news-details
ഓര്‍മ്മ

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

റോമാനഗരത്തിനും 'ഗ്ലോബി'നും (Urbi et Orbi) മാര്‍ഗദര്‍ശിയായിരുന്നു  ബനഡിക്ട് പതിനാ റാമന്‍ മാര്‍പ്പാപ്പ. ആ ദീപം അണഞ്ഞത് 2022 ഡിസം ബര്‍ 31 ശനിയാഴ്ച്ച.

റോമന്‍ സമയം 9.34-ന്. തന്‍റെ ഭവനമായ വത്തിക്കാന്‍ ഗാര്‍ഡനിലുള്ള 'മാത്തര്‍ എക്ലെസിയാ' യില്‍ വച്ച് തൊണ്ണൂറ്റി ആറാമത്തെ വയസില്‍ 'ഇശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു,' എന്ന് അവസാനവാക്കുകളായി ഉച്ചരിച്ചുകൊണ്ട്. മരണത്തിന് രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് രോഗീലേപനം സ്വീകരിച്ച ശേഷം ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രാര്‍ത്ഥനകളുടെ അകമ്പടിയില്‍ ആയിരുന്നു ദൈവപിതാവിന്‍റെ ഭവനത്തിലേക്കുള്ള പരിശുദ്ധ പിതാവിന്‍റെ മടക്കയാത്ര. നിത്യസമ്മാന ത്തിന് വിളിക്കപ്പെട്ട ബനഡിക്ട് പതിനാറാമന്‍ 2005 ഏപ്രില്‍ 19-ന് 265-മത്തെ മാര്‍പ്പാപ്പായായി  തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രായക്കൂടുതലില്‍ സഭാ ചരിത്രത്തിലെ രണ്ടാമത്തെ മാര്‍പ്പാപ്പയും  തൊണ്ണൂറ്റി ആറാമത്തെ വയസില്‍ കാലം ചെയ്തപ്പോള്‍ പ്രായത്തില്‍ ഒന്നാമനും ആയിരുന്നു. ബാവേറിയ സംസ്ഥാനത്തെ മാര്‍ക്കറ്റിലില്‍ (Marktl) 1927 ഏപ്രില്‍ 16-ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ജനിച്ചു. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നേമുക്കാല്‍ വര്‍ഷം മാത്രം ഭരിച്ച ഹഡ്രിയാന്‍ ആറാമനായിരുന്നു ഇതിനു മുന്‍പുള്ള ജര്‍മ്മന്‍കാരനായ മാര്‍പ്പാപ്പ (1522 ജനുവരി 9 മുതല്‍ 1523  സെപ്തംബര്‍ 14 വരെ).

വിശേഷണങ്ങളുടെ നിറവറയാണ് ജോസഫ് അലോയിസിയുസ് റാറ്റ്സിംഗര്‍ എന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ.

ഹിറ്റ്ലറിന്‍റെ ഭരണകാലത്ത് പതിനാലാമത്തെ  വയസ്സില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടപ്പോള്‍ ഭാഗ്യംകൊണ്ട് ബുള്ളറ്റില്‍ നിന്നും രക്ഷപെട്ടവന്‍;  ഹിറ്റ്ലറിന്‍റെ മരണശേഷം മാത്രം സൈന്യം വിടാനും സെമിനാരിയില്‍ ചേരാനും (1945) ദൈവശാസ്ത്രം പഠിച്ചു പുരോഹിതശുശ്രൂഷക്ക് അഭിഷിക്തനാകാനും (1951) ഭാഗ്യം ലഭിച്ചവന്‍; ഇടവകയിലെ അജപാലനം (1951), പ്രൊഫസ്സര്‍ (19571977), മ്യൂണിക്കിന്‍റെ മെത്രാപ്പോലിത്ത (1977-1981), വിശ്വാസതിരുസംഘത്തിന്‍റെ തലവന്‍, (1981-2005), സഭാതലവനായ മാര്‍പ്പാപ്പ (2005-2013), എമേരിത്തൂസ് മാര്‍പ്പാപ്പ (2013-2022) എന്നീ സ്ഥാനങ്ങള്‍ വഹിച്ചവന്‍; രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തന്‍റെ ദൈവശാസ്ത്രദര്‍ശന ത്താല്‍ സ്വാധീനിച്ചവന്‍ (1962-1965);

പണ്ഡിതനായ മാര്‍പ്പാപ്പ; വിശുദ്ധനായ മാര്‍പ്പാപ്പ; യാഥാസ്ഥിതികയായ മാര്‍പ്പാപ്പ; പുരോഗമ നവാദിയായ കൗണ്‍സില്‍ ദൈവശാസ്ത്രജ്ഞന്‍; എഴുനൂറു വര്‍ഷങ്ങള്‍ക്ക് ശേഷം (1294) രാജിവച്ച മാര്‍പ്പാപ്പ; സഭാചരിത്രത്തിലെ  രാജിവച്ച മൂന്നാമത്തെ മാര്‍പ്പാപ്പ, മറ്റൊരു മാര്‍പ്പാപ്പായാല്‍ സംസ്ക്കാര ശുശ്രൂഷകള്‍ ലഭിച്ച ഏക മാര്‍പ്പാപ്പ;  ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ എഴുതിയ മാര്‍ പ്പാപ്പ; സമയം കിട്ടുമ്പോഴൊക്കെ ഓര്‍ഗന്‍ വായി ച്ചിരുന്ന മാര്‍പ്പാപ്പ; ബവേറിയല്‍ ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന മാര്‍പ്പാപ്പ; വായനയും പഠനവും പ്രാര്‍ത്ഥന പോലെ നിത്യകര്‍മ്മമാക്കിയ മാര്‍പ്പാപ്പ; എമിരിത്തുസ് എന്ന വിശേഷണം സ്വീകരിച്ച ആദ്യത്തെ മാര്‍പ്പാപ്പ; ഭരണത്തിലിരുന്നു  മരിക്കുന്ന മാര്‍പ്പാപ്പായെപോലെ ഒന്ന് മറ്റൊന്നില്‍ എന്ന കണക്കില്‍ മൂന്നു പെട്ടികളിലായി (തടി,  സിങ്ക്, തടി) അടക്കം ചെയ്യപ്പെട്ട മാര്‍പ്പാപ്പ; മുന്‍ഗാമിയുടെ കബറിടത്തില്‍ അടക്കം ചെയ്യപ്പെട്ട മാര്‍പ്പാപ്പ; മഹാനായ യുഗപുരുഷന്‍, തുടങ്ങിയ തീരാത്ത വിശേഷണങ്ങള്‍! ഭാഗ്യപ്പെട്ട ജീവിതം! ഭാഗ്യപ്പെട്ട മരണം! ഭാഗ്യപ്പെട്ട സംസ്ക്കാരം! സംസ്കാര ശുശ്രൂഷക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആഹ്വാനം ചെയ്തു: "ക്രിസ്തുവിന്‍റെ അവസാന വാക്കുകള്‍പോലെ നമുക്കും പറയാം:'പിതാവേ, അങ്ങയുടെ കരങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' എന്ന്."

വിവിധ ദര്‍ശനങ്ങളെ ഒരുമിപ്പിക്കുന്നവന്‍

വൈവിധ്യങ്ങളോട് സമരസപ്പെടുന്നവനും വിവിധ ദര്‍ശനങ്ങളെ സമന്വയിപ്പിക്കുന്നവനു മായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ. 2005 ഏപ്രില്‍ 19-ന് കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ മാര്‍പ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ഉടനെ അദ്ദേഹത്തിന്‍റെ ആശയങ്ങളോട്  യോജിക്കാത്തവന്‍ എന്ന് പറയപ്പെട്ടിരുന്ന അന്നത്തെ ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ ഫെറന്‍സിന്‍റെ പ്രസിഡന്‍റായിരുന്ന കര്‍ദ്ദിനാള്‍ കാള്‍ലെമാന്‍ (19361918) ഒരു ഇന്‍റര്‍വ്യുവില്‍ പറഞ്ഞത്, റാറ്റ്സിംഗര്‍ യാഥാര്‍ഥ്യബോധത്തോടെ വിവിധ ദര്‍ശനങ്ങളെ ഒരുമിപ്പിക്കുന്നവനെന്നാണ്. മാധ്യമങ്ങളില്‍ അദ്ദേഹത്തെകുറിച്ച് നിര്‍ഭാഗ്യവശാല്‍ തെറ്റായ ചിത്രം പ്രചരിപ്പിക്കപ്പെട്ടു എന്നും കാര്‍ഡിനാള്‍ ലെമാന്‍ പറഞ്ഞു. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ജീവിതം വിലയിരുത്തുകയും കൃതികള്‍ വായിക്കുകയും ചെയ്താല്‍ കര്‍ദ്ദിനാള്‍ ലേമാന്‍ പറഞ്ഞത് എത്രയോ ശരിയെന്ന് ബോധ്യപ്പെടും. അതിന് അടിസ്ഥാനം നല്‍കാനും ബോധ്യപ്പെടുത്താനും നിരവധി ഉദാഹരണങ്ങളും ഉദ്ധരണി കളും നല്‍കാനും സാധിക്കും. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെപ്പോലെ വിവിധ ദര്‍ശനങ്ങളെ ഒരുമിപ്പിക്കാന്‍ ഇന്നും സഭാ നേതൃത്വത്തിന് കഴിയണം.

പുരോഗമനം പാരമ്പര്യത്തില്‍ സമന്വയിപ്പിക്കുന്നവന്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പുരോഗമനത്തിനുവേണ്ടി നിലകൊണ്ട ദൈവശാസ്ത്രജ്ഞനായിരുന്നു ജോസഫ് റാറ്റ്സിംഗര്‍. റാറ്റ്സിംഗറിനോടൊപ്പം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പ്രായക്കുറവിന്‍റെ പേരില്‍  'ടീന്‍ ഏജ്' ദൈവശാ സ്ത്രജ്ഞര്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും പിന്നീട് പുരോഗമനത്തിന്‍റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്ത ഹാന്‍സ് കുങിനേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല റാറ്റ്സിംഗറിന്‍റെ അന്നത്തെ പുരോഗമനപരമായ ദര്‍ശനങ്ങള്‍. പിന്നീട് അദ്ദേഹത്തിന് യാഥാസ്ഥിതികന്‍ എന്ന പേരുവന്നു. അദ്ദേഹം സമന്വയത്തിന്‍റെയും സമഗ്ര ഹിക്കലിന്‍റെയും  സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും വക്താവായതാകാം അതിനു കാരണം. ലെഫേബറിന്‍റെ തീവ്രവാദനിലപാടുള്ള യാഥാസ്ഥിതിക സഭയോട് ഐക്യപ്പെടാനുള്ള ശ്രമവും അതിനൊരു കാരണമാണ്. അവരുടെ തീവ്ര നിലപാടുകള്‍ കാരണം 1988- ല്‍ കത്തോലിക്കാ സഭയില്‍നിന്നും അവര്‍ പുറത്താക്കപ്പെട്ടിരുന്നു. യാഥാസ്ഥിതികന്‍ എന്ന പേര് ആരോപിക്കപ്പെട്ടതിന് ദൈവശാസ്ത്രപരമായ നിലപാടും കാരണമാണ്.  ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞരില്‍ ഭൂരിപക്ഷവും സ്കോളാസ്റ്റിക്  -മോഡേണ്‍- ദാര്‍ശനിക -ചിന്തകരാല്‍ അമിതമായി സ്വാധീനിക്കപ്പെട്ടിരുന്നു. എന്നാല്‍ റാറ്റ്സിംഗര്‍ തന്‍റെ ദൈവശാസ്ത്ര ചിന്തകള്‍ക്ക് അഗസ്തീനിയന്‍ -സ്കോളാസ്റ്റിക്  ചിന്ത കളുടെ സമന്വയം തേടി. അന്ന് അതൊരു പുതിയ ചുവടുവയ്പ്പായിരുന്നു. റാറ്റ്സിംഗറിന്‍റെ ഡോക്റ്ററല്‍ പ്രബന്ധം അഗസ്റ്റീനിയന്‍ ദര്‍ശനത്തിലായിരുന്നുവെങ്കില്‍ ഹാബിലിറ്റേഷന്‍ അഗസ്തീനിയനായ ബൊനവഞ്ചറിന്‍റെ സ്കോളാസ്റ്റിക്  ദര്‍ശനത്തിലായിരുന്നു. അതായത് വ്യത്യസ്തവും വിഭിന്നവും ആയ ആശയങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിക്കണം എന്നതായിരുന്നു റാറ്റ്സിംഗറിന്‍റെ ദര്‍ശനം. എന്നാല്‍ അടിസ്ഥാനതത്വങ്ങളില്‍നിന്നും മാറിപ്പോ കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സഭയുടെ ഔദ്യോഗികമെന്ന് കരുതപ്പെട്ടിരുന്ന തോമിസ്റ്റിക് ദര്‍ശനങ്ങളുടെ പകര്‍പ്പാകാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. തുറവിയും സമന്വയത്തിന്‍റെ മനോഭാവവും ആണ് ഏറ്റവും പുരോഗമനപരം എന്ന് ബനഡിക്ട് മാര്‍പ്പാപ്പയില്‍ നിന്നും നമ്മള്‍ പഠിക്കുന്നു. അതു പോലെ അടിസ്ഥാനതത്വങ്ങളോടുള്ള വിശ്വസ്തത മാമൂലുകളോടുള്ള വിശ്വസ്തത അല്ലെന്നും.

സംവദിക്കുന്നവനും  എല്ലാവരോടും അനുരഞ്ജനപ്പെടുന്നവനും

ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ വിശ്വാസ തിരുസംഘത്തിന്‍റെ തലവനായിരുന്ന കാലയളവില്‍ പല പ്രശസ്തരും സഭാസ്നേഹികളുമായ ദൈവശാസ്ത്രജ്ഞരുമായി പ്രശ്നങ്ങളും അതുവഴി അസ്വസ്ഥതകളും ഉണ്ടായി എന്നതാണ് റാറ്റ്സിംഗറിനെ ശ്രദ്ധേയവും ഒരുകാലത്ത് വിവാദപുരുഷനുമാ ക്കിയത്. പ്രശസ്ത വിമോചന ദൈവശാസ്ത്ര ജ്ഞനും പിന്നീട് പ്രതിഷേധിച്ചു സഭ വിട്ടുപോയവനുമായ ലിയോണാര്‍ദോ ബോഫ്, വര്‍ഷങ്ങള്‍ ഇന്ത്യ യിലെ പൂനയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച ജാക്ക് ഡൂപ്പി, ശ്രീലങ്കയില്‍ നിന്നുള്ള ടിസാ ബാലസൂര്യ, നിരവധി വര്‍ഷങ്ങള്‍ തെക്കേ അമേരി ക്കയിലെ എല്‍ സവദോറില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച സ്പെയിന്‍കാരനായ ജോണ്‍ സൊബ്രിനോ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. എന്നാല്‍ വലിയ താക്കീതുകള്‍ കിട്ടുമെന്നു കരുതിയ ഇത്തരം ദൈവശാസ്ത്രജ്ഞരില്‍ മിക്കവരും  ഒടുവില്‍ പരിക്കൊന്നും പറ്റാതെ സ്വീകാര്യരാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അതാ യത് എന്നും സംവാദത്തിന്‍റെ വാതില്‍ തുറന്നിട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ജോസഫ് റാറ്റ്സിംഗര്‍ എന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ. സദുദ്ദേശത്തോടെ സഭയെ സ്നേഹിക്കുന്നവര്‍ക്ക് സംവാദത്തിനു തയാറുണ്ടെങ്കില്‍ അനുരഞ്ജന ത്തിന്‍റെ സാധ്യത ഒരിക്കലും റാറ്റ്സിങ്ങര്‍ (ബനഡിക്ട് മാര്‍പ്പാപ്പ) ഇല്ലാതാക്കിയില്ല.

നവീകരിക്കുന്നവന്‍

വത്തിക്കാന്‍ കുരിയയുടെ നവീകരണം ബനഡിക്ട് മാര്‍പ്പാപ്പയുടെ സംഭാവന ആയിരുന്നു. ബനഡിക്ട്  പതിനാറാമന്‍ മാര്‍പ്പാപ്പ തുടങ്ങിവച്ച നവീകരണ പ്രക്രിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തുടര്‍ന്നു എന്നതും ശ്രദ്ധേയവും അഭിമാനകരവും!

വിവിധങ്ങളായ നവീകരണമേഖലകളെയാണ് ബനഡിക്ട് മാര്‍പ്പാപ്പ തുറന്നത്.

വി. പൗലോസിന്‍റെ വര്‍ഷം (2008) തുടങ്ങിയ തിലൂടെ പ്രധാനമായും ഓര്‍ത്തഡോക്സ് സഭയു മായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. 2012 ഒക്ടോബര്‍ 11 -ന് തുടങ്ങിയ വിശാസത്തിന്‍റെ വര്‍ഷം ക്രിസ്തു രാജന്‍റെ തിരുനാള്‍ ദിവസമായ 2013 നവംബര്‍ 24-ന് അവസാനിച്ചു. അതുവഴി  വിശ്വാസജീവിതം സജീവ മാക്കാന്‍ ശ്രമങ്ങള്‍ നടത്തി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുടങ്ങിയതിന്‍റെ 50- മത്തെ  വാര്‍ഷിക ദിനമായിരുന്നു 2012 ഒക്ടോബര്‍11.  പ്രേഷിതപ്രവര്‍ ത്തനത്തിനുവേണ്ടി 2010 ജൂണ്‍ 29-ന് പുതിയൊരു ഉപദേശകസമിതി തുടങ്ങി.

മാര്‍പ്പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും  ആഴ്ചകള്‍ കഴിഞ്ഞതേ യഹൂദരുടെയും മുസ്ലീമുകളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ  മതസൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്തത്തിനും സംഭാവന നല്‍കി. ലോകയുവജന സംഗമ ത്തിനായി ജര്‍മനിയിലെ കൊളോണില്‍ എത്തിയപ്പോള്‍ യഹൂദ സിനഗോഗ് സന്ദര്‍ശിക്കുകയും വംശീയവിരോധത്തിനെതിരായി നിലപാടെടുക്കു കയും ചെയ്തു.

2012 ജനുവരിയില്‍  വത്തിക്കാനില്‍ നടന്ന ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ ഉടനെ നിലപാടുകള്‍ എടുത്തു.

പ്രശ്നരഹിതമായിരുന്നില്ല നിലപാടുകള്‍. 'വാറ്റി ലീക്ക്' വരുത്തിയ പ്രശ്നങ്ങളും സമചിത്തത യോടെയുള്ള ബനഡിക്ട് മാര്‍പ്പാപ്പയുടെ സമീപനവും മാതൃകാപരം എന്ന് വിശേഷിപ്പിക്കാം. രഹസ്യസ്വഭാവമുള്ള വത്തിക്കാനിലെ പ്രമാണങ്ങള്‍ മോഷ്ടിച്ച പൗലോ ഗബ്രിയേല 18 മാസങ്ങളുടെ തടവിന് ശിക്ഷിക്കപ്പെട്ടപ്പോള്‍ കുറ്റവാളിയെ ജയിലില്‍ സന്ദര്‍ശിക്കാനും മാപ്പുകൊടുക്കാനും മാര്‍പാപ്പ തയ്യാറായി. നവീകരണം ഉളവാക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍  ഒരിക്കലും ക്രിസ്തുവിന്‍റെ സമീപനരീതി കൈവിടരുതെന്നും മാര്‍പ്പാപ്പ മാതൃക കാട്ടുന്നു. നവീകരണദര്‍ശനത്തിനു സ്വയം നല്‍കിയ മാതൃകയായി മാത്രമേ 2013 ഫെബ്രുവരി 19-ന്  സ്ഥാനത്യാഗം ചെയ്തതിനെ എനിക്ക് നോക്കിക്കാണാന്‍ കഴിയൂ.

വ്യക്തവും കൃത്യവുമായ നിലപാടുകള്‍

ബനഡിക്ട്  മാര്‍പ്പാപ്പയുടെ നിലപാടുകളിലും ദര്‍ശനങ്ങളിലും വ്യക്തതയും കൃത്യതയും ഉണ്ട്. humanae vitae എന്ന ചാക്രിക ലേഖനത്തിന്‍റെ ആനുകാലിക പ്രസക്തി വ്യക്തമാക്കാന്‍ റാറ്റ് സിംഗര്‍ ശ്രമിച്ചു. പൗരോഹിത്യ ബ്രഹ്മചര്യത്തെ അദ്ദേഹം ന്യായീകരിച്ചു. വിമോചനദൈവശാസ്ത്രത്തിലെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രം തള്ളിപ്പറഞ്ഞു. ക്രൈസ്തവ ബഹുസ്വരദൈവശാസ്ത്രം ക്രൈസ്തവം അല്ലെന്നും അത് കത്തോലിക്കാ സഭ തള്ളിപ്പറയുന്നു എന്നും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. അതിരഹസ്യമായി  വത്തിക്കാനില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ പരസ്യവും സുതാര്യവും ആക്കി. പ്രോട്ടസ്റ്റന്‍റ്കാരുമായി ഐക്യപ്പെടാന്‍ 1999-ല്‍ നീതീകരണം എന്ന വിഷയത്തില്‍ പൊതുവായ ഒരു പ്രമാണ രേഖയില്‍ ഒപ്പുവച്ചു. Dominus Isus എന്ന വിശ്വാസ തിരുസംഘത്തിന്‍റെ കൃതിയിലൂടെ ക്രിസ്തുവിനെ കുറിച്ചുള്ള കത്തോലിക്കാ സങ്കല്‍പം വ്യക്തവും കൃത്യവുമായി പ്രതിപാദിച്ചു. കത്തോലിക്കാ സഭയുടെ വേദോപദേശം പരിഷ്കരിച്ചു പ്രസിദ്ധീകരിച്ചു; ഭ്രൂണഹത്യക്ക് എതിരെയും ദയാവധത്തിന് എതിരെയും വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍ എന്ന നിലയില്‍ റാറ്റ്സിംഗര്‍ ശക്തമായ നിലപാടുകള്‍ എടുത്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുക്കുന്നതില്‍ റാറ്റ്സിംഗര്‍ ശ്രദ്ധാലുവായിരുന്നു.

മാമോദീസ സ്വീകരിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ ലിംബോ എന്ന അവസ്ഥയില്‍ ആയിരിക്കുമെന്ന ദര്‍ശനത്തെ തിരുത്താനും മാമോദീസ സ്വീകരിച്ചില്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് പറയാനും 2007- ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ തയാറായി.

ആദ്യത്തെ ബ്രസീല്‍ക്കാരനായ ആദിവാസിയെ (ഫാ. അന്‍റോണിയോ ഗാല്‍വോ 1739-1822) വിശുദ്ധ നായി പ്രഖ്യാപിച്ചതും ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ തന്നെ.

മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാളന്മാരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിരിക്കണമെന്ന തീരുമാനമായിരുന്നു മറ്റൊന്ന്.

മാര്‍പ്പാപ്പ എന്ന നിലയില്‍ ദൈവശാസ്ത്രപരമായും അജപാലനപരമായും നിലപടുകളും ആധുനിക ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും അനുസരിച്ചുള്ള സഭയുടെ നവീകരിച്ച നിലപാടിന് മാര്‍ഗദര്‍ശിയായി. ശരിയെന്ന് ബോദ്ധ്യമുള്ളത് പറയാനുള്ള വിവേചനശക്തിയും നിശ്ചയ ദാര്‍ഢ്യവും ബനഡിക്ട് മാര്‍പ്പാപ്പ എന്നും കാണിച്ചിരുന്നതുകൊണ്ടും അവസരവാദി അല്ലാത്തതുകൊണ്ടും ബനഡിക്ട് മാര്‍പ്പാപ്പയെ യാഥാസ്ഥി തികന്‍ എന്ന് വിളിച്ചു വിലകുറച്ചുകാണിക്കാന്‍ പല തല്പര കക്ഷികളും ധൃതി കാണിച്ചു. എന്നാല്‍ ബനഡിക്ട് മാര്‍പ്പാപ്പയുടെ തിരുത്തല്‍ നടപടികള്‍ കാതലായ അസ്വസ്ഥതകള്‍ ഒന്നും ഉണ്ടാക്കിയില്ല.

ആരുടെയും പക്ഷം ചേരാത്തവന്‍

ആരുടെയും പക്ഷം ചേരാത്ത സത്യാന്വേഷിയായ ദൈവശാസ്ത്രജ്ഞനും ആത്മിയദാര്‍ശ നികനും ആയിരുന്നു പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ. തന്‍റെ ദൈവശാസ്ത്ര പഠനത്തിന്‍റെ തുടക്കം റൊമാനൊ ഗുവാര്‍ദിനി 1918 -ല്‍ പ്രസിദ്ധീകരിച്ച 'ആരാധനാക്രമത്തിന്‍റെ അരൂപിയെപ്പറ്റി' എന്ന ഗ്രന്ഥം വായിച്ചുകൊണ്ടായിരുന്നു എന്ന് പറഞ്ഞാണ് 2000-ല്‍ പ്രസിദ്ധീകരിച്ച 'ആരാധനക്രമത്തിന്‍റെ അരൂപി' എന്ന തന്‍റെ ഗ്രന്ഥം ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ തുടങ്ങുന്നത്. അരാധനക്രമം അര്‍ത്ഥവത്തായി ആഘോഷമാക്കു ന്നതിനും ആരാധനക്രമം അതിന്‍റെ മനോഹാരിതയില്‍ നിലനിര്‍ത്തുന്നതിനും പ്രേരകമായ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ യൂറോപ്പില്‍ ആരംഭിച്ച ആരാധനക്രമം മുന്നേറ്റ പ്രസ്ഥാനത്തിന്‍റെ  മുന്‍നിരയില്‍ റൊമാനൊ ഗുവാര്‍ദിനിയും ഉണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമനവീകരണത്തിന് വലിയ സ്വാധീനം ആരാധനക്രമ നവീകരണ പ്രസ്ഥാന ത്തിന് ഉണ്ടായിരുന്നു. റൊമാനൊ ഗുവാര്‍ദിനിയുടെ പുസ്തകവും ആ പുസ്തകത്തിന്‍റെ ഉദ്ദേശലക്ഷ്യ ങ്ങളുമാണ്  'ആരാധനക്രമത്തിന്‍റെ അരൂപി' എന്ന ഗ്രന്ഥം എഴുതാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നു പറഞ്ഞാണ് ഈ ഗ്രന്ഥത്തിന്‍റെ ആമുഖം റാറ്റ്സിംഗര്‍ അവസാനിപ്പിക്കുന്നത്. സമന്വയത്തിന്‍റെയും ഐക്യത്തിന്‍റെയും പാത തേടുന്ന ബനഡിക്ട് പതി നാറാമന്‍ മാര്‍പ്പാപ്പ ആരാധനക്രമപരമായും ദൈവശാസ്ത്രപരമായും ഏതെങ്കിലുമൊരു സ്കൂളി ന്‍റെ വക്താവായിരുന്നില്ല. താന്‍ പഠിച്ച അഗസ്തീനി യന്‍ ദര്‍ശനം ജീവിതത്തിലുടനീളം തന്‍റെ ചിന്തയെ സ്വാധീനിച്ചുവെങ്കിലും ദൈവശാസ്ത്ര രംഗത്തും ആരാധനക്രമ രംഗത്തും സഭാവിജ്ഞാനീയത്തിലും എല്ലാ ദര്‍ശനങ്ങളെയും മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും കാലത്തിന്‍റെ ചുവരെഴുത്തുകള്‍ മനസിലാക്കി വിശ്വാസം പ്രഘോഷിക്കുന്ന ശൈലിയായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടേത്.

എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സമീപനരീതി ആരാധനക്രമദര്‍ശനത്തിലും  ദൈവശാ സ്ത്രപരമായ ആഭിമുഖ്യങ്ങളിലും  ബനഡിക്ട് പതി നാറാമന്‍ മാര്‍പ്പാപ്പ പ്രകടമാക്കി.

വികേന്ദ്രീകരണത്തിന്‍റെ പ്രവാചകന്‍

ആരാധനക്രമവിഷയങ്ങളിലും ദൈവശാസ്ത്ര രംഗത്തും സഭാദര്‍ശനത്തിലും  വികേന്ദ്രീകരണത്തിന്‍റെ പ്രവാചകശബ്ദമായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ. തിരുസഭക്ക് ദൈവജനം എന്ന് നിര്‍വചനം നല്‍കിയ വിശുദ്ധ അഗസ്തീനോസിന്‍റെ ദര്‍ശനം സ്വായത്തമാക്കിയതും അത് സഭയുടെ ഔദ്യോഗിക നിര്‍വചനമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ അംഗീകരിപ്പിച്ചതും വികേന്ദ്രീകരണത്തിന്‍റെയും നവീകരണത്തിന്‍റെയും ശംഖുനാദമായിരുന്നു. അല്മായമുന്നേറ്റത്തിന് വഴി തെളിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പായുടെ സഭാനിര്‍വചനത്തിന് നവീകരിക്കുന്നതും പുരോഗമനവും എന്നല്ലാതെ മറ്റേത് വിശേഷണമാണ് നല്‍കുക. അതുപോലെ റോമന്‍സഭക്കും റോമിനോട് ഐക്യപ്പെട്ട സഭകള്‍ക്കും അവരവരുടേതായ സഭാഘടനയും ദൈവശാസ്ത്രവും ആരാധനക്രമവും അംഗീകരിച്ചാദരിക്കാനും മാര്‍പ്പാപ്പ ശ്രദ്ധിച്ചു. എക്മെനിസത്തിന് ഏറ്റവും കൂടുതല്‍ സംഭാവ നകള്‍ നല്‍കിയതും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പായാണ്. ഇടവകകളെയും വൈദികരെയും അംഗീകരിക്കുന്ന, ഗൗരവമായി പരിഗണിക്കുന്ന പൈതൃകവ്യക്തിത്വം അഥവാ നേതൃത്വം ആയിരുന്നു മ്യൂണിക്കിന്‍റെ മെത്രാനായിരുന്നപ്പോഴും പിന്നീടും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടേത്. ഇടവക വികാരിമാര്‍ക്ക് വളരെയധികം സ്വാതന്ത്ര്യം നല്‍കിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സ്ഥിരം മോഡറേറ്റര്‍ ആയിരുന്ന കാര്‍ഡിനല്‍ ഡയോഫിനറിന്‍റെ പിന്‍ഗാമിയായി മ്യൂണിക്കില്‍ ആര്‍ച്ച്ബിഷപ്പും കാര്‍ഡിനാളുമായി നിയോഗിക്കപ്പെട്ടത് അതിനൊരു കാരണമാണ്. എന്നിരുന്നാലും മ്യുണിക്കുകാര്‍ പറയുന്നത് കര്‍ദിനാള്‍ ദ്യൊഫ്നര്‍ റാറ്റ്സിംഗറേക്കാള്‍ അധികമായി വികാരിമാരുടെ സ്വാതന്ത്ര്യത്തെ മാനിച്ചിരുന്നു എന്നാണ്. അതിന് ഒരുപാട് ഉദാഹരണങ്ങളും നിരത്താനും അവര്‍ക്ക് സാധിക്കും. ഒരു താരതമ്യമല്ല ഇവിടെ വിഷയം. കര്‍ദിനാള്‍ റാറ്റ്സിംഗര്‍ അഭിഷിക്തരായ വൈദികരുടെയും ഇടവക വികാരിമാരുടെയും അറിവിനെയും സ്വാതന്ത്ര്യത്തെയും മാനിച്ചിരുന്നു എന്നതാണ്.

ആരാധനക്രമത്തില്‍ പുരോഹിതര്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം നല്കിയവന്‍

2007-ലെ മൊത്തു പ്രൊപ്രിയോ വഴി ട്രിഡന്‍റൈന്‍  കുര്‍ബാന ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കാനുള്ള അനുവാദം പുരോഹിതര്‍ക്കു നല്‍കിയത് ശ്രദ്ധേയമാണ്. അതായത് കുര്‍ബാന ലത്തീന്‍ഭാഷയിലോ മാതൃഭാഷയിലോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പുരോഹിതനും തത്വത്തില്‍ നല്‍കുകയാണ് ബനഡിക്ട് മാര്‍പ്പാപ്പ ചെയ്തത്. താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവെ പലകാര്യങ്ങളിലും വളരെ ഉദാരന്‍ ആണെങ്കിലും ഓരോ പുരോഹിതനും ബനഡിക്ട് മാര്‍പ്പാപ്പ നല്‍കിയ സ്വാതന്ത്ര്യം 'പാരമ്പര്യത്തിന്‍റെ കാവല്‍ക്കാര്‍' (traditionis custodis) എന്ന മൊത്തു പ്രോപ്രിയോ വഴി 2021- ല്‍ ഫ്രാന്‍സിസ് മര്‍പ്പാപ്പ എടുത്തുകളഞ്ഞു. പൊതുനിര്‍ദേശം ഉണ്ടെന്നും അതിന് വ്യത്യസ്തമായി കുര്‍ബാന അര്‍പ്പിക്കണമെങ്കില്‍ മെത്രാന്‍റെ പ്രത്യേക അനുവാദം ഉണ്ടാകണമെന്നുമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ നിലപാട്. ലത്തീന്‍ ഭാഷയില്‍ കുര്‍ബാന ചൊല്ലുന്ന ചിലര്‍ അവരുടെ ലത്തീന്‍ കുര്‍ബാന മാത്രമേ സാധുവായുള്ളു എന്ന് പ്രചരിപ്പിച്ചു തുടങ്ങിയതും ഇത്തരമൊരു നിലപാടിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രേരിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാതൃഭാഷയിലും ജനാഭിമുഖമായും കുര്‍ബാന അര്‍പ്പിക്കാന്‍ താല്‍പര്യമില്ലാതിരുന്ന യൂറോപ്പിലെ വികാരിയച്ചന്മാര്‍ക്കു അവരുടെ ബോധ്യങ്ങള്‍ക്കനുസരിച്ചു തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ദൈവജനകേന്ദ്രീകൃതം എന്ന് പഠിപ്പിച്ചവന്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ പുരോഹിതകേന്ദ്രീകൃതം എന്നതില്‍ നിന്നും തത്വത്തില്‍ സഭ ദൈവജനകേന്ദ്രീകൃതം ആയെങ്കിലും പ്രയോഗത്തില്‍ വികാരിയച്ചന്‍ കേന്ദ്രീകൃതം എന്നതില്‍ നിന്നും മെത്രാനച്ചന്‍ കേന്ദ്രീകൃതം ആയെന്നൊരു ആക്ഷേപം ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും ഇന്ന് ഉയരുന്നുണ്ട്. ഇന്നത്തെ മാധ്യമസൗകര്യം അതിന് ഒരുപാട് സഹായിക്കുന്നുമുണ്ട്. ഇന്നത്തെ കത്തോലിക്കാ സഭയിലെ പ്രശ്നങ്ങള്‍ക്കും വിശ്വാസ തകര്‍ച്ചക്കും കേന്ദ്രീകരണം കാരണവുമാണ്. കാരണം ആത്മീയ ദര്‍ശനവും ദൈവാനുഭവവും ദൈവാരാധനയും തികച്ചും വ്യക്തിപരമാണ്. അതുള്‍ക്കൊള്ളുന്നതില്‍ ഓരോ വ്യക്തിക്കും വ്യക്തിപരവും സമൂഹാത്മകവുമായ മാനങ്ങള്‍ ഉണ്ട്. സാഹചര്യങ്ങളും സ്ഥലവും അക്കാര്യത്തില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. ബനഡിക്ട് മാര്‍പ്പാപ്പയുടെ ആരാധനക്രമ ദര്‍ശനത്തിലും സഭാദര്‍ശനത്തിലും ഈ വ്യത്യസ്ത മാനങ്ങളെ ഗൗരവമായി എടുക്കുന്നുണ്ട്. പാരമ്പര്യങ്ങളും പ്രമാണങ്ങളും കാത്തുസൂക്ഷിക്കുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ് ആധുനീകരണവും സാന്ദര്‍ഭികവല്‍ക്കരണവും എന്നായിരുന്നു ബനഡിക്ട് മാര്‍പ്പാപ്പയുടെ നിലപാട്.

ഉപസംഹാരം

തന്‍റെ രണ്ടാമത്തെ ജര്‍മ്മന്‍ സന്ദര്‍ശനവേള യില്‍ മുന്‍പ് താന്‍ പ്രൊഫസ്സര്‍ ആയിരുന്ന റെഗെന്‍സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ 2006 സെപ്റ്റംബര്‍ 12- ന് ബനഡിക്ട് മാര്‍പ്പാപ്പ നടത്തിയ പ്രഭാഷണത്തില്‍ മുസ്ലീമുകളുടെ പടയോട്ടത്തെ സംബന്ധിക്കുന്ന ഒരു ഉദ്ധരണി വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും അത് മാര്‍പ്പാപ്പ അബദ്ധത്തില്‍ പറഞ്ഞുപോയ ഒരു പ്രസ്താവനയായിരുന്നില്ല.

മധ്യശതകത്തിന്‍റെ അവസാനകാലത്ത് ബൈസന്‍റൈന്‍ ചക്രവര്‍ത്തി ആയിരുന്ന മാനുവല്‍ രണ്ടാ മന്‍റെ ഒരു പ്രസ്താവന മറ്റൊരു പുസ്തകത്തില്‍ ഉദ്ധരിച്ചത് ഉദ്ധരണി ആയി പറയുക മാത്രമാണ് മാര്‍പ്പാപ്പ ചെയതത്. അത് ഇസ്ലാമിക രാജ്യങ്ങളില്‍ വരാനിരിക്കുന്ന കലാപവും ദുരിതവും മുന്‍കൂട്ടി കണ്ടു പറഞ്ഞ ഒരു പ്രവാചകശബ്ദമായിരുന്നു. 2010- നുശേഷം ഇസ്ലാമികരാജ്യങ്ങളിലുണ്ടായ കലാപങ്ങളും തുടര്‍ന്നുണ്ടായ അഭയാര്‍ഥിപ്രവാഹവും അവരോടു യൂറോപ്പിലെ ക്രൈസ്തവര്‍ പ്രകടമാക്കിയ സാഹോദര്യവും ഏവര്‍ക്കും ഓര്‍മ്മയുണ്ടാ കുമല്ലോ. 2012-ല്‍ ലോകത്തെ ശക്തരായ 70 വ്യക്തികളില്‍ അഞ്ചാം സ്ഥാനം ബെനെഡിക്ട് മാര്‍പ്പാപ്പയ്ക്ക് ആയിരുന്നു. കര്‍ഡിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടു അധികം വൈകാതെ നടത്തിയ 'വിശ്വസിക്കുന്നവന്‍ ഒറ്റക്കല്ല', 'വിശ്വസിക്കുന്നവന്‍ ഏകനല്ല' എന്നീ  പ്രസ്താവന വിശ്വപ്ര സിദ്ധമായി. "കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ എളിയ ജോലിക്കാരനായ ഞാന്‍'; 'ബുദ്ധിമാന്മാര്‍ സാധാരണക്കാരെ വിലയിരുത്തരുത്; സാധാരണ ക്കാരാണ് ബുദ്ധിമാന്മാരെ വിലയിരുത്തേണ്ടത്' തുടങ്ങിയ പ്രസ്താവനകളും പ്രസിദ്ധമാണ്.

ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സഭാപിതാവെന്നും വേദപാരംഗതനെന്നും വിശുദ്ധനെന്നും വിളിക്കപ്പെടുന്ന ദിനങ്ങള്‍ വിദൂരമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

You can share this post!

മണ്ടനെന്നു തോന്നിച്ച ഒരു ജ്ഞാനി

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts