news-details
കവർ സ്റ്റോറി

മനസ്സ് - ഇനിയും കാഴ്ച തെളിയേണ്ടതുണ്ട്

ചില ശാസ്ത്രീയ മാനസികസത്യങ്ങള്‍
 
ഒരു ചുമ വന്നാല്‍ അത് ശ്വാസകോശസംബന്ധമായ രോഗത്തിന്‍റെ ലക്ഷണമാണ് എന്ന് സാധാരണക്കാരായ നമുക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. ഇതുപോലെ ഛര്‍ദ്ദിയും വയറിളക്കവും വന്നാല്‍ അത് ആമാശയവും കുടലും ഒക്കെ അടങ്ങുന്ന ദഹനപ്രക്രിയയിലുള്ള തകരാറാണെന്നാണ് നാം അനുമമാനിക്കാറ്. ഇങ്ങനെ ദൈനംദിന ജീവിതത്തിലെ ഓരോ ശാരീരിക അസ്വസ്ഥതകള്‍ക്കും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ശരീരഘടനയിലെ ഓരോ ഭാഗങ്ങളുണ്ട്. എന്നാല്‍ നമ്മുടെ മനസ്സ് രോഗാതുരമാകുമ്പോള്‍ ഏത് അവയവമാണ് രോഗഗ്രസ്തമാകുന്നത് എന്ന് ഇന്ന് പലര്‍ക്കുമറിയില്ല. മനുഷ്യമനസ്സിന്‍റെ ഉറവിടം തലച്ചോറാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന ഏതു ജന്തുവര്‍ഗ്ഗത്തേയും സംബന്ധിച്ചിടത്തോളം ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക തുടങ്ങിയ ഏത് അവയവത്തെയുംപോലെ ഒരു അവയവമാണ് തലച്ചോറും. മറ്റേത് അവയവത്തിനും വരുന്നതുപോലെ, അണുബാധ, കാന്‍സര്‍, പരിക്കുകള്‍, രാസപദാര്‍ത്ഥങ്ങളിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ബാധിക്കാം. പരിണാമപരമായി വിശകലനം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഏറ്റവും അവസാനമായി രൂപം പ്രാപിച്ച ഒരു ശാരീരിക അവയവമാണ് മനുഷ്യന്‍റെ മസ്തിഷ്കം. ഇതിന്‍റെ പ്രവര്‍ത്തനം ഈ ലോകത്തിലെ ഏത് സൂപ്പര്‍ കമ്പ്യൂട്ടറുകളെക്കാളും സങ്കീര്‍ണമാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണപദാര്‍ത്ഥം നിങ്ങളുടെ കണ്‍മുമ്പില്‍ വച്ചിരിക്കുകയാണെന്ന് കരുതുക. ആ വസ്തുവിന്‍റെ രൂപം കണ്ണിന്‍റെ കോര്‍ണിയയിലൂടെ കടന്നുപോകുന്നത് മുതല്‍ തലച്ചോറ് അതിനെ വിശകലനം ചെയ്തെടുക്കുന്ന സമയം വരെ ഒരുപാട് പ്രക്രിയകള്‍ സംഭവിക്കുന്നു. നിമിഷാര്‍ദ്ധങ്ങള്‍ മാത്രം എടുക്കുന്നതിനാല്‍ ഈ പ്രക്രിയ നമ്മള്‍ തിരിച്ചറിയുന്നില്ല. നിങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നത് ഐസ്ക്രീം ആണെന്ന് തിരിച്ചറിയാന്‍ ഒരുപക്ഷേ ആയിരക്കണക്കിന് കോശങ്ങളുടെ അധ്വാനവും ഏകോപനവും ആവശ്യമാകാറുണ്ട്. നാഡീകോശങ്ങള്‍, ന്യൂറോട്രാന്‍സ്മിറ്ററുകള്‍ (ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു  സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥം) എന്ന രാസപദാര്‍ത്ഥം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതു കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നത്. ഇതില്‍ ഒരു രാസപദാര്‍ത്ഥം കൃത്യമായി പ്രവര്‍ത്തിക്കാതെ വന്നാല്‍ കണ്ണുകളിലെ നാഡീകോശങ്ങള്‍ സന്ധിക്കുന്ന സ്ഥലം പ്രവര്‍ത്തനരഹിതമാകുകയും അയാള്‍ക്ക് തന്‍റെ മുമ്പില്‍ വച്ചിരിക്കുന്ന വസ്തു ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കാതെയും വരുന്നു. 
 
മനസ്സും മാനസികരോഗങ്ങളും 
 
നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളായ ചിന്തകള്‍, വികാരങ്ങള്‍, ഓര്‍മ്മകള്‍, സംവേദനങ്ങള്‍ എന്നിവയുടെയൊക്കെ ആകെത്തുകയാണ് മനസ്സ്. മനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റങ്ങളായാണ് നമുക്ക് പ്രകടമാകുന്നത്. ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ അയാളുടെ പെരുമാറ്റം വഷളാകുമ്പോഴാണ് നാമതിനെ മനോരോഗം അഥവാ മാനസികരോഗം എന്നു വിളിക്കുന്നത്. സിനിമകളിലും പുസ്തകങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അവതരിപ്പിക്കുന്ന മാനസികരോഗത്തെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളാണ് പലരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളത്. അല്ലെങ്കില്‍ വഴിയോരങ്ങളിലും മറ്റും വൃത്തിഹീനമായ വസ്ത്രങ്ങളും ജഡകെട്ടിയ മുടിയുമായി സ്വയം പിറുപിറുക്കുകയും ചിരിക്കുകയും ആകാശത്തേക്ക് മുഷ്ടിചുരുട്ടി ആരെയെന്നില്ലാതെ ചീത്തപറയുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടായിരിക്കാം. തീര്‍ച്ചയായും ഇവര്‍ ചികിത്സവേണ്ട മാനസികരോഗമുള്ളവരാണ്. എന്നാല്‍ മാനസികരോഗചികിത്സകന്മാര്‍ ചികിത്സിക്കുന്നവരെല്ലാം ഇത്തരത്തിലുള്ള ഭ്രാന്തന്മാരാണെന്ന മനോഭാവമാണ് പൊതുസമൂഹത്തിനുള്ളത്. മാനസികരോഗം =ഭ്രാന്ത്. ചെറുപ്പകാലം മുതല്‍ മാനസികരോഗത്തെക്കുറിച്ച് ആളുകള്‍ മനസ്സില്‍ വേരുറപ്പിക്കുന്ന ആശയം ഇതാണ്. കൊച്ചുകുട്ടികള്‍ സൂര്യന്‍റെയും ചന്ദ്രന്‍റെയും വലുപ്പം ഏകദേശം ഒരുപോലെയാണെന്ന് ചിന്തിക്കുന്നതിന് സമാനമാണിത്. ഈ കാഴ്ചപ്പാട് വ്യത്യാസപ്പെടാതിരുന്നാല്‍ ഒന്നെങ്കില്‍ അവര്‍ക്കോ അല്ലെങ്കില്‍ മറ്റ് സ്നേഹിതര്‍ക്കുവേണ്ടിയോ സഹായം തേടുന്നതില്‍നിന്ന് ആളുകളെ വിലക്കുന്ന വിധത്തിലുള്ള തെറ്റിദ്ധാരണയായി ഇതു മാറുന്നു. ഞാനൊരു സൈക്യാട്രിസ്റ്റിനെ കാണണമോ? എനിക്ക് ഭ്രാന്താണെന്നാണോ നീ പറയുന്നത്? ഒരു സൈക്യാട്രിസ്റ്റിന്‍റെ സഹായം തേടണമെന്ന നിര്‍ദേശത്തിന് സാധാരണയായി കാണുന്ന പ്രതികരണം ഇതാണ്. തെരുവോരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന മുടിയും താടിയും നീട്ടി വളര്‍ത്തിയ തീവ്രമായ മാനസികരോഗമുള്ളവര്‍ വേണ്ട ചികിത്സ ലഭിക്കാത്തതിന്‍റെ പരിണതഫലമാണ്. രോഗമുണ്ടെന്നുള്ള തിരിച്ചറിവ് നഷ്ടമായി പരിസരബോധം വിട്ട് പെരുമാറുന്ന ഇത്തരത്തിലുള്ള ഉന്മാദരോഗികളുടെ തോത് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. അതിലെ നേരിയ ഒരു വിഭാഗം മാത്രമേ അപകടകാരികളോ അക്രമാസക്തരോ ആകുന്നുള്ളൂ, അതും പ്രകോപിതരായാല്‍ മാത്രം.  മനസ്സിന്‍റെ പ്രശ്നങ്ങള്‍ക്കായ് സഹായം തേടുന്നവരൊക്കെ ഇത്തരക്കാരാണെന്ന ധാരണയാണ് ആദ്യം മാറേണ്ടത്. 
 
കാരണങ്ങള്‍ തേടി
 
ഒരാള്‍ക്ക് മാനസികരോഗം വരുന്നത് പ്രത്യേകിച്ച് ഒരു കാരണം കൊണ്ടാകണമെന്നില്ല. മാനസിക രോഗങ്ങളുടെ കാരണമായി അവതരിപ്പിക്കപ്പെടുന്ന മാതൃക ജീവശാസ്ത്രം, മാനസികം, സാമൂഹികം എന്നീ മൂന്നു തലങ്ങളിലുള്ള വ്യയതിയാനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനെ Biopsychosocial എന്നാണ് പറയുക. ഇതില്‍ ജീവശാസ്ത്രപരമായ അടിസ്ഥാനങ്ങളെപ്പറ്റിയുള്ള കണ്ടെത്തലുകള്‍ വന്നിട്ട് അധികം നാളുകളായിട്ടില്ല. 1950നു ശേഷമാണ് ഈ മേഖലയില്‍ കാര്യമായ മുന്നേററമുണ്ടായത്. 
മാനസികരോഗത്തിന്‍റെ പിന്നിലെ ജീവശാസ്ത്രപരമായ കാരണങ്ങള്‍ പലതാണ്. തലച്ചോറിലെ പരസ്പര ആശയവിനിമയത്തിന് സഹായിക്കുന്ന നാഡിഞരമ്പുകളിലെ ഘടനയിലെ മാറ്റങ്ങളോ, അവയിലെ ചില രാസഘടകങ്ങള്‍ അസന്തുലിതമാകുകയോ പ്രവര്‍ത്തനം ക്രമരഹിതമാകുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ നാഡികളില്‍ സന്ദേശ കൈമാറ്റം തകരാറിലാവുകയും അവ മാനസികരോഗലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മാനസികരോഗ സാധ്യത അടുത്ത തലമുറകളിലേക്ക് ജനിതകഘടനകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യാം(പാരമ്പര്യം). ഇവിടെ ഒരു ജീനിലല്ല (ജീന്‍- അടിസ്ഥാനജനിതക ഘടകം) മറിച്ച് ഒരുകൂട്ടം ജീനുകളിലുള്ള അസാധാരണത്വമാണ് മാനസികരോഗങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് ബന്ധുജനങ്ങളില്‍ ആരെങ്കിലും മാനസികരോഗിയായാല്‍ തന്നെയും ഒരാള്‍ക്ക് രോഗം വരാതിരിക്കുന്നത്. ബഹുഗുണമുള്ള ജീനുകളുടെ പ്രവര്‍ത്തനവും മറ്റു ഘടകങ്ങളായ വ്യക്തിത്വത്തിന്‍റെ പ്രത്യേകതകളും സാമൂഹികചുറ്റുപാടുകളും മാനസികരോഗാതുരതയെ സ്വാധീനിക്കുകയും ആക്കം കൂട്ടുകയും ചെയ്യുന്നു. ഉദാഹരണത്തിന് കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാനസികരോഗമുള്ള ഒരു യുവാവ് ലഹരിപദാര്‍ത്ഥം ഒരു തവണയെങ്കിലും ഉപയോഗിക്കാനിടയായാല്‍ അയാള്‍ മാനസികരോഗാവസ്ഥയിലേക്ക് വീണുപോകാന്‍ സാധ്യത ഏറെയാണ്. തലച്ചോറിനെ ബാധിക്കുന്ന ചില പകര്‍ച്ചവ്യാധികള്‍ തലച്ചോറിന് നാശം വരുത്തുകയോ, മാനസികരോഗങ്ങളിലേക്കോ രോഗലക്ഷണ വര്‍ദ്ധനവിലേക്കോ നയിക്കാം. സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയല്‍ അണുബാധ കുട്ടികളില്‍ പീഡിയാട്രിക് ആട്ടോ ഇമ്മ്യൂണ്‍ ന്യൂറോ സൈക്യാട്രിക് രോഗം ഉണ്ടാക്കും. തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന പരുക്കുകളും പ്രശ്നങ്ങളും മാനസികരോഗങ്ങള്‍ക്ക് കാരണമായേക്കാം.
 
മുന്‍സൂചിപ്പിച്ചതുപോലെ മാനസികരോഗങ്ങള്‍ ജൈവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടുമാത്രമാണ് എന്നുപറയുന്നത് ഒരു ഗൗരവമായ വിഷയത്തെ ലഘൂകരിക്കുന്ന നിലപാടാകും. അതുകൊണ്ടുതന്നെ ഒരാളുടെ പൊതുവായ മാനസിക അവസ്ഥയ്ക്ക് മാനസികരോഗങ്ങളുടെ ഉത്ഭവത്തില്‍ കാര്യമായ പങ്കുണ്ടെന്ന് മനസ്സിലാക്കണം. ഇത് ജീവിതത്തിലെ അനുദിനസംഭവങ്ങളെ ഒരാള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നും സഹജീവികളുമായുള്ള സമ്പര്‍ക്കത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ എങ്ങനെ വിലയിരുത്തുന്നുവെന്നും അതിനോട് എങ്ങനെ പ്രതികരിക്കാനാണ് മനസ്സിനെ പരിശീലിപ്പിച്ചിരിക്കുന്നത് എന്നും അടിസ്ഥാനപ്പെടുത്തിയായിരിക്കും അത്. ഇവിടെ അയാളുടെ വ്യക്തിത്വരൂപീകരണത്തില്‍ കാര്യമായ പങ്കു വഹിക്കുന്ന ശൈശവബാല്യകൗമാരകാലഘട്ടത്തിലെ പരിശീലനങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട്. ചെറുപ്പത്തിലെ അനുഭവിക്കുന്ന തിരസ്കരണം, പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, രോഗം തുടങ്ങിയ പല കാര്യങ്ങളും ഇവിടെ ഗൗരവതരമാണ്. ഇത്തരം സാഹചര്യങ്ങളൊക്കെ ഒരാളുടെ മനസ്ഥിതി(Mood), വ്യക്തിത്വം(Personality), പെരുമാറ്റം(Behaviour) എന്നിവയെ നിയന്ത്രിക്കുന്നു. മാനസികരോഗങ്ങളുടെ ഉത്ഭവത്തില്‍ സാമൂഹിക ചുറ്റുപാടുകള്‍ക്കു പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. സ്വതന്ത്രമായ കുടുംബപശ്ചാത്തലത്തില്‍ വളര്‍ന്ന ഒരാള്‍ വളരെ സങ്കുചിതമായ സാഹചര്യങ്ങളില്‍ വളര്‍ന്ന ഒരാളേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങളെ നേരിടാന്‍ ശക്തനായിരിക്കും. അതുപോലെ ഒരു വ്യക്തി ഉള്‍പ്പെട്ട മതപരവും സാമൂഹ്യപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളുടെ ഗുണപരവും നിഷേധപരവുമായ സ്വാധീനം ഒരാളില്‍  കാണും. ഉദാഹരണത്തിന് ആഫ്രിക്ക പോലുള്ള, ജീവിക്കാന്‍ ഭൂമിശാസ്ത്രപരമായി വളരെ കഠിനമായ സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന ഒരാളില്‍ സഹനശക്തിയും സഹിഷ്ണുതയും ഏറെ അളവില്‍ കാണപ്പെടും. ഒളിമ്പിക്സ് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ ആഫ്രിക്കന്‍ കായികതാരങ്ങളുടെ മാത്രം പ്രകടനം വിശകലനം ചെയ്താല്‍ മതി. ഇങ്ങനെ പൊതുവില്‍ പറഞ്ഞാല്‍ ജീവശാസ്ത്രപരവും മാനവികവും സാമൂഹികവുമായ ഇടങ്ങളുടെ പരസ്പരം ബന്ധപ്പെട്ട പ്രവര്‍ത്തനം വഴിയാണ് ഒരാളില്‍ മാനസികരോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. 
 
മാനസികരോഗലക്ഷണങ്ങള്‍ പലവിധം
 
മാനസികരോഗങ്ങളെ പൊതുവേ രണ്ടായി തരംതിരിക്കാം. ആദ്യവിഭാഗം രോഗങ്ങളില്‍ രോഗികള്‍ക്ക് തനിക്ക് രോഗമുണ്ടെന്ന തിരിച്ചറിവ് 'ഉള്‍ക്കാഴ്ച' (Insight) ഉണ്ടാവുകയില്ല. പ്രധാനമായും ചിത്തഭ്രമവിഭാഗത്തില്‍പ്പെടുന്ന സംശയരോഗം, സ്കിസോഫ്രീനിയ തുടങ്ങിയവയാണ് ഈ കൂട്ടത്തില്‍പ്പെട്ടത്. എന്നാല്‍ രണ്ടാം വിഭാഗം രോഗങ്ങളില്‍ രോഗിക്ക് തനിക്ക് രോഗമുണ്ടെന്ന തിരിച്ചറിവുണ്ടാകും. ഇക്കാരണംകൊണ്ട് സ്വയം ഡോക്ടറെ കണ്ട് ചികിത്സ നേടാന്‍ രോഗി സന്നദ്ധനാകും. വിഷാദരോഗം, ഉത്കണ്ഠരോഗങ്ങള്‍, ഒബ്സസീവ് കംപല്‍സീവ് ഡിസോഡര്‍ (O.C.D), പൊരുത്തപ്പെടല്‍ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങള്‍, ലഹരി അടിമത്തം, തലച്ചോറിനു ക്ഷതമേല്ക്കുമ്പോഴുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങള്‍ തുടങ്ങിയവയും മനോരോഗങ്ങളുടെ പട്ടികയില്‍പെടും. കുട്ടികളില്‍ കാണുന്ന അമിതവികൃതി, പഠനവൈകല്യങ്ങള്‍, ഓട്ടിസം, ബുദ്ധിവളര്‍ച്ചക്കുറവ് തുടങ്ങിയവ സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. 
 
വിഷാദരോഗത്തെക്കുറിച്ച് ഒരു വാക്ക്
 
കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ ഒന്‍പത് ശതമാനം പേര്‍ക്ക് വിഷാദരോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദരോഗം കൂടുതല്‍ കാണപ്പെടുന്നത്. രണ്ടാഴ്ചയിലധികം തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന വിഷാദഭാവം, ജോലികളിലും മറ്റു താത്പര്യമുണ്ടായിരുന്ന കാര്യങ്ങളിലും ഇടപെടാന്‍ താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം, ഉറക്കപ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും ഗതിവേഗത്തിലെ വ്യതിയാനങ്ങള്‍, നിരാശചിന്തകള്‍, ആത്മഹത്യാപ്രവണത എന്നീ ഒന്‍പതുലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലുമുണ്ടെങ്കില്‍ ആ വ്യക്തിക്കു വിഷാദരോഗമുണ്ടെന്നു സംശയിക്കാം. ജീവിതത്തെക്കുറിച്ച് പ്രതീക്ഷയില്ലായ്മ, തന്നെ ആരും സഹായിക്കാനില്ലെന്ന തോന്നല്‍, തന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന തോന്നല്‍, അനാവശ്യമായ കുറ്റബോധം എന്നിവയെല്ലാം വിഷാദരോഗത്തിന്‍റെ ഭാഗമായ നിരാശ ചിന്തകളാണ്. അവിവാഹിതര്‍, വിവാഹമോചിതര്‍, പങ്കാളികള്‍ മരണപ്പെട്ടവര്‍, കുട്ടികള്‍ മരിച്ചുപോയവര്‍, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണ്. കൃത്യമായ മരുന്നു ചികിത്സയിലൂടെയും മനശ്ശാസ്ത്രചികിത്സയിലൂടെയും വിഷാദരോഗം ഭേദമാക്കാം. 
 
ലഹരി ഉപയോഗം - ഒരു മാനസികരോഗം?
 
വല്ലപ്പോഴും മദ്യപിക്കുന്നതോ പുകവലിക്കുന്നതോ മനോരോഗമായി കാണാനാകില്ല, എന്നാല്‍ സ്ഥിരമായി ലഹരി കിട്ടാതെ വന്നാല്‍ ഉറക്കക്കുറവ്, വിറയല്‍, വെപ്രാളം, അപസ്മാരം, സ്ഥലകാലബോധമില്ലായ്മ തുടങ്ങിയ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമാക്കുകയോ ചെയ്താല്‍ ആ വ്യക്തി ലഹരിഅടിമത്ത്വം എന്ന മനോരോഗം ബാധിച്ചയാളാണെന്നു കരുതുക. മദ്യം, കഞ്ചാവ്, മയക്കുമരുന്നുകള്‍, കൊക്കെയ്ന്‍ എന്നിവയുടെ ഉപയോഗം മൂലം തലച്ചോറിലെ രാസഘടനയ്ക്കു തകരാറുണ്ടാവുകയും തന്മൂലം 'ലഹരിജന്യമനോരോഗങ്ങള്‍' ഉണ്ടാകുകയും ചെയ്യാം. ചിത്തഭ്രമം, വിഷാദം, അമിത ഉത്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ഇതുമൂലമുണ്ടാകാം. 
 
എന്തു ചെയ്യാം
 
കടുത്ത തലവേദന വരുമ്പോള്‍ ഒന്നു സ്കാന്‍ ചെയ്താലോ, അമിതമായ ക്ഷീണം തോന്നുമ്പോള്‍ രക്തത്തിലെ ഷുഗര്‍ നോക്കിയാലോ എന്ന് ഡോക്ടര്‍ന്മാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന പലരും മനസ്സ് രോഗാവസ്ഥയിലേക്ക് പോകുമ്പോള്‍ ഏതുതരം ചികിത്സ നേടണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ജീവിതത്തില്‍  സാധാരണ ചെയ്യാറുള്ള 'പറഞ്ഞുമനസ്സിലാക്ക'ലും 'ആശ്വസിപ്പിക്കലു'മൊക്കെ ഇത്തിരി ഡോസ് കൂട്ടി ചെയ്താല്‍ തീരുന്നതല്ലേ മനസ്സിന്‍റെ എല്ലാ പ്രശ്നങ്ങളും എന്നതാണ് പൊതുവേയുളള കാഴ്ചപ്പാട്. ഇവിടെ എപ്പോഴാണ് വിദഗ്ദ്ധസഹായം തേടേണ്ടത് എന്ന് നമ്മള്‍ വ്യക്തമായി അറിഞ്ഞിരിക്കണം.
 
ഉദാഹരണത്തിന് ചെറിയതോതിലുള്ള ടെന്‍ഷനും പിരിമുറുക്കവും മനുഷ്യസഹജമാണ്.  എന്നാല്‍ പിരിമുറുക്കം വല്ലാതെ കൂടി ജോലിയിലും നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് വരുമ്പോള്‍ ആ അവസ്ഥയെ ഒരു രോഗമായി കാണാം. അമിതമായ ഉത്കണ്ഠ മൂലം പൊടുന്നനെ അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, താനിപ്പോള്‍ വീണു മരിച്ചുപോകുമെന്ന തോന്നല്‍, ആളുകളെ നേരിടാന്‍ ഭയം, ഉത്തരവാദിത്വങ്ങളില്‍നിന്ന് ഉള്‍വലിയുക എന്നിവയൊക്കെ പ്രകടമായാല്‍ ഒരു ഉല്‍കണ്ഠാരോഗമുണ്ടെന്ന് സംശയിക്കാം. തുടര്‍ച്ചയായ സങ്കടം, ജോലികള്‍ ചെയ്യാന്‍ താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, നിരാശ, ആത്മഹത്യാ പ്രവണത എന്നിവ പ്രകടമായാല്‍ ചികിത്സവേണ്ട വിഷാദരോഗം ഉണ്ടെന്നു സംശയിക്കണം.
 
ചികിത്സകള്‍ എങ്ങനെ?
 
മുന്‍സൂചിപ്പിച്ചതുപോലെ ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ തലങ്ങളിലുള്ള വ്യതിയാനം മാനസികരോഗങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ട് ചികിത്സയും ഈ മൂന്ന് മേഖലകളെ ലക്ഷ്യമാക്കിവേണം. ജീവശാസ്ത്രപരമായി തലച്ചോറിലെ വിവിധ രാസവസ്തുക്കളിലെ വ്യതിയാനമാണ് ഒട്ടുമിക്ക മനോരോഗങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിച്ച് രോഗം ഭേദമാക്കാന്‍ സഹായിക്കുന്ന  മരുന്നുകളാണ് മനോരോഗങ്ങളുടെ പ്രധാന ചികിത്സ. രോഗങ്ങളുടെ  സ്വഭാവമനുസരിച്ച് വിഭ്രാന്തിവിരുദ്ധ ഔഷധങ്ങള്‍, വിഷാദവിരുദ്ധ ഔഷധങ്ങള്‍, എന്നിവയൊക്കെ ഉപയോഗിക്കാം. മാനസിക തലത്തെ സംബന്ധിച്ച് വികലചികിത്സകള്‍ തിരിച്ചറിഞ്ഞ്, അവയെ മാറ്റാനുള്ള വ്യത്യസ്തതരം മനശ്ശാസ്ത്രചികിത്സകള്‍ നിലവിലുണ്ട്. ബൗദ്ധികപെരുമാറ്റ ചികിത്സ, മനോവിശകലാനാത്മക ചികിത്സ, മനോനിറവ് ആക്ട് തുടങ്ങിയ പലതരം മനശ്ശാസ്ത്ര ചികിത്സകള്‍ രോഗത്തിന്‍റെ അവസ്ഥയും വ്യക്തിയുടെ മാനസികനിലയും അനുസരിച്ച് തിരഞ്ഞെടുക്കാം. മാനസികരോഗം വന്നാല്‍ ഇനി പ്രതീക്ഷയില്ല എന്ന ധാരണയില്‍ ഒന്നും ചെയ്യാനില്ല എന്നു കരുതുന്നവരാണ്   ഭൂരിഭാഗം ആളുകളും. ഇവിടെയാണ് സാമൂഹികമായ പുനരധിവാസപ്രവര്‍ത്തനങ്ങളുടെ പ്രസക്തി. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് ഇവിടെ നടത്തുക. രോഗം ഭേദമാകുമ്പോള്‍ അയാള്‍ക്ക് സാധ്യമാകുന്ന ബൗദ്ധികവും കായികവുമായ ജോലി മേഖലകളിലേക്ക് തന്നെ തിരിച്ചുവിടണം. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയട്ടെ സാക്ഷരകേരളത്തില്‍ വിദ്യാഭ്യാസ - തൊഴില്‍- വൈവാഹികമേഖലകളില്‍ നിന്ന് മാനസികരോഗികളെ മാറ്റിനിര്‍ത്താനുള്ള സാമൂഹിക വ്യഗ്രത നമുക്ക് കണ്ടെത്താനാകും. ആരോഗ്യത്തെപ്പറ്റിയും രോഗാവസ്ഥയെപ്പറ്റിയുമുള്ള ആശങ്കകള്‍, മനോരോഗചികിത്സയെക്കുറിച്ചുള്ള അജ്ഞതകളും ചില തെറ്റിധാരണകളും മൂലമാണ് ഇത് സംഭവിക്കുന്നത്.
 
പത്തുവര്‍ഷത്തെ സെമിനാരി പഠനത്തിനു ശേഷമാണ് ആ സുഹൃത്തിന്‍റെ അമ്മയെ കാണുന്നത്. ക്ലാസില്‍ ഒന്നാമനായിരുന്നവന്‍ ഇന്ന് ചെറിയൊരു കുറിക്കമ്പനിയില്‍ ഗുമസ്തപണി ചെയ്യുകയാണ്. കൂടെ ഉണ്ടായിരുന്ന ക്ലാസിലെ പിന്‍ബഞ്ചുകാരെല്ലാം നല്ല നിലയില്‍ എത്തി. രണ്ടുതവണ ഇന്ത്യയിലെ തന്നെ പ്രമുഖ എം.ബി.എ. കോളേജുകളിലെ പ്രവേശനപരീക്ഷയില്‍ ഉന്നതറാങ്കോടെ അഡ്മിഷന്‍ കിട്ടി. കോഴ്സു തുടങ്ങി കുറച്ചുകാലം കഴിയുമ്പോഴേക്ക് എനിക്ക് ഈ കോഴ്സ് പൂര്‍ത്തിയാക്കാനാകുമോ എന്ന ചിന്ത മനസ്സില്‍ ഉടലെടുത്തു. പിന്നെ ഉറക്കം നഷ്ടപ്പെട്ടു. ഒരു കാരണവുമില്ലാതെ ക്ഷീണം കടന്നുവരും. ഒന്നും ചെയ്യാന്‍ താത്പര്യമില്ലാതെയാകും.  ആരോടും ഇടപഴകാതെ ഹോസ്റ്റല്‍ മുറിയില്‍ അടച്ചിരിക്കും. അവസാനം നഷ്ടപരിഹാരതുക കൊടുത്ത് പഠനം നിര്‍ത്തി പോരേണ്ടിവന്നു. വീട്ടിലേക്ക് ഒതുങ്ങിക്കൂടി. സുഹൃത്തിനെ വീട്ടില്‍ചെന്ന് കണ്ടു. സംസാരിച്ചു. ഒരു സൈക്യാട്രിസ്റ്റിന്‍റെ സഹായം തേടി. വിഷാദരോഗമാണെന്ന് മനസ്സിലാക്കി ചികിത്സിച്ചു. ആള്‍ പഴയതുപോലെയായി. എം. ബി. എ. പ്രവേശനപരീക്ഷ എഴുതാന്‍ പ്രോത്സാഹിപ്പിച്ചു. പഴയ പുസ്തകങ്ങളൊക്കെ പൊടിതട്ടിയെടുത്ത് ഒരു നല്ല കോളേജില്‍ എം. ബി. എക്ക് ചേര്‍ന്നു. പഠനം തീരാറായപ്പോള്‍ വിവാഹവും ഒത്തുവന്നു. കെട്ടാന്‍ പോകുന്ന പെണ്ണിനോട് കാര്യം തുറന്നുപറഞ്ഞു. എല്ലാം മനസ്സിലാക്കിയ അവള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ തയ്യാറായി. ഇന്ന് നല്ല നിലയില്‍ ജോലിചെയ്ത് സന്തോഷമായി കഴിയുന്നു. മാനസികരോഗങ്ങളെ സംബന്ധിച്ച നിര്‍ഭാഗ്യകരമായ കാര്യം ഇവ മിക്കവാറും തുടങ്ങുന്നത് കൗമാരയൗവനകാലഘട്ടത്തിലാണ് എന്നതാണ്. അതായത് ഒരാളുടെ ജീവിതം പച്ചപിടിച്ചു തുടങ്ങുന്ന കാലഘട്ടത്തില്‍. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിലെ മനോരോഗലക്ഷണങ്ങളെ ഗൗരവമായി കണ്ട് വേണ്ട ചികിത്സ നല്കുകയാണെങ്കില്‍ അനേകം ജീവിതങ്ങളെ നമുക്ക് രക്ഷിക്കാനാകും. 
 
'ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു' സങ്കീ 34.17. ഏതൊരു ലോകഗുരുവിനെക്കാളും മാനസികമായി സംഘര്‍ഷഭരിതമായിരുന്നു യേശുക്രിസ്തുവിന്‍റെ ജീവിതം. അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ കാല്‍വരിയില്‍ ജീവന്‍ അര്‍പ്പിക്കുന്നതുവരെ അതിസങ്കീര്‍ണമായ  മാനസികാവസ്ഥകളിലൂടെയാണ് ക്രിസ്തു കടന്നുപോകുന്നത്. അതുകൊണ്ടായിരിക്കാം സഹിക്കുന്നവന്‍റെ വേദന ക്രിസ്തുവിന് കൂടുതല്‍ മനസ്സിലാകുന്നുണ്ട്. വേദപുസ്തകത്തില്‍ ക്രിസ്തുവിനെ മാനസികരോഗിയായി കണ്ട് പിടിച്ചുകൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതായി നാം വായിക്കുന്നുണ്ട്(മര്‍ക്കോ 3:21). ക്രിസ്തു തന്‍റെ സൗഖ്യശുശ്രൂഷയില്‍ ഒട്ടേറെ മാനസികരോഗികളുടെ അടുത്തേയ്ക്ക് ഇറങ്ങിച്ചെന്ന് സൗഖ്യം നല്കുന്നതായി നാം വചനത്തില്‍ വായിക്കുന്നുണ്ട്. ഈ മനോഭാവമായിരിക്കണം മാനസിക ആരോഗ്യമേഖലയില്‍ മറ്റേതൊരു പ്രസ്ഥാനത്തേക്കാളും കൂടുതല്‍ സേവനം ചെയ്യാന്‍ ക്രൈസ്തവസഭയെ പ്രേരിപ്പിക്കുന്നത്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം മാനസികാസ്വസ്ഥതകള്‍ അയാളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ മനോബലമില്ലാത്ത ഒരുവന്‍റെ അഭിനയമാണെന്നു കരുതി നമ്മുടെ സഹോദരങ്ങളെ മാറ്റിനിര്‍ത്തരുത്. അവഗണനയും വിവേചനവും അനുഭവിക്കുന്ന അവരുടെ ഇടയിലേക്ക് നാം ഇറങ്ങിച്ചെല്ലണം. അവരെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എന്തുസഹായമാണ് വേണ്ടതെന്ന് കണ്ടെത്തി അവരെ  സഹായിക്കാന്‍ നമുക്ക് മുന്‍കൈ എടുക്കാം. മാനസികരോഗം പിടിപെട്ടാല്‍ ജീവിതം അവസാനിച്ചു എന്നു കരുതി പ്രത്യാശ നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമാകാന്‍ നമുക്കു കഴിയും. 
 
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നമ്മുടെ കൊച്ചുകേരളത്തില്‍ 11.36 ശതമാനം പേര്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നു എന്നാണ് സൂചിപ്പിക്കുന്നത്. 3.3 കോടിയോളം ജനങ്ങളുള്ള നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച് ഇത് വലിയൊരു സംഖ്യയാണ്. കരുതലോടെയുള്ള നമ്മുടെ ജീവിതം നമ്മുടെ ഉറ്റവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും താങ്ങാകും എന്നതില്‍ സംശയമില്ല. 
 
ഹാര്‍വാഡ് മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള മക്ലിന്‍ സൈക്യാട്രി ഹോസ്പിറ്റലില്‍ പ്രൊഫസര്‍ ഡേവിഡ് എച്ച് റോസ്മാരിന്‍ രസകരമായ ഒരു പഠനം നടത്തി. മാനസികരോഗമുള്ള 159 വ്യക്തികളെ അവരുടെ ദൈവവിശ്വാസത്തിന്‍റെ തോതനുസരിച്ച് മൃദുവിശ്വാസികള്‍, മിതവിശ്വാസികള്‍, തീവ്രവിശ്വാസികള്‍ എന്ന് തരംതിരിച്ചു. (അവര്‍ ഏതു മതത്തില്‍ വിശ്വസിച്ചു എന്ന് പരിഗണിച്ചിരുന്നില്ല. മറിച്ച് അവര്‍ വിശ്വസിക്കുന്ന ദൈവികശക്തിയിലുള്ള അവരുടെ വ്യക്തിപരമായ വിശ്വാസമാണ് പരിഗണിച്ചിരുന്നത്.) എല്ലാവര്‍ക്കും മരുന്നും സൈക്കോതെറാപ്പി ചികിത്സകളും നല്‍കി. ഒരു വര്‍ഷത്തിനുശേഷം ഇവരെ പഠനവിധേയമാക്കിയപ്പോള്‍ തീവ്രവിശ്വാസികള്‍ക്കും മിതവിശ്വാസികള്‍ക്കും മൃദുവിശ്വാസികളെ അപേക്ഷിച്ച് കൂടുതല്‍ രോഗസൗഖ്യവും മാനസികഉന്മേഷവും കാണപ്പെട്ടു. അവരില്‍ വിഷാദവും ആത്മഹത്യാചിന്തയും താരതമ്യേന കുറവായിരുന്നു. 
 
ദൈവം ഉണ്ടോ എന്ന് ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കപ്പുറം എനിക്ക് മുകളില്‍ എല്ലാം കാണുന്ന, നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്ന വിശ്വാസം ഈ  ലോകത്തില്‍ മനുഷ്യനെ അവന്‍റെ ദുഃഖങ്ങളില്‍, ദുരിതങ്ങളില്‍ പ്രത്യാശപൂര്‍വ്വം പിടിച്ചുനില്‍ക്കാന്‍ സഹായിക്കും.
 
അവസാനമായി 'ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു' (മത്താ25:36) എന്ന് വേദപുസ്തകത്തില്‍ വായിക്കുമ്പോള്‍ ഒന്നോര്‍ക്കുക - മാനസികവ്യഥ അനുഭവിക്കുന്നവര്‍ മാത്രമേ നഗ്നരായി വഴിയോരങ്ങളില്‍ കാണപ്പെടാറുള്ളൂ.

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts