മനുഷ്യന്‍റെ ഇന്ദ്രിയങ്ങളില്‍ ഏറ്റവും വൈകാരികത പ്രകടിപ്പിക്കുന്നത് കണ്ണാണെങ്കില്‍, അതിലേറെ വൈകാരികത നിറഞ്ഞ ആന്തരികേന്ദ്രിയം ഹൃദയമായിരിക്കാം. മലയാളഭാഷ കരളിന് പ്രണയഭാവം നല്‍കുന്നതൊഴിച്ചാല്‍. തത്വശാസ്ത്രം പഠിക്കുമ്പോള്‍ രണ്ടു ശൈലിയിലുള്ള ചിന്തകള്‍ ഉണ്ടെന്ന് പഠിച്ചിട്ടുണ്ട്; ഹെല്ലനിസ്റ്റിക്കും, ഹെബ്രായിക്കും. ആദ്യത്തേത് തലകൊണ്ട് ചിന്തിക്കുമ്പോള്‍ രണ്ടാമത്തേത് ഹൃദയം കൊണ്ട് ചിന്തിക്കുന്നതാണ്. നിര്‍ഭാഗ്യവശാല്‍ പാശ്ചാത്യ തത്വശാസ്ത്രങ്ങള്‍ മുഴുവനും തലകൊണ്ട് ചിന്തിക്കുന്ന ഗ്രീക്ക് ചിന്താഗതിയുടെ പിന്‍ഗാമികളായിരുന്നു, അതുകൊണ്ടുതന്നെ ഈ ഹൃദയംകൊ ണ്ടുള്ള ചിന്താഗതി അത്രയധികം തത്വ ങ്ങളില്‍ വളര്‍ന്നില്ല എന്നുവേണം കരുതാന്‍, മതപഠനങ്ങളില്‍ ഒഴികെ. ജീവശാസ്ത്രപരമായി ചിന്ത മുഴുവനും മസ്തിഷ്കത്തിന്‍റെ പണി ആണെങ്കിലും തലയും ഹൃദയവും (ഹെഡും ഹാര്‍ട്ടും) തമ്മിലുള്ള ഈ താരതമ്യം തീര്‍ച്ചയായും അര്‍ത്ഥവത്താണ്.
വി. ബെര്‍ണാര്‍ഡിന്‍റെയും അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെയും കാലഘട്ടത്തിലാണ് പാശ്ചാത്യസഭ തിരുമുറിവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു തുടങ്ങുന്നതും ശേഷം ആ ഭക്തി തിരുഹൃദയത്തിലേക്ക് വളരുന്നതും. പതിനേഴാംനൂറ്റാണ്ടില്‍ വി. മാര്‍ഗരറ്റ് മേരി അലകോക്കിന് ലഭിച്ച പ്രത്യക്ഷങ്ങള്‍ ആണ് തിരുഹൃദയ ഭക്തിയുടെ പ്രചാരത്തിനും പഠനത്തിനും വഴിതെളിച്ചത്. 1899ല്‍ ലിയോ 13-മന്‍ പാപ്പയാണ് മനുഷ്യവംശത്തെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്നത്. അന്ധകാരമയമായ ലോകത്തില്‍, യഥാര്‍ത്ഥ വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്ക് ഒരു തിരിച്ചുപോക്കാണ് പാപ്പ അന്ന് ആഹ്വാനം ചെയ്തത്.
കേരളത്തിലെ എല്ലാ ഭവനങ്ങളിലുംതന്നെ തിരുഹൃദയരൂപമാണ് പ്രതിഷ്ഠിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കു മ്പോളാണ് തിരുഹൃദയഭക്തിക്ക് വിശ്വാസികളുടെ ഹൃദയത്തിലുള്ള ആഴം നമുക്ക് മനസ്സിലാവുന്നത്. 'ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയത്തിനൊത്തതാക്കി തീര്‍ക്കണമേ' എന്ന പ്രാര്‍ത്ഥന 'നന്മ നിറഞ്ഞ മറിയമേ' പോലെ തന്നെ ഏതൊരു സാധാരണക്കാരന്‍റെയും അനുദിനപ്രാര്‍ത്ഥനകളില്‍ ഒന്നാണ്.
"...തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3,16).
കല്പനകളെയെല്ലാം ചെറുതാക്കി സ്നേഹം എന്ന് ഈശോ തിരുത്തിയെഴുതിയപോലെ പിതാവിന്‍റെ സ്നേഹത്തെ ലോകത്തിനു മുഴുവന്‍ മനസ്സിലാക്കിക്കൊടുക്കുന്ന അടയാളമാണ് ഈശോയുടെ തിരുഹൃദയം. പുരോഹിതര്‍ക്കായുള്ള വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് 2009 ജൂണ്‍ 19നാണ് ബെനഡിക്ട് 16-മന്‍ പാപ്പ തിരുഹൃദയത്തെ പിതാവിന്‍റെ രക്ഷാകരപദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. 'ലോകത്തിനു പുതിയൊരു ഹൃദയം നല്‍കുക എന്നതായിരുന്നു പിതാവിന്‍റെ പദ്ധതി. ഈശോയുടെ തിരുഹൃദയം ലോകത്തിനു നല്‍കുന്ന പദ്ധതി പൂര്‍ത്തിയാക്കപ്പെടുന്നത് പുരോഹിതരിലൂടെയാണ്.' ലോകത്തിന്‍റെ ഹൃദയവിചാരങ്ങള്‍ ഈശോയുടെ തിരുഹൃദയം കൊണ്ട് പുനഃപ്രതിഷ്ഠിക്കുക എന്നത് ലോകത്തില്‍ നിന്ന് ഓടിയകലുന്നതിനേക്കാള്‍ സാധന ആവശ്യമായ ഒന്നാണ്.
"...ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു" (യോഹ. 19, 34).
യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ ഇത്രയേറെ ഉറപ്പിച്ച് പറയുന്ന മറ്റൊരു വചനമില്ല. 'അതു കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്‍റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വ സിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു' (യോഹ. 19, 35). തിരുവെഴുത്തുകളുടെ പൂര്‍ത്തീകരണത്തിനായാണ് ഇതെല്ലാം സംഭവിച്ചത് എന്ന് യോഹന്നാന്‍ എടുത്തു പറയുമ്പോഴും, കുരിശില്‍ കിടക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ മരിച്ചോ എന്ന് ഉറപ്പിക്കാനായിരിക്കാം ആ പടയാളി അവനെ കുത്തിമുറിവേല്‍പ്പിക്കുന്നത്. സൗഖ്യം നല്‍കുന്ന മുറിവും തുടിക്കുന്ന ഹൃദയവും ജീവന്‍റെ പ്രതീകമാണ്. ഈശോയുടെ തിരുഹൃദയം പഠിപ്പിക്കുന്ന മറ്റൊരു പാഠം അവന്‍ ഇന്നും ജീവിക്കുന്നു എന്നതാണ്. അതിലെ മുറിവ് സ്നേഹത്തിന്‍റെ ഏറ്റവും ഉദാത്തഭാവമായ കരുണയുടേതാണ്. ഉത്ഥാനത്തിന്‍റെ മുന്നറിവ് നല്‍കുന്ന കുരിശിലെ പ്രതീകം കൂടിയാണ് കുത്തി തുറക്കപ്പെട്ട തിരുഹൃദയം. രക്തവും വെള്ളവും ക്രിസ്തുവില്‍ നവീകരിക്കപ്പെടുകയും വീണ്ടെടു ക്കപ്പെടുകയും ചെയ്യുന്ന രണ്ടു കൂദാശകളായ വി. കുര്‍ബാനയെയും, വി. മാമ്മോദീസയെയും സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്.
"തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ അവര്‍ നോക്കിനില്ക്കും" (യോഹ. 19, 37).
ഈ നോക്കിനില്‍പ്പ് ഒരു ധ്യാനമാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള ഒരു കൂടിക്കാഴ്ച. എത്രത്തോളം ആ ഹൃദയത്തിലേക്ക് ഞാന്‍ വളര്‍ന്നിട്ടുണ്ട് എന്നുള്ള മനനം. ഒരിക്കലും കുരിശില്‍നിന്ന് മാറ്റിനിര്‍ത്തി ധ്യാനിക്കേണ്ട ഒന്നല്ല തിരുഹൃദയം. കുരിശെടുത്ത് പിന്നാലെ വരിക എന്നതില്‍ പിളര്‍ക്കപ്പെടാന്‍ ഒരു ഹൃദയമുണ്ടോ എന്നൊരു മറുചോദ്യം കൂടി ഉണ്ട്. ജീവിതസാഹചര്യങ്ങള്‍ ഹൃദയത്തെ കഠിനമാക്കിയി ട്ടുണ്ടെങ്കില്‍ അലിവുള്ള ഒരു മാംസളഹൃദയത്തിലേക്ക് ഉള്ള ഒരു തിരിച്ചുപോക്ക് തിരുഹൃദയഭക്തി ആവശ്യപ്പെടുന്നുണ്ട്.
കരുണയില്ലാത്ത ലോകത്തില്‍, നിരുത്തരവാദി ത്വഭരണത്തില്‍, ലഹരിമരുന്നുകളുടെ അടിമത്വത്തില്‍ കണ്ണ് മഞ്ഞളിക്കുന്ന ലോകത്തില്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്നവരുടെ എണ്ണം കൂടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഈ ദിവസങ്ങളില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ നിരവധി സാധുജീവിതങ്ങള്‍ ഹൃദയമില്ലാത്ത ലോകത്തിന്‍റെ ഉത്തരിപ്പുകടമാണ്. പഴിചാരലിനേക്കാള്‍ നല്ലത് സ്വയം വിമര്‍ശനമാണ്, മാംസളമായ ഹൃദയത്തിലേക്ക് ഒരു തിരിച്ചുപോക്കാണ്. ഇന്നിന്‍റെ ലോകത്തിന് ആവശ്യം പുതിയൊരു ഹൃദയമാണ്. തലയില്‍ നിന്നിറങ്ങി നമുക്ക് ഹൃദയത്തിലേക്ക് നടക്കാം.