news-details
കവർ സ്റ്റോറി

ഞങ്ങളുടെ കൂട്ടത്തിലുള്ള അല്‍ഫോന്‍സാമ്മ എന്നെ വിസ്മയിപ്പിക്കുന്നു

ആള്‍ത്തിരക്ക് കുറഞ്ഞ ഉച്ചസമയം. ചില വ്യക്തതകള്‍ക്കുവേണ്ടി വി. അല്‍ഫോന്‍സാമ്മ താമസിച്ച മുറിയില്‍ ഇരിക്കവേ, മുഖപ്രസാദമുള്ള മധ്യവയസ്കയായ ഒരു അമ്മ വലിയൊരു പൊതിക്കെട്ടുമായെത്തി. അവിടെയൊരു മറയില്ലാത്ത സൗഹൃദസംഭാഷണം ഞാന്‍ കേട്ടു: "അമ്മേ, അല്‍ഫോന്‍സാമ്മേ, ശല്യപ്പെടുത്താതെ തനിച്ചൊന്നു കാണാന്‍ വന്നതാണ്. എന്‍റെ വീട്ടില്‍ അമ്മയ്ക്കുള്ള അരി മാറ്റിവച്ചതും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. old is gold എന്നല്ലേ അമ്മേ പറയുന്നത്. അമ്മ എന്‍റെ വീട്ടിലെ അംഗമായിട്ട് എത്രനാളായി അല്ലേ... (36 ദിവസങ്ങള്‍ കൂടുമ്പോള്‍, സ്വന്തം വീട്ടില്‍ അല്‍ഫോന്‍സാമ്മയ്ക്കായി നീക്കിവെയ്ക്കുന്ന അരിയുമായി വരുമത്രേ!). അല്‍ഫോന്‍സാമ്മയ്ക്ക് മറുപടി പറയാന്‍ സമയമിട്ടുള്ള ആ സംഭാഷണം എന്നെ സ്പര്‍ശിച്ചു. പിന്നെ, അമ്മേ, നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം എന്നും പറഞ്ഞ് "ഓ ഈശോനാഥാ ..." എന്ന പ്രാര്‍ത്ഥന മുഴുവനും ചൊല്ലി. പിന്നെ കാണാം, റ്റാറ്റാ ചൊല്ലി അമ്മച്ചി പുറത്തേക്ക്. എന്നെ കണ്ടതേ അമ്മയുടെ ജീവിതത്തില്‍ അല്‍ഫോന്‍സാമ്മ ചെയ്ത വന്‍കാര്യങ്ങളുടെ  സാക്ഷ്യം പറച്ചില്‍. വീണ്ടുമിതാ ഞങ്ങളുടെ കൂട്ടത്തിലെ - എഫ്.സി.സിയിലെ ഈ വിശുദ്ധ കന്യാസ്ത്രീ എന്നെ വിസ്മയിപ്പിക്കുന്നു.

കാലിത്തൊഴുത്തിലെ ജനനം മുതല്‍ കാല്‍വരിയിലെ മരണം വരെ യേശുവിന്‍റെ സഹനപാതയില്‍ എന്നും ഒപ്പമുണ്ടായിരുന്നത് അവന്‍റെ അമ്മയും കുറെ വിശുദ്ധ സ്ത്രീകളുമായിരുന്നു. മുപ്പതുനാണയങ്ങളുടെ തുച്ഛമായ ലാഭത്തിനുവേണ്ടി ഒറ്റുകാരന്‍റെ വേഷപ്പകര്‍ച്ചയിട്ട പ്രിയശിഷ്യനും അല്പസുഖങ്ങള്‍ക്കു മുന്നില്‍ മൂന്നുവട്ടം തള്ളിപ്പറഞ്ഞ ശിഷ്യപ്രമുഖനും, സ്വന്തം ഭീരുത്വത്തിന്‍റെ തോടിനുള്ളിലേക്ക് ഉടുവസ്ത്രം പോലും ഉപേക്ഷിച്ചോടിയ ആത്മ സ്നേഹിതനും രക്ഷാകരചരിത്രത്തിലെ നേര്‍ക്കാഴ്ചകളാണെങ്കില്‍, അധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തെ തെല്ലും വകവയ്ക്കാതെ, ആ സഹനപാതയില്‍ സ്ഥൈര്യത്തോടെ നിന്നവരായിരുന്നു വിശുദ്ധ സ്ത്രീകള്‍. അല്‍ഫോന്‍സാമ്മയുടെ സ്ഥാനവും ആ വിശുദ്ധ സ്ത്രീകള്‍ക്കൊപ്പമാണ്.

കുടമാളൂരുള്ള സ്വഭവനത്തിലെ ദൈന്യതയാര്‍ന്ന ബാല്യത്തിനും മുരിക്കല്‍ തറവാട്ടില്‍ പേരമ്മയുടെ കാര്‍ക്കശ്യത്തിലുള്ള കൗമാരത്തിലും സഹനം തന്നെയായി മാറിയ അര്‍പ്പിത ജീവിതത്തിന്‍റെ ഹ്രസ്വയൗവ്വനത്തിനും, ആ കന്യകയെ ഒരു വാക്കുകൊണ്ടോ, ചിന്ത കൊണ്ടോ വിശുദ്ധ സഹനത്തില്‍നിന്നുള്ള പിന്‍മടക്കത്തിനല്ല, കുരിശിന്‍ ചുവട്ടിലെ വിശുദ്ധ സ്ത്രീകളോടൊപ്പം സമ്പൂര്‍ണസമര്‍പ്പണത്തിനായാണ് സജ്ജമാക്കിയത്.

നമ്മുടെ കാലത്തിനുവേണ്ടി പ്രവാചകത്വം നിര്‍വ്വഹിച്ച വ്യക്തിയാണ് അല്‍ഫോ ന്‍സാമ്മ. സന്തോഷത്തിലേക്കും മഹിമയിലേക്കും ഒരു വഴിയുണ്ടെന്ന്, ആനന്ദം കൊണ്ടു നിറയ്ക്കുന്ന ഒരു വഴിയുണ്ടെന്ന്, അത് യേശുവിലേക്കുള്ള വഴി തന്നെയാണെന്ന് ജനങ്ങളോടു പറയുന്നതാണ് പ്രവാചകത്വം. യേശുവിനോട് സമീപസ്ഥരായിരിക്കാനുള്ള വഴിയാണത്. അല്‍ഫോന്‍സാ എന്ന കൊച്ചു കന്യാസ്ത്രീ അമ്മയായി - അല്‍ഫോന്‍സാമ്മയായി ജീവിച്ചിരുന്ന കാലത്ത് പ്രവാചകത്വത്തിന്‍റെ ധര്‍മ്മം അല്‍ഫോന്‍സാമ്മ നിര്‍വഹിച്ചത് തന്‍റെ ആത്മീയമാതൃത്വത്തിലൂടെയാണ്. അനുഭവിച്ചതാകട്ടെ സമൂഹാംഗങ്ങളും ഭരണങ്ങാനത്തിനു ചുറ്റുമുള്ളവരുമാണ്. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെ വാടാത്ത പൂക്കള്‍ ഭരണങ്ങാനം ഗ്രാമത്തിന്‍റേതു മാത്രം. അത് ഞങ്ങളുടെ അമ്മയ്ക്ക് സ്വന്തം മക്കളുടെ സ്നേഹോപഹാരം. ഒരു പ്രവാചകനുണ്ടായിരിക്കേണ്ട 'അതെ', 'അല്ല' 'മതി', 'വേണ്ട' മനോഭാവം അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലുടനീളം കാണാം. ജീവിതത്തെ ഉത്തരവാദിത്വമായും -ഉത്തരവാദിത്വത്തെ നിയോഗമായും - നിയോഗത്തെ സന്ന്യാസത്വമായും തിരിച്ചറിഞ്ഞ് ആത്മീയതയെ അല്‍ഫോന്‍സാമ്മ നിര്‍വ്വചിച്ചു എന്നതിന്‍റെ തെളിവാണ് അല്‍ഫോന്‍സാമ്മ എഴുതിയ കത്തുകളും സൂക്തങ്ങളും. കൂടുതല്‍ സത്യമായ, കൂടുതല്‍ മഹത്തായ ഒരു നന്മയുണ്ട് എന്നു സാക്ഷിക്കുമ്പോള്‍ പ്രവാചകത്വം പൂര്‍ണമാകുന്നു. അല്‍ഫോന്‍സാമ്മ അതാണ് ലോകത്തോട് സംവദിക്കുന്നതും.

അല്‍ഫോന്‍സാമ്മയുടെ ജീവിതം അന്നും ഇന്നും നേരുകളും നേര്‍ക്കാഴ്ചകളുമായിരുന്നു. വിശുദ്ധി പ്രാപ്യമെന്ന് കണ്‍മുമ്പില്‍ തെളിയിച്ചവള്‍. എല്ലാ വര്‍ഷവും ജൂലൈ 27-ാം തീയതി വൈകിട്ട് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം ഭരണങ്ങാനം മഠം ചാപ്പലിനു മുമ്പിലെത്തുമ്പോള്‍ - സിസ്റ്റേഴ്സ് അല്‍ഫോന്‍സാമ്മയെ ഏറ്റുവാങ്ങുമ്പോള്‍ - നിര്‍വ്വചിക്കാനാവാത്ത ഒരാനന്ദം എന്‍റെയുള്ളില്‍ അനുഭവിക്കാറുണ്ട്. ഏതാണ്ട് 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് സിസ്റ്റേഴ്സ് തന്നെ (മൃതദേഹസംസ്കാരത്തില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ എണ്ണം കുറവായിരുന്നതിനാല്‍) അല്‍ഫോന്‍സാമ്മയുടെ മൃതശരീരം എടുക്കേണ്ടി വന്നത് ദൈവനിമിത്തമെന്ന നേര് ഇവിടെ തെളിയുകയാണ്. ജ്വലിക്കുന്ന ഹൃദയത്തോടെ അല്‍ഫോസാമ്മ നമുക്കിന്ന് സമീപസ്ഥയാണ്. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ അപൂര്‍വ്വതയുള്ള ചില അനുഭവങ്ങളും ദൈവിക സൂചനകളും അവളിലെ വിശുദ്ധിയുടെ സാക്ഷ്യങ്ങളായി സമൂഹം എന്നെന്നും സൂക്ഷിച്ചു വയ്ക്കുന്നു. നിര്‍മ്മലമായ ആ മനസ്സിന്‍റെ മദ്ധ്യസ്ഥത തങ്ങള്‍ക്ക് ഉദ്ദിഷ്ടകാര്യസാധ്യത്തിനും, ദൈവോന്മുഖമായ ജീവിത പുരോഗതിക്കും സഹായകമായിത്തീരുന്നു എന്നതാണ് വിശുദ്ധയുടെ ജീവിതംകൊണ്ട് വിശ്വാസികള്‍ക്കു കൈവരുന്ന നേട്ടം. ആവൃതിനിയമവും മൗനനിയമവും കാര്‍ക്കശ്യമായിരുന്നപ്പോഴും നിയമത്തിന്‍റെ കാവലാളായിക്കൊണ്ടുതന്നെ സ്നേഹത്തിന്‍റെ സാമീപ്യവും സംലഭ്യതയും അല്‍ഫോന്‍സാമ്മ നല്കി. രാത്രികളില്‍ രോഗദൈന്യതകളാല്‍ നൊമ്പരപ്പെട്ട സഹോദരിമാരുടെ അടുത്ത് സ്നേഹത്തിന്‍റെ ആശ്വാസം മനഃപൂര്‍വ്വം ലേപനം ചെയ്ത സ്നേഹിതയായി. അടുക്കളയിലെ സഹോദരിമാര്‍ ഉറക്കമിളച്ച് പുകയൂതുമ്പോള്‍ സ്നേഹദൂതുമായി കൂട്ടിരിക്കുന്ന സ്വന്തക്കാരിയായി അല്‍ഫോന്‍സാമ്മ.

അല്‍ഫോന്‍സാമ്മ എഴുതിയ കത്തുകള്‍ - അവയിലൂടെ ഇന്നും നമ്മോട് സംസാരിക്കുന്നതുപോലെ. പണവും ദാരിദ്ര്യവും മൂലമുള്ള ഇല്ലായ്കളാല്‍, ഭരണങ്ങാനം മഠത്തിലെ മദര്‍ വേദനിക്കുമ്പോള്‍, സ്നേഹനൊമ്പരത്തോടെ എത്ര വികാരഭരിതമായി അല്‍ഫോന്‍സാ എഴുതുന്നു. കത്തുകള്‍ ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും ആവിഷ്കാരമാണെന്ന് നാം സമ്മതിക്കും. 1946 ഫെബ്രുവരിയില്‍ രോഗത്തിന്‍റെ മൂര്‍ദ്ധന്യതയിലും നൊവിഷ്യേറ്റ് ഗുരുവായ ളൂയീസച്ചന് എഴുതിയ നീണ്ട കത്ത് അവസാനിക്കുന്നതിങ്ങനെ : "പ്രിയ പിതാവേ,, ഞാന്‍ വളരെ ബദ്ധപ്പെട്ട് എഴുതിയതാണേ. അതുകൊണ്ട് മുഴുവന്‍ വായിക്കണമേ" - എന്ന്.

പരമ്പരാഗതമായി ഇന്ത്യ ജ്ഞാനത്തിന്‍റെ സമൂഹമാണ്. മഹാപണ്ഡിതരും തത്വചിന്തകരും ഈ മണ്ണിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഈ മണ്ണില്‍ വിശുദ്ധി രൂപപ്പെടും എന്നു തിരിച്ചറിഞ്ഞ ഋഷിവര്യന്മാരുണ്ട്. കാലം നമ്മെ പഠിപ്പിക്കുന്നത് അല്‍ഫോന്‍സാമ്മയെപ്പോലുള്ള വിശുദ്ധര്‍ ഈ നാടിന്‍റെ അനിവാര്യത എന്നാണ്. മൗനത്തിന്‍റെ ഒരു കാലത്തിലൂടെ, പ്രശാന്തതയുടെയും അടക്കത്തിന്‍റെയും ഒരു കാലത്തിലൂടെ, തന്നിലുള്ള ക്ഷമയെയും, ഏകാഗ്രതയെയും, സഹനശീലത്തെയും പരീക്ഷിക്കപ്പെട്ട ഒരു പരീക്ഷകാലത്തിലൂടെ കടന്നുപോയ അല്‍ഫോന്‍സാമ്മ ജ്ഞാനത്തിന്‍റെ പ്രകാശമുള്ളവളായി, ആര്‍ഷഭാരതത്തിന്‍റെ ആഢ്യത്വമുള്ള കന്യകയായി. ഉള്‍ക്കാഴ്ചകളുടെ ഒരു ദൈവിക വാതില്‍ അല്‍ഫോന്‍സാമ്മ തലമുറകള്‍ക്കായി തുറന്നിടുകയാണ്. വി. അല്‍ഫോന്‍സാ ഷ്റൈനില്‍ ഇടവിടാതെ എത്തി പ്രാര്‍ത്ഥിക്കുന്ന ഭക്തജനങ്ങളുടെ മുഖത്ത് മിന്നുന്ന ചലനാത്മകത വിശ്വാസത്തിന്‍റെ നേര്‍കാഴ്ചകളാണ്. അനേകരുടെ നീറ്റലുള്ള പ്രശ്നങ്ങള്‍ക്ക് അല്‍ഫോന്‍സാമ്മ ഒരു ഒറ്റമൂലിയാണ്. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം തേടുന്നവര്‍ക്ക് അത്ഭുതങ്ങള്‍ അനുഭവപ്പെടുമ്പോള്‍, രോഗശാന്തിയും രോഗമുക്തിയും നേരാകുമ്പോള്‍, ആരവത്തിന്‍റെ അകമ്പടിയില്ലാത്ത സാക്ഷ്യമാണിവിടെ രേഖപ്പെടുത്തുന്നത്. കാരണം സ്വര്‍ഗ്ഗത്തിലാണ് അല്‍ഫോന്‍സാമ്മ അവരുടെ നൊമ്പരങ്ങള്‍ രേഖപ്പെടുത്തുന്നത്. ദൈവവചനത്തെ സമര്‍ത്ഥമായും സമൃദ്ധമായും വ്യാഖ്യാനിച്ച്  ബുദ്ധിയുടെ ശ്രമത്തിലും ഭ്രമത്തിലും ആവേശത്തോടെ ക്രിസ്തുവിനെ തങ്ങള്‍ക്കനുയോജ്യരാക്കുന്നവരുടെ വാക്ധോരണിയില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിക്ക് ഭ്രഷ്ട് കല്പിക്കുന്നവരുണ്ട്. ബിസിനസ്സ് മാനേജ്മെന്‍റ് ഇല്ലാതെ, പരസ്യകലകളുടെ അമ്പരപ്പില്ലാതെ, ഫ്ളക്സ് ബോര്‍ഡുകളുടെ നിരകളില്ലാതെ ഭരണങ്ങാനത്തേക്ക് - അല്‍ഫോന്‍സാമ്മയുടെ അടുത്തേക്ക് ജനക്കൂട്ടങ്ങളെത്തും.

സ്ത്രീയില്‍നിന്നു തന്നെ ജനിക്കണമെന്ന് തീരുമാനിച്ചവനാണ് ദൈവപുത്രന്‍. ഗര്‍ഭാരിഷ്ടതകള്‍ വര്‍ദ്ധിക്കുമെന്ന് ഏദനിലെ സ്ത്രീയോട് ദൈവം പറഞ്ഞെങ്കില്‍, നസ്രസിലെ സ്ത്രീയോട് സ്വസ്തി പറഞ്ഞവനാണ് ദൈവം. കൃപ കണ്ടെത്തിയവളായി തന്‍റെ പുത്രന് ജന്മം നല്കാന്‍ സ്ത്രീയേ മാതൃത്വത്തിന്‍റെ ധന്യത നല്കി അനുഗ്രഹിച്ചു. അനേകരെ ക്രിസ്തുവില്‍ ജനിപ്പിച്ച് ക്രിസ്തുജ്ഞാനം നല്കി ഭരണങ്ങാനത്തെ സ്ത്രീ - അല്‍ഫോന്‍സാ - അമ്മയാകുന്നു.  

You can share this post!

വണക്കമാസപ്പുരയിലെ ലുത്തീനിയകള്‍

ഫാ. ഷാജി സിഎംഐ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts