സ്വന്തം ഇടങ്ങളുടെ കൈയേറ്റം ഒരു ദുഃസ്വപ്നമായി മനുഷ്യനെ തട്ടിയുണര്‍ത്തുന്നു. ജീവജാലങ്ങളഖിലം അത്തരം ഭീതിയുടെ വിത്തുകള്‍ സംവഹിക്കുന്നു. അവര്‍ക്കിടയില്‍ പല രീതിയില്‍ തങ്ങള്‍ക്കര്‍ഹതപ്പെട്ട ദേശത്തെ നിശ്ചയിക്കാനുള്ള അടയാളപ്പലകകളുണ്ട്. നായയുടെ വിശേഷത്തിലെന്നപോലെ, മൂത്രമൊഴിക്കുക എന്ന ലളിതമായ കാര്യംപോലും ഭൂപ്രദേശങ്ങള്‍ ഇത്തരത്തില്‍ അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്. അതു കുറുകെ കടക്കാന്‍ ശ്രമിക്കുന്ന എല്ലാത്തിനുമെതിരായാണ് നായ ഉറക്കെ ദുഃഖത്തോടും ക്ഷോഭത്തോടും കുരയ്ക്കുന്നത്. ഗന്ധം, ശബ്ദം, കാഴ്ച ഇങ്ങനെ പലരീതിയില്‍ അവനവന്‍റെ ദേശത്തെക്കുറിച്ചുള്ള ആകുലതകള്‍ തിര്യക്കുകള്‍ കൈമാറുന്നുണ്ട് - സൈന്‍ പോസ്റ്റ് എന്നു തന്നെയാണ് അതിനെ വിളിക്കുന്നത്.
മനുഷ്യന് ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ കഠിനമായ പ്രതിസന്ധികളായി മാറുന്നു. അതിര്‍ത്തിക്കല്ലുകള്‍ അനങ്ങുന്നത് നാട്ടിന്‍പുറത്ത് കൊടിയ വ്യവഹാരങ്ങളാകുന്നത് ഇത്തരം ജീനുകളുടെ പശ്ചാത്തലത്തിലാണ്. സമചിത്തതയോടെ ചിന്തിച്ചാല്‍ അതീവനിസ്സാരമെന്ന് ബോധ്യപ്പെടാവുന്ന കാര്യങ്ങള്‍ക്കു മീതെ ഇത്രയും കുഴമറിയല്‍ സംഭവിക്കുന്നത് ആ പ്രാചീന ഭയത്തില്‍ നിന്നുതന്നെ. ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ ഇന്നു നടക്കുന്ന തര്‍ക്കങ്ങളെ സൂം ചെയ്തു നോക്കിയാല്‍ പാവം മനുഷ്യരുടെ കണ്ണുകളില്‍ ധാര്‍ഷ്ട്യമല്ല, നിസ്സഹായതയാണ് തെളിഞ്ഞുവരുന്നത് - ഒപ്പം ജീവജാലങ്ങളില്‍ ഗുപ്തമായി കിടക്കുന്ന ആ പ്രാചീനഭീതിയുടെ മിന്നലാട്ടവും. കടുത്ത സൈക്കോ സൊമാറ്റിക് ആതുരതകള്‍ക്ക് ഇതു നിമിത്തമായി മാറുന്നുവെന്ന് നിരീക്ഷണങ്ങളുണ്ട്. സൊമ ഗ്രീക്കില്‍ ശരീരമെന്നാണര്‍ത്ഥം -mind determines the body. കുറച്ചു കൂടി മുന്നോട്ടു പോകുമ്പോള്‍ വര്‍ത്തമാന കാലത്ത് ജര്‍മ്മന്‍ ന്യൂ മെഡിസിന്‍റെ ഡോ. റൈക് ഹാമറുണ്ട്; തെല്ലു നിഴലില്‍ പെട്ടൊരാളാണ്. ഓരോരോ രീതിയിലുള്ള ടെറിട്ടറി ലോസ്, ശരീരത്തിന്‍റെ ഓരോരോ ഇടങ്ങളെ എങ്ങനെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്ന കൃത്യമായ അപഗ്രഥനങ്ങളാണതിന്‍റെ കാതല്‍.
ആളെണ്ണത്തിന് ഓരോരോ വെര്‍ഷന്‍ ആവശ്യമുള്ള രീതിയില്‍ സങ്കീര്‍ണ്ണമാണ് ഈ പ്രവിശ്യാനഷ്ടത്തിന്‍റെ കഥ. ഛായാമുഖിയെന്ന മഹാഭാരതത്തിലെ മായക്കണ്ണാടി അപകടം പിടിച്ച ഒന്നാകുന്നത് അങ്ങനെയാണ്. അതില്‍ തെളിയുന്നത് നിങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഉറ്റവരുടെ മുഖമാണ്. ദീര്‍ഘകാലമായി അടുത്തു നില്‍ക്കുന്നു എന്ന് ധരിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തവരെ, അതില്‍ തെളിയുന്നത് തങ്ങളുടെ മുഖമല്ല എന്ന ബോധം കടപുഴക്കുന്നു. ഇടം നഷ്ടപ്പെട്ട തിര്യക്കുകളേപ്പോലെ അവര്‍ ഓലിയിടുന്നു. കുട്ടികള്‍ക്കിടയില്‍ സിബ്ളിങ് റൈവല്‍റി ആരംഭിക്കുന്നത് അങ്ങനെ തന്നെ. കായേന്‍രോഗമെന്നു കൂടി ചെല്ലപ്പേരുള്ള, കാര്യമായ പ്രായവ്യത്യാസമില്ലാത്ത സഹോദരങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന അപകടം പിടിച്ച മത്സരത്തിന്‍റെ കഥയാണത്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശ്രദ്ധ കുഞ്ഞുവാവ നിഷ്കരുണം തട്ടിയെടുക്കുമ്പോള്‍ അവരെങ്ങനെയാണ് ഈ നവാതിഥിയെ സ്വാഗതം ചെയ്യേണ്ടത്. ഒരേ വിഷയം പഠിപ്പിക്കുന്ന സഹാധ്യാപകന്‍ അപരന് ആന്തരികസംഘര്‍ഷത്തിനു ഹേതുവാകുന്നതും ഈ അതിരുനഷ്ടത്തില്‍ നിന്നാണ്. ഒരു അടുക്കളയില്‍പ്പോലും അതു സംഭവിക്കുന്നുണ്ട്. കുറെ അധികം വര്‍ഷങ്ങള്‍ നിങ്ങള്‍ അടക്കിവാണ ആ ചെറിയ ഭൂമിയിലേക്കാണ് ഒരു കിളുന്തു പെണ്‍കുട്ടി പ്രവേശിക്കുന്നത്. മുന്നേ മൂന്ന് ചെറിയ ചുവടുകള്‍ മാത്രമേ അവള്‍ ആവശ്യപ്പെടുന്നുള്ളെങ്കിലും വൈകാതെ വീടിനകത്തുള്ള മുഴുവന്‍ പേരുടെയും മനസ്സവള്‍ കീഴ്പ്പെടുത്തുമെന്നും മദ്ധ്യവയസ്സില്‍ ആത്മവിശ്വാസം അനുനിമിഷം കുറഞ്ഞുവരുന്ന ആ സ്ത്രീ ഭയപ്പെടുന്നുണ്ടാവും. ഒരു ഫലിതവുമില്ലാത്ത നാടുകടത്തപ്പെടുന്നവരുടെ വിഷാദവിശേഷങ്ങളാണ് ഈ പറഞ്ഞുവരുന്നത്.
എളുപ്പമല്ല പ്രാണനെ വലിച്ചുമുറുക്കുന്ന ഈ കടുംകെട്ട് പൊട്ടിക്കുക. എന്നെ എത്രമാത്രം നിങ്ങള്‍ സ്നേഹിക്കുന്നു എന്നാരായുന്ന ഒരു മുതിര്‍ന്ന സ്ത്രീ വാസ്തവത്തില്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത് അഗാധങ്ങളില്‍ അവള്‍ കൊണ്ടുനടക്കുന്ന ഈ കൊടിയ ഭയമാണ്. ആകുലപ്പെടുവാന്‍ അവള്‍ക്കൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. പ്രിയമുള്ളവര്‍ക്കും പ്രെഷ്യസായ ഇടങ്ങള്‍ക്കും നല്‍കാവുന്ന അഷ്വറന്‍സ്, അത്തരമൊരു ഭീതിക്ക് നിരക്കുന്ന ഒരു കൈപ്പിഴയും എന്നില്‍ നിന്ന് സംഭവിക്കുകയോ ഞാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് ധൈര്യം പകര്‍ന്നുകൊടുക്കുകയാണ്. പല പല ഭാഷ്യങ്ങളില്‍, അനുമാത്രകളില്‍ ആ സന്ദേശം കൈമാറേണ്ടിയിരിക്കുന്നു. അവരുടെ ഭയങ്ങളെ അവരെന്തെങ്കിലുമൊക്കെ ഗൃഹപാഠം ചെയ്ത് കുറുകെ കടന്നോളും.
2
മകരപ്പെരുന്നാളിന്‍റെ തൊട്ടടുത്ത ദിനങ്ങളില്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ നേര്‍ച്ചയിടാനെത്തിയതായിരുന്നു ഞങ്ങള്‍. കൊടിമരത്തിനു താഴെ നില്‍ക്കുമ്പോള്‍ അപ്പന്‍റെ ഒരു സ്നേഹിതന്‍, 'ഒന്ന് വരൂ' എന്നു പറഞ്ഞ് അപ്പനെ കൂടെ കൂട്ടി; വാലായി ഞാനും. തൊട്ടടുത്തുള്ള സ്കൂള്‍ വരാന്തയില്‍ വല്ലാതെ മുഷിഞ്ഞുപോയ ഒരു സ്ത്രീ കൂനിപ്പിടിച്ചിരിപ്പുണ്ട്; സ്വന്തമായി ക്ഷേത്രമൊക്കെയുള്ള ഒരു വലിയ തറവാട്ടിലെ ചേച്ചിയാണ്. കുട്ടിയെന്ന നിലയില്‍ മനസ്സിലായത് ഇതാണ്: വീടുവിട്ട് ഇറങ്ങിപ്പോയ അവരെ ഏതാനും ദിവസങ്ങള്‍ക്കുശേഷം പള്ളിപ്പെരുന്നാളിന്‍റെ തിരക്കിനിടയില്‍ വച്ചിട്ട് വിശ്വസിച്ചയാള്‍ അപ്രത്യക്ഷനായതാണ്. അപ്പന്‍ പറഞ്ഞു, 'ആലപ്പുഴയ്ക്കുള്ള ബസ് ഇപ്പോഴുണ്ട്. ഞങ്ങള്‍ വീട്ടിലാക്കാം'.
'വേണ്ട സാര്‍, ആരെങ്കിലും അന്വേഷിച്ചുവരുമോയെന്ന് നോക്കട്ടെ'. അനുനയത്തിനു സാധ്യമല്ലാത്തയത്ര ദൃഢമായിരുന്നു അവരുടെ മറുപടി.
അപ്പോള്‍ അങ്ങനെയൊരു വശമുണ്ട്. ഇറങ്ങിപ്പോയവരും ഇടറിപ്പോയവരുമൊക്കെ അവരുടെ വിവേകം പ്രകാശിക്കുന്നയന്ന് കുനിഞ്ഞ ശിരസും കലങ്ങിയ കണ്ണുകളുമായി മടങ്ങിയെത്തുമെന്ന് നമ്മളങ്ങു വെറുതെ ധരിക്കുകയാണ്. അത്രയും പാദങ്ങള്‍ പൊള്ളിയതുകൊണ്ട് ഇനിയൊരു ചുവട് ചവിട്ടാനാവാതെ കുഴഞ്ഞുപോയവര്‍. അവര്‍ കാത്തിരിക്കുകയാണ്, ആരെങ്കിലുമൊരാള്‍ എവിടെ നിന്നെങ്കിലും പുറപ്പെട്ടിട്ടുണ്ടാവും. 'ഒളിച്ചേ കണ്ടേ' കളിക്കുന്ന കുട്ടികള്‍ നോക്കി നില്‍ക്കുമ്പോള്‍ അങ്ങുവലുതായിപ്പോയതുകണക്കാണ്. കുട്ടികളെ തിരഞ്ഞെത്തുന്നതുപോലെ മുതിര്‍ന്നവരെ തേടി വരാന്‍ ആരുമില്ലെന്ന അറിവാണ് ഒരായുസ്സില്‍ ഒരാള്‍ക്ക് കിട്ടാവുന്ന കഠിനമായ പ്രഹരം. അതുകൊണ്ടാണ് അയാള്‍ നല്ലിടയന്‍റെ കഥ പറഞ്ഞത്. തിരികെ വരാനാവാതെ ആത്മനിന്ദയുടെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങിപ്പോയവര്‍ക്ക് രക്ഷകന്മാരെ ആവശ്യമുണ്ട്. അനുതാപികളുടെ മടക്കയാത്ര മാത്രമല്ല, അവരെ തേടിയുള്ള അലിവുള്ളവരുടെ അലച്ചിലുകളും കൂടി ചേര്‍ന്നാണ് സുവിശേഷദൂത് പൂര്‍ത്തിയാവേണ്ടത്.
നിങ്ങളിലാരാണ് നൂറിലൊരാള്‍ നഷ്ടമായാല്‍ തൊണ്ണൂറ്റിയൊമ്പതിനേയും വിട്ടുകിട്ടുവോളം അതിനെ തേടാത്തത്. അതിനെ നടക്കാന്‍ വിട്ടു കൊടുക്കാതെ തോളിലേറ്റി കൊണ്ടുവരികയാണ് എന്ന വിശദാംശത്തില്‍ കരുണയുടെ പാല്‍പ്പത നുരയുന്നു. രക്ഷിക്കപ്പെട്ട ആ നേരം മുതല്‍ അയാളുടെ ഉയിരിലേക്ക് നിങ്ങള്‍ ഗ്രാഫ്റ്റ് ചെയ്യപ്പെടുകയാണ്. തിരികെ കൊണ്ടു വന്നു എന്നു നാം കരുതുന്ന പലരോടും നമ്മുടെ ശരീരം പുലര്‍ത്തുന്ന ഭാഷ ധാര്‍ഷ്ട്യത്തിന്‍റേയും അസ്പൃശ്യതയുടേയുമാണ്. സ്കൂള്‍ അസംബ്ലിയില്‍ വച്ച് സൗജന്യപുസ്തകം കിട്ടിയവരെപ്പോലെ, ഉയരുന്ന കൈകൊട്ടല്‍ അപഹാസത്തിന്‍റേതാണോ അഭിനന്ദനത്തിന്‍റേതാണോ എന്ന് വേര്‍തിരിക്കാനാവാതെ പിന്‍നിരയിലേക്കു തല കുനിച്ച് നമ്മളിങ്ങനെ. തിരിച്ചുവന്നവര്‍ക്ക് മതിമറന്ന് ആഹ്ലാദിക്കാന്‍ അവകാശമില്ലെന്നാണ് നമ്മളവരോട് പറയാതെ പറയുന്നത്.
ജോണ്‍ എബ്രഹാമിനു വേണ്ടി സക്കറിയ എഴുതിയ 'ജോസഫ് ഒരു പുരോഹിതന്‍' എന്ന തിരക്കഥ വീണ്ടും വായിച്ചു. ആഭിമുഖ്യങ്ങളില്‍ കാര്യമായ തെളിച്ചമോ ആന്തരികയില്‍ ആഴമോ ഇല്ലാത്ത ജോസഫ് എന്ന മീഡിയോക്കറായ ഒരു പുരോഹിതനെ അനുഭവത്തിന്‍റെയും ആന്തരികതയുടേയും ആനുകൂല്യമുള്ള ഒരു വല്യച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ തിരഞ്ഞുകണ്ടെത്തുന്ന കഥയാണത്. സിനിമയാവാതെ പോയ തിരക്കഥയാണ്. 1987 മെയ് മാസത്തിന്‍റെ കടശിയില്‍ കലയെയും ജീവിതത്തെയും ഒരേപോലെ ധൂര്‍ത്തടിച്ച ആ അസാധാരണ പ്രതിഭാശാലി കടന്നുപോയതുകൊണ്ട് അതിനി കൊട്ടകയിലേക്ക് എത്തുകയുമില്ല. മലയാളത്തില്‍ യേശുവിന്‍റെ ഗുട്ടന്‍സ് ഏറ്റവും ഭംഗിയായി പിടുത്തം കിട്ടിയ സക്കറിയയുടെ ആ തിരക്കഥയില്‍, ജോസഫെന്ന പുരോഹിതന്‍ എല്ലാം വിട്ട് ഒരു കുടുസുലോഡ്ജില്‍ ഒളിച്ചുപാര്‍ക്കുന്നിടത്താണ് വല്യച്ചന്‍ തേടിവരുന്നത്. അയാള്‍ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'ദൈവത്തില്‍ നിന്നുള്ള ഒളിച്ചോടല്‍ മാത്രമാണ് പാപം. പക്ഷേ, ദൈവം ഒരു വേട്ടനായേപ്പോലെ ഒളിച്ചോട്ടക്കാരെ പിന്തുടരുന്നു. ഔസേപ്പച്ചന്‍റെ ഒളിച്ചോട്ടം തീര്‍ന്നു. വേട്ടനായയുടെ പിടിയില്‍ നിന്ന് ഔസേപ്പച്ചനു രക്ഷയില്ല'. ഒടുവിലത്തെ ഷോട്ടില്‍ ജോസഫിന്‍റെ തോളില്‍ പിടിച്ച് പുറത്തുള്ള കാറിലേക്കു കയറ്റിയ ശേഷം വല്യച്ചനും ഒപ്പം കയറുന്നു. കാര്‍ വളവു തിരിഞ്ഞ് കുന്നിറങ്ങുന്നു.
3
അഞ്ചാം കുരുവി - Fifth sparrowഎന്നൊരു സുവിശേഷസങ്കല്പമുണ്ട്. പരിപാലനയേക്കുറിച്ച് പഠിപ്പിക്കുമ്പോഴാണത്. ഒരേ കാര്യം രണ്ടു സുവിശേഷങ്ങളില്‍ പറയുമ്പോള്‍ വിശദാംശങ്ങളില്‍ ഒരു അപാകതയുണ്ട്. 'ഒരു നാണയത്തിന് രണ്ടു ചെറുകുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ. അവയിലൊന്നുപോലും എന്‍റെ പിതാവ് അറിയാതെ നിലത്തു പതിക്കുന്നില്ല' എന്ന് മാത്യു (10:29). 'രണ്ടു നാണയത്തിന് അഞ്ചു ചെറുകുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ' എന്ന് ലൂക്ക് (12:6). പൊതുവേ കണക്കില്‍ അത്ര ഭേദപ്പെട്ട ഒരാളായിരുന്നില്ല യേശു. വിയറ്റ്നാംകാരനായ കാര്‍ഡിനല്‍ വാന്‍ തുവാന്‍, യേശുവിന്‍റെ കണക്കിലുള്ള അജ്ഞതയെ ആധാരമാക്കി ദീര്‍ഘമായ ഒരു പ്രബന്ധം തന്നെ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ ഇവിടെ കുട്ടിക്കണക്കുപോലും തെറ്റുന്നു. ഒന്നിനു രണ്ടെങ്കില്‍ രണ്ടിന് നാലാവണം കുരുവികള്‍.
എവിടെ നിന്നാണ് ഈ അഞ്ചാം കുരുവി? അതൊരു ഗ്രാമീണവിനിമയമാണ്; കൂടുതലെടുക്കുമ്പോള്‍ ഒരു പങ്ക് സന്തോഷമായി കൊടുക്കുക. മീഞ്ചന്തകളിലൊക്കെ ഇപ്പോഴും അതു തുടരുന്നുണ്ട്. അങ്ങനെയെങ്കില്‍, അഞ്ചാം കുരുവിയുടെ വിലയെത്ര? അതിന് അര നാണയംപോലും വേണ്ടായിരുന്നു; വിലയില്ലാക്കുരുവിയെന്നു സാരം. 'എനിക്ക് ഈ വീട്ടില്‍ കാല്‍ക്കാശിനു വിലയില്ല' എന്നൊരു പരാതി വീട്ടകങ്ങളില്‍ പണ്ടു സര്‍വസാധാരണമായിരുന്നു.
ആരും ഒരു വിലയും കല്പിച്ചുകൊടുക്കാത്ത ഒത്തിരി അഞ്ചാം കുരുവികള്‍ എല്ലായിടത്തുമുണ്ട്. അലഞ്ഞു നടക്കുന്നവരും പൈത്യക്കാരും നാടോടികളും ആല്‍ക്കഹോളിക്കുകളും... അങ്ങനെയങ്ങനെ. എന്നിട്ടും ആരോ ഒരാളുടെ കൈക്കുമ്പിളില്‍ അവര്‍ സുരക്ഷിതരാണ്. കുറഞ്ഞ പക്ഷം, ഇവരാരും തന്നെ റോഡപകടങ്ങളില്‍ പെട്ടിട്ടില്ലെന്ന് നിങ്ങള്‍ നിരീക്ഷിച്ചിട്ടില്ലേ? വണ്‍വേയിലുടെ യാത്ര ചെയ്യുമ്പോഴും എതിരെ വണ്ടി വരുമോയെന്ന് തലയിട്ട് അത്രയും ശ്രദ്ധയോടും സൂക്ഷ്മമായും സവാരി ചെയ്യുന്നവരാണ് അതേവശത്തു നിന്നു തന്നെ അരികു കയറി വരുന്ന വണ്ടികൊണ്ട് അപായപ്പെടുന്നതെന്ന്!
ഷൗക്കത്തിന്‍റെ 'നിത്യാന്തരംഗ'ത്തില്‍ ഒരു കാലത്തെ ഒരു അഞ്ചാം കുരുവിയേക്കുറിച്ചു വായിച്ചത് ഓര്‍മ്മയില്‍ നിന്നെഴുതുകയാണ്. ഗുരു നിത്യയാണത്. ഒറ്റ മുണ്ടും ഒരേയൊരു കുപ്പായവും മാത്രം കൈമുതലാക്കി ഗുരു അലഞ്ഞിരുന്ന കാലം. മഹാരാഷ്ട്രയില്‍ വച്ചാണ്. എന്തെങ്കിലും കഴിച്ചിട്ട് ഏതാനും ദിവസങ്ങളായി. കാറ്റും മഴയും തുടങ്ങി. കാറ്റ് സമസ്ത ശക്തിയോടുംകൂടി മഴയെ ആ സഞ്ചാരിയിലേക്ക് ആഞ്ഞുപതിപ്പിച്ചു. പീടികത്തിണ്ണയില്‍ തളര്‍ന്ന് തണുത്തുവിറച്ച് ഒടുങ്ങുമെന്നു തന്നെ ഉറപ്പിച്ച് ഇരിക്കുമ്പോള്‍ കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി. പെട്ടെന്നാണതു സംഭവിച്ചത്. ആരോ ഓടിവന്ന് കെട്ടിപ്പിടിച്ച് അയാളുടെ നെഞ്ചോടു ചേര്‍ന്നു കിടന്നു. ആണാണോ പെണ്ണാണോ, അറിയില്ല. അപ്പോള്‍ ആവശ്യം അല്പം ചൂടായിരുന്നു. പുലരുവോളം നെഞ്ചോടു നെഞ്ച് ചേര്‍ന്നു കിടന്നു. അടുത്തു കിടന്നിരുന്ന രൂപം എണീറ്റു മെല്ലെ നടന്നുപോകുന്നു. നിത്യക്ക് അപ്പോള്‍ പൊട്ടിക്കരയണമെന്നു തോന്നി; അത് ഒരു നായയായിരുന്നു. അഞ്ചാം കുരുവികളുടെ സംരക്ഷണത്തിനായി അവിടുന്ന് ആരെയൊക്കെയാണ് പറഞ്ഞേല്പിച്ചിരിക്കുന്നത്!
ഹൃദയത്തിന്‍റെ കേന്ദ്രഭാഗത്ത് ദൈവത്തെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നാണ് ഓരോ വിശ്വാസിയും ഹുങ്കു പറയുന്നത്. എന്നിട്ടും ഏറ്റവും ചെറിയ ഉലച്ചിലില്‍ പോലും ദൈവം റിപ്ലേസ് ചെയ്യപ്പെടുകയും പ്രശ്നം ബുദ്ധിയുടേയും ഹൃദയത്തിന്‍റേയും കേന്ദ്രബിന്ദുവായി മാറുകയും ചെയ്യുന്നു; നമ്മളതിനു ചുറ്റും പ്രദക്ഷിണം ചെയ്യുകയും. ആകുലതയും ആത്മീയതയും ചേരുംപടിചേരാത്ത പദങ്ങളാണ്. വിജാതീയരാണ് ആകുലപ്പെടുന്നതെന്ന് യേശു പറയുന്നുണ്ട്. ആരാണ് വിജാതീയര്‍? ഇതരധര്‍മ്മത്തില്‍ പെട്ടവരല്ല. ദൈവത്തെ അച്ഛനായി കാണാന്‍ വെളിച്ചം കിട്ടാത്തവര്‍ എന്നര്‍ത്ഥം. വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്തതുകൊണ്ട് ഒരു വയല്‍ക്കിളിയും ഇന്നോളം പട്ടിണി കിടന്നിട്ടില്ല എന്നവന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.