമീപിക്കുന്നത്.

'ഭാരത് കീ ബര്‍ബാദി തക്, ജംഗ് രഹേഗീ' 'ഭാരതം' 1990 ന് ശേഷം ജനിച്ച കാശ്മീരി യുവതീയുവാക്കള്‍ക്ക് ഇന്ത്യന്‍ പട്ടാള ഭരണം മാത്രമാണ്. ആയുധ ധാരികളായ പട്ടാള വേഷക്കാര്‍ മാത്രമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ അവരുടെ മുന്നിലെ ചിത്രം. 'ബര്‍ബാദി' (അവസാനിപ്പിക്കുക) എന്നത് ഭാരതത്തിലെ പല പ്രസ്ഥാനങ്ങളും പ്രയോഗിക്കുന്ന അതേ അര്‍ത്ഥത്തില്‍ തന്നെ പ്രയോഗിച്ചിരിക്കുന്നു. 'ജംഗ്' എന്നത് സമരമാണ്, അത് നിങ്ങള്‍ എങ്ങനെ നിര്‍വചിക്കാന്‍ താല്പര്യപ്പെടുന്നോ അതുപോലെ സമാധാനത്തിന്‍റെയൊ, ഗാന്ധിയനോ, മാര്‍ക്സിയനോ, ഗ്രാംഷിയനോ, അക്രമമോ ഒക്കെ ആകാം. ഇത് ഒരല്‍പ്പം വ്യക്തത നല്‍കുന്നുവെന്ന് കരുതട്ടെ. എന്തുതന്നെയായാലും JNU പോലെയുള്ള ഇടങ്ങളില്‍ ഇതൊരു അപ്രസക്തമായ ഒരു മുദ്രാവാക്യമായേക്കാം പക്ഷേ കാശ്മീരില്‍ ഇതൊരു ശക്തമായ വികാര പ്രകടനമാണ്.

ആസാദി(സ്വാതന്ത്ര്യം): 'ഭാരതീയര്‍ക്ക്' ആശയക്കുഴ പ്പമുണ്ടാക്കാനിടയുള്ള ഒരു വാക്കാണത്. അത് രാജ്യദ്രോഹപരമോ വിഘടനപരമോ ആയ ഒരു മുദ്രാവാക്യമല്ല. ആസാദി ചരിത്രപരമായും, സാമൂഹ്യപരമായും, സാംസ്കാരികപരമായും, ആശയപരമായും, വിശിഷ്യാ രണ്ടു രാഷ്ട്രങ്ങളുടെ അധീനതയിലുള്ള കാശ്മീര്‍ എന്ന പ്രദേശത്തെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തില്‍ അധിഷ്ഠിതമാണ്. 'ആസാദി' എന്നത് പ്രതിരോധത്തിന്‍റെ കൂടി പര്യായമാണെന്നും, തീവ്രമായ അഭിലാഷങ്ങള്‍ കൂടി അതുള്‍ക്കൊള്ളുന്നുവെന്നും കൂട്ടിചേര്‍ത്തുകൊള്ളട്ടെ.'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോഴൊന്നും ഇത്തരം ഒരു ഒരു മുദ്രാവാക്യം കേട്ടിട്ടില്ല. വീഡിയോയില്‍ ആ മുദ്രാവാക്യം കേള്‍ക്കുന്നുണ്ടെങ്കിലും അത് ആരാണ് വിളിച്ചത് എന്ന് വ്യക്തമല്ല. കാശ്മീരി വിദ്യാര്‍ത്ഥികളാവാം. ചുവടെ ചേര്‍ക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നത് പോലെ ABVP ഗൂഢാലോചനയാവാം.

ഭാരത വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതില്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കില്ല എന്ന് വ്യക്തമാക്കിയല്ലോ, എന്നാല്‍ സര്‍ക്കാര്‍ ഏത് വിധത്തിലാണ് പ്രതികരിച്ചതെന്ന് നോക്കൂ:

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ ആജ്ഞാനുസരണം പോലീസ് ആദ്യം യൂണിവേഴ്സിറ്റിയും പിന്നീട് ഹോസ്റ്റലുകളും റെയിഡ് ചെയ്തു. അവര്‍ തെളിവുകള്‍ ഒന്നും ഇല്ലാതെ തന്നെ JNUSU (JNU Students Union) പ്രസിഡന്‍റിനെ കാമ്പസില്‍ നിന്നും അറസ്റ്റു ചെയ്ത് കൊണ്ടുപോവുകയും കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അദ്ദേഹം മുദ്രാവാക്യങ്ങള്‍ ഒന്നും മുഴക്കിയിരുന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (CPI) യുടെ വിദ്യാര്‍ത്ഥി വിഭാഗമായ AISF (All India Students Federation) ന്‍റെ പ്രവര്‍ത്തകനാണ്. AISF യാതൊരു തരം  വിഘടന വാദങ്ങളുമില്ലാത്ത, ഇടതു ചിന്തയുള്ള ഏറ്റവും ശാന്തമായ പാര്‍ട്ടിയാണ്.

എന്‍റെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും അറസ്റ്റു ചെയ്തേ മതിയാവൂ എന്നുണ്ടെങ്കില്‍ ആ കാശ്മീരി വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്യൂ. പക്ഷേ വിദ്യാര്‍ത്ഥികളെ നിഷ്കരുണം വേട്ടയാടുകയും കയ്യേറ്റം ചെയ്യുകയുമല്ല ഒരു ജനാധിപത്യ സര്‍ക്കാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത്.

അവസാനമായി ഒരു കാര്യം കൂടി ഞാന്‍ സൂചിപ്പിക്കട്ടെ, അതിലെ വികാരം ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് കരുതിതന്നെ. 'എന്തിനാണ് നമ്മള്‍ നമ്മുടെ ദേശീയതാബോധത്തില്‍ ഇത്രയും കലുഷിതരാവേണ്ടത്? എന്തിനാണ് നമ്മള തിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത്? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാല്‍ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സര്‍വകലാശാല ചര്‍ച്ചകളുടേയും വാഗ്വാദങ്ങളു ടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല.'

ഇതു കുറേക്കൂടി വിശദമാക്കാന്‍, ഈ സര്‍വകലാ ശാലയുടെ പേരിന്‍റെ ഉടമകൂടിയായ നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വാക്കുകള്‍ കൂടി ഞാന്‍ കടമെടുക്കുന്നു.

'ഒരു സര്‍വകലാശാല നിലകൊള്ളുന്നത് മാനവികതക്കും, സഹിഷ്ണുതക്കും, വിവേകത്തിനും, ആശയ വൈപുല്യത്തിനും, സത്യാന്വേഷണത്തിനും വേണ്ടിയാണ്. ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള, മനുഷ്യസംസ്കാരത്തിന്‍റെ പ്രയാണത്തിന് വേണ്ടിയാണ് അത് സ്ഥാപിതമാകുന്നത്. സ്വന്തം ധര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത കലാശാ ലകള്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.'

കെട്ടിച്ചമച്ച ആരോപണങ്ങളും രൂക്ഷവിമര്‍ശനങ്ങളും മാധ്യമങ്ങളില്‍ നിന്നും നേരിടുന്ന ഈ നിര്‍ണ്ണായക വേളയില്‍, നിങ്ങള്‍ ജെ.എന്‍.യു.വിന് ഒപ്പം നില്‍ക്കണമെന്ന് ഞാന്‍ ആശിക്കുന്നു. അന്തസത്ത യിലും ഭൂപ്രകൃതിയിലും സമാനതകളില്ലാത്തത്ര സുന്ദരമാണീ സര്‍വകലാശാല.

ഞാന്‍ നിങ്ങളേവരേയും എന്‍റെ സര്‍വകലാശാല സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യാനും ഉള്‍ക്കൊള്ളാനും കഴിവുള്ള ഒരിടം കൂടിയാണിത്.

You can share this post!

തിരിഞ്ഞുനോട്ടം

സ്വപ്ന ചെറിയാന്‍
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts