news-details
ഓര്‍മ്മ

പ്രോവിന്‍സിലെ ഏറ്റവും തീക്ഷ്ണമതികളില്‍ ഒരാളായിരുന്നു അവന്‍. ഫ്രാന്‍സിസിനെ അനുഗമിച്ച് യേശുവിനെ അനുകരിച്ച് അവന്‍ മൗലികമായ രീതിയില്‍ ജീവിച്ചു. നമ്മില്‍ മിക്കവരും ആഗ്രഹിക്കുന്നതുപോലെ വെറുമൊരു സാധാരണക്കാരനാകാനല്ല അവന്‍ ആഗ്രഹിച്ചത്. വളരെ ധൈഷണിക ശോഭയുള്ളവനും ധീരനുമായിരുന്നു അവന്‍. ലൗകിക മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്ത് സമരസപ്പെടാന്‍ അവന്‍ ആഗ്രഹിച്ചില്ല. അവനെ അറിയുന്ന എല്ലാവരാലും ബഹുമാനിതനും ഉന്നത പ്രതിഷ്ഠനും ആയിരുന്നു അവന്‍. സിറിള്‍ ഇമ്മാനുവല്‍ എന്നായിരുന്നു അവന്‍റെ നാമം. റോമിലെ പഠനമധ്യേ, അര്‍ബുദം കണ്ടെത്തുകയാല്‍, ഉടന്‍ ഇന്‍ഡ്യയിലെത്തിക്കുകയായിരുന്നു. നാട്ടില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നല്കിയിരുന്നു: കീമോ തെറാപ്പിയുടെയും ഇമ്മ്യൂണോ തെറാപ്പിയുടെയും നിരവധി കോഴ്സുകള്‍ക്ക് അവന്‍ വിധേയനായി. അവന്‍ ആരോഗ്യം വീണ്ടെടുത്തു, എന്നാണ് ഞങ്ങളെല്ലാം കരുതിയത്. 2024 ജനുവരി 15 ന് അവന് കഠിനവും അസഹനീയമുമായ വേദന അനുഭവപ്പെട്ടു, വെന്‍റിലേറ്ററുകള്‍ക്ക് അവനെ പിടിച്ചുനിര്‍ ത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കകം തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഈശോയോടും പരിശുദ്ധ അമ്മയോടും ഒപ്പം ആയിരിക്കാന്‍ അവന്‍ സ്വഭവനത്തിലേക്ക് യാത്രയായി.

സഹോദരാ, സിറിള്‍, നീ പകര്‍ന്ന മാതൃകക്കും തേജസ്സിനും ആദര്‍ശങ്ങള്‍ക്കും ഒത്തിരി നന്ദി. ജീവിതത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള അവന്‍റെ പോസിറ്റീവ് മനോഭാവത്തെ ഈ കവിതയെക്കാളേറെ വ്യക്തമായി എങ്ങനെ ഉദാഹരിക്കാനാണ്?!

തന്‍റെ ഭാവിയെ അവന്‍ നേരത്തേ അറിഞ്ഞിരുന്നോ? അവന്‍ ശരിക്കും തയ്യാറായി ഇരിക്കുകയായിരുന്നോ?!

ഇറ്റലിയിലെ മഞ്ഞുമൂടിയ മലനിരകള്‍ കണ്ട് മനം നിറഞ്ഞ് 2022 ല്‍ സിറിള്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കവിതയാണ് താഴെ. 2023-ന്‍റെ തുടക്കത്തിലാണ് വൃക്കകളിലും മറ്റിടങ്ങളിലും അസ്ഥിമജ്ജയെ പോലും അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതെഴുതുമ്പോള്‍ തന്നില്‍ കാന്‍സര്‍ വളര്‍ച്ചയുണ്ടെന്ന് ഒരു സൂചനയും അവന് ഉണ്ടായിരുന്നില്ല. പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു അന്ന് സിറിള്‍. എങ്കിലും അന്നയാള്‍ എഴുതിയത് നാമിന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ മരണത്തെ മുഖാമുഖം കണ്ട് എഴുതിയതുപോലെ തന്നെ നമുക്ക് അനുഭവപ്പെടും. നാമറിയാതെ ദൈവം നമ്മെ കൈപിടിച്ച് ഏതെല്ലാം വഴികളിലൂടെ നടത്തുന്നു! ദൈവകരങ്ങളിലേക്ക് വിട്ടുകൊടുത്തവര്‍ ചൊല്ലുന്നതും എഴുതുന്നതും ദൈവനിവേശിതങ്ങളാവും എന്ന സത്യം നാം വീണ്ടും വീണ്ടും അനുഭവിച്ചറിയുന്നു.

ആഴങ്ങളുടെ ആരവം

ഫാ. സിറിള്‍ ഇമ്മാനുവല്‍

'താഴ്വരകളുടെ ആരവത്തില്‍ നഷ്ടപ്പെടുമ്പോഴും
കേള്‍ക്കുന്നു ഞാന്‍ ദൂരെയാ പ്രതിധ്വനി;
ക്ഷീണത്തിന്‍റെ തുരങ്കത്തിലൂടെ ഉഴറിയോടുമ്പോഴും,
കാണ്മാനാവായ്കിലും മഴക്കായ് തിരയുന്നു.
നേട്ടം നല്കുന്ന ഉത്തുംഗതകള്‍
അതിന്‍റെ ദൂതന്‍ വിട ചൊല്ലുമെന്ന് തോന്നുന്നു -
താഴേക്ക് ഇളം കാറ്റിറങ്ങും പോലെ!
അപ്പുറത്തായൊരു മൃദുശബ്ദം
ഹൃദയാഴത്തില്‍ മന്ത്രിക്കുന്നുണ്ട്,
ആവേശോജ്ജ്വലമായ ആരോഹണത്തിനായ് നന്നായൊരുങ്ങിടാന്‍.
പലതാണ് പിന്നില്‍നിന്നെന്നെ പിന്നാക്കം പിടിക്കുന്ന ബന്ധങ്ങളെങ്കിലും
മുന്നോട്ട് നീങ്ങാനാണെന്‍റെയാശ,
വിടചൊല്ലാനായ് തിരിഞ്ഞുനോക്കിടേണ്ടേ ഞാന്‍
കണ്ണീര്‍വഴിയും കണ്ണുകള്‍ പലതാണ്;
വികാരങ്ങളുടെ കുതിക്കും പ്രവാഹങ്ങളില്‍
ഒലിച്ചു പോകവേണ്ടല്ലോ ആ സ്വപ്നം,
കേഴുന്ന സ്വര തലങ്ങളില്‍ അലിഞ്ഞു തീരരുതല്ലോ
അജ്ഞാത ചക്രവാളത്തില്‍ നിന്നുള്ള മൃദുമന്ത്രണവും.
മാംസരക്തങ്ങളുടെ സഹജവാസനയാല്‍ ബന്ധിക്കപ്പെട്ടും,
മധുരവും തിക്തവുമായ സ്മൃതികളാല്‍ ഭാരപ്പെട്ടും;
ചിന്താക്കുഴപ്പത്തിന്‍റെയും വിസ്മൃതിയുടെയും ഈ താഴ്വാരത്തില്‍
സ്വതന്ത്രമായ പാറലിനായുള്ള പ്രതീക്ഷ മാഞ്ഞേ പോകുന്നു.
അപ്പോഴും, ഒരുമാത്ര ഞാന്‍ കാണുന്നു,
എന്‍റെ സ്വപ്നരാവുകളുടെ സ്വര്‍ഗ്ഗസുന്ദര ദീപ്തി,
പര്‍വ്വതങ്ങള്‍ക്കും മേലെയുള്ള,
താഴ്വരകളിലെ സങ്കടങ്ങള്‍ മാഞ്ഞേപോകുന്ന,
ഹൃദയാഭിലാഷങ്ങള്‍ പൂത്തുലയുന്ന
അനന്തവിഹായസ്സിനുമപ്പുറത്തെ
ആ ഭൂമിയിലേക്ക്
എന്നെ റാഞ്ചിയെടുക്കാന്‍
കഴുകനെപ്പോല്‍ താഴ്ന്നു പറക്കുന്നുണ്ട് പ്രത്യാശ.
അവിടെ പ്രതിധ്വനിക്കുന്നുണ്ട്,
താഴ്വരകള്‍ ഒരിക്കലും കേള്‍ക്കില്ലാത്തതാം
മധുരതരമാമൊരീണം;
സൂര്യന്‍റെ മൂന്നിരട്ടി തേജസ്സുള്ള
ഒരു ദര്‍ശനം;
ആകാശങ്ങളിലങ്ങിങ്ങ് വാഴുന്ന -
ലോകം മിഥ്യയെന്നെണ്ണുന്നൊരാനന്ദം,
അന്വേഷക ഹൃദയത്തെ തൈലം പൂശിയുണക്കും
സ്വാതന്ത്ര്യത്തിന്‍റെ നിത്യ സ്വര്‍ഗ്ഗം.
ശക്തമാണ്, ബലിഷ്ഠമാണ്
വിലങ്ങുകളും ചങ്ങലകളുമെങ്കിലും
അവയെ ഭേദിച്ചുപോലും
അവിടേക്കു ഗമിക്കാന്‍ ആശിക്കുന്നു ഞാന്‍.
ഒരു ദിനം -മന്ത്രിക്കുന്നെന്‍റെ ഹൃദയം-ഉറപ്പാണ്
ഉയരെവിദൂരതയില്‍ നിന്നുള്ള ഇടറിയ ശബ്ദം ഇല്ലാതാകിലും
അവസാന യാത്രക്കായ്  ഊര്‍ജ്ജമുള്‍ക്കൊള്ളാനോതും,
സുഷുപ്ത ഹൃദയങ്ങളെപ്പോലും ഉണര്‍ത്താനുതകുംവിധം
വ്യക്തവും സമീപസ്ഥവുമായ കാഹളം;
ചങ്ങലകളും ചട്ടക്കൂടുകളും പൊളിച്ച്,
പൂര്‍ണ്ണ വീര്യത്തോടെ ഞാന്‍ പറന്നുയരും
എന്തെന്നാല്‍,
താങ്ങാനാവില്ലല്ലോ എനിക്കിനിയും
ആകാശത്തിന്‍റെ പാട്ടും ഉയരങ്ങളുടെ ചാരുതയും;
മയക്കുന്ന കൈകളാല്‍
ആനന്ദകരമായ വിസ്മൃതിയിലേക്ക് എന്നെയവയടുപ്പിക്കുന്നു;
എന്നാല്‍ നേരം പുലരുംമുമ്പേ
നിശാ ശലഭങ്ങള്‍ അപ്രത്യക്ഷമാകും മുമ്പേ
ഒരുവട്ടം കൂടി  ആസ്വദിച്ചീടട്ടെ ഞാനീമണ്‍പ്രദേശങ്ങളുടെ അമൃത്
സ്വരലയത്തിലുമൈക്യത്തിലും
മലകള്‍ പാടുന്നിടം
പൂക്കള്‍ ചിരിക്കുന്നിടം മുകിലുകള്‍ നൃത്തമാടുന്നിടം;
സൗന്ദര്യവും പ്രഭയുമുള്ള ആ ദേശത്തേക്ക്
നിത്യപര്‍വതങ്ങള്‍ വിളിക്കുന്നു,
പോകാന്‍ നേരമായി; അതിനാല്‍ പോകട്ടെ ഞാന്‍!

You can share this post!

ബനഡിക്ട് പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍....

ഫ്രെഡറിക്കോ ലൊംബാര്‍ഡി എസ്. ജെ. (മൊഴിമാറ്റം: ടോം മാത്യു)
അടുത്ത രചന

യാത്രയായ സ്നേഹഗീതം ''ആര്‍മണ്ടച്ചന്‍''

ബിജു മാധവത്ത്
Related Posts