news-details
കാലികം

ജെഎന്‍യുവില്‍ നടക്കുന്നതെന്ത്?

"അവര്‍ ഞങ്ങളെ ചങ്ങലയ്ക്കിട്ടാല്‍ ഞങ്ങള്‍ ശബ്ദം കൂടുതല്‍ ഉയര്‍ത്തും, കാരണം ജനാധിപത്യം ഓരോ ദിവസവും നടപ്പാക്കേണ്ടതാണ്.
അവര്‍ ഞങ്ങളെ അടിച്ചുവീഴ്ത്തിയാല്‍
ഞങ്ങളോടു തോന്ന്യാസം കാട്ടിയാല്‍
ഞങ്ങളുടെ സ്വന്തം നിലപാടില്‍ കൂടുതല്‍ ഉറച്ചു നില്ക്കുകയേ ഉള്ളൂ." (ജെ.എന്‍.യുവിലെ ജര്‍മ്മന്‍ വിദ്യാര്‍ത്ഥിനി സില്‍വി പാടിയത്)

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ അടുത്തനാളുകളില്‍ നടന്ന സംഭവങ്ങളും അവയുടെ പ്രതികരണങ്ങളും ഏറെ ചിന്തയ്ക്കു വക നല്കുന്നുണ്ട്. മലയാളികള്‍ പറയാറുള്ള 'വെള്ളരിക്കാപട്ടണ'ത്തില്‍ മാത്രം നടക്കാവുന്ന കാര്യങ്ങള്‍ എന്നാണ് ആദ്യം തോന്നിയത്. ഏതായാലും ഒരു ആധുനിക ജനാധിപത്യരാഷ്ട്രത്തില്‍ നടക്കേണ്ടവയല്ല അതൊന്നും.

ഏതെങ്കിലും ഒരു രാജ്യം മാനുഷികാദര്‍ശങ്ങളെക്കാള്‍ വലുതാണെന്നു പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തെ പ്രതിരോധിക്കുമ്പോള്‍ മാത്രമാണ് എന്‍റെ നാട്ടുകാര്‍ക്ക് അവരുടെ ഇന്ത്യ നേടിയെടുക്കാന്‍ കഴിയുക എന്ന് ഒരിക്കല്‍ രവീന്ദ്രനാഥടാഗോര്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള ഒരു പ്രബന്ധത്തില്‍ (1917) പറയുകയുണ്ടായി. സര്‍വ്വകലാശാലയെക്കുറിച്ചു ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത്, അതു സഹിഷ്ണുത, യുക്തി, മനുഷ്യത്വം, ആശയങ്ങളുടെ സാഹസികത, സത്യാന്വേഷണം തുടങ്ങിയ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ്.

അദ്ദേഹത്തിന്‍റെ പേരിലുള്ള സര്‍വ്വകലാശാല വലിയ ഒരളവോളം ആ സ്വപ്നത്തെ പിന്‍ചെല്ലുന്നതായിരുന്നു. അവിടെ പലതരം ആശയങ്ങള്‍ സ്വതന്ത്രമായി ഏറ്റുമുട്ടി, ജാതി, ലിംഗം, വര്‍ഗം തുടങ്ങിയവയെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്പങ്ങളെ നിരന്തരം ചോദ്യം ചെയ്തു. പലതരം വ്യത്യസ്തതകളെ സംവാദങ്ങളിലൂടെ കൈകാര്യം ചെയ്യാന്‍ ശീലിച്ചു. പ്രതിഷേധത്തെയും വിദ്വേഷത്തെയും വേര്‍തിരിച്ചറിയാന്‍ പഠിച്ചു. കക്ഷി നോക്കാതെ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ - പലപ്പോഴും അധ്യാപകരും - അനീതികളെയും അടിച്ചമര്‍ത്തലുകളെയും ചോദ്യം ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ, ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊല, നന്ദിഗ്രാമില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ  കുടിയൊഴിക്കല്‍, ഗുജറാത്ത് വംശഹത്യ ഇങ്ങനെ പല കക്ഷികളും ഉള്‍പ്പെട്ട സംഭവങ്ങളില്‍ അവര്‍ പ്രതികരിച്ചിട്ടുണ്ട്.

ഇപ്പോള്‍ കനയ്യ കുമാര്‍ ഉള്‍പ്പെട്ട പ്രതിഷേധവും അതേ പരമ്പരയില്‍പെട്ടതാണ്. അഫ്സല്‍ ഗുരുവിന്‍റെ തൂക്കിക്കൊല നടപ്പാക്കിയ രീതിയെ ശശി തരൂര്‍, അരുന്ധതി റോയ്, ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജൂ, ഡല്‍ഹി ഹൈകോര്‍ട്ട് ചീഫ് ജസ്റ്റീസ് എ. പി. ഷാ എന്നിവര്‍ മാത്രമല്ല, ഇപ്പോള്‍ ജന്മു-കാശ്മീരില്‍ ബി.ജെ.പിയുമായി സഖ്യത്തിലുള്ള പിഡിപിയും - 'നീതിയുടെ അവഹേളനം' എന്നാണവര്‍ പറഞ്ഞത് - കഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ അവരും രാജ്യദ്രോഹികള്‍ ആകേണ്ടതല്ലേ? എന്നാല്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ വധശിക്ഷയെത്തന്നെ എതിര്‍ക്കുന്നതിന്‍റെ ഭാഗം കൂടി ആയാണ് ഈ പ്രശ്നം ഉയര്‍ത്തിയത്. അതാകട്ടെ ഇന്നൊരു ദേശീയ ചര്‍ച്ചയുമാണ്.

കാശ്മീരി വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു ക്യാപസില്‍ സംസാരിച്ചതിനെ കുറ്റമായി കാണുന്നവര്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്നു കരുതുന്നവരാകാനേ വഴിയുള്ളൂ. കാശ്മീരിന്‍റെ സ്വയം നിര്‍ണയാവകാശമാകട്ടെ കാശ്മീരിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുമ്പോള്‍ നാം നല്കിയ വാഗ്ദാനമാണ്. ആ വാഗ്ദാനത്തെക്കുറിച്ചുപോലും സംസാരിക്കുന്നത് രാജ്യദ്രോഹമാണോ? കനയ്യ കുമാര്‍ കുറ്റക്കാരനാണെന്നും അല്ലെന്നും പറയുന്നര്‍ ബിജെപിയില്‍ ഇപ്പോഴുണ്ട്.

അതിനു പകരം അവരില്‍ ചിലര്‍ കണ്ടുപിടിച്ചത് ഉമാര്‍ ഖാലിദ് എന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആണ്. ഉമാര്‍ ജിഹാദി അല്ല, സോഷ്യലിസ്റ്റ് ആണ്. എന്നാല്‍ മുസ്ലിം പേരുള്ളവരൊക്കെ ഭീകരവാദികളാണെന്നു വിശ്വസിക്കുന്ന ഒരു കൂട്ടര്‍ അയാളെ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളുമായി കൂട്ടിക്കെട്ടാന്‍ ഒരു നിമിഷം പോലും എടുത്തില്ല. അയാള്‍ക്കെതിരെയുള്ള ഒരു ആരോപണം പാക്കിസ്ഥാനില്‍ പോയി എന്നതാണ്. അയാള്‍ക്ക് പാസ്പോര്‍ട്ട് തന്നെയില്ല എന്ന് പിന്നീട് തെളിഞ്ഞു.

അല്ലാ, പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത് കുറ്റമാകുന്നത് എങ്ങനെയാണ്? ആര്‍ എസ് എസ് സഹയാത്രികനായ വേദപ്രതാപ് വൈദിക് പാക്കിസ്ഥാനില്‍ പോകുക മാത്രമല്ല, ഹാഫീസ് സയിദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം ഒരു ഭീകരനല്ലേ? ഡിഎസ് യുവിലെ സ്ത്രീവിരുദ്ധ മനോഭാവം ചൂണ്ടിക്കാട്ടി അതില്‍ നിന്നു രാജിവച്ച ആളാണ് ഉമാര്‍ ഖാലിദ്.

നട്ടെല്ലില്ലാത്ത ഒരു വൈസ് ചാന്‍സലര്‍, ആരെയും  എപ്പോഴും മാവോ വാദിയോ ഭീകരവാദിയോ ആക്കാന്‍ സവിശേഷവൈഭവമുള്ള പോലീസുകാര്‍, പട്യാലകോടതിയില്‍ വച്ചുപോലും 'രാജ്യദ്രോഹികള്‍' എന്ന് അവര്‍ വിളിക്കുന്നവരെ - അതില്‍ കുര്‍ത്ത ധരിച്ചവരും താടിയുള്ളവരുമായ വെറും കാഴ്ചക്കാരും ഉള്‍പ്പെടുന്നു. മര്‍ദ്ദിക്കാന്‍ തയ്യാറായ ബിജെപി എം.എല്‍.എ., ഒ. പി. ശര്‍മ ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ ആരാണ്. ഇവര്‍ക്കെല്ലാം ആരാണ് രാജ്യസ്നേഹി, ആരാണ് രാജ്യദ്രോഹി എന്നു തീരുമാനിക്കാനുള്ള അനുമതി നല്കിയത്? എങ്ങനെയാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഗോഡ്സെ വധിച്ച ദിവസം മധുരപലഹാരം വിതരണം ചെയ്യുകയും ഗോഡ്സെയെ തൂക്കിക്കൊന്ന ദിവസം 'ബലിദാന്‍ ദിവസ്' ആയി ആചരിക്കുകയും ചെയ്യുന്ന സംഘടനകള്‍ 'രാജ്യസ്നേഹികള്‍' ആകുന്നത്?

ബ്രിട്ടീഷുകാരുടെ രാജ്യദ്രോഹനിയമം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെയെല്ലാം തോന്നിയതുപോലെ പ്രയോഗിക്കാനും ദലിത് സംഘടനകള്‍ നിരോധിക്കാനും ആദിവാസികളെ  കുടിയൊഴിപ്പിക്കാനും തൊഴിലാളി ദ്രോഹനിയമങ്ങള്‍ ആവിഷ്കരിക്കാനും പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനും ഇന്ത്യക്കാരെ പോകട്ടെ, ഹിന്ദുക്കളെപ്പോലും മുഴുവനും പ്രതിനിധാനം ചെയ്യാനും ആരാണ് ഒരു സംഘം സംസ്കാരവിരുദ്ധര്‍ക്ക് അവകാശം നല്കിയത്? ഇന്ത്യന്‍ ജനത അവരെ തിരഞ്ഞെടുത്തത് ഇതിനൊന്നും     വേണ്ടിയല്ലെന്ന് അവര്‍ മറന്നിരിക്കുന്നു. ആ ജനത തന്നെ അവര്‍ക്ക് മറുപടി നല്കിക്കൊണ്ടുമിരിക്കുന്നു.

(കടപ്പാട് - മനോരമ ഓണ്‍ലൈന്‍)    

You can share this post!

തിരിഞ്ഞുനോട്ടം

സ്വപ്ന ചെറിയാന്‍
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts