news-details
സഞ്ചാരിയുടെ നാൾ വഴി

മത്സ്യത്തിന് ജലം ചുമ്മാ ഒരു ഓക്സിജന്‍ സിലിണ്ടറല്ലെന്ന് സ്നേഹിതന്‍ എഴുതിയതുപോലെ മനുഷ്യന് അന്നം അന്നജത്തിന്‍റെ കലവറ മാത്രമല്ല. അത്രമേല്‍ താന്‍ സ്നേഹിക്കപ്പെടുന്നുവെന്ന് പ്രാണന് ആദ്യമായി ബോദ്ധ്യപ്പെട്ടത് അമ്മയുടെ നെഞ്ചിലെ ഈര്‍പ്പം ഇളംചുണ്ടില്‍ തട്ടിയ നേരത്താണ്. ഒടുവില്‍ വരണ്ടുപോകുന്ന ഒരു കണ്ഠത്തില്‍ ആരോ വീഴ്ത്തുന്ന തീര്‍ത്ഥത്തിന്‍റെ നേരം വരെ അന്നം സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങളില്‍ ഒന്നായി നിലനില്‍ക്കും. ഒരോ രസമുകുള ങ്ങളിലും ഒരായിരം ഓര്‍മ്മകളുടെ രുചി. ഒരു പിടി  അവലില്‍ ഭഗവാന്‍ തേടുന്നത് ചങ്ങാതിയുടെ ദാരിദ്രമല്ല, തന്‍റെ തന്നെ ബാല്യമാണ്.  

അടിസ്ഥാനാവശ്യങ്ങളില്‍ കൂരയും ആടയുമൊക്കെ കൊമ്പ്രമൈസ് ചെയ്യാവുന്നതേ യുള്ളു. എന്നാല്‍, അന്നമില്ലാതെ എന്തുചെയ്യും. ആദ്യവും അവസാനവുമായി ഒരു പ്രാര്‍ത്ഥന പഠിപ്പിക്കുമ്പോള്‍ ആ മരപ്പണിക്കാരന്‍ അനുദിന അപ്പത്തെക്കുറിച്ച് മാത്രമാണ് ഭൗതികാര്‍ത്ഥത്തില്‍ പരാമര്‍ശിക്കുന്നതെന്ന് ഓര്‍ക്കണം. ആ ഒരേയൊരു ആവശ്യം ഒരാള്‍ക്കും നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുകയാണ് മനുഷ്യനെന്ന നിലയില്‍ അനുവര്‍ത്തിക്കാവുന്ന കുലീനധര്‍മ്മം. ചുരുണ്ടുകൂടി ഉറങ്ങുന്നതിനു മുമ്പ് വിളിച്ചുചോദിക്കണം: അത്താഴപ്പട്ടിണിക്കാരുണ്ടോ?  ഭൂഗോളത്തിന്‍റെ മുഴുവന്‍ വിശപ്പിനും ലളിതമായ പരിഹാരങ്ങളുണ്ടെന്ന് മായാവിചാരത്തില്‍ നിന്നല്ലത്. മറിച്ച്, എന്‍റെ ദുര്‍ബലമായ ഈ ശബ്ദം പതിക്കുന്ന ആ ചെറിയ വട്ടങ്ങളിലെങ്കിലും ഒരത്താഴപ്പട്ടിണിക്കാരന്‍ ഇല്ലായെന്ന സമാശ്വാസത്തിന് വേണ്ടിയാണ്.

ഏറ്റവും വലിയ തീ വയറ്റിലെ തീയാണെന്ന് അറിയാവുന്നതു കൊണ്ടാണെന്ന് ജഠരാഗ്നി എന്നൊരു പദം പ്രയോഗത്തിലുണ്ടായത്.  മനുഷ്യര്‍ക്ക് തീ പിടിക്കുമ്പോള്‍ കരിമ്പടം കൊണ്ട് പൊതിഞ്ഞ് സ്വസ്ഥമായി ഉറങ്ങാനുള്ള അവകാശമുണ്ടോ എനിക്ക്. സ്വപ്നങ്ങളില്‍ അലീഷ്യ വരുന്നു: all of us are responsible for everything and I even more എല്ലാവരും എല്ലാത്തിനും ഉത്തരവാദികളാണ്, എനിക്കേറെയും. പിന്നാലെ ഒരു പള്ളിക്കൂടം അദ്ധ്യാപകന്‍ വരുന്നു, ഉച്ചയ്ക്കുണ്ണാന്‍ വീട്ടിലേക്ക് പോകുകയാണ്. കൂടെ ഏതാനും കുഞ്ഞുങ്ങളുമുണ്ട്. കടപ്പുറത്ത് നല്ല പട്ടിണിയുള്ള കാലമാണ്. ഞങ്ങളുടെ ഒറ്റമീന്‍കറിയിലും ചോറിലും പങ്കു ചേര്‍ന്ന് ആ അപരിചിതര്‍ സഹ- ഉദരങ്ങളാകുന്നു. സ്കൂളിലേക്കുള്ള വഴിയില്‍ സിസിലി അമ്മൂമ്മ കൂനിപ്പിടിച്ച് ഇരിക്കുന്നു. കൈ നിറയെ ഞാവല്‍പ്പഴങ്ങള്‍ വച്ചുനീട്ടുന്നു. കോട്ടയത്തെ സര്‍ക്കാരാശുപത്രി വളപ്പില്‍ പി.യു തോമസ് രോഗികള്‍ക്ക് കഞ്ഞി വിളമ്പുന്നു. മെല്ലെ നീങ്ങിത്തുടങ്ങുന്ന തീവണ്ടിയോ ടൊപ്പം കൈയില്‍ പൊതിച്ചോറുമായി കൂട്ടുകാരി പരിഭ്രാന്തിയോടെ ഓടി വരുന്നു. രാത്രി അത്താഴത്തിന് അവന് ഉണ്ടാകുമോ എന്നോര്‍ത്ത് ഒരു ജ്യേഷ്ഠന്‍ ചീനവലയില്‍ നിന്ന് കണമ്പ് പെറുക്കിയെടുത്ത്, 'നുമ്മക്ക് താങ്ങാന്‍ പറ്റാത്ത വിലയാണെന്ന്' കുശലം പറച്ചിലിനെ പുഞ്ചിരി കൊണ്ട് നേരിടുന്നു. ഈ പുളിഞ്ചാറിന് രസം എന്നുപേരിട്ടവരെ തല്ലണമെന്ന് പറഞ്ഞ് ആരോ പൊട്ടിച്ചിരിക്കുന്നു. അവര്‍ നിങ്ങളുടെ വിശിഷ്ടഭോജ്യങ്ങള്‍കൊണ്ട് വിരുന്നൂട്ടുമെന്ന് ആ പഴയ പള്ളിയില്‍ നിന്ന്  ഗിഗ്രോറിയന്‍ ചാന്‍റ് മുഴങ്ങുന്നു.

ലോകത്ത് ചില നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ഒന്ന് ഇറ്റലിയുടെ ഉന്നതകോടതിയില്‍ നിന്ന് വന്നൊരു വിധിയാണ്. ഉക്രേനിയന്‍ പശ്ചാത്തലമുള്ള, അലഞ്ഞുനടക്കുന്ന ഒസ്ട്രി യാക്കോ എന്ന ഒരു അഭിവന ജീന്‍വാല്‍ ജീനെ ഭക്ഷണം മോഷ്ടിച്ചു എന്നപേരില്‍ വിചാരണ ചെയ്യുമ്പോഴായിരുന്നു അത്. വിശക്കുന്നവന് ആഹാരം അവകാശമാണെന്നും അതിനെ കവര്‍ച്ചയായി കരുതേണ്ട ബാദ്ധ്യതയില്ലെന്നു മായിരുന്നു അത്.right to survival prevails over property'  എന്ന തലക്കെട്ടിലാണ് ആ വാര്‍ത്ത ഒരു ദിനപ്പത്രത്തില്‍ വന്നത്. മനുഷ്യപ്പറ്റുള്ളവര്‍ക്ക് പണ്ടേ അത് പിടുത്തം കിട്ടിയിട്ടുള്ളതാണ്. ഇതൊക്കെത്തന്നെയായിരുന്നു തന്‍റെ കാലത്തോട് അയാള്‍ പറയാന്‍ ശ്രമിച്ചിരുന്നത്. ഗോതമ്പുപാടത്തിലെ നുള്ളിക്കളവിനെക്കുറിച്ച് അവനോട് ധാര്‍മ്മികാ സിംഹങ്ങള്‍ മുരണ്ടപ്പോഴാണ്, ഇതൊരു ചീളുകേസ്, എനിക്കൊരു അപ്പൂപ്പനുണ്ടായിരുന്നു - ദാവീദ്, വിശന്നാല്‍ പിന്നെ കണ്ണുകാണില്ല. അത്തരമൊരു നേരത്ത് മദ്ബഹയില്‍ കയറി പുരോഹിതര്‍ക്ക് മാത്രം കഴിക്കാന്‍ അവകാശമുണ്ടായിരുന്ന അപ്പമെടുത്ത് ഭക്ഷിച്ചു, കൂട്ടുകാര്‍ക്ക് കൊടുക്കുകയും ചെയ്തു എന്നൊരു പഴങ്കഥ പറഞ്ഞ് കുസൃതിയോടെ അതിനെ നേരിട്ടത്. വിശപ്പാണ് സാര്‍, യഥാര്‍ത്ഥപ്രശ്നം. അത് പരിഹരിക്കപ്പെട്ടതിനുശേഷം മാത്രമേ ഈ കൊമ്പത്തെ ദൈവവിചാരം പോലും സാദ്ധ്യമാകൂ. അതുകൊണ്ടല്ലേ ആ ജ്ഞാനവൃദ്ധന്‍ ഇങ്ങനെ പറഞ്ഞത് ദൈവം ദരിദ്രനുമുമ്പില്‍ അപ്പമായിട്ടാണ് അവതരിക്കുന്നതെന്ന്...

എന്തൊരു പുകിലായിരുന്നു, സോമാലിയ എന്നു വിളിച്ചുവത്രേ. സോമാലിയ ഒരു അശ്ലീലപദമാണോ. അവിടം വരെ എത്തിയോ നമ്മുടെ ഒടുക്കത്തെ അഹങ്കാരം. മലയാളി അവന്‍റെ പട്ടിണിക്കാലം മറന്നുപോയോ. കല കാലത്തിന്‍റെ കണ്ണാടിയാ ണെങ്കില്‍ ബുക്ക്ഷെല്‍ഫിലെ ആ പുസ്തകങ്ങള്‍ പൊടിതട്ടി നോക്കൂ. കുട്ടിയുടെ പൊതിച്ചോറ് മോഷ്ടിക്കുന്ന പള്ളിക്കൂടം മാഷിന്‍റെ കഥവരെയുണ്ട്. അത് എഴുതിയയാളും ഒരു മാഷ് തന്നെയായിരുന്നു - കാരൂര്‍. ബഷീറിന്‍റെ ജന്മദിനമെന്ന നീണ്ടകഥ കൂടി നോക്കൂ. അങ്ങനെ എത്രവേണം. ആര്‍ക്കൈവ്സില്‍ നിന്ന് പഴയപടങ്ങള്‍ തപ്പിയെടുത്ത് കാണൂ. ഒക്കെ കൊടിയ പട്ടിണിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആല്‍ബങ്ങളാണ്. ഈ കപ്പയൊക്കെ എങ്ങനെ തീന്മേശയിലെത്തിയെന്ന് ചരിത്രം അന്വേഷിക്കുന്നത് നല്ലതാണ്. വിദേശിയാണ്, മുടിഞ്ഞ വിശപ്പിന് പരിഹാരമായി തിരുവിതാംകൂറിലെ വിശാഖം തിരുനാള്‍ വരുത്തിച്ചതാണ്. തകര എങ്ങനെ നമ്മുടെ അടുക്കളയിലേക്ക് തല കുനിച്ചു വന്നുവെന്നും ചോദിക്കാവുന്നതാണ്. വിപ്ലവത്തിന് വളക്കൂറുള്ള മണ്ണായി ഇതു മാറിയതും പട്ടിണിയുടെ പശ്ചാത്തലത്തില്‍ നിന്നുതന്നെയാണ്. മലയപ്പുലയന്‍ നട്ട വാഴക്കുല അകന്നകന്നു പോകന്നതു കണ്ട് വാവിട്ടു കരയുന്ന ആ കുഞ്ഞുങ്ങളെ ഒരു തലമുറ മുഴുവന്‍ ഹൃദയവ്യഥയോടെ ഏറ്റുവാങ്ങിയത് വിശപ്പിന്‍റെ സാര്‍വജനീയസ്വഭാവം കൊണ്ടാണ്. പട്ടിണിയായിരുന്നു നമ്മുടെ പൊതുഭാഷ. അതില്‍ തെല്ലു സാക്ഷരത ലഭിച്ചവര്‍ക്ക് ഇടത്തോട്ടു ചായാതെ തരമില്ലായിരുന്നു. സ്ത്രീകളുടെ നോമ്പുനോക്കല്‍ പോലും വിശപ്പിനെ ബുദ്ധിപരമായി നേരിടുന്നതിന്‍റെ ഭാഗമായിരുന്നു. നോക്കൂ, വര്‍ത്തമാനത്തിലും മനുഷ്യര്‍ പട്ടിണി കിടക്കുന്നില്ലെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടോ. ഫ്രിഡ്ജിലെ ഐസ് ക്യൂബുകള്‍ തിന്ന് തന്‍റെ ഗര്‍ഭകാലത്തെ കുറുകെ കടന്ന ഒരു സ്നേഹിത എനിക്കുണ്ട്. അങ്ങനെ എത്ര പേരെ തൊട്ടുകാട്ടണം?  

ഭക്ഷണം കാട്ടി നിങ്ങള്‍ക്ക് ലോകത്തെ അപമാനിക്കുകയും ആവാം. വിഭവസമൃദ്ധമായ മേശയുടെ അരികിലിരുത്തി മാത്രം നയതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന നെപ്പോളിയനെക്കുറിച്ച് വായിച്ചതോര്‍മ്മയുണ്ട്. ദരിദ്രരായ അയാളുടെ കേള്‍വിക്കാര്‍ എന്തില്‍ എകാഗ്രമാകുമെന്നാണ് നിങ്ങള്‍ കരുതുന്നത്. ഭക്ഷണം ഒരു ലക്ഷ്വറിയുടെ സൂചകം കൂടിയായി പരിണമിച്ചിരിക്കുന്നു. ആഡംബരത്തിന്‍റെ ഒരു പുതിയ മുഖം. നമ്മുടെ പൊന്നുരുന്നി ആശ്രമത്തോടടുത്തു കിടക്കുന്ന കോണ്‍വെന്‍റ് റോഡിലൂടെ പത്തു മിനിറ്റുപോലും ആവശ്യമില്ലാത്തനടപ്പില്‍ ഒന്‍പത് റെസ്റ്റോറന്‍റുകളുടെ പേരുകള്‍. തങ്ങള്‍ കഴിച്ച ഭക്ഷണത്തിന്‍റെ പൊലിമ പറയുന്ന തീരെ ഈര്‍പ്പമില്ലാത്ത ഒരു പുതിയ തരം മനുഷ്യര്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കുക്കറി ഷോയൊക്കെ വലിയ മാമങ്കങ്ങളാകുന്നത് അങ്ങനെയാണ്. തെല്ല് അലഞ്ഞുനടന്ന കാലത്ത് തന്നെ വിരുന്നൂട്ടിയ വൈലോപ്പള്ളിയെ അന്നമെന്ന കവിതയില്‍ ചുള്ളിക്കാട് ഓര്‍ക്കുന്നുണ്ട്. ജഗത്ഭക്ഷകനായ കാലത്തിന്‍റെ  താത്വിക വിവക്ഷയിലേക്കൊന്നും കടക്കാതെതന്നെ അന്നം ആര്‍ഭാടത്തിന്‍റെ ഉപാധിയല്ലെന്ന് വ്യക്തമാക്കാന്‍ അതു മതിയാകും. കൂടല്‍മാണിക്യത്തിലെ പ്രസാദയൂട്ട് ഭക്ഷിച്ചിട്ടുള്ള കവിക്ക് അവിടുത്തെ പുളിങ്കറിയെക്കുറിച്ചുള്ള മേനി പറയാതിരിക്കാ നാവില്ല. വംഗദേശത്ത് ആത്മാക്കളെയൂട്ടാനായി കരുതിവെച്ചിരുന്ന ഭക്ഷണത്തില്‍ നിന്ന് താന്‍ വാരിയുണ്ട ചോറിനെക്കുറിച്ചാണ് അതിഥിക്ക് തിരികെ പറയാനുണ്ടായിരുന്നത്. അതു കേട്ട മാത്രയില്‍ കവി നിശ്ശബ്ദനായി ചാരുകസേരയിലേക്ക് മടങ്ങിപ്പോയി!

ഭക്ഷണം പങ്കുവയ്ക്കുകയെന്നതായിരുന്നു സാംസ്ക്കാരിക മനുഷ്യന്‍റെ പരിണാമത്തിലെ ആദ്യചുവട്. ഭക്ഷണത്തിനായി അര്‍ത്ഥിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്തായായിരുന്നു അവന്‍റെ ആദ്യത്തെ പ്രാര്‍ത്ഥന. അറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും പഴക്കമുള്ളതെന്ന് കരുതുന്ന സുമേറിയന്‍ പാരമ്പര്യങ്ങളില്‍ (3000 B.C) നിന്നുപോലും ഭക്ഷണത്തെ അര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളുടെ ഫലകങ്ങള്‍ ഉണ്ട്. ഭാരതീയപാര മ്പര്യത്തില്‍ ദൈവത്തിന് നേദിക്കാതെ നമുക്കൊന്നും ഭക്ഷിക്കാനുള്ള അവകാശം പോലുമില്ല. അങ്ങനെയാണ് ഭക്ഷണം പ്രസാദമായി മാറുന്നത്. പഴയ-പുതിയ നിയമ വായനകളില്‍ ഇതൊക്കെ ഇങ്ങനെ തന്നെയാണ്. പുതിയ നിയമത്തില്‍ എവിടെയെങ്കിലും അപ്പമെന്നൊരു വാക്കുണ്ടെങ്കില്‍ നിശ്ചയമായും അവന്‍ കൃതജ്ഞതയോടെ അപ്പമെടുത്ത് എന്നുതന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. എമ്മാവുസിലേക്കു പോയ ശിഷ്യന്മാര്‍ അവനെ തിരിച്ചറിയുന്നതുപോലും അവിടുന്ന് ഭക്ഷണമെടുത്ത രീതി കണ്ടിട്ടാണ്. അത്രയും ആദരവ് പുലര്‍ത്തിയതു കൊണ്ടാണ് ഒന്നും കളയാതെ ശേഖരിച്ചെടുക്കുവിന്‍ എന്നൊക്കെ ശിഷ്യരോട് അനുശാസിക്കുന്നത്. എളുപ്പമല്ല ഒരുപിടി അന്നം. ചില ദുശ്ശാഠ്യങ്ങളുടെ പേരില്‍ തെല്ല് അലഞ്ഞുനടന്നൊരു കാലം ഈ വിചാരത്തിന് അടിവരയിട്ടു. അപ്പോള്‍ കുപ്പിവെള്ളമൊന്നും വേണമെന്നൊ ന്നുമില്ല. കുടിക്കരുത് എന്ന അനുശാസനമുള്ള് തീവണ്ടിലാവട്ടറിയിലെ വെള്ളമായാലും മതി.

ഒരു ചെറിയ കാര്യം രൂപപ്പെട്ടു വരുന്നുണ്ട്. മനുഷ്യവിശപ്പിനെ എങ്ങനെ ഭാവാത്മകമായി നേരിടാമെന്ന ചില ചിന്തകളില്‍നിന്ന് അഞ്ചപ്പം എന്നൊരു എക്കോണമി റസ്റ്റോറന്‍റ്. ചെറിയ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അലഞ്ഞു നടക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശുപത്രി കിടക്കയില്‍ കൂട്ടിനിരിക്കുന്നവര്‍ക്കും ഒക്കെ ആദരപൂര്‍വ്വം അന്നം വിളമ്പുന്ന ചെലവുകുറഞ്ഞ ലളിതമായൊരു ഭോജനശാല. കാര്യങ്ങള്‍ക്ക് വ്യക്തത വരുന്നതേയുള്ളു.  ലവിനെയോ (9895194570), ലൂയിസ് ചേട്ടനെയോ (9495212792) ബന്ധപ്പെട്ടാല്‍ കുറെക്കൂടി കേള്‍ക്കാന്‍ പറ്റിയെന്നിരിക്കും. 

You can share this post!

അതിര്‍ത്തി കല്ലുകള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts