വല്യവായില്‍ നിലവിളിച്ച് പള്ളിയിലേക്കു കയറിപ്പോയ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു വരണമെങ്കില്‍ ഒരേയൊരു സാദ്ധ്യതയേയുള്ളൂ. അവള്‍ മദ്യപിച്ചിരിക്കണം! അവളുടെ ഞൊടിയിടയിലെ ഭാവപ്പകര്‍ച്ചകളെ ദൂരത്തുനിന്നു കണ്ടുകൊണ്ടിരുന്ന പുരോഹിതന്‍ അതവളോടു പറയുകയും ചെയ്തു. അല്ല, ഞാന്‍ എന്‍റെ സങ്കടങ്ങളെ കര്‍ത്താവിന്‍റെ സന്നിധിയില്‍ ചൊരിഞ്ഞിട്ട് വരികയാണെന്നായിരുന്നു അവളുടെ മറുപടി. സാമുവേലിന്‍റെ അമ്മയാണിത്. ദൈവം നമുക്ക് സങ്കല്പിക്കാനാവുതിനേക്കാള്‍ വായ്വട്ടമുള്ള വലിയൊരു പാത്രമാണ്. കൈക്കുമ്പിളിലെ സങ്കടങ്ങളെ അതിലേക്ക് ചൊരിഞ്ഞിട്ട് ഓരോരുത്തരും കുറെക്കൂടി സ്വാസ്ഥ്യവും പ്രസാദവും അനുഭവിക്കണം. കുറെക്കൂടി പ്രസാദമുള്ള ജീവിതത്തിന് പ്രേരണയായില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇത്രയും ദേവാലയങ്ങള്‍? നമ്മുടെ കളഞ്ഞുപോയ പുഞ്ചിരിയെ തിരികെപ്പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണീ ഗുരുക്കന്മാര്‍.
വിഷാദം ജീവിതത്തിന്‍റെ സ്ഥായിയായ ഭാവമാണെന്ന് നാമെങ്ങനെയോ ധരിച്ചുവച്ചിരിക്കുന്നു. ആത്മാവില്‍ ഇരുട്ടുമഴ പെയ്യുന്നതായും മനസ്സിന്‍റെ വാതായനങ്ങള്‍ ഒന്നൊന്നായി അടയുകയും ചെയ്യുമെന്നും നമ്മള്‍ മുന്‍വിധി ചെയ്യുന്നു. തന്‍റെ കൂട്ടുകാരികളെല്ലാം വിഷാദികളായതുകൊണ്ട് ആ പേരില്‍ ഒരു പുസ്തകത്തിന്‍റെ ശീര്‍ഷകമിട്ടു ഗബ്രിയേല്‍ മാര്‍ക്യൂസ്! എല്ലാ നഗരങ്ങളിലും സ്ഥായിയായ ഒരു വിഷാദമുണ്ടെന്നും ആ വിഷാദം തന്‍റെ നഗരമായ ഇസ്താംബൂളില്‍ കൂടുതലായിരുന്നുവെന്നും പാമുക്ക് നിരീക്ഷിക്കുന്നുണ്ട്. എല്ലാം സന്ധ്യകളും വിഷാദഭരിതങ്ങളെന്ന് രവിയിലൂടെ ഒ. വി. വിജയന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പിരിയന്‍ ഗോവണിപോലുള്ള ജീവിതത്തില്‍ അടുത്ത വളവിലും നല്ലതൊന്നുമുണ്ടാവില്ലെന്ന കൊടിയ പെസ്സിമിസ്സത്തില്‍നിന്നാണ് ഇത്തരം ചില ഭയങ്ങള്‍. ഓരോ മനുഷ്യനും അവരില്‍നിന്ന് മാഞ്ഞുപോയ പുഞ്ചിരിയെ വീണ്ടെടുക്കേണ്ടതുണ്ട്. ആ വീണ്ടെടുപ്പ് ചിലപ്പോള്‍ അപരന്‍റെ ജീവിതത്തെയും അഴകുള്ളതാക്കിയെന്നിരിക്കും.
ഗൗരവത്തില്‍ അത്ര നല്ലതോ ചീത്തയോ ഇല്ല. അത് ഒരാളുടെ സ്വഭാവപ്രത്യേകതയായി മാത്രം കരുതിയാല്‍ മതി. ചിരിയെ ഭയക്കാനുള്ളതാണെന്ന് കരുതിയ പുണ്യവാന്മാര്‍ നമ്മുടെ ജീവിതത്തെ എത്ര സമ്മര്‍ദ്ദത്തിലാക്കി. സുവര്‍ണ്ണ നാവുള്ള ക്രിസോസ്റ്റം പുണ്യവാന്‍പോലും ഇങ്ങനെയാണ് പറഞ്ഞത്: ചിരി പാപമല്ലായിരിക്കാം; എന്നാല്‍ അത് പാപത്തിലേക്കുള്ള വഴിയാണ്. നാനൂറ്റി ഏഴില്‍ മരിച്ച അദ്ദേഹത്തിന് പിന്‍ഗാമികള്‍ ഏറെയുണ്ടായിരുന്നു. ബൈബിളിനുശേഷം ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ക്രിസ്താനുകരണം കുറച്ചധികം അനാരോഗ്യകരമായ നിലപാട് പുലര്‍ത്തുന്നതായി തോന്നുന്നില്ലേ? ജീവിതത്തെ ഒരു വലിയ വിലാപമായി ചിത്രീകരിക്കുകയാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ആ ക്ലാസ്സിക് ഗ്രന്ഥം. ലിയോണിലെ ലൂയിസ് എന്ന സ്പാനിഷ്കവിയും സന്ന്യാസിയും ജനിക്കാതിരിക്കുന്നതായിരുന്നു ഏറ്റവും വലിയ ഭാഗ്യമെന്നു കരുതി. അതിനു കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞപക്ഷം ജനിച്ച നേരത്ത് മരിച്ചിരുന്നെങ്കിലെന്നും എഴുതിവയ്ക്കുമ്പോള്‍ ചിരിയും പ്രസാദവുമൊക്കെ എത്ര അപകടം പിടിച്ച കാര്യമാകുന്നു.
ദുരൂഹവും ഗഹനവും ഗൗരവപൂര്‍ണ്ണവുമെന്ന് നാം ധരിച്ചുവച്ച ആത്മീയതയുടെ നിരോധിതമേഖലകളിലേക്ക് സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വരകളുടെയും വര്‍ണ്ണങ്ങളുടെയും വെളിച്ചത്തിന്‍റെയും ഭാഷയുമായി വരുന്നവര്‍ക്ക് ഇടമുണ്ടെന്ന് തിരിച്ചറിയുന്ന പുതിയ സെന്‍സിബിലിറ്റികള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. പ്രാമാണികവും നൈയാമികവുമായ മതഭീതികളും വിധിനിഷേധങ്ങളും അപ്പോള്‍ ഒരാളില്‍നിന്ന് ഒഴിഞ്ഞുപോയെന്നിരിക്കും. ഭാവനയുടെയും ചിന്തയുടെയും ക്രമീകരണംകൊണ്ട് ജീവിതത്തിന്‍റെ സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മീയത എത്ര മൃതമായ ഒരു പദമാണ്. ജീവിതോന്മുഖമായ ഒരു സംസ്കാരത്തില്‍നിന്നാണ് പ്രസാദമെന്ന പദമുണ്ടായായതെന്നു തോന്നുന്നു. പുഞ്ചിരിയെന്നും തൃപ്തിയെന്നും ആര്‍ദ്രതയെന്നും അതിന് നാനാര്‍ത്ഥങ്ങളുണ്ട്. ആനന്ദത്തിന്‍റെ മറ്റൊരു ഭാവം തന്നെയാണത്. ബുദ്ധന്‍റെ ചങ്കോട് ചേര്‍ന്നിരുന്ന ശിഷ്യന്‍റെ പേര് അതായിരുന്നു - ആനന്ദന്‍. ഏതൊരു സാധകനും സ്വീകരിക്കാവുന്ന നാമവിശേഷണമാണത്. സ്വന്തം ജീവിതത്തിന്‍റെ ആനന്ദവഴികള്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരാളെ നിങ്ങള്‍ എന്തിന് ആത്മീയമനുഷ്യന്‍ എന്നു വിളിക്കണം. മന്ത്രോച്ചാരണങ്ങളോ ജപമണികളോ നിഗൂഢാചാരങ്ങളോ ജീവിതത്തില്‍ പ്രസാദം നിറയ്ക്കണമെന്നില്ല. സ്വയം പ്രകാശിക്കുക എന്നതാണ് അടിസ്ഥാനധര്‍മ്മം. ഓരോരുത്തരും അവനവന്‍റെ തന്നെ പ്രകാശമായിരിക്കേണ്ടതുണ്ട് എന്ന ബുദ്ധമൊഴികളുടെ അനുരണനങ്ങള്‍ ജെ. കൃഷ്ണമൂര്‍ത്തിയുടെ ഡയറിക്കുറിപ്പുകളില്‍ ആവര്‍ത്തിച്ചുവായിച്ചിട്ടുണ്ട്. പ്രമാണങ്ങളുടെയും സിദ്ധാന്തങ്ങളുടെയും നിഗമനങ്ങളുടെയും നിഴലില്‍പ്പെട്ടുപോയ ഒരാള്‍ക്ക് തന്‍റെ വെളിച്ചമാകാനുള്ള സാധ്യത തുലോം കുറവാണെന്ന് അയാള്‍ തുടര്‍ന്നെഴുതുന്നുണ്ട്.
എല്ലാത്തിനുമൊടുവില്‍ ഒരു മന്ദസ്മിതം ബാക്കിയുണ്ട്. ചിലപ്പോള്‍ കുറച്ചുനനവുള്ള ഒരു പുഞ്ചിരി. നിറകണ്‍ചിരി എന്നൊരു വാക്ക് സി. രാധാകൃഷ്ണന്‍ ഭാഷയ്ക്ക് നല്കിയിട്ടുണ്ട്. കൊടിയ ദാരിദ്ര്യത്തിന്‍റെയും മിഥ്യാഭിമാനത്തിന്‍റെയും ചോര പൊടിഞ്ഞ കഥകളെഴുതുമ്പോഴും മന്ദസ്മിതപ്രസ്ഥാനമെന്ന് കാരൂരിന്‍റെ എഴുത്തുശൈലി എങ്ങനെയാണ് അറിയപ്പെട്ടത്. ഇരുളും വെളിച്ചവും പിണഞ്ഞ ജീവിതത്തില്‍ത്തന്നെ മറുപിറവിയുടെ ആനന്ദം കാരൂര്‍ അനുഭവിച്ചു. ജീവിതം അതിന്‍റെ എല്ലാത്തരം കയ്പുകളോടുകൂടിത്തന്നെ മധുരമായ ഒരനുഭവമായി തിരിച്ചറിയേണ്ടതുണ്ടെന്ന് ഗുരുക്കന്മാര്‍ ഭൂമിയോട് നിരന്തരം മന്ത്രിച്ചു. നിങ്ങള്‍ കാണുന്നവ കാണാന്‍ കഴിഞ്ഞ കണ്ണുകള്‍, നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ കഴിഞ്ഞ കാതുകള്‍ ഒക്കെ അനുഗൃഹീതമെന്ന് പടവുകളില്‍ ഇരുന്ന് ആ മരപ്പണിക്കാരന്‍ മുക്കുവരോട് പറയുന്നത് ധ്യാനിക്കുക. അവനവന്‍റെ ജീവിതത്തിന്‍റെ ഭംഗികളെ തിരിച്ചറിയുകയാണ് ശരിയായ ആത്മീയത. ജീവിതം കടന്നുപോയ നെടിയപാതകള്‍, മനസ്സിന്‍റെ വന്യതകള്‍, ബന്ധങ്ങളുടെ ഇടനാഴികള്‍, ഓര്‍മ്മകളിലെ ഉത്സവങ്ങള്‍, നടുക്കങ്ങള്‍, മരണഭീതി, ഏകാന്തതകള്‍... എല്ലാത്തിലും പ്രസാദം നിറഞ്ഞ ആത്മീയത വര്‍ത്തിക്കുന്നുണ്ട്. ജീവനെ ഘോഷിക്കുന്നവര്‍ക്ക് മാത്രം വെളിപ്പെട്ടുകിട്ടുന്ന, അവര്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്ന്.
ശൈഖദര്‍ശനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗുരുനാനാക്കിന്‍റെ ക്രിയേറ്റിവ് മിസ്റ്റിസിസം എന്ന ആശയം ഇതുമായി ബന്ധപ്പെട്ടതാണ്. ബോധത്തിലേക്ക് വെളിച്ചത്തിന്‍റെ പൊട്ടുകള്‍ പതിച്ച നിമിഷത്തില്‍ അയാള്‍ അസാധാരണതൃപ്തിയുള്ള അവധൂതനായി മാറുന്നു. ഇനി വ്യക്തിപരമായ സംഘര്‍ഷങ്ങളോ വേദനകളോ സഹനങ്ങളോ ഇല്ല. പ്രസാദം നെറ്റിയില്‍ മുത്തമിട്ടവരാണ് ശരിയായ അവധൂതര്‍. രാമകൃഷ്ണപരമഹംസനെന്ന പദം വിവേകാനന്ദന്‍ ആദ്യം കേട്ടത് ക്ലാസ്മുറിയില്‍ നിന്നായിരുന്നു. പ്രസിഡന്‍സി കോളേജ് പ്രിന്‍സിപ്പല്‍ വില്യം ഹെസ്റ്റി, വില്യം വേഡ്സ്വര്‍ത്തിന്‍റെ കവിതയില്‍ പരാമര്‍ശിക്കുന്ന പരമാനന്ദം -എക്സ്റ്റസി- എന്ന പദം വിശദീകരിക്കുമ്പോള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതായിരുന്നു ആ ഗുരുവിനെ...
അപമാനവും തിരസ്കാരവും കൊണ്ട് നുറുങ്ങേണ്ട ഒരു രാവ് പ്രസാദപൗര്‍ണ്ണമിയില്‍ പൊലിച്ച രാവിന്‍റെ കഥയാണ് ക്രിസ്മസ്. നിരാശയിലേക്കും ആത്മനിന്ദയിലേക്കും കൂപ്പുകുത്തേണ്ട ഒരിടം എത്ര അഴകുള്ളതായി. വാനില്‍ ഒരപൂര്‍വ്വനക്ഷത്രം, ദേവദൂതരുടെ കീര്‍ത്തനങ്ങള്‍. ഇടയരുടെ മിഴികളിലെ വിസ്മയം, ജ്ഞാനികളുടെ ആരാധന. പാഴായ ഒരു പുല്‍ത്തൊഴുത്ത് എത്ര സമ്പന്നമായി. തിര്യക്കുകള്‍ പോലും തലയെടുപ്പോടെ നിന്നു. അവരുടെ ചൂടിനും ചൂരിനും അവകാശിയെന്നപോലെ ഒരു കുഞ്ഞു പിറന്നിട്ടുണ്ട്. ആ കുഞ്ഞിനെ യേശുവെന്ന് മാത്രമല്ല ഇസഹാക്കെന്നും വിളിക്കാം. പുഞ്ചിരിക്കുവാന്‍ തങ്ങള്‍ക്ക് ഒരു കാരണം എന്ന അര്‍ത്ഥത്തിലാണ് ആ പേര് അബ്രാഹമും സാറായും തങ്ങളുടെ കുഞ്ഞിനെ വിളിച്ചത്.
ആ കുഞ്ഞ് വളര്‍ന്നുവരും, ഭൂമിയെ അതിന്‍റെ പ്രസാദപാഠങ്ങള്‍ പഠിപ്പിക്കുവാന്‍. അതായിരിക്കും അയാളുടെ നിയോഗം. അതുകൊണ്ടാണല്ലോ തന്‍റെ ജീവിതത്തിന്‍റെ മടങ്ങിപ്പോകുന്ന ദിനങ്ങളില്‍ ഒന്നില്‍, ഞാനിവയൊക്കെ നിങ്ങളോട് സംസാരിച്ചത് നിങ്ങളുടെ ആനന്ദം പൂര്‍ണ്ണമാക്കാനെന്നു പറഞ്ഞ് അവിടുന്ന് സംഗ്രഹിച്ചത്. എന്നിട്ടും യേശു ചിരിച്ചിട്ടേയില്ല എന്നു ശഠിച്ച പണ്ഡിതന്മാരെങ്ങനെ ഈ ഗുരുധര്‍മ്മത്തിലുണ്ടായി. ഫ്രഞ്ച് ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ പിയറെ നിക്കോള ഒരു വാശി കണക്കത് പറയാന്‍ ശ്രമിച്ചിരുന്നു. ലോകത്തിന്‍റെ ദുഃഖങ്ങളും നുകങ്ങളും ഏറ്റുവാങ്ങാനെത്തിയ യേശുവിന് ചിരിക്കാനെവിടെ നേരമെന്നായിരുന്നു അവരുടെ യുക്തി. പതിനെട്ടു മണിക്കൂര്‍ മാത്രം നീണ്ട അവന്‍റെ പീഡാസഹനത്തെ കടുംവര്‍ണ്ണങ്ങള്‍ ചാലിച്ച് അനുവാചകനെ ഭാരപ്പെടുത്തുകയും നുറുക്കുകയും ചെയ്യുന്നിടത്താണ് ദേവാലയനുബന്ധിയായ കലകളുടെ ജയമെന്ന് ധരിച്ചു. അങ്ങനെ അവന്‍ കണ്ട വയല്‍പ്പൂക്കളെയും അവനോടു കിന്നാരം പറഞ്ഞ ആകാശപ്പറവകളെയും കുറുമ്പുകാട്ടാനായി ഓടിയെത്തുന്ന കുഞ്ഞുങ്ങളുടെയും പ്രകാശമുള്ള ഒരു ലോകം കാണെക്കാണെ നമ്മള്‍ മറന്നുപോയി.
പ്രസാദത്തിലേക്ക് ഒരാളെ നയിക്കുന്ന ചില അനിവാര്യഘടകങ്ങളെക്കുറിച്ച് ക്രിസ്തു സൂചിപ്പിക്കുന്നത് ഒന്നു വേഗത്തില്‍ കണ്ടാല്‍ നല്ലതാണ്. ജീവനെന്ന മഹാവിസ്മയവുമായി ബന്ധപ്പെട്ടാണ് ഈ പ്രസാദജീവിതത്തിന്‍റെ ആദ്യചുവട്. ഒരു കുഞ്ഞുപിറന്നതു കേട്ടമാത്രയില്‍ ഗ്രാമീണ മനുഷ്യര്‍ എന്തൊരു ആഹ്ലാദത്തോടെയാണ് ആ ഈറ്റില്ലത്തേക്ക് വരുന്നത്. ആരുടെ കുഞ്ഞെന്നോര്‍ക്കേണ്ട - ഒരു കുഞ്ഞ്. നമ്മുടെ കൊടിയ ശൈത്യത്തിലേക്കും ഇരുട്ടിലേക്കും മിന്നിയ കൊള്ളിയാന്‍. ഭാരപ്പെടുത്തുന്ന നിശ്ശബ്ദതയ്ക്കുമീതേ മുഴങ്ങുന്ന ജീവന്‍റെ നിലവിളി. സൃഷ്ടിപരതയുമായി ബന്ധപ്പെട്ട എന്തിലും ഈ പിറവിയുടെ പ്രസാദമുണ്ട്. ഒരു പയര്‍മണി നട്ടിട്ട് അതില്‍ തളിരും പൂവും ഉണ്ടാകുന്നതിന്‍റെ ആഹ്ലാദം അറിയാത്ത ആരെങ്കിലുമുണ്ടാകുമോ എന്‍റെ വായനക്കാര്‍ക്കിടയില്‍. ഒരു മുട്ട പൊട്ടി ഒരു കോഴിക്കുഞ്ഞിന്‍റെ കൊക്കു കാണുവാന്‍ എത്ര ദിവസമാണ് നമ്മളിങ്ങനെ പമ്മിയും പരതിയും നടന്നത്. ക്രിയേറ്റിവിറ്റിയെന്ന വേദം പഠിച്ചവര്‍ക്ക് സ്വാസ്ഥ്യവും ശാന്തിയുമനുഭവിക്കാനായി എന്തുമാത്രം കാരണങ്ങളാണ് ചുറ്റിനും. എന്നും വിളമ്പിയിരുന്ന കൂട്ടാന്‍റെ കറിക്കൂട്ട് ഇന്നത്തെ അത്താഴത്തിന് മാറ്റിനോക്കിയാല്‍പോലും ഈ പറഞ്ഞതിന്‍റെ സാരം ലഭിക്കും.
കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് ചില പ്രസാദപരാഗങ്ങളുണ്ട്. സുവിശേഷ കഥകളുടെ ഭാഷയില്‍ നിധി കണ്ടെത്തിയവന്‍റെയും ആടിനെ തിരികെക്കിട്ടിയവന്‍റെയും മകന്‍ തിരിച്ചു വന്നവരുടെയും ഒക്കെ ആനന്ദജീവിതം. ജീവിതത്തിന്‍റെ ചില കണ്ടെത്തലുകള്‍ എത്ര അഴകാണ് ശിഷ്ടജീവിതത്തിന് സമ്മാനിച്ചത്. അത്തരം കണ്ടെത്തലുകളില്‍ നിശ്ചയമായും ബന്ധങ്ങളെക്കുറിച്ച് നമുക്ക് ലഭിച്ച ചില അഗാധധാരണകളുണ്ട്. കഠിനഹൃദയരെന്ന് നിനച്ചവരുടെ ഉള്ളില്‍ കരിക്കിലെന്നപോലെ മധുരജലമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ചുറ്റിലും വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആസുരതകളെന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നവയില്‍ മനംനുറുങ്ങുക സാദ്ധ്യമല്ല. രാമകൃഷ്ണപരമഹംസന്‍ ഒരു പ്രത്യേകഘട്ടത്തില്‍ കൊടിയ അവഗണനകൊണ്ട് നരേന്ദ്രന്‍റെ ജീവിതത്തെ നുറുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും നരേന്ദ്രന്‍ തന്‍റെ സന്ദര്‍ശനം മുടക്കിയില്ല. നിനക്കിതെങ്ങനെ കഴിഞ്ഞുവെന്ന് പിന്നീട് ഗുരു ആരാഞ്ഞപ്പോള്‍, അങ്ങ് എന്നോട് സംസാരിക്കുക എന്നുള്ളത് വളരെ ചെറിയ കാര്യമാണ്. അങ്ങയുടെ ഉള്ളുനിറയെ സ്നേഹമുണ്ട്. എനിക്കറിയാം. ആ സാന്നിദ്ധ്യത്തില്‍ വെറുതെയിരിക്കുക എന്നുള്ളതുതന്നെ എന്‍റെ പുണ്യം. കുറച്ച് കഠിനമായി പെരുമാറിയിരുന്ന ഭര്‍തൃമാതാവ്, കുഞ്ഞിനു ജന്മം കൊടുത്ത രാത്രിയില്‍ കുറച്ചേറെ വേദനിച്ചും കരഞ്ഞും തളര്‍ന്നുറങ്ങുമ്പോള്‍ പതുക്കെ അടുത്തുവന്ന് തന്‍റെ അടിവയറ് തടവിത്തന്നതിനെക്കുറിച്ച് ഒരു സ്നേഹിത പറയുമ്പോള്‍ എന്‍റെ കണ്ണും നിറഞ്ഞു. ആ അനുഭവത്തെ കുറച്ചുകൂടി നിലനിര്‍ത്താനായി അവര്‍ പിന്നെയും ഉറക്കംനടിച്ചു കിടന്നുവത്രേ. അപ്രതീക്ഷിതമായ ചില ജലരാശികളുടെ കണ്ടെത്തല്‍ ജീവിതത്തെ എത്രയാണ് വിമലീകരിക്കുന്നത്. വയലിലെ നിധി കണ്ടെത്തിയവന്‍റെ ആഹ്ലാദത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണവര്‍.
ശുദ്ധജ്ഞാനവുമായി ബന്ധപ്പെട്ട് ഒരു ആനന്ദമുണ്ട്. ആ ആനന്ദം തേടിയാണ് പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഗുരുകടാക്ഷങ്ങളെയും മനുഷ്യര്‍ തേടിച്ചെല്ലുന്നത്. ബാലനായ ഈശോ പന്ത്രണ്ടാം വയസ്സില്‍ തന്‍റെ അഗാധജ്ഞാനത്തിന്‍റെ സുഗന്ധം പരത്തിയപ്പോള്‍ അത്യധികമായ വാത്സല്യത്തോടെ അവനെ ഉറ്റുനോക്കുന്ന വയോധികരായ ജ്ഞാനികളുടെ ഒരു ചിത്രം നമ്മുടെ ആശ്രമത്തിന്‍റെ ചുമരിലുണ്ട്. അറിവിനെ അതിശയിക്കുന്ന ഒരു ജ്ഞാനം എന്‍റെ വാതിലിനുപുറത്ത് ക്ഷമയോടെ കാത്തുനില്പ്പുണ്ട്. ഓടാമ്പല്‍ തുറന്ന് അതിനെ അകത്തേക്ക് സ്വീകരിക്കുമ്പോള്‍ നിങ്ങളുടെ അകത്തുള്ളവന്‍ പുറത്തുള്ളവനെക്കാള്‍ ശക്തനാണെന്ന തിരുവചനത്തിന്‍റെ പൊരുളറിയും.
വ്യക്തമായ ചില കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് മനുഷ്യര്‍ ഏറ്റുവങ്ങുന്ന ചില സഹനങ്ങളിലും ആനന്ദത്തിന്‍റെ വിത്ത് ഉറങ്ങുന്നു. ഒരു കല്ല് എറിയുന്നവന് ഒരുനുഗ്രഹമെന്ന് പാടി ആള്‍ക്കൂട്ടത്തിനു മദ്ധ്യേ ഫ്രാന്‍സിസും നിണമാര്‍ന്ന് നില്‍ക്കുന്നതു കണ്ടില്ലേ. എന്നെ പ്രതി മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും വലിച്ചിഴയ്ക്കുകയും സകലവിധ ആരോപണങ്ങളുടെയും കരുവാക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ആനന്ദിച്ചുല്ലസിക്കുവിനെന്ന് യേശു പറഞ്ഞിട്ടുണ്ട്. ആ ആനന്ദത്തിലാണ് "ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് ആര്‍ക്ക് എന്നെ അകറ്റാനാവു"മെന്ന് പൗലോസ് മധുരമായ ഹുങ്കു പറയുന്നത്. അങ്ങനെ അവനവന്‍റെ ആനന്ദത്തിലേക്ക് എത്രയെത്ര വഴികള്‍. അതിലേക്ക് വെളിച്ചം കിട്ടാത്തതുകൊണ്ടാണ് ഉറുമ്പുവലിപ്പമുള്ള കാര്യങ്ങളില്‍ അഭിരമിച്ചും ആഘോഷിച്ചും നമ്മള്‍ ഓരോ ദിവസവും കുറിയവരായി തീരുന്നത്. താരകാര്‍ച്ചിതമായ വാനം ഇപ്പോഴും മനുഷ്യരെ ക്ഷണിക്കുന്നുണ്ട്.