ആഫ്രിക്ക, ഒട്ടേറെ മിഷനറിമാരും സുവിശേഷപ്രഘോഷകരും ദൈവരാജ്യവേല ചെയ്തുവരുന്ന മണ്ണ്. ഇന്ന് ക്രൈസ്തവ വിശ്വാസം ദ്രുതഗതിയില്‍ വളരുന്നത് ആഫ്രിക്കയിലാണ്. ജോജ് ടൗണ്‍ സര്‍വ്വകലാശാലയുടെ (Center for Advanced Research in Apostolate - Cara) യുടെ പഠനപ്രകാരം ആഗോളകത്തോലിക്കാ ജനസംഖ്യയില്‍ 1980-2012 കാലഘട്ടത്തിനിടയില്‍ 57% വളര്‍ച്ച ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കാണിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്.
ആഫ്രിക്കയില്‍ ക്രിസ്തീയ വിശ്വാസം എത്തുന്നത് ഈ അടുത്ത കാലഘട്ടത്തിലല്ല. ആഫ്രിക്കയിലെ ക്രിസ്തീയ വിശ്വാസത്തിന് അപ്പസ്തോലന്മാരുടെ കാലത്തോളം പഴക്കമുണ്ട്. ഇസ്ലാംമതത്തിന് 600 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ക്രൈസ്തവസഭ ഇവിടെ വളരാന്‍ തുടങ്ങിയിരുന്നു. കത്തോലിക്കാസഭയുടെ നെടുംതൂണുകളായ അത്തനാസ്തിയൂസും അഗസ്റ്റിനും ഈ സംസ്കാരത്തിന്‍റെ വലിയ സംഭാവനകളായിരുന്നു. എന്നാല്‍ 640 കളിലെ അറേബ്യന്‍ സ്വാധീനം ക്രിസ്തീയവിശ്വാസത്തിന്‍റെ വളര്‍ച്ചയെ മന്ദീഭവിപ്പിച്ചു. ക്രൈസ്തവസഭ അടിച്ചമര്‍ത്തപ്പെടുകയും നാമമാത്രമാവുകയും ചെയ്തു. പിന്നീട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആളിക്കത്തല്‍ ഉണ്ടാവുന്നത് 19-ാം നൂറ്റാണ്ടിലാണ്. 1880-1960 കൊളോണിയന്‍ യുഗം ഇവിടെ ക്രിസ്തീയ വിശ്വാസത്തിന്‍റെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്നു. കത്തോലിക്കാസഭയുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് നിരവധി മിഷനറിമാര്‍ സജീവ പ്രവര്‍ത്തനം ആരംഭിച്ചു.
1870-കളില്‍ ഏതാനും മിഷനറിമാര്‍ തെക്കു-കിഴക്കന്‍ ആഫ്രിക്കയുടെ ഭാഗമായ മലാവി എന്ന രാജ്യത്ത് എത്തി. 'മലാവി' എന്ന പദത്തിന് 'തീനാളം' എന്നാണ് അര്‍ത്ഥം. ഈ രാജ്യം 'Warm heart of Africa' എന്നും അറിയപ്പെടുന്നു. ചേവ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ 'ചേവ, യാവോ, ന്‍ഗോണി' എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്നു. ചേവ ഗോത്രമാണ് ആദ്യമായി മിഷനറിമാരെ സ്വാഗതം ചെയ്തത്. ഇന്ന് 17 മില്യണ്‍ ജനങ്ങളുള്ള ഈ രാജ്യത്ത് 70% ക്രിസ്തീയ വിശ്വാസികളും 20% മുസ്ലീം വിശ്വാസികളും 10% മറ്റു മതവിശ്വാസികളും ഉണ്ട്. വളര്‍ന്നുവരുന്ന ഈ കൊച്ചുരാജ്യത്ത് 'മിഷനറീസ് ഓഫ് ആഫ്രിക്ക', MONTFORT MISSIONARIES എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള മിഷനറിമാരും പ്രവര്‍ത്തിച്ചു പോരുന്നു.
വ്യത്യസ്തമായ രീതികളിലൂടെയും ഭാവനകളിലൂടെയുമാണ് ആഫ്രിക്കന്‍ ജനത അവരുടെ മതാചാരങ്ങള്‍ നടത്തുന്നത്. അത്തരം ആചാരാനുഷ്ഠാനങ്ങളില്‍ നൃത്തത്തിനും പരമ്പരാഗതമായ വാദ്യോപകരണങ്ങള്‍ക്കും നാടന്‍പാട്ടുകള്‍ക്കും വലിയ സ്ഥാനം ഉണ്ട്. മിഷനറിമാരുടെ രൂപീകരണത്തില്‍ വളര്‍ന്നു വന്ന ചേവ വിശ്വാസികളുടെ മുന്‍പില്‍ 1965 കളില്‍ വിപ്ലവം സൃഷ്ടിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. തങ്ങളുടെ നാടിന്‍റെ നന്മകളും സംസ്കാരങ്ങളും ഇണക്കിച്ചേര്‍ത്തുകൊണ്ട്, തങ്ങളുടേതായ ഭാഷയിലും ശൈലിയിലും ദൈവത്തെ ആരാധിക്കാനും അടുത്തറിയാനുമുള്ള വാതായനങ്ങള്‍ അവര്‍ക്കു മുന്‍പില്‍ തുറക്കപ്പെട്ടു.
കത്തോലിക്കാ വിശ്വാസം വളരെ സജീവമായി കൊണ്ടാടുന്ന ഒരു ജനസമൂഹമാണ് ഇവിടെയുള്ളത്. ചുരുങ്ങിയ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ തങ്ങളുടെ വിശ്വാസം ക്രിയാത്മകമായി പരിശീലിക്കുവാനും പങ്കുവയ്ക്കുവാനും ഇവര്‍ പരിശ്രമിച്ചുപോരുന്നു. മഹനീയവും ശ്രേഷ്ഠവുമായ വിശുദ്ധ കുര്‍ബ്ബാന ഇവിടെ ലാറ്റിന്‍ ആചാരപ്രകാരമാണ് അനുഷ്ഠിക്കുന്നതെങ്കിലും തങ്ങളുടെ സംസ്കാരത്തിന്‍റെ തനിമയില്‍ തന്നെ അവര്‍ അത് ആഘോഷിക്കുന്നു. വി. കുര്‍ബ്ബാനയുടെ സജീവ പങ്കാളിത്തത്തിനായി വ്യത്യസ്തമായ പാട്ടുകളും വായ്ക്കുരവയും അതിനൊപ്പം ചുവടുവയ്ക്കുന്ന സമൂഹവുമെല്ലാം ഒരു വ്യത്യസ്തമായ കാഴ്ചയാണ്. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ തിരുവസ്ത്രങ്ങളണിഞ്ഞ് വരുന്ന വൈദികനെ വരവേറ്റുകൊണ്ട് നൃത്തച്ചുവടുകള്‍വച്ച് ദേവാലയത്തില്‍ പ്രവേശിക്കുന്ന ബാലികമാര്‍ പള്ളിയുടെ മുന്‍പില്‍ തന്നെ സ്ഥാനം പിടിക്കുന്നു. ആരാധനക്രമത്തില്‍ വരുന്ന വിവിധങ്ങളായ ഗാനങ്ങള്‍ക്ക് താളത്തില്‍ നൃത്തചുവടുകള്‍ വയ്ക്കുന്ന ഈ നൃത്തസംഘത്തിനൊപ്പം മറ്റു വിശ്വാസികളും കൈകള്‍ കൊട്ടിയും ചുവടുകള്‍ വച്ചും പങ്കുചേരുകയാണ് പതിവ്. പ്രധാന ആഘോഷവേളകളില്‍ ഭംഗിയായി അലങ്കരിച്ച ഒരു കുട്ടയില്‍ വേദഗ്രന്ഥവും പിന്നെ ധൂപവും തലയില്‍ വച്ച് നൃത്തചുവടുകളോടെ രണ്ട് സ്ത്രീകള്‍ വൈദികന്‍റെ അടുത്തേയ്ക്ക് വരുകയും, വൈദികന്‍ അതില്‍നിന്ന് സുവിശേഷം എടുത്ത് ആശീര്‍വാദം നല്‍കി വചനവേദിയിലേക്ക് പോകുന്ന കാഴ്ച വളരെ മനോഹരവും ഭക്തിനിര്‍ഭരവുമാണ്.
അതുപോലെ തന്നെ എടുത്തുപറയാവുന്ന മറ്റൊരു അവസരമാണ് കാഴ്ചയര്‍പ്പണ സമയം. ദാരിദ്രത്തിന്‍റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട്, തങ്ങള്‍ അര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കളുമായി ഓരോരുത്തര്‍ ഗാനത്തിനോടനുസരിച്ച് ആടിയും പാടിയും വരിയായി നീങ്ങുന്നു. വരിയുടെ മുന്‍ഭാഗത്തായി പിഞ്ചുകുഞ്ഞുങ്ങള്‍ അവരുടെ കുഞ്ഞുകൈകളില്‍ ചെറിയ ഒരു പപ്പായയോ, ചെറിയകഷണം കരിമ്പിന്‍ തണ്ടോ കൊണ്ടുവരുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസം പകര്‍ന്നുകൊടുക്കാന്‍ കാണിക്കുന്ന തീക്ഷ്ണതയും താല്പര്യവും നമുക്ക് മനസ്സിലാക്കാം.
മരത്തില്‍ കടഞ്ഞെടുത്ത് തോല്‍ക്കൊണ്ട് വരിഞ്ഞുകെട്ടിയ ചെണ്ടപോലുള്ള വാദ്യോപകരണങ്ങളും, മരപ്പലകകള്‍ പല വലുപ്പത്തില്‍ മുറിച്ചെടുത്ത് ക്രമീകരിച്ച് വച്ചുണ്ടാക്കുന്ന ഉപകരണവും, മുളയ്ക്കുള്ളില്‍ വിത്തുകള്‍ വച്ചുണ്ടാക്കുന്ന കിലുക്കപോലുള്ളവയുമെല്ലാം പാട്ടുകളുടെ ഈണത്തിന് മാറ്റുകൂട്ടുന്നു. എന്നാല്‍ ഗിറ്റാര്‍പോലുള്ള നവീനമായ സംഗീതോപകരണങ്ങളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ആടിയും പാടിയും തങ്ങളുടെ ഹൃദയങ്ങള്‍ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നവരാണ് ഇവര്‍. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയും, വിദ്യാസമ്പന്നര്‍ മുതല്‍ വേണ്ടവിധം വിദ്യാഭ്യാസം ലഭിക്കാത്തവരുമെല്ലാം ചേര്‍ന്ന് സജീവമായി ദൈവാരാധനയില്‍ പങ്കുചേരുന്നു.
ഏതൊരു സമൂഹത്തിലെയും ദൈവാരാധനയുടെ രൂപവും ഭാവവും ആ പ്രദേശത്തിന്‍റെ സാമൂഹിക സാംസ്കാരിക മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ആഫ്രിക്കയില്‍ പൊതുവായ ഒരു ആരാധനശൈലി ചൂണ്ടിക്കാണിക്കുക ബുദ്ധിമുട്ടായിരിക്കും. ഓരോ സമൂഹവും അവരുടെ പരിസ്ഥിതിയോടും പാരമ്പര്യങ്ങളോടും ഇണങ്ങിചേര്‍ന്നുകൊണ്ടുള്ള ഒരു ശൈലി അവലംബിച്ചിരിക്കുന്നു. ഇന്ന് കത്തോലിക്കാസഭ വളരെ പ്രത്യാശയോടെ നോക്കുന്ന സഭാസമൂഹമാണ് ആഫ്രിക്കയിലെ കത്തോലിക്കാ സഭാസമൂഹം.