news-details
ഓര്‍മ്മ

ബനഡിക്ട് പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍....

സ്നേഹവും പ്രത്യാശയും സമകാലിക സമൂഹത്തില്‍ എപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നു എന്നും സ്നേഹവും വിശ്വാസവും ക്രൈസ്തവജീവിതത്തിലും സാക്ഷ്യത്തിലും എപ്രകാരം ഏതെല്ലാം വെല്ലുവിളികള്‍ നേരിടുന്നു എന്നും അദ്ദേഹം ആഴത്തില്‍ വിചിന്തനം ചെയ്യുന്നു. ഒപ്പം, ഉദാത്തമായ അര്‍ത്ഥം നഷ്ടമായ സ്നേഹം, തിന്മയ്ക്കുമുന്നില്‍ നിരാശരാവാനുള്ള പ്രലോഭനം എന്നീ കാലത്തിന്‍റെ പ്രതിസന്ധിക്കു വിശ്വാസഹൃദയത്തില്‍ നിന്നു പുറപ്പെടേണ്ട മറുപടിയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ ഭാഗമായി പുറപ്പെടുവിച്ച സ്നേഹത്തില്‍ സത്യം (Caritas In Veritate 2009) എന്ന ചാക്രികലേഖനമാകട്ടെ മനുഷ്യസമൂഹം ഇന്നു നേരിടുന്ന സാമ്പത്തിക, സാമൂഹിക, ധാര്‍മ്മിക പ്രതിസന്ധിക്ക് സാര്‍വ്വലൗകിക സ്നേഹത്തില്‍ അധിഷ്ഠിതമായ ക്രൈസ്തവവിശ്വാസത്തിന്‍റെ മറുപടി ചര്‍ച്ചചെയ്യുന്നു. പൊതു സിനഡ് സമ്മേളനങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കിയ വിഷയങ്ങളും മുന്‍പറഞ്ഞ മുന്‍ഗണനകളോട് യോജിക്കുന്നവ തന്നെയായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. സഭാജീവിതവും ദൗത്യവും ദൈവവചനം (The Word of God) എന്ന സിനഡില്‍ ചര്‍ച്ചയായപ്പോള്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ വ്യാപനം പുതിയ സുവിശേഷവല്‍ക്കരണം (The new Evengalization) വിഷയമാക്കിയ സിനഡ് വിചിന്തനം ചെയ്തു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ റോമന്‍ ഭരണസംവിധാന(റോമന്‍ കൂരിയ)ത്തിന്‍റെ പൊളിച്ചെഴുത്ത് തന്‍റെ പരിഗണനാവിഷയമായി ബനഡിക്ട് മാര്‍പാപ്പ കണ്ടിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാകുന്നു. അതേസമയം പുതിയ സുവിശേഷവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സമര്‍പ്പിതമായ പുതിയ വിശ്വാസതിരുസംഘത്തിന്‍റെ രൂപീകരണം പോലുള്ള ക്രിയാത്മക തീരുമാനങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ഉണ്ടാവുകയും ചെയ്തു.

ഏതെങ്കിലും ദൈവമല്ല, യേശുക്രിസ്തുവാല്‍ വെളിവാക്കപ്പെട്ട ദൈവം എന്ന ബെനഡിക്ട് പതിനാറാമന്‍റെ അജപാലനകാലത്തിന്‍റെ സവിശേഷഘടകമായ രണ്ടാമത്തെ മുഖ്യപരിഗണന, പ്രത്യേക പരിഗണന ക്ഷണിക്കുന്ന വിഷയമത്രേ. 'ദൈവത്തിന്‍റെ മുഖം തേടുന്ന' (സങ്കീ. 27:8) വിശ്വാസിയും ദൈവശാസ്ത്രജ്ഞനും എന്ന് വിളിക്കപ്പെടാന്‍ ഉതകുംവിധം യേശുവിനെക്കുറിച്ച് ഒരു വിശിഷ്ടരചനയ്ക്ക് 2003ല്‍ അദ്ദേഹം തുടക്കമിട്ടു. പുതിയനിയമത്തെ വ്യാഖ്യാനിക്കുന്നതിനുള്ള ആധുനികരീതികള്‍ യേശുവുമായുള്ള നമ്മുടെ സജീവബന്ധം നഷ്ടപ്പെടുത്തുന്നു എന്ന വ്യാകുലതയുടെ കൂടി അടിസ്ഥാനത്തില്‍ ഈ രചന അദ്ദേഹത്തിന് അത്യന്തം പ്രധാനമായിരുന്നു.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷവും റാറ്റ്സിംഗര്‍ ഈ ഉദ്യമം ഉപേക്ഷിച്ചില്ല. സഭാ ഭരണത്തിന്‍റെ മുന്‍ഗണനകളുടെ തിരക്കില്‍നിന്ന് ഒഴിവുകിട്ടുന്ന സമയം മുഴുവനും അദ്ദേഹം അതിനായി നീക്കിവച്ചു. ആ ഉദ്യമം സഫലമാക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. രചന സ്വതന്ത്രമായി വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യേണ്ടതിന്, അത് മാര്‍പാപ്പയുടെ ഔദ്യോഗിക പ്രബോധനമായി കരുതപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ 'സഹോദരരെ ഉറപ്പിച്ചു നിര്‍ത്തേണ്ട പത്രോസ്' ആയ അദ്ദേഹത്തിന്‍റെ പഠനവും വിശ്വാസത്തിലുള്ള വ്യക്തിപരസാക്ഷ്യവും മുഴുവന്‍ സഭയ്ക്കും ഏറെ വിലപ്പെട്ടതുതന്നെ ആയിരിക്കുകയും ചെയ്യും. അത് അദ്ദേഹത്തിനും നന്നായി അറിയാമായിരുന്നു. യേശുവിനെക്കുറിച്ചുള്ള ഗ്രന്ഥരചന അദ്ദേഹത്തിന്‍റെ മാര്‍പാപ്പയെന്ന നിലയിലുള്ള അജപാലനകാലം മുഴുവന്‍ കൂടെയുണ്ടായിരുന്നു. അത് ആ മുഖ്യ അജപാലകന്‍റെ ആന്തരികമാനത്തിന്‍റെ സാക്ഷ്യമായി. ഈ രചനയില്‍ താന്‍ ആഴത്തില്‍ ആണ്ടുമുങ്ങിയതായി അദ്ദേഹം പറയുന്നുണ്ട്. തന്‍റെ അജപാലനദൗത്യത്തിന് ആ രചന അസാധാരണ ഊര്‍ജ്ജം പകര്‍ന്നിരുന്നുവോ എന്ന സീവാള്‍ഡിന്‍റെ ചോദ്യത്തിന്, "തീര്‍ച്ചയായും" എന്നായിരുന്നു പാപ്പായുടെ മറുപടി. "ആഴത്തില്‍നിന്ന് ദാഹജലം കോരിയെടുക്കുന്നതുപോലെയൊരു കര്‍മ്മമായിരുന്നു എനിക്കത്" എന്നദ്ദേഹം വിശദീകരിക്കുന്നു.

മുഖ്യപരിഗണനാവിഷയമാകയാല്‍ സഭയുടെ ആരാധനക്രമത്തിന് ബനഡിക്ട് പതിനാറാമന്‍ പ്രത്യേക ശ്രദ്ധ നല്കിയിരുന്നു. ആരാധനക്രമത്തിന് സഭാസമൂഹത്തിന്‍റെ ജീവിതത്തില്‍ അര്‍ഹമായ സ്ഥാനമുണ്ടാകണമെന്നും ആരാധനയുടെ ആഘോഷത്തിന്‍റെ അന്തസ്സത്ത കാത്തുസൂക്ഷിക്കണമെന്നും ക്രിസ്തുവുമായുള്ള അഭിമുഖത്തിന്‍റെ കാതല്‍ ആരാധനയാവണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ഗൃഹാതുരതയുടെ പേരില്‍ പഴമയെ പുനഃസ്ഥാപിക്കുന്ന നടപടികളൊന്നും ബനഡിക്ട് പതിനാറാമന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ സഭാജീവിതത്തിന്‍റെ അടിസ്ഥാനമാനങ്ങളില്‍ കരുതല്‍വയ്ക്കുകയും ചെയ്തു. രണ്ടാം വത്തിക്കാന്‍  സൂനഹദോസിന്‍റെ പരിഷ്കരണങ്ങള്‍ക്ക് മുമ്പുള്ള റോമന്‍ ആരാധനക്രമം അനുസരിച്ചുള്ള കുര്‍ബാനയര്‍പ്പണത്തിന് 'സ്വകാര്യസാഹചര്യങ്ങളില്‍' അനുമതി  പുതുക്കി നല്‍കിക്കൊണ്ടുള്ള പരമോന്നത പിതാവിന്‍റെ 2007 ജൂലൈ ഏഴിലെ ഉത്തരവ് (Suymmorum Pontificum, July 7, 2007) പാരമ്പര്യത്തിന്‍റെ   കണ്ണികള്‍ അറ്റുപോകാതിരിക്കാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളുടെ വെളിച്ചത്തില്‍ വേണം വിലയിരുത്തേണ്ടത്. ലോകയുവജനദിനങ്ങളുടെ മഹാജാഗരണത്തിന്‍റെ നിര്‍ണായകനിമിഷങ്ങളില്‍ വിശുദ്ധ ബലിയുടെ ആരാധന ഉള്‍പ്പെടുത്താന്‍ പ്രേരിതമായ ആ ആനന്ദദായകമായ ഉള്‍ക്കാഴ്ചയെ മറ്റെല്ലാറ്റിനുമുപരിയായി ഈ സാഹചര്യത്തില്‍ നാം ഓര്‍മ്മിക്കും. ആഘോഷവും അത്യുത്സാഹവും തുളുമ്പിനില്‍ക്കുന്ന യുവതയുടെ ഒത്തുചേരലില്‍ പതിവിനു വിരുദ്ധമായി ഏര്‍പ്പെടുത്തിയ ഈ പരീക്ഷണം പക്ഷേ കൊളോണിലും സിഡ്നിയിലും മാഡ്രിഡിലും തടിച്ചുകൂടിയ ആയിരക്കണക്കിന് യുവജനങ്ങള്‍ അത്യധികം ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നടപ്പാക്കിയത് അതിശയകരമായി. അത് മൗനത്തിന്‍റെയും ആത്മീയതയുടെയും മനോഹരനിമിഷങ്ങള്‍ സമ്മാനിച്ചു. അതു മാത്രമാണ് - അതാവട്ടെ ഒട്ടും അപ്രധാനവുമല്ല- ബെനഡിക്ട് പതിനാറാമന്‍ ലോകയുവജനദിനത്തില്‍ പരീക്ഷിച്ച പുതുമ.

"എല്ലാറ്റിനുമുപരിയായി ദൈവത്തെ പ്രതിഷ്ഠിക്കുന്ന നമ്മുടെ ഹൃദയത്തില്‍ യുക്തിസഹമായി വിശ്വാസികളുടെ ഐക്യം പിറക്കുന്നു. ക്രൈസ്തവവിശ്വാസത്തിന്‍റെ പൊതുസാക്ഷ്യത്തിന് രൂപം നല്‍കുന്നതിനുള്ള പരിശ്രമങ്ങളുടെ പരമപ്രാധാന്യം അതാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരെയും  അതോടൊപ്പം സമാധാനപ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കണം. വെളിച്ചത്തിലേക്ക് ഒരുമിച്ച് മുന്നേറുന്നതിന് ഓരോരുത്തരെയും പരസ്പരം അടുപ്പിക്കുന്നതിന് പരിശ്രമം നടത്തുന്നു. അതായിരിക്കണം മതാന്തരസംവിധാനം എന്ന് ബെനഡിക്ട് പതിനാറാമന്‍ കൂട്ടിച്ചേര്‍ത്തു. സഭാ ഐക്യത്തില്‍ ബനഡിക്ട് പതിനാറാമനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പല അവസരങ്ങളും സാക്ഷിയായി. വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ തലവന്മാരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകള്‍ ആ സാഹചര്യത്തില്‍ അവിസ്മരണീയങ്ങളായി. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ബര്‍ത്തലോമിയോ പാത്രീയാര്‍ക്കീസുമായി ഇസ്താംബൂളില്‍ 2006ല്‍ നടത്തിയ കൂടിക്കാഴ്ചയും ആംഗ്ലിക്കന്‍ സഭയുടെ മേധാവി റോവാന്‍ വില്യംസുമായി ലണ്ടനില്‍ 2010ല്‍ നടത്തിയ കൂടിക്കാഴ്ചയും ഏര്‍ഫര്‍ട്ടിലെ മാര്‍ട്ടിന്‍ ലൂഥറിന്‍റെ പ്രസിദ്ധമായ ആശ്രമത്തില്‍ 2011ല്‍ ലൂഥറന്‍ സഭാമേധാവികളുമായി നടത്തിയ ചര്‍ച്ചയും ഇതില്‍ ഉള്‍പ്പെടുന്നു.

'ദയാപരനായ ദൈവം എനിക്കെങ്ങനെ കരഗതമാകും' എന്ന ലൂഥറിന്‍റെ ആ വലിയ ചോദ്യം സഭാ അനുരഞ്ജനസംവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടുമുയര്‍ത്തി, ഉപരിപ്ലവതകളില്‍ അഭിരമിക്കാതെ വിശ്വാസത്തിന്‍റെ വേരുകളിലേക്ക് പോയി ഐക്യം കണ്ടെത്താന്‍ ബനഡിക്ട് നിര്‍ദ്ദേശിക്കുന്നു. കത്തോലിക്കാസഭയില്‍ കൂട്ടമായി ചേരാന്‍ ആഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളെ അതിനനുവദിക്കുന്ന (Apostolic Constitution Anglicanorum Coetibus) 2009 നവംബര്‍ നാലിലെ ഉത്തരവ് വലിയൊരു ചുവടുവയ്പായി. മാര്‍സെല്‍ ലെഫെബ്വറിന്‍റെ പയസ് ടെന്‍ത് സൊസൈറ്റിയുമായി പൂര്‍ണ ഐക്യം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്‍റെ പരാജയപ്പെട്ട ഉദാരശ്രമത്തില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത ബുദ്ധിമുട്ടുകളും ഒട്ടേറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നുവെങ്കിലും സഭാ ഐക്യത്തിനായുള്ള അദ്ദേഹത്തിന്‍റെ അതിരറ്റ ആഗ്രഹത്തിന്‍റെ തെളിവായി.

മറ്റു മതങ്ങളുമായുള്ള ബന്ധത്തില്‍ അദ്ദേഹത്തിന്‍റെ കാലത്ത് അപസ്വരങ്ങള്‍ ഉയര്‍ന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാതിരുന്നില്ല. വില്യംസണ്‍ സംഭവത്തിന്‍റെ സാഹചര്യത്തിലും പയസ് പന്ത്രണ്ടാമന്‍റെ വിശുദ്ധപദവിക്ക് കാരണമായി, 'വീരോചിത മൂല്യങ്ങള്‍' ചൂണ്ടിക്കാട്ടുന്ന വിജ്ഞാപനത്തിലും യഹൂദമതവുമായും റീഗന്‍സ്ബര്‍ഗ് പ്രഭാഷണത്തിന്‍റെ പേരിലും ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മെഹ്ദി ആലം 2008 ലെ ഉയിര്‍പ്പുരാത്രിയില്‍ മാമ്മോദീസാ സ്വീകരിച്ചതുമായി ബന്ധപ്പെട്ടും ഇസ്സാമുമായും ഭിന്നതകളുണ്ടായി. എങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചുവടുപിടിച്ച് യഹൂദരുമായുള്ള സംവാദത്തിലും ഇസ്ലാം മതത്തോടുള്ള ആദരവിലും അംഗീകാരത്തിലും ബനഡിക്ട് പതിനാറാമന്‍ പുലര്‍ത്തിയിരുന്ന ആജീവനാന്ത പ്രതിബദ്ധത തെറ്റിദ്ധാരണകളും പ്രതിബന്ധങ്ങളും മറികടക്കാന്‍ സഹായിച്ചു. അവസാനകാലമായപ്പോഴേയ്ക്കും ജോണ്‍ പോള്‍ രണ്ടാമന്‍റെ ചുവടുപിടിച്ച് ബനഡിക്ട്  പതിനാറാമന്‍ കൊളോണിലെയും പാര്‍ക്ക് അവന്യുവിലെയും ന്യൂയോര്‍ക്കിലെയും സിനഗോഗുകളും ഇസ്റ്റാംബൂളിലെയും അമ്മാനിലെയും ജറൂസലേമിലെയും മോസ്കുകളും സന്ദര്‍ശിച്ചു. പുറമേ ജറൂസലേമിലെ വിലാപത്തിന്‍റെ മതിലും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി.

സംസ്കാരങ്ങളുമായി സംവാദം:
നിരുപാധിക യുക്തി
യേശുക്രിസ്തുവിന്‍റെ ദൈവത്തെ നമ്മുടെ കാലത്ത് പ്രഘോഷിക്കുകയെന്നതില്‍ ഇന്നത്തെ സംസ്കാരവുമായുള്ള സംവാദവും തീര്‍ച്ചയായും ഉള്‍പ്പെടുന്നു. ജര്‍മ്മന്‍ സര്‍വ്വകലാശാല ജീവിതം നല്‍കിയ ദൈവശാസ്ത്ര ജ്ഞാനവും തന്‍റെ പഠനപ്രഭാഷണങ്ങളിന്മേല്‍ നടന്ന സംവാദങ്ങളും മുതല്‍കൂട്ടാക്കി റാറ്റ്സിംഗര്‍ അതു നിര്‍ഭയം നിര്‍വ്വഹിച്ചു. യഹ്ഗന്‍ ഹാബെര്‍മാസുമായി മ്യൂണിക്കിലെ കാത്തലിക് അക്കാദമിയില്‍ 2004ല്‍ നടത്തിയ സംവാദം എക്കാലവും പ്രസക്തവും പ്രശസ്തവുമാണ്. മനുഷ്യയുക്തിയെ കത്തോലിക്കാ പാരമ്പര്യം എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അതുപക്ഷേ ദൈവികമായ സാര്‍വ്വലൗകിക സ്നേഹത്തിനു നിരക്കുന്നതാവണം എന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ആ സ്നേഹമാകട്ടെ ദൈവജ്ഞാനത്തില്‍ അധിഷ്ഠിതമത്രേ.

ക്രൈസ്തവവിശ്വാസം പങ്കുവയ്ക്കാത്തവരുമായും അതിന്‍റെ അടിസ്ഥാനത്തില്‍, യോജിക്കാവുന്ന മേഖലകളും പൊതുവേദികളും സാധ്യമാണെന്ന് ദൈവശാസ്ത്രജ്ഞന്‍ കൂടിയായ മാര്‍പാപ്പ കരുതി. മനുഷ്യയുക്തിയുടെ വക്താക്കളുമൊത്തും സത്യാന്വേഷണം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം ശഠിച്ചു. അതിനാല്‍ത്തന്നെ  'ആപേക്ഷികതാവാദ'ത്തെയും അതിന്‍റെ സര്‍വ്വാധിപത്യത്തെയും ആവര്‍ത്തിച്ച് എതിര്‍ത്തു.

ബനഡിക്ട് പതിനാറാമന്‍റെ കാലത്തെ പ്രമുഖ പ്രഭാഷണങ്ങള്‍ ഈ കാഴ്ചപ്പാടില്‍ വേണം വിലയിരുത്താന്‍. റീഗന്‍സ് ബെര്‍ഗ് സര്‍വ്വകലാശാലയില്‍ 2006ല്‍ നടത്തിയ പ്രഭാഷണങ്ങളില്‍ യുക്തിക്ക് എതിരായ പ്രവര്‍ത്തനം ദൈവപ്രകൃതിക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിംസ മതപരമായി ന്യായീകരിക്കപ്പെടുന്ന പ്രവണത ചികിത്സിക്കപ്പെടേണ്ടത് യുക്തിയാലാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്‍റെ വ്യക്തിപരമായ അന്തസ്സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സംസ്കാരം മധ്യകാല സന്ന്യാസത്തിന്‍റെ ദൈവാന്വേഷണവുമായി ബന്ധപ്പെട്ടാണ് വികസിതമായതെന്ന് 2008ല്‍ പാരീസിലെ ബര്‍ണര്‍ദീന്‍ കോളേജില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

മതവിശ്വാസത്തെ സാമൂഹികജീവിതത്തില്‍ നിന്ന് ഒഴിവാക്കി സ്വകാര്യജീവിതത്തിലേക്ക് പരിമിതപ്പെടുത്തരുതെന്ന് 2010ല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ അദ്ദേഹം ശഠിച്ചു. ധാര്‍മ്മികതയ്ക്കും ബഹുസ്വരതയ്ക്കും മതം നല്കുന്ന സംഭാവനകളെ  പ്രതിബന്ധമായി കാണാതെ സ്വതന്ത്ര ജനാധിപത്യസമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അനിവാര്യതയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ സങ്കുചിതമായി, അനിവാര്യതയായി. അടിസ്ഥാനരഹിതമായി കാണുന്നതിലെ അപകടം, ജര്‍മ്മന്‍ പാര്‍ലമെന്‍റായ റൈക്സ്റ്റാഗിനെ അഭിസംബോധന ചെയ്യവേ(2011) അദ്ദേഹം ചൂണ്ടിക്കാട്ടി.    നിരീശ്വരമൗലികവാദത്തിന്‍റെയും മതമൗലികവാദത്തിന്‍റെയും സങ്കുചിതവും വിരുദ്ധവുമായ വെല്ലുവിളികള്‍ നേരിടുന്നതിന് ആത്മീയതയിലേക്ക് തുറന്ന യുക്തിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനാഗരികത കെട്ടിപ്പടുക്കുകയും രാഷ്ട്രസങ്കല്പം ഉരുത്തിരിയപ്പെടുകയും വേണമെന്നും അദ്ദേഹം വിശദീകരിച്ചു.

സത്യം അറിയുന്നതിനും സത്യത്തെ സ്നേഹിക്കുന്നതിനും വേണ്ടിയാകയാല്‍ അന്വേഷണങ്ങള്‍ സാധ്യമായ തുറന്ന, ഉപാധികളില്ലാത്ത വിശാലമായ യുക്തി എന്നും ബെനഡിക്ട് പതിനാറാമന്‍റെ ചിന്തകളുടെയും പ്രഭാഷണങ്ങളുടെയും വിഷയമായിരുന്നു. ആ യുക്തി, ശാസ്ത്രത്തിന്‍റെ പ്രായോഗിക വീക്ഷണത്തിലോ, ഗണിതത്തിന്‍റെ കൃത്യതയുടെ ഭാഷയിലോ സ്വയം തളച്ചിടുന്നില്ല. മറിച്ച് അത് മനുഷ്യവ്യക്തിത്വത്തെക്കുറിച്ച് തത്വചിന്തയെക്കുറിച്ച്  ധാര്‍മ്മികതയെക്കുറിച്ച് ഉപാധികളില്ലാതെ, വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കാന്‍ പര്യാപ്തമാണ്. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അര്‍ത്ഥത്തെക്കുറിച്ച് ആത്മീയതയെക്കുറിച്ച് ആത്യന്തികമായി ദൈവത്തെക്കുറിച്ച് ആ യുക്തി മുന്‍വിധികളൊന്നുമില്ലാതെ ആരായുന്നു. ഇപ്പോഴുള്ളതിനപ്പുറം ഇനിയൊന്നും കാണാനില്ല എന്ന മട്ടില്‍ അത് അതില്‍ത്തന്നെ അടച്ചിരിക്കുന്നില്ല.

കൃത്രിമമായ വായുവും വെളിച്ചവും ക്രമീകരിച്ചിരിക്കുന്ന ജാലകങ്ങളില്ലാത്ത കെട്ടിടത്തില്‍ അടയിരിക്കുന്നതിനു സമാനമാണ് 'അടഞ്ഞ' യുക്തി. അചിരേണ മനുഷ്യന് ശ്വാസംമുട്ടി തുടങ്ങും. പ്രകൃതിയുമായുള്ള ബന്ധം സാങ്കേതികവിദ്യയുടെ കാരുണ്യത്തെ മാത്രം ആശ്രയിച്ചാകും. അത് വിനാശകരമാകും. ബനഡിക്ട് പതിനാറാമന്‍റെ അജപാലനകാലത്തെ  മൗലികവും സഫലവുമായ ഉദ്യമം, 'വിജാതീയരുടെ തിരുമുറ്റ'ത്തെ ഈ കാഴ്ചപ്പാടില്‍വേണം വിലയിരുത്താന്‍. പൊന്തിഫിക്കല്‍ കള്‍ച്ചറല്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത പല മാനങ്ങളുള്ള ഈ സംരംഭം അവിശ്വാസികള്‍ അടക്കം ഏവരുമായി സംവാദത്തിന് വഴിയൊരുക്കുന്നു.

സംവാദത്തിനായുള്ള ബനഡിക്ട് പതിനാറാമന്‍റെ ക്ഷണം, തീര്‍ച്ചയായും ഏവരാലും സ്വീകരിക്കപ്പെട്ടില്ല. 2008 ജനുവരി 17ന് തീരുമാനിച്ചിരുന്ന റോമിലെ ലാ സാപിയേന്‍സാ സര്‍വകലാശാലാ സന്ദര്‍ശനം ഉപേക്ഷിക്കേണ്ടിവരും വിധം വ്യക്തമായിരുന്നു ആ നിരാകരണം. 'തുറന്നതും' 'അടഞ്ഞ' തുമായ യുക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഫലമായിരുന്നു ആ സംഭവം. പക്ഷേ ആ ക്ഷണത്തിന്‍റെ മൂല്യം മാറ്റമില്ലാതെ നില്‍ക്കുന്നു.
പ്രതിസന്ധികളും പ്രയാസങ്ങളും

ഭരണകാലത്ത് ബനഡിക്ട് പതിനാറാമന് പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും നിരവധി സന്ദര്‍ഭങ്ങളുണ്ടായി. അവയൊക്കെ മാധ്യമങ്ങള്‍ അനുകമ്പാരഹിതമായി ആഘോഷിക്കുകയും ചെയ്തു. അവയും അനുസ്മരിക്കപ്പെടേണ്ടതു തന്നെ. റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ 2006ല്‍ നടത്തിയ പ്രഭാഷണത്തിലെ ഏതാനും വാചകങ്ങള്‍ ഇസ്ലാമികലോകത്ത് അതിശക്തമായ പ്രതിഷേധത്തിന്‍റെ അലകളുയര്‍ത്തി. നിരവധി വിശദീകരണങ്ങള്‍ക്കും ഒടുവില്‍ ഇസ്താംബൂളിലെ ബ്ലു മോസ്കില്‍ നടത്തിയ സന്ദര്‍ശനത്തിനും ആ പ്രതിസന്ധി പരിഹരിക്കാനായി. നാസി പക്ഷപാതിയായ വില്യംസണ്‍ അടക്കം മാര്‍സല്‍ ലെഫെവറിന്‍റെ അനുയായികളായ നാലു മെത്രാന്മാരുടെ പുറത്താക്കല്‍ പിന്‍വലിച്ചതായിരുന്നു കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളുമുയര്‍ത്തിയ മറ്റൊരു സന്ദര്‍ഭം. ഏറെ പ്രസിദ്ധമായ മെത്രാന്മാര്‍ക്കുള്ള ഇടയലേഖനത്തിലൂടെയാണ് റാറ്റ്സിംഗര്‍ ഈ പ്രതിസന്ധിയെ അഭിമുഖീകരിച്ചത്. (ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലകള്‍ കെട്ടുകഥയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അതിനാല്‍ത്തന്നെ നാസി പക്ഷപാതികളെന്ന് വിലയിരുത്തപ്പെടുന്ന നാസി കൂട്ടക്കൊല നിഷേധി ആണ് വില്യംസണ്‍ എന്നത് പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. എന്നാല്‍ അക്കാര്യം അറിയാതെയാണ് പുറത്താക്കല്‍ പിന്‍വലിക്കാന്‍ മാര്‍പാപ്പ തീരുമാനമെടുത്തത്.) ഒരു വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ഗര്‍ഭനിരോധന ഉറകളെക്കുറിച്ചും ആഫ്രിക്കയിലെ എയ്ഡ്സ് വ്യാപനത്തെക്കുറിച്ചും വന്ന പരാമര്‍ശങ്ങളായിരുന്നു പിന്നീട് വിവാദത്തിനു കാരണമായത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തി മാറ്റിയാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഉതകുന്ന ഈ പരാമര്‍ശം സഭയോട് വൈരനിര്യാതനബുദ്ധി പുലര്‍ത്തുന്ന മനുഷ്യന്‍റെ തിന്മകള്‍ക്കൊക്കെ സഭയ്ക്ക് കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് വിശ്വസിക്കുന്ന വിഭാഗത്തിന്‍റെ കയ്യില്‍ പക്ഷേ ആയുധമായി. പക്ഷേ ബനഡിക്ട് പതിനാറാമന്‍റെ കാലത്തെ യഥാര്‍ത്ഥ പ്രതിസന്ധി, പുരോഹിതരുടെ ലൈംഗികപീഡനം പ്രത്യേകിച്ച് ബാലലൈംഗികപീഡനമായിരുന്നു, എന്നതില്‍ തര്‍ക്കമില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് പൊട്ടിപുറപ്പെട്ട ഈ പ്രതിസന്ധി വിശ്വാസതിരുസംഘത്തിന്‍റെ തലവനെന്ന രീതിയില്‍ ആഴത്തില്‍ കൈകാര്യം ചെയ്യേണ്ടിവന്ന റാറ്റ്സിംഗറിന് തന്‍റെ മാര്‍പാപ്പാകാലത്ത് അതിന്‍റെ നാടകീയമായ പരിണാമം നേരിടേണ്ടിയും വന്നു. ആ കാലഘട്ടത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഇവിടെ നാം മുതിരുന്നില്ല. പക്ഷേ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ ബനഡിക്ട് പതിനാറാമന്‍ ആ ഗുരുതരവിഷയം കൈകാര്യം ചെയ്തു എന്ന് നാം മനസ്സിലാക്കുന്നു. എളിമയ്ക്കും സുതാര്യതയ്ക്കും നൈതികതയ്ക്കും സ്വയം സാക്ഷ്യം നല്കുക മാത്രമല്ല സഭയുടെ നടത്തിപ്പിലും ഇടയശുശ്രൂഷയിലും തുടര്‍ച്ചയായ അടിസ്ഥാനമാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു അദ്ദേഹം. ഉത്തരവാദിത്തബോധത്തിന്‍റെ ആവശ്യകത മുതല്‍, ഇരകളെ വ്യക്തിപരമായി അഭിമുഖീകരിക്കല്‍, പൊറുതിയുടെ അന്തരീക്ഷം, കുറ്റക്കാര്‍ക്കെതിരായ നടപടികള്‍. പ്രതിരോധ നടപടികള്‍, പുരോഹിതരുടെ സ്വഭാവരൂപവത്കരണം തുടങ്ങി സഭയിലും സമൂഹത്തിലും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന സംസ്കാരത്തിനായുള്ള പ്രതിബദ്ധതയും പ്രവര്‍ത്തനങ്ങളും വരെ അവയില്‍ ഉള്‍പ്പെടുന്നു. യു എസിലും ആസ്ട്രേലിയയിലും മാള്‍ട്ടയിലും യു കെയിലും ജര്‍മ്മനിയിലും നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ പീഡനങ്ങള്‍ക്കിരയായവരെ നേരില്‍ കണ്ട മാര്‍പാപ്പയുടെ നടപടി ഇക്കാര്യത്തിലെ വ്യക്തിപരമായ ഇടപെടലിന്‍റെ സാക്ഷ്യങ്ങളുമായി. തികച്ചും അസാധാരണമായ ഈ പ്രതിസന്ധിയില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും സമഗ്രമായ പ്രതികരണം 2010 മാര്‍ച്ച് 19ന് അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്ക് അയച്ച ഇടയലേഖനമായിരുന്നു. അതിന്‍റെ  ഉള്ളടക്കമാകട്ടെ അയര്‍ലണ്ടിനുമാത്രം ബാധകവുമായിരുന്നില്ല.

അദ്ദേഹത്തിന്‍റെ അജപാലനകാലത്തിന്‍റെ അവസാനഘട്ടത്തിലെ സങ്കീര്‍ണവും വേദനാജനകവുമായ അധ്യായം ഏതാനും രഹസ്യരേഖകളുടെ ചോര്‍ച്ചയും അവയുടെ പ്രസിദ്ധീകരണവുമായിരുന്നു. വത്തിലീക്സ് എന്ന പേരില്‍ അറിയപ്പെട്ട വിവാദം ലോകത്താകെ പ്രകമ്പനം സൃഷ്ടിച്ചു. തൊട്ടുപിന്നാലെ രഹസ്യരേഖകളും മാര്‍പാപ്പയുടെ അടുത്ത സഹായികളുടെ ആശയവിനിമയങ്ങളും അടങ്ങുന്ന ഒരു പുസ്തകം തന്നെ പുറത്തുവന്നു. രേഖകള്‍ ചോര്‍ന്നതിന്‍റെ ഉത്തരവാദിയെ തിരിച്ചറിയാന്‍ ആ ഘട്ടത്തില്‍ കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ മാര്‍പാപ്പയുമായി ദൈനംദിനജീവിതത്തില്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്ന പാചകക്കാരനായിരുന്നു ആ വ്യക്തിയെന്നത് അദ്ദേഹത്തെ വ്യക്തിപരമായി ബാധിച്ചു. വിവാദം നിയന്ത്രണാതീതമായി. അറസ്റ്റിലായ പാചകക്കാരനെ വത്തിക്കാന്‍ ട്രീബ്യുണലില്‍ വിചാരണ ചെയ്തു. ലോകമാധ്യമങ്ങള്‍ അതു കൊണ്ടാടി. പതിനെട്ടുമാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട പാചകക്കാരനെ ജയിലില്‍ സന്ദര്‍ശിച്ച മാര്‍പാപ്പ അദ്ദേഹത്തിന് മാപ്പു നല്‍കി. ഗൗരവമേറിയ കുറ്റകൃത്യത്തില്‍ നീതി നടപ്പാക്കുകയാണ് ശരിയെന്ന് വിശ്വസിച്ച മാര്‍പാപ്പ അതിനുശേഷം സഹനത്തിനു പകരം തന്‍റെ ഹൃദയത്തിലുറഞ്ഞുകൂടിയ കരുണ അയാള്‍ക്ക് പകര്‍ന്നു.

സ്ഥാനത്യാഗവും 'സഭാമാതാവിന്‍റെ ഗൃഹ'ത്തിലെ വിശ്രമജീവിതവും 2013 ഫെബ്രുവരി 11 ന് ഒട്രാന്‍റോയിലെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുന്നതിന് വിളിച്ചുചേര്‍ത്ത കര്‍ദ്ദിനാള്‍മാരുടെ യോഗത്തില്‍, തികച്ചും അപ്രതീക്ഷിതമായി, മാര്‍പാപ്പ പദവി ത്യജിക്കാന്‍ ആഗ്രഹിക്കുന്നതായി ബനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. ലത്തീന്‍ ഭാഷയിലുള്ള ആ പ്രഖ്യാപനം, അതിനുമുന്നേ അപൂര്‍വ്വം മാര്‍പാപ്പമാര്‍ മാത്രമേ സ്ഥാനം ത്യജിച്ചിട്ടുള്ളൂവെന്നതിനാല്‍ തികച്ചും ആകസ്മികവും അതിനാല്‍ത്തന്നെ ലോകത്തിന് ആശ്ചര്യവുമായി. "ദൈവത്തിനു മുമ്പുള്ള എന്‍റെ മനസ്സാക്ഷി ആവര്‍ത്തിച്ച് പരിശോധിച്ചതില്‍ പത്രോസിന്‍റെ പിന്‍ഗാമിയെന്ന ചുമതല ശരിയായി നിര്‍വഹിക്കുന്നതിന് പ്രായാധിക്യം മൂലം ഞാന്‍ വേണ്ടത്ര കരുത്തനല്ല എന്ന് തീര്‍ച്ച വന്നിരിക്കുന്നു" എന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനം തികച്ചും ഹ്രസ്വമായിരുന്നു, പക്ഷേ തികച്ചും വ്യക്തവും ആയിരുന്നു. ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തില്‍ വന്ന കുറവ് അദ്ദേഹം അറിയുന്നു. തന്നില്‍ ഭരമേല്പിക്കപ്പെട്ട ശുശ്രൂഷ ഇനി നിര്‍വഹിക്കുക അസാധ്യമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

അതിദ്രുതം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്ന സഭാജീവിതത്തിന് ഏറെ പ്രസക്തമായ പ്രശ്നങ്ങളാല്‍ പ്രക്ഷുബ്ധമായ ലോകത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി സഭയെ നയിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം അറിയുന്നു. സ്ഥാനത്യാഗം തികച്ചും സ്വതന്ത്രമായ തീരുമാനമാണ്. ഫെബ്രുവരി 28 രാത്രി എട്ടിന് മാര്‍പാപ്പ പദവി ഒഴിവാകും.

സ്ഥാനത്യാഗത്തെക്കുറിച്ചും അതിനു പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ചും അച്ചടിക്കാന്‍ ടണ്‍കണക്കിന് പേപ്പറും ഗ്യാലന്‍ കണക്കിന് അച്ചടിമഷിയും ചെലവഴിക്കപ്പെട്ടു. പക്ഷേ ലളിതമായിരുന്നു ആ പ്രവൃത്തി.  അതിന് ബനഡിക്ട് പതിനാറാമന്‍ നല്‍കിയ വിശദീകരണം വ്യക്തവും പൂര്‍ണവും വിശ്വസനീയവും ദൈവത്തോടും സഭയോടും ഉത്തരവാദപരവും ആയിരുന്നു.

മാര്‍പാപ്പാ പദവി ആവശ്യപ്പെടുന്ന ഭാരിച്ച ഉത്തരവാദിത്തത്തിനു മുന്നിലെ വിനയപ്രകടനമായിരുന്നു ആ പ്രവൃത്തി. സഭാനിയമത്തില്‍ പറഞ്ഞിട്ടുള്ളതെങ്കിലും നൂറ്റാണ്ടുകളായി ആരും സഞ്ചരിക്കാന്‍  ധൈര്യപ്പെടാതിരുന്ന വഴികളിലേക്കുള്ള സുധീരമായ  കാല്‍വയ്പായിരുന്നു അത്. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ജീവിതകാലത്തേക്കു മുഴുവന്‍തന്നെ. പക്ഷേ മാര്‍പാപ്പ പദവി മാര്‍പാപ്പയുടെ മരണത്തോടെ ഇല്ലാതാകുന്നില്ല.

ബനഡിക്ട് പതിനാറാമന്‍റെ സ്ഥാനത്യാഗത്തെ കൃത്യമായ വ്യക്തതയും ദീര്‍ഘവീക്ഷണവും ആത്മീയമഹത്വവും പ്രകടമാകുന്ന ചരിത്രപരമായ പ്രവൃത്തിയായി പലരും കണ്ടു. അദ്ദേഹത്തിന്‍റെ ഭരണകാലത്തെ കൂടുതല്‍ ശ്രദ്ധയോടെ, ആഴത്തില്‍ വീണ്ടും വായിക്കാന്‍ അത് സഹായവുമായി.

ഉയിര്‍പ്പുതിരുനാളിന് മുന്നേ സഭയ്ക്ക് പുതിയ മാര്‍പാപ്പയുണ്ടായി. സ്ഥാനത്യാഗത്തിനുശേഷമുള്ള കാലം എവര്‍ക്കുമറിയാവുന്നതുപോലെ സഭയ്ക്ക് പ്രാര്‍ത്ഥനയുടെ കാലമാണ്. രഹസ്യമായ വ്യക്തി സമ്പര്‍ക്കങ്ങളുടെ കാലമാണ്. ചുരുക്കം ഔദ്യോഗിക സമ്പര്‍ക്കങ്ങളുടെ കാലമാണ്. എല്ലാറ്റിനും ഉപരി ദൈവവുമായുള്ള 'കണ്ടുമുട്ടലിനുള്ള' തയ്യാറെടുപ്പിന്‍റെ കാലമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാരമനസ്കതയും ജാഗ്രതയും 'പോപ്പ് എമിരിറ്റസിന്‍റെ വിവേകവും പ്രാര്‍ത്ഥനാതീക്ഷ്ണതയും മധ്യകാലത്തിനുശേഷം സഭ നേരിട്ട 'കീഴ്വഴക്കമില്ലാത്ത' സാഹചര്യം നേരിടുന്നതിനും ക്രൈസ്തവസാഹോദര്യത്തിന്‍റെ തിളങ്ങുന്ന ഉദാഹരണമായി അതിനെ മഹത്വപ്പെടുത്തുന്നതിനും സാഹചര്യം ഒരുക്കി. ആലിംഗനബദ്ധരായ, ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന രണ്ട് വെള്ളക്കുപ്പായക്കാരുടെ ചിത്രങ്ങള്‍, ഫ്രാന്‍സിസിന് എതിരെ ബനഡിക്ട് എന്ന പരാജയപ്പെട്ട ദുഷിച്ച പ്രചരണങ്ങള്‍ക്ക് വലിയ ആശ്വാസമായി.

ജോസഫ് റാറ്റ്സിംഗറുടെ ചിന്തയും അജപാലനശുശ്രൂഷയും എട്ടു നൂറ്റാണ്ടിനിടെ യോഗാത്മകവും ചൈതന്യോന്മുഖവുമായ യേശുവിന്‍റെ വദനത്തെ കേന്ദ്രീകരിച്ച്, സ്വദേശമായ ബവേറിയയില്‍ നിന്ന് ലോകത്തിന്‍റെ അതിര്‍ത്തികളോളം വളര്‍ന്നു. പത്രോസിന്‍റെ പിന്‍ഗാമിയാകാന്‍ ക്ഷണിക്കപ്പെട്ട ദൈവശാസ്ത്രജ്ഞന്‍റെയും അധ്യാപനത്തിലും ആരാധനാശുശ്രൂഷയിലും ജീവന്‍റെ സാക്ഷ്യത്തിലും വിശ്വാസം ഊട്ടിയുറപ്പിച്ച സഹോദരന്‍റെയും പാരമ്പര്യം അതാണ് ആ ധന്യജീവിതത്തിന്‍റെ ഒസ്യത്ത്, ബാക്കിപത്രം.

 

(അവസാനിച്ചു) 

You can share this post!

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts