news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

"അവര്‍ പറഞ്ഞു: അങ്ങു വൃദ്ധനായി; പുത്രന്മാരാകട്ടെ അങ്ങയുടെ മാര്‍ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക..." (1 സാമു. 8:5-6).

"രാജാവിനെ ആവശ്യപ്പെട്ടവരോടു കര്‍ത്താവിന്‍െറ വാക്ക് സാമുവല്‍ അറിയിച്ചു. നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും: തൻ്റെ രഥത്തിന്‍െറ മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്‍മാരുമായി അവന്‍ നിങ്ങളുടെ പുത്രന്‍മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അന്‍പതുകളുടെയും അധിപന്‍മാരായി അവന്‍ അവരെ നിയമിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മാതാക്കളുമായി അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗ ന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും. നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലും വച്ച് ഏറ്റവും നല്ലത് അവന്‍ തൻ്റെ സേവകര്‍ക്കു നല്‍കും. നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് അവന്‍ തൻ്റെ കിങ്കരന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും നല്‍കും. നിങ്ങളുടെ ദാസന്‍മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തൻ്റെ ജോലിക്കു നിയോഗിക്കും. അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്‍െറ ദശാംശം എടുക്കും. നിങ്ങള്‍ അവൻ്റെ അടിമകളായിരിക്കും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. (1 സാമു. 10-18)

ഒരു നേതാവ് വേണം എന്ന ജനത്തിന്‍റെ ആവശ്യത്തിന് ദൈവം നല്കിയ മറുപടിയാണ് ഇത്. എത്രയോ നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നും ഈ വചനം തികച്ചും സത്യമാണ്. നോക്കുക നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയാണ് ജീവന്‍ ബലികഴിക്കുന്നത് എന്ന്. ആര്‍ക്ക് വേണ്ടിയാണ് നമ്മുടെ സൈനികര്‍ കാവല്‍ നില്‍ക്കുന്നത് എന്ന്, ആര്‍ക്ക് മുന്‍പേ ഓടാന്‍ ആണ് അവര്‍ വിധിക്കപ്പെട്ടിരിക്കുന്നത് എന്ന്. നികുതി എന്ന പേരില്‍ നമ്മില്‍ നിന്ന് പിടിച്ചെടുക്കുന്ന നമ്മുടെ വിയര്‍പ്പ് ആര്‍ക്ക് വേണ്ടിയാണ് ചിലവഴിക്കപ്പെടുന്നത്. എന്തിന്‍റെ പേരില്‍ എന്നറിയില്ല എന്നിട്ടും എല്ലാം ഒരു ഭരണാധികാരിയുടെ കീഴില്‍ അടിയറവുവയ്ക്കാന്‍ നമ്മള്‍ ഇന്നും ഒരുക്കമാണ്.

ഏഴു മഹാതിന്മകള്‍ എന്ന പേരില്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ നോക്കുക.
അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന പണം
മനസ്സാക്ഷിക്ക് നിരക്കാത്ത സുഖം
സ്വഭാവരൂപീകരണം സാധിക്കാത്ത അറിവ്
ധാര്‍മ്മികത ഇല്ലാത്ത കച്ചവടം
മനുഷ്യത്വം ഇല്ലാത്ത ശാസ്ത്രം
ബലി ഇല്ലാത്ത മതം
തത്വങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയം
ഇതാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ അപകടം.  തത്വങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയം. അല്ലെങ്കില്‍ തത്വങ്ങള്‍ വെറുതെ കാറ്റില്‍ പറത്തുന്ന രാഷ്ട്രീയം.

ഇന്ത്യന്‍ ജനതയില്‍  മുഴുവന്‍ ഒരുപോലെ വളരുന്ന ഒരു മാരക രോഗമാണ് രാഷ്ട്രീയ നിസംഗത. രാഷ്ട്രീയ നിസംഗത പാലിക്കുന്നവന്‍ സ്വന്തം വിധി എഴുതുന്നു, നിങ്ങളിലും താഴ്ന്നവരാല്‍ ഭരിക്കപ്പെടാനുള്ള വിധി: ഇത് പ്ലേറ്റോയുടെ വിവക്ഷ.

രാഷ്ട്രീയ അസ്ഥിരതയുടെ സമയത്ത് നിസംഗത പാലിക്കുന്നവര്‍ക്ക് മാറ്റിവയ്ക്കപ്പെടുന്നതാണ് നരകത്തിലെ ഏറ്റവും ചൂടേറിയ ഭാഗം - മാര്‍ട്ടിന്‍ ലൂഥര്‍.

ഇന്നത്തെ രാഷ്ട്രീയത്തെ ഗ്രോക്ക് മാര്‍ക്സ് എന്ന രാഷ്ട്രീയ നിരീക്ഷകന്‍ വിശകലനം ചെയ്യുന്നത് ഇങ്ങനെ ആണ്. രാഷ്ട്രീയം എന്നത് എവിടെയും പ്രശ്നങ്ങള്‍ അന്വേഷിക്കുന്നതും അത് എവിടെയും കണ്ടെത്തുന്നതും അതിനെ തെറ്റായി മനസ്സിലാക്കുന്നതും അതിന് തെറ്റായ പരിഹാരം കണ്ടെത്തുന്നതുമായ കലയാണ്.

ജനങ്ങളുടെ ആധിപത്യം എന്ന വളരെ  ഉയര്‍ന്ന് നില്‍ക്കുന്ന ചിന്തയാണ് രാഷ്ട്രീയത്തില്‍ ജനാധിപത്യം കൊണ്ടുവരുന്നത്. എന്നാല്‍ ഇന്ന് യഥാര്‍ത്ഥ ജനാധിപത്യം ഇന്ത്യയില്‍ എവിടെയാണ് കാണാനാവുക. നടന്നുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ അടിമത്തമാണ്. സ്വയം തീര്‍ക്കുന്ന അടിമത്തം. അഞ്ച് വര്‍ഷത്തേക്ക് എനിക്ക് വേണ്ടി ചിന്തിക്കുക, എനിക്കുവേണ്ടി നാട് ഭരിക്കുക എന്നു പറഞ്ഞ് സ്വന്തം ബുദ്ധിയും ക്രിയാത്മകശേഷിയും ഒരുപോലെ ഉപേക്ഷിക്കുന്നിടംവരെ എത്തിയിരിക്കുന്നു നമ്മുടെ ജനാധിപത്യം.

വര്‍ഗ്ഗവര്‍ണ്ണ അടിമത്തത്തിന്‍റെ ഏറ്റവും മോശം എന്ന് ദ്യോതിപ്പിക്കുന്ന കാലത്തിലൂടെ ആണ് ഇന്നു നമ്മള്‍ കടന്നുപോകുന്നത്. എന്താണ് രാജ്യസ്നേഹം എന്ന് ഒരു കൂട്ടര്‍ പറഞ്ഞ് പഠിപ്പിക്കുകയാണ്. അതിനെ എതിരിടുന്നവര്‍ എല്ലാംതന്നെ രാജ്യത്തിന് എതിര് നില്‍ക്കുന്നവര്‍ എന്ന് മുദ്രകുത്തപെടുന്നു. ആരൊക്കെ നിലവിലത്തെ വ്യവസ്ഥയെ എതിര്‍ക്കുന്നുവോ അവരെല്ലാം ഒറ്റപ്പേരുകൊണ്ട് വിളിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു, 'രാജ്യദ്രോഹികള്‍'.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇന്ന് ആര്‍ക്കും അവകാശം ഇല്ല. കാരണം സര്‍ക്കാരിന് പാളിച്ചകള്‍ ഉണ്ടാകില്ലപോലും. അപ്രമാദിത്വം എന്ന വരം സര്‍ക്കാരിനു ലഭിച്ചോ എന്ന് ശങ്കിക്കുന്നു.

അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ഒരു ജനത്തിനോട് പക്ഷം ചേര്‍ന്ന് ചിന്തിച്ചു എന്ന ഒറ്റക്കാരണത്താല്‍തന്നെ തടവിലാക്കപ്പെടുന്ന മനുഷ്യര്‍ നമ്മുടെ ചുറ്റും കൂടുകയാണ്. എന്നും അങ്ങനെ തന്നെ ആയിരുന്നു. പാവങ്ങളുടെ പക്ഷം പിടിക്കുകയും നിലനില്‍ക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവരെ അവര്‍ എന്നും ക്രൂശിക്കുകതന്നെ ചെയ്യും. ക്രിസ്തു 33-ാം വയസില്‍ മരക്കഷണത്തേല്‍ തൂക്കപ്പെട്ടതും ഒരു രാഷ്ട്രീയകുറ്റക്കാരന്‍ ആയിതന്നെയാണ്.

മാറ്റം ഉണ്ടാകേണ്ടത് മുകളില്‍നിന്നാണ് എന്ന് എങ്ങനെയോ ഒരു ചിന്ത നമ്മുടെ ഉള്ളില്‍ കുടിയിരിക്കുന്നു. അതുകൊണ്ടുതന്നെ സ്വയം മാറിചിന്തിക്കാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. എത്ര ഗതികെട്ടാലും പഴയതിനെ പിടിവിടാതെ നമ്മള്‍ ഇന്നും മുന്നോട്ട് പോവുകയാണ്.

വനാന്തരങ്ങളിലെ കുരങ്ങന്മാരെ പിടിക്കാന്‍ വേടര്‍ കെണികള്‍ ഒരുക്കുന്നത് പാറയുടെ വിള്ളലുകളില്‍ ആണ്. അല്പം കടല ഇട്ടിട്ട് കാത്തിരിക്കും. കൊതി മൂത്ത കുരങ്ങന്മാര്‍ വിള്ളലിലൂടെ കൈകള്‍ കടത്തി കടലയില്‍ പിടി മുറുക്കിയാല്‍പിന്നെ കൈ അയക്കില്ല. അത് എന്നേക്കും അവരുടെ അടിമത്തംആണ് നിര്‍ണ്ണയിക്കുക. ഇന്ത്യന്‍ ജനത ഇന്ന് ഇതേ അവസ്ഥയില്‍തന്നെ ആണ്. ചുറ്റും ഉള്ള സ്വാതന്ത്ര്യം എന്തിനോടൊക്കയോ ഉള്ള കോതിയെ പ്രതി അടിയറവുവച്ച് ഒരു ഭരണകൂടത്തിന്‍റെ കീഴില്‍ ഞെരിഞ്ഞമരുന്നു. എന്നിട്ട് വീണ്ടും ചിന്തിക്കുകയാണ് ഈ കൂട്ടര്‍ മാറി അടുത്തവര്‍ വരുമ്പോള്‍ എല്ലാം ശരിയാകും എന്ന്. അന്ധതയില്‍ കഴിയുന്ന ഈ ജനം എന്നാണ് പ്രകാശത്തിന്‍റെ നേര്‍ക്ക് കണ്ണുകള്‍ തുറക്കുക.

കേരളം വീണ്ടും ഒരു രാഷ്ട്രീയ മാമാങ്കത്തിന് തയ്യാറെടുക്കുകയാണ്. കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് എന്ന പ്രഹസനം. എന്തുകൊണ്ട് പ്രഹസനം എന്ന ചോദ്യത്തിന് ഉത്തരം ഇത്രയേയുള്ളൂ; അഞ്ചു വര്‍ഷത്തേക്ക് പെന്‍ഡുലം കണക്കേ ഇടത്തോട്ടും വലത്തോട്ടുമായി ആടുന്ന കേരളത്തിന്‍റെ രാഷ്ട്രീയം ഇനി വരുന്ന അഞ്ച് വര്‍ഷത്തേക്ക്   ആട്ടം എവിടെയായിരിക്കും ഉറപ്പിയ്ക്കുക എന്നു നോക്കിയാല്‍ മാത്രം മതി, ബാക്കി എല്ലാം പഴയപടി  ആയിരിക്കും.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts