അതിജീവനത്തിന്‍റെ പാഠശാലയില്‍ ഏറ്റവും ആദ്യത്തെ അദ്ധ്യായം തുടങ്ങേണ്ടത് ആദവും ഹവ്വയും എന്ന ആദിമാതാപിതാക്കളില്‍ നിന്നാണ്. തെറ്റിന്‍റെ ഫലം ശിക്ഷയായി ജീവിതത്തില്‍ പേറാന്‍ വിധിക്കപ്പെടുന്ന, നല്ലതു മാത്രം മുളച്ചിരുന്ന ഭൂമിയില്‍ നിന്ന് മുള്ളുകള്‍ മുളയ്ക്കുന്ന ഭൂമിയിലേക്ക് കുടിയിറക്കപ്പെട്ട ആ ജന്മങ്ങള്‍ അതിജീവനത്തിന്‍റെ ആദ്യപാഠങ്ങള്‍ തന്നെയാണ്. കാരണം, അവിടെ അവര്‍ ആരംഭിച്ചത് യഥാര്‍ത്ഥജീവിതത്തിന്‍റെ ചവിട്ടുപടികളാണ്. ഭൂമി നിനക്കുവേണ്ടി മുള്‍ച്ചെടികള്‍ മുളപ്പിക്കും. നീ നൊന്തു പ്രസവിക്കും എന്ന ശാപവാക്കുകളുടെ മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതെയാണ് അവര്‍ ഒരു വാശികണക്കേ ഭൂമിയില്‍ അതിജീവനത്തിന്‍റെ ആദ്യപാദങ്ങള്‍ പതിപ്പിച്ചത്. അന്നുമുതല്‍ ഇന്നോളം പരുക്കന്‍ നിലങ്ങളില്‍ കാലുറപ്പിച്ചിട്ടുള്ള മനുഷ്യരെല്ലാം തന്നെ അതിജീവനത്തിന്‍റെ മഹാത്ഭുതങ്ങളായി നിലകൊള്ളുന്നുണ്ട്. ആ വംശപരമ്പര ഇന്നും ഭൂമിയില്‍ അവശേഷിക്കുന്നുണ്ട്. കേരളത്തിന്‍റെ കുടിയേറ്റ ചരിത്രത്തില്‍ കാണുന്ന മണ്ണിനോടും കാടിനോടും പ്രകൃതിയോടും മല്ലിട്ട് കുടിയേറ്റ മേഖലയെ വാസയോഗ്യമാക്കിയ നമ്മുടെ പൂര്‍വ്വികര്‍ ഈ വംശപരമ്പരയുടെ കണ്ണികള്‍തന്നെ. അതിജീവനത്തിന്‍റെ പാഠപുസ്തകങ്ങള്‍.
തോല്‍വി സമ്മതിക്കാത്തിടത്തോളം കാലം നിന്നെ തോല്പിക്കാന്‍ ആര്‍ക്കുമാവില്ല എന്നു പറഞ്ഞത് അബ്രാഹം ലിങ്കണ്‍ ആണ്. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്‍റായി 1860-ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം പിന്നിലവശേഷിപ്പിച്ചത് അതിജീവനത്തിന്‍റെ കാലടികളായിരുന്നു.
ഒരുവന്‍ തോല്ക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം അയാളെ തോല്പിക്കാനാര്‍ക്കും സാധിക്കുകയില്ല. ആ ഒരു ഉറപ്പിന്‍റെ ധൈര്യത്തിലായിരിക്കണം ബോളിവിയന്‍ കാടുകളില്‍ ഒളിപ്പോര്‍ നടത്തിയ നീലക്കണ്ണുള്ള ആ യുവഡോക്ടര്‍ വിളിച്ചു പറഞ്ഞത്, "നിങ്ങള്‍ക്ക് എന്നെ കൊല്ലാം, പക്ഷേ തോല്പിക്കാനാവില്ല." (You can kill, but can’t defeat me)
മനുഷ്യരെ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന വലിയൊരു ഘടകം അതിജീവനം തന്നെയാണ്. "ഒരുവന്‍റെ വിജയം കണക്കാക്കേണ്ടത് അവന്‍ എത്തിയ ഉയരത്തിന്‍റെ കണക്ക് എടുത്തല്ല മറിച്ച് അവന്‍ മറികടന്ന പ്രതിസന്ധിയുടെ കണക്കനുസരിച്ചാണ്" എന്നു പറഞ്ഞത് ബുക്കര്‍ റ്റി. വാഷിംഗ്ടണ്‍ ആണ്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെയാണ് ഇന്ത്യയുടെ പതിമൂന്നു പ്രസിഡന്‍റുമാരില്‍ കെ. ആര്‍. നാരായണനും എ. പി. ജെ. അബ്ദുള്‍കലാമും ജനമനസ്സുകളില്‍ ഇന്നുമൊരോര്‍മ്മയായി നിലകൊള്ളുന്നത്.
അതിജീവനത്തിന്‍റെ ജീവിക്കുന്ന അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് Nick Vujicic എന്ന സെബിയന്‍ ഓസ്ട്രേലിയന്‍. ഭ്രൂണാവസ്ഥയില്‍ വന്ന ഫോക്കോമിലിയ എന്ന രോഗത്തിന് അടിപ്പെട്ട് ഇരുകൈകളും കാലുകളും ഇല്ലാതെയാണ് അദ്ദേഹം ജനിച്ചത്. കഠിനമായ വിഷാദത്തിന് കീഴ്പെട്ടിട്ടുണ്ട്. സ്വയം ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിജീവനത്തിന്‍റെ വെളിച്ചമയാളില്‍ പ്രകാശിച്ചപ്പോള്‍ ജീവിതത്തോട് അദ്ദേഹത്തിന് സ്നേഹമായി. ഇന്നദ്ദേഹം അനേകരെ പ്രചോദിപ്പിക്കുന്ന വെളിച്ചമായി മാറിയിരിക്കുന്നു. രണ്ടു കുട്ടികളുടെ അച്ഛന്‍കൂടിയായ നിക്ക് അതിജീവനത്തിന്‍റെ നേര്‍ക്കാഴ്ചയാണ്.
അമേരിക്കയെയും ഇംഗ്ലണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന് കുറുകെ ആദ്യമായി കേബിള്‍ ലൈന്‍ സ്ഥാപിച്ച രണ്ടു വ്യക്തികളെ ഓര്‍ക്കാതിരിക്കാനാവില്ല - ഫെഡറിക് ഗിബ്സണും സൈറസ് വെസ്റ്റ് ഫീല്‍ഡും. ഭീമമായ പണച്ചെലവും അതിലും ഭീമമായ അധ്വാനവുമായിരുന്നു അവരെ കാത്തിരുന്നത്. കടല്‍ജീവികള്‍ ആക്രമിക്കാതിരിക്കാന്‍ പ്രത്യേകം കേബിള്‍ നിര്‍മ്മിച്ച് അവര്‍ തങ്ങളുടെ ജോലി ആരംഭിച്ചു. പല തവണ കേബിള്‍ കടലിന്‍റെ അടിയില്‍ വച്ച് മുറിഞ്ഞുപോയി എങ്കിലും അവര്‍ ഉദ്യമത്തില്‍നിന്ന് പിന്‍തിരിഞ്ഞില്ല. 1858 ജൂലൈ 29 ന് അവര്‍ തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കി, ഒരു കരയില്‍നിന്ന് മറുകരയിലേക്ക് അവര്‍ സന്ദേശം അയച്ചു. "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." ഇന്ന് ഒരു സെക്കന്‍റില്‍ 100 ജിബി വിവരം കൈമാറാന്‍ സാധിക്കുന്ന ഇടത്ത് അന്ന് ഒരു ബിറ്റ് സന്ദേശം കൈമാറാന്‍ എടുത്ത സമയം 2.5 മിനിട്ട് ആയിരുന്നു. ആദ്യത്തെ സന്ദേശം മുഴുവനായ് എത്താന്‍ എടുത്ത സമയമാകട്ടെ 17 മണിക്കൂറും.
ഗ്രീക്ക് പുരാണത്തിലെ ഫീനിക്സ് പക്ഷി ലോകത്തിന് ആവേശം നല്കുന്ന അതിജീവനത്തിന്‍റെ പക്ഷിയാണ്. ജരാനരകള്‍ ബാധിച്ച് തീരെ അവശതയിലെത്തുന്ന ഓരോ 500 വര്‍ഷത്തിലും ഫീനക്സ് മരുഭൂമിയിലെ തന്‍റെ ഏകാന്തവാസം വിട്ട് കാട്ടില്‍ തനിയെ ഒരുക്കുന്ന കൂട്ടില്‍ സൂര്യനെ നോക്കിയിരിക്കും. സൂര്യന്‍റെ ഉഗ്രചൂടില്‍ കത്തിയെരിഞ്ഞു കഴിയുമ്പോള്‍ ആ ചാരത്തില്‍നിന്ന് വീണ്ടും യൗവ്വനം തുടിക്കുന്ന പക്ഷിയായി അത് പറന്നുയരുമത്രേ. അതിജീവനം അങ്ങനെയാണ്. ഇല്ലാതായി എന്ന് കരുതുന്ന നിമിഷം പുതിയ ഊര്‍ജ്ജം നേടിക്കൊണ്ട് ഉയര്‍ന്നെഴുന്നേല്‍ക്കുന്നു.
അതിജീവനത്തിന്‍റെ പാഠങ്ങള്‍ ഏറ്റവും നല്ലതുപോലെ പറഞ്ഞുതരാന്‍ കഴിവുള്ള അദ്ധ്യാപിക പ്രകൃതി തന്നെയാണ്. കരിഞ്ഞുണങ്ങിയ പാടശേഖരങ്ങളോ, കത്തിച്ചാമ്പലായ മൊട്ടക്കുന്നോ നോക്കുക. ഒരു പുതുമഴയ്ക്കൊപ്പം എല്ലാം പഴയതുപോലെ പച്ചപിടിക്കുകയാണ്. ഒരു മഴയ്ക്കുവേണ്ടി എത്ര കാലവും കാത്തിരിക്കാന്‍ പ്രകൃതി തയ്യാറാണ്. അതുകൊണ്ടുതന്നെയല്ലേ നശിപ്പിക്കപ്പെട്ടു എന്നു തീറെഴുതിയ ഇടങ്ങള്‍ കാലത്തിന്‍റെയും പ്രകൃതിയുടെയും താളത്തിനൊപ്പം വീണ്ടെടുക്കപ്പെടുന്നത്. എന്തിനെയും അതിജീവിച്ച് മുന്നോട്ടു പോകുന്നത്. എത്ര ഇടിച്ചാലും വീണ്ടും നിവര്‍ന്നു വരുന്ന പാവപോലെ ആണ് പ്രകൃതി. മനുഷ്യന്‍റെ അതിജീവനവും അങ്ങനെതന്നെയാകേണ്ടിയിരിക്കുന്നു.
അതിജീവനത്തിന്‍റെ പോരാളികളെ നമ്മുടെ നാടും കണ്ടുതുടങ്ങുകയാണ്. പച്ചയും വെള്ളയും കാവിയും ഇടകലര്‍ന്ന ഒരു സംസ്കാരത്തെ കാവി മാത്രം ഉടുപ്പിക്കാന്‍ തുടങ്ങുന്നു എന്നു കാണുമ്പോള്‍ ഉയരുന്ന മുറവിളികള്‍ അതിജീവനത്തിന്‍റെ പൊടിപ്പുകള്‍ തന്നെ. ഖചഡവിലെ പ്രക്ഷോഭം അതിജീവനത്തിന്‍റേതായി മാറുന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമാകുന്നതു വഴിയാണ്. അടിച്ചമര്‍ത്തി ഇല്ലാതാക്കാനുള്ള പരിശ്രമം ചുറ്റും ഉയരുന്നുണ്ട്. കനയ്യ കുമാര്‍ എന്ന എഐഎസ്എഫ് നേതാവിനെ രാജ്യദ്രോഹകുറ്റം ചുമത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നടക്കുന്നത് ഇന്ത്യയെ കാവി ഉടുപ്പിക്കാനുള്ള രഹസ്യ അജണ്ടയെ എതിര്‍ത്തു തോല്പിക്കാന്‍ ഉള്ള അതിജീവനത്തിന്‍റെ ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളാണ്.
അതിജീവനത്തിന്‍റെ പാതയില്‍ മരണത്തിനുപോലും ഒരുവനെ തോല്പിക്കാനാവില്ല. അല്ലെങ്കില്‍പിന്നെ എങ്ങനെയാണ് മുപ്പത്തിമൂന്നാം വയസ്സില്‍ കുരിശില്‍ തൂങ്ങികിടക്കുമ്പോള്‍ താന്‍ ജയിച്ചു എന്ന രീതിയില്‍ 'എല്ലാം പൂര്‍ത്തിയായി' എന്നു പറയാന്‍ അവന് സാധിച്ചത്. അന്നത്തെ രാഷ്ട്രീയത്തിനോ മതത്തിനോ അവനെ ഒരിഞ്ചുപോലും തോല്‍പ്പിക്കാനായില്ല. അവന്‍ എല്ലാത്തിനേയും അതിജീവിച്ചു.
അതിജീവനത്തിന്‍റെ പാതയില്‍ ഒരാള്‍ക്ക് പ്രചോദനമേകുന്നത് പലരാകാം, സുഹൃത്ത്, ഗുരു, സഖി എന്നിങ്ങനെ പലരും. പക്ഷേ ഇവര്‍ നല്കിയതിലും അധികം ഊര്‍ജ്ജം നല്‍കാന്‍ കഴിയുന്ന ഒരു ഊര്‍ജ്ജകേന്ദ്രം ഓരോരുത്തരുടെയും ഉള്ളില്‍ത്തന്നെയുണ്ട്. അത് ഒരുവന്‍റെ ആത്മീയതയാണ്. അവിടെ അയാള്‍ക്ക് ലഭിക്കുന്ന ഉണര്‍വുകൊണ്ട് എന്തിനെയും മറികടക്കാന്‍ അയാള്‍ക്കു സാധിക്കുകതന്നെ ചെയ്യും.
അടുത്തിടെ പരിചയപ്പെട്ട ചില ജീവിതങ്ങള്‍ ഇങ്ങനെ ഊര്‍ജ്ജം സ്വീകരിച്ച് അതിജീവനത്തിന്‍റെ നേര്‍ക്കാഴ്ചകളായി മാറിയത് ആയിരുന്നു. അതിലൊരാളുടെ ജീവിതം ഈ ലക്കത്തിന്‍റെ ഉള്‍ത്താളുകളില്‍ വരച്ചിട്ടിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ ഒരാള്‍ക്കു മാത്രം വരുന്ന ദീനം മൂലം ചലനം വല്ലാതെ പരിമിതപ്പെട്ട ഒരാള്‍. പക്ഷേ ഉള്ള പരിമിത ഇടങ്ങളില്‍ നിന്നുകൊണ്ടുതന്നെ അതിനെ നേരിടുകയാണ് അവള്‍. അവളുടെ കണ്ണുകളില്‍ മറ്റാരിലും കാണാത്ത ഒരു തിളക്കമുണ്ട്. എന്തിനെയും അതിജീവിക്കാമെന്നുറപ്പു നല്കുന്ന തിളക്കം. ഇങ്ങനെയുള്ള ജീവിതങ്ങളാണ് ലോകത്തിന് പ്രകാശം നല്കുന്നത്. ഓര്‍ക്കുക നിങ്ങളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കല്ലാതെ വേറെ ആര്‍ക്കും ആവില്ല.