news-details
ഓര്‍മ്മ

ഓര്‍മ്മയിലെ ആര്‍മണ്ടച്ചന്‍; അരമണ്ടന്‍ ദൈവദാസന്‍

"എന്‍റെ പേര് ഫാ. ആര്‍മണ്ട്, ചിലരൊക്കെ 'അരമണ്ടച്ചന്‍' എന്നും പറയാറുണ്ട്."

ഇതുപറഞ്ഞിട്ട് ചെറിയമുഖത്ത് തള്ളിനില്‍ക്കുന്ന മൂക്കിന്‍റെ തുമ്പത്തേക്ക് ഊര്‍ന്നിറങ്ങിയ കണ്ണാടിയുടെ മുകളിലൂടെ മുമ്പിലിരിക്കുന്നവരെ നോക്കി ഒരു ചിരിയുണ്ട്.

"പണ്ട് മരങ്ങാട്ടുപള്ളീലാരുന്നു വീട്. പിന്നെ വീട്ടുകാരെല്ലാം വിറ്റ്പെര്‍ക്കീ (വിറ്റുപെറുക്കി) വയനാട്ടില്‍ നടവയലിലേക്കുപോയി."

ഭരണങ്ങാനത്തെ അസ്സീസി ധ്യാനമന്ദിരമാണ് സ്ഥലം. ധ്യാനപരിപാടികളുടെ തുടക്കത്തില്‍ ആര്‍മണ്ടച്ചന്‍റെ സ്വയം പരിചയപ്പെടുത്തലാണ് അവതരിപ്പിച്ച രംഗം. ഒരുപാടു പ്രാവശ്യം ഞാനിത് കേട്ടിട്ടുള്ളതാണ്. ഇതാണ് 'തനിനാടന്‍' ആര്‍മണ്ടച്ചന്‍, ഇന്ന് ദൈവദാസന്‍ ആര്‍മണ്ടച്ചന്‍.  

കഷ്ടിച്ച് അഞ്ചടി ഉയരം, അല്‍പം ചാടിയവയറിനുതാഴെ, കണ്ടാല്‍ ഇപ്പോള്‍ ഊര്‍ന്നുതാഴെവീണുപോകുമെന്നു തോന്നിപ്പോകുന്ന അയഞ്ഞചരടിന്‍റെ അരക്കെട്ട്, ശോഷിച്ച മുഖമെങ്കിലും വെപ്പുപല്ലുണ്ടായിരുന്നതുകൊണ്ട് വല്യകുഴപ്പമില്ലാത്ത ഷെയ്പുണ്ടായിരുന്നു.

കരിസ്മാറ്റിക് ധ്യാനത്തിന് കേരളത്തില്‍ തുടക്കംകുറിച്ച കാലം. സ്വദേശികളും വിദേശികളുമായ അന്നത്തെ പേരെടുത്ത കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരു നടത്തിയ പലധ്യാനങ്ങളിലും ബോംബെയിലും ആലുവായിലുമൊക്കെപോയി പങ്കെടുത്തശേഷം, ആര്‍മണ്ടച്ചനും 1977-ല്‍ ഭരണങ്ങാനം അസ്സീസിയില്‍, ഒരു ചെറിയഗ്രൂപ്പിനുവേണ്ടി, ഒരാഴ്ച അവിടെത്തന്നെ താമസിച്ചുകൊണ്ടുള്ള ഒരു കരിസ്മാറ്റിക്ധ്യാനം നടത്തി. അതു വന്‍വിജയമായിരുന്നു. അതു പെട്ടെന്ന് കത്തിപ്പടര്‍ന്നു, തുടര്‍ച്ചയായി ധ്യാനങ്ങള്‍ നടന്നു. അങ്ങനെ ഭരണങ്ങാനം അസ്സീസി അറിയപ്പെടുന്ന ധ്യാനമന്ദിരമായി.

ആദ്യകാലത്തുതന്നെ ധ്യാനംകൂടിയവരുടെ കൂട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അതറിഞ്ഞ എന്‍റെ ഇടവകവികാരിയായിരുന്ന ബ. തോമസ് മണലിലച്ചന്‍ ഇടവകയിലെ ചെറുപ്പക്കാരുടെ ഗ്രൂപ്പിന് ഞാന്‍തന്നെ ഒരു കരിസ്മാറ്റിക്ധ്യാനം നടത്തണമെന്നു നിര്‍ബ്ബന്ധിച്ചു. ധ്യാനഗുരുവാകണം എന്നുള്ള മോഹമൊന്നുമില്ലാതെ പുതിയപ്രസ്ഥാനം എങ്ങനെയുണ്ടെന്നറിയാന്‍വേണ്ടി ധ്യാനംകൂടിയ എന്‍റെ മുമ്പില്‍ അതൊരു വെല്ലുവിളിയായിരുന്നു. അറിയാവുന്നതുപോലെയൊക്കെയങ്ങു നടത്തി. ഏതായാലും അതിനെപ്പറ്റി ആരോപറഞ്ഞ് ആര്‍മണ്ടച്ചന്‍ അറിഞ്ഞപ്പോള്‍ എന്നെ വിളിച്ച് ഭരണങ്ങാനത്ത് അദ്ദേഹത്തിന്‍റെ കൂടെക്കൂട്ടി. അങ്ങനെ 1978-ല്‍ തുടങ്ങിയതാണ് ആര്‍മണ്ടച്ചനുമായുള്ള എന്‍റെ ബന്ധം. പിന്നീടങ്ങോട്ട് വര്‍ഷങ്ങളോളം ഒന്നിച്ചു ധ്യാനിപ്പിച്ചും ഒരേ ആശ്രമത്തില്‍ അംഗങ്ങളായും ജീവിച്ചതിന്‍റെ ഓര്‍മ്മച്ചെപ്പു തുറന്നാല്‍ തരംതിരിക്കാത്ത ഒത്തിരി വിഭവങ്ങളുണ്ട് അതിനുള്ളില്‍. അസ്സീസി ധ്യാനമന്ദിരത്തില്‍ ആ കാലഘട്ടത്തില്‍ ആര്‍മണ്ടച്ചന്‍റെ ശിഷ്യന്മാരായി വന്നുകൂടിയവരാണ് പിന്നീട് 'ആള്‍ദൈവങ്ങ'ളായി വളര്‍ന്ന പല ധ്യാനഗുരുക്കന്മാരും.

ആര്‍മണ്ടച്ചനെ ഓര്‍മ്മിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരുപാടു ചിത്രങ്ങളുണ്ട്. ആദ്യംതന്നെ ആരും നോട്ടുചെയ്യുന്നത് അദ്ദേഹത്തിന്‍റെ പാതിതിരിയാത്ത സംസാരമായിരുന്നു. വര്‍ത്തമാനം പറയുമ്പോഴായാലും ധ്യാനപ്രസംഗത്തിലായാലും പറയുന്നതിന്‍റെ പത്തിരുപതുശതമാനം വാക്കുകളെങ്കിലും അദ്ദേഹം വിഴുങ്ങുമായിരുന്നു! എന്നിരുന്നാലും വാചാലതയിലും വാഗ്മിത്വത്തിലും പ്രഗത്ഭരായ മറ്റുള്ളവരുടെ പണ്ഡിതോചിതമായ പ്രഘോഷണങ്ങളേക്കാള്‍ ആഴത്തില്‍ ധ്യാനംകൂടിയവരെ സ്പര്‍ശിച്ചിരുന്നത് ആര്‍മണ്ടച്ചന്‍റെ പാതി തിരിയാത്ത ലളിതമായ പ്രസംഗങ്ങളായിരുന്നു എന്ന് ഒരുപാടുപേര് എന്നോടു പറഞ്ഞിട്ടുണ്ട്.

ആശ്രമത്തില്‍ ഉല്ലാസത്തിന് ഞങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുന്ന ആര്‍മണ്ടച്ചനായിരുന്നു മിക്കപ്പോഴും അവിടെ താരം. ആരുടെയും സ്വരവും സംസാരവും ചേഷ്ടകളുമൊക്കെ അപ്പാടെ അവതരിപ്പിക്കാന്‍ നല്ല വൈഭവമുണ്ടായിരുന്ന അലക്സാണ്ടര്‍ കിഴക്കേക്കടവിലച്ചനും അന്ന് ആശ്രമാംഗമായുണ്ടായിരുന്നു. പ്രസംഗിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴുമൊക്കെ കണ്ണ് മേപ്പോളയിലേയ്ക്കു കയറിപ്പോകുന്ന ആര്‍മണ്ടച്ചന്‍റെ മുഖഭാവവും, സംസാരിക്കുമ്പോള്‍ നാവു വഴുതിപ്പോകുന്ന അച്ചന്‍റെ വാക്കുകളുമൊക്കെ അലക്സാണ്ടറച്ചന്‍ തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോള്‍ അതെല്ലാം കണ്ടുംകേട്ടും മറ്റാരെക്കാളുമധികം ആസ്വദിച്ച് ആര്‍ത്തുചിരിച്ചിരുന്നത് ആര്‍മണ്ടച്ചനായിരുന്നു.


ഒരുപാടുതവണ ധ്യാനം നടത്തുന്നതിന് വടക്കന്‍ മലബാറിലെ കുടിയേറ്റ പ്രദേശങ്ങളിലേക്ക് ആര്‍മണ്ടച്ചനുമൊത്ത് പാലായില്‍നിന്ന് ആനവണ്ടിയില്‍ യാത്രചെയ്യാനിടയായിട്ടുണ്ട്. കുപ്പായമിട്ടുകൊണ്ടു മാത്രമേ അച്ചന്‍ യാത്രചെയ്യാറുണ്ടായിരുന്നുള്ളു. ടിക്കറ്റെടുത്തുകഴിഞ്ഞാലുടനെ പോക്കറ്റില്‍നിന്നും ജപമാലയെടുത്താല്‍, ഇടയ്ക്കിടെ ഉറക്കംതൂങ്ങുമ്പോഴും കൈയ്യില്‍നിന്നും കൊന്ത വഴുതിപ്പോയതു കണ്ടിട്ടില്ല. ഇന്നത്തെപ്പോലെ വഴിയിലുടനീളം വലിയ രാത്രിഹോട്ടലുകളും ടോയ്ലറ്റ് സൗകര്യങ്ങളുമൊന്നും അക്കാലത്തില്ലായിരുന്നു. ദീര്‍ഘദൂരബസ്സുകളൊക്കെ വഴിയോരത്തെവിടെയെങ്കിലും അവരു പതിവായി കട്ടനടിക്കാറുള്ള ചായക്കടകളുടെ മുമ്പില്‍ ഇടയ്ക്കെങ്ങാനും നിര്‍ത്തുമ്പോള്‍ കുറേപ്പേരെങ്കിലും പാതവക്കിലെ ഇലക്ട്രിക് പോസ്റ്റിന്‍റെയോ കുറ്റിക്കാടിന്‍റെയോ മറവിലേക്കോടുന്നതു പതിവായിരുന്നു, മൂത്രമൊഴിക്കാന്‍. യാതൊരു കൂസലുമില്ലാതെ അവരെക്കാള്‍മുമ്പേ ഓടി ഉടുപ്പുംപൊക്കിപ്പിടിച്ചു കാര്യം സാധിക്കുന്ന ആര്‍മണ്ടച്ചനെ കാണുമ്പോഴൊക്കെ 'അച്ചന്‍ സംസ്ക്കാരത്തിനു' നിരക്കാത്ത ഈ എരണംകെട്ടപണി കാണിക്കുന്ന ഇങ്ങേരെ, 'അരമണ്ടച്ച'നെന്ന് ചിലരൊക്കെ വിളിക്കുന്നത് ചുമ്മാതെയല്ലല്ലോന്നു തോന്നിയിട്ടുണ്ട്.


ആര്‍മണ്ടച്ചന്‍റെ 'പ്രെയ്സദലോഡ്' പ്രശസ്തമായിരുന്നു. ആരെക്കണ്ടാലും, അതു കുട്ടിയായാലും വൃദ്ധരായാലും, ആണായാലും പെണ്ണായാലും, അച്ചനായാലും മെത്രനായാലും, അതു പള്ളീലോ വീട്ടിലോ, വണ്ടിയിലോ വഴീലോ, കടയിലോ ആശുപത്രിയിലോ, ഒരാളോടോ വലിയ സദസ്സിലോ എവിടെയായിരുന്നാലും ഉറക്കെയുള്ള ആര്‍മണ്ടച്ചന്‍റെ ആ 'പ്രെയ്സദലോഡ്' അതൊരു പ്രത്യേക ബ്രാന്‍ഡ് തന്നെയായിരുന്നു. അതുകൊണ്ട് അച്ചനെ അറിയുമായിരുന്നവരൊക്കെ, സ്ഥിരം കാണാറുണ്ടായിരുന്ന ഭിക്ഷക്കാരുപോലും അച്ചനെ ദൂരെക്കാണുമ്പോഴേ ഉറക്കെ ഒരു 'പ്രെയ്സദലോഡ്' ഉറപ്പായിരുന്നു.

ആര്‍മണ്ടച്ചന്‍റെ നടപ്പുകണ്ടാല്‍ ഒറ്റ ഗിയറില്‍ സ്റ്റക്കായിപ്പോയ വണ്ടിപോലെയാണെന്നു തോന്നിയിട്ടുണ്ട്! അതു മിക്കവാറും തേഡ് ഗിയറായിരിക്കാനാണ് സാധ്യത, അത്രയ്ക്കു സ്പീഡാണ്, ആ ഒറ്റ സ്പീഡേ ഉള്ളു! മുറീന്നിറങ്ങിയാലും ചാപ്പലിലേക്കെത്തുമ്പോഴും, വരാന്തയിലൂടെ നടന്നാലും ധ്യാനഹാളിലേക്കു വരുമ്പോഴും, മുറ്റത്തൂടെ ഉലാത്തിയാലും റോഡിലൂടെ നടന്നാലും, ചാടിച്ചാടിയുള്ള ചടുലമായ നടത്തം. കൂടെയാരെങ്കിലുമുണ്ടെങ്കില്‍ ഒപ്പമെത്താന്‍ തത്രപ്പെടുന്നതു കണ്ടിട്ടുണ്ട്.

 

ആര്‍മണ്ടച്ചന്‍ ദൈവദാസനായതറിഞ്ഞ്, അസ്സീസിയില്‍ ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചിരുന്ന ആര്‍മണ്ടച്ചന്‍റെയും എന്‍റെയും സുഹൃത്തായിരുന്ന ഒരാള്‍, ആര്‍മണ്ടച്ചനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കിയ കൂട്ടത്തില്‍ എടുത്തുപറഞ്ഞ ഒരുകാര്യം ഞാനും കണ്ടറിഞ്ഞിട്ടുള്ളതാണ്. എന്നുമല്ലെങ്കിലും മിക്കദിവസങ്ങളിലും രാത്രിയില്‍ ഏതുനേരത്തു നോക്കിയാലും ചാപ്പലിലെ ചാരുബഞ്ചില്‍ ചരിഞ്ഞിരിക്കുന്ന ആര്‍മണ്ടച്ചനെ കാണാമായിരുന്നു. നെഞ്ചത്തോട്ടു കയറ്റി ഉടുത്ത കാവിമുണ്ടും, പട്ടംകിട്ടിയ കാലത്തെങ്ങാണ്ടു വാങ്ങിച്ചതാണെന്നു തോന്നിപ്പിക്കുന്ന തോളിലേക്കൂര്‍ന്നിറങ്ങിക്കിടക്കുന്ന കൈയ്യുള്ള ഒരു പറിഞ്ഞ വെള്ളബനിയനുമാണ് അച്ചന്‍റെ രാത്രിവേഷം. മങ്ങിയ വെളിച്ചത്തിലാണെങ്കിലും പുറകില്‍നിന്നും സൈഡില്‍ നിന്നും നോക്കിയാല്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്‍റെ ഭൂപടത്തിലുള്ള മിക്കരാജ്യങ്ങളുടെയും ആകൃതി, ആ ബനിയനിലെ തുളകളില്‍ കാണാമായിരുന്നു. കഴുത്തില്‍ കിടന്നിരുന്ന, ഒരുവശത്തെ തട്ട് തേഞ്ഞു തേമ്പിപ്പോയിരുന്ന വെന്തിങ്ങ മരിച്ചശേഷം മാത്രമായിരിക്കണം മാറ്റിയത്!

 

ഇതൊക്കെ പറയുമ്പോഴും ഒരു സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല. ആര്‍മണ്ടച്ചനും ഞാനും തമ്മിലുള്ള സൗഹൃദവും സ്നേഹവുമൊക്കെ അത്ര അഗാധമായിരുന്നെങ്കിലും ആശയപരമായി ഞങ്ങളുരണ്ടും രണ്ടു ധ്രുവങ്ങളിലായിരുന്നു. ആ അകലം ഒരിക്കലും ഇല്ലാതായതുമില്ല. വി. കുര്‍ബ്ബാനയുടെ ആരാധനസമയത്ത് അലമുറയിടുന്നതും തറയില്‍ വീണുകിടന്നുരുളുന്നതും, ഭാഷാവരത്തിന്‍റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതും, കൈവച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ പിടച്ചുവീഴുന്നതും, പൂര്‍വ്വീകരുടെ തെറ്റിനു ദൈവംനല്‍കുന്ന ശിക്ഷയായി രോഗത്തെയും ദുരദുഃഖങ്ങളെയും വ്യാഖ്യാനിക്കുന്നതും ഇന്നത്തേക്കാള്‍ ശക്തമായി അന്നും ഞാന്‍ ചോദ്യം ചെയ്തിരുന്നതാണ് ആര്‍മണ്ടച്ചന് എന്നോടുണ്ടായിരുന്ന അകലത്തിനു കാരണം. അച്ചന്‍റെ പ്രഘോഷണത്തിലും ധ്യാനത്തിലുമൊന്നും ഈ പറഞ്ഞവയ്ക്കൊന്നിനും വലിയ പ്രാധാന്യം കൊടുത്തിരുന്നില്ലെങ്കിലും, ഇതിന്‍റെയൊക്കെ ആചാര്യന്മാരായ 'ആള്‍ദൈവങ്ങളെ' ആര്‍മണ്ടച്ചന്‍ അന്ധമായി വിശ്വസിക്കുകയും അവരു ചെയ്യുന്നതിനെ കണ്ണുമടച്ചംഗീകരിക്കുകയും ചെയ്തിരുന്നു എന്നതാണ് സത്യം. അതുമൂലം അവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന അബദ്ധങ്ങളും അവയിലൂടെ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളും തിരിച്ചറിയുവാനോ, അവയുടെ പ്രണേതാക്കളുടെ കാപട്യവും ദുരുദ്ദേശങ്ങളും മനസ്സിലാക്കുവാനോ ഉള്ള തുറവിയും ജാഗ്രതയും ആര്‍മണ്ടച്ചന് നഷ്ടമായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനെ ഒരു അയോഗ്യതയായിട്ടല്ല, മറിച്ച്, എന്‍റെയടുത്തു കുമ്പസാരിക്കാന്‍ വരാറുണ്ടായിരുന്ന ആര്‍മണ്ടച്ചന്‍റെ നിഷ്ക്കളങ്കതയുടെയും നിഷ്ക്കപടതയുടെയും അടയാളമായിട്ടേ ഞാന്‍ കാണുന്നുള്ളു.

ഗലീലിയില്‍വച്ച് ഈശോ നത്താനേയിലിനെ കണ്ടുമുട്ടിയപ്പോള്‍ ചോദിക്കാതെതന്നെ അയാള്‍ക്ക് അവിടുന്നു നല്‍കിയ ഒരു സര്‍ട്ടിഫിക്കറ്റുണ്ട്: 'ഇതാ കാപട്യമില്ലാത്ത ഒരു ഇസ്രായേല്‍ക്കാരന്‍' (യോഹ. 1:47). ആര്‍മണ്ടച്ചനെ അറിയാവുന്നവരെല്ലാവരും അദ്ദേഹത്തിനു നല്‍കുന്ന സാക്ഷ്യപത്രവും 'ഇതാ കാപട്യമില്ലാത്ത ഒരു സന്യാസി' എന്നല്ലാതെ മറ്റൊന്നാകാനിടയില്ല.

You can share this post!

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts