news-details
സഞ്ചാരിയുടെ നാൾ വഴി

അപ്പനെന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏതാനും കുഞ്ഞുങ്ങള്‍ എനിക്കുമുണ്ട്. അതിലൊരു മകളാണിപ്പോള്‍ പൂച്ചക്കുഞ്ഞിനെപ്പോലെ കാല്‍ച്ചു വട്ടില്‍ ചുരുണ്ടുകൂടി വിതുമ്പുന്നത്. അവള്‍ കണ്ടതാണ് ആ ക്യാമറ. കുളിമുറിയുടെ കിളിവാതിലിലൂടെ. ഉറക്കെ നിലവിളിച്ചപ്പോഴേക്കും അത് ഇരുട്ടില്‍ മറഞ്ഞു - അപ്പാ പുലരുംവരെ ഞങ്ങളെല്ലാ വരും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. തീരെ പരിചയമില്ലാത്ത ഒരു വികാരം പെരുവിരല്‍ തൊട്ട് ഉച്ചി വരെ ഇരമ്പിക്കയറി - പക. കൃഷ്ണേന്ദുവിന്‍റെ അച്ചനെ ഓര്‍ത്തു. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാനാവാതെ നിസ്സഹായരാകുന്ന ഓരോ അപ്പന്‍മാരെയും ഓര്‍ത്തു. എന്താണ് അവര്‍ക്കു വേണ്ടത്? കുപ്പായമില്ലാത്ത ശരീരത്തില്‍ ഏതു ഭ്രമക്കാഴ്ചകളാണ് അവര്‍ തിരയുന്നത്? ദാ നോക്കൂ, സര്‍ജറി ടേബിളില്‍ ചേമ്പിന്‍താളുപോലെ കുഴഞ്ഞു കിടക്കുന്ന ആ ചെറിയ പെണ്‍കുട്ടി തൊട്ട് തിരിനാളങ്ങള്‍ക്കിടയിലൂടെ  നിങ്ങള്‍ ഉറ്റു നോക്കുന്ന ചോര വാര്‍ന്ന അവന്‍റെ നഗ്നമേനി വരെ. നമുക്കിതെന്താണ് പറ്റുന്നത്? ഒരു വോയര്‍ - ഒളിഞ്ഞുനോട്ടക്കാരന്‍ ഓരോരുത്തരിലും പതിഞ്ഞു നില്‍പ്പുണ്ടെങ്കില്‍ അതിനൊരു ജ്ഞാനസ്നാനത്തിന് നേരമായില്ലേ? നഗ്നനെ ഉടുപ്പിക്കുക എന്നൊരു പ്രമാണം ആ മരപ്പണിക്കാരന്‍ തന്‍റെ സാധകരോട് കല്‍പ്പിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് ആവശ്യത്തിലേറെ വര്‍ണ്ണചിറകുള്ള ഒരു കാലത്തില്‍ അതേതാനും തുണിത്തുണ്ടങ്ങളുടെ കാര്യമാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു. എന്തു വിലകൊടുത്തും അപരന്‍റെ സ്വകാര്യതയെ സംരക്ഷിക്കാനുള്ള ക്ഷണമാണതെന്ന് അറിയാന്‍ വിവേകമില്ലാത്തവര്‍ എന്തിനാണ് അവന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നത്. പൊളിറ്റിക്കലായിപ്പോലും വായിച്ചെടുക്കേണ്ട വേദമാണത്. ഒളിഞ്ഞുനോട്ടങ്ങളുടെയും തുറിച്ചു നോട്ടങ്ങളുടെയും കാലമാണ. സ്റ്റെയര്‍ അറ്റ് എന്ന പദം എക്സിസ്റ്റന്‍ഷ്യല്‍ ഫിലോസഫിയില്‍  വരുന്നുണ്ട്.

തിക്കിലും തിരക്കിലുമായ ഒരു ലിഫ്റ്റിലേക്ക് പുതിയ ഒരാള്‍കൂടി ഓടിവരുമ്പോള്‍ സംഭവിക്കുന്നത് അതാണ്. അനുഭാവമുള്ള നോട്ടം കൊണ്ട് അയാളെ സ്വാഗതം ചെയ്യേണ്ട ബാദ്ധ്യത ഒരാള്‍ക്കുമില്ല. ഒരു നിമിഷം എങ്കിലും അയാള്‍ ശത്രുവാണ്. തന്‍റെ സുഖങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വിഘാതമാകാന്‍ പോകുന്ന ഒരാളെ ശത്രുവായിത്തന്നെ ഗണിച്ചേ പറ്റു. നിങ്ങളുടെ നവജാതശിശുവിനെ നോക്കിനില്‍ക്കുന്ന അതിന്‍റെ ഇത്തിരിപ്പോന്ന ചേട്ടന്‍റെ മിഴികളില്‍പ്പോലും അതൊരുപക്ഷേ, നടുക്കത്തോടെ നമ്മള്‍ വായിച്ചെന്നിരിക്കും. ഈ തുറിച്ചുനോട്ടത്തിന് ജീവിതത്തിന്‍റെ എല്ലാ അരങ്ങുകളിലും ആവര്‍ത്തനങ്ങളുണ്ടാകുന്നു. തുറിച്ചുനോട്ടത്തെ വയലേഷനായിത്തന്നെ ഗണിക്കുന്ന നിയമങ്ങളുള്ള പാശ്ചാത്യരാഷ്ട്രങ്ങളുണ്ട്. എന്നാല്‍, അവിടെയും ചുവരിലെ ആ ഒളിച്ചുനോട്ടക്കാരന് വിലക്കൊന്നുമില്ല എന്ന തലതിരി വുണ്ട്. പാരനോയിയ - കഠിനമായ സംശയരോഗം - വ്യക്തികളില്‍ മാത്രമല്ല ദേശങ്ങള്‍ക്കുമാകാം എന്നതിന്‍റെ അപകടകരമായ ഇന്‍സ്റ്റലേഷനാണത്.

ഈ കുറിപ്പെഴുതുന്നതുപോലും ഭിത്തിയിലെ ക്യാമറയുടെ നിരീക്ഷണത്തിനു താഴെയാണെന്നത് എന്തൊരു ഐറണിയാണ് - യു ആര്‍ അണ്ടര്‍ സര്‍വൈലന്‍സ്... ആരുടെ നിരീക്ഷണത്തിലാണ് നമ്മള്‍. ജോര്‍ജ് ഓര്‍വെല്ലിന്‍റെ ഭാഷയെ കടമെടുക്കുകയാണെങ്കില്‍ 'ദി ബിഗ് ബ്രദര്‍ ഈസ് വാച്ചിങ് യൂ'. ആരാണ് നിങ്ങളുടെ വലിയേട്ടന്‍? ആ അവകാശം ആരാണയാള്‍ക്ക് കല്‍പ്പിച്ചു കൊടുത്തത്. സര്‍വയലന്‍സ് എന്ന പദം ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ. തീരെ നിഷ്ക്കളങ്കതയില്ലാത്ത വാക്കാണതെന്ന് വെളിപ്പെട്ടേക്കും.

ഫ്രഞ്ചില്‍ നിന്നാണ് ഈ പദം. ലത്തീന്‍ വേരുകളുള്ളത് (sur-over+veiller- to watch) ഫ്രഞ്ചു വിപ്ലവത്തിനുശേഷമായിരുന്നു ആ വാക്ക് രൂപപ്പെട്ടത്. ശത്രുവേത് മിത്രമാര് എന്ന് നിശ്ചയമില്ലാത്ത കാലം. ഓരോരുത്തരും അപരനെ ഭയന്നു തുടങ്ങി. ആ അവിശ്വാസത്തില്‍ നിന്ന ഭയത്തില്‍ നിന്നോ അപരന്‍ സദാ നിരീക്ഷിക്കപ്പെടേണ്ട ഒരാളാണെന്ന് തോന്നലുണ്ടായി. ചെറിയ ചെറിയ സന്ദേഹങ്ങളില്‍പ്പോലും ക്രൂരമായ ശിക്ഷകളുടെ തീര്‍പ്പുകള്‍ ഉണ്ടായി. ഓരോരുത്തരും അപരന്‍റെ ഒറ്റുകാരായി. ഇന്നും ഇന്നലെയുമൊന്നുമല്ല ഒറ്റുകാരും ചാരന്‍മാരുമൊക്കെ മനുഷ്യരുടെ പദാവലികളിലേക്ക്  പ്രവേശിച്ചത്. 1274 ബി.സി യില്‍, റാമസ്സെസ് ഫറവോയുടെ ഈജിപ്തില്‍ നിന്നാണ് അടയാളപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന സൂചന. കുളിപ്പടവിലെ  സ്ത്രീയുടെ അഴകിനെ  മട്ടുപ്പാവില്‍ നിന്ന് കാണുന്ന ദാവീദ് ആയിരിക്കും സര്‍വൈലന്‍സ്  എന്ന കെണിയുടെ പ്രധാനപ്പെട്ട ഒരു ബൈബിള്‍ സൂചന. നിങ്ങളെ വിശ്വാസമില്ലെന്ന് പരിഹസിച്ചാണ് ഓരോ ക്യാമറയും കണ്ണട യ്ക്കുന്നത്. അപ്പോഴാണ് വിശ്വാസത്തിന്‍റെ കളരിയെന്ന് അവകാശപ്പെടുന്ന ആരാധനാലയങ്ങളെ ക്യാമറക്കണ്ണുകള്‍ മാപ്പര്‍ഹിക്കാത്ത അപരാധമായി മാറുന്നത്. പ്രാര്‍ത്ഥന ആത്മാവിന്‍റെ വിവസ്ത്രതയാണ്. എന്തു കാരണം കൊണ്ടും അതു നിരീക്ഷിക്കപ്പെടുന്നതില്‍ കൊടിയ അപാകതയില്ലേ? രഹസ്യത്തില്‍ കരയാന്‍ വീട്ടില്‍ മുറികളില്ലാത്തവരാണ് ആരാധനാലയങ്ങളിലേക്കു വരുന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. ഒരു ചലച്ചിത്രത്തിലെന്നപോലെ നിങ്ങളുടെ കരച്ചില്‍ ഏതോ ഒരു കുടുസ്സുമുറിയില്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. സുരക്ഷിതത്വത്തെ കരുതിയാണത്രേ ഇത്തരം ചില കരുതലുകളെന്നൊക്കെ പറഞ്ഞൊഴിയാനാവില്ല. അസത്യത്തെയാണ് എല്ലാ നിരീക്ഷണങ്ങളും ഉറപ്പു വരുത്തുന്നത്. നിരീക്ഷിക്കപ്പെടുന്ന ഏതൊരാള്‍ക്കും ഭംഗിയുണ്ടെന്ന് ബോധ്യമുണ്ട്. ചില കാര്യങ്ങളെ മറച്ചു പിടിക്കുകയോ നിയന്ത്രിക്കുകയോ വേണ്ടിവരുന്നു. എന്തുകൊണ്ടാണ് ഒരു കുടുംബചിത്രം എടുക്കുമ്പോള്‍ പോലും സ്വാഭാവികമായി നില്‍ക്കുകയെന്ന് ആ ഫോട്ടോഗ്രാഫര്‍ക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. എളുപ്പമല്ലത്. അഥവാ അതിന് നിങ്ങള്‍ക്കു കഴിഞ്ഞു എങ്കില്‍ നിങ്ങളായിരിക്കും ഞങ്ങ പറഞ്ഞ നടന്‍!

കാണുകയെന്ന ലളിതമായ ഒരു കര്‍മ്മത്തിന് മലയാളത്തില്‍ എന്തുമാത്രം പദങ്ങളാണ്. നോട്ടം, ദര്‍ശനം, കാഴ്ച,നിരീക്ഷണം, വീക്ഷണം, കടാക്ഷം തുടങ്ങി ഭാരതീയനാട്യവിചാരത്തിലെ നിലനില്‍പ്പു പോലും ഒരേ മിഴികളില്‍ നിന്ന് സ്ഫുരിക്കുന്ന വിവിധ ഭാവങ്ങളില്‍ നിന്നാണ്. കണ്ണാണു ശരീരത്തിന്‍റെ വിളക്ക്, കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും. കണ്ണ് നിന്‍റെ വിളക്കാണെന്നാണ് ആ മരപ്പണിക്കാരന്‍ ഭൂമിയോട് വിളിച്ചു പറഞ്ഞത് (മാത്യു. 6:21-22). കണ്ണ് നിനക്ക് പാപഹേതുമാകു ന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയാന്‍ പോലും ആവശ്യപ്പെട്ടു അയാള്‍ (മാത്യു. 5:29). ഉള്ളിലുള്ളത് പ്രകാശിപ്പിക്കുവാനാണ് കണ്ണ്. ഒരാളുടെ ഉള്ളില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ അയാളുടെ കണ്ണിലേക്ക് ഉറ്റുനോക്കുക യല്ലാതെ മറ്റെന്താണ് വഴി. അത്തരം നോട്ടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലുണ്ടായിരുന്നു. ഇരയുടെ കണ്ണുകളിലേക്കു നോക്കിയാല്‍ വേട്ട എളുപ്പമല്ല. നോട്ടമാണ് ഹൃദയത്തെ രൂപപ്പെടുത്തുന്നത്. അവന്‍റെ കടാക്ഷ ത്തില്‍ എന്‍റെ ഉള്ളിലെ ഏഴു പിശാചുക്കളും കരിഞ്ഞുപോയി എന്ന ജിബ്രാന്‍റെ മറിയം പറയുമ്പോള്‍ കുട്ടിക്കാലത്തെ നമ്മുടെ ഒരു കളി നിലവില്‍ വരുന്നു. സൂര്യവെളിച്ചത്തിലേക്ക് ഒരു മഗ്നിഫൈയിംഗ് ഗ്ലാസ് നീട്ടിപ്പിടിച്ച് നിലത്ത് ചീന്തിയിട്ടിരുന്ന പത്രത്തുണ്ടുകളെ ആളിക്കത്തി ക്കുന്നത്. അത്രമേല്‍ സ്നേഹത്തില്‍ ഏകാഗ്രമായതുകൊണ്ടാവാം ചില നോട്ടങ്ങള്‍ ഉള്ളിലെ ഉമിയെ കരിച്ചതും ഉണ്മയെ പത്തരമാറ്റോടെ ജ്വലിപ്പിച്ചതും അപൂര്‍വ്വമായെങ്കിലും അത്തരം അനുഭവങ്ങള്‍ ഇപ്പോഴും നമ്മളെ തേടിവരുന്നുണ്ട്. പല പ്രാവശ്യം വായിക്കുന്ന വേദത്തിലെ ചെറിയൊരു പദം അപൂര്‍വ്വ ചാരുതയുള്ളതാണെന്ന് ബോധ്യ പ്പെട്ടത് അങ്ങനെയാണ്. അവന്‍ അവരെ നോക്കി. ഏതൊരു സുകൃതത്തിനുമുമ്പും ആ വാക്ക് മറക്കാതെ അടയാളപ്പെടുത്തുവാന്‍ സുവിശേഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട് (മത്താ. 9:36, മാര്‍ക്കോ 10:21, യോഹ 19:26-27) സമരിയാക്കാരന്‍റെ കഥയിലും ധൂര്‍ത്തപുത്രന്‍റെ കഥയിലും ഒക്കെ ആ പദം അവിടുന്ന് ആവര്‍ത്തിക്കുന്നുമുണ്ട്.

ക്രിസ്തുവിന്‍റെ മിഴികളിലൂടെ കാണുകയാണ് പ്രധാനം. ആ പേരില്‍ ഒരു പുസ്തകമുണ്ട്. Through the eyse of Jessu.  Alan Amse അത് ഭാഷാന്തരം  ചെയ്തിട്ടുണ്ട്. കരുണയുടെ വര്‍ഷത്തില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന ആ ലോഗോ പോലെ, ജെസ്യൂട്ട് വൈദികനായ Marko I Rupnik  ആണ് ഇത് തയ്യാറാക്കിയത്. ആ ചിത്രമൊന്നു ശ്രദ്ധിക്കൂ. ഇരയും അയാളുടെ മിശിഹായും ഒരേ കണ്ണിലൂടെയാണ് നോക്കുന്നത്. അപ്പോള്‍ കാരുണ്യമുണ്ടാകും. ഒരു വേട്ടക്കാരാ നിന്നോടുപോലും എനിക്കു ദയയുണ്ടായെന്നിരിക്കും. കൈക്കുമ്പിളില്‍ തന്‍റെ പുരുഷന്‍റെയും കുഞ്ഞുങ്ങളുടെയും വിഭൂതി ചേര്‍ത്തുപിടിച്ച് അവര്‍ക്കുമാപ്പു കൊടുക്കുവാന്‍ ഈഡിത്സ്റ്റെയിന് കഴിയുന്നത് അങ്ങനെയാണ്.

കരുണയുടെ വര്‍ഷമാണിത്. തെരഞ്ഞെടുത്ത ദേവാലയങ്ങളില്‍ അലങ്കരിച്ച കരുണയുടെ വാതിലുകളുണ്ട്. ബോധപൂര്‍വ്വം അതിലൂടെ പ്രവേശി ക്കുമ്പോള്‍ എന്തോ ഒരീര്‍പ്പം ഉള്ളില്‍ സംഭവിക്കു ന്നുണ്ട്. ഫിനമനോളജി അനുസരിച്ച് ശരീരത്തിന്‍റെ വാതില്‍ മിഴികളാണ്. അപരന്‍റെ മിഴികളിലേക്കുറ്റു നോക്കുമ്പോള്‍ കരുണയുടെ വാതായനങ്ങള്‍ തുറക്കുന്നു. അടുത്തകാലത്തായി കുറച്ചു സ്വാതന്ത്ര്യമുള്ളയിടങ്ങളില്‍ കേള്‍വിക്കാരെ ഞാന്‍ ഇങ്ങനെ ചലഞ്ച് ചെയ്യാറുണ്ട്. കൂപ്പിയ കരങ്ങളുമായി ഒരാളുടെ മിഴികളിലേക്ക് ഉറ്റു നാക്കുക. നിമിഷങ്ങള്‍ക്കകം അയാളുടെ കണ്ണുകള്‍ നിറഞ്ഞില്ലെങ്കില്‍ ചോദിക്കുന്ന കാശ് തരാം. മനുഷ്യര്‍ പരസ്പരം മിഴികളിലേക്ക് ഉറ്റുനോക്കു മ്പോള്‍ കണ്ണിലെ പൊടിപടലങ്ങള്‍ കഴുകിപ്പോയി തെളിഞ്ഞ ജാലകത്തിലെന്നപോലെ ലോകത്തെ കാണാനാകുന്നു. വാന്‍ഗോഗിനെക്കുറിച്ച് ഒരു പ്രബന്ധമുണ്ട് - ആന്‍ ഐ ഫോര്‍ ഗോഡ് എന്നാണ് അതിന്‍റെ ശീര്‍ഷകം. ദൈവത്തിനുവേണ്ടിയും ദൈവത്തെപ്പോലെയും ഒക്കെ നോക്കാന്‍ ആവുന്ന ഒരാള്‍ക്കു മാത്രമേ ഇത്രയും പ്രകാശത്തോടെ നക്ഷത്രങ്ങളെ വരയ്ക്കാനാകൂ. ഇത്രയും പ്രകാശഭരിതമായി ഉരുളക്കിഴങ്ങു കഴിക്കുന്നവരെ മേശവിളക്കുപോലെ കത്തിക്കാനാകൂ. കണ്ണ് കാണാന്‍ മാത്രമുള്ളതല്ല അടയ്ക്കാനും വേണ്ടിയുള്ളതാണ് എന്ന് സി.ജെ. തോമസ്സിന്‍റെ ആ മനുഷ്യന്‍ നീതന്നെ എന്ന നാടകത്തില്‍നിന്നു കേട്ടു. അപ്പോഴാണ് അകത്തെ കാഴ്ചകള്‍ക്ക് തെളിച്ചമുണ്ടാകുക. പിന്നീടാണ് സങ്കല്പങ്ങളിലെ ആ മൂന്നാം കണ്ണ് രൂപപ്പെടുന്നത്. അന്ധര്‍ അങ്ങനെയാണ് നമ്മളെ അമ്പരപ്പിച്ചത്. വാതിലടച്ച് അകത്തു പ്രവേശിച്ച് അകത്തുള്ളവനുമായി സംഭാഷണത്തി ലേര്‍പ്പെടുകയെന്ന ആ മരപ്പണിക്കാരന്‍റെ ഭാഷ്യം. കണ്ണല്ലാതെ മറ്റേതുവാതില്‍?

നീ എന്തു കാണുന്നു- മനുഷ്യരെ കാണുന്നു. അവര്‍ മരങ്ങളെ കണക്കിരിക്കുന്നു. റെയ്ഫിക്കേഷന്‍ എന്നൊരു പദമുണ്ട്. വസ്തുവത്ക്കരിക്കുക എന്നാണ് അര്‍ത്ഥം. കുലീനമല്ലാത്ത എല്ലാ കാഴ്ചകളിലും സംഭവിക്കുന്ന അപരാധമതാണ്. യേശു അവന്‍റെ മിഴികളെ വീണ്ടും തൊട്ടു. ഇപ്പോള്‍ അവന് എല്ലാം വ്യക്തമായി കാണാം. വസ്തുക്കളെ ഉപയോഗിക്കാനുള്ളതാണെന്നും വ്യക്തികളെ സ്നേഹിക്കാനുള്ളതാണെന്നും. ഒരാവര്‍ത്തികൂടി യേശു അയാളെ തൊട്ടിരുന്നെങ്കില്‍ അവനിപ്പോള്‍ മരത്തെയും മനുഷ്യനായി കണ്ടേനെ. ആഭാഗ്യം കിട്ടിയ മനുഷ്യര്‍ മരത്തെ പെങ്ങളേയെന്നു പറഞ്ഞ് ആലിംഗനം ചെയ്യുന്നത് കണ്ടില്ലേ. ആ വെളിച്ചം കിട്ടിയതുകൊണ്ടാണ് ആ നാടോടി സ്ത്രീകള്‍ ആ മരങ്ങള്‍ക്ക് രാഖി കെട്ടുന്നത്. കാഴ്ചയുടെ പരിണാമങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. 

You can share this post!

പ്രാണനെ മെച്ചപ്പെടുത്തുന്നവര്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts