news-details
കവർ സ്റ്റോറി

ആരാധനയിലെ വിരസത: ആരെ പഴിക്കണം?

ക്രൈസ്തവ സഭാസമൂഹങ്ങളിലെ ആരാധനക്രമങ്ങളെ സൂക്ഷ്മമായ ഒരപഗ്രഥനത്തിന് വിധേയമാക്കിയാല്‍ അവയുടെ സ്ഥല-കാല, ഭാഷാ-സാംസ്കാരിക, ദാര്‍ശനിക-ദൈവശാസ്ത്രസ്വാധീനങ്ങളും അവയുടെ organic വളര്‍ച്ചയില്‍ കണ്ടെത്താന്‍ കഴിയും. അതേസമയം വിവിധഘട്ടങ്ങളിലൂടെയുള്ള വളര്‍ച്ചയില്‍ ആരാധനക്രമത്തിന്‍റെ കാതലായ ആശയങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കുവാനും അവയുടെ സ്ഥായീഭാവം നിലനിര്‍ത്താനും ആരാധനക്രമനവീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാവുന്നതല്ല.

ആരാധനക്രമം സഭയില്‍ പല കാലഘട്ടങ്ങളിലും വിമര്‍ശനത്തിനും ഭിന്നതയ്ക്കും കാരണമായിട്ടുണ്ട് എന്നതാണ് വസ്തുത, പ്രത്യേകിച്ച് അവയുടെ നവീകരണവുമായി ബന്ധപ്പെട്ട്. ഓരോ സമൂഹത്തിന്‍റെയും identityയെയും individuality യെയും വെളിപ്പെടുത്തുന്നതാണ് അവയുടെ ആരാധനക്രമരീതികള്‍. വ്യക്തിസഭകളിലെ വിശ്വാസിസമൂഹത്തെ ദൈവതിരുമുമ്പില്‍ ഒരുപോലെ കൂട്ടിയിണക്കുന്ന മാധ്യമമായിരിക്കണം തനതു സഭകളിലെ ആരാധനക്രമത്തിന്‍റെ ആഘോഷം. ഈ കൗദാശികാഘോഷത്തിന്‍റെ ഫലമാണല്ലോ ക്രൈസ്തവന്‍റെ പ്രസാദാത്മക ജീവിതത്തിന്‍റെ അടിസ്ഥാനം. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ആരാധനക്രമഘോഷങ്ങള്‍, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയുടെയും മറ്റു കൂദാശകളുടെയും പരികര്‍മ്മങ്ങള്‍ "പൂര്‍ണവും ബോധപൂര്‍വ്വവും കര്‍മ്മോത്സുകവുമായ രീതിയില്‍" (SC 14) നടത്തപ്പെടേണ്ടതാണ്.

ആരാധനക്രമ ആഘോഷങ്ങള്‍ വിശ്വാസിയെ പ്രസാദാത്മകതയിലേക്ക് നയിക്കേണ്ടതാണെന്നതിനാല്‍ അതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും നവീകരണശ്രമങ്ങളും ഒരിക്കലും വിശ്വാസിസമൂഹത്തെ ഭിന്നതയിലേക്കും ഉതപ്പിലേക്കും വിശ്വാസരാഹിത്യത്തിലേക്കും നയിക്കുന്ന രീതിയിലേക്ക് തരംതാഴരുത്. പരസ്യമായ വിമര്‍ശനങ്ങള്‍ മാത്രമല്ല ചിലപ്പോഴെങ്കിലും അവയുടെ പരികര്‍മ്മരീതികളും കാര്‍മ്മികന്‍റേതുള്‍പ്പെടെ - സാധാരണ വിശ്വാസിയെ പ്രസാദാത്മകതയിലേക്ക് നയിക്കുന്നതിന് തടസ്സമാകുന്നു എന്ന് നാം ഓര്‍ക്കേണ്ടതാണ്.

ഇന്നത്തെ ആരാധനക്രമം വിശ്വാസിയെ പ്രസാദാത്മകതയിലേക്ക് നയിക്കുന്നില്ലെന്നും അവ ഒരനുഭവമാകുന്നില്ല എന്നതുമാണല്ലോ ആക്ഷേപങ്ങള്‍. ആരാധനക്രമത്തിന്‍റെ ആദ്യന്ത നവീകരണം വേണമെന്ന് വാദിക്കുന്നവര്‍ എന്നും ഉന്നയിക്കുന്ന ആക്ഷേപങ്ങളാണിവ. ഇത്തരത്തിലുള്ള ഒരു നവീകരണത്തിലൂടെ ഈ പ്രസാദാത്മകതയും അനുഭവവുമൊക്കെ പകര്‍ന്നുനല്കുവാന്‍ കഴിയുമോ? ഇന്നത്തെ പരസ്യാരാധനക്രമങ്ങള്‍ ദൈവത്തിലേക്ക് നയിക്കുന്നില്ല എന്നു പറയുന്നതിനു കാരണമായ ചില കാര്യങ്ങള്‍ മാത്രം നമുക്കിവിടെ ചര്‍ച്ച ചെയ്യാം. ദൈവവിശ്വാസമുള്ള എല്ലാ സമൂഹങ്ങളിലും കാണുന്ന ഒന്നാണ്, തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിനു നല്കുന്ന പരസ്യാരാധന. ആരാധനയുടെ രൂപഭാവങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും അതിന്‍റെ ലക്ഷ്യം ദൈവ-മനുഷ്യബന്ധത്തിന്‍റെ ആഴപ്പെടലും പ്രസാദാത്മകജീവിതവുമാണ്. ആരാധനക്രമങ്ങള്‍ എല്ലാംതന്നെ സ്ഥലകാലപരിധികള്‍ക്കും അതിനതീതമായും ക്രമപ്പെടുത്തിയിരിക്കുന്നതും നിലനിര്‍ത്തിയിരിക്കുന്നതും ഈ ലക്ഷ്യപ്രാപ്തിയിലേക്ക് വിശ്വാസിയെ നയിക്കുന്നതിനുവേണ്ടിയാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമദൈവശാസ്ത്രമനുസരിച്ച്, സഭാസമൂഹത്തിന്‍റെ നിയതമായ ആരാധനക്രമം വഴിയാണ് ഈശോയിലൂടെ സംസ്ഥാപിതമായ "നമ്മുടെ രക്ഷ നിര്‍വ്വഹിക്കപ്പെടുന്നത്"(SC 2). ഈ ദൈവശാസ്ത്രചിന്ത ആരാധനക്രമവുമായി ബന്ധപ്പെട്ട്, പൗരസ്ത്യപാരമ്പര്യത്തിലെ കത്തോലിക്കാ-അകത്തോലിക്കാ സഭാ സമൂഹങ്ങളിലും സമാനമാണ്. അങ്ങനെയെങ്കില്‍ സഭാസമൂഹത്തിന്‍റെ ക്രമാധിഷ്ഠിതവും നിയതവുമായ ആരാധനക്രമത്തിന്‍റെ അര്‍ത്ഥപൂര്‍ണമായ ആഘോഷത്തിലൂടെയും പങ്കുപറ്റലിലൂടെയുമാണ് ഒരു വിശ്വാസി പ്രസാദാത്മകതയിലേക്കും അതുവഴി ക്രിസ്തുസാക്ഷ്യപരമായ ജീവിതത്തിലേക്കും വളരുക.

കാര്‍മ്മികന്‍റെയും സമൂഹത്തിന്‍റെയും സജഗുണം (disposition) ആരാധനക്രമത്തിലൂടെയുള്ള ദൈവാനുഭവത്തിന്‍റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്. താന്‍ പരികര്‍മ്മം ചെയ്യുന്ന കൂദാശകള്‍ തനിക്കും സമൂഹത്തിനും ലോകം മുഴുവനും കൃപാദായകമായിരിക്കണമെന്ന ചിന്ത കാര്‍മ്മികനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ചിലപ്പോഴെങ്കിലും വിശുദ്ധ കൂദാശയുടെ പരികര്‍മ്മങ്ങള്‍ വെറുമൊരു സാമൂഹികാചാരം പോലെയും Event Management പോലെയും ആകുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അപ്രസക്തമായ 'അറിയിക്കലുകളും' അനാവശ്യമായ നിര്‍ദ്ദേശങ്ങളും ചിലപ്പോഴെങ്കിലും നടക്കുന്ന 'ഗുണദോഷിക്കലും' യാതൊരു ഒരുക്കവുമില്ലാത്ത, കേള്‍ക്കുന്നവന് ലഭിക്കാനൊന്നുമില്ലാത്ത ദീര്‍ഘമായ സുവിശേഷപ്രസംഗങ്ങളും അസ്വസ്ഥമായ മാനസികാവസ്ഥയും ഭക്തിയില്ലാത്ത, അര്‍ത്ഥം മനസ്സിലാക്കാതെയുള്ള യാന്ത്രികമായ അര്‍പ്പണങ്ങളുമൊക്കെ ഒരു പ്രസാദാത്മകതയും നല്കുകയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ട്.

ഇതിനോടുതന്നെ കൂട്ടിവായിക്കേണ്ട ഒന്നാണ് ആരാധനക്രമങ്ങളുടെ ദുരുപയോഗം. സഭയുടെ പൊതു ആരാധനക്രമങ്ങളെ വ്യക്തികളുടെ മനോധര്‍മ്മത്തിനും ഭാവനയ്ക്കും അനുസരിച്ച് ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ അത് വിശ്വാസിസമൂഹത്തിന് ഉതപ്പിനും സഭാഗാത്രത്തില്‍നിന്നുള്ള അകല്‍ച്ചക്കും വിശ്വാസരാഹിത്യത്തിനും ഇടയാക്കുന്നു. ആരാധനക്രമങ്ങളുടെ ദുര്‍വിനിയോഗം വലിയ തെറ്റായിട്ടുതന്നെയാണ് സഭ എന്നും കരുതുന്നത്. ആരാധനക്രമം സഭയുടെ പൊതുസ്വത്താണെന്നതിനാല്‍ വ്യക്തിപരമായി ഒരു വൈദികനും അതില്‍ മാറ്റം വരുത്താന്‍ അധികാരമില്ല. സഭ നല്കിയിരിക്കുന്ന ഐശ്ചികങ്ങളുടെ ഉപയോഗം അതിനപ്പുറത്തേക്കുള്ള ദുരുപയോഗമായി മാറുന്നു. ഇത് വിശ്വാസിസമൂഹത്തിന് ഉതപ്പിന് കാരണമാകുന്നു. ഐക്യപ്പെടുത്തേണ്ടവയുടെ ദുരുപയോഗത്താല്‍ ഭിന്നതയും സഭാഗാത്രത്തില്‍നിന്നുള്ള അകല്‍ച്ചയും ഉടലെടുക്കും. ഇതുപോലെതന്നെയാണ് ആരാധനക്രമസമൂഹത്തിന്‍റെ മനോഭാവവും പങ്കുചേരലും. രക്ഷാകരരഹസ്യങ്ങളുടെ ആഘോഷങ്ങളിലൂടെ തങ്ങളുടെ പാപപൊറുതിയും തത്ഫലമായി കരഗതമാകുന്ന പ്രസാദാത്മകതയും 'ക്രിസ്തു' എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഉള്‍ച്ചേരാനുള്ള സജഗുണത്തോടുകൂടി (disposition) പങ്കെടുക്കുമ്പോഴേ ആരാധന ഒരനുഭവമാകുകയുള്ളൂ. വെറും 'കാഴ്ചക്കാര്‍പോലെ, 'ഞായറാഴ്ച കടം' തീര്‍ക്കുന്നവരെപ്പോലെ, സാമൂഹികാചാരം പോലെ ആരാധനയുടെ ഏതെങ്കിലും നിമിഷങ്ങളില്‍ കയറിയിറങ്ങി വഴിപാട് തീര്‍ക്കുന്നതുപോലെയാണെങ്കില്‍ ഒരാരാധനയും, അത് എത്ര നവീകരണത്തിന് വിധേയമായാലും പ്രസാദാത്മകതയിലേക്കോ ദൈവാനുഭവത്തിലേക്കോ നയിക്കുകയില്ല എന്ന അവബോധം ഓരോ വിശ്വാസിക്കും ഉണ്ടാകണം.

ആരാധനക്രമത്തെ വളരെ വികലമാക്കുന്ന രീതികളും ശൈലികളുമാണ് ഭൂരിപക്ഷം ദൈവാലയങ്ങളിലെയും ഗായകസംഘങ്ങള്‍ അവലംബിക്കുന്നത്. എന്തിനാണ് ഗായകസംഘങ്ങള്‍ എന്ന ചോദ്യംപോലും വിശ്വാസികളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. വിശ്വാസിസമൂഹത്തെ ആരാധനയില്‍ അര്‍ത്ഥപൂര്‍ണ്ണമായും സജീവമായും പങ്കുചേരുന്നതിന് സഹായിക്കുക എന്ന പ്രഥമമായ ദൗത്യത്തേയും കടമയേയും മാറ്റിവെച്ചുകൊണ്ട് "പ്രകടനപരമായ ഗാനമേളകളായി" മാറുന്നു എന്നതാണ് സത്യം. ഇതിനു വൈദികര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. ആരാധനക്രമചൈതന്യത്തിന് അല്പംപോലും ചേരാത്ത സംഗീതത്തോടുകൂടിയ ഗാനങ്ങളും ഗാനമേളകളെ വെല്ലുന്ന ശബ്ദോപകരണങ്ങളുടെ ഉപയോഗവും ഒരുവനെ ദൈവാനുഭവത്തിലേക്കോ പ്രസാദവരത്തിലേക്കോ നയിക്കുമോ? ഈ വിഷയത്തിലുള്ള സഭയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളെ അവഗണിച്ചുകൊണ്ടുള്ള ഈ ഗാനാലാപനരീതികള്‍ വിശ്വാസികളെ സംഗീതത്തിലേക്കടുപ്പിച്ചേക്കാം(?), പക്ഷേ ദൈവത്തിലേക്കല്ല. ഇതുതന്നെയാണ് ഒരു കാലത്ത് യൂറോപ്പിലെ സഭയിലും സംഭവിച്ചതും. ആരാധനക്രമനവീകരണവും അതിന്‍റെ സ്ഥല-കാല, ഭാഷാ-സാംസ്കാരിക, ദാര്‍ശനിക-ദൈവശാസ്ത്ര വളര്‍ച്ചയും ആവശ്യംതന്നെ. വെറുതെ ഒരു നവീകരണത്തിനുവേണ്ടിയുള്ള നവീകരണം ഒരു ഗുണവും ചെയ്യില്ല എന്നുതന്നെ നാം ഓര്‍ക്കണം. ആത്യന്തികമായ ക്രിസ്തുരഹസ്യങ്ങളെ വളരെ നിസ്സാരങ്ങളായി അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്ന പ്രവണതകള്‍ വളരെ ദോഷകരമായ ഫലങ്ങളെ പുറപ്പെടുവിക്കൂ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരാധനക്രമം എന്താണെന്ന് വിശ്വാസികള്‍ മാത്രമല്ല വൈദികരും മെത്രാന്മാരും സുവ്യക്തതയോടെ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ നവീകരണത്തിലൂടെ കടന്നുവരിക നല്ല ഫലങ്ങളായിരിക്കുകയില്ല. ഇന്നത്തെ ആരാധനക്രമത്തിലൂടെ ദൈവാനുഭവവും പ്രസാദാത്മകതയും കൈവരുന്നില്ലെങ്കില്‍ നവീകരിക്കപ്പെടുന്ന ക്രമത്തിലൂടെയും കൈവരില്ല. കാരണം ഇത് വിശ്വാസിയുടെ സജഗുണത്തെ ആശ്രയിച്ചിരിക്കുന്നു.

You can share this post!

വണക്കമാസപ്പുരയിലെ ലുത്തീനിയകള്‍

ഫാ. ഷാജി സിഎംഐ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts