സമ്പത്തിലും സുഖലോലുപതയിലും അഭിരമിച്ച് അധികാരപ്രമത്തതയില്‍ ആണ്ടുമുങ്ങിക്കിടന്ന കത്തോലിക്കാസഭയെ നവീകരിക്കാന്‍ കൃശഗാത്രനായൊരു മനുഷ്യന്‍ രംഗപ്രവേശം ചെയ്തു, അസ്സീസിയിലെ ഫ്രാന്‍സിസ്. പതിമൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധസ്ഥലങ്ങള്‍ വീണ്ടെടുക്കാനും റോമാസിംഹാസനത്തെ സംരക്ഷിക്കാനുമായി നടന്ന എണ്ണമറ്റ കുരിശുയുദ്ധങ്ങളുടെ കാലം. സഭയ്ക്കകത്തുനിന്നാണ്, പുറത്തു നിന്നല്ല നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്ന് തിരിച്ചറിഞ്ഞ ഫ്രാന്‍സിസ്, ലളിതജീവിതത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പുതിയൊരു ബദല്‍ മുന്നോട്ടുവെച്ചു. അടിമുടി കീറിപ്പറിഞ്ഞ ക്രിസ്തുവിനെയാണ് അയാള്‍ മുഖമുദ്രയാക്കിയത്. ആദ്യമാദ്യം അയാളെ കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെങ്കിലും പിന്നീട് പോപ്പ് ഇന്നസെന്‍റ് മൂന്നാമന്, ഫ്രാന്‍സിസ് പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലായി. അത് തിരിച്ചറിയാന്‍ ഒരു ദുഃസ്വപ്നം വേണ്ടിവന്നു അദ്ദേഹത്തിന്. അങ്ങനെ അദ്ദേഹം ഫ്രാന്‍സിസിന്‍റെ ദാരിദ്ര്യജീവനത്തിന് അനുമതി നല്‍കി. സഭയില്‍ നിശബ്ദമായൊരു വസന്താഗമമായിരുന്നു ഫ്രാന്‍സിസ്.
ഇപ്പോഴിതാ മറ്റൊരു ഫ്രാന്‍സിസ് മാറ്റത്തിന്‍റെ ചലനമുണ്ടാക്കുന്നു. ഹോര്‍ഗെ മാരിയോ ബര്‍ഗോഗ്ലിയോ എന്ന പോപ്പ് ഫ്രാന്‍സിസ്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മാര്‍പ്പാപ്പയും സ്വീകരിക്കാത്ത പേര്- അസീസിയിലെ ഫ്രാന്‍സിസിന്‍റെ പേര്- സ്വീകരിക്കാന്‍ അര്‍ജന്‍റീനക്കാരനായ കാര്‍ഡിനല്‍ ബര്‍ഗോഗ്ലിയോയ്ക്ക് കഴിഞ്ഞത് ദരിദ്രരുടെ പക്ഷത്തുനിന്ന് ക്രിസ്തുവിനെ പുനരാവിഷ്കരിക്കാനുള്ള ത്വര ഉള്ളിലുള്ളതുകൊണ്ടാണ്. പോപ്പിന്‍റെ നിലപാടുകള്‍, പ്രത്യേകിച്ച് -സമ്പത്ത്, പരിസ്ഥിതി, രാഷ്ട്രീയം, സോഷ്യലിസം തുടങ്ങിയ വിഷയങ്ങളില്‍- സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അദ്ദേഹത്തിന്‍റെ മനുഷ്യസ്നേഹവും പാവങ്ങളോടുള്ള പക്ഷം ചേരലും വ്യക്തമാകും. സാധാരണക്കാരന്‍റെ ജീവിതസ്പന്ദനങ്ങളെ ഫ്രാന്‍സിസിനോളം മനസ്സിലാക്കാന്‍ കഴിഞ്ഞവരുണ്ടോ എന്ന് സംശയമാണ്.
"സുവിശേഷത്തിന്‍റെ ആനന്ദം" എന്ന പോപ്പ് ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക ആഹ്വാനം ഈ കാലഘട്ടത്തിനുവേണ്ടിയുള്ളതാണ്. സോഷ്യലിസം എന്ന ഉദാത്തമായ ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ യത്നിക്കുന്ന ആര്‍ക്കും പാഠപുസ്തകമാക്കാവുന്ന ഒന്നാണ് 'സുവിശേഷത്തിന്‍റെ ആനന്ദം'. അത് കേവലം ക്രിസ്ത്യാനികള്‍ക്കുവേണ്ടി മാത്രം എഴുതപ്പെട്ടതല്ല. ലോകം മുഴുവനിലുമുള്ള സമസ്തജനങ്ങള്‍ക്കുമായുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്തയാണത്. 'സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ പ്രതിസന്ധിയുടെ മദ്ധ്യത്തില്‍' എന്ന രണ്ടാം അധ്യായം മുഴുവന്‍ ദരിദ്രരുടെ പക്ഷംചേരാനുള്ള ആഹ്വാനമാണ്. ഉച്ചി മുതല്‍ ഉള്ളംകാല്‍ വരെ അടിമുടി കീറിപ്പറിഞ്ഞവനായി, അലഞ്ഞുതിരിയുന്ന ഒരു ഭിക്ഷാടകന്‍റെ ഛായയാണ് ക്രിസ്തുവിന്. അങ്ങനെയൊരാള്‍ക്ക് മണിമന്ദിരങ്ങള്‍ എന്തിന്? പൊന്‍കുരിശും പൊന്‍കാസയും പൊന്‍മാല്യങ്ങളും എന്തിന്? പങ്കുവയ്ക്കപ്പെടാതെ പൂട്ടി സൂക്ഷിച്ചിരിക്കുന്നവ ഇല്ലാത്തവനില്‍ നിന്ന് നിങ്ങള്‍ കൊള്ളയടിച്ചതല്ലേ? എന്നൊക്കെ വരികള്‍ക്കിടയിലൂടെ വായിക്കാനാകും.
അസമത്വം വര്‍ദ്ധമാനമായ അളവില്‍ പ്രകടമാണെന്ന ആശങ്ക പോപ്പ് പങ്കുവയ്ക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള പോരാട്ടമാണ് വേണ്ടത് എന്ന് പോപ്പ് ഫ്രാന്‍സിസ് ഊന്നിപ്പറയുന്നു. സമ്പന്നന്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നനാവുകയും ദരിദ്രന്‍ പരമദരിദ്രനായി ജീവിക്കേണ്ടിവരികയും ചെയ്യുന്ന നവ സാമ്പത്തിക ലോകക്രമത്തെ തള്ളിപ്പറയാന്‍ പോപ്പ് ചങ്കൂറ്റം കാണിക്കുന്നു. നിറഞ്ഞിരിക്കുന്ന വലിയൊരു കോപ്പയില്‍ പിടിച്ചുലയ്ക്കുമ്പോള്‍, അതില്‍ നിന്ന് താഴെയ്ക്ക് ഇറ്റിറ്റു വീഴുന്ന ഏതാനും തുള്ളികളാണ് ദരിദ്രന്‍റെ ഓഹരി എന്ന മുതലാളിത്തത്തിന്‍റെ കാവ്യനീതി വകവെച്ചുകൊടുക്കാന്‍ ഈ വയോധികന്‍ തയ്യാറല്ല. അളവറ്റ സമ്പത്തിന്‍റെ മടിത്തട്ടില്‍ മയങ്ങുന്നവരുടെ ഇടയില്‍ എഴുന്നേറ്റുനിന്ന്, ഒഴിവാക്കലിന്‍റെയും അസമത്വത്തിന്‍റെയും ഒരു പുത്തന്‍ സമ്പദ്വ്യവസ്ഥയോട് കലഹിക്കാന്‍, മാര്‍ക്സിനെപ്പോലെ പോപ്പും തയ്യാറാകുന്നത് ശുഭസൂചനയാണ്. ഇത്തരം ആപത്കരമായ സമ്പദ്ഘടനയോട് അരുത് എന്ന് പറയാനും പോപ്പ് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് റോമില്‍ നിന്ന് നല്ലത് പ്രതീക്ഷിക്കാം.
എന്തും ഉപയോഗിച്ച ശേഷം വലിച്ചെറിയാനുള്ളതാണ് എന്ന തലതിരിഞ്ഞ സിദ്ധാന്തം ലോകത്തിന് സമ്മാനിച്ചത് മുതലാളിത്ത സമ്പദ്വ്യവസ്ഥയാണ്. നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയുമൊക്ക ആവശ്യം കഴിഞ്ഞാല്‍ ഒരു ചായക്കപ്പ് പോലെ വലിച്ചെറിയാം എന്നുവരുന്നു. വസ്ത്രം മാറുന്ന ലാഘവത്തോടെ പ്രണയിയെയും പങ്കാളിയെയുമൊക്കെ മാറ്റാം എന്നു വരുന്നു. പടിഞ്ഞാറിന് അത് പുതുമയല്ലെങ്കിലും കിഴക്കിന് ഈ സിദ്ധാന്തം അത്രമേല്‍ പരിചിതമല്ല. ഉപഭോഗവാദം എന്ന കമ്പോളസിദ്ധാന്തത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനും പോപ്പ് തയ്യാറാകുന്നുണ്ട്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് ഒരു മരണസംസ്കാരം ആണെന്ന ബോധ്യമാണ് ഫ്രാന്‍സിസിനുള്ളത്.
മുതലാളിത്തത്തിന്‍റെ കടന്നേറ്റത്തെക്കുറിച്ച് പണ്ട് മാര്‍ക്സ് പറഞ്ഞതിനെ ശരിവയ്ക്കുന്നതാണ് പോപ്പിന്‍റെ നിലപാടുകള്‍. മുതലാളിത്തം എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ച് മാര്‍ക്സ് മൂലധനത്തില്‍ എഴുതിയിരിക്കുന്നു:- മുതലാളിമാരുടെ ഉത്ഭവത്തിന് കാരണം തൊഴിലാളികളുടെ പരാധീനതയാണ്. പരാധീനതയുടെ രൂപഭേദത്തില്‍ ഒതുങ്ങിയിരിക്കുകയാണ് അവന്‍റെ മുന്നേറ്റം. അതായത്, നാടുവാഴിപ്രഭുത്വത്തിന്‍റെ ചൂഷണത്തില്‍ നിന്നും മുതലാളിത്തത്തിന്‍റെ ചൂഷണത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ അതിന്‍റെ ഗതി മനസ്സിലാക്കാന്‍ നാം അധികം പിന്നോട്ട് പോകേണ്ട ആവശ്യമില്ല. പതിനാലാം ശതകത്തില്‍, അല്ലെങ്കില്‍ പതിനഞ്ചാം ശതകത്തില്‍ മദ്ധ്യധരണ്യാഴിയുടെ തീരപ്രദേശത്തുള്ള ചില പട്ടണങ്ങളില്‍ അവിടവിടെ വളരെ വിരളമായിട്ട് മുതലാളിത്ത ഉല്‍പ്പാദനത്തിന്‍റെ ആരംഭം നാം കണ്ടുമുട്ടുന്നുവെങ്കിലും മുതലാളിത്തകാലം ആരംഭിക്കുന്നത് പതിനാറാം ശതാബ്ദം മുതല്ക്കാണ്. മുതലാളിത്ത സമ്പ്രദായം എവിടെയെല്ലാം ഉണ്ടായിരുന്നാലും ശരി, ഇതാരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, അടിയാന്‍ സമ്പ്രദായം നിറുത്തലാക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ലോകമാകെ കീഴടക്കിക്കൊണ്ട് മുന്നേറുന്ന കമ്പോള സിദ്ധാന്തത്തെ എതിര്‍ക്കുന്നതിന് പോപ്പ് ഫ്രാന്‍സിസ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ സംഗതമാണ്. 'ഒഴിവാക്കല്‍ എന്നത് ആത്യന്തികമായി, നാം ജീവിക്കുന്ന സമൂഹത്തിന്‍റെ ഒരു ഭാഗമായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്നതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഒഴിവാക്കപ്പെടുന്നവര്‍ ഇനി മുതല്‍ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവരോ അതിന്‍റെ പാര്‍ശ്വങ്ങളിലുള്ളവരോ പൗരാവകാശം ഇല്ലാത്തവരോ അല്ല. അവര്‍ ഇനി മുതല്‍ അതിന്‍റെ ഭാഗം പോലുമല്ല. ഒഴിവാക്കപ്പെടുന്നവര്‍ ചൂഷിതര്‍ അല്ല ബഹിഷ്കൃതരാണ്. അവശിഷ്ടങ്ങളാണ്'. അതുകൊണ്ട് ഈ അവശിഷ്ടങ്ങള്‍ക്കുവേണ്ടിയാണ് ഇനി നമ്മള്‍ പോരാട്ടം ശക്തമാക്കേണ്ടത്.
ധനത്തോടുള്ള ആരാധന, വിഗ്രഹാരാധന തന്നെയാണെന്നും അത് ലോകത്തിന് ഭൂഷണമല്ലെന്നും പോപ്പ് വ്യക്തമാക്കുന്നു. ഒരുപാട് പണം ഒഴുകിയെത്തുമ്പോള്‍ സമത്വം ഉണ്ടാകുമെന്ന ധാരണയെ അദ്ദേഹം തള്ളിക്കളയുന്നു. സമ്പന്നരുടെ ന്യൂനപക്ഷവും ദരിദ്രരുടെ ഭൂരിപക്ഷവും തമ്മിലുള്ള വിടവ് എത്ര ആഴമേറിയതാണെന്ന് പോപ്പ് തിരിച്ചറിയുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ സര്‍വ്വാധിപത്യം സ്വപ്നം കണ്ട മാര്‍ക്സിനെ ഈ പോപ്പില്‍ തെളിഞ്ഞു കാണാനാകുന്നത് അതുകൊണ്ടുതന്നെയാണ്. മുതലാളിത്തത്തിന്‍റെ വ്യാപനത്തെ, അദൃശ്യവും യഥാര്‍ത്ഥവുമായ പുതിയ സ്വേച്ഛാധിപത്യം എന്നാണ് പോപ്പ് വിശേഷിപ്പിക്കുന്നത്. വര്‍ദ്ധിച്ച ലാഭത്തിനു തടസ്സമായി നില്‍ക്കുന്ന എല്ലാറ്റിനെയും വിഴുങ്ങാനുള്ള പ്രവണതയാണ് ഈ വ്യവസ്ഥിതിക്കുള്ള ത്. ഇവിടെ ദൈവതുല്യമാക്കപ്പെട്ട ഒരു കമ്പോളവും അതിന്‍റെ താത്പര്യങ്ങളും മാത്രമേ നിലനില്‍ക്കാവൂ എന്ന തീരെ ചെറിയൊരു വിഭാഗത്തിന്‍റെ പിടിവാശിക്ക് ഭൂരിപക്ഷം വരുന്ന ദരിദ്രര്‍ ജീവനോളം വലിയ വില കൊടുക്കേണ്ടി വരുന്നു. അധികാരത്തിനും ആസ്തികള്‍ക്കും വേണ്ടിയുള്ള ആര്‍ത്തിക്ക് അതിരില്ലാതായിരിക്കുന്നു.
ശുശ്രൂഷിക്കുന്നതിനേക്കാള്‍ ഭരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ മനുഷ്യരാശിക്ക് ഭൂഷണമല്ല എന്നും അക്രമം ഉളവാക്കുന്ന അസമത്വം അനുവദിച്ചു കൂടാ എന്നും പോപ്പ് ഉറപ്പിച്ചു പറയുന്നു. മുതലാളിത്തശക്തികള്‍ പുത്തന്‍ ലോകക്രമത്തിന് സംഭാവന ചെയ്ത 'ഉപഭോഗവാദം' എന്ന ആശയത്തോട് നേര്‍വിപരീതമായ ഒരു ചിന്താപദ്ധതിയാണ് പോപ്പിന്‍റെത്. പണം സേവനം ചെയ്യുന്നതിനുള്ളതാണെന്നും അതുപയോഗിച്ച് ആരെയും ഭരിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഒട്ടും വേദനിപ്പിക്കാതെ, ഒരു തുള്ളി രക്തംപോലും ചിന്താതെ, ഒരു ജനതയെ മുഴുവന്‍ അടിമപ്പെടുത്താവുന്ന അദൃശ്യമായ ആയുധപ്പുര മുതലാളിത്തശക്തികള്‍ക്കുണ്ട്. ഈ തിരിച്ചറിവാണ് മുതലാളിത്തത്തിനെതിരെ അവസാനശ്വാസം വരെ പോരാടുന്നതിനുള്ള ഊര്‍ജ്ജം. ഇതേ തിരിച്ചറിവിലാണ് ഇരകള്‍ ഒന്നിക്കേണ്ടതും. അപ്പോള്‍ ഒരു ജനതയുടെ സംസ്കാരം എന്നത് പൊതുശത്രുവിനെ ഒന്നിച്ചെതിര്‍ക്കാനുള്ള, സ്വത്വം സംരക്ഷിക്കാനുള്ള ഉപകരണമായി മാറും. അതും വര്‍ഗ്ഗസമരം തന്നെ.
ബൊളീവിയ സന്ദര്‍ശിച്ച മാര്‍പ്പാപ്പയ്ക്ക് അവിടത്തെ പ്രസിഡന്‍റ് ഇവോ മൊറാലിസ്, സമ്മാനിച്ചത് മരത്തില്‍ തീര്‍ത്ത അരിവാളും ചുറ്റികയും അതിന്‍റെ തലപ്പത്ത് ക്രൂശിതരൂപവും ആലേഖനം ചെയ്ത അപൂര്‍വ്വമായൊരു സമ്മാനമായിരുന്നു. സാധാരണക്കാരനായ പോപ്പ് ഫ്രാന്‍സിസ്, ആ സമ്മാനം ഒരു അമൂല്യനിധിപോലെ ആദരവോടെ ഏറ്റുവാങ്ങുന്ന ചിത്രം വലിയൊരു പ്രത്യാശയുടെ സൂചനയാണ്. അധ്വാനവര്‍ഗ്ഗത്തെ അടയാളപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായത് അരിവാളും ചുറ്റികയുമല്ലാതെ മറ്റെന്താണ്? കുടുംബം പുലര്‍ത്താന്‍ പിതാവിനോടൊപ്പം മരപ്പണിയെടുത്തതിന്‍റെ തഴമ്പ് ക്രിസ്തുവിന്‍റെ കൈത്തലങ്ങളിലുണ്ടായിരുന്നുവല്ലോ. സ്വന്തം സംസ്കാരത്തെ നശിപ്പിക്കുന്ന ഒന്നാണ് മുതലാളിത്തം എന്ന വിശ്വാസം ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ന് ശക്തമായിട്ടുണ്ട്. ഇവോ മൊറാലിസ് സമ്മാനിച്ച ഉപഹാരവും റൗല്‍ കാസ്ട്രോയുടെ വത്തിക്കാന്‍ സന്ദര്‍ശനവുമൊക്കെ ബദലുകള്‍ക്കായുള്ള അന്വേഷണത്തിന്‍റെ ഭാഗമാണ്.
തന്‍റെ നിലപാടുകള്‍ പലതും മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാണെന്ന് പോപ്പ് ഫ്രാന്‍സിസിന് നന്നായി അറിയാം. തന്‍റെ നിലപാടുകളോട് യോജിക്കാത്ത, കടുംപിടുത്തക്കാരും യാഥാസ്ഥിതികരുമായ കാര്‍ഡിനല്‍മാരോടും മറ്റും പോപ്പിന് പറയാനുള്ളത് ദൈവം മാറ്റങ്ങളെ ഭയപ്പെടുന്നില്ല എന്നാണ്. പിന്നെന്തിന് നമ്മള്‍ മാറ്റത്തെ ഭയപ്പെടണം എന്നും അദ്ദേഹം ചോദിക്കുന്നു. നിലവിലുള്ള ദുരവസ്ഥകളില്‍ നിന്ന് മഹത്തായൊരു സാമൂഹ്യമാറ്റം അനിവാര്യമാണെന്നും അത് ദൈവഹിതമാണെന്നും പോപ്പ് വിളിച്ചുപറയുന്നുണ്ട്. ഇരുകൈകളും വിരിച്ചു നില്‍ക്കുന്ന അമ്മയാണ് സഭ. അവളുടെ മടിത്തട്ടില്‍ എല്ലാവര്‍ക്കും ഇടവുമുണ്ട്. എങ്കില്‍ പിന്നെ ദരിദ്രരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും മാറ്റിനിര്‍ത്തുന്നത് എന്തിനാണ്? ഫ്രാന്‍സിസ് ചോദിക്കുന്നു. ലോകത്തിലെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളും സാധാരണക്കാരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളും പോപ്പില്‍ പ്രത്യാശയര്‍പ്പിക്കുന്നു. ഫ്രാന്‍സിസ് ആരെയും നിരാശരാക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഒരിക്കല്‍ പറയുകയുണ്ടായി. യഥാര്‍ത്ഥ ചൈതന്യം നഷ്ടമാകുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ ഉടനെ ഉറവിടങ്ങളിലേക്ക് പോയി മുങ്ങിനിവരുക എന്ന്. വഴിക്കുവെച്ച് ലക്ഷ്യം മറന്നുപോയാല്‍, യാത്ര അവിടെ വെച്ച് അവസാനിപ്പിച്ചിട്ട് തിരിഞ്ഞു നടക്കണം. അങ്ങനെ പുറപ്പെട്ട സ്ഥലത്തെത്തിയിട്ട് വീണ്ടും വ്യക്തമായ ലക്ഷ്യബോധത്തോടെ യാത്ര ആരംഭിക്കണം. തിരുത്താന്‍ മനുഷ്യര്‍ക്കേ കഴിയൂ. സഭ പാവങ്ങളുടെ പക്ഷത്താണെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞതുകൊണ്ടായില്ല. സഭ തങ്ങളുടെ പക്ഷത്താണെന്ന് യഥാര്‍ത്ഥത്തില്‍ പാവങ്ങള്‍ക്ക് അനുഭവവേദ്യമാകണം എന്ന ലളിതമായ ഓര്‍മപ്പെടുത്തലാണ് സുവിശേഷത്തിന്‍റെ ആനന്ദം. അതുകൊണ്ട് പോപ്പ് ഫ്രാന്‍സിസിനെ 'ക്രിസ്ത്യന്‍ കമ്മ്യൂണിസ്റ്റ്' എന്നുവിളിച്ചാല്‍ അത് അതിശയോക്തിയാവില്ല. റോമില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ എന്ന് ചോദിക്കുന്നവരുണ്ട്. വന്നു കാണുക എന്നല്ലാതെ അവരോട് മറ്റൊന്നും പറയാനുമില്ല.